മതസാഹോദര്യത്തിൻെറ സമത്വത്തിൻെറയും പ്രതീകമായി ഏറെക്കാലമായി നിലനിന്നു പോന്നിരുന്ന ഇന്ത്യൻ മതേതരത്വം ഇന്ന് പലവിധത്തിലുള്ള വെല്ലുവിളികൾ നേരിടുകയാണ്. ഈ മാറ്റം വളരെ ആകസ്മികമായി എളുപ്പത്തിൽ സംഭവിച്ച ഒന്നല്ല. പുതിയ നയപരിപാടികളിലൂടെ, നിയമനിർമ്മാണങ്ങളിലൂടെ, ബ്യൂറോക്രസിയുടെ ഇടപെടലുകളിലൂടെ കൂടെ സംഭവിച്ചതാണ്. തീർത്തും വ്യത്യസ്തമായ രണ്ട് മത - ചരിത്ര സാഹചര്യങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങളിലൂടെ വിശ്വാസവും ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് നമുക്ക് കൂടുതൽ വ്യക്തത കൈവരും: ബുദ്ധമതത്തിലെ ഏറ്റവും പവിത്രമായ ആരാധനാലയമായ മഹാബോധി ക്ഷേത്രം ഭരിക്കുന്നതുമായി ബന്ധപ്പെട്ട 1949-ലെ ബോധ്ഗയ ക്ഷേത്ര നിയമം (BGTA), മുസ്ലിം എൻഡോവ്മെൻറ് ബോർഡുകളുമായി ബന്ധപ്പെട്ട 2025-ലെ വഖഫ് ഭേദഗതി നിയമം എന്നിവയിൽ പരിഷ്കരണമെന്ന വ്യാജേന മാറ്റങ്ങൾ കൊണ്ടുവന്നത് പരിശോധിക്കേണ്ടതുണ്ട്.
കാലഘട്ടത്തിൻെറയോ സാഹചര്യത്തിൻെറയോ ഒക്കെ കാര്യത്തിൽ വ്യത്യാസങ്ങളുണ്ടെങ്കിലും ഈ രണ്ട് നിയമനിർമ്മാണങ്ങളും ഒരു കാര്യത്തിൽ നമ്മളെ ആശങ്കാകുലരാക്കുന്നുണ്ട്. ന്യൂനപക്ഷ മതങ്ങളുടെ സ്വയംഭരണാവകാശ സ്വാതന്ത്ര്യത്തിന് മുകളിൽ സർക്കാർ ഉടമസ്ഥതയുടെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു എന്നതാണ് ആ ആശങ്ക. രണ്ടിൻെറയും നിയമപരമായ യുക്തികൾ വ്യത്യസ്തമാണെങ്കിലും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സമാനമാണ്. നേരിട്ട് ഇടപെടുന്നില്ലെന്ന തോന്നലുണ്ടാക്കി, മതപരമായ സ്വയംഭരണാവകാശത്തിൻെറ അതിർവരമ്പുകൾ മാറ്റിവരച്ച് പരിഷ്കരണമെന്ന പേരിൽ മതത്തിന് മുകളിൽ കീഴ്പ്പെടുത്തൽ നടത്തുകയാണ് ഭരണകൂടം ചെയ്യുന്നത്.

കടലാസിൽ തുല്യത, യഥാർത്ഥത്തിൽ അസമത്വം
ബുദ്ധമതത്തിന്റെ ആത്മീയ കേന്ദ്രമായ ബോധ് ഗയയിൽ വെച്ചാണ് സിദ്ധാർത്ഥ ഗൗതമന് ജ്ഞാനോദയം കിട്ടിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആഴത്തിലുള്ള ഒരു വൈരുദ്ധ്യം ആരംഭിക്കുന്നത് ഇവിടെയാണ്: 1949-ൽ നിലവിൽ വന്ന ബോധ്ഗയ ക്ഷേത്ര നിയമം പ്രകാരം ക്ഷേത്ര മാനേജ്മെൻറ് കമ്മിറ്റിയിൽ ഹിന്ദുക്കൾക്കും ബുദ്ധിസ്റ്റുകൾക്കും തുല്യപ്രാതിനിധ്യമാണ് ഉണ്ടായിരുന്നത്. അതായത് ബുദ്ധമത വിശ്വാസികൾ പുണ്യതീർത്ഥാടനകേന്ദ്രമായി കാണുന്ന ആരാധനാലയത്തിൻെറ നടത്തിപ്പിൽ അവർക്ക് പകുതി പ്രാതിനിധ്യം മാത്രമേയുള്ളൂ. ഗയ ജില്ലാ മജിസ്ട്രേറ്റായിരിക്കണം കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ ചെയർപേഴ്സൺ എന്നും അന്നത്തെ നിയമത്തിൽ പറയുന്നുണ്ട്. 2013-ൽ കൊണ്ടുവന്ന ഒരു ഭേദഗതിയിലൂടെ ചെയർപേഴ്സൺ സ്ഥാനത്ത് ഹിന്ദു ചെയർപേഴ്സൺ വേണമെന്ന നിബന്ധനയിൽ മാറ്റമുണ്ടായി. എന്നാൽ ഇതും ക്ഷേത്രനടത്തിപ്പിൽ തത്വത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല. ക്ഷേത്രത്തിൻെറ ദൈനംദിന പ്രവൃത്തികൾ നോക്കിനടത്തുക, മതപരമായ ആചാരങ്ങൾ നടപ്പിലാക്കുക, സാമ്പത്തികകാര്യങ്ങളും വസ്തുവകകളുമായി ബന്ധപ്പെട്ട വിഷയങ്ങളും കൈകാര്യം ചെയ്യുക, ക്ഷേത്രഭൂമി നോക്കിനടത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങളെല്ലാം വഹിച്ചിരുന്നത് ക്ഷേത്ര മാനേജ്മെൻറ് കമ്മിറ്റിയാണ്. ക്ഷേത്രാചാരങ്ങൾ, ദൈനംദിന പ്രവർത്തനങ്ങൾ, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന തീരുമാനങ്ങളും എടുക്കുന്നതിൽ നിർണായകറോളാണ് ഈ കമ്മിറ്റി വഹിച്ചിരുന്നത്. പുതിയ നിയന്ത്രണം സ്വാഭാവികമായും ഒരു തർക്കവിഷയമായി ഉയർന്ന് വന്നു. മതപരമായും സാംസ്കാരികമായും തങ്ങളെ അരികുവൽക്കുന്നതിനുള്ള ശ്രമമാണിതെന്ന് ബുദ്ധമതവിശ്വാസികൾ വിമർശനം ഉന്നയിച്ചു.
ബുദ്ധമത വിശ്വാസികൾ ഏറ്റവും പവിത്രമായ ഇടമായി കാണുന്ന ആരാധനാകേന്ദ്രത്തിൽ അവർക്ക് സ്വയംഭരണത്തിനുള്ള സ്വാതന്ത്ര്യം നിഷേധിച്ചത് വഴി മതപരമായ അവകാശങ്ങളിൽ നിന്നുതന്നെ മാറ്റിനിർത്തുന്ന സാഹചര്യമാണ് ഉണ്ടാക്കിയതെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സെൻറർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് കോർഡിനേറ്ററും പ്രൊഫസറുമായ അജയ് ശേഖർ പറഞ്ഞു. ന്യൂനപക്ഷ മതങ്ങളെ ഇന്ത്യയിൽ എങ്ങനെയാണ് അരികുവൽക്കരിക്കുന്നത് എന്നുള്ളതിൻെറ പ്രത്യക്ഷ ഉദാഹരണമാണിത്. നിഷ്പക്ഷമായി നയങ്ങൾ നടപ്പിലാക്കുന്നുവെന്ന വ്യാജേന ചരിത്രപരമായ അസമത്വം സൃഷ്ടിക്കാനാണ് ഇതിലൂടെ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
മതവിഭാഗങ്ങൾക്ക് തങ്ങളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് അവകാശം നൽകുന്ന, ഭരണഘടനയിലെ ആർട്ടിക്കിൾ -26ൻെറ ലംഘനമാണ് നടന്നതെന്ന് വിവിധ ബുദ്ധിസ്റ്റ് ഗ്രൂപ്പുകളും കുറ്റപ്പെടുത്തുന്നു. സ്വന്തം വിശ്വാസി സമൂഹത്തിന്റെ സംരക്ഷണത്തിലല്ലാതെ തുടരുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ആരാധനാലയമായി തുടരുകയാണ് ഇന്നും മഹാബോധി ക്ഷേത്രം. ക്ഷേത്രപരിസരത്ത് ശിവലിംഗം പോലുള്ള ഹൈന്ദവ ചിഹ്നങ്ങൾ സ്ഥാപിച്ചത് വിഷയത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു. ബോധ്ഗയ ക്ഷേത്ര നിയമം (BGTA) ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ബുദ്ധിസ്റ്റ് ഫോറം (AIBF) നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെ ബുദ്ധിസ്റ്റ് സമൂഹത്തിന് തങ്ങളുടെ ഏറ്റവും പ്രധാന ആത്മീയകേന്ദ്രത്തിൻെറ അധികാരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന് അവർ വ്യക്തമാക്കുന്നു.
മഹാബോധി ക്ഷേത്രത്തിൻെറ അവകാശം തങ്ങൾക്ക് തിരികെ ലഭിക്കണമെന്നും നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ബുദ്ധിസ്റ്റ് ഫോറത്തിൻെറ (AIBF) നേതൃത്വത്തിൽ ആയിരക്കണക്കിന് ബുദ്ധസന്ന്യാസിമാരാണ് ബോധ്ഗയയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിയത്. ക്ഷേത്രപരിസരത്ത് നിന്ന് സമരം മാറ്റണമെന്ന് ആവശ്യപ്പെട്ട് 25 ബുദ്ധസന്ന്യാസിമാരെ പോലീസ് അറസ്റ്റ് ചെയ്തതോടെ വിഷയം കൂടുതൽ ഗുരുതരമായി മാറി. നിലവിൽ ബുദ്ധിസ്റ്റുകളല്ലാത്ത, ബ്രാഹ്മണർക്ക് കൂടുതൽ പ്രാതിനിധ്യമുള്ള ബോധ്ഗയ ക്ഷേത്ര മാനേജ്മെൻറ്, ക്ഷേത്രത്തിൻെറ പവിത്രത നഷ്ടപ്പെടുത്തി അവിടെ ഹൈന്ദവ ആചാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നും, ക്ഷേത്രപരിസരത്ത് ശിവലിംഗം സ്ഥാപിച്ചത് ഇതിൻെറ ഭാഗമാണെന്നും സമരക്കാർ ആരോപിക്കുന്നു. ബുദ്ധിസത്തിൻെറ അടിസ്ഥാനപരമായ തത്വസംഹിതകളെ ഈ നടപടികൾ ചോദ്യം ചെയ്യുന്നുവെന്നും ആർട്ടിക്കിൾ 25, 26, 29, 30 എന്നീ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു.
ലോകത്തെ ഏകദേശം 500-ഓളം ബുദ്ധിസ്റ്റ് സംഘടനകളുടെ നേതൃത്വത്തിൽ 30000-ത്തിലധികം പേരുടെ കയ്യൊപ്പുകളുമായി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് AIBF മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. ക്ഷേത്രഭരണത്തിൽ ബുദ്ധിസ്റ്റുകൾക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ ഇല്ലാതാക്കിയതിനെക്കുറിച്ചും ഭരണസമിതിയുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും മെമ്മോറാണ്ടത്തിൽ പരാമർശമുണ്ട്. ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും, ധർമ്മ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും, ബുദ്ധമത സമൂഹത്തിന് ചരിത്രപരവും മതപരവുമായ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുന്നതിനുമായി, ബുദ്ധമതക്കാർ മാത്രം നിയന്ത്രിക്കുന്ന ഒരു പുതിയ ട്രസ്റ്റ് സ്ഥാപിക്കാൻ എഐബിഎഫ് നിർദ്ദേശിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ നിന്ന് പിന്തുണ ലഭിച്ചിട്ടും വലിയ പ്രതിഷേധങ്ങളുണ്ടായിട്ടും ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ഈ വിഷയത്തിൽ നിശബ്ദത തുടരുകയാണ്.

വഖഫ് നിയമവും വിശ്വാസത്തിൻെറ ഉദ്യോഗസ്ഥവൽക്കരണവും
ബോധ്ഗയ ക്ഷേത്രനിയമം, ഒരു മതവിഭാഗത്തിന് തങ്ങളുടെ പവിത്രമായ തീർത്ഥാടനകേന്ദ്രത്തെ സംരക്ഷിക്കുന്നതിനുള്ള അവകാശം ഇല്ലാതാക്കി അതിനെ സ്ഥാപനവൽക്കരിച്ചുവെങ്കിൽ, UMEED നിയമം എന്ന് പുനർനാമകരണം ചെയ്തിട്ടുള്ള 2025-ലെ വഖഫ് (ഭേദഗതി) നിയമം, സാമുദായിക നേതൃത്വത്തിലുള്ള സ്വയംഭരണം മുതൽ താഴേത്തട്ട് മുതൽ മേൽത്തട്ട് വരെയുള്ള അവകാശങ്ങളിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിലുള്ള തെരഞ്ഞെടുക്കപ്പെട്ട വഖഫ് ബോർഡ് സംവിധാനത്തെയും കേന്ദ്ര വഖഫ് കൗൺസിലിനെയും അട്ടിമറിക്കുന്ന ഈ നിയമം പകരം സർക്കാർ നിർദ്ദേശിക്കുന്ന സമിതിയെ വെക്കാനാണ് പറയുന്നത്. മുസ്ലീം എംപിമാർക്കും എംഎൽഎമാർക്കും നിയമവിദഗ്ദർക്കും മാത്രം പ്രാതിനിധ്യമുണ്ടായിരുന്ന സമിതിയിൽ ഇനിമുതൽ മുസ്ലീങ്ങളല്ലാത്ത രണ്ട് പേർ നിർബന്ധമായി വേണമെന്നത് നിയമഭേദഗതിയിലെ പ്രധാനപ്പെട്ട ഭാഗമാണ്.
21 വയസ്സിന് താഴെയുള്ള വ്യക്തികൾ, രണ്ട് വർഷത്തിനിടയിൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ, വഖഫ് ഭൂമി കയ്യേറ്റം ചെയ്തുവെന്ന് ആരോപണം നേരിടുന്നവർ എന്നിവരെയൊന്നും ബോർഡിൽ പരിഗണിക്കരുതെന്ന കർശന യോഗ്യതാ മാനദണ്ഡങ്ങളും പുതിയ നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ, അംഗത്വത്തിൻെറ കാര്യത്തിലൊന്നുമല്ല കാതലായ മാറ്റം സംഭവിച്ചിരിക്കുന്നത്, അത് വഖഫിൻെറ കാര്യത്തിൽ തന്നെയാണ്. ചരിത്രപരമായി വഖഫായി അനുഭവിച്ചിരുന്ന ഭൂമി വഖഫ് ഭൂമിയായി പരിഗണിക്കാമെന്ന രീതി പൂർണമായും എടുത്ത് കളഞ്ഞിരിക്കുകയാണ്. എല്ലാ വഖഫ് സ്വത്തുക്കളും ഇനി മുതൽ ആറ് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യുകയും ഡിജിറ്റൈസ് ചെയ്യുകയും വേണം. ഇത് വിഭവങ്ങൾ കുറവുള്ള ഗ്രാമീണ ട്രസ്റ്റുകളെയുമൊക്കെ പ്രതിസന്ധിയിലാക്കും. റവന്യൂ ഡോക്യുമെൻറിൽ ഗവൺമെൻറ് ഭൂമിയെന്ന് രേഖപ്പെടുത്തിയ വസ്തുക്കൾ, ഏറെക്കാലമായി സമുദായം ഉപയോഗിച്ച് പോന്നാൽ പോലും വഖഫിൻെറ പരിധിയിൽ വരില്ലെന്നും നിയമം പറയുന്നു.
സുതാര്യത വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമഭേഗഗതി നടപ്പിലാക്കുന്നതെന്നൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും പൊതുവിൽ രാജ്യത്തെ ആശങ്കപ്പെടുത്തുന്നതാണ് പുതിയ വഖഫ് നിയമം. വഖഫ് സ്വത്തുവകകൾ സമുദായത്തിൻെറ കീഴിൽ നിന്നും ഭരണകൂടത്തിന് കീഴിലുള്ള ഉദ്യോഗസ്ഥ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള ശ്രമമാണ് വഖഫ് ഭേദഗതി നിയമത്തിലൂടെ നടപ്പാക്കിയതെന്ന് വിമർശകർ പറയുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 എന്നിവ പ്രകാരമുള്ള സംരക്ഷണത്തെ ദുർബലമാക്കുകയാണ് ഇത് ചെയ്യുന്നത്. വഖഫ് സ്വത്തുമായി ബന്ധപ്പെട്ട് വന്ന നിയന്ത്രണങ്ങൾ, മുസ്ലീങ്ങളല്ലാത്തവർക്ക് പ്രാതിനിധ്യം നൽകൽ, തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളുന്നയിച്ച് കർണാടക, കേരളം, തമിഴ്നാട്, ബീഹാർ, ഉത്തർപ്രദേശ് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത പ്രതിഷേധങ്ങളാണ് നടന്നത്.
നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത ഒന്നിലധികം ഹർജികളിൽ വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർണായകമായ ഒരു ചോദ്യം ഉന്നയിച്ചിരുന്നു: “ഹിന്ദു ബോർഡുകളിൽ മുസ്ലിങ്ങളെ ഉൾപ്പെടുത്താൻ നിങ്ങൾ തയ്യാറാവുമോ?” എന്നതായിരുന്നു ആ ചോദ്യം. നിയമത്തിൻെറ അടിസ്ഥാനപരമായ ഭരണഘടനാ പ്രശ്നമാണ് ഈ ചോദ്യത്തിലൂടെ കൃത്യമായി ഉന്നയിക്കപ്പെട്ടത്. നിയമങ്ങൾ എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകമാവണമെന്ന അടിസ്ഥാന ഭരണഘടനാതത്വമാണ് നിയമഭേദഗതിയിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. നിലവിലുള്ള നിയമം സ്വയംഭരണാവകാശത്തിനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുക മാത്രമല്ല, ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കുള്ളിൽ വളരെ സെലക്ടീവായിപ്പോവുന്ന മതേതര കാഴ്ചപ്പാടുകളെ തുറന്നുകാണിക്കുക കൂടിയാണ് ചെയ്യുന്നത്.
ആലങ്കാരികമായോ പ്രതീകാത്മകമായോ അല്ല ഭരണഘടന മതപരമായ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നത്. സമുദായങ്ങൾക്ക് തങ്ങളുടെ മതപരമായ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോവാനുള്ള സ്വാതന്ത്ര്യം അതിൻെറ പരിധിയിൽ വരുന്നതാണ്. ബോധ്ഗയ ക്ഷേത്രനിയമത്തിലും വഖഫ് നിയമത്തിലും അത് അട്ടിമറിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്. മതസമൂഹങ്ങൾക്ക് അവരുടെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നുള്ള ചരിത്രപരമായ അവകാശത്തെ ഉയർത്തിപ്പിടിക്കുകയാണ് സുപ്രീം കോടതിയുടെ ഇടപെടൽ. എസ്.പി. മിത്തൽ v/s യൂണിയൻ ഓഫ് ഇന്ത്യ (1982) കേസിൽ, സ്റ്റേറ്റ് മതപരമായ സ്വത്വം ഇല്ലാതാക്കുന്ന തരത്തിൽ ഇടപെടരുതെന്ന് കോടതി അസന്ദിഗ്ദമായി വ്യക്തമാക്കിയിരുന്നു. എന്നാൽ, വളരെ സുതാര്യമായും കാര്യക്ഷമമായും തങ്ങളുടെ കീഴിലുള്ള മതസ്ഥാപനങ്ങളെയും വിഷയങ്ങളെയും കൈകാര്യം ചെയ്യുന്നതിനുള്ള രണ്ട് മതവിഭാഗങ്ങളുെടെ അവകാശത്തെയാണ് പുതിയ നിയമങ്ങൾ ഇല്ലാതാക്കിയിരിക്കുന്നത്.

തത്വാധിഷ്ഠിത അകലവും രാഷ്ട്രീയ ഇടപെടലും
ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതയായ മതേതരത്വത്തിൻെറ ഒരു പ്രധാന പ്രത്യേകത, അത് ഭരണകൂടത്തെ മതത്തിൽ ഇടപെടാൻ അനുവദിക്കുന്നു എന്നതാണ്. വലിയ ആധിപത്യമൊന്നും കാണിക്കാത്ത ഈ ഇടപെടലിൽ മതത്തിൻെറ തത്വങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. രാഷ്ട്രീയ ചിന്തകനായ രാജീവ് ഭാർഗവയുടെ ‘തത്വാധിഷ്ഠിത അകലം’ എന്ന ആശയം പറയുന്നത് സ്റ്റേറ്റിന് മതത്തിൽ ഇടപെടാം, എന്നാൽ നീതി ഉറപ്പാക്കി കൊണ്ടാവണമെന്നാണ്. എന്നാൽ, ഇതിന് വിരുദ്ധമായി ഇപ്പോഴുള്ള നിയമനിർമ്മാണങ്ങൾ തെളിയിക്കുന്നത്, ന്യൂനപക്ഷ മതങ്ങളുടെ വിശ്വാസത്തിന് മുകളിൽ സ്റ്റേറ്റ് കടന്നുകയറുകയും അവരെ നിരീക്ഷിക്കുകയും ഇടപെടൽ നടത്തുകയും ചെയ്യുന്നുവെന്നാണ്.
ഈ വിഷയം പൊതുസമൂഹത്തിൽ ചർച്ചയാവാതെ പോയിട്ടൊന്നുമില്ല. ബോധ്ഗയയിൽ ബുദ്ധസന്ന്യാസിമാർ അനിശ്ചിതകാല നിരാഹാരസമരം നടത്തിയതും BGTA നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ ഒപ്പിട്ട നിവേദനം സമർപ്പിച്ചതും വഖഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളും ഇന്ത്യയൊട്ടാകെ അലയടിച്ചിട്ടുണ്ട്. ഈ സമരങ്ങൾ വെറും പരാതികൾ ഉന്നയിക്കാൻ വേണ്ടി മാത്രമായി ഉയർന്ന് വന്നതല്ല. മതപരമായ സ്വത്വത്തെ ബഹുമാനിക്കുന്നതിന് പകരം നിയന്ത്രിക്കുന്ന സാഹചര്യം വരുമ്പോൾ, അതിൻെറ അന്തസ്സ് തിരിച്ചുപിടിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങൾ കൂടിയായി ഈ സമരങ്ങളെ കണക്കാക്കണം.
എന്താണ് അപകടകരമായ പ്രതിസന്ധി?
പുണ്യസ്ഥലങ്ങളുമായി ബന്ധപ്പെട്ട പോരാട്ടം എന്നുപറയുന്നത് കേവലം ഒരു റിയൽ എസ്റ്റേറ്റ് തർക്കമല്ല. ഒരു സമുദായത്തിൻെറ ആത്മീയ ജീവിതത്തെ ഭരിക്കുന്നതിനും അതിൻെറ പവിത്രത നിലനിർത്തുന്നതിനുമൊക്കെയുള്ള അവകാശം ആർക്കാണെന്നതാണ് ഇവിടുത്തെ ചോദ്യം. പരിഷ്കരണമെന്ന പേരിൽ ഭരണകൂടം നടത്തുന്ന ഇടപെടലുകളാണ് അപകടകരം. ഇത് മതേതരത്വമാണോ, അതോ വിശ്വാസത്തിനുമേൽ പരമാധികാരത്തിന്റെ നിശബ്ദമായ കടന്നുകയറ്റമാണോ? ഭരണപരമായ തുല്യതയെന്ന വ്യാജേന, യഥാർത്ഥത്തിൽ BGTA ഒരു ന്യൂനപക്ഷ മതത്തിന് തങ്ങളുടെ മതസ്ഥാപനത്തിന് മുകളിലുള്ള അവകാശം ഇല്ലാതാക്കുകയാണ് ചെയ്തത്. ഭക്തിയെ ഡിജിറ്റലൈസ് ചെയ്തും രേഖപ്പെടുത്താത്ത വഖഫുകൾ അസാധുവാക്കിയും UMEED Act സ്ഥാപനവൽക്കരണമാണ് നടത്തുന്നത്. തത്ത്വചിന്തകയായ നാൻസി ഫ്രേസറുടെ ‘Misrecognition’ എന്ന ആശയമാണ് ഈ രണ്ട് നിയമങ്ങളിലും പ്രതിഫലിക്കുന്നത്. അതായത് നിയമസംവിധാനങ്ങൾ ഒരു പ്രത്യേക കൂട്ടായ്മയെ അംഗീകരിക്കാതിരിക്കുകയും, തിരിച്ച്, അതിൻെറ സ്വയം നിർണയവകാശത്തെ തകർക്കുകയും ചെയ്യുന്നു.

ഭരണഘടനയുടെ ആശയങ്ങൾ വീണ്ടെടുക്കാൻ
ഇന്ത്യൻ ഭരണഘടന ഒരിക്കലും ന്യൂനപക്ഷ മതങ്ങളുടെ വിഷയങ്ങളിൽ സ്റ്റേറ്റിനെ അമിതമായി ഇടപെടാൻ പ്രോത്സാഹിപ്പിക്കുന്നില്ല. മതങ്ങളുടെ ഭാവി ശാക്തീകരിക്കുകയാണ് അത് ലക്ഷ്യമിടുന്നത്, അല്ലാതെ നിയന്ത്രിക്കുവാനല്ല. മധ്യസ്ഥത വഹിക്കുന്നതിന് പകരം ഭരണകൂടം നേരിട്ട് ഇടപെടുന്നതിലൂടെ ബോധ്ഗയ ക്ഷേത്ര നിയമവും ഉമീദ് നിയവും നമുക്ക് മുന്നിൽ വലിയ ആശങ്കയാണ് തുറന്നിടുന്നത്. എപ്പോഴാണ് പരിഷ്കരണം വേണ്ടതെന്നതല്ല ചോദ്യം. മറ്റെല്ലാം പോലെത്തന്നെ മതസ്ഥാപനങ്ങൾക്കും സുതാര്യതയും ഉത്തരവാദിത്വബോധവും ഉണ്ടാവേണ്ടതുണ്ട്. പരിഷ്കരണം നിയന്ത്രണത്തിൻെറ മറ്റൊരു അർത്ഥമാവുകയും കാര്യക്ഷമതയെന്നത് ഒഴിവാക്കുന്നതിനുള്ള ന്യായവുമാവുകയാണ്. അവകാശങ്ങൾ സംരക്ഷിക്കേണ്ടവർ തന്നെ അത് ഇല്ലാതാക്കുന്നവരായി മാറുകയാണ്.
യഥാർത്ഥ ജോലി ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണ്. കോടതികൾ ഇനിയും നിയമവ്യവസ്ഥയെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും, പക്ഷേ നിയമസാധുത മറ്റെവിടെയെങ്കിലും നിർണയിക്കപ്പെടും. സ്വയംഭരണാവകാശം വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള സമുദായങ്ങളുടെ നിശ്ചയദാർഢ്യവും ഒരുകാലത്ത് രാജ്യത്തിൻെറ അന്തസത്തയായിരുന്ന മതേതരത്വം തിരിച്ചുപിടിക്കുന്നതിന് വേണ്ടിയുള്ള തയ്യാറാവലുമെല്ലാം ഇവിടെ നിർണായകമാണ്. അത് സംഭവിക്കുന്നത് വരെ, മഹാബോധി ക്ഷേത്രവും വഖഫ് ഭൂമിയുമെല്ലാം പുണ്യസ്ഥലങ്ങൾ എന്നതിനപ്പുറത്ത് ജനാധിപത്യ അവകാശങ്ങളും അന്തസ്സും തിരിച്ചുപിടിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടഭൂമികളായി തുടരുക തന്നെ ചെയ്യും.
കടപ്പാട്: Eurasiareview.com
