ബി.ജെ.പി ലക്ഷ്യം
മഹുവ മൊയ്ത്രയുടെ എം.പി സ്ഥാനം

ലോക്‌സഭാംഗമെന്ന നിലയിൽ 69 ചോദ്യങ്ങളാണ് മഹുവ മൊയ്ത്രയുടേതായുള്ളത്. ഇതൊരു റെക്കോർഡ് നമ്പർ ഒന്നുമല്ല. 130-ഓളം ചോദ്യങ്ങൾ ഉന്നയിച്ച മറ്റ് ലോക്‌സഭാംഗങ്ങൾ ഇതേ സഭയിലുണ്ട്. എന്നാൽ സുപ്രധാനമായ കാര്യം, അല്ലെങ്കിൽ ഭരണകൂടത്തെയും അതിന്റെ തലവനായ നരേന്ദ്ര മോദിയെയും അലട്ടുന്ന കാര്യം, മേൽപ്പറഞ്ഞ 69 ചോദ്യങ്ങളിൽ 9 എണ്ണം അദാനിയുമായി ബന്ധപ്പെട്ടതാണ് എന്നതാണ്. രാജ്യത്തെ ഏറ്റവും കർമനിരതയായ വനിതാ എം.പിയെ അപകീർത്തിപ്പെടുത്താനും അവരുടെ ലോക്‌സഭാഗത്വം ഇല്ലാതാക്കാനുമുള്ള കളികളാണ് ഇതിന്റെ മറവിൽ നടക്കുന്നത്.

ക്കഴിഞ്ഞ നവംബർ എട്ടിന് അദാനിയുടെ ഉടമസ്ഥതയിലുള്ള, എൻ ഡി ടി വി, ബ്രേക്കിംഗ് ന്യൂസ് എന്ന പേരിൽ ഒരു വാർത്ത പുറത്തുവിട്ടു. പാർലമെന്റ് അംഗമെന്ന നിലയിൽ തൃണമൂൽ കോൺഗ്രസ് അംഗമായ മഹുവ മൊയ്ത്രയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും, പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ അവരുടെ അംഗത്വം റദ്ദു ചെയ്യണമെന്നും പാർലമെന്ററി എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ നിർദ്ദേശിച്ചു എന്നതായിരുന്നു വാർത്ത. പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി തയ്യാറാക്കിയ 500 പേജു വരുന്ന റിപ്പോർട്ട് തങ്ങളുടെ കൈവശമുണ്ടെന്നും എൻ ഡി ടി വി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

എത്തിക്സ് കമ്മിറ്റിയുടെ കരടു റി​പ്പോർട്ട് അദാനിയുടെ ഉടമസ്ഥതയിലുള്ള മാധ്യമത്തിന് ചോർന്നുകിട്ടിയത് ഗുരുതര ചട്ടലംഘനമാണെന്ന് മഹുവ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ സ്പീക്കർക്ക് അവർ പരാതിയും നൽകി.

മഹുവ മൊയ്ത്ര പാര്‍ലിമെന്റില്‍

പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി തയ്യാറാക്കിയ 500 പേജു വരുന്ന റിപ്പോർട്ട് അധ്യക്ഷന്റെ മുന്നിൽ എത്തിയിട്ടില്ല എന്നതുകൂടി ഇതോടൊപ്പം കൂട്ടിവായിക്കുമ്പോൾ അണിയറയിൽ നടന്നുവരുന്ന നാടകങ്ങളുടെ പൊരുൾ മനസ്സിലാക്കാൻ പ്രയാസമില്ല. ഈ കുറിപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻഇന്ന് എത്തിക്‌സ് കമ്മിറ്റി യോഗം ചേർന്നുകൊണ്ടിരിക്കുകയാണ്. യോഗത്തിന്റെ ലക്ഷ്യം കൃത്യമാണ്. അദാനിക്കെതിരെ ചോദ്യമുയർത്തിയ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതുപോലെ, ആം ആദ്മി എംപി സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തതുപോലെ, മഹുവ മൊയ്ത്രയെയും പുറത്തുനിർത്തുക.

മോദി-അദാനി ബന്ധത്തെക്കുറിച്ച് പാർലമെന്റിനകത്തും പുറത്തും നിരന്തരം ചോദ്യങ്ങൾ ഉയർത്തുന്ന വ്യക്തിയാണ് മഹുവ മൊയ്ത്ര. തുറമുഖങ്ങളും കൽക്കരി ഖനികളും വൈദ്യുതി വിതരണ കരാറുകളും അടക്കം നിരവധി കാര്യങ്ങളിൽ വഴിവിട്ട രീതിയിൽ അദാനി നേടിയെടുത്ത സൗജന്യങ്ങൾ തെളിവുസഹിതം അവർ ചോദ്യങ്ങളായി ഉയർത്തിയിട്ടുണ്ട്.

സഞ്ജയ് സിംഗ്

അദാനി കമ്പനികളിൽ ഫോറിൻ പോർട്ട് ഫോളിയോ ഇൻവെസ്റ്റ് പങ്കാളികളായ, 20,000 കോടി രൂപയുടെ നിഗൂഢ നിക്ഷേപം നടത്തിയ, ചൈനീസ് പൗരനുമായുള്ള അദാനിബന്ധങ്ങൾ അടക്കം മഹുവയുടെ നിശിതമായ ചോദ്യങ്ങൾക്ക് വിധേയമായിട്ടുണ്ട്. 4.5 മില്യൺ ടൺ പാചകവാതക സംഭരണശേഷി മാത്രമുള്ള  ഒഡീഷയിലെ ധാംമ്ര തുറമുഖ ടെർമിനൽ ഉപയോഗത്തിനായി 46,000 കോടിയുടെ 2042 വരെയുള്ള കരാറിന്, യാതൊരു ടെണ്ടർ നടപടികളും കൂടാതെ, അദാനിയുമായി ഒപ്പുവെച്ചത് തൊട്ട് നിരവധി വിഷയങ്ങൾ മഹുവ മൊയ്ത്ര പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. മഹുവ മൊയ്ത്ര ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ, വ്യക്തിപരമായി പരിഹസിക്കാനും ആക്രമിക്കാനുമായിരുന്നു ബി ജെ പി തുനിഞ്ഞത്.

ലോക്‌സഭയിൽ മഹുവ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് രാജ്യത്തെ ഒരു ബിസിനസ് ഗ്രൂപ്പിൽ നിന്ന് പണം ലഭിക്കുന്നുണ്ടെന്ന ആരോപണം ഉയർത്തിക്കൊണ്ടായിരുന്നു തുടക്കം. എന്നാൽ ബി ജെ പി ഉയർത്തിയ 'cash-for-query' ആരോപണം സാധൂകരിക്കുന്ന യാതൊരു തെളിവും പുറത്തു കൊണ്ടുവരാനായിട്ടില്ല. അവയൊന്നും ഫലിക്കാതെ വന്നപ്പോൾ, ബി ജെ പി എം.പിമാർ അവരെ നേരിട്ട് സന്ദർശിച്ച്, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിശ്ശബ്ദയായിരിക്കാൻ എന്തുവേണമെങ്കിലും തരാൻതയ്യാറാണെന്ന് അറിയിച്ചതായി മഹുവ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിക്കുകയുണ്ടായി.

മഹുവ ചോദിച്ച 69 ചോദ്യങ്ങളിൽ 9 എണ്ണം അദാനിയുമായി ബന്ധപ്പെട്ടതാണ് എന്നതാണ് മോദിയെ അലട്ടുന്ന കാര്യം.

മോദിക്കും അദാനിക്കും എതിരെ ഗുരുതരഭാഷയിൽ നിരന്തരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടുവരിക മാത്രമല്ല, ഭീഷണികളും പ്രലോഭനങ്ങളും അവരെ അതിൽ നിന്ന് തടയുന്നില്ലെന്നതും ബി ജെ പിയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന സംഗതിയായിരുന്നു. ഇതോടെ ചില സാങ്കേതിക വിഷയങ്ങൾ ഉയർത്തി ലോക് സഭയിലെ ചോദ്യങ്ങൾക്ക് പണം പറ്റിയെന്ന ആരോപണം കൂടുതൽ ശക്തമാക്കാൻ ബി ജെ പി തീരുമാനിക്കുകയും പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റിയെ വിഷയത്തിൽ ഇടപെടുവിക്കുകയും ചെയ്തു.

പാർലമെന്റിൽ മുസ്ലിം അംഗത്തെ അശ്ലീല ഭാഷയിൽ അഭിസംബോധന ചെയ്ത ബി ജെ പി എം.പി രമേഷ് ബിധൗരിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ പോലും നൽകാൻ തയ്യാറാകാത്ത പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി, മഹുവയുടെ കാര്യത്തിൽ അനാവശ്യ ധൃതിയോടെ ഇടപെടുകയും അവരെ വ്യക്തിപരമായി അപമാനിക്കുന്ന ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. എത്തിക്സ് കമ്മിറ്റിയുടെ അധാർമ്മികമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് അവരും തൃണമൂൽ കോൺഗ്രസിന്റെ ഏതാനും എം.പിമാരും കമ്മിറ്റി യോഗം ബഹിഷ്കരിക്കുകയാണുണ്ടായത്.

ബി ജെ പി എം.പി രമേഷ് ബിധൗരി

പാർലമെന്ററി എത്തിക്സ് കമ്മിറ്റിക്കുമുന്നിൽ പരാതി നൽകിയ വ്യക്തി മഹുവയുടെ മുൻജീവിതപങ്കാളിയും അഭിഭാഷകനുമായ അനന്ത് ദേഹാദ്രായിയായിരുന്നു. മഹുവ മൊയ്ത്രയുമായി നേരത്തെതന്നെ പ്രശ്‌നഭരിതമായ ബന്ധമുള്ള ദേഹാദ്രായിയുടെ പരാതി 'താൽപര്യ സംഘർഷങ്ങളുടെ' (conflict of interests) പശ്ചാത്തലത്തിൽ സാധൂകരിക്കാവുന്ന ഒന്നല്ല. മാത്രമല്ല, പരാതി നൽകുന്ന വ്യക്തിയോ അംഗമോ ആരോപണങ്ങളെ ബലപ്പെടുത്തുന്ന തെളിവുകൾ നൽകേണ്ടതുണ്ടെന്നും എത്തിക്സ് കമ്മിറ്റിപ്രസിദ്ധീകരിച്ച ഹാൻഡ്ബുക്കിൽ പറയുന്നുണ്ട്. അത്തരം ഒരു തെളിവും പരാതിക്കാരൻനൽകിയിട്ടില്ലെന്നിരിക്കെ പാർലമെന്ററി എത്തിക്സ് കമ്മിറ്റി ഈ കേസ് ഏറ്റെടുക്കുന്നത് അപഹാസ്യമാണ്. കൂടാതെ, ലോക്‌സഭയിൽ അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുവാൻ ഇന്ത്യൻ വ്യവസായി ദർശൻ ഹീരാനന്ദാനിയിൽ നിന്ന് പണം കൈപ്പറ്റി എന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവു നൽകാനും പരാതിക്കാർക്ക് സാധിച്ചിട്ടില്ല. 

പരാജയപ്പെട്ട കുടുംബബന്ധങ്ങൾ ഉപയോഗപ്പെടുത്തി, വ്യാജ പരാതി നൽകി, സുഹൃത്തുക്കളെ സമ്മർദ്ദത്തിലാഴ്ത്തി രാജ്യത്തെ ഏറ്റവും കർമ്മനിരതയായ ഒരു വനിതാ എം.പിയെ അപകീർത്തിപ്പെടുത്താനും അവരുടെ ലോക്‌സഭാഗത്വം ഇല്ലാതാക്കാനുമുള്ള കളികളാണ് യാതൊരു നൈതികതയും തൊട്ടുതീണ്ടിയിട്ടില്ലാത്ത, ബി ജെ പി അംഗം വിനോദ് കുമാർ സോൻകർ അധ്യക്ഷനായ, എത്തിക്‌സ് കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്.

അനന്ത് ദേഹാദ്രായി

ലോക്‌സഭാംഗമെന്ന നിലയിൽ 69 ചോദ്യങ്ങളാണ് മഹുവാ മൊയ്ത്രയുടേതായുള്ളത്. ഇതൊരു റെക്കോർഡ് നമ്പർ ഒന്നുമല്ല. 130-ഓളം ചോദ്യങ്ങൾ ഉന്നയിച്ച മറ്റ് ലോക്‌സഭാംഗങ്ങൾ ഇതേ സഭയിലുണ്ട്. എന്നാൽ സുപ്രധാനമായ കാര്യം, അല്ലെങ്കിൽ ഭരണകൂടത്തെയും അതിന്റെ തലവനായ നരേന്ദ്ര മോദിയെയും അലട്ടുന്ന കാര്യം, മേൽപ്പറഞ്ഞ 69 ചോദ്യങ്ങളിൽ 9 എണ്ണം അദാനിയുമായി ബന്ധപ്പെട്ടതാണ് എന്നതാണ്. ഈ ചോദ്യങ്ങളൊക്കെയും അന്താരാഷ്ട്ര മാധ്യമങ്ങളിൽ അടക്കം ഉന്നയിക്കപ്പെട്ടതും രാജ്യതാൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടതും ആണെന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്. ഒരു മുൻ ബാങ്കർ എന്ന നിലയിൽ, ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റുകൾ അടക്കമുള്ള നിക്ഷേപസംബന്ധിയായ കാര്യങ്ങളെക്കുറിച്ച്, അവയുടെ സങ്കീർണതകൾ, മറ്റേതൊരു പാർലമെന്റ് അംഗത്തേക്കാളും നന്നായി മനസ്സിലാക്കാൻ കഴിവുള്ള വ്യക്തിയാണ് മഹുവ മൊയ്ത്ര. അതുകൊണ്ടുതന്നെ, അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലേക്ക് ലിക്വിഡിറ്റിയില്ലാത്ത സ്റ്റോക്കിന്റെ ഉടമസ്ഥാവകാശം ആരുടേതാണ്? എങ്ങനെയാണ് കൃത്യമായ ടെണ്ടറുകളും കരാർ നടപടികളും കൂടാതെ അദാനി ഗ്രൂപ്പ് തുറമുഖങ്ങളും വിമാനത്താവളങ്ങളും വാങ്ങിക്കൂട്ടുന്നത്? സൗജന്യ ഫ്ലോട്ടുകൾ അനുവദിക്കാത്ത അദാനി കമ്പനികളുടെ ഓഹരികൾആരുടേതാണ്? മറഞ്ഞുനിൽക്കുന്ന നിക്ഷേപകർ ആരാണ്? തുടങ്ങിയ മർമപ്രധാനങ്ങളായ ചോദ്യങ്ങളുയർത്തുവാൻ അവർക്ക് സാധിക്കുന്നു.

വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി തയ്യാറാക്കപ്പെടുന്ന അവരുടെ ചോദ്യങ്ങളെ, ദേശീയ മാധ്യമങ്ങളിൽ നൽകപ്പെടുന്ന അഭിമുഖങ്ങളെ ഭരണകൂടം ഭയക്കുന്നുണ്ടെന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ, അവരുടെ ധാർമികതക്കുമേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട്, സാങ്കേതിക പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി ലോക്‌സഭാംഗത്വത്തിൽ നിന്ന് പുറന്തള്ളാനുള്ള നീക്കം തകൃതിയായി പിന്നണിയിൽ നടക്കുന്നുണ്ടായിരുന്നു. പാർലമെന്റ് ലോഗിൻ ഐ ഡി പുറത്തുള്ള വ്യക്തിക്ക് കൈമാറിയെന്ന ആരോപണം മുൻനിർത്തി, ഗുരുതരമായ എന്തോ തെറ്റ് പ്രവർത്തിച്ചതുപോലുള്ള പ്രചരണം നടത്തിക്കൊണ്ടാണ് ഇപ്പോൾ ബി ജെ പി മഹുവ മൊയ്ത്രയെ നേരിടുന്നത്.

ഉന്നയിക്കേണ്ട ചോദ്യങ്ങൾ തയ്യാറാക്കുന്നതിന്, പാർലമെന്റ് തന്നെ അനുവദിച്ചിട്ടുള്ള നിയമനിർമാണ സഹായികളെ (Legislative Assistants to Mebmer of Parliament- LAMP) ഉപയോഗപ്പെടുത്തുക എന്നത് സാധാരണ സംഗതി മാത്രമാണ്. നിയമനിർമാണ ഗവേഷണം, ഡേറ്റ വിശകലനം, പാർലമെന്ററി ചോദ്യങ്ങൾ തയ്യാറാക്കൽ, പാർലമെന്ററി ചർച്ചകളുടെ പശ്ചാത്തല ഗവേഷണം, സ്റ്റാൻഡിംഗ് കമ്മറ്റി മീറ്റിംഗുകളെ സംബന്ധിച്ച ഗവേഷണം, അംഗങ്ങൾക്കു വേണ്ട സ്വകാര്യ ബിൽ തയ്യാറാക്കൽ, മാധ്യമങ്ങൾക്കു വേണ്ടിയുള്ള പത്രക്കുറിപ്പുകൾ, അഭിമുഖങ്ങൾ എന്നിവ തയ്യാറാക്കൽ തുടങ്ങി നിരവധി കാര്യങ്ങളിൽ മേൽപ്പറഞ്ഞ സഹായികളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് എല്ലാ അംഗങ്ങളും പ്രവർത്തിക്കുന്നത്. 

പാർലമെന്റ് ലോഗിൻ ഐ ഡി, മറ്റൊരാൾക്ക് നൽകിയതിനെ സംബന്ധിച്ച് വളരെ വ്യക്തതയോടെ മഹുവ വിശദീകരിക്കുന്നുണ്ട്. ചോദ്യോത്തരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള പാസ്‌വേർഡ് എന്നത് പാർലമെന്റിലെ ബജറ്റ് ഡോക്യുമെന്റുകളോ മറ്റ് രഹസ്യസ്വഭാവമുള്ള രേഖകളോ കൈക്കലാക്കുന്നതിനുള്ള താക്കോലൊന്നുമല്ല. ഇതു സംബന്ധിച്ച് പാർലമെന്റ് അംഗങ്ങൾക്ക് പ്രത്യേകമായ ചട്ടങ്ങളും രൂപപ്പെടുത്തിയിട്ടില്ല. പക്ഷേ ഇത്തരം ന്യായവാദങ്ങൾക്കോ നൈതികതയെ സംബന്ധിച്ച ചോദ്യങ്ങൾക്കോ മോദികാലത്ത് പ്രസക്തിയില്ലെന്ന് ബി ജെ പി ആവർത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ചോദ്യങ്ങൾ ഉയർത്തുന്നവരെ വേട്ടയാടിപ്പിടിക്കുക, സി ബി ഐ, ഇ ഡി, തുടങ്ങിയ എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും അതിനായി വിനിയോഗിക്കുക, അദാനി-അംബാനിമാരുടെ മൂലധനബലത്തിൽ സ്വന്തമാക്കിയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി കുപ്രചാരണം അഴിച്ചുവിടുക എന്നിവ മോദിഭരണത്തിന്റെ മുഖമുദ്രയായിരിക്കുന്നു.

തെരഞ്ഞെടുപ്പുകൾ നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറോം എന്നിവിടങ്ങളിൽ നിന്നുള്ള വാർത്തകൾ ബി ജെ പിയെ സംബന്ധിച്ച് ശുഭകരമല്ല എന്നതും അവരെ ആശങ്കപ്പെടുത്തുന്ന സംഗതിയാണ്. ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഏത് നടപടികൾക്കും അവർ തയ്യാറാണെന്നതിന് ചരിത്രം സാക്ഷി.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments