മോദി കുഴിച്ച ‘75 വയസ്സ്’ എന്ന കുഴിയിൽ
മോദി തന്നെ വീണുകിടക്കുന്നു

നരേന്ദ്രമോദി പാർട്ടിയിലുള്ള തന്റെ ആധിപത്യം ഉറപ്പിക്കാനായി കൊണ്ടുവന്ന അപ്രഖ്യാപിത വ്യവസ്ഥയാണ് 75 വയസ് കഴിഞ്ഞവർക്ക് ഉന്നത പദവികൾ നൽകരുത് എന്നത്. ഇത്, കെജ്‌രിവാളിന്റെ പ്രസ്താവനയിലൂടെ, മോദി​ക്കെതിരെ തിരിച്ചടിക്കുകയായിരുന്നു.

Election Desk

75 വയസ്സ് കഴിഞ്ഞവരെ പദവികളിൽനിന്ന് മാറ്റിനിർത്തണമെന്ന് ബി.ജെ.പി ഭരണഘടനയിലുണ്ടോ?

ഇന്നലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇതു സംബന്ധിച്ചുനടത്തിയ പരാമർശമാണ് വിവാദമായത്: ''75 വയസ്സ് കഴിഞ്ഞുവെന്ന കാരണം പറഞ്ഞ് എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, സുമിത്ര മഹാജൻ, യശ്വന്ത് സിൻഹ എന്നിവരെ ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടുത്ത സപ്തംബർ 17ന് 75 വയസ് തികയും. അപ്പോൾ അദ്ദേഹം മാറി അമിത് ഷായെ പ്രധാനമന്ത്രിയാക്കും, മോദി വോട്ട് ചോദിക്കുന്നത് അമിത് ഷാക്കുവേണ്ടിയാണ്. മോദിയുടെ ഗ്യാരണ്ടി അമിത് ഷാ പൂർത്തീകരിക്കുമോ'' എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. മോദി ജയിച്ചാൽ യോഗി ആദിത്യനാഥിനെയും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുമെന്നും കെജ്‌രിവാൾ പറഞ്ഞിരുന്നു.

കെജ്‌രിവാൾ നടത്തിയ പ്രസ്താവനയുടെ അപകടം തിരിച്ചറിഞ്ഞ അമിത് ഷാ ഉടൻ മറുപടിയുമായി എത്തി: ''ബി.ജെ.പി ഭരണഘടനയിൽ 75 വയസ് എന്ന പരിധിയില്ല, ഇക്കാര്യത്തിൽ പാർട്ടിക്ക് ആശയക്കുഴപ്പമില്ല. നരേന്ദ്രമോദി തന്നെ തുടരും''.

അരവിന്ദ് കെജ്‌രിവാൾ

പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയും ഇക്കാര്യം സ്ഥിരീകരിച്ചു: ''ബി.ജെ.പി ഭരണഘടനയിൽ പ്രായപരിധിയുമായി ബന്ധപ്പെട്ട വ്യവസ്ഥയില്ല. ഇന്ത്യ അടുത്ത വർഷവും മോദിയുടെ നേതൃത്വത്തിൽ തന്നെ തുടരും''.

അതായത്, 75 വയസ്സ് കഴിഞ്ഞാലും നരേന്ദ്രമോദി വിരമിക്കില്ല എന്നുറപ്പിക്കുകയാണ് ഇന്നലെ ബി.ജെ.പി നേതാക്കൾ ചെയ്തത്.

യഥാർഥത്തിൽ, നരേന്ദ്രമോദി പാർട്ടിയിലുള്ള തന്റെ ആധിപത്യം ഉറപ്പിക്കാനായി കൊണ്ടുവന്ന അപ്രഖ്യാപിത വ്യവസ്ഥയാണ് 75 വയസ് കഴിഞ്ഞവർക്ക് ഉന്നത പദവികൾ നൽകരുത് എന്നത്. ഇത്, കെജ്‌രിവാളിന്റെ പ്രസ്താവനയിലൂടെ, മോദി​ക്കെതിരെ തിരിച്ചടിക്കുകയായരിരുന്നു.

2014-ൽ, ​ന​രേന്ദ്രമോദി- അമിത് ഷാ നേതൃത്വം സംഘടനയെ പിടിച്ചെടുക്കാൻ നടത്തിയ നീക്കങ്ങളുടെ ഭാഗമായി, പ്രായക്കൂടുതൽ പറഞ്ഞ് പല മുതിർന്ന നേതാക്കളെയും തെരഞ്ഞെടുപ്പിൽനിന്ന് മാറ്റിനിർത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേലിന് 2016-ൽ സ്ഥാനമൊഴിയേണ്ടിവന്നത് മോദിയുടെ ഈ അപ്രഖ്യാപിത വ്യവസ്ഥ മൂലമാണ്. മാത്രമല്ല, 2019-ലെ ഇലക്ഷനിൽ അമിത് ഷാ ഒരു പ്രസ്താവനയും നടത്തി: ''75 വയസസ്സിനുമുകളിലുള്ളവർക്ക് ടിക്കറ്റ് നൽകിയിട്ടില്ല. ഇത് പാർട്ടി തീരുമാനമാണ്''. 75 വയസ്സിനുമേലുള്ള നേതാക്കൾക്ക് ഒരു ഉത്തരവാദിത്തവും നൽകില്ല എന്നുകൂടി അമിത് ഷാ അന്ന് പറഞ്ഞിരുന്നു.

അമിത് ഷാ

അദ്വാനിയെ ഗാന്ധിനഗറിൽനിന്ന് മാറ്റി അമിത് ഷാ മത്സരിക്കുന്നത് പാർട്ടിയിലടക്കം വിവാദമായപ്പോഴായിരുന്നു, ഈ വ്യവസ്ഥയെക്കുറിച്ച് ഓർമിപ്പിച്ചത്: ''ഞാൻ 25 വർഷമായി എം.എൽ.എയാണ്. ഞാൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. എന്റെ നിയമസഭാ അംഗത്വം പൂർത്തിയായ സമയത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ രാജ്യസഭയിലേക്കുപോയി. ഇപ്പോൾ, നേരിട്ട് ജനവിധിയിലൂടെ പാർലമെന്റിലെത്താൻ ആഗ്രഹിക്കുന്നു'' എന്നായിരുന്നു, ഗാന്ധി നഗറിൽ അദ്വാനിയെ മാറ്റി താൻ സ്ഥാനാർഥിയായതിനെക്കുറിച്ച് അമിത് ഷാ വിശദീകരിച്ചത്.

2019-ൽ തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.പിമാരുടെ ശരാശരി പ്രായം 55 വയസായിരുന്നു. 20-ലേറെ പ്രമുഖ നേതാക്കളെ 75 വയസ് എന്ന പരിധി മൂലം ഒഴിവാക്കി. അവരിൽ എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി, സുമിത്ര മഹാജൻ, കൽരാജ് മിശ്ര, ബി.എസ്. കോഷിയാരി, ബി.സി. ഖണ്ഡൂരി, കാരിയ മുണ്ഡ, ശാന്തകുമാർ, ഹുകുംദേവ് നാരായൺ യാദവ്, സത്യനാരായൺ ജതിയ, ശത്രുഘ്‌നൻ സിൻഹ് എന്നിവരുൾപ്പെടുന്നു.

ഇതിനെതിരെ എൽ.കെ. അദ്വാനി അടക്കമുള്ളവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുൻ ലോക്‌സഭാ സ്പീക്കർ കൂടിയായ സുമിത്ര മഹാജൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് തുറന്ന കത്തെഴുതി. മുരളീ മനോഹർ ജോഷി കാൺപുരിലെ വോട്ടർമാരോട്, പാർട്ടി തനിക്ക് സീറ്റ് നൽകിയില്ല എന്ന കാര്യം തുറന്നു പറഞ്ഞു.

അദ്വാനി, മുരളീ മനോഹർ ജോഷി

എ.ബി. വാജ്‌പേയ് 1996-ൽ പ്രധാനമന്ത്രിയാകുമ്പോൾ പ്രായം 72 വയസ്സായിരുന്നു. 1999-ൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വാജ്‌പേയിക്ക് 75 വയസ്സായിരുന്നു.

നരേന്ദ്രമോദി- അമിത്ഷാ നേതൃത്വമാണ് യഥാർഥത്തിൽ 75 വയസിനെ അപ്രഖ്യാപിത ചട്ടമായി നേതാക്കൾക്കുമേൽ അടിച്ചേൽപ്പിച്ചത്. അങ്ങനെയാണ് കഴിഞ്ഞ പത്തു വർഷങ്ങളിൽ നിരവധി മുതിർന്ന നേതാക്കളെ ഒഴിവാക്കി പാർട്ടിയിൽ ഇരുവരും ആധിപത്യം നേടിയെടുത്തത്. അതുകൊണ്ടുതന്നെ കെജ്‌രിവാളിന്റെ പ്രസ്താവനയോടെ വിറളി പിടിച്ച അവസ്ഥയിലാണ് ഇരുവരും. ഇത് വിവാദമായി പടർന്നാൽ, ബി.ജെ.പിയിലെ അധികാര സമവാക്യങ്ങൾക്ക് പോറലേൽക്കുമെന്ന് ഈ നേതാക്കൾ ഭയക്കുന്നുവെന്നാണ് ഇന്നലെ അമിത് ഷാ പൊടുന്നനെ രംഗത്തിറങ്ങി വിശദീകരണം നൽകിയത് സൂചിപ്പിക്കുന്നത്. അദ്വാനിയെപ്പോലൊരു നേതാവിനെ ഒഴിവാക്കാൻ പറഞ്ഞ ന്യായം മോദിയുടെ കാര്യത്തിൽ എന്തുകൊണ്ട് പ്രാവർത്തികമാക്കുന്നില്ല എന്ന ചോദ്യം ബി.ജെ.പിയിലെ ഒഴിവാക്കപ്പെട്ട അസംതൃപ്ത നേതൃത്വത്തിൽനിന്നുയരാനിടയുണ്ട്.
മുൻ കേന്ദ്രമന്ത്രിയും നരേന്ദമോദിയുടെ നിശിത വിമർശകനും ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിൻഹ, ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ, 75 വയസ് എന്ന ചട്ടം കൊണ്ടുവന്നത് പാർട്ടിയിൽ ചർച്ചകളില്ലാതെയായിരുന്നുവെന്നും നേതാവിന്റെ കാര്യത്തിൽ ഈ ചട്ടം ബാധകമല്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നതെന്നും പറഞ്ഞിട്ടുണ്ട്.

Comments