ഇന്ത്യൻ പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള തൻെറ ആദ്യ അമേരിക്കൻ പര്യടനത്തിൽ ബിജെപിക്കും (BJP) ആർഎസ്എസിനുമെതിരെ (RSS) രൂക്ഷവിമർശനം നടത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി (Rahul Gandhi). ഏകത്വത്തിലാണ് ഇന്ത്യ നിലനിൽക്കുന്നതെന്ന് വിശ്വസിക്കുന്ന ആർഎസ്എസ് സംവരണത്തിന് (Reservation) എതിരാണെന്നും സമത്വത്തിൽ വിശ്വസിക്കുന്നില്ലെന്നും രാഹുൽ യുഎസിൽ പറഞ്ഞു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ ബിജെപിയോടും നരേന്ദ്ര മോദിയോടുമുള്ള ഭയം മാറിയിരിക്കുന്നു. ചില മതവിഭാഗങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും ഭാഷയെയും അപകർഷതയുള്ളതാക്കി മാറ്റി തീർക്കുകയാണ് ആർഎസ്എസ് ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു. ഡാലസിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലായിരുന്നു രാഹുലിൻെറ ആദ്യ സന്ദർശനം. പിന്നീട് വാഷിങ്ടൺ ഡിസിയിലെ ഹേൻറണിൽ നടന്ന ചടങ്ങിലും രാഹുൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട് സംവദിച്ചു. അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടിയാണ് രാഹുലിൻെറ സന്ദർശനം നടന്നത്.
ആർഎസ്എസ്സിന് എതിരായ രാഹുലിൻെറ പ്രസ്താവന ബിജെപിയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. “ആളുകളെ പ്രകോപിപ്പിക്കുന്ന വിഷയങ്ങൾ വിദേശത്ത് സംസാരിക്കുന്ന രാഹുൽ അപകടരമായാണ് രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത്” - എന്നാണ് ബിജെപിയുടെ മറുപടി. “എന്താണ് പോരാട്ടമെന്നത് നിങ്ങൾ മനസ്സിലാക്കണം. ഇന്ത്യയിൽ ഒരു സിഖ് മതവിശ്വാസിക്ക് ടർബൻ ധരിച്ച് നടക്കാനാവുമോയെന്നതാണ് ചോദ്യം. സിഖുകാരന് ഗുരുദ്വാരയിൽ പോവാൻ സാധിക്കുമോയെന്നതാണ് ചോദ്യം. ഇത് സിഖുകാർ മാത്രം നേരിടുന്ന പ്രശ്നമല്ല. എല്ലാ മതവിഭാഗത്തിലും പെട്ടവർ നേരിടുന്ന വിഷയമാണ്” - യുഎസിൽ സംസാരിക്കവേ ഒരു സിഖുകാരൻെറ പേരെടുത്ത് ചോദിച്ചതിന് ശേഷം രാഹുൽ പറഞ്ഞു.
“ചില സംസ്ഥാനങ്ങളെ മറ്റുള്ളവയിൽ നിന്ന് അപകർഷതാ ബോധമുള്ള സംസ്ഥാനങ്ങളാക്കി മാറ്റുകയാണ് ആർഎസ്എസ് ചെയ്യുന്നത്. ചില ഭാഷകളെ മറ്റ് ഭാഷകളിൽ നിന്ന് വ്യത്യസ്തമാക്കി പരിഗണിക്കുന്നു. ചില മതങ്ങളെ അന്യവൽക്കരിക്കുന്നു. ചില സമൂഹവിഭാഗങ്ങളെ മറ്റ് വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തരാക്കി പരിഗണിക്കുന്നു. ഇതിനെതിരെയാണ് ഇന്ത്യയിൽ പോരാട്ടം നടക്കുന്നത്,” ആർഎസ്എസിനെ വിമർശിച്ച് കൊണ്ടുള്ള രാഹുലിൻെറ ഒരു പരാമർശം ഇങ്ങനെയാണ്.
ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രത്യേക വാർത്താസമ്മേളനം തന്നെ വിളിച്ച് കൂട്ടിയാണ് ബിജെപി രാഹുലിൻെറ, അമേരിക്കയിലെ പ്രസംഗത്തിന് മറുപടി പറഞ്ഞത്. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയാണ് വാർത്താസമ്മേളനം വിളിച്ചത്. സിഖ് വിരുദ്ധ കലാപത്തെ ഓർമിപ്പിച്ച് കൊണ്ടാണ് പുരി രാഹുലിൻെറ പ്രസംഗത്തെ പ്രതിരോധിച്ചത്. "ഒരു സമൂഹമെന്ന നിലയിൽ ഞങ്ങൾക്ക് (സിഖുകാരനാണ് പുരി) ചരിത്രത്തിൽ എപ്പോഴെങ്കിലും ഉത്കണ്ഠയും അരക്ഷിതാവസ്ഥയും അസ്തിത്വ ഭീഷണിയും ഉണ്ടായിരുന്നുവെങ്കിൽ അത് രാഹുൽ ഗാന്ധിയുടെ കുടുംബം അധികാരക്കസേരയിൽ ഇരുന്ന സമയത്താണ്," അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരണത്തിന് ശേഷം നടന്ന സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ച് കൊണ്ടാണ് പുരി സംസാരിച്ചത്. “1984-ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സിഖ് കൂട്ടക്കൊല നടന്നത്. ഏകദേശം 3000-ത്തോളം നിരപാധികളായ മനുഷ്യരാണ് അക്കാലത്ത് കൊല്ലപ്പെട്ടത്. ആളുകളെ വീടുകളിൽ നിന്ന് വലിച്ചിഴച്ച് കൊലപ്പെടുത്തുകയായിരുന്നു” - പുരി പറഞ്ഞു.
സംവരണ വിഷയത്തിലും രാഹുലിൻെറ വിമർശനങ്ങൾ ബിജെപിയെ വിറളി പിടിപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി സംവരണ വിരുദ്ധ മാനസികാവസ്ഥയുള്ള വ്യക്തിയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്ത്യയിൽ അസമത്വം അവസാനിക്കുകയും എല്ലാവർക്കും തുല്യനീതി ഉറപ്പാവുകയും ചെയ്യുന്ന ഘട്ടത്തിൽ സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നാണ് രാഹുൽ അമേരിക്കയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. രാജ്യത്തെ ഓരോ വിഭാഗക്കാർക്കും ലഭിക്കുന്ന പരിഗണന എന്താണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. "നിലവിലെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോൾ ആദിവാസി വിഭാഗത്തിന് 100 രൂപയിൽ വെറും പത്ത് പൈസ മാത്രമാണ് ലഭിക്കുന്നത്. ദലിത് വിഭാഗത്തിന് 5 രൂപ മാത്രമാണ്. ഒ.ബി.സി വിഭാഗത്തിനും ചെറിയൊരു പങ്ക് മാത്രമാണ് ലഭിക്കുന്നത്. ഇവർക്കൊന്നും അർഹമായ പങ്കാളിത്തം ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യയിലെ 90 ശതമാനത്തോളം വരുന്ന ജനങ്ങൾക്ക് ഇതിന്റെ ഭാഗമാകാൻ കഴിയുന്നില്ല. ഇന്ത്യ അനീതിയില്ലാത്ത ഒരു സ്ഥലമായി മാറുമ്പോൾ സംവരണം ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. എന്നാൽ നിലവിലെ സാഹചര്യം അങ്ങനെയല്ല," രാഹുൽ കൂട്ടിച്ചേർത്തു.
"സംവരണ വിഷയത്തിൽ രാഹുൽ ഗാന്ധിക്കുള്ള മുൻവിധിയാണ് അമേരിക്കയിൽ നടത്തിയ പ്രസംഗത്തിൽ തെളിഞ്ഞ് നിൽക്കുന്നത്. രാഹുലിൻെറ പാരമ്പര്യത്തിൽ തന്നെ സംവരണ വിരുദ്ധതയുണ്ട്. സംവരണം മെറിറ്റിനെ മറികടന്നാവരുതെന്ന് സംസ്ഥാന മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകുന്ന മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിൻെറ കത്ത് ഞങ്ങൾ നേരത്തെ പുറത്ത് വിട്ടിട്ടുള്ളതാണ്. ഇന്ദിരാഗാന്ധി സംവരണത്തെ എതിർത്തയാളാണ്. രാജീവ് ഗാന്ധി മണ്ഡൽ കമ്മീഷനെ പരസ്യമായി എതിർത്തിരുന്നു” മുൻ നിയമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രവി ശങ്കർ പ്രസാദ് മറ്റൊരു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായും രാഹുലിൻെറ പരാമർശങ്ങൾക്കെതിരെ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഇന്ത്യയെ ഭിന്നിപ്പിക്കുന്ന ശക്തികൾക്ക് വേണ്ടിയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്നാണ് അമിത് ഷാ പറഞ്ഞത്. വിദേശത്ത് ഇന്ത്യയെ അപമാനിക്കുന്ന പ്രസ്താവനയാണ് രാഹുൽ നടത്തിയതെന്നും ഷാ ആരോപിച്ചു.
ബിജെപി നേതാക്കളിൽ നിന്നുള്ള വിമർശനം രൂക്ഷമായതോടെ രാഹുലിനെ പ്രതിരോധിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ദുരുദ്ദേശപരമായ പ്രചരണമാണ് രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്നതെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. “അവർക്ക് ഒരേയൊരു അജണ്ട മാത്രമാണുള്ളത്. അത് രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് മാത്രമാണ്. പക്ഷേ, ഇന്ത്യയിലെ ജനങ്ങൾ രാഹുലിനൊപ്പമാണ്. അവർക്ക് രാഹുലിനെയും ബിജെപിയെയും അറിയാം. ഈ പ്രചാരണങ്ങളൊന്നും രാഹുലിനെ ബാധിക്കാൻ പോവുന്നില്ലെന്ന് ബിജെപി മനസ്സിലാക്കണം,” - വേണുഗോപാൽ പറഞ്ഞു.