സിക്കറിൽ കർഷക രോഷത്തിനുമുന്നിൽ ബി.ജെ.പി തോറ്റു, അമ്ര റാമിലൂടെ സി.പി.എമ്മിന് ചരിത്രജയം

2019- ലെ തിരഞ്ഞെടുപ്പിൽ 7,72,104 വോട്ടുകൾ നേടി ബി ജെ പി സ്ഥാനാർത്ഥി സുമേന്ദ്രനാഥ് സരസ്വതി 2,97,156 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്.

Think

രാജസ്ഥാനിലെ സിക്കറിൽ ബി ജെ പിയെ തോൽപ്പിച്ച് സി പി എം ചരിത്രജയത്തിലേക്ക്. ‘ഇന്ത്യ’ സഖ്യ സ്ഥാനാർത്ഥിയായി മത്സരിച്ച സി പി എം കേന്ദ്ര കമ്മിറ്റി അംഗവും രാജസ്ഥാൻ സംസ്ഥാന സെക്രട്ടറിയുമായ അമ്രാ റാം ബി ജെ പിയുടെ സുമേന്ദ്രനാഥ് സരസ്വതിക്കെതിരെ 69724 വോട്ടിന് മുന്നിലാണ്. ബി ജെ പിയെ നേരിടാൻ സി പി എമ്മും കോൺഗ്രസും ഒന്നിച്ച് കൈകോർത്ത മണ്ഡലമായിരുന്നു സിക്കർ.

നാലു തവണ രാജസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിക്കറിലെ കർഷക പോരാളി കൂടിയാണ് അമ്രാ റാം. സിക്കറിൽനിന്ന് ഏഴുതവണ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും വിജയിച്ചിട്ടില്ല. ഇത്തവണ എട്ടാം മത്സരത്തിലാണ് അമ്രാ റാം പാർലമെന്റിലേക്ക് പോകുന്നത്. കാർഷിക പ്രശ്‌നത്തിനും കുടിവെള്ള പ്രശ്‌നത്തിനും പരിഹാരം എന്ന മുദ്രാവാക്യത്തിലൂന്നിയായിരുന്നു അമ്രാ റാമിന്റെ പ്രചരണം.

വസുന്ധര രാജെയുടെ ഭരണകാലത്ത് കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യവുമായി സംസ്ഥാനത്ത് നടന്ന കർഷക സമരത്തിന് നേതൃത്വം കൊടുത്തിരുന്നത് കിസാൻ സഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കൂടിയായ അമ്രാ റാം ആയിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന സെക്രട്ടറിയേറ്റ് മുന്നിലെ സമരത്തിനൊടുവിൽ ബി ജെ പി സർക്കാറിന് മുട്ടുമടക്കേണ്ടിവന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി കർഷകരാണ് സമരത്തിൽ പങ്കെടുത്തിരുന്നത്. തുടക്കത്തിൽ സമരത്തോട് മുഖം തിരിഞ്ഞുനിന്ന സർക്കാർ ഒടുവിൽ ഇടപെടുകയായിരുന്നു.

സമരത്തിന് ശേഷമാണ് കർഷകർക്കുള്ള പെൻഷൻ 2,000 രൂപയായി സർക്കാർ വർധിപ്പിച്ചത്. സംസ്ഥാനത്തെ എട്ടുലക്ഷത്തോളം വരുന്ന കർഷകർക്ക് 50,000 രൂപ വരെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളും കൃഷിക്കായുള്ള വൈദ്യുതി നിരക്ക് വർധിപ്പിച്ചത് പിൻവലിക്കും എസ്.സി, എസ്.ടി, ഒ.ബി.സി ഫെലോഷിപ്പുകൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് അംഗീകരിപ്പിച്ചെടുത്ത സമരമായിരുന്നു അത്.

2019- ലെ തിരഞ്ഞെടുപ്പിൽ 7,72,104 വോട്ടുകൾ നേടി ബി ജെ പി സ്ഥാനാർത്ഥി സുമേന്ദ്രനാഥ് സരസ്വതി 2,97,156 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്. 4,74,948 വോട്ടുകൾ നേടിയ ഐ എൻ സി സ്ഥാനാർത്ഥി സുഭാഷ് മഹാരിയയെ ആണ് സുമേന്ദ്രനാഥ് സരസ്വതി പരാജയപ്പെടുത്തിയത്. കോൺഗ്രസും ബിജെപിയും മാറി മാറി ജയിക്കുന്ന സിക്കർ 2009 മുതലാണ് ബിജെപി സ്ഥിരമായി ജയിക്കാൻ തുടങ്ങിയത്. ആ യാത്രയാണ് ഇത്തവണ സിപിഎം തടഞ്ഞത്.

Comments