ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യക്കുവേണ്ടി രണ്ടു വർഷം മുമ്പേ 'മിഷൻ സൗത്ത്' എന്നൊരു പ്ലാനുണ്ടാക്കി പ്രവർത്തനവും തുടങ്ങിവച്ച പാർട്ടിയാണ് ബി.ജെ.പി.
'മിഷൻ സൗത്തി'ന് ഒരു കാരണമുണ്ടായിരുന്നു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക, കേരള, തെലങ്കാന സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലുമായി 129 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 2019-ൽ ഇതിൽ 29 ഇടത്തുമാത്രമായിരുന്നു ബി.ജെ.പിക്ക് ജയിക്കാനായത്. ഇതിൽ 25-ഉം കർണാടയിലും നാലെണ്ണം തെലങ്കാനയിലുമാണ്. തമിഴ്‌നാട്ടിലും കേരളത്തിലും ആന്ധ്രപ്രദേശിലും ബി.ജെ.പി വട്ടപ്പൂജ്യവും. ദക്ഷിണേന്ത്യയിൽ പ്രതിപക്ഷം 100 സീറ്റാണ് നേടിയത്.
ഇത്തവണ ബി.ജെ.പിക്ക് 370, എൻ.ഡി.എക്ക് 400+ എന്ന സ്വപ്‌നവുമായി മുന്നോട്ടുപോകുമ്പോൾ ദക്ഷിണേന്ത്യയെ പാർട്ടിക്ക് അങ്ങനെയങ്ങ് ഉപേക്ഷിക്കാനാകില്ല. ദക്ഷിണേന്ത്യയിൽനിന്ന് 40- 50 സീറ്റുകളാണ് ‘മിഷൻ സൗത്തി’ന്റെ ടാർഗറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇതിന് നേതൃത്വം നൽകുന്നത്. തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കുന്നതിനുമുമ്പേ മോദി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പര്യടനം തുടങ്ങിയിരുന്നു. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനുമുമ്പ് കേരളത്തിലും തമിഴ്‌നാട്ടിലും ക്ഷേത്രദർശനമൊക്കെയായി, അതിനെ കണക്റ്റുചെയ്യാൻ ശ്രമം നടത്തി. അടിക്കടി സന്ദർശനം നടത്തി പാർട്ടിയെ സജീവമാക്കാൻ ശ്രമം നടത്തി. കഴിഞ്ഞ രണ്ടര മാസത്തിനിടെ, 23 ദിവസവും മോദി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പര്യടനത്തിലായിരുന്നു. നിരവധി വികസനപദ്ധതികൾ പ്രഖ്യാപിച്ചു, അണികളെ ഉണർത്താൻ പൊതുസമ്മേളനങ്ങളും റോഡ് ഷോകളും നടത്തി. തമിഴ്‌നാട്ടിൽ മാത്രം പുതിയ വിമാനത്താവളം അടക്കം 20,000 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. മോദിയുടെ അശ്രാന്ത പരിശ്രമങ്ങൾക്ക് ഒരുതരം അനുകൂല സാഹചര്യവും സൃഷ്ടിക്കാനാകുന്നില്ലെന്ന തിരിച്ചറിവ് ബി.ജെ.പിക്കുണ്ടായിട്ടുണ്ട്.
കർണാടകത്തിൽ പാർട്ടിയിൽ ചേരിപ്പോര് രൂക്ഷമാണ്. ആന്ധ്രയിൽ ടി.ഡി.പി, ജനസേന പാർട്ടി എന്നിവയുമായുണ്ടാക്കിയ സഖ്യത്തിന് മേൽക്കൈ നേടാനായിട്ടില്ല. കർണാടകയിലും തെലങ്കാനയിലും ഇത്തവണ 2019-ലെ അവസ്ഥയല്ല. രണ്ടിടത്തും കോൺഗ്രസ് സർക്കാറുകളാണ് ഭരിക്കുന്നത്, കോൺഗ്രസ് വിജയപ്രതീക്ഷ പുലർത്തുകയും ചെയ്യുന്നു.
തമിഴ്‌നാട്ടിൽ ഡി.എം.കെ കഴിഞ്ഞതവണ 38-ൽ 37 സീറ്റും നേടിയിരുന്നു. എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിൽ അഞ്ചിടത്ത് മത്സരിച്ച ബി.ജെ.പിക്ക് ഒരിടത്തുപോലും ജയിക്കാനായില്ല. 2014-ൽ വിജയിച്ച കന്യാകുമാരിയാകട്ടെ, കൈവിടുകയും ചെയ്തു.
കേരളത്തിലെ ചില മണ്ഡലങ്ങൾ ബി.ജെ.പി ലക്ഷ്യമിടുന്നുണ്ടെങ്കിലും വിജയസാധ്യതയുള്ള ഒരു സീറ്റുപോലും നിലവിലെ സാഹചര്യത്തിലില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളും രണ്ടു സംസ്ഥാനങ്ങളിൽ ഭരണമുള്ള കോൺഗ്രസും കേരളത്തിലെ രണ്ടു മുന്നണികളും ബി.ജെ.പിക്കെതിരെ ശക്തമായി നിലനിൽക്കുന്ന രാഷ്ട്രീയാവസ്ഥയിൽ, ഇത്തവണയും ദക്ഷിണേന്ത്യ പൂർണമായും കൈവിടുമെന്ന പരിഭ്രാന്തിയിലാണ്, അറ്റകൈ എന്ന നിലയ്ക്ക് ബി.ജെ.പി കച്ചത്തീവ് എന്ന അതിവൈകാരികമായ വിഷയം എടുത്തിടുന്നത്.
കച്ചത്തീവ് എന്നത് തമിഴ്നാട്ടിലെ രാമേശ്വരം, നാഗപട്ടണം, കടലൂർ, കാരക്കൽ എന്നിവിടങ്ങളിലുള്ള മൽസ്യതൊഴിലാളികളുടെ ഉപജീവനവും വിശ്വാസവുമായും ബന്ധപ്പെട്ട വിഷയമാണ്. എന്നാൽ, ഈ പ്രശ്നം ശ്രീലങ്കയുമായുള്ള നയതന്ത്രചർച്ചകളിലൂടെ പരിഹരിക്കാൻ ഒരു ശ്രമവും നടത്താത്ത കേന്ദ്ര സർക്കാർ, തെരഞ്ഞെടുപ്പിന്റെ സമയത്ത്, ദ്വീപുമായി ബന്ധപ്പെട്ട് അവകാശത്തർക്കമുന്നയിക്കുന്നതാണ് സംശയകരം.
എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും മാറിമാറി ഭരിച്ച കാലത്തെല്ലാം കച്ചത്തീവ് വിഷയം രാഷ്ട്രീയപ്രശ്നം കൂടിയായി മാറിയിട്ടുണ്ടെന്നുമാത്രമല്ല, സുപ്രീംകോടതിയിലടക്കം നിയമനടപടിയും നേരിടുകയാണ്. രണ്ട് രാജ്യങ്ങൾക്കിടയിലെ നയതന്ത്രപ്രധാനമായ വിഷയമെന്ന നിലയ്ക്കുമാത്രം പരിശോധിക്കപ്പെടേണ്ട ഒന്നാണ്. അത് ചെയ്യേണ്ടത് കേന്ദ്ര സർക്കാർ തലത്തിലുമാണ്. ഇപ്പോൾ, ഒരു സംസ്ഥാനത്തെ വോട്ടുമാത്രം മുന്നിൽ കണ്ട്, തെരഞ്ഞെടുപ്പിലെ എതിരാളികളെ പ്രതിക്കൂട്ടിലാക്കാനാണ് ബി.ജെ.പി ഈ വിഷയം ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് എന്ന് വ്യക്തം.
കച്ചത്തീവ് എന്ന തർക്ക വിഷയം
ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിൽ പാക് കടലിടുക്കിലെ ചെറിയ ദ്വീപാണ്, 285 ഏക്കറിലുള്ള കച്ചത്തീവ്. തരിശുദ്വീപ് എന്നാണർഥം. രാമേശ്വരത്തിന്റെ വടക്കുകിഴക്കായി ഇന്ത്യൻ തീരത്തുനിന്ന് 33 അകലെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലേക്ക് ശ്രീലങ്കയിലെ ജാഫ്‌നയിൽനിന്നുള്ള ദൂരം 62 കിലോമീറ്ററാണ്. ദ്വീപിൽ ജനവാസമില്ല. ശ്രീലങ്കയിലെ ജാഫ്‌ന സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന ഈ ദ്വീപ് 17ാം നൂറ്റാണ്ടിൽ രാമനാഥപുരം ആസ്ഥാനമായ രാമനാട് രാജ്യത്തിന്റെ അധീനതയിലായി. ബ്രിട്ടീഷ് അധിനിവേശക്കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ കീഴിലും. അന്നത്തെ സിലോണും ബ്രിട്ടീഷ് അധീനതയിലായതോടെ, കച്ചത്തീവ് ബ്രിട്ടീഷ് സിലോണിന്റേതാണെന്ന് 1921-ൽ തീരുമാനമായി. എന്നാൽ, അതിനുശേഷവും, ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടശേഷവും ഇരു രാജ്യങ്ങളും തമ്മിൽ കച്ചത്തീവിനെച്ചൊല്ലി തർക്കം തുടർന്നു.
1972-ൽ സിലോൺ സ്വാത്രന്ത്യം നേടി ശ്രീലങ്കയായശേഷം 1974-ൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ സമുദ്രാതിർത്തിയുമായി ബന്ധപ്പെട്ട കരാർ നിലവിൽ നിന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കേയാണ് ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിലുള്ള സമുദ്രാതിർത്തിപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി കച്ചത്തീവ് വിഷയത്തിന് സമവായമുണ്ടായത്. ഇന്ദിരാഗാന്ധിയും ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബണ്ടാരനായകെയും ഒപ്പിട്ട ഇന്ത്യ- ശ്രീലങ്ക മാരിടൈം കരാർ അനുസരിച്ച് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനുള്ള അവകാശം ഉറപ്പുവരുത്തി, ഇന്ത്യ ദ്വീപിനുമേലുള്ള അവകാശവാദം ഉപേക്ഷിച്ചു. ഇന്ത്യൻ, ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾക്കും തീർഥാടകർക്കും പാസ്‌പോർട്ടോ മറ്റു രേഖകളോ ഇല്ലാതെ ദ്വീപിൽ പോകാം. പരമ്പരാഗതമായി മത്സ്യബന്ധം നടത്തിയിരുന്ന ഇടങ്ങളിൽനിന്ന് മീൻപിടിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു.
1974-ൽ പാർലമെന്റിൽ ഈ കരാർ ചർച്ചക്കുവന്നപ്പോൾ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും അടക്കമുള്ള പ്രതിപക്ഷം എതിർത്തിരുന്നു.
എന്നാൽ, 1976-ൽ അന്തിമ കരാർ തയാറാക്കിയപ്പോൾ, നേരത്തെ ഒപ്പിട്ട കരാറിലെ പല വ്യവസ്ഥകളും ഇല്ലാതായി. പരമ്പരാഗത മത്സ്യബന്ധനത്തെക്കുറിച്ച് അന്തിമ കരാറിലുണ്ടായിരുന്നില്ല. ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരത്തുനിന്ന് നിശ്ചിത ദൂരം വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇതേതുടർന്ന് കച്ചത്തീവിലേക്ക് പ്രവേശിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം പരിമിതപ്പെട്ടു. അവർക്ക് വല ഉണക്കാനും ദേവാലയം സന്ദർശിക്കാനും മാത്രമായി അത് ഒതുങ്ങി. ഇ അതോടെ, വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം പ്രതിസന്ധിയിലായി. ഇതേതുടർന്ന് ഈ വിഷയം തമിഴ്നാട്ടിൽ തർക്കവിഷയമായി തുടർന്നു. 1976-ലെ അന്തിമ കരാർ ചൂണ്ടിക്കാട്ടി, കച്ചത്തീവിലേക്ക് പോകുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടികൂടാൻ തുടങ്ങി.
2008-ൽ എ.ഐ.എ.ഡി.എം.കെ അധ്യക്ഷയായിരുന്ന ജലളിത, കച്ചത്തീവ് വിട്ടുകൊടുത്തതിനെതിരെ സുപ്രീംകോടതിയിൽ കേസ് കൊടുത്തു. ഭരണഘടനാഭേദഗതിയില്ലാതെ കച്ചത്തീവ് ശ്രീലങ്കക്ക് വിട്ടുകൊടുക്കാനാകില്ലെന്നായിരുന്നു ഹർജിയിലെ വാദം. എം. കരുണാധിനിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതിയിലെ നിയമനടപടി നീണ്ടുപോയി.
1974-ലെ കരാറിലൂടെ ശ്രീലങ്കയുടേതായിത്തീർന്ന പ്രദേശം എങ്ങനെ തിരിച്ചെടുക്കാൻ കഴിയും എന്നാണ് കേന്ദ്രം ചോദിച്ചത്. കച്ചത്തീവ് തിരിച്ചുപിടിക്കാൻ യുദ്ധം ചെയ്യേണ്ടിവരും എന്നാണ് 2014-ൽ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി സുപ്രീംകോടതിയിൽ പറഞ്ഞത്.
ദ്വീപിൽ ബ്രിട്ടീഷുകാർ പണിത സെന്റ് ആന്റണീസ് ചർച്ച് ഇപ്പോൾ ജാഫ്‌ന രൂപതയുടെ കീഴിലാണ്. തമിഴ് ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാമൂർത്തിയായ അന്തോണീസ് പുണ്യാളന്റെ പെരുന്നാളിൽ സംബന്ധിക്കാൻ വിസയോ പാസ്‌പോർട്ടോ ഇല്ലാതെ 3000-ഓളം പേരെ ഓരോ വർഷവും ശ്രീലങ്കൻ സർക്കാർ അനുവദിക്കാറുണ്ട്. ചർച്ചിലെ പെരുന്നാളിന് ഇരു രാജ്യങ്ങളിൽനിന്നും പുരോഹിതന്മാരും വിശ്വാസികളും കച്ചത്തീവിൽ എത്താറുണ്ട്. കഴിഞ്ഞ വർഷം 2500 ഇന്ത്യക്കാരാണ് രാമേശ്വരത്തുനിന്ന് പോയത്. ഇത്തവണ പെരുന്നാളിന് ഇന്ത്യയിൽനിന്ന് തീർഥാടകർ എത്തിയില്ല. ശ്രീലങ്കയുടെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് രാമനാഥപുരത്തെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സമരം നടത്തിയതിനെതുടർന്നാണ് തീർഥാടനം മുടങ്ങിയത്.
ചില യാഥാർഥ്യങ്ങൾ
അധികാരത്തിലിരുന്ന പത്തുവർഷവും കച്ചത്തീവ് എന്ന് ശബ്ദിക്കാതിരുന്ന ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദമോദിയും എന്തുകൊണ്ടാണ് ഇലക്ഷൻ കാലത്ത് ഈ വിഷയം വിവാദമാക്കുന്നത്? യഥാർഥത്തിൽ ബി.ജെ.പിയെ തന്നെ തിരിഞ്ഞുകൊത്തുന്നതാണ്, കച്ചത്തീവിനുപുറകിലെ യാഥാർഥ്യങ്ങൾ.
തന്ത്രപ്രധാനമായ കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറിയ കോൺഗ്രസ് നിലപാടിനെ രൂക്ഷമായി വിമർശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നത്. തമിഴ്‌നാട് ബി ജെ പി അധ്യക്ഷൻ കെ. അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിലായിരുന്നു മോദിയുടെ പരാമർശം. 1961-ൽ, കച്ചത്തീവ് ശ്രീലങ്കക്ക് വിട്ടുകൊടുക്കുന്നതിൽ പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പറഞ്ഞതായുള്ള മിനിറ്റ്‌സ് കിട്ടിയെന്നാണ്, അണ്ണാമലൈയെ ഉദ്ധരിച്ച് വന്ന ഒരു പത്രവാർത്ത. ദ്വീപ് 1974-ൽ ഇന്ദിരാഗാന്ധി രാജ്യതാൽപര്യം നോക്കാതെ ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നെന്നും ബി.ജെ.പി വിമർശിക്കുന്നു.
1974-ൽ കച്ചത്തീവ് ശ്രീലങ്കക്ക് വിട്ടുകൊടുക്കാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തീരുമാനിച്ചതിനെ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി പിന്തുണച്ചിരുന്നു എന്നാണ് മോദി പറഞ്ഞത്. ജയലളിത ഇതിനെതിരെ സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നുവെന്നും ഡി.എം.കെ തുടർനടപടി സ്വീകരിച്ചില്ല എന്നും ബി.ജെ.പി പറയുന്നു.
കോൺഗ്രസ് നേതൃത്വം കച്ചത്തീവിന്റെ പ്രാധാന്യം മനസ്സിലാക്കിയില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പറഞ്ഞു. കച്ചത്തീവ് ശ്രീലങ്കക്ക് വിട്ടുനൽകിയതിനെതുടർന്ന് അവിടേക്ക് മത്സ്യബന്ധനത്തിനുപോയ ആറായിരത്തിലേറെ ഇന്ത്യക്കാരെ ശ്രീലങ്ക പിടികൂടിയിരുന്നുവെന്നും ഇവരെ മോദി സർക്കാറാണ് തിരിച്ചെത്തിച്ചതെന്നും ജയശങ്കർ പറയുന്നു.
എന്നാൽ, 1921-ൽ തന്നെ ഏറക്കുറെ ധാരണയിലെത്തിയിരുന്ന സമുദ്രാതിർത്തി 1974- ൽ ഔദ്യോഗികമായി അംഗീകരിക്കുക മാത്രമാണുണ്ടായത് എന്നതാണ് വസ്തുത. കച്ചത്തീവ് തർക്കപ്രദേശമായിരുന്നുവെന്നും ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ദ്വീപ് ശ്രീലങ്കയുടേതാണ് എന്നുമുള്ള വാദം ഇന്ത്യ അംഗീകരിക്കുകയുമായിരുന്നുവെന്നാണ്, ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു കേസിൽ 2013-ൽ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്. ഇന്ത്യയുടെ ഒരു പ്രദേശവും ശ്രീലങ്കക്ക് വിട്ടുകൊടുത്തിട്ടില്ലെന്നും കേന്ദ്രം അന്ന് വ്യക്തമാക്കിയിരുന്നു.
എസ്. ജയശങ്കർ വിദേശകാര്യ സെക്രട്ടറിയായിരുന്ന 2015-ലെ ഒരു വിവരാവകാശരേഖയും പുറത്തുവന്നിട്ടുണ്ട്.
സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രിയായിരുന്നപ്പോൾവിദേശകാര്യ മന്ത്രാലയം 2015 ജനുവരി 27ന് കച്ചത്തീവ് സംബന്ധിച്ച വിവരാവാശ ചോദ്യത്തിന് നൽകിയ മറുപടി ഇപ്രകാരമായിരുന്നു: ‘ഇന്ത്യയുടെ ഭൂപ്രദേശം ഏറ്റെടുക്കുന്നതോ വിട്ടുകൊടുക്കുന്നതോ ആയ ഒന്നും ഈ കരാറിൽ ഉൾപ്പെട്ടിട്ടില്ല. കാരണം പ്രസ്തുത പ്രദേശത്തിന്റെ അതിർത്തി ഒരിക്കലും നിർണ്ണയിക്കപ്പെട്ടിരുന്നില്ല. ഉടമ്പടി പ്രകാരം കച്ചത്തീവ് സ്ഥിതി ചെയ്യുന്നത് ഇന്ത്യ- ശ്രീലങ്ക അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖയുടെ ശ്രീലങ്കൻ ഭാഗത്താണ്'.
2014- 2022 കാലത്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം നൽകിയ വിശദീകരണങ്ങളിലെല്ലാം കച്ചത്തീവ് ഇന്ത്യ- ശ്രീലങ്ക സമുദ്രാതിർത്തിയിലെ ശ്രീലങ്കൻ ഭാഗത്താണ് സ്ഥിതിചെയ്യുന്നത് എന്ന് വ്യക്തമായി പറയുന്നുണ്ട്.
2017 മാർച്ച് 15ന് പാർലമെന്റിൽ നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞത്, ശ്രീലങ്കൻ സർക്കാർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്യുന്ന പ്രശ്നം കച്ചത്തീവുമായി ബന്ധപ്പെട്ടതല്ല എന്നാണ്.
കച്ചത്തീവ് വിട്ടുകൊടുത്തതിനെതിരെ ഡി.എം.കെ പ്രതിഷേധിച്ചിരുന്നുവെന്നാണ് ഡി.എം.കെയുടെ മറുപടി. മത്സ്യത്തൊഴിലാളികൾക്കെതിരായ ശ്രീലങ്കൻ സേനയുടെ നടപടികളുടെ പാശ്ചാത്തലത്തിൽ ദ്വീപ് വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ കഴിഞ്ഞവർഷം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
ഇന്ത്യയും ബംഗ്ലാദേശും ഒപ്പിട്ട അതിർത്തി നിർണയ കരാറിന്റെ മാതൃകയിലാണ് ഇന്ത്യ ശ്രീലങ്കയുമായി ഉടമ്പടിയിൽ ഒപ്പിട്ടതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ പറയുന്നു.
മോദി കൊളുത്തിയ
വിവാദത്തിനുപുറകിൽ
കച്ചിത്തീവ് എന്ന കത്തിനിൽക്കുന്ന പ്രശ്നം, കാമ്പയിൻ വിഷയമാക്കുന്നതിലൂടെ കോൺഗ്രസിനേക്കാൾ, ഡി.എം.കെയെയാണ് ബി.ജെ.പി ഉന്നമിടുന്നത്.
തമിഴ്‌നാട്ടിൽ നിന്ന് മത്സ്യത്തൊഴിലാളികൾ പതിവായി മീൻ പിടിക്കാൻ പോകുന്ന സ്ഥലമാണ് കച്ചത്തീവ്. അന്താരാഷ്ട്ര രേഖ മറികടന്ന് മത്സ്യബന്ധനത്തിന് വരുന്നുവെന്നാരോപിച്ച് തൊഴിലാളികളെ ശ്രീലങ്ക തടഞ്ഞുവയ്ക്കുന്നത് പതിവാണ്. നൂറു കണക്കിന് ഇന്ത്യൻ മൽസ്യത്തൊഴിലാളികൾ സമുദ്രാതിർത്തി ലംഘിച്ചു എന്ന കാരണത്താൽ ശ്രീലങ്കൻ ജയിലുകളിൽ കഴിയുന്നുണ്ട്. 20 വർഷത്തിനിടയിൽ ആറായിരത്തിലേറെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടികൂടിയിട്ടുണ്ട്. ആയിരത്തിലേറെ ബോട്ടുകളും പിടിച്ചെടുത്തു. ഈ വിഷയം വൈകാരികമായി ആളിക്കത്തിക്കുകയാണ് ബി.ജെ.പിയുടെ തന്ത്രം. തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടികൂടുന്നതിനെതിരെ നയതന്ത്രതലത്തിൽ കേന്ദ്ര സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ല എന്ന ആരോപണം തമിഴ്നാട്ടിൽ ശക്തമാണ്. ഇതിനെ പ്രതിരോധിക്കുക കൂടിയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രധാന കാമ്പയിൻ വിഷയമാക്കിയ പുൽവാമ ഭീകരാക്രമണത്തെപ്പോലെ, ഇത്തവണ കച്ചത്തീവിനെയും കൊണ്ടുവരികയാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.
2019 ഫെബ്രുവരി 14നാണ് ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ സി.ആർ. പി.എഫ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 49 സൈനികർ കൊല്ലപ്പെട്ടത്. ഈ വിഷയം ആ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രധാന കാമ്പയിൻ വിഷയമാക്കുകയും ചെയ്തു. എന്നാൽ, നാലുവർഷത്തിനുശേഷം, അന്നത്തെ ജമ്മു കാശ്മീർ ഗവർണർ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കുന്ന ഒരു പ്രസ്താവന നടത്തി; കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് പുൽവാമ ആക്രമണത്തിനുകാരണമെന്നും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്ന തരത്തിൽ ഇതിനെ ബി.ജെ.പി ഉപയോഗിച്ചുവെന്നുമാണ് ബി.ജെ.പിക്കാരൻ കൂടിയായ മാലിക് പറഞ്ഞത്. പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ സി.ആർ.പി.എഫ് എയർ ക്രാഫ്റ്റ് ആവശ്യപ്പെട്ടുവെങ്കിലും അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയില്ലെന്ന ഗുരുതര ആരോപണം കൂടി സത്യപാൽ മാലിക് ഉന്നയിച്ചു. മാത്രമല്ല, ഭീകരാക്രമണശേഷം സംഭവത്തിലെ വീഴ്ചകൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചപ്പോൾ, ആരോടും പറയരുത് എന്ന് മോദി പറഞ്ഞതായും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിലുണ്ടായിരുന്നു. കാമ്പയിനാക്കിയെങ്കിലും ഈ വിഷയം ബി.ജെ.പിക്ക് പിന്നീട് വൻ തിരിച്ചടിയായി. സമാന തിരിച്ചടിയാണ്, കച്ചത്തീവ് വിഷയത്തിലും ബി.ജെ.പിയെ കാത്തിരിക്കുന്നതെന്നാണ് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
1974-ലെ ഇന്ത്യ- ശ്രീലങ്ക കരാർ പുനഃപരിശോധിക്കുന്നത് മേഖലയിലെ നയതന്ത്രബന്ധങ്ങളിൽ വൻ ആഘാതമുണ്ടാക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷങ്ങളിൽ പാർലമെൻറിൽ നൽകിയ മറുപടികളിൽനിന്നും സുപ്രീംകോടതിയിൽ നൽകിയ വിശദീകരണങ്ങളിൽനിന്നുമെല്ലാം വ്യതിചലിക്കുന്ന നിലപാടാണ് ഇപ്പോൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് എന്നാണ് ഇവരുടെ വിമർശനം.
ഈ വിഷയം ഇത്തരത്തിൽ വിവാദമാക്കുന്നത് ‘സെൽഫ് ഗോളായി’ത്തീരാൻ സാധ്യതയുണ്ട് എന്ന മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ് ശങ്കർ പറഞ്ഞു. കേന്ദ്രത്തിൽ സർക്കാറുകൾ മാറിവരുമ്പോൾ മാറ്റാവുന്നതല്ല രാജ്യങ്ങളുടെ പരമാധികാരവും അതിർത്തിയുമായും ബന്ധപ്പെട്ട വിഷയങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
കച്ചത്തീവ് വീണ്ടെടുക്കൽ അസാധ്യമാണെന്ന മുൻ സർക്കാറുകളുടെ നിലപാട് സുപ്രീംകോടതിയിൽ ഇപ്പോഴത്തെ കേന്ദ്ര സർക്കാർ 2022-ലും ആവർത്തിച്ചിരുന്ന കാര്യം മുൻ വിദേശകാര്യസെക്രട്ടറിയും ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമീഷണറുമായിരുന്ന നിരുപമ റാവു ഓർമിപ്പിക്കുന്നു.