ബ്രിജ് ഭൂഷണിന് സീറ്റില്ല, കൈസര്‍ഗഞ്ചിൽ പകരം മകൻ

ബ്രിജ് ഭൂഷണിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ, കുടുംബാഗങ്ങള്‍ക്ക് സീറ്റ് നിഷേധിക്കുകയോ ചെയ്താല്‍ അദ്ദേഹം വീണ്ടും സമാജ് വാദി പാര്‍ട്ടിയിലോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലോ ചേരുമെന്ന ഭയം ബി.ജെ.പിക്കുണ്ട്. അതുകൊണ്ടാണ്, മാറ്റിനിർത്തിയെങ്കിലും മകനെ തന്നെ മണ്ഡലം ഏൽപ്പിച്ചത്.

Election Desk

ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി ഉയർന്ന ബ്രിജ് ഭൂഷണ് സിറ്റിങ് മണ്ഡലം നിഷേധിച്ച് ബി.ജെ.പി. പകരം, മകൻ കരണ്‍ ഭൂഷണ്‍ സിങ്ങാണ് യു.പിയിലെ കൈസര്‍ഗഞ്ചിൽ പാർട്ടി സ്ഥാനാർഥി.

റെസ്ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണിന്റെ സ്വേച്ഛാധിപത്യ നടപടികൾക്കും താരങ്ങൾക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെ രാജ്യത്തെ മുന്‍നിര ഗുസ്തിതാരങ്ങള്‍ ഒരു വർഷത്തോളം സമരം നടത്തിയിരുന്നു. ദേശീയശ്രദ്ധ ലഭിച്ച സമരം തിരിച്ചടിക്കുമോ എന്ന ഭയമാണ് ബ്രിജ് ഭൂഷണിന് സീറ്റ് നിഷേധിക്കാന്‍ ബി.ജെ.പി നേതൃത്വത്തെ നിർബന്ധിതമാക്കിയത്. 2024-ലും കൈസര്‍ഗഞ്ചില്‍ നിന്നു തന്നെ മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ നിരന്തരം പറഞ്ഞുവരികയായിരുന്നു.

ഗുസ്തിക്കാരുടെ സമരത്തിനിടെ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷിമാലിക്ക് എന്നിവർ
ഗുസ്തിക്കാരുടെ സമരത്തിനിടെ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷിമാലിക്ക് എന്നിവർ

കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ ഏറ്റവും ജനകീയമായ പ്രതിഷേധങ്ങളിലൊന്നായിരുന്നു ഗുസ്തി താരങ്ങളുടെ സമരം. കായിക മേഖലയിലെ പല അനീതികളെയും ഈ സമരം പുറത്തുകൊണ്ടുവന്നു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജ്‌റംഗ് പുനിയ തുടങ്ങിയവരായിരുന്നു സമര നേതൃത്വം.

2023 ജനുവരി 18നാണ് ഗുസ്തി ഫെഡറേഷനിലെ പ്രശ്നങ്ങളില്‍ നടപടി ആവശ്യപ്പെട്ട് താരങ്ങള്‍ ജന്തര്‍മന്തറില്‍ ധര്‍ണ ആരംഭിച്ചത്. പ്രതിഷേധങ്ങള്‍ ശക്തമായിട്ടും ബ്രിജ് ഭൂഷണിനെ സംരക്ഷിക്കാനാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ശ്രമിച്ചത്. ബ്രിജ്ഭൂഷണ്‍ അങ്ങേയറ്റം സ്വീകാര്യനായി പൊതുവേദികളിലും ഗുസ്തി ടൂര്‍ണ്ണമെന്റുകളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. പുതിയ പാര്‍ലമെന്റ് ഉദ്ഘാടനദിവസം അതിഥിയായി തന്നെ ബ്രിജ്ഭൂഷണിനെ കേന്ദ്രസര്‍ക്കാര്‍ വരവേറ്റു. അന്ന് സമാധാനപരമായി പ്രതിഷേധം നടത്തിയ ഗുസ്തിതാരങ്ങളെ കലാപക്കുറ്റം അടക്കമുള്ളവ ചുമത്തി അറസ്റ്റ് ചെയ്യാനായിരുന്നു സര്‍ക്കാര്‍ ശ്രമം.

പത്തു വര്‍ഷം ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി കുത്തകാധികാരം നേടിയ ബ്രിജ് ഭൂഷണിനെ സംരക്ഷിച്ചുനിര്‍ത്തുന്നതിനെതിരെ വ്യാപക വിമര്‍ശനമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ജൂൺ 11ന് നടത്തിയ ഒരു റാലിയിൽ താൻ തന്നെയായിരിക്കും കൈസര്‍ഗഞ്ചില്‍ ബി.ജെ.പി സ്ഥാനാർഥി എന്ന് ബ്രിജ് ഭൂഷണ്‍ പ്രഖ്യാപിച്ചു. ഇവിടെനിന്ന് മൂന്ന് തവണ ബ്രിജ് ഭൂഷണ്‍ വിജയിച്ചിട്ടുണ്ട്. 2019- ൽ രണ്ട് ലക്ഷം വോട്ടായിരുന്നു ഭൂരിപക്ഷം. ഇത്തവണ ഭൂരിപക്ഷം അഞ്ചു ലക്ഷമായി ഉയർത്തുമെന്നായിരുന്നു അവകാശവാദം.

കഴിഞ്ഞ ജൂൺ 11ന് നടത്തിയ ഒരു റാലിയിൽ താൻ തന്നെയായിരിക്കും കൈസര്‍ഗഞ്ചില്‍ ബി.ജെ.പി സ്ഥാനാർഥി എന്ന് ബ്രിജ് ഭൂഷണ്‍ പ്രഖ്യാപിച്ചിരുന്നു
കഴിഞ്ഞ ജൂൺ 11ന് നടത്തിയ ഒരു റാലിയിൽ താൻ തന്നെയായിരിക്കും കൈസര്‍ഗഞ്ചില്‍ ബി.ജെ.പി സ്ഥാനാർഥി എന്ന് ബ്രിജ് ഭൂഷണ്‍ പ്രഖ്യാപിച്ചിരുന്നു

ഗുസ്തി താരങ്ങളുടെ ആരോപണങ്ങൾ ശരിവെക്കുന്ന തീരുമാനമാണ് ബി.ജെ.പി നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും കാലം ബി.ജെ.പി നേതൃത്വം, ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കുകയോ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാതിരുന്നത് എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. ബ്രിജ്ഭൂഷണിന്റെ അധികാര സ്വാധീനങ്ങള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിൽ ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. ഗുണ്ടാ സ്വാധീനമുള്ള ബ്രിജ് ഭൂഷണിന് സംസ്ഥാനത്ത് ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നാലും ജയിച്ചുവരാനുള്ള സ്വാധീനവുമുണ്ട്.

കൈസര്‍ഗെഞ്ച് കൂടാതെ സമീപ പ്രദേശങ്ങളായ അഞ്ച് ലോകസഭാ സീറ്റിലും ബ്രിജ് ഭൂഷണിന് വ്യക്തമായ സ്വാധീനമുള്ളതുകൊണ്ട് ബി.ജെ.പിക്ക് എളുപ്പം അദ്ദേഹത്തെ തള്ളിക്കളയാനാകുമായിരുന്നില്ല. 2009- ല്‍ അദ്ദേഹം സമാജ്‌വാദി പാര്‍ട്ടി എം.പിയായിരുന്നു. ബ്രിജ് ഭൂഷണിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ, കുടുംബാഗങ്ങള്‍ക്ക് സീറ്റ് നിഷേധിക്കുകയോ ചെയ്താല്‍ അദ്ദേഹം വീണ്ടും സമാജ് വാദി പാര്‍ട്ടിയിലോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലോ ചേരുമെന്ന ഭയം ബി.ജെ.പിക്കുണ്ട്. അതുകൊണ്ടാണ്, മാറ്റിനിർത്തിയെങ്കിലും മകനെ തന്നെ മണ്ഡലം ഏൽപ്പിച്ചത്. ബ്രിജ് ഭൂഷണിനെ പിണക്കിയാൽ അത് യു.പിയിലെ ചില മണ്ഡലങ്ങളിലെങ്കിലും തിരിച്ചടിയാകുമെന്നും ബി.ജെ.പിക്ക് ആശയങ്കയുണ്ട്.

കരണ്‍ സിങ്ങ് ഉത്തര്‍പ്രദേശ് ഗുസ്തി അസോസിയേഷൻ പ്രസിഡന്റാണ്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മുത്തമകന്‍ പ്രതീക് ഭൂഷണ്‍ സിങ്ങും എം.എല്‍.എയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാഘട്ടത്തില്‍ മെയ് 20 നാണ് കൈസര്‍ഗഞ്ചില്‍ വോട്ടെടുപ്പ്.

Comments