ബി.ജെ.പി. മാനിഫെസ്റ്റോയിലെ പ്രകടനങ്ങളും മൗനങ്ങളും

കഴിഞ്ഞ പത്തുവർഷകാലത്തെ മോദിയുടെ വികസന നേട്ടങ്ങളെയെല്ലാം പെരുപ്പിച്ചു കാണിക്കുന്ന പ്രകടനം മാത്രമാണ് ബി.ജെ.പിയുടെ പത്രികയിലുള്ളത്. രാജ്യത്ത് ഒരു മാറ്റം കൊണ്ടുവരണമെന്ന ആത്മാർത്ഥമായ ഉദ്ദേശത്തെക്കാൾ തങ്ങൾ അധികാരത്തിലിരുന്ന കാലത്തെ വികസന മുരടിപ്പ് മറച്ചുവെയ്ക്കാനായി, വർഗീയ ധ്രൂവീകരണത്തിൽ ഊന്നിയുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Election Desk

ഹിന്ദുത്വ അജണ്ടകളിലൂന്നിയുള്ള ബി.ജെ.പി പ്രകടന പത്രികയിൽ രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളൊന്നും പരിഹരിക്കാനുള്ള വാഗ്ദാനങ്ങൾ ഉൾപ്പെടുത്താത്തത് വ്യാപക വിമർശനങ്ങൾക്കിടയാക്കുകയാണ്. രാജ്യത്ത് രൂക്ഷമായി കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങളൊന്നും തന്നെ പരിഹരിക്കുന്ന തരത്തിലുള്ള ഉറപ്പുകളൊന്നും ബി.ജെ.പിയുടെ പ്രകടന പത്രികയിൽ ഉൾപ്പെട്ടിട്ടില്ല. ഏക സിവിൽ കോഡ് നടപ്പാക്കുക, അന്താരാഷ്ട്ര രാമായണോത്സവം നടത്തുക, തുടങ്ങിയ തീർത്തും വർഗീയ ധ്രൂവീകരണത്തിൽ ഊന്നിയുളള പതിവ് വാഗ്ദാനങ്ങൾ ഉൾപ്പെടുന്ന പ്രകടന പത്രികക്കെതിരെ പ്രതിപക്ഷ നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്.

രണ്ടാം കർഷക സമരത്തിലൂടെ കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങളെ അവഗണിച്ചും തൊഴിലാളി പ്രശ്നങ്ങളെയും സാധാരണക്കാരുടെ ജീവൽപ്രശ്നങ്ങളെയും ഒരു തരത്തിലും തൊടാത്ത പ്രകടന പത്രികയാണിത്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിൻ്റെ നൂറാം വർഷമാഘോഷിക്കുന്ന 2047 ൽ, ഇന്ത്യയെ വികസിത ഭാരതത്തിലെത്തിക്കാൻ പര്യാപ്തമാക്കുന്ന തരത്തിലുള്ള 'മോദി ഗ്യാരന്റികളാണ് പ്രകടന പത്രികയിൽ വാഗ്ദാനങ്ങളായി അവതരിപ്പിക്കുന്നത്.

ഇതിനായി വികസന ലക്ഷ്യങ്ങളെ 24 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സത്രീകൾ, യുവാക്കൾ, അധഃസ്ഥിതർ, മുതിർന്നവർ തുടങ്ങിയ നാല് വിഭാഗങ്ങളുടെ സമഗ്രവികസനം ലക്ഷ്യം വെച്ചിട്ടുള്ള വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. രാജ്യത്ത് ഒരു മാറ്റം കൊണ്ടുവരണമെന്ന ആത്മാർത്ഥമായ ഉദ്ദേശത്തെക്കാൾ തങ്ങൾ അധികാരത്തിലിരുന്ന കാലത്തെ വികസന മുരടിപ്പ് മറച്ചുവെയ്ക്കാനുള്ള സാമർത്ഥ്യമാണ് പ്രകടന പത്രികയിൽ മുഴുവൻ പ്രകടമാകുന്നത്.

മൂന്നാം തവണയും വിജയിക്കുകയാണെങ്കിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങളും ഉൽപ്പാദനവും വർധിപ്പിക്കുമെന്നും ചെറുകിട സംരംഭകർക്ക് കുറഞ്ഞ നിരക്കിൽ സ്ബസിഡിയോടുകൂടി വായ്പകൾ നൽകുമെന്നും മറ്റും പ്രകടന പത്രികയിൽ പറയുന്നുണ്ട്. പക്ഷേ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയെ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളൊന്നും തന്നെ ബിജെപിയുടെ 76 പേജുള്ള പ്രകടന പത്രികയിലില്ല.

ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്ന ഉറപ്പും ആധുനിക ആയുധങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് സായുധ സേനയെയും കേന്ദ്ര പോലീസ് സേനയെയും സജ്ജമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും പത്രികയിൽ ഉൾപ്പെടുന്നതാണ്.

അതിൽ ബിജെപിയുടെ എക്കാലത്തേയും അജണ്ടയായ ' ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' ആണ് പ്രധാന വാഗ്ദാനം.

18-ാം ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്താണെന്നറിയാനുള്ള ദ ഹിന്ദുവിന്റെ പ്രീ പോൾ സർവേയിൽ തൊഴിലില്ലായ്മയും വിലവർധനവുമാണ് രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പ്രകടന പത്രികയിൽ ഉൾപ്പെടുന്ന 24 വാഗ്ദാനങ്ങളിലും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായുള്ള വാഗാദാനങ്ങളൊന്നും ഉൾപ്പെടുന്നില്ല. അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) മാർച്ച് അവസാന വാരം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ മൊത്തം തൊഴിൽരഹിതരിൽ 83% യുവജനങ്ങളാണ്.

ഉജ്ജ്വല ഗ്യാസ് കണക്ഷൻ, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ എന്നിവയുൾപ്പടെ സർക്കാരിന്റെ ക്ഷേമ പരിപാടികൾ വിപൂലീകരിക്കുമെന്നും പത്രികയിൽ പറയുന്നുണ്ട്. ദേശീയ പാത വികസനം, റെയിൽവേ വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾവർധിപ്പിക്കുന്ന വാഗ്ദാനങ്ങൾ, സ്റ്റാർട്ട് അപ്പുകൾക്കും സംരംഭങ്ങൾക്കും പ്രോത്സാഹനം, തുടങ്ങി സ്ഥിരം വാചോടാപങ്ങള് തന്നെയാണ് പ്രകടന പത്രികയിൽ മുഴച്ചു നിൽക്കുന്നത്.

കൂടാതെ 2019 ലെ ബി.ജെ.പി പ്രകടന പത്രികയിൽ 2022 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. പക്ഷേ ബി.ജെ.പി ഭരണകാലത്ത് അത്തരത്തിലുള്ള ഒരു ശ്രമങ്ങളും നടന്നിരുന്നില്ല. ഇതേ ഭരണകാലത്താണ് കർഷകർക്ക് രണ്ട് തവണ കർഷകസമരങ്ങളും നടത്തേണ്ടി വന്നത്. ഇപ്രാവശ്യം അതുകൊണ്ടുതന്നെ അത്തരത്തിലുള്ള വാഗ്ദാനങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കാർഷിക മേഖലയിൽ സാങ്കേതിക ഇടപെടലുകളിലൂടെ പ്രധാനമന്ത്രി ഫസൽ ഭീമാ യോജന ശക്തിപ്പെടുത്തുക, മിനിമം താങ്ങുവില വർധിപ്പിക്കുന്നതിന്റെ തുടർ കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചു മാത്രമാണ് പ്രതിപാദിക്കുന്നത്. രണ്ടാം കർഷക സമരത്തിലൂടെ കർഷകർ ഉന്നയിക്കുന്ന പ്രശ്‌നങ്ങളൊന്നും പ്രതിപാദിക്കാതിരിക്കാനും പ്രത്യേകം പ്രകടന പത്രികയിൽ ശ്രമിച്ചിട്ടുണ്ട്. അതായത് കഴിഞ്ഞ കാലങ്ങളിൽ നൽകിയ വാഗ്ദാനങ്ങൾ തന്നെ വീണ്ടും വീണ്ടും നല്കിയും പുതിയ പദ്ധതികള് മുന്നോട്ട് വെച്ചും പുറത്ത് വിട്ട പ്രകടന പത്രിക ബിജെപിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്കിനപ്പുറം ഒന്നുമില്ലെന്നതാണ് വസ്തുത.

‘ഡൽഹി ചലോ’ കർഷക സമരത്തിൽ നിന്ന്

നാരിശക്തിയെന്നത് ബി.ജെ.പി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ്. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ നാരിശക്തിയെന്ന് പേരിൽ നടപ്പിലാക്കിയ പല പദ്ധതികളും ഫലവത്തായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.

ഉദാഹരണത്തിന് പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY 2016), ദാരിദ്ര്യരേഖക്കുതാഴെയുള്ള (ബി പി എൽ) കുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽ പി ജി കണക്ഷനുകൾ വിതരണം ചെയ്യാൻ ആവിഷ്‌കരിച്ച കേന്ദ്ര സർക്കാർ പദ്ധതിയാണ്. 2023ലെ കണക്കനുസരിച്ച് കേന്ദ്ര സർക്കാർ 96 ദശലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്തു. വിതരണം ചെയ്ത സിലിണ്ടറുകളിൽ, പദ്ധതിയുടെ ഗുണഭോകതാക്കളിൽ 9.6 പേർ ഒരിക്കൽ പോലും സിലിണ്ടറുകൾ റീഫിൽ ചെയ്തിട്ടില്ലെന്നാണ് തുടർന്നുള്ള സർവ്വേകളിൽ കണ്ടെത്തിയത്. 11.3 പേർ ഒരിക്കൽ മാത്രം റീഫിൽ ചെയ്തവരാണ്. PMUY പ്രകാരം, 12 റീഫില്ലുകൾ സബ്‌സിഡിയുടെ ഭാഗമാണെങ്കിലും, 56.5 ഗുണഭോക്താക്കൾ നാലിൽ കൂടുതൽ റീഫില്ലുകൾ എടുത്തിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. റീഫിൽ ചെയ്യാനുള്ള ചെലവ് വർധിക്കുന്നതാണ് ഈ കുടുംബങ്ങളെ സംബന്ധിച്ചു പ്രശ്‌നമാകുന്നത്. ഇത്തരത്തിലുള്ള പദ്ധതികളാണ് നാരിശക്തിയുടെ പേര് പറഞ്ഞ് വീണ്ടും അവതരിപ്പിക്കുന്നത്.

വിലക്കയറ്റം തടയുക, കള്ളപ്പണം കണ്ടെത്തി ഇല്ലാതാക്കുക, തൊഴിലില്ലായ്മ ഇല്ലാതാക്കുക തുടങ്ങിയ കഴിഞ്ഞ ബി.ജെ.പി പ്രകടന പത്രികയിൽ ഉന്നയിച്ച പല കാര്യങ്ങളും ഇത്തവണ ഉന്നയിക്കുന്നതേ ഇല്ലെന്ന വസ്തുതയും പ്രതിപക്ഷ നേതാക്കൾ ഉയർത്തി കാണിക്കുന്നുണ്ട്. രാജ്യം നേരിട്ടുക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയുംക്കുറിച്ച് പ്രകടന പത്രികയിൽ ഒന്നും തന്നെ സൂചിപ്പിക്കുന്നില്ലെന്നാണ് കോൺഗ്രസ് നേതാവായ രാഹുൽഗാന്ധി പറയുന്നത്. ജനജീവിതവുമായി ബന്ധപ്പെട്ട നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ പോലും ബി.ജെപി ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്ത്യ സഖ്യം ഇക്കാര്യത്തിൽ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 30 ലക്ഷം തസ്തികകളിൽ നിയമനം നടത്തുമെന്നും വിദ്യാഭ്യാസം നേടിയ എല്ലാ യുവാക്കൾക്കും തൊഴിൽ ഉറപ്പുവരുത്തുമെന്നും ഇന്ത്യ സഖ്യത്തിന്റെ പ്രകടന പത്രികയിൽ പറയുന്നുണ്ട്. യുവാക്കളെ തീർത്തും നിരാകരിക്കുന്ന ഒരു പ്രകടന പത്രികയാണ് ബി.ജെ.പിയുടേതെന്നും രാഹുൽഗാന്ധി എക്‌സിലൂടെ പ്രതികരിച്ചിരുന്നു.

രാഹുൽഗാന്ധി

മുൻവർഷത്തെ ബി.ജെ.പി പ്രകടന പത്രികയിൽ ഉൾപ്പെട്ടിരുന്ന അയോധ്യ രാമക്ഷേത്ര നിർമ്മാണവും കശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കൽ എന്നിവയെല്ലാം ബി.ജെപി നടപ്പാക്കിയതായും ഇത്തവണത്തെ പ്രകടന പത്രികയിൽ ഉയർത്തികാണിക്കുന്നുണ്ട്. ആർട്ടിക്കിൾ 370 നിർത്തലാക്കിയത് കാരണം ജമ്മുകശ്മീരിലെ ആക്രമണങ്ങൾ കുറവുണ്ടാക്കാൻ ഇടയാക്കിയെന്നും പ്രകടന പത്രികയിലൂടെ ബി.ജെ.പി അവകാശപ്പെടുന്നുണ്ട്. ബി.ജെ.പിയുടെ പ്രധാന അജണ്ടയിൽ ഇനി അവശേഷിക്കുന്നത്, ഏക സിവിൽ കോഡാണ്. 2019 ലെ പ്രകടന പത്രികയിൽ ഉൾപ്പെട്ടിരുന്ന ഇതേ ആവശ്യം ഇപ്രാവശ്യത്തെ പ്രകടന പത്രികയിൽ വലിയ പ്രാധാന്യം നൽകി അവതരിപ്പിക്കുന്നുണ്ട്. രാജ്യവ്യാപകമായി ഏക സിവിൽ കോഡും പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. ഏക സിവിൽ കോഡിലൂടെ സ്ത്രീകൾക്ക് തുല്യവകാശം ലഭിക്കുമെന്നാണ് പ്രകടന പത്രിക അവകാശപ്പെടുന്നത്.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ സ്മരണയ്ക്കായി ലോകമെമ്പാടും രാമായണ ഉത്സവം സംഘടിപ്പിക്കുമെന്നും പ്രത്യേകം പറയുന്നുണ്ട്. കൂടാതെ കാശി വിശ്വനാഥ് ഇടനാഴിയുടെ മാതൃകയിൽ മത - ടൂറിസ കേന്ദ്രങ്ങളുടെ വികസനം, അയോധ്യയുടെ സമഗ്ര വികസനവും ഇതിലുൾപ്പെടുന്നുണ്ട്. രാജ്യത്തെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാൻ വേണ്ടി ഭാരതീയ സംസ്‌കൃത് കോശം രൂപീകരിക്കുമെന്ന വാഗ്ദാനവും നൽകിയിട്ടുണ്ട്. ഭാരതത്തിൽ നിന്ന് നിയമവിരുദ്ധമായി കൊണ്ടുപോയ ഭാരതീയ വിഗ്രഹങ്ങളും പുരാവസ്തകളും തിരികെ കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തും. ക്ലാസിക്കൽ ഭാഷകൾ തുടങ്ങിയവയുടെ സംരക്ഷണത്തിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തൽ തുടങ്ങിയ അപ്രധാനമായ വാഗ്ദാനങ്ങളാണ് പ്രധാനമായും ഉൽപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷകാലത്തെ മോദിയുടെ വികസന നേട്ടങ്ങളെയെല്ലാം പെരുപ്പിച്ചു കാണിക്കുന്ന പ്രകടനം മാത്രമാണ് ഈ പത്രികയിലുള്ളത്. വെൽഫയർ പൊളിറ്റിക്‌സും വിഭജന രാഷ്ട്രീയവും അടങ്ങിയ ബിജെപിയുടെ ഇത്തവണത്തെ പ്രകടന പത്രിക തീർത്തും പൊള്ളയും വ്യാജം നിറഞ്ഞതും തെരഞ്ഞെടുപ്പ് സ്റ്റന്റുമാണെന്ന പ്രതപക്ഷത്തിന്റെ ആരോപണം ശരിയാണെന്നതാണ് പത്തുവർഷത്തെ ബിജെപിയുടെ കേന്ദ്രഭരണത്തെ മുൻനിർത്തി പരിശോധിച്ചാൽ വ്യക്തമാകുന്നത്.

Comments