ബി.ജെ.പി സ്വന്തമാക്കിയ സമുദായ വോട്ടും
തൃശൂർ എന്ന പ്രതീകവും

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ബാലികേറാമലയെന്നും ഈച്ചകേറാകോട്ടയുമെന്നൊക്കെയുള്ളത് കേരളത്തെക്കുറിച്ചുള്ള ഇടത് വരട്ടുവാദം മാത്രമാണ്. ഹിന്ദു സമൂഹത്തിൽ ഒരു സമുദായവും ഇന്ന് പൂർണമായും ഹിന്ദുത്വ രാഷ്ട്രീയ വിരുദ്ധമല്ല എന്ന് കേരളത്തിൻ്റെ പൊളിറ്റിക്കൽ ഗ്രാഫ് സാക്ഷ്യപ്പെടുത്തുന്നു. തൃശൂർ ലോക്സഭാ സീറ്റിലെ ബി.ജെ.പിയുടെ ജയം വിശകലനം ചെയ്യുന്നു, ബിജു ഗോവിന്ദ്.

മീപകാല കേരള രാഷട്രീയത്തെ മാറ്റിയെഴുതാൻ ലോക്സഭാ തെരഞ്ഞെടുപ്പുഫലം ഒരുപക്ഷെ വഴിവെയ്ക്കില്ലായിരിക്കാം. പക്ഷെ വലിയ വിദൂരമല്ലാതെ സംസ്ഥാനത്തെ രാഷ്ട്രീയ അൽഗോരിതം സംഘപരിവാറിനുകൂടി ഇടമുള്ളതാക്കാൻ വഴിവെയ്ക്കുന്നതാണെന്ന ഭയമുണ്ടാക്കുന്നുണ്ട്, മതേതര മനുഷ്യരുടെ അകത്തളങ്ങളിൽ. അപര വെറുപ്പിലും മതാത്മകതയിലും ഹിംസയിലും കൊലവിളിയിലും രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവർക്കുചുറ്റും കേരള രാഷട്രീയം തിരിയാൻ പോകുന്നുവെന്നത് ഭയത്തോടും ആശങ്കയോടും മാത്രമേ ജനാധിപത്യ സമൂഹങ്ങൾക്ക് ഓർക്കാനാകൂ.

സംസ്ഥാനത്ത് ബി ജെ പിക്കുണ്ടായ വോട്ടു വർദ്ധനവിൽ പരസ്പരം പഴിചാരി ഇരുട്ടിൽ തപ്പുകയാണ് എൽ ഡി എഫും യു ഡി എഫും. വലിയ രീതിയിലുള്ള വർദ്ധനവാണ് പല മണ്ഡലങ്ങളിലും ബി ജെ പി നേടിയത്. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലായി ബിജെ പി സംസ്ഥാനത്തെ വോട്ടിംഗ് ശതമാനത്തിൽ വർദ്ധനവുണ്ടാക്കുന്നുണ്ട്.

തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ മറ്റു പിന്നാക്ക ഹിന്ദുക്കൾക്കും സിറിയൻ ക്രൈസ്തവർക്കും വലിയ പങ്കുണ്ട്.

എൽ ഡി എഫിൻ്റെയും യു ഡി എഫിൻ്റെയും പാർട്ടി വോട്ടാണ് മാറുന്നത് എന്ന രീതിയിൽ ഉപരിതല സ്പർശിയായും ലാഘവബുദ്ധിയിലുമാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഗൂഢാലോചനാസിദ്ധാന്തം അങ്ങോട്ടുമിങ്ങോട്ടും ആരോപിക്കുന്ന പൊറാട്ട് നാടകങ്ങൾ വസ്തുതകളിൽനിന്ന് അകലെയാണ്. വോട്ടിംഗ് നിലയിൽ ഏതു രീതിയിലാണ് മാറ്റമുണ്ടാകുന്നതെന്ന വസ്തുതയെ വിസ്മരിക്കലും ലഘൂകരിക്കലും കൂടിയാണത്.

സംസ്ഥാന രൂപീകരണകാലം മുതൽ രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്കപ്പുറം കേരളത്തിലെ വോട്ടിംഗ് പാറ്റേണിന് വ്യക്തമായ സാമുദായിക സ്വഭാവം കൂടിയുണ്ട്. രണ്ടു പക്ഷത്തായി വ്യത്യസ്ത സമുദായങ്ങളിലെ ഭൂരിപക്ഷവും നിലയുറപ്പിക്കുന്ന ഒരു ജാതിഘടനയിൽ രൂപാന്തരപ്പെട്ടതാണ് നവോത്ഥാന കേരളത്തിൻ്റെ രാഷട്രീയ ഘടന. ന്യൂനപക്ഷ സമുദായങ്ങളിലെ ഭൂരിപക്ഷവും മുന്നാക്ക ഹിന്ദുക്കളും കോൺഗ്രസ് നേതൃത്വം നൽകുന്ന വലതുപക്ഷത്തായിരിക്കുമ്പോൾ പിന്നാക്ക ഹിന്ദുവിഭാഗങ്ങളും ദലിതരുമാണ് ഇടതുപക്ഷത്തിൻ്റെ ശക്തി. എൽ ഡി എഫും യു ഡി എഫും ഉണ്ടാകുന്നതിനുമുമ്പും കോൺഗ്രസ് പക്ഷത്തും കമ്യൂണിസ്റ്റ് പക്ഷത്തുമായി നിലയുറപ്പിച്ചവരാണ് ഈ സമൂഹങ്ങൾ.

മോദിയുടെ വരവോടെ, അദ്ദേഹത്തിൻ്റെ കൃത്രിമ പിന്നാക്ക മുഖം ദേശീയതലത്തിൽ പിന്നാക്ക ഹിന്ദുവിഭാഗങ്ങളെ ഹിന്ദുത്വ രാഷ്ട്രീയത്തോട് അടുപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.

1980- കൾ മുതൽ ഹിന്ദുത്വ പ്രസ്ഥാനം ശക്തിപ്രാപിക്കുന്നതുവരെ കെ. കരുണാകരൻ്റെ നേതൃമികവിൽ കോൺഗ്രസിനോട് ചേർന്നുനിന്നതാണ് കേരളത്തിലെ മുന്നാക്ക ഹിന്ദുക്കൾ. ഹിന്ദുത്വപ്രസ്ഥാനം കൂടുതൽ ശക്തി പ്രാപിച്ചപ്പോൾ മുന്നാക്ക ഹിന്ദു വിഭാഗങ്ങൾ ആ ഭാഗത്തേയ്ക്ക് ഒരൊഴുക്കായി. പക്ഷെ മറ്റു ഹിന്ദു വിഭാഗങ്ങളിലേയ്ക്കൊന്നും കടന്നുകയറാൻ അടുത്തകാലം വരെയും ഹിന്ദുത്വ ശക്തികൾക്ക് കഴിഞ്ഞിരുന്നില്ല. മോദിയുടെ വരവോടെ, അദ്ദേഹത്തിൻ്റെ കൃത്രിമ പിന്നാക്ക മുഖം ദേശീയതലത്തിൽ പിന്നാക്ക ഹിന്ദുവിഭാഗങ്ങളെ ഹിന്ദുത്വ രാഷ്ട്രീയത്തോട് അടുപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ഇന്നിപ്പോൾ ഒ ബി സികളായ ധാരാളം നേതാക്കൾ ഹിന്ദി ബെൽറ്റിൽ സംഘപരിവാറിൻ്റെ അമരത്തുണ്ട്. അതിൻ്റെ പ്രതിഫലനമാകാം കേരളത്തിലും വെറുപ്പൂട്ടലിൻ്റ രാഷ്ട്രീയത്തോട് പിന്നാക്ക ഹിന്ദു വിഭാഗങ്ങൾ ചേർന്നുവരുന്നുണ്ട്.

1980- കൾ മുതൽ ഹിന്ദുത്വ പ്രസ്ഥാനം ശക്തിപ്രാപിക്കുന്നതുവരെ കെ. കരുണാകരൻ്റെ നേതൃമികവിൽ കോൺഗ്രസിനോട് ചേർന്നുനിന്നതാണ് കേരളത്തിലെ മുന്നാക്ക ഹിന്ദുക്കൾ

സ്വാഭാവികമായും പിന്നാക്കക്കാരുടെ പിൻബലത്തിൽ വർഗരാഷട്രീയം ചമയ്ക്കുന്ന സി പി എമ്മിനും ഇടതുപക്ഷത്തിനുമായിരിക്കും ഇത് ഏറ്റവു കൂടുതൽ വെല്ലുവിളിയുണ്ടാക്കുക. സി പി എം വോട്ടുകൾ ബി ജെ പിയിലേക്ക് പോകുന്നുവെന്ന് ലളിതമായി പറഞ്ഞ് അതിൻ്റെ സാമുദായിക ഘടനയെ ഒളിച്ചുവയ്ക്കുന്നത് അപകടമാണ്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുവിഭാഗമായ ഈഴവ സമുദായത്തിൻ്റെ വോട്ടുകളിലേക്ക് ബി ജെ പി വലിയ വേഗതയിൽ കടന്നുകയറുകയാണ്. തൃശൂർ, ആറ്റിങ്ങൽ, ആലപ്പുഴ, തുടങ്ങിയ മണ്ഠലങ്ങളിലെ വോട്ട് പരിശോധിച്ചാൽ പ്രത്യക്ഷമായിത്തന്നെ അത് ബോധ്യപ്പെടും. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ മറ്റു പിന്നാക്ക ഹിന്ദുക്കൾക്കും സിറിയൻ ക്രൈസ്തവർക്കും വലിയ പങ്കുണ്ട്.

എൽ ഡി എഫ് വോട്ടു മറിച്ചുവെന്ന് യു ഡി എഫും യു ഡി എഫ് മറിച്ചു​വെന്ന് എൽ ഡി എഫും ആരോപണമുന്നയിക്കുമ്പോൾ അതിൻ്റെ സാമുദായിക വസ്തുതയെ അവർ പരസ്പരം ‘ഹൈഡ്’ ചെയ്യുകയാണ്.

പൊതുവെ വലിയ രീതിയിലുള്ള സാംസ്കാരിക ഹിന്ദു ജീവിതം നയിക്കുന്നവരാണ് വിശ്വകർമ, വണിക വൈശ്യ തുടങ്ങിയുള്ള മറ്റു പിന്നാക്ക ഹിന്ദു സമുദായങ്ങൾ. കൾച്ചറൽ ഹിന്ദുക്കളായവരെ പൊളിറ്റിക്കൽ ഹിന്ദുവാക്കാൻ ഏറെ പ്രയാസമുള്ള കാലമല്ലിത്. പ്രത്യേകിച്ചും ഇസ്ലാമോഫോബിയ ശക്തമായി നിലനിൽക്കുന്ന വർത്തമാനകാല സമൂഹത്തിൽ. അസത്യങ്ങളും അർദ്ധസത്യങ്ങളും പറഞ്ഞ് ഊഹഭോഗങ്ങൾ പരത്തി ഇസ്‍ലാം വിരുദ്ധത പരത്തുന്നതിൽ സി പി എമ്മും പുറകിലൊന്നുമല്ല. ഈ ലോക്സഭാ തെരഞ്ഞെടുപ്പുഫലം വന്നു കഴിഞ്ഞപ്പോൾ സി പി എം നേതാവ് എ.കെ. ബാലൻ, പറഞ്ഞത് യു ഡി എഫിനെ വിജയിപ്പിച്ചത് എസ് ഡി പി ഐ യും ജമാ അത്തെ ഇസ്‍ലാമിയും ആണ് എന്നാണ്. യു ഡി എഫിന് ഇത്ര വലിയൊരു വിജയം സമ്മാനിക്കാനുള്ള സംഘടനാ ശേഷിയൊന്നും ഈപ്പറഞ്ഞ സംഘടനകൾക്കില്ലെന്നു മനസ്സിലാക്കാൻ സാമാന്യബുദ്ധി തന്നെ അധികമല്ലേ. സാമൂഹ്യ എടങ്ങേറുകൾ ഉണ്ടാക്കുന്ന ഇത്തരം പ്രസ്താവനകളുടെ ഗുണം ചെന്നെത്തുക സ്വാഭാവികമായും സംഘപരിവാറിനാണ്, അല്ലാതെ ഇടതുപക്ഷത്തിനല്ല.

മൃദുഹിന്ദു സമീപനങ്ങളുടെ രാഷ്ട്രീയ വിളവെടുപ്പ് സംഘപരിവാറാണെന്ന് സമീപകാല ചരിത്രവും നമ്മോട് പറയുന്നു. മധ്യപ്രദേശിൽ ബി ജെ പിയുടെ തീവ്രഹിന്ദുത്വവും കമൽനാഥിൻ്റെ മൃദു ഹിന്ദുത്വവും തമ്മിൽ മത്സരിച്ചപ്പോൾ ആരാണ് ജയിച്ചതെന്ന് ഏവർക്കും അറിയാമല്ലോ.

തൃശൂരിൽ സിറിയൻ ക്രൈസ്തവരുടെ വോട്ടുകൾ ബി ജെ പിയിൽ എത്തിയതിൽ അവിടത്തെ സഭാ നേതൃത്വങ്ങൾക്ക് വലിയ പങ്കുണ്ട്.

എൽ ഡി എഫ് വോട്ടു മറിച്ചുവെന്ന് യു ഡി എഫും യു ഡി എഫ് മറിച്ചു​വെന്ന് എൽ ഡി എഫും ആരോപണമുന്നയിക്കുമ്പോൾ അതിൻ്റെ സാമുദായിക വസ്തുതയെ അവർ പരസ്പരം ‘ഹൈഡ്’ ചെയ്യുകയാണ്. പിന്നാക്ക ഹിന്ദുക്കളും മുന്നാക്കക്കാരിലെ അവശേഷിക്കുന്നവരും ചെറിയ വിഭാഗം ദലിതരുമാണ് ഈ തെരഞ്ഞെടുപ്പിൽ ബി ജെ പി ഭാഗത്തേക്ക് മാറ്റപ്പെട്ടിട്ടുള്ളത്. തൃശൂരിൽ കുറച്ച് സിറിയൻ ക്രൈസ്തവരും. അല്ലാതെ രണ്ടു പാർട്ടികളിലേയും മുസ്‍ലിംകളൊന്നും ബി ജെ പി പക്ഷത്തേക്ക് മാറിയിട്ടില്ലല്ലോ. അതുകൊണ്ടുതന്നെ മാറിയത് പാർട്ടിവോട്ടുകളല്ല, സമുദായ വോട്ടുകളാണെന്ന് നിസ്സംശയം പറയാം. മാറിയവരൊന്നും എൽ ഡി എഫ്, യു ഡി എഫ് ഭാഗത്തുനിന്ന് ബോധപൂർവ്വമായി മാറ്റപ്പെടുന്നവരല്ല. ഹിന്ദുത്വ ആകർഷണീയതയിലും ഇസ്ലാമോഫോബിയയിലും അടിപ്പെട്ട് സംഭവിക്കുന്നതാണ്.

വർഗ്ഗരാഷട്രീയമെന്ന മിത്തിനു മുകളിലാണ് ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയ യാഥാർത്ഥ്യമെന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ സവിശേഷതയാണ്.

തൃശൂരിൽ സിറിയൻ ക്രൈസ്തവരുടെ വോട്ടുകൾ ബി ജെ പിയിൽ എത്തിയതിൽ അവിടത്തെ സഭാ നേതൃത്വങ്ങൾക്ക് വലിയ പങ്കുണ്ട്. ലൗ ജിഹാദ് പോലുള്ള വിഷയങ്ങളിൽ സഭയുണ്ടാക്കിയ നുണവാദങ്ങളും പുകമറ സൃഷ്ടിക്കലും വിശ്വാസികളുടെ മനസ്സിൽ വലിയ രീതിയിൽ മതേതര രാഷ്ട്രീയത്തോടുതന്നെ വെറുപ്പുണ്ടാക്കിയിരിക്കണം. അല്ലെങ്കിൽ മണിപ്പുരിലും ഛത്തീസ്ഗഢിലുമൊക്കെ ക്രൈസ്തവരും പള്ളികളും ആക്രമിക്കപ്പെട്ട ഈ കാലത്ത് എങ്ങനെയാണ് ക്രൈസ്തവ വോട്ടുകൾ ബി ജെ പി പക്ഷത്തായത്?

അധികാര കേന്ദ്രങ്ങളോട് എന്നും സമരസപ്പെട്ടു നിൽക്കുന്ന മധ്യകേരള സിറിയൻ ക്രൈസ്തവ സഭകൾക്ക് അപകട ഭാവിയെക്കുറിച്ച് അവഗാഹമില്ലാഞ്ഞിട്ടില്ല, മറിച്ച് ഒരു മതാത്മക സമഗ്രാധികാര ഭരണകൂടത്തെ വെറുപ്പിച്ചാലുണ്ടാകുന്ന ഭൗതികനഷ്ടങ്ങളെക്കുറിച്ച് ധാരണയുള്ളതുകൊണ്ടാണ്. കച്ചവടത്തിലെ അനന്തമായ സാധ്യതകൾ കർത്താവിൻ്റെ വഴിത്താരയിൽ കിട്ടുന്നതല്ലല്ലോ.

ഈഴവ വിഭാഗങ്ങളുടെ പൊളിറ്റിക്കൽ പാരഡൈംഷിഫ്റ്റ് ഏറ്റവുമധികം രാഷ്ട്രീയമായി തകർക്കുക സി പി എം ഉൾപ്പെടുന്ന ഇടതുപക്ഷത്തെയായിരിക്കും

വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുളള മുസ്‍ലിം വിരുദ്ധ പ്രസ്താവനകളും അദ്ദേഹത്തിൻ്റെ ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള കൂറും രാഷ്ട്രീയമായി ഈഴവരെ സംഘപരിവാറുമായി അടുപ്പിക്കുന്നതിൽ വിജയിക്കുന്നുവെന്ന് ഓരോ തെരഞ്ഞെടുപ്പ് ഫലവും സൂചിപ്പിക്കുന്നു. ഈഴവ വിഭാഗങ്ങളുടെ ഈ പൊളിറ്റിക്കൽ പാരഡൈംഷിഫ്റ്റ് ഏറ്റവുമധികം രാഷ്ട്രീയമായി തകർക്കുക സി പി എം ഉൾപ്പെടുന്ന ഇടതുപക്ഷത്തെയായിരിക്കും. പിന്നാക്ക ഹിന്ദുക്കളുടെ രാഷ്ട്രീയത്തെ വർഗ്ഗരാഷട്രീയമായി രൂപാന്തരപ്പെടുത്തി കാലാകാലങ്ങളായി കൈകാര്യം ചെയ്യുന്നത് സി പി എമ്മിണ്.
പശ്ചിമ ബംഗാൾ അതിൻ്റെ നേർസാക്ഷ്യമായി മുന്നിലുണ്ട്. സിദ്ധാർത്ഥശങ്കർ റേയുടെ കാലം മുതലേയുള്ള കോൺഗ്രസ് വോട്ടുബാങ്ക് ഇപ്പോഴും ബംഗാളിലുണ്ട്. തൃണമൂൽ കോൺഗ്രസായും കോൺഗ്രസായും അത് വിഭജിച്ചുവെന്നുമാത്രം. സി പി എമ്മിൻ്റെ തകർച്ച രാഷ്ട്രീയമായി ഗുണം ചെയ്തത് ബി ജെ പി ക്കാണ്. സി പി എമ്മിൻ്റെ മുസ്‍ലിം വോട്ടുകൾ തൃണമൂൽ പക്ഷത്തേക്ക് മാറിയപ്പോൾ പിന്നാക്കക്കാരും മുന്നാക്കക്കാരുമായ ഹിന്ദുക്കൾ ബി ജെ പിയാകുകയായിരുന്നു. സി പി എം ഉള്ളിടത്ത് ബി ജെ പി വളരില്ലെന്ന സാങ്കൽപ്പിക തത്വം അന്നേ തകർന്നതാണ്. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ബംഗാളിൽ സി പി എമ്മിന് തിരിച്ചു വരാൻ കഴിഞ്ഞിട്ടില്ലായെന്നത് ഓർക്കണം.

വർഗ്ഗരാഷട്രീയമെന്ന മിത്തിനു മുകളിലാണ് ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയ യാഥാർത്ഥ്യമെന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ സവിശേഷതയാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ബാലികേറാമലയെന്നും ഈച്ചകേറാകോട്ടയുമെന്നൊക്കെയുള്ളത് കേരളത്തെക്കുറിച്ചുള്ള ഇടത് വരട്ടുവാദം മാത്രമാണ്. ഹിന്ദു സമൂഹത്തിൽ ഒരു സമുദായവും ഇന്ന് പൂർണമായും ഹിന്ദുത്വ രാഷ്ട്രീയ വിരുദ്ധമല്ല എന്ന് കേരളത്തിൻ്റെ പൊളിറ്റിക്കൽ ഗ്രാഫ് സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ മൂന്നാറിലെ ഇടമലക്കുടിയിൽ സി പി എമ്മിനോളം ജനപ്രതിനിധികൾ ബി ജെ പിക്കുമുണ്ടെന്ന് ആരും മറക്കരുത്. കേരളത്തെക്കാൾ എണ്ണത്തിലും വിഭവങ്ങളിലും മുസ്‍ലിംകൾ പിന്നാക്കമായ ഗുജറാത്തിൽ രണ്ടര പതിറ്റാണ്ടായി ബി ജെ പി അധികാരത്തിലിരിക്കുന്നത് ഇസ്‌ലാമിനെ ഭീകരവത്ക്കരിച്ച് ഭയം സൃഷ്ടിച്ചാണ്. മതേതരത്വം അവിടെ ഇന്ന് ആർക്കും വേണ്ടാത്ത ചരക്കാണ്. ഗുജറാത്തിൽ അങ്ങനെ സാധിക്കുമെങ്കിൽ, നാലിലൊന്നിൽ കൂടുതൽ മുസ്‍ലിം ജനസംഖ്യയുള്ള, മെച്ചപ്പെട്ട സാമ്പത്തികശേഷിയും അധികാര പങ്കാളിത്തവുമുള്ള കേരളത്തിൽ, മുസ്‍ലിമിനെ പ്രതിസ്ഥാനത്താക്കി ഒരു ഹിന്ദു ഏകീകരണം നടത്തുകയെന്നത് ഇന്ത്യയിലെ ഹിന്ദുത്വയ്ക്ക് ഒരാകാശ കുസുമമൊന്നുമല്ല. അത്തരമൊരു ഏകീകരണത്തിൻ്റെ പകുതിയെങ്കിലും വിജയിച്ചാൽ, ഏത് അധികാര കേന്ദ്രത്തോടും ചേർന്നുനിൽക്കുന്ന, സംരക്ഷിക്കാൻ ധാരാളം ഭൗതിക സംരംഭങ്ങളുള്ള കേരളത്തിലെ ക്രൈസ്തവ സഭകൾ ഹിന്ദുത്വക്കൊപ്പം ചേരാൻ പിന്നെ വലിയ കാലതാമസമൊന്നും വേണ്ടിവരില്ല. ബോധപൂർവ്വവും അല്ലാതെയും നടത്തുന്ന ഇസ്ലാമോഫോബിക് വർത്തമാനങ്ങളും സാമാന്യ ജനബോധത്തെ വെറുപ്പിക്കുന്ന സ്വഭാവ - ജീവിത ശൈലികളിൽ നിന്ന് മുഖ്യധാര മതേതര പ്രസ്ഥാനങ്ങൾ, വിശിഷ്യാ ഇടതുപക്ഷം, സ്വയം നവീകരിക്കാൻ തയ്യാറാകണം. കാരണം, തൃശൂർ ഒറ്റപ്പെട്ടതല്ല.

Comments