SAD- BJP സഖ്യം അഥവാ
‘വല്യേട്ടൻ- കുഞ്ഞേട്ടൻ’ കളി

പഞ്ചാബിന്റെ അധികാരരാഷ്ട്രീയം പരിശോധിച്ചാൽ, ദേശീയ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വിജയകരമായ സഖ്യമായിരുന്നു ബി.ജെ.പി- ശിരോമണി അകാലിദൾ സഖ്യം. എന്നാൽ, ഇന്ന് തീർത്തും ശൂന്യമായ വോട്ട് ബേസുകളെയാണ് രണ്ടു പാർട്ടികൾക്കും അഭിമുഖീകരിക്കാനുള്ളത്. Punjab Elections 2027.

News Desk

സമ്പൂർണമായി മുങ്ങിത്താഴുന്നതിനുമുമ്പുള്ള അവസരവാദ ആലിംഗനമാണ് പഞ്ചാബിൽ സംഭവിച്ചത്: ശിരോമണി അകാലിദളും (SAD) ബി.ജെ.പിയും തമ്മിലൊരു സഖ്യം. 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിൽ ഒരു സാധ്യതയും മുന്നിലില്ലാത്ത രണ്ട് പാർട്ടികളുടെ സഖ്യം എന്നതിൽ കവിഞ്ഞ്, പുതിയ നീക്കത്തിന് എന്തെങ്കിലും രാഷ്ട്രീയപ്രാധാന്യമുണ്ടോ? പൂജ്യവും പൂജ്യവും ചേർന്നാൽ പൂജ്യം തന്നെയായിരിക്കും ഫലം എന്ന കോൺഗ്രസിന്റെ പ്രതികരണത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ?

ബി.ജെ.പിയെ സംബന്ധിച്ച് തീർച്ചയായും ഉണ്ട്. ന്യൂദൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ അമിത് ഷാ ഇക്കാര്യം അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി: ‘‘അകാലിദൾ തന്നെയായിരിക്കും വല്യേട്ടൻ. ജയിച്ചാൽ, മുഖ്യമന്ത്രിയും അകാലിദളിൽനിന്നായിരിക്കും. സാധാരണ നിലയ്ക്ക് വല്യേട്ടനാണല്ലോ മുഖ്യമന്ത്രിപദം അവകാശപ്പെടാനാകുക''.

ഘടകകക്ഷിയോടുള്ള അമിത് ഷായുടെ അത്യധികമായ ജനാധിപത്യപരിഗണന കോരിത്തരിപ്പിക്കുന്ന ഒന്നാണ്. എന്നാൽ, കുഞ്ഞേട്ടനായി നടിച്ച് സാഹചര്യം ഒത്തുവരുമ്പോൾ സാക്ഷാൽ വല്യേട്ടനായി മാറി സ്വന്തം സഖ്യകക്ഷികളിൽനിന്ന് അധികാരം കവർന്നെടുക്കുന്ന പാരമ്പര്യം ഓർമയുള്ളവർ, SAD നേതാവ് സുഖ്ബിർ സിംഗ് ബാദലിന്റെ ഇപ്പോഴത്തെ ചിരി അൽപ്പായുസ്സാണ് എന്നു മനസ്സിലാക്കും.

കാരണം, പഞ്ചാബിനെ സംബന്ധിച്ച് ബി.ജെ.പിയ്ക്ക് അധികാരമാണ് ഏക ലക്ഷ്യം. അതിന്, ഇപ്പോൾ ശക്തിപ്പെട്ടുവരുന്ന പാന്തിക് രാഷ്ട്രീയത്തിന്റെ ചിറക് ആവശ്യമാണ്. പാന്തിക് രാഷ്ട്രീയത്തിന്റെ പ്രാതിനിധ്യത്തിൽനിന്ന് അകാലിദൾ ഏറെ അകന്നുകഴിഞ്ഞുവെങ്കിലും, അകാലിദളിനെ മുന്നിൽനിർത്തിയുള്ള സിഖ് പൊളിറ്റിക്‌സ് അല്ലാതെ ബി.ജെ.പിയുടെ മുന്നിൽ മറ്റു വഴികളില്ല.

ഇപ്പോൾ ആപ്പും കോൺഗ്രസും തമ്മിൽ നടക്കുന്ന നേരിട്ടുള്ള മത്സരത്തെ ത്രികോണമത്സരമാക്കി മാറ്റി, 30%-ലേറെ വോട്ട് പിടിക്കാനായാൽ, അത് സീറ്റുകളുടെ എണ്ണത്തിൽ വർധനയുണ്ടാക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ.

ശിരോമണി അകാലിദളും അതേ അവസ്ഥയിലാണ്. ബി.ജെ.പിയുമായി 24 വർഷം പഴക്കമുള്ള സഖ്യമുപേക്ഷിച്ച് അകാലിദൾ പുറത്തുവന്നത് 2020-ലാണ്. നരേന്ദ്രമോദി സർക്കാറിന്റെ കർഷകവിരുദ്ധനിയമം, പഞ്ചാബിലെ കർഷകരിലുണ്ടാക്കിയ രോഷത്തെതുടർന്ന് ഗത്യന്തരമില്ലാതെയുള്ള വേർപിരിയലായിരുന്നു അത്.

വിവിധ വിഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന സിഖ് ഐഡന്റിറ്റി പൊളിറ്റിക്‌സിലും ബി.ജെ.പിക്ക് കണ്ണുണ്ട്. ഇപ്പോൾ പാന്തിക് രാഷ്ട്രീയ ഇടത്തിന് നിരവധി അവകാശികളുണ്ട്, ഖാലിസ്ഥാൻ വാദികൾ ഉൾപ്പെടെ. 2025-ൽ ശിരോമണി അകാലിദൾ പിളർന്നുണ്ടായ ശിരോമണി അകാലിദൾ (പുനർ സുർജിത്) വിഭാഗം, ഇപ്പോൾ ദേശീയ സുരക്ഷാനിയമപ്രകാരം ജയിലിൽ കഴിയുന്ന ഖാലിസ്ഥാൻ അനുകൂലിയും സ്വതന്ത്ര എം.പിയുമായ അമൃത്പാൽ സിങ് നേതൃത്വം നൽകുന്ന വാരിസ് പഞ്ചാബ് ദേ എന്നിവ അകാലിദളിന്റെ പാന്തിക് സ്‌പെയ്‌സിന്റെ ശക്തരായ പങ്കാളികളാണ്. പരമ്പരാഗത ഗ്രാമീണ കർഷക സമൂഹം എന്ന വോട്ടുബാങ്ക് ഇപ്പോൾ അകാലിദളിന് അവകാശപ്പെടാനില്ല. മാത്രമല്ല, പാരമ്പര്യത്തിൽനിന്ന് വിഘടിച്ചുപോയ പുതിയ തലമുറയും ഇപ്പോൾ ദളിനൊപ്പമില്ല. മാത്രമല്ല, പാന്തിക് വോട്ട് ബേസിനെ ഒന്നിച്ചുനിർത്തുന്നതിൽ പ്രകാശ് സിങ് ബാദലിനുണ്ടായിരുന്ന രാഷ്ട്രീയ തന്ത്രജ്ഞത മകൻ സുഖ്ബീർ സിങ് ബാദലിനില്ല.

ഇതെല്ലാം അകാലിദളിന്റെ സാധ്യതകളെ പ്രതികൂലമാക്കുന്നുണ്ട്. ഈയൊരു സാഹചര്യമാണ്, ബി.ജെ.പിയുമായുള്ള സഖ്യത്തിന് അകാലിദളിനെ നിർബന്ധിതമാക്കിയത്.

പഞ്ചാബിനെ സംബന്ധിച്ച് ബി.ജെ.പിയ്ക്ക് അധികാരമാണ് ഏക ലക്ഷ്യം. അതിന്, ഇപ്പോൾ ശക്തിപ്പെട്ടുവരുന്ന പാന്തിക് രാഷ്ട്രീയത്തിന്റെ ചിറക് ആവശ്യമാണ്.
പഞ്ചാബിനെ സംബന്ധിച്ച് ബി.ജെ.പിയ്ക്ക് അധികാരമാണ് ഏക ലക്ഷ്യം. അതിന്, ഇപ്പോൾ ശക്തിപ്പെട്ടുവരുന്ന പാന്തിക് രാഷ്ട്രീയത്തിന്റെ ചിറക് ആവശ്യമാണ്.

ബി.ജെ.പിയാകട്ടെ, പഞ്ചാബ് രാഷ്ട്രീയത്തിൽ തീർത്തും ഒറ്റപ്പെട്ട സാന്നിധ്യമാണ്. കോൺഗ്രസിൽനിന്ന് പലപ്പോഴായി എത്തിയവരെ ചേർത്തുണ്ടാക്കിയ സംസ്ഥാന പാർട്ടി എന്നു പറയാം, പഞ്ചാബിലെ ബി.ജെ.പിയെ. മാത്രമല്ല, മോദി സർക്കാറിന്റെ കാർഷികവിരുദ്ധനയങ്ങൾ, ഗ്രാമീണമേഖലയെ അക്ഷരാർഥത്തിൽ ബി.ജെ.പി വിരുദ്ധമാക്കി മാറ്റിയിട്ടുമുണ്ട്.

ആപ്പിന്റെ മുഖ്യ എതിരാളി കോൺഗ്രസാണ്. പ്രതിപക്ഷ വോട്ടിന് എൻ.ഡി.എ- അകാലിദൾ സഖ്യം കൂടി അവകാശികളായി എത്തുന്നു എന്നതാണ് പുതിയ സഖ്യത്തിന്റെ പ്രാധാന്യം.

2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 117 സീറ്റിൽ ബി.ജെ.പിയ്ക്ക് കിട്ടിയത് രണ്ടു സീറ്റ്. അകാലിദളിന് മൂന്നും. 97 സീറ്റിൽ ഒറ്റയ്ക്കു മത്സരിച്ച അകാലിദളിന് 18.52% വോട്ട് കിട്ടി. 73 സീറ്റിൽ മത്സരിച്ച ബി.ജെ.പിക്ക് 6.65 ശതമാനവും.

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരു സീറ്റിലും ജയിക്കാനായില്ലെങ്കിലും മത്സരിച്ച 13 സീറ്റിൽനിന്ന് 18.65% വോട്ട് കിട്ടി. ഒരു സീറ്റ് നേടിയ അകാലിദളിന് 13.48% വോട്ടും.

പഞ്ചാബിന്റെ അധികാരരാഷ്ട്രീയം പരിശോധിച്ചാൽ, ദേശീയ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വിജയകരമായ സഖ്യമായിരുന്നു ബി.ജെ.പി- ശിരോമണി അകാലിദൾ സഖ്യം.

ഈ ശതമാനക്കണക്കിലാണ് ബി.ജെ.പിയുടെ കണ്ണ്. ഇപ്പോൾ ആപ്പും കോൺഗ്രസും തമ്മിൽ നടക്കുന്ന നേരിട്ടുള്ള മത്സരത്തെ ത്രികോണമത്സരമാക്കി മാറ്റി, 30%-ലേറെ വോട്ട് പിടിക്കാനായാൽ, അത് സീറ്റുകളുടെ എണ്ണത്തിൽ വർധനയുണ്ടാക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും 31.98% വോട്ടാണ് നേടിയത്. അത് കോൺഗ്രസ് നേടിയ 26.3 ശതമാനത്തേക്കാളും ആപ്പ് നേടിയ 26.02 ശതമാനത്തേക്കാളും കൂടുതലുമാണ്.

നഗരവോട്ടുകൾ ബി.ജെ.പിക്കും ഗ്രാമങ്ങളിലെ വോട്ട് അകാലിദളിനും സമാഹരിക്കാനായാൽ ഈ ശതമാനത്തിലെത്താൻ വിഷമമുണ്ടാകില്ല എന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നു.

1997-ലാണ് ആദ്യമായി അകാലിദൾ ബി.ജെ.പിയുമായി സഖ്യത്തിലായത്, 117-ൽ 93 സീറ്റ് നേടിയാണ് അന്ന് ഈ സഖ്യം അധികാരത്തിലെത്തിയത്. അകാലിദളിന് 75 സീറ്റും ബി.ജെ.പിക്ക് 18 സീറ്റുമാണുണ്ടായിരുന്നത്. 2012-നുശേഷം ശിരോമണി അകാലിദളിന് സ്വാധീനം നഷ്ടമായി, അധികാരവും.

സഖ്യമുണ്ടായിരുന്ന കാലത്തെല്ലാം 'വല്യേട്ടൻ' പദവിയും മുഖ്യമന്ത്രി സ്ഥാനവും ശിരോമണി അകാലിദളിനു തന്നെയായിരുന്നു എന്ന ചരിത്രമാണ് ഇപ്പോൾ അമിത് ഷാ മറച്ചുവെക്കാൻ ശ്രമിക്കുന്നത്. അതിനുവേണ്ടിയാണ്, പുതിയൊരു 'വല്യേട്ടൻ' പദവിയും മുഖ്യമന്ത്രിസ്ഥാനവും ബി.ജെ.പി അകാലിദളിന് കനിഞ്ഞുനൽകുന്നത്.

പഞ്ചാബിന്റെ അധികാരരാഷ്ട്രീയം പരിശോധിച്ചാൽ, ദേശീയ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വിജയകരമായ സഖ്യമായിരുന്നു ബി.ജെ.പി- ശിരോമണി അകാലിദൾ സഖ്യം. എന്നാൽ, ഇന്ന് തീർത്തും ശൂന്യമായ വോട്ട് ബേസുകളെയാണ് രണ്ടു പാർട്ടികൾക്കും അഭിമുഖീകരിക്കാനുള്ളത്.

Comments