അരുണാചൽ പ്രദേശിൽ ബി.ജെ.പി മൂന്നാമൂഴം ഉറപ്പിച്ചു. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചക്ക്- എസ്.കെ.എം- തുടർഭരണം ഉറപ്പായി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അരുണാചലിൽ ബി.ജെ.പിയും സിക്കിമിൽ ഭരണകക്ഷിയായ ക്രാന്തികാരി മോർച്ചയും ബഹുദൂരം മുന്നിലാണ്.
സിക്കിം, അരുണാചൽ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കുന്ന പാശ്ചാത്തലത്തിലാണ് വോട്ടെണ്ണൽ നേരത്തെയാക്കിയത്.
അരുണാചൽ പ്രദേശിലെ 60 അംഗ നിയമസഭയിലേക്ക് നടന്ന ഇലക്ഷനിൽ വോട്ടെടുപ്പ് നടന്ന 50 മണ്ഡലങ്ങളിൽ 40-ലും ബി.ജെ.പിയാണ് മുന്നിൽ. നേരത്തെ പത്തു സീറ്റിൽ പാർട്ടി എതിരില്ലാതെ ജയിച്ചിരുന്നു. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്. മുഖ്യമന്ത്രി പേമ ഖണ്ഡുവും മറ്റു നാല് ബി.ജെ.പി സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ പെടും.
2019-ൽ ബി.ജെ.പി 41 സീറ്റിൽ ജയിച്ചാണ് അധികാരത്തിൽ വന്നത്. ജനതാദൾ- യുവിന് ഏഴു സീറ്റും നാഷനൽ പീപ്പിൾസ് പാർട്ടിക്ക് അഞ്ചു സീറ്റും കോൺഗ്രസിന് നാലു സീറ്റും പീപ്പിൾസ് പാർട്ട് ഓഫ് അരുണാചൽ പ്രദേശിന് ഒരു സീറ്റുമാണ് ലഭിച്ചത്. രണ്ട് സ്വതന്ത്രരും ജയിച്ചു. കോൺഗ്രസ് എം.എൽ.എയും മുൻ മുഖ്യമന്ത്രിയുമായ നബാം തുകി ഒഴികെ എല്ലാവരും പിന്നീട് ബി.ജെ.പിയിൽ ചേർന്നു.
സിക്കിമിൽ മുഖ്യമന്ത്രി പി.എസ്. തമാംഗിന്റെ നേതൃത്വത്തിലുള്ള സിക്കിം ക്രാന്തികാരി മോർച്ച ആകെയുള്ള 32 സീറ്റിൽ 31-ലും മുന്നിലാണ്. സംസ്ഥാനത്ത് പ്രതിപക്ഷം പൂർണമായും ഇല്ലാതായി. സിക്കിം ക്രാന്തികാരി മോർച്ചയും (എസ്.ഐ.എം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്.ഡി.എഫ്) തമ്മിലായിരുന്നു മത്സരം. മറ്റൊരു പ്രധാന പാർട്ടിയായ ഫുട്‌ബോൾ താരം ബൈചുങ് ബൂട്ടിയയുടെ ഹംറോ സിക്കിം പാർട്ടി 2023 നവംബറിൽ സിക്കിം ഡെമോക്രാറ്റിക് പാർട്ടിയിൽ ലയിച്ചിരുന്നു.
2019-ൽ എസ്.കെ.എം ആകെയുളള 32 സീറ്റിൽ 17 എണ്ണം നേടിയാണ് എസ്.ഡി.എഫിന്റെ കാൽ നൂറ്റാണ്ടു നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചത്. എസ്.ഡി.എഫിന് 15 സീറ്റുണ്ടായിരുന്നു.