ഗുജറാത്തിലെ സൂറത്തിൽ ബി.ജെ.പി ഒപ്പിച്ചെടുത്ത ‘എതിരില്ലാത്ത ജയം’ അതേപടി മധ്യപ്രദേശിലെ ഇൻഡോറിൽ ആവർത്തിക്കാനാകില്ല. ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് ബാമിനെക്കൊണ്ട് സ്ഥാനാർത്ഥിത്വം പിൻവലിച്ച് ബി.ജെ.പിയിൽ ചേർക്കാനായെങ്കിലും സ്വതന്ത്രർ അടക്കം 14 എതിർ സ്ഥാനാർത്ഥികളുള്ളതിനാൽ വോട്ടെടുപ്പ് മറികടന്ന് ‘എതിരില്ലാത്ത ജയ’ത്തിലെത്താൻ ബി.ജെ.പിക്കാകില്ല. എതിർ സ്ഥാനാർഥികളിൽ ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ പോന്ന സ്ഥാനാർത്ഥികളില്ലാത്തത് ശങ്കർ ലാൽവനിയുടെ വിജയം എളുപ്പമാക്കും എന്നുമാത്രം.
മത്സരരംഗത്തുണ്ടായിരുന്ന ചെറു കക്ഷികളും ഏതാനും സ്വതന്ത്ര സ്ഥാനാർത്ഥികളും പത്രിക പിൻവലിച്ചതോടെ ഇൻഡോറിൽ ‘സൂറത്ത് മോഡൽ’ ആവർത്തിക്കുമെന്ന പ്രതീതിയുണ്ടായിരുന്നു. എങ്കിലും എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) യും ചില സ്വതന്ത്ര സ്ഥാനാർത്ഥികളും പത്രിക പിൻവലിക്കാതെ ഉറച്ചുനിന്നതോടെ ബി.ജെ.പിയുടെ ‘എതിരില്ലാത്ത ജയം’ എന്ന സ്വപ്നം പൊലിഞ്ഞു.
ബി.എസ്.പി സ്ഥാനാർഥിയെ അടക്കം പിൻവലിപ്പിക്കാനായതോടെ എസ്.യു.സി.ഐ (സി) സ്ഥാനാർത്ഥി അജിത് സിംഗ് പൻവാറിനും സ്വതന്ത്ര സ്ഥാനാർഥികൾക്കും മേൽ ബി.ജെ.പി കടുത്ത സമ്മർദം ചെലുത്തിയിരുന്നു. പണവും സ്ഥാനങ്ങളും വാഗ്ദാനം ചെയ്തു. അതോടൊപ്പം, അജത് സിങ് പൻവാറിന്റെ പത്രികയിൽ ഒപ്പിട്ടവരോട് അവരുടെ പിന്തുണ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയുമുണ്ടായി. എസ്.യു.സി.ഐ (സി) സംസ്ഥാന സെക്രട്ടറി പ്രതാപ് സമലിന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഇൻഡോർ യൂണിറ്റും പാർട്ടി സ്ഥാനാർഥിയെ പിൻവലിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിന്നു.
അക്ഷയ് ബാം പിന്മാറിയതിനെതുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായ മുൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ ധർമേന്ദ്ര സിംഗ് ജാലയുടെ പത്രിക പിൻവലിക്കപ്പെട്ടതും വിവാദമായിട്ടുണ്ട്. പത്രിക പിൻവലിക്കപ്പെട്ടത് തന്റെ അറിവോടെയല്ലെന്നും പത്രിക പിൻവലിക്കാനുള്ള ഫോമിൽ രേഖപ്പെടുത്തിയിരിക്കുന്നത് തന്റെ ഒപ്പ് അല്ലെന്നും ധർമേന്ദ്ര സിംഗ് പറഞ്ഞു. 'ഇതു വഞ്ചനയാണ്, റിട്ടേണിംഗ് ഓഫീസർക്ക് രേഖമൂലം പരാതി നൽകിയിട്ടുണ്ട്, അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്' - അദ്ദേഹം പറഞ്ഞു. ഇൻഡോർ തെരഞ്ഞെടുപ്പ് ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി എത്തിയ ധർമേന്ദ്ര സിംഗിനെ ബലം പ്രയോഗിച്ചു മാറ്റുകയായിരുന്നു.
പത്രിക പിൻവലിക്കാൻ താൻ അപേക്ഷ നൽകിയിട്ടില്ലെന്ന് പത്രിക പിൻവലിക്കപ്പെട്ട മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയായ ദിലീപ് താക്കറും പറഞ്ഞു.
എന്നാൽ ധർമേന്ദ്ര സിംഗിന്റെയും ദിലീപ് താക്കറിന്റെയും പത്രിക പിൻവലിക്കാൻ ഇരുവരുടെയും പ്രൊപ്പോസർമാർ, പത്രിക പിൻവലിക്കാനുള്ള അപേക്ഷ ഉൾപ്പെടുന്ന അഞ്ചാം നമ്പർ ഫോം സമർപ്പിച്ചിരുന്നുവെന്നും അതിൽ അവർ ഒപ്പു വച്ചിട്ടുണ്ടെന്നും അത് പ്രകാരമുള്ള നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് ഇൻഡോർ ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചത്.
ലീലാധർ ചൗഹാൻ, സുനിൽ അഹിർവാർ, നസീർ ഖാൻ, ഭാവന സംഗേലിയ, ജയദേവ് പർമാർ, വിജയ് ഇംഗ്ലെ എന്നിവരാണ് പത്രിക പിൻവലിച്ച മറ്റ് സ്ഥാനാർത്ഥികൾ.
പത്രിക പിൻവലിക്കാൻ തയ്യാറാകാത്ത സ്വതന്ത്ര സ്ഥാനാർത്ഥികളുള്ളതിനാൽ ബി ജെ പിയുടെ ‘സൂറത്ത് മോഡൽ’ ഇൻഡോറിൽ നടപ്പിലാവില്ലെന്ന ആശ്വാസത്തിലാണ് പ്രതിപക്ഷം.
വർഷങ്ങളായി ബി ജെ പി ജയിക്കുന്ന ഇൻഡോറിൽവിജയം ഏറെക്കുറെ ദുഷ്‌കരമായിരുന്നുവെങ്കിലും യുവനേതാവായ അക്ഷയ ബാമിനെ, പ്രാദേശിക ഘടകങ്ങളുടെ എതിർപ്പ് മറികടന്ന് പ്രതീക്ഷയോടെയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തിറക്കിയത്. നിയമബിരുദധാരിയും ഗവേഷണ ബിരുദവുമുള്ള അക്ഷയ് പത്തുവർഷം മുൻപാണ് കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും സീറ്റ് ലഭിച്ചില്ല. ഇൻഡോറിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ അടുത്തിടെ ബി ജെ പിയിലേക്ക് മാറിയതിനു പിന്നാലെയാണ് ഇക്കുറി അക്ഷയ്ക്ക് അവസരം ലഭിച്ചത്.
അക്ഷയ ബാമിന് മേൽ സമ്മർദ്ദം ചെലുത്തിയാണ് ബി.ജെ.പി സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചത്. 17 വർഷം മുമ്പുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽഅക്ഷയ്‌ക്കെതിരെ വധശ്രമത്തിന്റെ വകുപ്പുകൂടി പുതുതായി ചേർത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് അക്ഷയുടെ പിന്മാറ്റവും ബി ജെ പി പ്രവേശവും.
കഴിഞ്ഞ ഏപ്രിൽ 22ന് ഗുജറാത്തിലെ സൂറത്തിൽ മറ്റ് സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചതോടെ ബി ജെ പി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംബാനിയുടെ പത്രികയിൽ ഒപ്പുവച്ച മൂന്ന് പേരും അവസാന നിമിഷം ഒപ്പ് തങ്ങളുടേതല്ലെന്ന് പറഞ്ഞതോടെയാണ് നിലേഷിന്റെ പത്രിക തള്ളിയത്. മറ്റ് എട്ടുപേർ കൂടി മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഇവരും പത്രിക പിൻവലിച്ചു. സൂറത്തിലെ ബി ജെ പിയുടെ വിജയപ്രഖ്യാപനത്തെ നിയമപരമായി നേരിടാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. പൊതുയോഗങ്ങൾ സംഘടിപ്പിച്ചും വോട്ടർമാരെ സന്ദർശിച്ചും നോട്ടയ്ക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുമെന്ന് മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
മധ്യപ്രദേശിലെ തന്നെ ഖജുരാഹോ ലോക്സഭ മണ്ഡലത്തിലും സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി മീരാ യാദവിന്റെ പത്രിക തള്ളിയിരുന്നു. പത്രികയിലെ ‘ബി’ ഫോമിൽ ഒപ്പിട്ടിട്ടില്ലെന്നും പഴയ വോട്ടർ ഐ.ഡിയുടെ പകർപ്പാണ് ഹാജരാക്കിയതെന്നും കാണിച്ചാണ് മീരാ യാദവിന്റെ പത്രിക തള്ളിയത്. ബി.ജെ.പി സ്ഥാനാർഥിയുടെ വിജയം തടയാൻ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും അഖിലേന്ത്യ ഫോർവേഡ് ബ്ലോക്ക് സ്ഥാനാർഥി ആർ.ബി. പ്രജാപതിക്ക് പിന്തുണ നൽകിയിരിക്കുകയാണ്. പ്രജാപതിയെ 'ഇന്ത്യ' സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ വിഷ്ണുദത്ത് ശർമയുടെ സിറ്റിംഗ് സീറ്റായ ഇവിടെ ഇത്തവണയും അദ്ദേഹമാണ് മത്സരിക്കുന്നത്. ഏപ്രിൽ 26നു നടന്ന രണ്ടാം ഘട്ടത്തിലായിരുന്നു ഇവിടെ വോട്ടെടുപ്പ്.