സബർമതിയിൽ നിന്ന് ഗാന്ധി പുറത്താക്കപ്പെടുമ്പോൾ

ന്ത്യയിലെ പാഠപുസ്തകങ്ങളിൽ നിന്നും, ചരിത്രവഴികളിൽനിന്നും, പൊതുമണ്ഡലത്തിൽനിന്നും ചുരുക്കപ്പെടുകയോ, ആസൂത്രിതമായി ഒഴിവാക്കപ്പെടുകയോ ചെയ്യുന്ന ഗാന്ധി ഇന്നാരുടേയും അസ്വസ്ഥതയല്ല. ഗാന്ധിവധത്തിന് ഏഴുപതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, ഗാന്ധിയെന്ന പ്രതീകവും ആശയവും അത്രമേൽ അതിക്രമങ്ങൾക്കും വക്രീകരണങ്ങൾക്കും വിധേയമാകുന്നുണ്ട്. ജനനസ്ഥലവും പ്രധാന കർമ്മപഥവുമായിരുന്ന ഗുജറാത്തിലെ കുട്ടികളോടാണ് ഗാന്ധി ആത്മഹത്യ ചെയ്തത് എന്തിനെന്ന് മുൻപൊരു പരീക്ഷയിൽ ചോദിച്ചത്. ഏറ്റവും ഒടുവിലായി ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്നു കൂടി ഗാന്ധിയെന്ന ബദൽസാധ്യതയും അന്വേഷണവും പടിയിറക്കപ്പെടുകയാണ്.

ഗാന്ധിയെന്ന കോർപ്പറേറ്റ് ബ്രാൻഡ്

സബർമതി ആശ്രമത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള പദ്ധതി കേന്ദ്ര-ഗുജറാത്ത് ഗവൺമെന്റുകളുടെ നേതൃത്വത്തിൽ തയാറായിക്കഴിഞ്ഞു. 1200 കോടി രൂപയുടെ വമ്പൻ പദ്ധതിയിൽ ഗാന്ധിയെ ബ്രാൻഡെന്ന നിലയിൽ മാർക്കറ്റുചെയ്യാനുള്ള ആംഫി തീയേറ്റർ, വില്പനശാലകൾ, ഫുഡ് കോർട്ടുകൾ, വി.ഐ.പി ലോഞ്ചുകൾ, വിഷ്വൽ മ്യൂസിയങ്ങൾ എന്നിവയാണുള്ളത്. സബർമതിയുടെ 54 ഏക്കറിൽ ബൃഹത്തായ വാണിജ്യ- വ്യാപാര-വിനോദ സഞ്ചാര കേന്ദ്രം രൂപപ്പെടുകയാണ്. സെൻട്രൽ വിസ്തയുടെ നിർമ്മാണച്ചുമതലയുള്ള എച്ച്.സി.പി ഡിസൈനാണ് പദ്ധതിയുടെ രൂപകല്പനയും നിർമ്മാണവും. ഗാന്ധിയൻ ദർശനപദ്ധതികളുടേയും പ്രവർത്തനപരിപാടികളുടേയും ഇന്ത്യയിലെ തുടർച്ചയായി അറിയപ്പെടുന്ന സബർമതി ആശ്രമത്തിനു നേരെയുള്ള കയ്യേറ്റങ്ങൾ ഇതാദ്യമല്ല. രാഷ്ട്രീയം, സാമ്പത്തികം, സാമൂഹ്യഘടന. പരിസ്ഥിതി, വികസനം എന്നിവയിലെല്ലാം ഒരുബദലിന്റെ സാധ്യതകൾക്ക് എപ്പോഴും കാരണമാവാൻ സാധ്യതയുള്ള ആശയഗതികളെ ദുർബലമാക്കി പതുക്കെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഏറെമുമ്പുതന്നെ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഗാന്ധിയൻ സംഘടനകളെയും വാർധ ഉൾപ്പെടെയുള്ള ഗാന്ധിയൻ ആശ്രമങ്ങളേയും കേന്ദ്രഭരണകൂടം വരുതിയിലാക്കിക്കഴിഞ്ഞു. സബർമതിയാണ് അടുത്ത ലക്ഷ്യം. പ്രവേശന ടിക്കറ്റോ, കർക്കശനിയന്ത്രണങ്ങളോ, ദേഹപരിശോധനയോ ഇല്ലാതെ സ്വതന്ത്രമായി ആർക്കും കടന്നുവരാവുന്ന പൊതു ഇടമാണ് സബർമതി.

ഗാന്ധി സാബർമതി ആശ്രമത്തിൽ / Photo: gandhi.gov.in

അതിനുപരി ഗാന്ധിയൻ സത്യാന്വേഷണത്തിന്റെ ലബോറട്ടറിയും, കൺസ്ട്രക്ടീവ് പ്രോഗ്രാമിന്റെ കേന്ദ്രവുമാണത്. സബർമതിയിൽ പരീക്ഷിച്ചു വിജയിച്ച ആശയങ്ങളാണ് അദ്ദേഹം സാമൂഹ്യ ഇടങ്ങളിലേക്കു പരിവർത്തിപ്പിക്കാൻ ശ്രമിച്ചത്. സിവിൽ ആജ്ഞാലംഘനത്തിന്റെ ഭാഗമായി ഉപ്പ് എന്ന സമരസാധ്യതയെ ഗാന്ധി കണ്ടെടുക്കുന്നതും 78 സന്നദ്ധ ഭടൻമാരുമായി ചരിത്രത്തിൽ അടയാളപ്പെടുത്തിയ യാത്ര തുടങ്ങുന്നതും അവിടെനിന്നാണ്. അങ്ങനെ നോക്കുമ്പോൾ ദക്ഷിണാഫ്രിക്കയുടെ തുടർച്ച എന്ന നിലയിലുള്ള ഗാന്ധിയൻ രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക അന്വേഷണങ്ങളുടെ ഒരു സവിശേഷഘട്ടത്തെയാണ് 1917 മുതൽ 1930 വരെയുള്ള സബർ മതിക്കാലം അടയാളപ്പെടുത്തുന്നത്.

ലോകമെങ്ങുമുള്ള ഗാന്ധി മാർഗ്ഗപ്രവർത്തകരുടേയും, വിദ്യാർത്ഥികളുടേയും, അന്വേഷകരുടേയും ആശയവഴികളിലും യാത്രാപഥങ്ങളിലും ഇപ്പോഴും സബർമതിയുണ്ട്. വിയോജിക്കുന്നവർക്കുപോലും ചില ബദലുകളുടേയും, സംവാദത്തിന്റേയും തുറസുകൾ ഗാന്ധിയും സബർമതിയും മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്വാശ്രയത്വത്തിന്റെയും നിർമ്മാണാത്മക പ്രവർത്തനങ്ങളുടെയും കേന്ദ്രമെന്നനിലയിൽ ലാളിത്യത്തിന്റെയും സുതാര്യതയുടെയും ചെറുതിന്റെയും സൗന്ദര്യമാണ് സബർമതിയുടെ പ്രത്യയശാസ്ത്രം. പാഠപുസ്തകത്തിലെ ഗാന്ധിയ്‌ക്കൊപ്പം സാമൂഹികജീവിതത്തിലെ സമഗ്രഗാന്ധിയേയും സംഘപരിവാർ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഗാന്ധി കേവലം ചൂലിന്റെ ഉപജ്ഞാതാവായും, ടോയ്‌ലറ്റ് പ്രാക്ടീഷണറായും ഗോവധനിരോധകനായും ചുരുക്കപ്പെടുന്നത്. സബർമതി ഒരു വേൾഡ്ക്ലാസ് ടൂറിസ്റ്റ് സെന്റർ ആകുന്നതോടെ ഗാന്ധി എന്ന ആശയം ഇല്ലാതാവുകയും പകരം ഗാന്ധി എന്ന കോർപ്പറേറ്റ് ബ്രാൻഡ് രൂപ പ്പെടുകയും ചെയ്യും. അത്തരമൊരു ബ്രാന്റിങ്ങിന്റെ അനന്തസാധ്യതകളാണ് സബർമതി ടൂറിസം പദ്ധതിയുടെ അടിസ്ഥാനം. എന്നാൽ പദ്ധതിയ്‌ക്കെതിരെ ചിന്തകർ, എഴുത്തുകാർ, സാമൂഹ്യപ്രവർത്തകർ, പൗരാവകാശപ്രവർത്തകർ എന്നിവരിൽനിന്ന് വലിയ പ്രതിഷേധമാണുയരുന്നത്. ഗുജറാത്ത് സാഹിത്യ പരിഷത് പ്രസിഡന്റ് പ്രകാശ് എൻഷാ, ആനന്ദ്പട്‌വർധൻ, ഗാന്ധിയുടെ പൗത്രൻ രാജ്‌മോഹൻ ഗാന്ധി, രാമചന്ദ്ര ഗുഹ, രാം പുനിയാനി, എ.പി. ഷാ, അരുണറോയി, സായ്‌നാഥ്, യോഗേന്ദ്രയാദവ്, കവിത ലങ്കേഷ്, ടി.എം. കൃഷ്ണ, അനിൽ സദ്‌ഗോപാൽ, ടീസ്റ്റ സെതൽവാദ്, അചിൻവിനായക്, ഷബ്‌നം ഹഷ്മി, ആനന്ദ് ഗ്രോവർ തുടങ്ങി 130-ഓളം പേരാണ് പദ്ധതിയ്‌ക്കെതിരായ പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്. ഗാന്ധി ആശ്രമത്തെ കോർപ്പറേറ്റുവത്ക്കരിക്കുന്നത് ഗാന്ധി അവതരിപ്പിച്ച ആശയങ്ങളുടെ നിരാകരണമാണെന്നും ഇത് രണ്ടാം ഗാന്ധിവധത്തിനു തുല്യമാണെന്നുമുള്ള നിരീക്ഷണമാണ് അവർ പങ്കുവയ്ക്കുന്നത്.

സാബർമതി ആശ്രമം / Photo: mkgandhi.org

ഗാന്ധി ആശ്രമങ്ങൾ - സത്യാന്വേഷണത്തിന്റെ ലബോറട്ടറികൾ

ഇന്ത്യൻ മിത്തോളജിയിലെ ആശ്രമത്തെയും ആശ്രമജീവിതത്തേയും കുറിക്കുന്ന സങ്കല്പങ്ങളിലൂടെയല്ല ഗാന്ധിയുടെ ആശ്രമസങ്കല്പത്തെ സമീപിക്കേണ്ടത്. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമായി അദ്ദേഹം സ്ഥാപിച്ച നാല് ആശ്രമങ്ങൾ - ഫിനിക്‌സ് ഫാം, ടോൾസ്റ്റോയിഫാം, സബർമതി, വാർധ - എന്നിവയെല്ലാം കൺസ്ട്രക്ടീവ് പ്രോഗ്രാമിന്റേയും, സത്യാഗ്രഹജീവിതത്തിന്റേയും, സത്യാന്വേഷണത്തിന്റേയും, സാമൂഹിക കൂട്ടായ്മയുടേയും ഇടങ്ങളായിരുന്നു. ആശ്രമജീവിതക്രമത്തിന്റെ നിസ്സംഗതയും, നിർമമതയും, നിശ്ചലതയുമല്ല ജീവിതത്തോടുള്ള സജീവതയും കർമോൻമുഖതയും, പ്രത്യാശയുമാണ് ഗാന്ധിയുടെ ആശ്രമങ്ങളുടെ ജീവൻ. ആശ്രമങ്ങളെ സത്യാഗ്രഹ ആശ്രമങ്ങൾ എന്നാണ് അദ്ദേഹം വിളിച്ചത്. വ്രതങ്ങളും പ്രാർത്ഥനയും മാത്രമായിരുന്നില്ല അവിടുത്തെ ജീവിതക്രമം. കൂട്ടായ്മയുടേയും, മനുഷ്യരുടെ ഒത്തുചേരലിന്റേയും, തൊഴിൽ ജീവിതത്തിന്റെയും, സഹവാസത്തിന്റേയും കമ്മ്യൂണുകൾ കൂടിയായിരുന്നു അവ. ഗാന്ധിയുടെ ആശ്രമങ്ങൾ ചെറുത്തുനിൽപിന്റെ സമരകേന്ദ്രവും, ഹിംസയുടെ വ്യത്യസ്ത രൂപങ്ങൾക്കെതിരായ അഹിംസാത്മക ജീവിതപദ്ധതിയുടെ പ്രായോഗികപരീക്ഷണശാലകളായിക്കൂടി മാറുന്നുണ്ട്. സ്വയം നവീകരണത്തിന്റെയും സാമൂഹികനവീകരണത്തിന്റെയും അന്വേഷണവഴികളായിരുന്നു ഗാന്ധിയുടെ ആശ്രമജീവിതം. പിൽക്കാലത്ത് അദ്ദേഹത്തിന്റെ നിരന്തരമുള്ള തീവണ്ടിയാത്രകളിൽ ട്രെയിൻ കമ്പാർട്ടുമെന്റുതന്നെ ആശ്രമമായി മാറിയെന്നും സ്ഥലപരിമിതിയ്ക്കുള്ളിലെ ആശ്രമമെന്ന കാഴ്ചപ്പാട് ഇല്ലാതായി മാറിയെന്നും നിരീക്ഷണങ്ങളുണ്ട്.

നിർമാണാത്മക പദ്ധതികൾ

ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും ഗാന്ധിയുടെ വാസസ്ഥലം കൂടിച്ചേരലുകളുടേയും, സംവാദങ്ങളുടേയും, കാർഷിക പരീക്ഷണങ്ങളുടേയും അഹിംസാത്മക ജീവിതപദ്ധതികളുടെയും സജീവവും ചടുലവുമായ പ്രവർത്തനകേന്ദ്രങ്ങളായിരുന്നു. കുടുംബമെന്ന ആശയത്തിന്റെ സ്വകാര്യതകളേയും സാർത്ഥതകളേയും അദ്ദേഹം പുനർനിർവചിച്ചു. ജാതി-മത-വർഗ്ഗ-വർണ-പ്രാദേശികദേദമില്ലാത്ത കമ്മ്യൂണുകളായി അതിനെ മാറ്റിയെടുത്തു. 1915-ൽ ദളിത് വിഭാഗത്തിൽപ്പെട്ട അഹമ്മദാബാദിൽനിന്നുള്ള അധ്യാപകൻ ദാദാബായിയും കുടുംബവും കൊച്ച്‌റബിലെ ആശ്രമത്തിൽ ചേർന്നു. കസ്തൂർബയ്ക്ക് അതുൾക്കൊള്ളാനായില്ല. അസ്വസ്ഥനായ ഗാന്ധി കസ്തൂർബയോട് ആശ്രമം ഉപേക്ഷിച്ചുപോകാൻ നിർദ്ദേശിച്ചു. ദളിത് കുടുംബത്തെ ആശ്രമത്തിൽ താമസിപ്പിച്ചതിൽ അതൃപ്തരായ അഹമ്മദാബാദിലെ മില്ലുടമകൾ ആശ്രമത്തിന് സംഭാവന നൽകുന്നതിൽനിന്നു പിൻമാറിയെങ്കിലും നിലപാടുകളിൽ മാറ്റംവരുത്താൻ ഗാന്ധി തയാറായില്ല.

സാബർമതി നദിയുടെ തീരത്ത് താമസിച്ചിരുന്നവരെ കുടിയൊഴിപ്പിച്ച് നഗരത്തിലെ മറ്റ് അരികുകളിലേക്കു മാറ്റിയാണ് റിവർഫ്രണ്ട്‌ പദ്ധതി നടപ്പിലാക്കിയത് / Photo: Wikimedia Commons

ഗാന്ധി ആശ്രമങ്ങൾ വ്യക്തി-സമൂഹനിർമിതിയ്ക്കുള്ള സാധ്യതയായി പരിഗണിച്ചിരുന്നത് നിർമാണാത്മക പദ്ധതികളെയാണ്. സത്യം, അഹിംസ, സ്വാശ്രയത്വം, സർവോദയം, എന്നിവയുടെയെല്ലാം അടിസ്ഥാനം നിർമാണ പ്രവർത്തനങ്ങളാണ്. സാമുദായിക സൗഹാർദ്ദം, അയിത്തോച്ചാടനം, മദ്യനിരോധനം, ഖാദിപ്രചാരണം, ഗ്രാമവ്യവസായങ്ങൾ, ഗ്രാമശുചീകരണം, അടിസ്ഥാനവിദ്യാഭ്യാസം, വിദ്യാഭ്യാസം, ആരോഗ്യ-ശുചിത്യ വിദ്യാഭ്യാസം, മാതൃഭാഷ, ദേശീയഭാഷ, സാമ്പത്തികസ്വാതന്ത്ര്യം, സ്ത്രീകൾ, കർഷകർ ആദിവാസികൾ, കുട്ടികൾ തുടങ്ങിയവരുടെ ഉന്നമനം എന്നിവയെല്ലാം ഗാന്ധിയുടെ നിർമാണാത്മക പ്രവർത്തനപദ്ധതിയുടെ ഭാഗമായിരുന്നു. കാലികമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ആകാമെന്നും അദ്ദേഹം നിർദ്ദേശിക്കുകയുണ്ടായി. ഏതുകാലത്തും പ്രസക്തമാണ് ഗാന്ധിയുടെ നിർമ്മാണാത്മ പ്രവർത്ത നങ്ങളെന്ന തിരിച്ചറിവ് വലിയൊരു സാധ്യതയായി നമുക്കു മുന്നിലുണ്ട്.

വ്യക്തി-സാമൂഹികതലത്തിലെ വെല്ലുവിളികളെ കൂട്ടായി പ്രതിരോധിക്കുകയെന്ന പ്രായോഗികപാഠവും സമഗ്രപദ്ധതിയുമാണ് ആശ്രമങ്ങളിലൂടെ കൺസ്ട്രക്ടീവ്‌പ്രോഗ്രാമായി ഗാന്ധി മുന്നോട്ടുവെച്ചത്. വാർധയും സബർമതിയും ഉൾപ്പെടുന്ന ബദൽപരീക്ഷണങ്ങൾ കോർപ്പറേറ്റ് അജണ്ടകൾക്കു വഴിമാറുമ്പോൾ ഏറ്റവും സാധാരണക്കാരനിൽ സാധാരണക്കാരന്റെ ജീവിതത്തിലൂന്നിയ വികസനമെന്നും, ചെറുതിന്റെ സൗന്ദര്യമെന്നുമുള്ള ഗാന്ധിയൻ ദർശനവഴികളാകെ നിരാകരിക്കപ്പെടുകയാണ്.

സാബർമതി റിവർ ഫ്രണ്ട്‌/ Photo: sabarmatiriverfront.com

സബർമതിയിലേക്ക്

സൗത്ത് ആഫ്രിക്കയിൽനിന്ന് ഇന്ത്യയിലെത്തിയശേഷമുള്ള അലച്ചിലുകൾക്കും യാത്രകൾക്കുമിടയിലുമാണ് ഗുജറാത്തിലെ അഹമ്മദാബാദിലെ കൊച്ച്‌റാബ് (Kochrab) എന്ന സ്ഥലത്ത് 1915 മെയ് 25-ന് ഗാന്ധിജി ആശ്രമം തുടങ്ങുന്നത്. സ്വാർത്ഥരഹിതമായ രാഷ്ട്രീയവ്യവസ്ഥയിലേക്കും, സത്യാഗ്രഹത്തിന്റെ പ്രായോഗികവഴികളിലേക്കുമുള്ള അന്വേഷണങ്ങളായിരുന്നു ഗാന്ധിയെ ഇന്ത്യയിലെ ആദ്യ ആശ്രമത്തിന്റെ രൂപീകരണത്തിലേക്കു നയിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽത്തന്നെ അതൊരു പുതിയ വഴിവെട്ടലായിരുന്നു. സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊപ്പം നിർമ്മാണാത്മകപ്രവർത്തനങ്ങളും ചേർന്ന സമരരീതി ഇന്ത്യയ്ക്ക് തീർത്തും പുതുമയുള്ളതായിരുന്നു. ആശ്രമനിവാസികൾ സത്യം, അഹിംസ, ബ്രഹ്‌മചര്യം, ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കൽ, അപരിഗ്രഹം, മോഷ്ടിക്കാതിരിക്കൽ, വിദേശ വസ്ത്രബഹിഷ്‌ക്കരണം, ഭയരാഹിത്യം, ദളിത് വിഭാഗങ്ങളെ സ്വീകരിക്കൽ എന്നിങ്ങനെ ഒമ്പത് പ്രതിജ്ഞകൾ പിന്തുടരണമായിരുന്നു. ഗാന്ധിജി ചമ്പാരൻ സമരത്തിൽ പങ്കെടുക്കുന്ന ഘട്ടത്തിലാണ് കൊച്ച്‌റാബിൽ നിന്ന് 1917 ജൂൺ 17 ന് സബർമതി നദീതീരത്തേക്ക് ആശ്രമം മാറ്റി സ്ഥാപിക്കുന്നത്. ദേശ് സേവാഗ്രം, സേവാമന്ദിർ, സത്യാഗ്രഹാശ്രമം എന്നീ പേരുകളിലെല്ലാം വിളിക്കപ്പെട്ടുവെങ്കിലും സബർമതി എന്ന പേരിലാണ് ആശ്രമം പ്രസിദ്ധമായത്. 1917 മുതൽ 1930 വരെ പതിമൂന്നുവർഷം ഗാന്ധിയുടെ എല്ലാ പ്രവർത്തനങ്ങളു ടേയും കേന്ദ്രബിന്ദു സബർമതിയായിരുന്നു.

കൊച്ച്റാബ് ആശ്രമം / Photo: Gujarat Tourism

മഹൻനിവാസ്, ഉപാസന മന്ദിർ, ഗാന്ധി താമസിച്ചിരുന്ന ഹൃദയ കുഞ്ജ്, വിനോബഭാവെയും മീര ബെന്നു താമസിച്ചിരുന്ന മീരകുടിർ, നന്ദിനി, ഉദ്യോഗ്മന്ദിർ, ഉപാസനമന്ദിർ, ഗാന്ധി സ്മാരക് സംഗ്രഹാലയ എന്നിങ്ങനെ ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധകേന്ദ്രങ്ങൾ ചേർന്നതാണ് ഇപ്പോഴത്തെ സബർമതി. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ വാസ്തുശൈലി രൂപപ്പെടുത്തിയ പ്രശസ്ത വാസ്തുശില്ലി ചാൾസ് കൊറിയയാണ് 1960-ൽ ഗാന്ധിമ്യൂസിയം നിർമിച്ചത്. ആശ്രമത്തിനു കീഴിൽ സ്വതന്ത്ര പ്രവർത്തനങ്ങൾ നടത്തുന്ന അഞ്ചു ട്രസ്റ്റുകളുണ്ട്. ഇതിൽ സബർമതി ആശ്രമം പ്രിസർവേഷൻ മെമ്മോറിയൽ ട്രസ്റ്റാണ് ഗാന്ധിയുടെ താമസസ്ഥലമായിരുന്ന ഹൃദയകുഞ്ജ് സംരക്ഷിക്കുന്നത്. സബർമതി ആശ്രമവുമായി ബന്ധപ്പെട്ട വസ്തുവകകൾ ഏറെയും ഇപ്പോൾ ചില സ്വകാര്യവ്യക്തികളുടേയും എൻ.ജി.ഒ.കളു ടേയും കൈയ്യിലാണ്.

മാനവ്‌സാധനട്രസ്റ്റും സബർമതിയും

ഗുജറാത്ത് മുൻമുഖ്യമന്ത്രി ആനന്ദിബെൻപട്ടേലിന്റെ മകൾ അനാർപട്ടേലും മരുമകൻ ജയേഷ് പട്ടേലും ചേർന്നുനടത്തുന്ന മാനവ്‌സാധനട്രസ്റ്റ് പ്രവർത്തിക്കുന്നത് സബർമതി ആശ്രമത്തിനുള്ളിലാണ്. 1993-ൽ യു.എസിലെ ഇല്ലനോയ്‌സിൽ ബീരേൻ ജോഷി എന്നയാളാണ് ട്രസ്റ്റ് രജിസ്റ്റർ ചെയ്തതെങ്കിലും 1995ലാണ് ജയേഷ് പട്ടേൽ ഗാന്ധി ആശ്രമത്തിൽ മാനവ്‌സാധന ആരംഭിക്കുന്നത്. ഗാന്ധി ആശ്രമത്തിന്റെ അനുമതിയോടെയാണോ ട്രസ്റ്റ് പ്രവർത്തിക്കുന്നതെന്നും, ഗാന്ധി ആശ്രമത്തിന്റെ പേരും അംഗീകാരവും ഉപയോഗിച്ച് വൻ തുക ശേഖരിക്കുന്നതിന് അനുമതിയുണ്ടോയെന്നതും RTI ആക്ടിവിസ്റ്റായ റോഷൻ ഷാ 2014-ൽ ഗുജറാത്ത് ഹൈക്കോടതിയിൽ PIL ഫയൽ ചെയ്‌തെങ്കിലും ഇനിയും മറുപടിയുണ്ടായിട്ടില്ല. സബർമതിയെ ഉപയോഗപ്പെടുത്തി കോടിക്കണക്കിനു രൂപ മാനവ്‌സാധനട്രസ്റ്റ് സ്വരൂപിച്ചുവെന്നാണ് റോഷൻ ഷായും, പൗരാവകാശ പ്രവർത്തകരും പറയുന്നത്.

ആശ്രമവുമായി ഒരു ബന്ധവുമില്ലാത്ത മാനവ് സാധനയ്ക്ക് സബർമതിയ്ക്കുള്ളിൽ കടന്നുകൂടാൻ കഴിഞ്ഞതെങ്ങനെയെന്നതും ആശ്രമത്തിന്റെ പേരുപയോഗിച്ച് വിദേശസഹായം സ്വീകരിക്കാൻ കഴിഞ്ഞ തെങ്ങനെയെന്നും ചോദ്യങ്ങളുയരുന്നുണ്ട്. സംഘപരിവാർ താത്പര്യങ്ങളും അജണ്ടകളും കടത്തിവിടുന്നതിനുള്ള ഉപകരണമായി പ്രവർത്തിക്കുന്നത് മാനവ് സാധന എന്ന സംഘടനയാണ്.

ഹൃദയ കുഞ്ജിലെ സന്ദർശകമുറി. സാബർമതിക്കുള്ളിൽ ഗാന്ധി താമസിച്ചത് ഹൃദയ് കുഞ്ജ് എന്ന വീട്ടിലാണ്. / Photo: Wikimedia Commons

ഗാന്ധിയൻ കാലഘട്ടത്തിനുശേഷം സബർമതിയ്ക്കുണ്ടായ മാറ്റങ്ങളെ സൂക്ഷ്മമായി വിലയിരുത്തി സാമൂഹ്യചിന്തകനായ അസ്ഗർ അലി എഞ്ചിനീയർ നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്. ഗുജറാത്ത് കത്തിയെരിയുമ്പോൾ പോലും സബർമതിയിലെ ഗാന്ധിയൻമാർ അഹിംസാത്മക പ്രവർത്തനങ്ങൾക്കോ, ഗാന്ധിയൻ സമരമാർഗ്ഗമായ നിരാഹാരമനുഷ്ഠിക്കുന്നതിനോ തയാറായില്ലെന്നും ഇത് സബർമതിയിലേയ്ക്കരിച്ചുകയറിയ സംഘപരിവാർസ്വാധീനത്തിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കലാപ സമയത്ത് വംശഹത്യഭയന്ന് ആശ്രമകവാടത്തിലെത്തിയവർക്കും, മേധാപട്ക്കറുടെ നേതൃത്വത്തിലെത്തിയ സാമൂഹ്യപ്രവർത്തകർക്കും അനുമതി നിഷേധിച്ച കറുത്തചരിത്രം കൂടി ഇന്നത്തെ സബർമതി യ്ക്കുണ്ട്.

ഗാന്ധിയുടെ സബർമതി ബദൽജീവിതരീതികളുടെയും നിർമ്മാണാത്മകപദ്ധതികളുടേയും നിരന്തരമായ അന്വേഷണങ്ങളുടെയും പ്രതീകമായിരുന്നു. ഒപ്പം ഘടനാപരമായ ഹിംസയുടെ വിഭിന്നരൂപങ്ങളേയും, ചൂഷണത്തെയും ആസക്തിയേയും നിരാകരിക്കുകയും സ്വരാജിനേയും സ്വാശ്രയത്വത്തേയും വൈവിധ്യങ്ങളുടെ ഉൾക്കൊള്ളലിനേയും ആഘോഷിക്കുന്ന സമഗ്രസാധ്യതയുമായിരുന്നു. ആ കൗശല ക്കാരനായ ബനിയയിൽനിന്ന് (അമിത് ഷായുടെ പ്രയോഗം) സബർമതിയെ മോചിപ്പിക്കണം. അതിന് ഗാന്ധി, എഴുത്തുകളിലൂടെയും, വാക്കുകളിലൂടെയും, പ്രവൃത്തികളിലൂടെയും നിരസിക്കാൻ ശ്രമിച്ച വൻ പദ്ധതികളും ടൂറിസ്റ്റ് കോംപ്ലക്‌സുകളും, മക്‌ഡൊണാൾഡിന്റെ പിസ ഹട്ടുകളും, ഷോപ്പിംഗ് മാളുകളും തന്നെ വേണം. ഒരാശയത്തെത്തകർക്കാനുള്ള എളുപ്പവഴി അതിനെ നേർവിപരീതദിശയിൽ പ്രതിഷ്ഠിക്കു കയെന്നതു തന്നെയാണ്.

Comments