‘ഡൽഹി ചലോ’ പ്രക്ഷോഭകർക്കുനേരെ കണ്ണീർവാതകം പ്രയോഗിക്കുന്നു / Photo: Groundxero

‘ഡൽഹി ചലോ’യും ഗ്രാമീൺ ബന്ദും
ബി.ജെ.പിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയവും

ഒരേ ആവശ്യത്തിനായി നടത്തുന്ന രണ്ടു സമരങ്ങളെ മുൻനിർത്തി, കർഷകർക്കിടയിൽ ഭിന്നിപ്പുണ്ടെന്ന് വരുത്തിത്തീർത്ത്, മുതലെടുപ്പുനടത്താൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നുണ്ടോ? ഉണ്ട് എന്നാണ് കേന്ദ്ര സർക്കാറിന്റെയും ബി.ജെ.പിയുടെയും നീക്കം തെളിയിക്കുന്നത്.

സംയുക്ത കിസാൻ മോർച്ച- നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഡൽഹി ചലോ മാർച്ചും 16-ന് സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്രാമീൺ ബന്ദും ഒരേ ആവശ്യങ്ങളാണ് മുന്നോട്ടുവക്കുന്നത്. ഒരേ ആവശ്യത്തിനായി നടത്തുന്ന രണ്ടു സമരങ്ങളെ മുൻനിർത്തി, കർഷകർക്കിടയിൽ ഭിന്നിപ്പുണ്ടെന്ന് വരുത്തിത്തീർത്ത്, മുതലെടുപ്പുനടത്താൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നുണ്ടോ? ഉണ്ട് എന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.

ആദ്യഘട്ട കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയുമായി സർക്കാർ ചർച്ചക്ക് താൽപര്യപ്പെടുന്നില്ല എന്നും പകരം മറ്റു ചില സംഘടനകളുമായി ചർച്ച നടത്തി കർഷകർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമം എന്നുമാണ് സംയുക്ത കിസാൻ മോർച്ച കുറ്റപ്പെടുത്തുന്നത്. 'ഡൽഹി ചലോ' മാർച്ചിന് തലേന്ന് മൂന്ന് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ കർഷക സംഘടനകളുമായി നടത്തിയ ചർച്ചയും, ഇനിയും ചർച്ച നടത്താൻ സന്നദ്ധമാണെന്ന കേന്ദ്രത്തിന്റെ സൂചനയും സംയുക്ത കിസാൻ മോർച്ചയുടെ ആരോപണം ശരിവക്കുന്നു.

കർഷക മാർച്ച് തടയാൻ ഡൽഹി അതിർത്തിയിലെ റോഡുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് ബാരിക്കേഡുകളും കമ്പി വേലിയും / Photo:Groundxero

2020-ലെ പ്രക്ഷോഭത്തെ തുടർന്ന് മൂന്ന് കർഷക വിരുദ്ധ നിയമങ്ങളും പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായെങ്കിലും മറ്റു ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. മിനിമം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകർക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി, സമഗ്രമായ വിള ഇൻഷൂറൻസ് പദ്ധതി, മിനിമം പെൻഷൻ ആയിരം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ച ചെയ്ത് തീരുമാനത്തിലെത്താൻ സമിതിയെ നിയോഗിക്കാം എന്ന ഉറപ്പുപോലും പാഴായി. ഇതേ തുടർന്നാണ് രണ്ടാം ഘട്ട പ്രക്ഷോഭത്തിന് കർഷക സമൂഹം നിർബന്ധിതമായത്.

പി. കൃഷ്ണപ്രസാദ്

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ 26- 28 വരെ കുത്തിയിരിപ്പ് സമരവും ജനുവരി 26ന് ട്രാക്റ്റർ മാർച്ചും നടത്തി. ഇതിന്റെ തുടർച്ചയായാണ് ഫെബ്രുവരി 16-ന് ഗ്രാമീൺ ബന്ദ് നടത്താൻ തീരുമാനിച്ചത്. ഐ.എൻ.ടി.യു.സി മുതൽ സി.ഐ.ടി.യു വരെയുള്ള തൊഴിലാളി സംഘടനകളും മുഖ്യധാരക്കു പുറത്തുള്ളതടക്കമുള്ള സംഘടനകളും ഗ്രാമീൺ ബന്ദിലുണ്ട്. ആർ.എസ്.എസിനോട് കൂറില്ലാത്ത എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ചു എന്നതാണ് 16-ലെ സമരത്തിന്റെ പ്രത്യേകതയെന്നാണ് കർഷക പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന, അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് ട്രൂകോപ്പിയോടു പറഞ്ഞത്. ഡൽഹി ചലോ മാർച്ച് ആദ്യം ഫെബ്രുവരി 24നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, 16ന് ഗ്രാമീൺ ബന്ദ് പ്രഖ്യാപിച്ചപ്പോൾ, ഡൽഹി മാർച്ച് തിടുക്കത്തിൽ 13 ആക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ, ‘ഡൽഹി ചലോ’ക്ക് നേതൃത്വം നടത്തുന്ന വിഭാഗവുമായി ചർച്ച നടത്തി താൽക്കാലിക ഒത്തുതീർപ്പുണ്ടാക്കി പ്രക്ഷോഭം അവസാനിപ്പിച്ചാൽ അതിന്റെ ക്രെഡിറ്റ് നേടിയെടുക്കാം എന്നാണ് ബി.ജെ.പിയുടെ ‘സൃഗാല സൂ​ത്രം’.

കർഷക ഐക്യം തകർന്നുവോ?

അങ്ങനെയാണ് ഒരേ ആവശ്യം മുൻനിർത്തി രണ്ട് വിഭാഗങ്ങൾ നടത്തുന്ന പ്രക്ഷോഭമെന്ന നിലയിലേക്ക് കർഷക പ്രക്ഷോഭം മാറിയത്. 2020-ലെ കർഷക പ്രക്ഷോഭത്തിലുണ്ടായിരുന്ന കർഷക ഐക്യത്തെ തകർക്കാനായി എന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര സർക്കാറും ബി.ജെ.പിയും. അതുകൊണ്ടാണ്, ‘ഡൽഹി ചലോ’ മാർച്ചിനെ ഒരു വശത്ത് യുദ്ധസന്നാഹമൊരുക്കി അടിച്ചമർത്താനും മറുവശത്ത് ചർച്ചക്ക് തയാർ എന്ന പ്രതീതി സൃഷ്ടിച്ച് ദുർബലമാക്കാനും കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മിനിമം താങ്ങുവിലക്ക് നിയമപരിരക്ഷ എന്നതടക്കമുള്ള ഒരു ആവശ്യവും തിടുക്കത്തിൽ പരിഹരിക്കാനാകില്ലെന്ന കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ടെയുടെ പ്രസ്താവന, ഈ സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കുന്നു. അതായത്, 2020-ലെ പ്രക്ഷോഭത്തിന് സാധ്യമായ ദേശവ്യാപകമായ വെല്ലുവിളിയും സമ്മർദവും ഉയർത്താൻ ഡൽഹി ചലോ സമരത്തിന് കഴിയില്ല എന്നാണ് കേന്ദ്രവും ബി.ജെ.പിയും കരുതുന്നത്.

അർജുൻ മുണ്ടെ

പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നുമുള്ള കർഷകരാണ് പ്രധാനമായും ഡൽഹി ചലോ മാർച്ചിലുള്ളത്. 2020-ലെ പ്രക്ഷോഭത്തിൽ യു.പിയിലെ ജാട്ട് വിഭാഗം കൂടിയുണ്ടായിരുന്നതാണ് ബി.ജെ.പിയെ വിറപ്പിച്ചതെങ്കിൽ, ഇപ്പോൾ ഈ വിഭാഗവും അവരുടെ സംഘാടനത്തിലുള്ള ഖാപ്പുകളും നേതാവ് രാകേഷ് ടിക്കായത്തും 'ഡൽഹി ചലോ' സമരത്തിലില്ല. മാത്രമല്ല, ജാട്ട് സമൂഹത്തിന്റെയും കർഷകരുടെയും എക്കാലത്തെയും നേതാവായ ചരൺ സിങ്ങിന് ഭാരത രത്‌നം നൽകാനുള്ള രാഷ്ട്രീയ തന്ത്രം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ വിഭാഗത്തെ ഒപ്പം കൂട്ടാനുള്ളതായിരുന്നു. അതിന് ഉടൻ പ്രതികരണവുമുണ്ടായി, രാഷ്ട്രീയ ലോക് ദൾ ബി.ജെ.പിക്കൊപ്പം പോയി. പടിഞ്ഞാറൻ യു.പിയിലെ 29 ലോക്‌സഭാ സീറ്റിൽ ഏഴെണ്ണം ആർ.എൽ.ഡിക്ക് റിസർവ് ചെയ്യാൻ ഒരാഴ്ച മുമ്പ് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതാണ്. ഭാരതരത്‌ന കൊണ്ട് ഇന്ത്യ സഖ്യത്തെ പൊളിക്കുക മാത്രമല്ല, ജാട്ട് സമൂഹത്തെ കൈയിലെടുക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. കഴിഞ്ഞ കർഷക പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായിരുന്നു പടിഞ്ഞാറൻ യു.പി. അതുകൊണ്ട്, കർഷക പ്രക്ഷോഭം എത്ര മുന്നേറിയാലും അത് യു.പിയിൽ ബി.ജെ.പിക്ക് ഭീഷണിയാകില്ല എന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി.

രാകേഷ് ടിക്കായത്ത്

പഞ്ചാബിലും കർഷക സംഘടനകളെ ഭിന്നിപ്പിക്കാൻ ബി.ജെ.പി നീക്കം തകൃതിയാണ്. മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ എന്നത് കർഷകർക്ക് വിനയാകും എന്ന കാമ്പയിൻ പഞ്ചാബിൽ ബി.ജെ.പി ഏറ്റെടുത്തിട്ടുണ്ട്. ആപ് ഭരിക്കുന്ന പഞ്ചാബ് അടക്കമുള്ള ഒരു സംസ്ഥാനവും എന്തുകൊണ്ടാണ് ഈ തീരുമാനമെടുക്കാത്തത് എന്നും ബി.ജെ.പി ചോദിക്കുന്നു.

വർഗ ബഹുജന സംഘടനകളെ അണിനിരത്തി, ജനകീയ ഐക്യത്തിലൂടെ വേണം കാർഷിക പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ എന്നതാണ് സംയുക്ത കിസാൻ മോർച്ചയുടെ നിലപാട്.

2020-ലെ പ്രക്ഷോഭകാലത്തുണ്ടായ കർഷക സംഘടനാ ഐക്യത്തിലുണ്ടായ പിളർപ്പ് പഞ്ചാബിൽ തങ്ങൾക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്. ജാട്ട് സിഖ് വിഭാഗം പ്രക്ഷോഭത്തിന്റെ ഭാഗമാകുമ്പോൾ മറ്റു കർഷക വിഭാഗങ്ങൾ എതിർപക്ഷത്താകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ പത്തിൽ പത്തും രാജസ്ഥാനിൽ 25-ൽ 24 സീറ്റും നേടിയത് ബി.ജെ.പിയാണ്. ഹരിയാനയിൽ ബി.ജെ.പി സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടിയുടെ അടിത്തറ കർഷക സമൂഹമാണെന്നിരിക്കേ, പ്രക്ഷോഭത്തിന്റെ ആവശ്യങ്ങളോട് മുഖംതിരിക്കാനാകില്ല. രാജസ്ഥാനിൽ ജാട്ട് വിഭാഗം, ‘ഡൽഹി ചലോ’ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിലെ കർഷക വോട്ടുബാങ്ക് നിലനിർത്താനാകുംവിധം, കർഷക പ്രക്ഷോഭത്തെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വെല്ലുവിളിയാണ് പ്രധാനമായും ബി.ജെ.പിക്കുമുന്നിലുള്ളത്.

2020-ലെ കര്‍ഷക സമരത്തില്‍ നിന്ന്

2020-ലെ കർഷക പ്രക്ഷോഭത്തിനുശേഷം, 300 ഓളം കർഷക സംഘടനകളുടെ പ്ലാറ്റ്‌ഫോമായ സംയുക്ത കിസാൻ മോർച്ചയിൽ നിരവധി പിളർപ്പുകളുണ്ടായി. ജഗ്ജിത് സിങ് ദല്ലേവാൽ, ശിവ്കുമാർ കക്ക എന്നിവരുടെ നേതൃത്വത്തിൽ 30 സംഘടനകളുടെ പുതിയ സഖ്യമുണ്ടാക്കി. സംയുക്ത കിസാൻ മോർച്ചയെ രാഷ്ട്രീയമുക്തമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു ഇവരുടെ അവകാശവാദം. ദല്ലേവാളിന്റെ നേതൃത്വത്തിലുള്ള ബി.കെ.യു (ഏക്ത സിധുപുർ) മറ്റു ചെറിയ ഗ്രൂപ്പുകളോടൊപ്പം രൂപീകരിച്ചതാണ് സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ). ഇവർ കിസാൻ മസ്ദുർ മോർച്ചക്കൊപ്പം ചേർന്നാണ് ഡൽഹി ചലോ മാർച്ചിന് നേതൃത്വം നൽകുന്നത്. ശിവ്കുമാർ കക്ക ആർ.എസ്.എസിൽ അഫിലിയേഷനുള്ള ഭാരതീയ കിസാൻ സംഘിന്റെ മുൻ നേതാവുകൂടിയാണ്. ആർ.എസ്.എസിനോട് അനുഭാവമുള്ള ഒരു വിഭാഗം സംഘടനകളും ഡൽഹി ചലോ പ്രക്ഷോഭത്തിലുണ്ട്. വിഷയാധിഷ്ഠിത നിലപാടിന്റെ ഭാഗമായി ഇവരെല്ലാം 2020-ലെ പ്രക്ഷോഭത്തിലുണ്ടായിരുന്നവരാണ് എന്നതും ശ്രദ്ധേയമാണ്. ‘നോൺ പൊളിറ്റിക്കൽ’ എന്ന് ബ്രാക്കറ്റിലുണ്ടെങ്കിലും ഈ വിഭാഗത്തെ രാഷ്ട്രീയമായി തന്നെ വിലയ്‌ക്കെടുക്കാൻ കഴിയുമോ എന്നാണ് കേന്ദ്ര സർക്കാറും ബി.ജെ.പിയും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ, ഈ വിഭാഗവുമായി ചർച്ച നടത്തി താൽക്കാലിക ഒത്തുതീർപ്പുണ്ടാക്കി പ്രക്ഷോഭം അവസാനിപ്പിച്ചാൽ അതിന്റെ ക്രെഡിറ്റ് നേടിയെടുക്കാം എന്നാണ് ബി.ജെ.പിയുടെ ‘സൃഗാല സൂ​ത്രം’.

രണ്ട് പ്രക്ഷോഭങ്ങളും കർഷകരുടെയും മറ്റു അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾ തന്നെയാണ് ഉയർത്തിപ്പിടിക്കുന്നത്, അത് കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ സമീപനത്തെ തുറന്നുകാട്ടുന്നു എന്ന നിലയ്ക്ക് പ്രസക്തമാണ്.

എന്നാൽ, ‘ഡൽഹി ചലോ’ പ്രക്ഷോഭം, ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലാതെ, കേന്ദ്ര സർക്കാറിന്റെ വാഗ്ദാനലംഘനം തുറന്നുകാട്ടി മുന്നേറുകയാണ്. മാത്രമല്ല, സംയുക്ത കിസാൻ മോർച്ചയും രാകേഷ് ടിക്കായത്തിനെപ്പോലുള്ള നേതാക്കളും കർഷകർക്കെതിരായ അടിച്ചമർത്തലുകൾക്കെതിരെ രംഗത്തുണ്ട്. ഇന്റർനെറ്റ് നിരോധിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും നടത്തുന്ന അടിച്ചമർത്തലിനെതിരെ സംയുക്ത കിസാൻ മോർച്ച പ്രതിഷേധിച്ചിട്ടുമുണ്ട്.

വിവിധ വർഗ ബഹുജന സംഘടനകളെ അണിനിരത്തി, ജനകീയ ഐക്യത്തിലൂടെ വേണം കാർഷിക പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ എന്നതാണ് സംയുക്ത കിസാൻ മോർച്ചയുടെ നിലപാട്. 16-ലെ ഗ്രാമീൺ ബന്ദിൽ, കർഷകരുടെയും തൊഴിലാളികളുടെയും യുവജന വിഭാഗങ്ങളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയുമെല്ലാം പങ്കാളിത്തം ഉറപ്പാക്കുന്നത് അതുകൊണ്ടാണ്. കാർഷിക പ്രതിസന്ധി, രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും ഒരേ പോലെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് സംയുക്ത കിസാൻ മോർച്ച പറയുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, ഗ്രാമങ്ങളിലെ ദാരിദ്ര്യവൽക്കരണം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങൾ കാർഷിക പ്രതിസന്ധിയിലൂന്നിയതാണ്. അതുകൊണ്ട്, കർഷകർക്കൊപ്പം ഈ വിഭാഗങ്ങളുടെ കൂടി പങ്കാളിത്തമുള്ള പ്രക്ഷോഭം അനിവാര്യമാണ് എന്ന നിലപാടിലാണ് ഗ്രാമീണ ബന്ദ് സംഘടിപ്പിച്ചിരിക്കുന്നത്. ഈയൊരു സമീപനത്തോട് വിയോജിപ്പുള്ള സംഘടനകളാണ് ‘ഡൽഹി ചലോ’ മാർച്ചിലുള്ളത്. രണ്ട് പ്രക്ഷോഭങ്ങളും കർഷകരുടെയും മറ്റു അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾ തന്നെയാണ് ഉയർത്തിപ്പിടിക്കുന്നത്, അത് കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ സമീപനത്തെ തുറന്നുകാട്ടുന്നു എന്ന നിലയ്ക്ക് പ്രസക്തമാണ്. അതേസമയം, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഏതുതരം വിലപേശലിനും വിലയ്‌ക്കെടുക്കലിനും കേന്ദ്രവും ബി.ജെ.പിയും കർഷകരെ ഇരകളാക്കും എന്നതിലും സംശയമില്ല.

Comments