മഹാഭാരത കഥയിൽ, ചൂതാട്ടത്തിലെ ശകുനിയുടെ ചതിയാണ് പാണ്ഡവർക്ക് രാജ്യം നഷ്ടമാക്കിയത്. തന്റെ പിതാവിനെയും സഹോദരങ്ങളെയും തുറങ്കലിലടച്ച് ഭക്ഷണം നല്കാതെ വധിച്ച ഭീഷ്മരോടുള്ള പ്രതികാരമാണ് പുരുവംശത്തെ തകർക്കാൻ ശകുനിയെ പ്രേരിപ്പിക്കുന്നത്. സമാനമായ മറ്റൊരു പകയുടെ കഥ ഇന്ത്യൻ രാഷ്ട്രീയത്തിലും കാണാം. 2010- ൽ പി. ചിദംബരം യു.പി.എ സർക്കാരിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായ അമിത് ഷായെ വ്യാജ ഏറ്റുമുട്ടൽ കേസിൽ സി ബി ഐ അറസ്റ്റ് ചെയ്യുന്നത്. മൂന്നു മാസം അമിത് ഷായ്ക്ക് ജയിൽവാസം അനുഭവിക്കേണ്ടി വരികയും 2012 വരെ ഗുജറാത്തിൽ പ്രവേശിക്കുന്നതിന് അനുമതി നിഷേധിക്കപ്പെടുകയും ചെയ്തു. എന്നാൽ ഇതിനെതിരെ പ്രതികാരം ചെയ്യാനുള്ള കരുക്കൾ ആ നിമിഷം മുതൽ അമിത് ഷാ ഒരുക്കിത്തുടങ്ങിയിരുന്നു. ഗുജറാത്തിൽ നിന്ന് പുറത്താക്കപ്പെട്ട അമിത് ഷാ പിന്നീട് പ്രവർത്തിച്ചതത്രയും ഡൽഹിയും ഉത്തർ പ്രദേശും കേന്ദ്രീകരിച്ചായിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ അതോടെയാണ് കോൺഗ്രസിന്റെ ഹിന്ദി ഹൃദയ ഭൂമിയിലെ പതനം ആരംഭിക്കുന്നതും.
ശകുനി മായിക പകിടയൊരുക്കിയതുപോലെ യു. പി. എ സർക്കാരിനെതിരെ അഴിമതിയുടെ മായികലോകം സൃഷ്ടിക്കപ്പെട്ടു. അതിലെ കരുക്കളായി അണ്ണാ ഹസ്സാരയും അരവിന്ദ് കെജ്രിവാളുമൊക്കെ ഉപയോഗിക്കപ്പെട്ടു. അങ്ങനെയാണ് 2014- ൽ ബി ജെ പി അധികാരത്തിൽ വരുന്നത്. ശിഷ്ടകാലം പാണ്ഡവർക്ക് ലഭിച്ചതുപോലെയൊരു വനവാസമായിരുന്നു കോൺഗ്രസിനും. അധികാരത്തിന്റെ സകല ഇടനാഴികളിൽ നിന്നും കോൺഗ്രസ് അകറ്റി നിർത്തപ്പെട്ടു. 2010- ൽ തനിക്ക് നേരിട്ട അറസ്റ്റിനു പകരമെന്നോണം 2020- ൽ അമിത് ഷാ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ കളപ്പണം വെളുപ്പിക്കൽ കേസിൽ 106 ദിവസം പി. ചിദംബരത്തിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നു.
വാനവാസത്തിനുശേഷമുള്ള പാണ്ഡവരുടെ മടങ്ങി വരവ് മഹാഭാരത യുദ്ധത്തിലേക്കാണ് നയിച്ചതെങ്കിൽ ഭാരത് ജോഡോ ഉൾപ്പടെയുള്ള കോൺഗ്രസ് മുന്നേറ്റങ്ങൾ അതിനെ 2024- ലെ തെരഞ്ഞെടുപ്പിലേക്ക് പ്രാപ്തരാക്കുകയാണ് ചെയ്തത്. മറ്റൊരു തരത്തിൽ ഒരു മഹാഭാരത യുദ്ധത്തിന്റെ സകല സന്നാഹങ്ങളോടെയുമാണ് ഈ രാജ്യം 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നടന്നു നീങ്ങിയത്.
കേന്ദ്ര ഏജൻസികളുടെയും പണത്തിന്റെയും അധികാരത്തിന്റെയും കരുത്തിലാണ് ബി ജെ പി ഈ തെരഞ്ഞെടുപ്പിലേക്ക് നടന്നുനീങ്ങിയത്. മറുവശത്ത് കോൺഗ്രസാകട്ടെ മരവിപ്പിക്കപ്പെട്ട ബാങ്ക് അക്കൗണ്ടുമായി നിരന്തര സമ്മർദ്ദത്തിലൂടെയാണ് മുന്നോട്ടു പോയത്. പ്രാദേശിക ശക്തികളെ കോർത്തിണക്കി ‘ഇന്ത്യ’ മുന്നണി രൂപീകരിച്ചാണ് കോൺഗ്രസ് ശക്തി സംഭരിച്ചത്.
അടിസ്ഥാനപരായി ബി ജെ പിക്ക് വോട്ട് ചെയ്തിരുന്നവർ പോലും വികസനത്തിനായി ഇനി അവരെ ആശ്രയിച്ചിട്ട് കാര്യമില്ലെന്ന യാഥാർഥ്യബോധത്തിലേക്ക് എത്തിയിരിക്കുന്നു. ഇതാണ് ഒന്നാം ഘട്ടത്തിലെ പോളിങ് കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളിൽ നാലും അവസാനിച്ചിരിക്കുന്നു. ഇതോടെ 23 സംസ്ഥാനങ്ങളും, മുഴുവൻ കേന്ദ്രഭരണ പ്രദേശങ്ങളും, 379 സീറ്റുകളും പൂർണ്ണമായും വിധിയെഴുതിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന മുഴുവൻ സീറ്റുകളുടെ 70 ശതമാനവും വോട്ടിങ് പൂർത്തിയാക്കിയതോടെ തെരഞ്ഞെടുപ്പ് ചിത്രവും ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 66.95% വോട്ടുകളാണ് നാല് ഘട്ടങ്ങളിലുമായി രേഖപ്പെടുത്തിയത്. 2019- ൽ ഇത് 67.4% ആയിരുന്നു.
45 കോടി പത്ത് ലക്ഷം പേരാണ് ഇതുവരെ വോട്ടു ചെയ്തത്. നാല് ഘട്ടങ്ങൾക്കുശേഷം 2024 ലെയും 2019 ലെയും വോട്ടിംഗ് ശതമാനം താരതമ്യം ചെയ്താൽ അവ തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ഓരോ ഘട്ടവും കഴിയുമ്പോഴുള്ള വോട്ടിങ് ശതമാനം പരിശോധിച്ചാൽ ഇവയ്ക്കിടയിൽ വലിയ അന്തരമുണ്ടെന്ന് ബോധ്യപ്പെടും. ആദ്യ ഘട്ടത്തിൽ 3.75 ശതമാനത്തിന്റെയും രണ്ടാം ഘട്ടത്തിൽ 2.93 ശതമാനത്തിന്റെയും മൂന്നാം ഘട്ടത്തിൽ 1.32 ശതമാനത്തിന്റെയും കുറവ് 2019- നെ അപേക്ഷിച്ച് വ്യക്തമാണ്.
പോളിങ് ശതമാനം കുറയുന്ന ഈ ട്രൻഡ് ബി ജെ പിയെ ആശങ്കപ്പെടുത്തുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. അടിസ്ഥാനപരായി ബി ജെ പിക്ക് വോട്ട് ചെയ്തിരുന്നവര്‍ പോലും ബി ജെ പിക്ക് വോട്ട് ചെയ്തിരുന്നവർ പോലും വികസനത്തിനായി ഇനി അവരെ ആശ്രയിച്ചിട്ട് കാര്യമില്ലെന്ന യാഥാർഥ്യബോധത്തിലേക്ക് എത്തിയിരിക്കുന്നു. ഇതാണ് ഒന്നാം ഘട്ടത്തിലെ പോളിങ് കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. ഈ തിരിച്ചറിവ് ആദ്യം ഉണ്ടായത് ബി ജെ പിക്കു തന്നെയാണ്. അതുകൊണ്ടാണ് മോദിയുടെ ഗ്യാരണ്ടിയിൽ 400 സീറ്റ് സ്വന്തമാക്കുമെന്ന് പ്രചാരണം നടത്തിയിരുന്നവർ ഒന്നാം ഘട്ടത്തിനുശേഷം മറ്റ് വിഷയങ്ങൾക്ക് ഊന്നൽ നല്കാൻ ആരംഭിച്ചത്.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും അത്ഭുതകരമായ കാഴ്ച നരേന്ദ്ര മോദി അദാനിയെയും അംബാനിയും തള്ളിപ്പറയുന്നതായിരുന്നു.
ഇതിൽ പ്രധാനപ്പെട്ടത് പ്രധാനമന്ത്രിയുടെ തന്നെ നേതൃത്വത്തിൽ നടത്തിയ വിദ്വേഷ പ്രസംഗങ്ങളും നുണ പ്രചാരണങ്ങളുമാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെ അതിതീവ്രമായ ഭാഷയിലാണ് പ്രധാനമന്ത്രി വിദ്വേഷപ്രസംഗം നടത്തിയത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിങ്ങളുടെ താലിയും സ്വർണ്ണവും അവർ നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകും എന്നാണ് നരേന്ദ്രമോദി പ്രസംഗിച്ചത്. കോൺഗ്രസ് മാനിഫെസ്റ്റോയിൽ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിച്ചും പ്രതിപക്ഷസഖ്യത്തെ ഹിന്ദു വിരുദ്ധസഖ്യമായി ചിത്രീകരിക്കാൻ ശ്രമിച്ചും തെരഞ്ഞെടുപ്പ് അജണ്ട വർഗീയ വിഷയങ്ങളിൽ കേന്ദ്രീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. തെരഞ്ഞെടുപ്പിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലാണ് ഈ പ്രതിഭാസം നാം കൂടുതലായി കണ്ടത്.
എന്നാൽ ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കുന്ന പതിവുരീതി വെടിഞ്ഞ് പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. കോൺഗ്രസ് 55 കൊല്ലം രാജ്യം ഭരിച്ചിട്ട് എപ്പോഴാണ് നിങ്ങളുടെ താലിയും സ്വർണവും പിടിച്ചെടുത്തിട്ടുള്ളത് എന്ന പ്രിയങ്ക ഗാന്ധിയുടെ ചോദ്യം മോദിക്കുള്ള കൃത്യമായ മറുപടിയായിരുന്നു. തന്റെ മാതാവിന് അവരുടെ താലി ഉപേക്ഷിക്കേണ്ടി വന്നത് ഈ രാജ്യത്തിനു വേണ്ടിയാണെന്ന് പ്രിയങ്ക കൃത്യമായി പറഞ്ഞുവച്ചപ്പോൾ അതിന് ജനങ്ങൾക്കിടയിൽ വൈകാരികമായ സ്വീകാര്യത ലഭിച്ചു. കൂടുതൽ കുട്ടികളുള്ളത് ന്യൂനപക്ഷങ്ങൾക്ക് മാത്രമാണോ എന്ന് ചോദിക്കാനുള്ള ധൈര്യം മല്ലികാർജുൻ ഖാർഗെ കാണിച്ചു. ദാരിദ്ര്യമുള്ള വീടുകളിൽ കുട്ടികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും തനിക്കും അഞ്ചു മക്കളുണ്ട് എന്നും ഖാർഗെ പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും അത്ഭുതകരമായ കാഴ്ച നരേന്ദ്ര മോദി അദാനിയെയും അംബാനിയും തള്ളിപ്പറയുന്നതായിരുന്നു. അംബാനിയും അദാനിയും കോൺഗ്രസിന് ടെമ്പോയിൽ കാശ് എത്തിച്ചതുകൊണ്ടാണോ രാഹുൽ ഗാന്ധി അവരെ വിമർശിക്കുന്നത് അവസാനിപ്പിച്ചത് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യം. ഇത്തവണ മോദിക്ക് മറുപടിയുമായി എത്തിയത് രാഹുൽഗാന്ധി തന്നെയായിരുന്നു. ടെമ്പോയിലാണ് കാശു കൊണ്ടുവരുന്നത് എന്നുള്ളത് സ്വന്തം അനുഭവത്തിൽ നിന്നും പറയുന്നതാണോ എന്ന് രാഹുൽ മോദിയോട് ചോദിച്ചു. അംബാനിയും അദാനിയും അനധികൃതമായി പണം കൈവശം വയ്ക്കുന്നുണ്ട് എന്ന് പ്രധാനമന്ത്രിക്ക് ഉറപ്പുണ്ടെങ്കിൽ എന്തുകൊണ്ടാണ് അവർക്കെതിരെ ഇ.ഡി യെ അയക്കാത്തതെന്നും രാഹുൽ ചോദിച്ചിട്ട് ദിവസങ്ങൾ ഏറെയായിരിക്കുന്നു. ഇതുവരെയും അതിന് തൃപ്തികരമായ മറുപടി നൽകാൻ നരേന്ദ്ര മോദിക്കോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല. ധ്രുവ് റാഠിയെ പോലെയുള്ള യൂട്യൂബർമാരും ബി ജെ പിയുടെ അജണ്ടകൾക്കു മുകളിൽ ശക്തമായ പ്രതിരോധമാണ് തീർത്തത്.
നിങ്ങൾക്ക് അവരെ വിശ്വസിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ആശയക്കുഴപ്പത്തിലാക്കുക എന്നത് ലോകത്തുടനീളം വലതുപക്ഷം ഉപയോഗിച്ചു പോരുന്ന തന്ത്രമാണ്. ഇന്ത്യയിൽ ഇത് ഏറ്റവും സമർത്ഥമായി ഉപയോഗിച്ചിട്ടുള്ളത് ബി ജെ പി തന്നെയാണ്. അവരുടെ അതേ ആയുധം അവർക്ക് നേരെ ഉപയോഗിക്കുകയായിരുന്നു കെജ്രിവാൾ.
തെരഞ്ഞെടുപ്പ് നാലാം ഘട്ടത്തിൽ എത്തിയതോടെ പ്രധാനമന്ത്രി തന്റെ വർഗീയ പരാമർശങ്ങളിൽ നിന്ന് പിന്നിലേക്ക് പോകുന്നു എന്ന തോന്നലാണ് ഉണ്ടാക്കിയത്. ഹിന്ദു- മുസ്‍ലിം ഭിന്നിപ്പ് സൃഷ്ടിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന അവകാശവാദവുമായി ഒരു ചാനൽ അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുന്ന നരേന്ദ്രമോദിയെയാണ് പിന്നീട് രാജ്യം കണ്ടത്. വിദ്വേഷ പ്രചരണങ്ങൾക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കുന്നില്ല എന്ന് തോന്നിയതുകൊണ്ടാവാം ഒരുപക്ഷേ ഈ ഭാവമാറ്റം. ജനങ്ങൾ അവരുടെ അടിസ്ഥാന പ്രശ്നങ്ങളായ തൊഴിലില്ലായ്മയെ കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും സംസാരിക്കുമ്പോൾ അതിനെ നേരിടാൻ വർഷങ്ങളായി ഉപയോഗിച്ച് പഴകിയ ഹിന്ദു- മുസ്‍ലിം കാർഡ് പോരെന്ന് മോദിക്കു തന്നെ ബോധ്യപ്പെട്ടിട്ടുണ്ടാവാം.
നാലാമത്തെ തെരഞ്ഞെടുപ്പിനുശേഷമാണ് രാജ്യത്തെ രാഷ്ട്രീയചൂട് പാരമ്യത്തിൽ എത്തിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതാണ് നിർണായകമായത്. തിരിച്ചെത്തിയ കെജ്രിവാൾ ‘ഇന്ത്യ’ സഖ്യത്തിന്റെ സ്റ്റാർ കാമ്പയിനറായി മാറി. നിങ്ങൾക്ക് അവരെ വിശ്വസിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ആശയക്കുഴപ്പത്തിലാക്കുക എന്നത് ലോകത്തുടനീളം വലതുപക്ഷം ഉപയോഗിച്ചു പോരുന്ന തന്ത്രമാണ്. ഇന്ത്യയിൽ ഇത് ഏറ്റവും സമർത്ഥമായി ഉപയോഗിച്ചിട്ടുള്ളത് ബി ജെ പി തന്നെയാണ്. അവരുടെ അതേ ആയുധം അവർക്ക് നേരെ ഉപയോഗിക്കുകയായിരുന്നു കെജ്രിവാൾ.
നരേന്ദ്രമോദിയുടെ പേരിൽ വോട്ട് ചോദിച്ച് അമിത് ഷായെയാണ് പ്രധാനമന്ത്രിയായി അവരോധിക്കാൻ പോകുന്നത് എന്ന കെജ്രിവാളിന്റെ പ്രസ്താവന വലിയ ആശയക്കുഴപ്പമാണ് ബി ജെ പി വോട്ടർമാർക്കിടയിൽ സൃഷ്ടിച്ചത്. ‘ഇന്ത്യ’ മുന്നണിയിലെ മറ്റു കക്ഷികൾ ഒരുമിച്ചുനിന്നത് ബി ജെ പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാൻ സഹായകമായിട്ടുണ്ടെങ്കിൽ ആം ആദ്മി പാർട്ടിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും സാന്നിധ്യം ബി ജെ പിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ ‘ഇന്ത്യ’ മുന്നണിയിലേക്ക് എത്തിച്ചേരാൻ കാരണമായി മാറിയിട്ടുണ്ട്. ഇതുവഴി കുറഞ്ഞപക്ഷം ചില ബി ജെ പി പ്രവർത്തകരെയെങ്കിലും, പോളിംഗ് ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് മനസ്സ് മടുപ്പിച്ചിട്ടുണ്ട്.
ഭരണഘടന അപകടത്തിലാണ് എന്ന പ്രതിപക്ഷ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യവും അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടപ്പിലാക്കും എന്ന വാഗ്ദാനവും ആദിവാസി, ദലിത്, ഒ ബി സി വിഭാഗങ്ങളിൽ ‘ഇന്ത്യ’ മുന്നണിക്ക് അനുകൂലമായ മനോഭാവം സൃഷ്ടിച്ചിട്ടുണ്ട്.
യോഗേന്ദ്രയാദവിനെ പോലെയുള്ള രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ പ്രകാരം 272 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ നിലവിൽ എൻ.ഡി.എ സംഖ്യം ബുദ്ധിമുട്ടും. കർണാടക, ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ജാർഖണ്ഡ്, ഹരിയാന, ഡൽഹി, തെലങ്കാന, ഉത്തർപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ‘ഇന്ത്യ’ സഖ്യം 2019- നെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കർഷകരുടെ സർക്കാർ വിരുദ്ധ വികാരവും, രജപുത്രർ ഉൾപ്പെടെയുള്ള ക്ഷത്രിയ വിഭാഗങ്ങൾ ബി ജെ പിയിൽ നിന്ന് അകന്നു പോയതും ഹിന്ദി ഹൃദയ ഭൂമിയിൽ ബി ജെ പിക്ക് തിരിച്ചടിയാകും. അഗ്നിവീർ പോലെയുള്ള പദ്ധതികളിലൂടെ സൈന്യത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്ന യുവാക്കളുടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും ബി ജെ പിക്ക് നഷ്ടമായിട്ടുണ്ട്. ഭരണഘടന അപകടത്തിലാണ് എന്ന പ്രതിപക്ഷ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യവും അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടപ്പിലാക്കും എന്ന വാഗ്ദാനവും ആദിവാസി, ദലിത്, ഒ ബി സി വിഭാഗങ്ങളിൽ ‘ഇന്ത്യ’ മുന്നണിക്ക് അനുകൂലമായ മനോഭാവം സൃഷ്ടിച്ചിട്ടുണ്ട്. ചില ദേശീയ മാധ്യമങ്ങൾ ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തോട് കൂടുതൽ ആഭിമുഖ്യത്തോടെ പെരുമാറിയതും സ്റ്റോക്ക് മാർക്കറ്റിലുണ്ടായ ഇടിവുമൊക്കെ ബി ജെ പി പരാജയപ്പെടാനുള്ള സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ തെരഞ്ഞെടുപ്പിലെ നിർണായക ഘടകമായി മാറാൻ പോകുന്നത് സ്ത്രീ വോട്ടർമാരായിരിക്കും. ആദ്യ നാല് ഘട്ടം കഴിയുമ്പോൾ ‘ഇന്ത്യ’ മുന്നണിയും ബി ജെ പിയും ഏറെക്കുറെ ഒപ്പത്തിനൊപ്പം എന്ന് തന്നെ വിലയിരുത്താം. അതുകൊണ്ടുതന്നെ ഇനി നടക്കാനിരിക്കുന്ന അവസാന മൂന്നു ഘട്ട പോളിംഗ് ഇരു സഖ്യങ്ങൾക്കും നിർണായകമാണ്.
നൂറു വർഷമായി ആർ എസ് എസ് കഠിനാധ്വാനം നടത്തിയതിന്റെ ഫലമായിട്ടാണ് ബി ജെ പി നിലവിൽ ഇത്രയും ശക്തമായ നിലയിൽ അധികാരത്തിലിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു സാഹചര്യത്തിൽ, പരാജയം രുചിക്കേണ്ടി വന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുമ്പുണ്ടായിരുന്നതുപോലെ സുഗമമായ ഒരു അധികാര കൈമാറ്റം ഉണ്ടാകുമോ എന്ന് കാത്തിരുന്നുതന്നെ കാണേണ്ടതാണ്.