ബിൽക്കിസ്ബാനു കേസ്:
മോദിയല്ല, നീതിക്കുവേണ്ടി പോരാടുന്നവരാണ്
സ്ത്രീസുരക്ഷയുടെ ഗ്യാരന്റി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഗ്യാരന്റിയുമല്ല ഇന്ത്യയിലെ സ്ത്രീസുരക്ഷയുടെ ഉറപ്പ് എന്ന കാര്യമാണ് ബിൽക്കീസ്ബാനു കേസിലെ വിധിയിലൂടെ വ്യക്തമാകുന്നതെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ.

ബിൽക്കിസ്ബാനു കേസിലെ പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സർക്കാർ തീരുമാനം റദ്ദാക്കിയ സുപ്രീംകോടതി വിധി ആഹ്ലാദഭരിതവും ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ അന്തസ്സുയർത്തുന്നതുമാണ്. പരമോന്നത നീതിപിഠം ഹിന്ദുത്വ ക്രിമിനലുകൾക്കും ഗുജറാത്ത് സർക്കാരിനും ശക്തമായ പ്രഹരമാണ് ഈ വിധിയിലൂടെ നൽകിയിരിക്കുന്നത്. ബിൽക്കിസ്ബാനു കേസിൽ സനാതന ബ്രാഹ്മണ ക്രിമിനലുകളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന കാര്യം സുപ്രീംകോടതി വിധിയിലൂടെ ഉറപ്പിച്ചിരിക്കുകയാണ്.

തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങളെ ഉന്മൂലനലക്ഷ്യത്തോടെ വേട്ടയാടിയ ദിനങ്ങളായിരുന്നു ഗുജറാത്ത് വംശഹത്യയുടെ നാളുകൾ. ഗർഭിണികളെ റേപ്പ് ചെയ്യുകയും അവരുടെ കുഞ്ഞുങ്ങളെ തലക്കടിച്ച് കൊല്ലുകയും ഗർഭസ്ഥശിശുവിനെ വയറുകീറി ശൂലത്തിൽ കുത്തിയെടുത്ത് തീയിട്ട് കൊല്ലുകയും ചെയ്ത ഹിന്ദുത്വ നരാധമരുടെ ക്രൂരതീർത്ഥാടനങ്ങളാണ് ഗുജറാത്തിൽ സംഭവിച്ചത്. നാരീശക്തിയെക്കുറിച്ചും മോദി ഗ്യാരന്റിയെക്കുറിച്ചും വാചകമടിക്കുന്നവർ ഗുജറാത്തു മുതൽ ഹാഥ്റസിലും ഉന്നാവോവിലുമൊക്കെ സർക്കാർ സംവിധാനങ്ങളുടെ ഒത്താശയോടെ സ്ത്രീകൾക്കുനേരെ നടത്തിയ റേപ്പുകളുടെയും കൊലപാതകങ്ങളുടെയും ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ മറച്ചുപിടിക്കുകയാണ്. മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ക്രൂരതകളായിരുന്നു അതൊക്കെ.

ഗുജറാത്ത് വംശഹത്യക്കാലത്തെ ഒരു ദൃശ്യം

മോദിയും അദ്ദേഹത്തിന്റെ ഗ്യാരന്റിയുമല്ല ഇന്ത്യയിലെ സ്ത്രീസുരക്ഷയുടെ ഉറപ്പ് എന്ന കാര്യമാണ് ബിൽക്കീസ്ബാനു കേസ് വ്യക്തമാക്കുന്നത്. ശിക്ഷിക്കപ്പെട്ട് തടവറയിൽ കഴിയുന്ന കുറ്റവാളികളെ വിട്ടയച്ച സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്താൻ ബിൽക്കീസ്ബാനുവിനോടൊപ്പം നിന്നത് സുഭാഷിണി അലിയും രേവതി ലോലും മഹുവ മൊയ്ത്രയും പോലുള്ള പോരാളികളാണ്. ഹിന്ദുത്വത്തിന്റെ കാലത്തെ സ്ത്രീസുരക്ഷയുടെ ഗ്യാരന്റി മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് പോരാടുന്ന ഇവരെപോലുള്ള പോരാളികളാണ്.

റേപ്പ് ചെയ്യപ്പെടു​മ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. അവർ 5 മാസം ഗർഭിണിയുമായിരുന്നു. കൂടെയുണ്ടായിരുന്ന 14 പേരെ കൺമുന്നിലിട്ട് കൊന്നശേഷമാണ് ഹിന്ദുത്വ ബ്രാഹ്മണ ക്രിമനലുകൾ കൂട്ടബലാത്സംഗം ചെയ്തത്. അവരുടെ കയ്യിലുണ്ടായിരുന്ന 3 വയസ്സുള്ള മകളെ തറയിലെറിഞ്ഞ് കൊന്നു. റേപ്പിനിടയിൽ ബോധം നഷ്ടപ്പെട്ടതിനാൽ അവർ മരിച്ചുകാണുമെന്ന് കരുതിയാണ് ഉപേക്ഷിച്ചുപോയത്. 22 തവണ കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ്ബാനു എല്ലാ ഭീഷണികളെയും അവഗണിച്ചാണ് ഹിന്ദുത്വ ഭീകരർക്കും ഗുജറാത്ത് സർക്കാരിനുമെതിരെ പോരാട്ടം നടത്തിയത്.

ബിൽക്കീസ് ബാനുവും ഭർത്താവ് യാക്കൂബ് റസൂലും അവരുടെ മകളും

പ്രതികളായ 11 പേരെ ശിക്ഷിക്കുന്ന വിധി അവർക്ക് നേടിയെടുക്കാൻ കഴിഞ്ഞെങ്കിലും ശിക്ഷാകാലയളവ് പൂർത്തിയാക്കുന്നതിനുമുമ്പ് 2022-ൽ നരേന്ദ്ര മോദി, കുറ്റവാളികളെ മോചിപ്പിക്കുന്നതിനുള്ള പ്രത്യേക ഉത്തരവിൽ ഒപ്പുവെക്കുകയായിരുന്നു. നാരീശക്തിയുടെയും സുരക്ഷയുടെയും മൊത്ത കച്ചവടക്കാരനായി ഞെളിഞ്ഞുനടക്കുന്ന പ്രധാനമന്ത്രി അതിന് ന്യായമായി പറഞ്ഞത്, ശിക്ഷാകാലത്തെ പ്രതികളുടെ നല്ലനടപ്പായിരുന്നു. ജയിൽമോചിതരായ ഈ ക്രിമനലുകളെ സംഘ്പരിവാറുകാർ ഹാരമണിയിച്ച് ആഘോഷമായി സ്വീകരിക്കുകയായിരുന്നു. തങ്ങൾ എത്ര അധമരാണെന്നാണ് ഈ ക്രിമിനലുകളെ സ്വീകരിക്കുകയും അവരുടെ കാൽതൊട്ട് വന്ദിക്കുകയും ചെയ്തതിലൂടെ അവർ ലോകത്തിന് കാണിച്ചുകൊടുത്തത്.

2022-ൽ സബർമതി എക്‌സ്പ്രസിനുനേരെ ഗോധ്രയിൽവെച്ചുണ്ടായ അങ്ങേയറ്റം നിന്ദ്യമായ ആക്രമണത്തെതുടർന്നാണ് ഗുജറാത്തിലെമ്പാടും കൂട്ടക്കുരുതി ആരംഭിക്കുന്നത്. ഗോധ്ര സംഭവത്തിനു ശേഷം, നിമിഷങ്ങൾകൊണ്ട്, മുൻകൂട്ടി തീരുമാനിച്ചതുപോലെ വി.എച്ച്.പിയും ബജ്‌റംഗദളും ദുർഗാവാഹിനിയും മുസ്‍ലിം അധിവാസമേഖലകൾക്കുനേരെ ആക്രമണമാരംഭിക്കുകയായിരുന്നു. രണ്ടായിരത്തിലേറെ പേരാണ് കൊലചെയ്യപ്പെട്ടത്. ഒന്നര ലക്ഷത്തോളം പേർ അഭയാർത്ഥികളായി. വീടുകളിൽ നിന്ന് കുടിയൊഴിക്കപ്പെട്ട് അഭയാർത്ഥികേന്ദ്രങ്ങളിൽ എത്തപ്പെട്ടവരാണിത്. ഇതിലുമെത്രയോയധികം പേർ എല്ലാം നഷ്ടപ്പെട്ട് അഭയാർത്ഥികളായിട്ടുണ്ടെന്നാണ് പല അന്വേഷണറിപ്പോർട്ടുകളും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി

വംശഹത്യയുടെ ആദ്യനാളുകളിൽ തന്നെ 8,436 കോടി രൂപയുടെ നഷ്ടമുണ്ടായിക്കഴിഞ്ഞിരുന്നു. 20,000 ഇരുചക്രവാഹനങ്ങളും 4,000 കാറുകളും അഗ്‌നിക്കിരയാക്കപ്പെട്ടു. ഹോട്ടൽ വ്യവസായത്തിൽ ജോലിചെയ്തിരുന്ന 20,000 പേരെങ്കിലും തൊഴിൽരഹിതരായി. ഇവരിൽ പലരെയും കാണാതായി. പോലീസ് കണക്കനുസരിച്ചുമാത്രം 240 ദർഗകളും 180- ലേറെ മസ്ജിദുകളും 25 മദ്രസകളും നശിപ്പിക്കപ്പെട്ടു. 20 ക്രിസ്ത്യൻ പള്ളികളും 20 അമ്പലങ്ങളും നശിപ്പിക്കപ്പെട്ടു. ആർക്കിയോളജിക്കൽ സർവേയുടെ റിപ്പോർട്ടനുസരിച്ച് ചരിത്രപരവും സാംസ്‌കാരികവുമായി പ്രാധാന്യമുള്ളതുമായ എത്രയോ സ്മാരകങ്ങൾ തകർക്കപ്പെട്ടു. ഉർദ്കവി വാലി ഗുജറാത്തിയുടെ ശവക്കല്ലറ തകർത്ത് ആ സ്ഥലം ടാറിട്ട് പൊതുറോഡാക്കി. പ്രസിദ്ധ സംഗീതജ്ഞനായ ഉസ്താദ് ഫയാസ് അലി ഖാന്റെ ശവകുടീരം ഒരു രാത്രികൊണ്ടാണ് തച്ചുതകർത്തത്. കടകൾ, ഹോട്ടലുകൾ, വീടുകൾ, തുണിമില്ലുകൾ എല്ലാം കൊള്ളയടിച്ചു.

കലാപകാരികൾ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് വിധേയരാക്കി. മക്കൾ നോക്കിനിൽക്കെ മാതാപിതാക്കളെ അടിച്ചും ഇടിച്ചും കൊന്നു. മുൻ കോൺഗ്രസ് എം.പി ഇക്ബാൽ ഇഹ്‌സാൻ ജാഫ്രിയുടെ വീട് അക്രമാസക്തരായ ജനക്കൂട്ടം വളഞ്ഞപ്പോൾ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥരോട് ജാഫ്രി നടത്തിയ അഭ്യർത്ഥനകൾ കുറ്റകരമാംവിധം അവഗണിക്കപ്പെട്ടു. മൊബൈൽ പോലീസ് വാനിലുള്ളവർ നോക്കിനിൽക്കെ തന്നെയാണ് ആൾക്കൂട്ടം അദ്ദേഹത്തിന്റെ വീട് തകർത്തത്. അദ്ദേഹത്തിന്റെ പുത്രിമാരെ നഗ്‌നരാക്കി ജീവനോടെ തീയിട്ടുകൊന്നു. ജാഫ്രിയുടെ തല വെട്ടിമാറ്റുകയും ശരീരം വെട്ടിനുറുക്കുകയും ചെയ്തു. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് പഠിച്ച പല അന്വേഷണസംഘങ്ങളും ജാഫ്രിയുടെ വധം എടുത്തുപറഞ്ഞിട്ടുണ്ട്. തൊട്ടുമുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. സംഘപരിവാർ ലക്ഷ്യമിട്ട ഇരയായിരുന്നു ജാഫ്രിയെന്ന് വേണം കരുതാൻ.

ഗുജറാത്ത് കലാപത്തിൽ ക്രൂരമായി കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി ഇക്ബാൽ ഇഹ്‌സാൻ ജാഫ്രി, പിതാവിനെ വർഗീയവാദികൾ കൊല്ലുന്നതിന് സാക്ഷിയാവേണ്ടി വന്ന നിഫ്റിൻ ഇഹ്സാൻ

വർഗീയ ഉന്മാദത്തിനടിപ്പെട്ട ആൾക്കൂട്ടങ്ങളെ ഇളക്കിവിട്ടാണ് വംശഹത്യ നടത്തിയത്. ഗുജറാത്തിലങ്ങോളമിങ്ങോളം ആയിരങ്ങൾ സംഹാരതാണ്ഡവമാടുകയായിരുന്നു. പെട്രോൾ ബോംബുകൾ, തോക്കുകൾ, കത്തികൾ, വാളുകൾ, ത്രിശൂലങ്ങൾ തുടങ്ങിയ ആയുധങ്ങളുമായാണ് കലാപകാരികൾ അഴിഞ്ഞാടിയത്. ആസൂത്രിമായി തന്നെയാണ് കലാപകാരികൾ വിന്യസിക്കപ്പെട്ടത്. ബി.ജെ.പിയുടെ ലുംബൻവിഭാഗങ്ങളെ കൂടാതെ ദലിതരും ആദിവാസികളും സ്ത്രീകളും ഈ വംശഹത്യയിൽ തിമർത്താടിയെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. കൊള്ള നടത്തിയത് പ്രധാനമായും മധ്യവർഗ്ഗവിഭാഗക്കാരായിരുന്നു. മിത്സുബിലാർസറിൽ വന്നാണ് പലയിടങ്ങളിലും കൊള്ള നടത്തിയത്. ആൾക്കൂട്ടങ്ങളെ നയിച്ചവരുടെ കയ്യിൽ മുസ്‍ലിം വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, മുസ്‍ലിം പാർട്ട്ണർഷിപ്പിലുള്ള സ്ഥാപനങ്ങൾ എന്നിവയുടെ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ ലിസ്റ്റുമുണ്ടായിരുന്നു.

വർഗീയ ഉന്മാദത്തിനടിപ്പെട്ട ആൾക്കൂട്ടങ്ങളെ ഇളക്കിവിട്ടാണ് ഭരണകൂടം മുസ്ലിങ്ങൾക്കെതിരെ ആസൂത്രിത വംശഹത്യ നടത്തിയത്.

കലാപങ്ങളെ മൊബൈൽ ഫോൺ വഴി ഏകോപിപ്പിച്ചു. നേരത്തെ സംഭരിച്ചുവെച്ച ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചാണ് മുസ്‍ലിം കടകമ്പോളങ്ങൾ തകർത്തത്. ക്രൂരവും ബീഭത്സവുമായ സംഭവങ്ങളാണ് ഗുജറാത്തിലുണ്ടായത്. ഗർഭിണിയുടെ ഗർഭപാത്രം കുത്തിക്കീറി ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെവരെ പെട്രോളൊഴിച്ച് തീയിടുന്ന സംഭവങ്ങളുണ്ടായി. വംശഹത്യക്ക് ഉത്തരവാദികളായ സംഘപരിവാർ നേതാക്കൾ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പ്രതികളെയും സാക്ഷികളെയും മൊഴിമാറ്റിക്കാനും വിലക്കെടുക്കാനും നടത്തിയ ശ്രമങ്ങൾ ദേശീയതലത്തിൽ തന്നെ വിവാദപരമായി ചർച്ച ചെയ്യപ്പെട്ടതാണ്.

Comments