കർഷകരെയും കർഷക സംഘടനകളെയും വീണ്ടും അധിക്ഷേപിച്ച് ബി.ജെ.പി എം.പി കങ്കണ റണൗട്ട്. കർഷക സമരങ്ങളുടെ കാലത്ത് കേന്ദ്രം കൃത്യമായി ഇടപെട്ടില്ലെങ്കിൽ ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യം ഇന്ത്യയിലും ഉണ്ടായേനേ എന്നാണ് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ പറഞ്ഞത്. അരാജകത്വം സൃഷ്ടിക്കാൻ കർഷകർ ശ്രമിച്ചു. കർഷക സമരത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗവും അരങ്ങേറി. പ്രക്ഷോഭത്തിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്നും സമരത്തിന്റെ മറവിൽ വിദേശശക്തികൾ രാജ്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും കങ്കണ ആരോപിച്ചു. ബി.ജെ.പി നേതൃത്വത്തിന്റെ ദീർഘവീക്ഷണമാണ് അട്ടിമറി തടുത്തത് എന്നായിരുന്നു അഭിമുഖത്തിനിടെ കങ്കണയുടെ മറ്റൊരു വാദം. രണ്ടാം മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കർഷക സംഘടനകൾ നടത്തിയ പ്രക്ഷോഭത്തെ മുൻപും കങ്കണ അധിക്ഷേപിച്ചിട്ടുണ്ട്. പണം വാങ്ങി സമരം ചെയ്യുന്നവരാണ് പ്രക്ഷോഭത്തിനിറങ്ങുന്നത് എന്നായിരുന്നു മുൻപ് കങ്കണ പറഞ്ഞത്.
കങ്കണ മാപ്പുപറയണമെന്ന് സംയുക്ത കിസാൻ മോർച്ച
കർഷകരെയും കർഷകപ്രക്ഷോഭത്തെയും അധിക്ഷേപിക്കുന്ന കങ്കണയുടെ പ്രസ്താവനയെ അപലപിച്ച് സംയുക്ത കിസാൻ മോർച്ച. ബി.ജെ.പി എം.പിയുടെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്നും സംയുക്ത കിസാൻ മോർച്ച പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
പ്രസ്താവനയുടെ പൂർണരൂപം:
ബി.ജെ.പി എം.പി കങ്കണ റണൗട്ട് ഈയിടെ ഒരു അഭിമുഖത്തിൽ നടത്തിയ പ്രസ്താവന ഞെട്ടിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണ്. കർഷകരെയും കർഷക സമരത്തെയും നിരന്തരം ആക്ഷേപിക്കുന്ന ഈ എം.പി ഇപ്പോൾ മര്യാദയുടെ സർവസീമകളും ലംഘിച്ചിരിക്കുന്നു. കർഷകരെ കൊലപാതകികളെന്നും ബലാത്സംഗികളെന്നും വിശ്വാസവഞ്ചകരെന്നും രാജ്യവിരുദ്ധരെന്നുമാണ് അധിക്ഷേപിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം വേദനയുണ്ടാക്കുന്ന കാര്യമാണ്. സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ, കോർപ്പറേറ്റ് ശക്തികൾക്കെതിരെ ഡൽഹിയിൽ കർഷകർ സംഘടിപ്പിച്ച സമരത്തിനെ അപകീർത്തിപ്പെടുത്തുക എന്നത് ബി.ജെ.പിയുടെ കാലങ്ങളായിട്ടുള്ള നയമാണ്. അതിനാൽ കർഷകരെക്കുറിച്ച് ഒരു ബി.ജെ.പി എം.പി ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
കർഷകരെ അപമാനിക്കുന്ന, പ്രകോപനപരമായ നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടാകുമ്പോഴും, സർക്കാരിന്റെ കർഷകവിരുദ്ധ - കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ സമാധാനപരവും നിയമപരവും ഭരണഘടനാനുസൃതവമായ സമരങ്ങൾക്കാണ് എസ്.കെ.എം എല്ലായ്പ്പോഴും നേതൃത്വം നൽകാറുള്ളത്. വലിയ ജനപങ്കാളിത്തം കൊണ്ട് കർഷക പ്രക്ഷോഭം ശ്രദ്ധയാകർഷിച്ചിരുന്നു. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 736 പേരാണ് രക്തസാക്ഷിത്വം വഹിച്ചത്. ലഖിംപൂർ ഖേരി കൂട്ടക്കൊലയുടെ ഇരകളായവരിൽ അഞ്ചിൽ നാലുപേരും കർഷകരായിരുന്നു. അഞ്ചാമത്തെയാൾ ഒരു മാധ്യമപ്രവർത്തനുമായിരുന്നു. കങ്കണ റണൗട്ടിന്റെ പാർട്ടിയുടെ നേതാവും മുൻ ആഭ്യന്തര സഹ മന്ത്രിയുമായ അജയ് കുമാർ ടെനിയും മകനും സഞ്ചരിച്ചിരുന്ന കാറിനടിയിൽപ്പെട്ടാണ് അഞ്ച് പേർ മരിച്ചത്. ഇരുവരും ഇപ്പോൾ കൊലപാതകക്കുറ്റത്തിന് വിചാരണ നേരിടുകയാണ്.
ഡൽഹിയിൽ കർഷക സമരങ്ങളുടെ ഭാഗമായി അതിക്രമങ്ങൾ ഉണ്ടാവുകയോ ഒരാൾക്ക് പോലും ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യൻ ജനത നടത്തിയ കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന്റെ തുടർച്ചയാണ് കർഷകരുടെ സമരവും. കർഷകർ പോരാടുന്നത് സാമ്രാജ്യത്വ താത്പര്യങ്ങളുള്ള കോർപ്പറേറ്റ് ശക്തികൾക്കും അവരുടെ നയങ്ങൾക്കുമെതിരെയാണ്. അതുകൊണ്ട് ഇന്ത്യൻ കർഷകപ്രസ്ഥാനങ്ങളെ ദേശവിരുദ്ധമെന്ന് ചാപ്പകുത്തുന്നതിന് മുൻപ് അതിന്റെ ചരിത്രവും രാഷ്ടീയവും പഠിക്കാൻ കങ്കണ ശ്രമിക്കുന്നതാണ് നല്ലത്.
കർഷകർക്കെതിരെയും കർഷകപ്രസ്ഥാനങ്ങൾക്കെതിരെയും സ്വന്തം പാർട്ടിയിലെ ഒരു എം.പി നടത്തിയ സത്യവിരുദ്ധവും അപലപനീയവുമായ പരാമർശങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ കർഷകരോട് മാപ്പ് പറയണം. രാജ്യത്തിന് ഭക്ഷ്യസുരക്ഷയൊരുക്കുന്ന കർഷക സമൂഹത്തോട് മോശമായി പെരുമാറാൻ തന്റെ പാർട്ടിയെയും പാർട്ടി അംഗങ്ങളെയും ഇനിയും അനുവദിക്കാതെ പ്രധാനമന്ത്രി രാജ്യത്തെ അന്നദാതാക്കൾക്കൊപ്പം നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഭരണഘടനാപരമായ കർത്തവ്യമാണ്. അനുചിതവും തെറ്റായതുമായ പ്രസ്താവനകൾക്ക് കങ്കണ റണൗട്ട് കർഷകരോട് നിരുപാധികം മാപ്പ് പറയുകയാണ് വേണ്ടത്. അല്ലാത്തപക്ഷം കങ്കണയെ ബഹിഷ്കരിക്കുക എന്ന് പരസ്യമായി ആഹ്വാനം ചെയ്യുകയല്ലാതെ എസ്.കെ.എമ്മിന് മറ്റ് മാർഗങ്ങളില്ലാതെ വരും.
പ്രതിഷേധിച്ച് കോൺഗ്രസ്
കങ്കണയുടെ കർഷക വിരുദ്ധ പ്രസ്താവനയിൽ കോൺഗ്രസും പ്രതിഷേധമറിയിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ, കങ്കണയുടെ നിലപാടിൽ ബി.ജെ.പി മറുപടി പറയണമെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാറ്റെ ആവശ്യപ്പെട്ടു. പ്രസ്താവന വിവാദമായതോടെ കങ്കണയെ തള്ളി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ പറയാൻ കങ്കണയെ അധികാരപ്പെടുത്തിയിട്ടില്ലെന്ന് ബി.ജെ.പി പ്രസ്താവനയിൽ വ്യക്തമാക്കി.