രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതെ ബി.ജെ.പി; ഇനി ബില്ലുകൾ ചർച്ചയില്ലാതെ പാസ്സാവില്ല

എൻ.ഡി.എയിലെ സഖ്യകക്ഷികളെ എല്ലാം ചേർത്തൊട്ടിച്ചാലും കേവല ഭൂരിപക്ഷമെന്ന 113 ലേക്ക് എത്താനും സാധിക്കില്ല.

National Desk

രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രത്യാശ നൽകുന്നതായിരുന്നു 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം. ‘ചാർ സൗ പാർ’ എന്ന വീരവാദത്തിൽ നിന്ന് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ‘കനിഞ്ഞേകിയ’ തുടർഭരണമാണ് നരേന്ദ്ര മോദിക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്. രാജ്യസഭയിൽ ഭൂരിപക്ഷം നഷ്ടമായതോടെ ബി.ജെ.പിയും എൻ.ഡി.എയും മറ്റൊരു തിരിച്ചടി കൂടി അഭിമുഖീകരിക്കുകയാണ്. ബി.ജെ.പിയുടെ രാജ്യസഭയിലെ അംഗബലം 86 ആയി ചുരുങ്ങിയിരിക്കുകയാണ്. എൻ.ഡി.എയിലെ സഖ്യകക്ഷികളെ എല്ലാം ചേർത്തൊട്ടിച്ചാലും കേവല ഭൂരിപക്ഷമെന്ന 113 ലേക്ക് എത്താനും സാധിക്കില്ല. രാജ്യസഭയിലെ എൻ.ഡി.എ സഖ്യകക്ഷികളുടെ നിലവിലെ അംഗബലം 101 സീറ്റ് മാത്രമാണ്. രാഷ്ട്രപതി നാമനിർദേശം ചെയ്ത നാല് എംപിമാരുടെ കാലാവധി ഞായറാഴ്ച പൂർത്തിയായതോടെയാണ് രാജ്യസഭയിലെ ഭൂരിപക്ഷം എൻ ഡി എക്ക് നഷ്ടമായത്. അതേസമയം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന് രാജ്യസഭയിൽ 87 അംഗങ്ങളാണുള്ളത്. കോൺഗ്രസിന് 26, തൃണമൂൽ കോൺഗ്രസ് 13, ആം ആദ്മി പാർട്ടിക്കും ഡി.എം.കെ യ്ക്കും 10 വീതം സീറ്റുകളും രാജ്യസഭയിലുണ്ട്. എൻ.ഡി.എയുടെ 101 നെതിരെ 87 പേരടങ്ങുന്ന പ്രതിപക്ഷ നിര ഇനി വെല്ലുവിളികൾ ഉയർത്തുക തന്നെ ചെയ്യും.

ഭൂരിപക്ഷം നഷ്ടമായതോടെ ഇനി തോന്നിയപോലെ ബില്ലുകൾ പാസാക്കാനാവില്ല എന്നത് വലിയ പ്രതീക്ഷയാണ്. കഴിഞ്ഞ പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട 56% ബില്ലുകളും ഇതേ വർഷകാലയളവിൽ തന്നെ അംഗീകരിക്കപ്പെട്ടിരുന്നു എന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുക. രാജ്യത്തെ നിയമനിർമാണ പ്രക്രിയ ദുർബലമാകുന്നത് കണ്ടിരിക്കാനെ അന്ന് സാധിച്ചിരുന്നുള്ളൂ. എന്നാൽ ഇനി അങ്ങനെയൊരു ദുരവസ്ഥ ഉണ്ടാവില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. വെറും 20 മിനിറ്റിൽ ഒമ്പത് ബില്ലുകൾ അവതരിപ്പിക്കുന്നതിന് വരെ കഴിഞ്ഞ പാർലമെൻറ് സാക്ഷ്യം വഹിച്ചിരുന്നു. ക്രിയാത്മകമായ ചർച്ച പോലും നടക്കാത്തെ എണ്ണിച്ചുട്ടപ്പം പോലെ ബില്ലുകൾ പാസായിക്കൊണ്ടേയിരുന്നു. ഇതിനെല്ലാം ബിജെപിയെ സഹായിച്ചത് ഇരു സഭകളിലും ഭൂരിപക്ഷമുണ്ടെന്ന അമിതവിശ്വാസമായിരുന്നു. എന്നാൽ ഇതെല്ലാം തകർന്നു തരിപ്പണമായിരിക്കുകയാണ്. നിതീഷും നായിഡുവും ആഞ്ഞൊന്ന് തുമ്മിയാൽ തെറിച്ചു വീഴുന്ന ലോക്‌സഭയും കേവല ഭൂരിപക്ഷം പോലും ഒറ്റക്കും കൂട്ടമായും എടുക്കാനില്ലാത്ത രാജ്യസഭയും ബി.ജെ.പിയെയും സംഘപരിവാരത്തെയും തളർത്തും എന്ന് തീർച്ചയാണ്.

നിലവിൽ  രാജ്യസഭയിൽ 19 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്
നിലവിൽ രാജ്യസഭയിൽ 19 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്

നിലവിൽ രാജ്യസഭയിൽ 19 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത് . ഇതിൽ നാലെണ്ണം ജമ്മു കശ്മീരിൽ നിന്നുള്ളതാണ്. 2019 ന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്തതിനാൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഇത് ഒഴിഞ്ഞു കിടക്കും. നാലെണ്ണം നോമിനേറ്റ് അംഗങ്ങളുമാണ്. ബാക്കിയുള്ള 11 സീറ്റിലേക്ക് വൈകാതെ തിരഞ്ഞെടുപ്പുണ്ടാകും. 10 പേർ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാലും ബി.ആർ.എസ്സിലായിരുന്ന കേശവറാവു കോൺഗ്രസിൽ ചേർന്നപ്പോഴും ഉണ്ടായ ഒഴിവുകളാണിവ. കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ കേശവ റാവു രാജ്യസഭാ അംഗത്വം രാജി വെക്കുകയായിരുന്നു. ഈ സീറ്റിൽ നിലവിലെ തെലങ്കാനയിലെ ഭരണകക്ഷിയായ കോൺഗ്രസ് ജയിക്കും. ആലപ്പുഴയിൽ നിന്ന് കെ സി വേണുഗോപാൽ ജയിച്ചതിനാൽ ഒഴിവു വന്ന രാജസ്ഥാനിലെ രാജ്യസഭ സീറ്റും ഇവയിൽ ഉൾപെടും. ഈ സീറ്റ് ബിജെപി നേടുമെന്ന് ഉറപ്പാണ്. മധ്യപ്രദേശിലെയും ത്രിപുരയിലെയും ഒഴിവുള്ള ഓരോ സീറ്റും ബി.ജെ.പിക്ക് കിട്ടും. രണ്ട് സീറ്റുകളിലേക്ക് വീതം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാർ, അസം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് ഓരോ സീറ്റിലും ബി.ജെ.പിക്ക് ജയിക്കാനാകും. അങ്ങനെയാകുമ്പോഴും രാജ്യസഭയിലെ ഭൂരിപക്ഷം കടക്കാൻ ബി.ജെ.പിക്കാവില്ല.

ഇനി ബില്ലുകൾ പാസാക്കിയെടുക്കാൻ എൻ.ഡി.എക്ക് ഒപ്പമല്ലാതിരുന്ന എ.ഐ.ഡി.എം.കെയുടെയും ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസിന്റെയും പിന്തുണ ബി.ജെ.പിക്ക് ആവശ്യമായി വരും. എ.ഐ.ഡി.എം.കെക്ക് നാലും വൈ.എസ്.ആർ കോൺഗ്രസിന് പതിനൊന്നും എംപിമാരാണ് നിലവിലെ രാജ്യസഭയിൽ ഉള്ളത്. ആന്ധ്രയിൽ ഭരണം നഷ്ടമായതോടെ വൈ.എസ്.ആറിന്റെ പിന്തുണ ഇനി എൻ.ഡി.എക്ക് കിട്ടുമോ എന്നും സംശയമാണ്. ബി.ജെ.പി പിന്തുണയോടെ ആന്ധ്രയിൽ ടി.ഡി.പി അധികാരത്തിലെത്തിയ സാഹചര്യത്തിൽ ജഗൻ മോഹൻ റെഡ്ഡി രാജ്യസഭയിലെ നിലപാടിൽ മാറ്റം വരുത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് മോദി സർക്കാരുകളുടെ കാലത്തും ബി.ജെ.ഡിയും രാജ്യസഭയിൽ എൻ.ഡി.എയെ പിന്തുണച്ചിരുന്നു. എന്നാൽ ഒഡീഷയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റതോടെ രാജ്യസഭയിലെ നിലപാടിൽ ബി.ജെ.ഡിയും മാറ്റം വരുത്തിയിട്ടുണ്ട്.

2023 ഓഗസ്റ്റ് 9 ന് മുൻ ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വനി വൈഷ്ണവ് digital Personal Data Protection B-ill നെ സംബന്ധിച്ച ചർച്ചയിൽ രാജ്യസഭയിൽ സംസാരിക്കുന്നു
2023 ഓഗസ്റ്റ് 9 ന് മുൻ ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വനി വൈഷ്ണവ് digital Personal Data Protection B-ill നെ സംബന്ധിച്ച ചർച്ചയിൽ രാജ്യസഭയിൽ സംസാരിക്കുന്നു

വളരെ നിർണായകമായ ബില്ലുകളായിരുന്നു ഇരു സഭകളിലും വേണ്ടത്ര ചർച്ച പോലും നടക്കാതെ പാസായിക്കൊണ്ടിരുന്നത്. Forest (Conservation) Amendment Bill, Digital personal Data Protection Bill, Government of National Capital Territory of Delhi (GNCTD) Bill, Digital Personal Data Protection Act- 2023, The Multi-State Co-operative Societies (Amendment) Bill, 2022 , Mines and Minerals (Development and Regulation) Amendment Bill, 2023, CGST Act (Amendment) Bill, 2023, IGST Act (Amendment) Bill, 2023 തുടങ്ങിയ വലിയ പ്രത്യഘാതങ്ങൾ ഉണ്ടാക്കുന്ന ബില്ലുകൾ വേണ്ടത്ര ചർച്ചകൾ പോലും നടക്കാതെ പാസാവുകയായിരുന്നു. ഇതിൽ പല ബില്ലുകളിൻമേലും ചർച്ചകൾ നടന്നത് പത്ത് മിനിറ്റിൽ താഴെ മാത്രമായിരുന്നു. പലപ്പോഴും ചർച്ചകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് വിരലിലെണ്ണാവുന്ന എം പി മാർക്കും. കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ 23 ബില്ലുകളാണ് നിയമമായി അംഗീകരിച്ചെടുത്തത്.യാതൊരു തരത്തിലുള്ള ക്രിയാത്മകമായ ചർച്ചയും നടക്കാതെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന തരത്തിലാണ് ഈ ബില്ലുകളെല്ലാം ഇരു സഭയും കടന്ന് നിയമമായത്.

വളരെ നിർണായകമായ ബില്ലുകളായിരുന്നു ഇരു സഭകളിലും വേണ്ടത്ര ചർച്ച പോലും നടക്കാതെ പാസായിക്കൊണ്ടിരുന്നത് / Photo : Narendra Modi, fb page
വളരെ നിർണായകമായ ബില്ലുകളായിരുന്നു ഇരു സഭകളിലും വേണ്ടത്ര ചർച്ച പോലും നടക്കാതെ പാസായിക്കൊണ്ടിരുന്നത് / Photo : Narendra Modi, fb page

രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാത്ത, ഒരു കൂട്ടർ മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കിണാശേരിയാണ് മോദിയും ബി.ജെ.പിയും സ്വപ്‌നം കണ്ട ഇന്ത്യ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈയൊരു ദുരവസ്ഥയിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തെയും നിയമനിർമാണ സഭയെയും തിരിച്ചു നടത്താൻ ഇരു സഭയിലും സാധിക്കും എന്നത് രാജ്യത്തിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

Comments