ഇന്ത്യയിൽ നിയമങ്ങളുടെ കുറവുണ്ടെന്ന് ആർക്കും പറയാൻ കഴിയില്ല. വാസ്തവത്തിൽ, നമ്മുടെ രാജ്യത്ത് നിയമങ്ങളുടെ ധാരാളിത്തമാണ് പ്രശ്നം. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യമാണ് നമ്മുടെ ജനതതിയുടെ മുഖമുദ്ര. വിദേശ രാജ്യങ്ങളിൽ വക്കീൽ നോട്ടീസ് കിട്ടിയാൽ അതിൽ പ്രതിപാദിക്കുന്ന നടന്ന വസ്തുതയെ നിരാകരിച്ച് മറുപടി അയക്കാറില്ല. മറിച്ച് അതിൻ്റെ സാഹചര്യമാണ് തർക്കത്തിലേക്ക് കൊണ്ടുവരുന്നത്. നേരെ മറിച്ച് ഇന്ത്യയിൽ ആദ്യം ചെയ്യുന്നത് നിരാകരിക്കുക എന്നതാണ്. ‘അത് ഞാനല്ല, ഞാനവിടെ പോയിട്ടില്ല, ആ സമയം ഞാൻ വിദേശത്തായിരുന്നു’ തുടങ്ങിയ ഞൊട്ടുഞായങ്ങൾ നിരത്തിയാണ് ആരോപണങ്ങളെ ചെറുക്കുന്നത്. അസത്യം പറയാതെ തന്നെ സത്യത്തെ നിരാകരിക്കാനുള്ള സാഹചര്യം ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നൽകുന്നുണ്ട്. അത്തരം അധാർമ്മിക നിരാകരണത്തിലൂടെയാണ് നീതി നടപ്പാക്കൽ വൈകിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മൾ പലപ്പോഴും നേരിടുന്ന പ്രധാന വെല്ലുവിളി ആരോപണ ആധാരമായ വസ്തുതയെ കൃത്യമായി മനസ്സിലാക്കുന്നതിലും ആ വസ്തുതയെ നിയമവ്യവസ്ഥയുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിക്കുന്നതിലും വരുത്തുന്ന ഗുരുതര പിഴവുകളാണ്. ഈ പ്രശ്നം പോലീസ് സിവിൽ ഓഫീസർ മുതൽ ഉന്നത ജുഡീഷ്യൽ പദവിയിലിരിക്കുന്നവർ വരെ ചെയ്യുന്നു എന്ന് കാണാൻ സാധിക്കും.
നിയമങ്ങൾ എഴുതപ്പെട്ട രൂപത്തിൽ അലംഘനീയമാണെന്ന് തോന്നാമെങ്കിലും, ഒരു ദുഷ്ടലാക്കുള്ള വ്യക്തിയുടെ കൈകളിലെത്തുമ്പോൾ അവ ദുരുപയോഗം ചെയ്യപ്പെടാം. ഒരു വസ്തുതയെ മനഃപൂർവ്വം വളച്ചൊടിക്കുകയോ അല്ലെങ്കിൽ അശ്രദ്ധമായി തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നതിലൂടെ വലിയ നീതിനിഷേധങ്ങൾ സംഭവിക്കാം.
ഒറ്റനോട്ടത്തിൽ നിഷ്കളങ്കമെന്ന് തോന്നാവുന്ന 130-ാം ഭരണഘടനാ ഭേദഗതിയിൽ ഒളിഞ്ഞിരിക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ദുരുപയോഗത്തിലൂടെ നടപ്പാക്കാൻ കഴിയുന്ന രാഷ്ട്രീയ പകപോക്കലുകൾക്കുള്ള അനന്ത സാധ്യതകൾ തന്നെയാണ്.
മാധ്യമങ്ങൾ പലപ്പോഴും സത്യം പുറത്തുകൊണ്ടുവരാൻ സഹായിക്കുമെങ്കിലും, ചില ഘട്ടങ്ങളിൽ അവയുടെ പ്രവർത്തനം സത്യസന്ധമല്ലാതായി മാറാം. അന്യായമായ റിപ്പോർട്ടിംഗിലൂടെ ഒരു വ്യക്തിയുടെ ജീവിതം നശിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയും. തെഹൽക്ക ഉടമയുടെ ലൈംഗിക പീഡനക്കേസ് ഇതിനൊരു ഉദാഹരണമാണ്. മാധ്യമങ്ങൾ ഈ കേസ് വലിയ വാർത്തയാക്കി മാറ്റി, എന്നാൽ പിന്നീട് അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ ആ വാർത്തയ്ക്ക് പഴയ പ്രാധാന്യം ലഭിച്ചില്ല. നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടിട്ടും ഒരു വ്യക്തിയുടെ ജീവിതം ഇതിനകം തകർക്കാൻ ഇതിന് കഴിഞ്ഞിരിക്കും എന്ന് തർക്കരഹിതമായി സ്ഥാപിക്കപ്പെട്ട വസ്തുതയാണ്. ഇതോടൊപ്പം, യു.പി.എ- 2 ഭരണകാലത്ത് കനിമൊഴി ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവങ്ങളും ഓർക്കേണ്ടതുണ്ട്. ഇത്തരം അറസ്റ്റുകൾ പലപ്പോഴും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയെങ്കിലും കുറ്റാരോപിതരായ പലരും പിന്നീട് കോടതികളിൽ നിന്ന് കുറ്റവിമുക്തരാക്കപ്പെട്ടു എന്നത് നിയമനടപടിക്രമങ്ങളിലെ പോരായ്മകളിലേക്കും രാഷ്ട്രീയപ്രേരിതമായ നടപടികളിലേക്കുമുള്ള വിരൽചൂണ്ടലാണ്.

ഒരു വ്യക്തിയുടെ അറസ്റ്റും തുടർന്നുണ്ടായ മാധ്യമ വിചാരണയും അവരുടെ പൊതുജീവിതത്തെയും വ്യക്തിജീവിതത്തെയും എങ്ങനെ ബാധിക്കുമെന്നതിന് ഈ സംഭവങ്ങൾ ഉദാഹരണമാണ്. കുറ്റവിമുക്തരാക്കപ്പെട്ടതിന് ശേഷവും പലരുടെയും ജീവിതം പഴയ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. നിലനിലക്കുന്ന ഈ സാഹചര്യങ്ങളെ കൂടി കണക്കിലെടുത്തായിരിക്കണം 130-ാം ഭരണഘടനാ ഭേദഗതിയെ കാണേണ്ടത്.
130-ാം ഭേദഗതി എന്തിന്?
1950 ജനുവരി 26-ന് ഭരണഘടന നിലവിൽ വന്നത് സ്വതന്ത്ര രാജ്യത്തിന് ശക്തവും സമഗ്രവുമായ ഒരു ചട്ടക്കൂട് നൽകുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ, ഒരു യാഥാസ്ഥിതിക ഭരണഘടനയ്ക്ക് സ്വയം മാറാനോ വൈവിധ്യപൂർണ്ണമായ രാജ്യത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റാനോ കഴിയില്ലെന്ന് ഭരണഘടനാ ശില്പികൾക്ക് അറിയാമായിരുന്നു. ഇത് പരിഹരിക്കുന്നതിനായി, ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം പാർലമെൻ്റിന് നൽകുന്ന ആർട്ടിക്കിൾ 368 ഭാഗം XX-ൽ ഉൾപ്പെടുത്തി. ആവശ്യത്തിനും അനാവശ്യത്തിനുമായി 129 ഭേദഗതികളിലൂടെ വളർന്ന ഭരണഘടന ഇന്ന് 130- ൽ എത്തി നിൽക്കുകയാണ്.
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ തുടർച്ചയായി 30 ദിവസം റസ്റ്റ് ചെയ്ത് തടങ്കലിൽ വെച്ചാൽ അവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു നിർദ്ദിഷ്ട നിയമനിർമ്മാണമാണിത്. സംയുക്ത പാർലമെൻ്ററി സമിതിയുടെ പരിഗണനയിലുള്ള ഈ ബിൽ, രാഷ്ട്രീയ ധാർമ്മികതയിലും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഭരണഘടനയുടെ 75, 164, 239 AA എന്നീ മൂന്ന് ആർട്ടിക്കിളുകളാണ് മാറ്റങ്ങൾക്ക് വിധേയമാക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അത് പ്രകാരം ഒരു മന്ത്രി, തൻ്റെ ഔദ്യോഗിക പദവിയിലിരിക്കെ, നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം അഞ്ചോ അതിലധികമോ വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റം ആരോപിക്കപ്പെട്ട്, തുടർച്ചയായി മുപ്പത് ദിവസം അറസ്റ്റ് ചെയ്യപ്പെടുകയോ തടങ്കലിൽ വയ്ക്കപ്പെടുകയോ ചെയ്താൽ, അത്തരത്തിൽ തടങ്കലിൽ വെച്ച് 31-ാമത്തെ ദിവസം പ്രധാനമന്ത്രി നൽകുന്ന ഉപദേശപ്രകാരം രാഷ്ട്രപതി അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടതാണ്. എന്നാൽ, 31-ാമത്തെ ദിവസം അത്തരത്തിലുള്ള മന്ത്രിയെ നീക്കം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ ഉപദേശം രാഷ്ട്രപതിക്ക് നൽകാത്ത പക്ഷം, അതിനുശേഷമുള്ള ദിവസം മുതൽ അവർ മന്ത്രിയല്ലാതായി തീരും. കൂടാതെ, ഒരു പ്രധാനമന്ത്രി, തൻ്റെ ഔദ്യോഗിക പദവിയിലിരിക്കെ, നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം അഞ്ചോ അതിലധികമോ വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റമാരോപിക്കപ്പെട്ട്, തുടർച്ചയായി മുപ്പത് ദിവസം അറസ്റ്റ് ചെയ്യപ്പെടുകയോ തടങ്കലിൽ വയ്ക്കപ്പെടുകയോ ചെയ്താൽ, അത്തരത്തിൽ അറസ്റ്റ് ചെയ്ത് തടങ്കലിൽ വെച്ച് 31-ാമത്തെ ദിവസം പ്രധാനമന്ത്രി രാജി സമർപ്പിക്കേണ്ടതാണ്. രാജി സമർപ്പിക്കുന്നില്ലെങ്കിൽ, അതിനുശേഷമുള്ള ദിവസം മുതൽ ആ വ്യക്തി പ്രധാനമന്ത്രി അല്ലാതായി തീരും. കൂടാതെ, ഈ വകുപ്പിലെ ഒരു കാര്യവും, അത്തരം പ്രധാനമന്ത്രിയെയോ മന്ത്രിയെയോ തടങ്കലിൽ നിന്ന് മോചിതനായ ശേഷം, (1)-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിക്ക് പ്രധാനമന്ത്രിയായോ മന്ത്രിയായോ വീണ്ടും നിയമിക്കുന്നതിൽ നിന്ന് തടസ്സമാകുന്നില്ല.
ദുരുപയോഗ സാധ്യതകൾ
ഒറ്റനോട്ടത്തിൽ നിഷ്കളങ്കമെന്ന് തോന്നാവുന്ന ഈ ഭേദഗതിയിൽ ഒളിഞ്ഞിരിക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ദുരുപയോഗത്തിലൂടെ നടപ്പാക്കാൻ കഴിയുന്ന രാഷ്ട്രീയ പകപോക്കലുകൾക്കുള്ള അനന്ത സാധ്യതകൾ തന്നെയാണ്. ദുരുപയോഗമില്ലെങ്കിൽ പോലും സ്വാഭാവിക നിലയിൽ വളരെ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കാൻ സാധിക്കുന്നവയാണ്.
കോടതിയിൽ കുറ്റം തെളിയിക്കപ്പെടുന്നതിന് മുൻപ് തന്നെ, അറസ്റ്റിൻ്റെയും തടങ്കലിൻ്റെയും മാത്രം അടിസ്ഥാനത്തിൽ ഒരാളെ നീക്കം ചെയ്യുന്നത്, അയാൾക്ക് ശിക്ഷ നൽകുന്നതിന് തുല്യമായിരിക്കും.
പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ പോലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻ ജയിലിൽ നിന്ന് ഭരണം തുടരുന്നത് തടയാൻ ഈ ബിൽ അത്യാവശ്യമാണെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ഉയർന്ന സ്ഥാനങ്ങളിലുള്ള നേതാക്കൾക്ക് ഉന്നതമായ സത്യസന്ധത ഉണ്ടായിരിക്കണമെന്നും, ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ തടവിൽ കഴിയുന്നത് ജനങ്ങൾ അവർക്കുമേൽ അർപ്പിച്ച ഭരണഘടനാപരമായ വിശ്വാസത്തെ ഇല്ലാതാക്കുമെന്നും അവർ വാദിക്കുന്നു.
നിലവിലുള്ള ഭരണഘടനാ ചട്ടക്കൂടിലെ ഒരു പഴുത് അടയ്ക്കുന്നതിനുള്ള അനിവാര്യമായ നടപടിയായാണ് ഈ ബിൽ അവതരിപ്പിക്കപ്പെടുന്നത്. ഗുരുതര കുറ്റങ്ങൾക്ക് തടവിലാക്കപ്പെട്ടാലും മന്ത്രിമാരും മുഖ്യമന്ത്രിമാരും രാജിവെക്കാൻ വിസമ്മതിക്കുന്ന ഒരു പ്രവണത അവസാനിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു. ഇതിനെ അനുകൂലിക്കുന്നവർ ‘ജയിലിൽ നിന്നുള്ള ഭരണത്തിൻ്റെ’ അവസാനം എന്ന് വിശേഷിപ്പിക്കുന്നു. ‘കളങ്കമുള്ള’ ഉദ്യോഗസ്ഥരെ നീക്കുന്നതിന് വ്യക്തമായ നിയമപരമായ ചട്ടക്കൂട് സൃഷ്ടിക്കുന്നതിലൂടെ, ഈ ബിൽ സർക്കാർ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം ശക്തിപ്പെടുത്തുമെന്ന് പറയപ്പെടുന്നു.
അതേസമയം ഇന്ത്യൻ നിയമത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും അടിസ്ഥാന തത്വമായ ‘ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല’ എന്ന തത്വത്തിനെതിരാണ് ഈ ബില്ലെന്നാണ് വിമർശനം. ഒരു കുറ്റം ആരോപിക്കപ്പെടുന്ന ഏതൊരാളും, ന്യായമായ സംശയത്തിന് അതീതമായി കുറ്റക്കാരെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി കണക്കാക്കപ്പെടും എന്ന് ഈ നിയമതത്വം വ്യക്തമാക്കുന്നു.
കോടതിയിൽ കുറ്റം തെളിയിക്കപ്പെടുന്നതിന് മുൻപ് തന്നെ, അറസ്റ്റിൻ്റെയും തടങ്കലിൻ്റെയും മാത്രം അടിസ്ഥാനത്തിൽ ഒരാളെ നീക്കം ചെയ്യുന്നത്, അയാൾക്ക് ശിക്ഷ നൽകുന്നതിന് തുല്യമായിരിക്കും. ‘ദുർബലമായ ആരോപണങ്ങൾ’ ഉന്നയിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കാനും അറസ്റ്റ് ചെയ്യാനും കേന്ദ്ര അന്വേഷണ ഏജൻസികൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന് അവർ ഭയപ്പെടുന്നു. മാത്രവുമല്ല, ബിൽ ജുഡീഷ്യറിയുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമല്ലേ എന്ന് ചിലർ സംശയിക്കുന്നു. അറസ്റ്റിൻ്റെയും തടങ്കലിൻ്റെയും അടിസ്ഥാനത്തിൽ നീക്കം ചെയ്യാനുള്ള അധികാരം എക്സിക്യൂട്ടീവിന് നൽകുന്നതിലൂടെ, ‘പോലീസ് സ്റ്റേറ്റിന്’ വഴിയൊരുക്കാം.

ലഭ്യമായ വിവരങ്ങളനുസരിച്ച് നോക്കിയാൽ കോടതികൾ ശിക്ഷിക്കുന്ന എല്ലാവരും യഥാർത്ഥ കുറ്റവാളികളായിരിക്കണമെന്നില്ല എന്ന് നിസ്സംശയം കണ്ടെത്താം. കുറ്റം തെളിയിക്കേണ്ട ഉത്തരവാദിത്വം പൂർണ്ണമായും പ്രോസിക്യൂഷനാണ്, പ്രതിക്ക് തൻ്റെ നിരപരാധിത്വം തെളിയിക്കേണ്ട ആവശ്യമില്ല. ഭരണകൂട അധികാരങ്ങളുടെ ദുരുപയോഗത്തിനെതിരെയുള്ള ഒരു അടിസ്ഥാന സംരക്ഷണം എന്ന നിലയിലും വ്യക്തിസ്വാതന്ത്ര്യങ്ങളെ സംരക്ഷിക്കുന്നതിനും ഈ വ്യവസ്ഥ സഹായിക്കുന്നു. എന്നിരുന്നാലും തെറ്റായ ശിക്ഷാവിധികൾ സംഭവിക്കാറുണ്ട്. നീതിയുടെ ഈ പിഴവുകൾക്ക് കാരണമാകുന്ന ചില ഘടകങ്ങൾ- അതായത്, ദൃക്‌സാക്ഷിയുടെ തെറ്റായ തിരിച്ചറിയൽ, മനുഷ്യൻ്റെ ഓർമശക്തിക്കുണ്ടാകുന്ന പിഴവുകൾ, തെറ്റായ കുറ്റസമ്മതങ്ങൾ, ചോദ്യം ചെയ്യലിനിടെയുള്ള മാനസിക സമ്മർദ്ദത്താൽ വ്യക്തികൾ ചെയ്യാത്ത കുറ്റങ്ങൾ ഏറ്റുപറയാൻ നിർബന്ധിതരാകുകയോ കബളിപ്പിക്കപ്പെടുകയോ ചെയ്യുക, തെളിവുകൾ മറച്ചുവെക്കുകയോ, അനുചിതമായ നടപടിക്രമങ്ങൾ ഉപയോഗിക്കുകയോ, അല്ലെങ്കിൽ ശിക്ഷ ഉറപ്പാക്കാൻ നിയമവിരുദ്ധമായ മറ്റ് പ്രവർത്തനങ്ങൾ ചെയ്യുകയോ തുടങ്ങി ഒട്ടനവധി കാരണങ്ങളിലൂടെ നീതിവ്യവസ്ഥ അട്ടിമറിക്കപ്പെടാം. പോലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂട്ടർമാരുടെയും പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഫോറൻസിക് ശാസ്ത്രം ഒരു ശക്തമായ ഉപകരണമാണെങ്കിലും, അതിനും പിഴവുകൾ സംഭവിക്കാം. വിശകലനത്തിൽ പിഴവുകൾ സംഭവിക്കാം, അല്ലെങ്കിൽ ശാസ്ത്രം തന്നെ വിശ്വസനീയമല്ലാതിരിക്കാം.
അമിതഭാരമുള്ളവരോ പരിചയക്കുറവുള്ളവരോ ആയ അഭിഭാഷകർക്ക് കേസുകൾ ശരിയായ രീതിയിൽ നടത്താൻ കഴിയാതെ വന്നേക്കാം. ഇത്തരം ഒട്ടനവധി മറ്റ് കാര്യങ്ങളിലൂടെ നിരപരാധിയായ ഒരാളെ ശിക്ഷിക്കുന്നതിലേക്ക് നയിച്ചേക്കാം.
അറസ്റ്റ് ചെയ്ത് തടങ്കലിൽ വെച്ചതിൻ്റെ മാത്രം അടിസ്ഥാനത്തിൽ ഒരു മന്ത്രിയെ നീക്കം ചെയ്യാനുള്ള ബില്ലിലെ വ്യവസ്ഥ, ‘പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടാലും’ സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കാം.
കേസും കാലതാമസവും
മുംബൈ നഗരത്തിലെ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ തീരുമാനിക്കുന്നതിന് 30 ദിവസമെങ്കിലും എടുക്കും. അറസ്റ്റിൻ്റെ ആദ്യദിനം പോലീസ് കസ്റ്റഡി സ്വാഭാവികമായി തന്നെ കൊടുക്കും. ശേഷം 14 ദിവസം വരെ കസ്റ്റഡി നീട്ടിക്കൊടുത്താൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നത് ജുഡീഷ്യൽ കസ്റ്റഡി വരെ നീളും. ജാമ്യത്തിനായുള്ള വാദം കേൾക്കുന്നത് പ്രോസിക്യൂഷൻ്റെ മറുപടി സമർപ്പിച്ച ശേഷമായിരിക്കും. വാദം കേട്ടാലും വിധിക്ക് പിന്നേയും വൈകാറുണ്ട്. അതായത് ഒരു പോലീസ് ഉദ്യോഗസ്ഥനോ മജിസ്ട്രറ്റോ വിചാരിച്ചാൽ തീരുമാനമാകുന്നതാകും മന്ത്രിപ്പണി എന്ന് ചുരുക്കം.
അതേസമയം, രാഷ്ട്രീയക്കാരായ വിചാരണ തടവുകാരുടെ സാന്നിധ്യം മൂലം, വിചാരണത്തടവുകാർ ജയിലിൽ നരകിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്ന നിലവിലെ അവസ്ഥയിൽ മാറ്റം വരാനും സാധ്യതയുണ്ട്.
മജിസ്ട്രേറ്റ് കഴിഞ്ഞ് ഹൈക്കോടതി വരെ എത്തി ജാമ്യം നേടുമ്പോഴേക്കും പ്രമുഖരുടെയോ അവരുടെ മക്കളുടെയോ തടവുശിക്ഷ ഒരു വർഷം വരെ നീണ്ടു പോയേക്കാം. ഹൈക്കോടതികളിൽ ധാരാളം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇത് ജാമ്യാപേക്ഷകളുടെ വാദം കേൾക്കുന്നതിനും കാലതാമസമുണ്ടാക്കുന്നു എന്ന് വാദിക്കുന്നവരുണ്ട്. പക്ഷെ കുറ്റാരോപിതരെ സംബന്ധിച്ച് അത് ഭരണഘടനാപരമായി ബാധകമല്ല. സമയക്കുറവ് പറഞ്ഞ് ജീവിതം പന്താടാൻ കഴിയില്ല. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക്, പ്രത്യേകിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (UAPA), കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (PMLA) തുടങ്ങിയ കർശന നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ ജാമ്യാപേക്ഷകൾ കൂടുതൽ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും തീരുമാനമെടുക്കാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യാറുണ്ട്.
വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഉയർത്തിപ്പിടിക്കുന്നതിനായി, നിശ്ചിത സമയപരിധിക്കുള്ളിൽ ജാമ്യാപേക്ഷകളിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി കീഴ്‌ക്കോടതികളോടും ഹൈക്കോടതികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ പ്രമുഖരുടെ അപ്പീലി നൊഴിച്ച് അതിവേഗ പരിഗണന നാം കാണാറില്ല.
വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഉയർത്തിപ്പിടിക്കുന്നതിനായി, നിശ്ചിത സമയപരിധിക്കുള്ളിൽ ജാമ്യാപേക്ഷകളിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി കീഴ്‌ക്കോടതികളോടും ഹൈക്കോടതികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ പ്രമുഖരുടെ അപ്പീലി നൊഴിച്ച് അതിവേഗ പരിഗണന നാം കാണാറില്ല. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യർ എന്ന ന്യായമാണ് അപ്പോൾ കേൾക്കാറ്. പക്ഷെ നിരപരാധിയായ വിചാരണാതടവുകാർക്കും അപരാധിയായ വിചാരണാതടവുകാർക്കും എങ്ങനെയാണ് തുല്യത കൈവരുന്നത്? അത് പൊതുതത്വമായ നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നതിന് എതിരല്ലേ?.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിൻ്റെയും വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും ഭാഗമാണ് ഈ അവകാശം. എന്നിരുന്നാലും, ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണ്, കർശനമായ നിയമപരമായ ഉത്തരവല്ല. അതിനാൽ, ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വ്യത്യാസമുണ്ടാവാം.
2022-ലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം, ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള (IPC) കുറ്റകൃത്യങ്ങളിൽ രാജ്യത്തെ ശിക്ഷാനിരക്ക് 54.2% ആയിരുന്നു. ഇത് മുൻ വർഷത്തെ 57.0% എന്ന നിരക്കിൽ നിന്ന് കുറവാണ്. ഈ കണക്ക് എല്ലാ ഐ.പി.സി. കുറ്റകൃത്യങ്ങളുടെയും ശരാശരി മാത്രമാണ്. കുറ്റകൃത്യത്തിൻ്റെ സ്വഭാവം, പ്രത്യേക സംസ്ഥാനം അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശം എന്നിവ അനുസരിച്ച് ഈ നിരക്ക് വലിയ തോതിൽ വ്യത്യാസപ്പെടാം. ഉദാഹരണത്തിന് കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ ചില കുറ്റകൃത്യങ്ങളിലെ ശിക്ഷാനിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണ്.
ഇന്ത്യയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളും ജനപ്രാതിനിധ്യ നിയമം (RP Act, 1951) അനുസരിച്ച് വ്യക്തിഗതവിവരങ്ങൾ ഉൾക്കൊള്ളുന്ന സത്യവാങ്മൂലം സമർപ്പിക്കണം. പൊതുപദവി തേടുന്നവരെക്കുറിച്ചുള്ള അവശ്യ വിവരങ്ങൾ വോട്ടർമാർക്ക് ലഭ്യമാക്കുന്നതിനുവേണ്ടിയാണിത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമായി വോട്ടർമാരുടെ വിവരങ്ങൾ അറിയാനുള്ള അവകാശം പരമോന്നത കോടതി കണക്കാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥികൾ അവരുടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ഒരു സത്യവാങ്മൂലത്തിൽ (ഫോം 26) പ്രത്യേക വിവരങ്ങൾ നൽകണം. സ്ഥാനാർത്ഥികളുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വെളിപ്പെടുത്തേണ്ട നിർണായക രേഖയാണിത്. ക്രിമിനൽ പശ്ചാത്തലം, ശിക്ഷാവിധികൾ, സ്ഥാനാർത്ഥിയുടെയും പങ്കാളിയുടെയും ആശ്രിതരായ കുട്ടികളുടെയും സ്ഥാവര, ജംഗമ സ്വത്തുക്കളുടെ വിവരം, പൊതു ധനകാര്യ സ്ഥാപനങ്ങളോടുള്ള ബാധ്യതകളുടെയും വിശദമായ വിവരങ്ങൾ തുടങ്ങിയവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

തെറ്റിദ്ധാരണജനകമായ സത്യവാങ്മൂലം സമർപ്പിക്കുന്ന സ്ഥാനാർത്ഥികളെ അപലപിക്കുന്നതിൽ സുപ്രീം കോടതി, ഒരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല. എങ്കിലും സ്വത്തു വിവരങ്ങളുടെയോ കടബാധ്യതകളുടേയോ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളെ അയോഗ്യരാക്കണ്ട എന്ന നിലപാടാണ് കോടതികൾ സ്വീകരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച സത്യവാങ്മൂലത്തിൽ, അത് തെറ്റാണെങ്കിൽ പോലും ഒന്നും സംഭവിക്കാറില്ല. തന്മൂലം ഒരു ഭരണഘടനാഭേദഗതിയെ നോക്കുകുത്തിയാക്കി തെറ്റായ വിവരങ്ങൾ സമർപ്പിച്ച് ഭരണസിരാകേന്ദ്രങ്ങളിൽ പലരും വിലസുന്നു. വിശ്വാസ്യതക്കുവേണ്ടി കൊണ്ടുവന്ന നിയമത്തിന് കോടതിക്കു മുന്നിൽ വിശ്വാസ്യത നഷ്ടപ്പെടുന്നു. നിയമവാക്കുകളിലെ മനോഹാരിതയേക്കാൾ വ്യാഖ്യാന, പരിപാലന രീതികൾ എങ്ങനെ നിയമ നിർമ്മാണം അപഹാസ്യമാക്കുന്നു എന്ന് ഇത്തരം നിരവധി ഉദാഹരണങ്ങളിലൂടെ കാണാനാകും. ഇതിൻ്റെ പശ്ചാത്തലത്തിൽ ആടിനെ പട്ടിയാക്കി പലരേയും ഒതുക്കാമെന്നിരിക്കെ ഈ നിയമ ഭേദഗതിയെ വളരെ ഗൗരവമായി കാണേണ്ടതുണ്ട്.
