ഗുജറാത്തിലെ സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാലിന്റെ ‘എതിരില്ലാത്ത’ ജയം സാധ്യമാക്കിയത് കോൺഗ്രസ് സ്ഥാനാർഥി. ഇലക്ഷൻ പ്രക്രിയയിലെ ബി.ജെ.പിയുടെ അവിഹിതമായ ഇടപെടലിന്, പത്രികാ സമർപ്പണം മുതൽ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംബാനിയുടെ ഒത്താശയുണ്ടായിരുന്നു. ബി.ജെ.പിയുടെ എതിരില്ലാത്ത ജയത്തിന് ഒത്താശ ചെയ്ത നിലേഷ് കുംഭാനിയെ 'ജനവഞ്ചകൻ' എന്നു വിളിച്ച് അദ്ദേഹത്തിന്റെ വീടിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. നിലേഷ് ഉടൻ ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന.
‘ഇന്ത്യ’ മുന്നണിയിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി നിലേഷിന്റെ പത്രിക തള്ളിയതും ബി.എസ്.പിയുടേതടക്കമുള്ള മറ്റ് സ്ഥാനാർഥികൾ പൊടുന്നനെ പത്രിക പിൻവലിച്ചതുമാണ് ബി.ജെ.പി സ്ഥാനാർഥിയുടെ ‘എതിരില്ലാത്ത’ ജയത്തിന് കളമൊരുക്കിയത്. ബി.ജെ.പിയുടെ നേതൃത്വത്തിൽ, കോൺഗ്രസ് സ്ഥാനാർഥിയുടെ ഒത്താശയിൽ, പണവും സ്വാധീനവും സമ്മർദവും ഭീഷണികളുമെല്ലാം സമാസമം ചേർത്ത് നടത്തിയ ജനാധിപത്യവിരുദ്ധമായ അട്ടിമറിയാണ്, പാർട്ടി സ്ഥാനാർഥിയുടെ ‘എതിരില്ലാത്ത’ ജയം സാധ്യമാക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ എതിരില്ലാതെ ജയിക്കുന്നത് അപൂർവ്വമാണ്. സൂറത്തിലെ വിജയത്തിലൂടെ മുകേഷ് ദലാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബി.ജെ.പി എം.പിയെന്ന നിലയിൽ ആഘോഷിക്കപ്പെടുന്നുമുണ്ട്.
നടന്നതായി പറയുന്നത്
സൂറത്തിലെ പത്രികാ സമർപ്പണം മുതൽ തുടങ്ങുന്നു അട്ടിമറിനീക്കം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ടമായി മെയ് ഏഴിന് വോട്ടെടുപ്പ് നടക്കേണ്ട മണ്ഡലത്തിൽ 15 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ നാലുപേരുടെ പത്രിക നേരത്തെ തള്ളി. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഏപ്രിൽ 22-നാണ് കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംബാനിയുടെയും ഡമ്മിയായി പത്രിക നൽകിയ സുരേഷ് പദ്‌സാലയുടെയും പത്രിക തള്ളുന്നത്. കോൺഗ്രസ് സ്ഥാനാർഥിയുടെ പേര് നിർദ്ദേശിച്ചവരുടെ ഒപ്പ് വ്യാജമാണെന്ന് പരിശോധനയിൽ തെളിഞ്ഞതാണ് പത്രിക തളളുന്നതിന് കാരണമായി പോാളിങ്ങ് ഓഫീസർ പറഞ്ഞത്.
നിലേഷിന്റെ പത്രികയിലെ മൂന്ന് നിർദ്ദേശകരുടെ ഒപ്പിലെ പൊരുത്തക്കേടിനെക്കുറിച്ച് ബി.ജെ.പിയാണ് ആദ്യം സംശയമുന്നയിച്ചത്. ഇതിന് പിന്നാലെയാണ് നിലേഷിനെ പിന്തുണച്ചിരുന്ന മൂന്ന് പേരും പത്രിയിൽ തങ്ങൾ ഒപ്പിട്ടില്ലെന്ന് വെളിപ്പെടുത്തി, സത്യവാങ്മൂലം നൽകിയതായി പോളിങ്ങ് ഓഫീസർ സൗരഭ് പർധി വ്യക്തമാക്കിയത്. നിലേഷിന്റെ സഹോദരീ ഭർത്താവും അനന്തരവനും കച്ചവടപങ്കാളിയുമുൾപ്പടെയുള്ള അടുത്ത ബന്ധുക്കളായിരുന്നു പിന്തുണച്ച മൂന്നു പേർ. ഇവരുടെ അവകാശവാദത്തെ തുടർന്ന്, നിർദ്ദേശിച്ച ഒരാളെയെങ്കിലും അവസാന ദിവസം ഹാജരാക്കാൻ നിലേഷിന് സമയം നൽകിയെങ്കിലും ഹാജരാക്കാൻ കഴിഞ്ഞില്ല. ബി.ജെ.പിയുടെ ഭീഷണിയെതുടർന്നാണ് മൂവരും സത്യവാങ്മൂലം നൽകിയതെന്നും ഹാജരാകാതിരുന്നതെന്നുമാണ് കോൺഗ്രസ് പറയുന്നത്. തുടർന്ന് നിലേഷിന്റെ പത്രിക തള്ളി. പകരക്കാരനായ സുരേഷ് പദാസാലിയെ നിർദ്ദേശിച്ചവരുടെ ഒപ്പുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ആ പത്രികയും തള്ളുന്നു. കോൺഗ്രസ് സ്ഥാനാർഥിയുടെ അഭിഭാഷകന്റെ അഭ്യർത്ഥന പ്രകാരം ഒപ്പിടുന്നതുമായി ബന്ധപ്പെട്ട വീഡിയോ പരിശോധിച്ചെങ്കിലും മൂവരുടെയും സാന്നിധ്യം കാണാൻ കഴിഞ്ഞില്ലെന്നാണ് പോളിങ്ങ് ഓഫീസർ പറയുന്നത്.
പത്രിക തള്ളിയതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾക്കുശേഷമാണ് തീർത്തും നാടകീയ സംഭവങ്ങളുണ്ടാകുന്നത്. കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനു പിന്നാലെ അവശേഷിച്ചിരുന്ന ഏഴ് സ്വതന്ത്രരും ബി.എസ്.പി സ്ഥാനാർഥിയും പത്രിക പിൻവലിച്ചു. ബി.ജെ.പിയുടെ വികസിത ഇന്ത്യ കാഴ്ചപ്പാടുകളിലും പ്രധാനമന്ത്രിയിലും ആകൃഷ്ടരായാണ് മറ്റുള്ളവരെല്ലാം പത്രിക പിൻവലിച്ചതെന്നാണ് ബി.ജെ.പി പറയുന്നത്.
ശരിക്കും നടന്നത്
ബി.ജെ.പിയുടെ ആസൂത്രണത്തിൽ നടന്ന അട്ടിമറി നീക്കമായി തുടക്കത്തിൽ കോൺഗ്രസ് ഈ ജയത്തെ വിശേഷിപ്പിച്ചുവെങ്കിലും, സ്വന്തം സ്ഥാനാർഥി തന്നെയാണ് ബി.ജെ.പിയുടെ വലംകൈയായി പ്രവർത്തിച്ചതെന്ന് പിന്നീട് തെളിഞ്ഞു.
പത്രികാസമർപ്പണം മുതൽ ബി.ജെ.പി പ്ലാനിനൊപ്പം അതീവ രഹസ്യമായി കരുക്കൾ നീക്കുകയായിരുന്നു നിലേഷ് കുംഭാനി. തന്റെ പത്രിക തള്ളിക്കളയാൻ പാകത്തിന് കോൺഗ്രസ് പ്രവർത്തകർക്കുപകരം സ്വന്തക്കാരെ കൊണ്ട് വ്യാജ ഒപ്പിടുവിച്ചത് ഈ പ്ലാനിന്റെ ഭാഗമായിരുന്നു. ബന്ധുക്കളായ ജഗ്ദിയാ സവാലിയ, ബിസിനസ് പങ്കാളികളായ ധ്രുവിൻ ധാമേലിയ, രമേശ് പോൽറാ എന്നിവരാണ് നിലേഷിന്റെ പത്രികയിൽ വ്യാജ ഒപ്പിട്ടത്.
കോൺഗ്രസ് ഡമ്മി സ്ഥാനാർഥിയായി സുരേഷ് പഡ്‌സാലയെ കൊണ്ടുവന്നതും നിലേഷ് തന്നെ. മാത്രമല്ല, സുരേഷിന്റെ പത്രികയും നിലേഷ് ഇതേവിധം കൃത്രിമമായി, തള്ളാൻ പാകത്തിന് ഒപ്പിച്ചെടുത്തു. മറ്റൊരു ബന്ധുവായ ഭൗതിക് കോൽഡിയയാണ് സുരേഷ് പഡ്‌സാലയുടെ പത്രികയിൽ ഒപ്പിട്ടത്. വ്യാജ ഒപ്പിട്ട ബന്ധുക്കളെ പത്രികാ സമർപ്പണ സമയത്ത് റിട്ടേണിംഗ് ഓഫീസർക്കുമുന്നിൽ ഹാജരാക്കിയുമില്ല. മാത്രമല്ല, പത്രികാസമർപ്പണം കഴിഞ്ഞ് നിലേഷ് 'ദുരൂഹസാഹചര്യത്തിൽ' അപ്രത്യക്ഷനാകുകയും ചെയ്തു.
തൊട്ടുപുറകെ, അവശേഷിച്ച പ്രധാന സ്ഥാനാർഥിയായ ബി.എസ്.പിയുടെ പ്യാരേലാൽ ഭാരതിയെ കണ്ടെത്തി സമ്മർദ്ദത്തിലാക്കി ബി.ജെ.പി, അദ്ദേഹത്തിന്റെ പത്രിക പിൻവലിപ്പിച്ചു. ഇതിനുപുറകേ, സർദാർ വല്ലഭായ് പട്ടേൽ പാർട്ടി, ഗ്ലോബൽ റിപ്പബ്ലിക്കൻ പാർട്ടി, ലോഗ് പാർട്ടി എന്നിവയുടെ സ്ഥാനാർഥികളെയും ബി.ജെ.പി വിലക്കെടുത്തു, അവസാന ദിവസം ഇവരുടെയും പത്രിക പിൻവലിച്ചു.
അവശേഷിച്ച നാല് സ്വതന്ത്രരെ ബി.ജെ.പി ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് പത്രിക പിൻവലിക്കാനുള്ള സമ്മർദം ചെലുത്തിയത്. തുടർന്ന് ഇവരും പത്രിക പിൻവലിച്ചതോടെ 'എതിരില്ലാത്ത' ജയത്തിന് കളമൊരുങ്ങി.
റിയൽ എസ്‌റ്റേറ്റ് കച്ചവടവും ഭൂമി ബ്രോക്കറുമായി നടന്നിരുന്ന നിലേഷ് ഹാർദിക് പട്ടേലുമായുള്ള അടുപ്പത്തിലൂടെയാണ് കോൺഗ്രസിലെത്തിയത്. 2015-ൽ തുടങ്ങിയ പട്ടീദാർ പ്രക്ഷോഭത്തിലെ മുൻനിരയിൽ നിലേഷുമുണ്ടായിരുന്നു. 2021-ൽ സൂറത്ത് നഗരസഭാ തെരഞ്ഞെടുപ്പിൽ നിലേഷ് മത്സരിച്ചെങ്കിലും തോറ്റു. സൂറത്തിൽ ഇത്തവണ പ്രദേശവാസിയായ മുകേഷ് ദലാലിനെ സ്ഥാനാർഥിയാക്കിയതോടെയാണ് പട്ടീദാർ സമുദായത്തിലെ നിലേഷിനെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചത്. സൂറത്തിൽ ആകെയുള്ള 18 ലക്ഷം വോട്ടർമാരിൽ 6.50 ലക്ഷം പട്ടീദാർ സമുദായക്കാരാണ്.
ജനാധിപത്യം നേരിടുന്ന വലിയ ഭീഷണിക്ക് തെളിവാണ് സൂറത്തിലെ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക തള്ളിയ നടപടിക്കു പിന്നിൽ ക്രമക്കേടുണ്ടെന്നാണ് കോൺഗ്രസ് ആരോപണം. പത്രിക പിൻതള്ളിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിയമനടപടിക്കൊരുങ്ങുകയാണ്. ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ശക്തിസിങ് ഗോഹ്ലി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. സൂറത്ത് സീറ്റിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഗുജറാത്തിൽ ആംആദ്മി പാർട്ടിയും കോൺഗ്രസും ‘ഇന്ത്യ’ മുന്നണിയുടെ ബാനറിലാണ് മത്സരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദ്യ താമര, ഗുജറാത്ത് ബി.ജെ.പിയുടെ വകയെന്നാണ് ഗുജറാത്ത് അധ്യക്ഷൻ സി.ആർ പാട്ടീൽ പറയുന്നത്. 2019-ൽ ഗുജറാത്തിലെ 26 സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ചത്. അഞ്ചു വർഷങ്ങൾക്കുശേഷം മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. ജി.എസ്.ടിയുടെ പേരിൽഗുജറാത്തിലെ വ്യവസായ മേഖലയിലുള്ള പ്രശ്‌നങ്ങളും രജപുത്ര രോഷവുമെല്ലാം ബി.ജെ.പിയുടെ ഏകപക്ഷീയമായ തിരിച്ചുവരവിന് പ്രതിബന്ധമാണ്.