കര്‍ണാടക തെരഞ്ഞെടുപ്പുഫലം രാജ്യത്തെ ജനാധിപത്യത്തിന് നല്‍കുന്നത് ശുഭസൂചനകളാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സമൂഹത്തിലാകമാനം വെറുപ്പും വിദ്വേഷവും വിഭാഗീയതയും പടര്‍ത്തുവാനാണ്, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ശ്രമിച്ചത്. ഒരു ഫേക്ക് പ്രോപ്പഗാന്‍ഡ സിനിമയുടെ പേരു പോലും പ്രധാനമന്ത്രി പലതവണ പരാമര്‍ശിച്ച് പ്രചാരണം നടത്തുന്നത് നമ്മള്‍ കണ്ടു. അതിനേക്കാള്‍ അപകടകരമായ പ്രകോപനങ്ങള്‍ യോഗി ആദിത്യനാഥും അമിത്ഷായുമെല്ലാം നടത്തി.
എന്നാല്‍, കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ തുടക്കം മുതല്‍ സ്വീകരിച്ച സമീപനം, ജനം അനുഭവിക്കുന്ന ദുരിതങ്ങള്‍ പ്രചാരണത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. ഡബ്ള്‍ എഞ്ചിന്‍ സര്‍ക്കാറാണ് കര്‍ണാടകത്തില്‍ എന്നു പറയുമ്പോള്‍ അത് ഡബ്ള്‍ ദ്രോഹ സര്‍ക്കാറാണ് എന്ന് സ്ഥാപിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ അഴിമതികള്‍ പ്രതിപക്ഷം എന്ന നിലയില്‍ തുടക്കം മുതലേ ഞങ്ങൾ പുറത്തുകൊണ്ടുവന്നു. ‘40 ശതമാനം കമീഷന്‍ സര്‍ക്കാറാണ് കര്‍ണാടകത്തിലുള്ളത്’ എന്ന ഗുരുതര ആരോപണം ഒരു വര്‍ഷം മുമ്പുതന്നെ കോണ്‍ഗ്രസ് ഉന്നയിച്ചു. അത് ശരിയാണെന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായി. കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. 40 ശതമാനം കമീഷനാണ് ആവശ്യപ്പെടുന്നത്, ഈ സര്‍ക്കാറിനുകീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല, പ്രധാനമന്ത്രി ഇടപെടണം എന്നായിരുന്നു അവരുടെ ആവശ്യം. പക്ഷെ, പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടായില്ല.
മന്ത്രിമാര്‍ 40 ശതമാനം കമീഷന്‍ ആവശ്യപ്പെടുന്നു, ഇടപെടണം എന്നാവശ്യപ്പെട് ബി.ജെ.പി അനുഭാവിയായ സന്തോഷ് പാട്ടീല്‍ എന്ന കോണ്‍ട്രാക്റ്റര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഒടുവില്‍ അദ്ദേഹം മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍മന്ത്രിയുമായ ഈശ്വരപ്പക്കെതിരെ ആരോപണമുന്നയിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ജോലികളൊക്കെ വലിയ തുകയ്ക്ക് ലേലം ചെയ്തുകൊടുക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇവയൊക്കെ പുറത്തുകൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.
സര്‍ക്കാറിന്റെ അഴിമതി, വാഗ്ദാനങ്ങള്‍ പാലിക്കാത്തത്, കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍അടിച്ചേല്‍പ്പിക്കുന്ന ദുരിതങ്ങള്‍ എന്നിവയെല്ലാം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ ഏറ്റവും താഴേത്തട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. എങ്കിലും ഒടുവില്‍ പ്രധാനമന്ത്രി എത്തുന്നതോടെ കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനാകുമെന്നായിരുന്നു ബി.ജെ.പി പ്രതീക്ഷ. എന്നാല്‍, പ്രധാനമന്ത്രിയുടെ വരവിനെ തന്നെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. കര്‍ണാടകയില്‍ വലിയ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ദുരിതബാധിതരെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി എത്തിയില്ല. വറുതിയുടെ കാലത്തും കര്‍ഷകര്‍ക്ക് പ്രതിസന്ധിയുണ്ടായപ്പോഴും എത്തിയില്ല. കോവിഡ് കാലത്ത് 30-ലധികം പേര്‍ ഓക്‌സിജന്‍ കിട്ടാതെ സാമ്രാജ്‌നഗര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ചപ്പോള്‍ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി എത്തിയില്ല. ജനങ്ങളുടെ ഇത്തരം ജീവിത പ്രതിസന്ധികളിൽ തിരിഞ്ഞുനോക്കാതിരുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പുകാലത്തുമാത്രം വരുന്നതിനെ ജനങ്ങള്‍ക്കുവേണ്ടി ചോദ്യം ചെയ്തു. ജനങ്ങള്‍ ആ ചോദ്യങ്ങള്‍ കോൺഗ്രസ് ആവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായി.
കോണ്‍ഗ്രസ് നേതാക്കന്മാരെ വ്യക്തിപരമായി അധിക്ഷേപിച്ചും പ്രകോപനം സൃഷ്ടിച്ചും തെരഞ്ഞെടുപ്പിന്റെ നറേറ്റീവിനെ മാറ്റാനാണ് ബി.ജെ.പി ശ്രമിച്ചത്. എന്നാല്‍, ആ ട്രാക്കില്‍ കോൺഗ്രസ് വീണില്ല
ബി.ജെ.പി ഭരണത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുക മാത്രമല്ല, ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളെ സംബന്ധിച്ച ഗ്യാരണ്ടികള്‍ കാമ്പയിന്റെ ഓരോ ഘട്ടത്തിലും പ്രത്യേക സമ്മേളനങ്ങളിലൂടെ അനൗണ്‍സ് ചെയ്യാനും കഴിഞ്ഞു. അതില്‍ ഏറ്റവും പ്രധാനം, കുടുംബത്തിലെ ഗൃഹനാഥയുടെ അക്കൗണ്ടിലേക്ക് മാസം 2000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയാണ്. മാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി ബംഗളൂരുവില്‍ ഒരു വനിതാ സമ്മേളനത്തില്‍ പ്രിയങ്കാഗാന്ധിയാണ് പ്രഖ്യാപിച്ചത്. തൊഴിലില്ലാത്ത, ബിരുദധാരികളായ യുവാക്കള്‍ക്ക് രണ്ടുവര്‍ഷത്തേക്കോ ജോലി കിട്ടുന്നതുവരെയോ 2000 രൂപ നല്‍കുന്ന യുവനിധി ഗ്യാരണ്ടി രാഹുല്‍ ഗാന്ധി ബലഗാവിയിലെ റാലിയില്‍പ്രഖ്യാപിച്ചു. മുമ്പ് സിദ്ധരാമയ്യ സര്‍ക്കാർ വിജയിപ്പിച്ച അന്നഭാഗ്യ, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയ ഗ്യാരണ്ടികള്‍ പല ഘട്ടങ്ങളിലായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞു.
ഞങ്ങളുടെ ഉറപ്പുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. കാരണം, 2013- 18ല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ 160 വാഗ്ദാനങ്ങളായിരുന്നു പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. അതില്‍ 157 ഉറപ്പുകളും പരിപാടികളായി മാറി. അതുകൊണ്ടുതന്നെ ഇപ്പോള്‍ മുന്നോട്ടുവച്ച ഗ്യാരണ്ടികളിലും ജനങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാക്കന്മാരെ വ്യക്തിപരമായി അധിക്ഷേപിച്ചും പ്രകോപനം സൃഷ്ടിച്ചും തെരഞ്ഞെടുപ്പിന്റെ നറേറ്റീവിനെ മാറ്റാനാണ് ബി.ജെ.പി ശ്രമിച്ചത്. എന്നാല്‍, ആ ട്രാക്കില്‍ വീഴാതെ തുടക്കം മുതല്‍ സര്‍ക്കാര്‍ അഴിമതിക്കാരും വാഗ്ദാനങ്ങള്‍ പാലിക്കാത്തവരുമാണ് എന്ന പ്രചാരണത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ ഞങ്ങള്‍ മുന്നോട്ടുപോയി. വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയും അതില്‍ത്തന്നെ ശ്രദ്ധ നിലനിര്‍ത്താന്‍ ശ്രമിച്ചു, അതില്‍ വിജയിച്ചു.
അങ്ങേയറ്റം അപകടകരമായ വര്‍ഗീയ- വിദ്വേഷ- വിഭാഗീയ കാമ്പയിന്‍ നടത്തിയിട്ടും 135 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. വര്‍ഗീയതക്കുമുകളിലേക്ക് ജനം, അവരുടെ ജീവിതപ്രശ്‌നങ്ങളെ പരിഗണിക്കാന്‍ തയാറാകുന്നു. അതിനെ ഏറ്റെടുക്കുന്നവരോടൊപ്പം നില്‍ക്കാന്‍ തയാറാകുന്നു എന്ന ശുഭസൂചന കര്‍ണാടകം നല്‍കുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും കോണ്‍ഗ്രസിന് 38 ശതമാനം വോട്ടുണ്ടായിരുന്നു. 104 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് 36 ശതമാനം വോട്ട് മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ട്, ഈ തെരഞ്ഞെടുപ്പിന്റെ ആദ്യ ആലോചനകളില്‍ തന്നെ 38 എന്നത് 41 ശതമാനമെങ്കിലും ആക്കിയെങ്കിലേ കോണ്‍ഗ്രസിന് കംഫര്‍ട്ടബ്ള്‍ ആയ ഒരു സര്‍ക്കാർ രൂപീകരിക്കാന്‍ കഴിയുകയുള്ളൂ എന്നും അതിന് എന്തു ചെയ്യാന്‍ കഴിയും എന്നുമാണ് ഞങ്ങള്‍ ആലോചിച്ചത്. കര്‍ണാടകയെ സംബന്ധിച്ച് അങ്ങനെയൊരു സര്‍ക്കാറിനുമാത്രമേ സുസ്ഥിരമായി നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. അതിനനുസരിച്ചുള്ള തന്ത്രങ്ങളാണ് രൂപീകരിച്ചത്. അത് പൂര്‍ണാര്‍ഥത്തില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞു; 42.9 ശതമാനം വോട്ട് നേടാനായി. അതായത്, മൂന്നു ശതമാനമായിരുന്നു ടാര്‍ഗെറ്റ് എങ്കില്‍, ഏതാണ്ട് അഞ്ച് ശതമാനം വോട്ടുകള്‍ അധികമായി നേടാന്‍ കഴിഞ്ഞുവെന്നർഥം.
രാഷ്ട്രീയപാര്‍ട്ടി എന്ന നിലയ്ക്ക് പല അഭിപ്രായങ്ങളുള്ള മുതിര്‍ന്ന നേതാക്കന്മാർ കോൺഗ്രസിലുണ്ട്. എന്നാല്‍, ഈ തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചും കര്‍ണാടകയെ സംബന്ധിച്ചും പാർട്ടിയെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ് എന്ന തിരിച്ചറിവില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. രണ്ട് ജനറല്‍ സെക്രട്ടറിമാരുടെ സാന്നിധ്യമുണ്ടായിരുന്നു.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് മുമ്പ് കര്‍ണാടകത്തിന്റെ ചാര്‍ജുള്ള ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുണ്ട്. ഒപ്പം, രണ്‍ദീപ്‌സിങ് സുര്‍ജേവാലയുണ്ടായിരുന്നു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍, സംസ്ഥാന നേതാവു കൂടിയായ ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ തുടങ്ങിയവരെല്ലാം ഒറ്റക്കെട്ടായി മുന്നൊരുക്കങ്ങളെയും കാമ്പയിനെയും ഏകോപിപ്പിച്ചു. ഈ ഐക്യവും ഈ വിജയത്തിന്റെ പ്രധാന ഘടകമാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നു. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി തുടങ്ങിയ പ്രമുഖ ബി.ജെ.പി നേതാക്കൾ കോൺഗ്രസിലെത്തി. ഷെട്ടാര്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മേഖലയില്‍ കോണ്‍ഗ്രസിന് സീറ്റ് വര്‍ധിച്ചിട്ടുണ്ട്. ലക്ഷ്മണ്‍ സവാദി 76,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്. ‘ഓപ്പറേഷന്‍ കമല’യുടെ ഭാഗമായി കോൺഗ്രസിൽനിന്ന് മറുകണ്ടം ചാടിയ ശ്രീമന്ത് പാട്ടീൽ, മഹേഷ് കുമതള്ളി, ഡോ. കെ. സുധാകര്‍, എം.ടി.പി നാഗരാജു എന്നിവരെല്ലാം തോറ്റു.
കര്‍ണാടകം രാജ്യത്തെ ജനാധിപത്യത്തിന് വലിയ സന്ദേശം നല്‍കുന്നുണ്ട്. അങ്ങേയറ്റം അപകടകരമായ വര്‍ഗീയ- വിദ്വേഷ- വിഭാഗീയ കാമ്പയിന്‍ നടത്തിയിട്ടും 135 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. (സ്വതന്ത്രയായി ജയിച്ച ലത മല്ലികാർജുൻ കോണ്‍ഗ്രസിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചതോടെ 136 ആയി). വര്‍ഗീയതക്കുമുകളിലേക്ക് ജനം, അവരുടെ ജീവിതപ്രശ്‌നങ്ങളെ പരിഗണിക്കാന്‍ തയാറാകുന്നു. അതിനെ ഏറ്റെടുക്കുന്നവരോടൊപ്പം നില്‍ക്കാന്‍ തയാറാകുന്നു എന്ന ശുഭസൂചന കര്‍ണാടകം നല്‍കുന്നുണ്ട്.