Photo: Davangere city, facebook page

അന്നം മുട്ടിയ ആർട്ടിസ്​റ്റുമാരുടെ ബോളിവുഡ്

മുംബൈയുടെ കോവിഡുകാല ജീവിതം

ഹൈഡ്രജൻ ബലൂൺ വിൽക്കുന്ന സൂപ്പർ സ്റ്റണ്ട്മാൻ, അടുക്കള പണി ചെയ്യുന്ന ജൂനിയർ ആർട്ടിസ്​റ്റുമാർ... കോവിഡുകാലത്ത് ബോളിവുഡിനുസംഭവിച്ച തകർച്ച രേഖപ്പെടുത്തുകയാണ് ദീർഘകാലം മുംബൈ പ്രവാസിയായിരുന്ന കെ.സി. ജോസ്. ലോകത്ത് ഏറ്റവും പണം വാരിക്കൂട്ടുന്ന ഒരു വ്യവസായം താളം തെറ്റിയ കഥ.

കോടികൾ മുതൽമുടക്കുന്ന സിനിമാ നിർമാണ വ്യവസായമാണ്​ ബോളിവുഡ്; കോവിഡ്​ നിശ്​ചലമാക്കിയ ഒരു ശ്​ശമശാനഭൂമിയാണിന്നിവിടം. മഹാനഗരത്തിൽ തിയേറ്ററുകൾ അടഞ്ഞുകിടക്കുകയാണ്​. അഡ്വാൻസ് ബുക്കിങ്ങ് ഇല്ല, ടിക്കറ്റിനായുള്ള വളഞ്ഞുപുളഞ്ഞ ക്യൂ ഇല്ല. ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നവർ ഇപ്പോൾ എവിടെയായിരിക്കും? ഫിലിം സ്റ്റുഡിയോകൾ തെരുവുനായകളുടെ വിശ്രമകേന്ദ്രങ്ങളായിരിക്കുന്നു. ലോകത്ത് ഏറ്റവും പണം വാരിക്കൂട്ടുന്ന ഈ വ്യവസായത്തോടു ചേർന്നുനിൽക്കുന്ന എല്ലാ തുറകളിലുള്ളവരുടെയും ജീവിതം ഒന്നര വർഷമായി താളംതെറ്റിക്കിടക്കുകയാണ്. നടീനടന്മാർക്കൊപ്പം മേക്കപ്പ്മാൻ മുതൽ ലൈറ്റ്‌ബോയ് വരെയുള്ളവരുടെയും മറ്റു സാങ്കേതിക വിദഗ്ധരുടെയും ജീവിതം താറുമാറായി. ശൂന്യമായ തിയറ്ററുകളുടെ പടിക്കെട്ടുകളിലിരുന്ന്​സെക്യൂരിറ്റി ഗാർഡുകൾ മുംബൈ ചൗഫർ (സായാഹ്‌ന പത്രം) വായിക്കുകയോ അലസമായി പുക വലിക്കുകയോ ചെയ്യുന്നതു കാണാം.

കോവിഡിനുമുമ്പ്​ ഒരു വർഷം രണ്ടായിരത്തോളം സിനിമകളാണ്​ ബോളിവുഡിൽ നിർമിക്കപ്പെട്ടിരുന്നത്​. ഇപ്പോൾ ചില നിർമാതാക്കൾ പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്ത് ഭാഗ്യം പരീക്ഷിക്കുകയാണ്​

മുംബൈയിൽ കോവിഡ് പടർന്നുപിടിക്കുന്നതിനുമുമ്പ്, ബോളിവുഡിൽ രണ്ടായിരത്തോളം സിനിമകൾ പ്രതിവർഷം നിർമിക്കപ്പെട്ടിരുന്നു. ഇവയിൽ എണ്ണൂറിലേറെ ഹിന്ദിയിലാണെങ്കിൽ ബാക്കി മറാഠിയിലും തെലുഗ്, തമിഴ് ഭാഷകളിൽനിന്നുള്ള മൊഴിമാറ്റങ്ങളുമായിരുന്നു. നിർമാണം പൂർത്തിയായ സിനിമകൾ പലതും പെട്ടിയിൽ ഉറങ്ങുകയാണ്. ചില നിർമാതാക്കൾ പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്ത് ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. മറാഠി നിർമാതാക്കളിൽ പലരും ചലച്ചിത്ര വിതരണകമ്പനികളിൽനിന്ന് പണം മുൻകൂർ വാങ്ങിയാണ് സിനിമ നിർമിക്കുന്നത്. ‘ഫൈനാൻസ് ലൂബ്രിക്കേറ്റ്‌സ് വീൽസ് ഓഫ് അഡ്മിനിസ്‌ട്രേഷൻ' എന്ന തത്ത്വം നിലനിൽക്കെ, ഇവിടെ ഈ ദൗർലഭ്യം മറികടന്നാൽ തന്നെയും സിനിമാ നിർമാണം മുന്നോട്ടുപോകുന്നില്ല. ഇവർക്ക് പല ബാങ്കുകളും ധനസഹായം നൽകുന്നുണ്ട്​. പക്ഷേ, പണം തിരിച്ചടക്കാൻ കഴിയാതെ വരുമ്പോൾ ‘പടവലാതികഷായം' കുടിക്കേണ്ടിവരുന്ന കുട്ടികളെപ്പോലെ മുഖം വക്രിച്ച ബാങ്കുദ്യോഗസ്ഥർ നോട്ടീസുകളുടെ 'ധൻധനാധൻ' രീതിയിലുള്ള ഘോഷയാത്ര തന്നെ ആരംഭിക്കുമെന്ന് അതിന്റെ ഒരു ഇരയായി നിൽക്കക്കള്ളിയില്ലാതായ മറാഠി സിനിമാനിർമാതാവും ചിത്രകാരനും എന്റെ സുഹൃത്തുമായ നന്ദു ബവ്‌സാർ പറയുന്നു.

മുംബൈയിൽ കോവിഡ് പടർന്നുപിടിക്കുന്നതിനുമുമ്പ്, ബോളിവുഡിൽ രണ്ടായിരത്തോളം സിനിമകൾ പ്രതിവർഷം നിർമിക്കപ്പെട്ടിരുന്നു. / Photo: pxhere

മുംബൈയിലെ പ്രധാന സ്റ്റുഡിയോകളായ ആർ.കെ. സ്റ്റുഡിയോ (ചെമ്പൂർ), ഫിലിം സിറ്റി (ഗോരെഗാവ്), രാജ്കമൽ സ്റ്റുഡിയോ (താർദേവ്), ഫിലിമിസ്താൻ (മലാഡ്), മെഹബൂബ് സ്റ്റുഡിയോ (ബാന്ദ്ര വെസ്റ്റ്) തുടങ്ങിയവ പ്രവർത്തനരഹിതമാണ്. സ്റ്റുഡിയോകൾ അടഞ്ഞുകിടന്നാലും ഇല്ലെങ്കിലും ഭരണകൂടം കിറുകൃത്യമായി വൈദ്യുതി, വെള്ളം തുടങ്ങിയ നികുതിക്കടലാസുകൾ അയച്ചുകൊണ്ടേയിരിക്കുന്നു. മുംബൈ മുനിസിപ്പൽ കോർപ്പറേഷന് ഭാരിച്ച തുക ടാക്‌സ് ഇനത്തിൽ നൽകിക്കൊണ്ടിരിക്കുന്ന ഫിലിം സ്റ്റുഡിയോകൾക്കേറ്റ ഇരുട്ടടിയാണ് ഈ നികുതിപ്പിരിവ് എന്ന് എന്റെ പരിചയക്കാരനായ സിനിമാ പോസ്റ്റർ ഡിസൈനർ എ.ആർ. പെരുമാൾ പറയുന്നു. പുതിയ പോസ്റ്ററിന്റെ ഒരു വർക്കുപോലും കുറേക്കാലമായി അദ്ദേഹത്തിനു ലഭിക്കുന്നില്ലത്രേ.

ആർ.കെ. സ്റ്റുഡിയോ, ചെമ്പൂർ


ഫാഷൻ കാ ദുനിയ

അന്ധേരി ഈസ്റ്റിൽ പാഴ്‌സി പഞ്ചായത്ത് റോഡിൽ പ്രവർത്തിക്കുന്ന ഛോട്ടുഭായി ഡ്രസ്‌വാല, ബോളിവുഡ് നടീനടന്മാർക്കുള്ള സ്യൂട്ട്, കോട്ട്, (ബൂട്ടില്ല!) വിഗ്ഗ് തുടങ്ങിയവയും മറ്റു കോസ്‌മെറ്റിക്‌സുകളും വാടകയ്ക്ക് നൽകുന്ന അറിയപ്പെടുന്ന സ്ഥാപനമാണ്. സിനിമാവ്യവസായം പ്രതിസന്ധിയിലായപ്പോൾ ഛോട്ടുഭായിയുടെ ബിസിനസും ശോഷിച്ചു.

മധുർ ഭണ്ഡാർക്കറുടെ നമ്പർ വൺ സിനിമയാണ് ‘ഫാഷൻ.' ഉന്നതസമൂഹങ്ങളിൽ വിഹരിക്കുന്ന മോഡലുകളുടെയും ഫാഷൻ ഡിസൈനർമാരുടെയും കഥ അവതരണഭംഗിയോടെ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. ചതിയും വഞ്ചനയും കുതികാൽവെട്ടലുമടക്കം ഈ രംഗത്ത് നടമാടുന്ന മറ്റനേകം കുത്സിതപ്രവൃത്തികളുടെ യഥാതഥ കഥ അവതരിപ്പിച്ച ‘ഫാഷൻ' പ്രേക്ഷകർ കൈയടിയോടെ സ്വീകരിച്ചു.

ഫാഷൻ മോഡലുകൾ, വഴിയെ സിനിമകളിലും കയറിപ്പറ്റിയതായി കാണാം. പ്രിയങ്ക ചോപ്ര, ജോൺ എബ്രഹാം, കങ്കണാ റാണാവഠ് തുടങ്ങിയവർ ഫാഷൻ ഷോകൾ വഴിയാണ് വെള്ളിത്തിരയിൽ എത്തിയത്. ഇത്തരം ഷോകളിൽ ഡിസൈനർമാരുടെ ഭാവനയ്ക്കും യുക്തിക്കുമൊപ്പം മോഡലുകൾക്കുള്ള വസ്ത്രങ്ങൾ അവർ രൂപപ്പെടുത്തുന്നു. ഇവ അണിഞ്ഞാണ് സുന്ദരീസുന്ദരന്മാരായ മോഡലുകൾ ഫാഷൻ ഫ്‌ളോറിൽ എത്തുക. ഇത്തരം വസ്ത്രങ്ങളുടെ ചില ഡിസൈനുകൾ വളരെ വൈകാതെ ബോളിവുഡ് ഏറ്റുവാങ്ങും. വിദേശകമ്പോളങ്ങളിലും ഇവ ചെന്നെത്തുന്നതായി കാണാം. ഫാഷൻ ഡിസൈനർമാരുടെ ഭാവന ഛോട്ടുഭായി സാക്ഷാൽക്കരിക്കുന്നു. തുടർന്ന് ഇതേ മാതൃകയിലുള്ള റെഡിമെയ്ഡ് കോട്ടും പാന്റും സൂട്ടും ഷർട്ടുമൊക്കെ വിപണിയിലെത്തുകയായി.

പ്രിയങ്ക ചോപ്ര, ജോൺ എബ്രഹാം, കങ്കണാ റാണാവഠ്

എന്റെ ബാല്യകാലത്ത് പട്ടികളുടെയും പൂച്ചകളുടെയും മറ്റു മൃഗങ്ങളുടെയും ചിത്രങ്ങളുള്ള ഷർട്ടിനെ ‘ആവാര' ഷർട്ട് എന്നായിരുന്നു വിളിച്ചുപോന്നത് (രാജ്കപൂറിന്റെ പ്രധാന സിനിമകളിലൊന്നാണ്​ ‘ആവാര'). ദേവാനന്ദ്​ ‘ജ്വൽ തീഫി'ൽ ചെറിയ കള്ളികളും വലിയ കോളറോടു കൂടിയതുമായ പരുത്തിത്തുണികൊണ്ടുള്ള ഷർട്ട് ധരിച്ചാണ് സ്‌ക്രീനിൽ എത്തുന്നത്. വൈകാതെ ‘ജ്വൽ തീഫ്' ഷർട്ടുകൾ ചെറുപ്പക്കാർ ധരിക്കാൻ ആരംഭിച്ചു. അതൊരു വമ്പൻ ട്രെൻഡ് തന്നെയായിരുന്നു. ഊർമിള മതോഡ്കറുടെ ‘രംഗീല'യിൽ മുട്ടിനു മുകളിൽ എത്തിനിൽക്കുന്ന പാവാടയും ടോപ്പുമണിഞ്ഞാണ് അവർ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് രംഗീല പാവാട ബോംബെയിലെ യുവതികൾക്കിടയിൽ ഹരമായി.

ബോളിവുഡ് നടീനടന്മാർക്കുള്ള വസ്​ത്രം തുന്നിക്കൊടുക്കുന്ന ഛോട്ടുഭായിയുടെ പീസ് വർക്ക് ചെയ്യുന്ന മുളുണ്ട് വെസ്റ്റിലെ മുളോബ ടൈലേഴ്‌സ്, ചെമ്പൂരിലെ അപ്‌സര ടൈലേഴ്‌സ്, അൽക്കാ ടെയ്‌ലേഴ്‌സ് തുടങ്ങിയവയ്ക്ക് ഇപ്പോൾ കാര്യമായ വരുമാനമില്ല.

ക്രോസ് മൈതാനിയിലുള്ള ഫാഷൻ സ്ട്രീറ്റിൽ ‘രംഗീല പാവാട’ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. പക്ഷേ, അവ ഡ്യൂപ്ലിക്കേറ്റുകളായിരുന്നു എന്നുമാത്രം. ജ്വല്ലറി ഡിസൈനർമാർ പുറത്തിറക്കാറുള്ള പുതിയ ആഭരണങ്ങളുടെ മാതൃകകൾ സിനിമകളിലാണ് പരീക്ഷണത്തിനെത്തുക. ഇത്തരം ഇമിറ്റേഷൻ ജ്വല്ലറി പിന്നീട് സ്വർണാഭരണങ്ങളായി മാറി ബോംബെയിലെ ത്രിഭുവൻ ദാസ് ഭീംജി ഝവേരി, വാമൻ ഹരിപേഠ് തുടങ്ങിയ വമ്പൻ ജ്വല്ലറി ഷോപ്പുകളിൽ കണ്ടുതുടങ്ങുമെന്ന് സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മിസിസ് ഡോളി മെർസബാൻ എന്ന പാഴ്‌സി വനിത പറഞ്ഞു. ജെം ആൻറ്​ ജ്വല്ലറി, ഫാഷൻ ടുഡെ തുടങ്ങിയ വർണശബളമായ മാഗസിനുകളുടെ പ്രസിദ്ധീകരണം വല്ലപ്പോഴുമായിരിക്കുന്നു.

ഛോട്ടുഭായി ഡ്രസ്‌വാലയുടെ കഥ തുടരുന്നതിനിടയിൽ സിനിമാ നടീനടന്മാർക്കുവേണ്ടി വസ്ത്രം തുന്നിക്കൊടുക്കുന്ന ഹോണസ്റ്റ് ടെയ്‌ലേഴ്‌സിന്റെ ഉപകഥ കൂടി പറയേണ്ടതുണ്ട്. ഛോട്ടുഭായിയുടെ ജോലികൾ ‘ഔട്ട്‌സോഴ്‌സ്' ആയി പീസ് വർക്ക് അടിസ്ഥാനത്തിൽ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഗീർഗാവ് കോഠാച്ചിവാഡിലെ ഹോണസ്റ്റ് ടെയ്‌ലേഴ്‌സ് ആൻറ്​ ഡ്രസ്​ ഡിസൈനേഴ്‌സ്. അമിതാഭ് ബച്ചന്റെ വരെ വസ്ത്രങ്ങൾ തുന്നുന്ന ആൾ എന്ന പേരും പെരുമയും വളരെ വർഷങ്ങൾക്കുമുമ്പുതന്നെ ഹോണസ്റ്റിനുണ്ട്. ഒരു സായാഹ്​ന ത്തിലാണ് ഞാൻ കോഠാച്ചി വാഡിയിലെത്തിയത്. വൺ + വൺ നിലയുള്ള ഓടിട്ട വാസഗൃഹങ്ങളിലെ താമസക്കാരിൽ ഭൂരിഭാഗവും മഹാരാഷ്ട്ര ബ്രാഹ്മണരാണ്. ഇടത്തരക്കാരായ ഇവരിൽ ചിലർ അവരുടെ കെട്ടിടങ്ങളിലെ മുറികൾ വാടകക്കു നൽകാറുണ്ട്.

ഊർമിള മതോഡ്കർ 'രംഗീല'യിൽ, 'ജ്വൽ തീഫി'ൽ വൈജയന്തിമാല, ദേവ് ആനന്ദ്

ഹോണസ്റ്റ് ടെയ്‌ലർ ഉടമ അനിൽ ദാണ്ഡേക്കറുടെ ടൈലറിങ്ങ് ഷോപ്പ് അവിടെയുള്ള ‘ആശാകുഞ്ജ്' കെട്ടിടത്തിന്റെ താഴെ നിലയിലായിരുന്നു. തയ്യൽക്കടയിൽ വിവിധ വർണങ്ങളിലുള്ള ഉടയാടകൾ ഹാംഗറിൽ കൊളുത്തിയിട്ടുണ്ട്. അഞ്ചാറ് തുന്നൽക്കാർ തമാശ പറഞ്ഞു ചിരിക്കുന്നതിനിടയിൽ തങ്ങളുടെ മെഷിനുകൾ ചലിപ്പിക്കുന്നു. പൊതുവെ സജീവമാണ് ആ തയ്യൽക്കട. വീതി കൂടിയ മേശയ്ക്കരികിൽനിന്ന് ദാണ്ഡേക്കർ - ദി മാസ്റ്റർ ഓഫ് ടൈലേഴ്‌സ്- സ്‌കെയിലും ടേപ്പും ഉപയോഗിച്ച് ബദ്ധശ്രദ്ധനായി അളന്ന് വില കൂടിയ തുണി വെട്ടിക്കൊണ്ടിരുന്നു. ഒരു കോട്ട് രൂപപ്പെടുത്തുകയാണ് അദ്ദേഹം. അൽപനേരം അവിടെ നിന്നെങ്കിലും അദ്ദേഹം എന്നെ ഗൗനിക്കുന്ന മട്ടില്ല. ശ്രദ്ധക്ഷണിക്കാൻ ഞാനൊന്നു ചുമച്ചു. പക്ഷേ, കുറേ കഴിഞ്ഞാണ് ദാണ്ഡേക്കർ എന്നെ കണ്ടത്.

‘ക്യാ ചാഹിയേ' എന്ന ചോദ്യത്തിന് പാന്റും ഷർട്ടും തയ്പിക്കാൻ വന്നതാണെന്ന് പറഞ്ഞ് റെയ്​മണ്ട്​ റീ ടെയ്‌ലർ ഷോപ്പിൽനിന്നുവാങ്ങിയ തുണി അദ്ദേഹത്തിന്റെ മേശമേൽ വച്ചു.
‘അഭി നഹി ഹോയേഗാ, ഏക് മഹീനേക്കാ ബാദ് ദേഖേഗാ...' (ഇപ്പോൾ നടക്കില്ല. ഒരു മാസത്തിനുശേഷം നോക്കാം) എന്നദ്ദേഹം പറഞ്ഞു. അനുബന്ധമെന്നോണം ഛോട്ടു ഭായി ഡ്രസ്‌വാലക്കുവേണ്ടി അനേകം ജോലി ബാക്കിയുണ്ടെന്ന് ദാണ്ഡേക്കർ ഹോണസ്റ്റായിത്തന്നെ പറഞ്ഞു. കേരളത്തിലെ ഗൾഫ് പ്രവാസികൾ രണ്ടാഴ്ച ലീവെടുത്തുവന്ന് കല്യാണവും കഴിച്ചാണ് തിരികെ പോകുക എന്ന എന്റെ വാക്കുകൾ കേട്ട് അൽപം ക്രുദ്ധനായി എന്നെ അദ്ദേഹം നോക്കി, എന്നിട്ട്​ ‘‘ജൽബാജിമേ ഉൻ ലോഗ്കാ സിലക്ഷൻ ചോപ്പഡ് ഹോയേഗ'' എന്ന് കമന്റടിച്ചു. അതായത് തിടുക്കത്തിലുള്ള അവരുടെ കല്യാണം ചിലപ്പോൾ പിഴയ്ക്കുമെന്നാണ് അതിന്റെ പരിഭാഷ!

ഗീർഗാവ് കോഠാച്ചിവാഡിലെ തെരുവ് / Photo: Wikimedia Commons

അനിൽ ദാണ്ഡേക്കർ സിനിമാക്കാരുടെ വസ്ത്രങ്ങൾ തുന്നിത്തുന്നി ബോറിവിലി വെസ്റ്റിലെ പോഷ് ഏരിയയിൽ ടു ബെഡ് റൂം കിച്ചൺ സ്വന്തമാക്കുകയും രണ്ട് പെൺകുട്ടികളുടെ വിവാഹം കേമമായി കഴിച്ചുവിട്ടതായും പിന്നീടറിഞ്ഞു. ഛോട്ടുഭായിയുടെ തുന്നൽപണി (പീസ് വർക്ക്) ചെയ്യുന്ന മുളുണ്ട് വെസ്റ്റിലെ മുളോബ ടൈലേഴ്‌സ്, ചെമ്പൂരിലെ അപ്‌സര ടൈലേഴ്‌സ്, അൽക്കാ ടെയ്‌ലേഴ്‌സ് തുടങ്ങിയവയ്ക്ക് ഇപ്പോൾ കാര്യമായ വരുമാനമില്ല. തങ്ങളുടെ ഷോപ്പുകളിൽ അവർ ചടഞ്ഞുകൂടിയിരിപ്പാണ്.

പുതിയ ഡെലിവറി ബോയ്​സ്​ വർഗം

നല്ല ഭക്ഷണം ആസ്വദിക്കുന്നവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും. എന്റെ ഫ്‌ളാറ്റിൽ വെപ്പ്, തീൻ (എന്നാൽ വിസ്‌കി + സോഡ, ടച്ചിംഗ്‌സ് കുടിയുണ്ട്!) തുടങ്ങി മറ്റൊന്നുമില്ലാത്തതിനാൽ ആഹരിക്കാനായി ഹോട്ടലുകളെ അഭയം പ്രാപിക്കുന്നു. അങ്ങനെയാണ് കുമാർ റാവു എന്ന മാംഗ്ലൂർ സ്വദേശിയെ ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് അദ്ദേഹം ജോലി ചെയ്തിരുന്നത് ചർച്ച്‌ഗേറ്റിലെ (ഗ്രേഡ് 1) സത്കർ വെജിറ്റേറിയൻ ഹോട്ടലിലാണ്. ബി.കോം പാസ്സായ റാവു ബോംബെയിലെത്തുമ്പോൾ മഹാനഗരത്തിന് മുംബൈ എന്ന് പേര് വീണിരുന്നില്ല. ബോംബയിലെത്തുന്ന കർണാടകക്കാരിൽ പലരും ഈവനിങ്ങ് കോളേജിൽ പഠിച്ച് ഡിഗ്രിയും മാസ്റ്റേഴ്‌സ് ഡിഗ്രിയുമൊക്കെ പാസായി കോർപറേറ്റ് സ്ഥാപനങ്ങളിൽ ഉന്നതോദ്യോഗത്തിൽ എത്തിച്ചേർന്ന നൂറുകണക്കിന് സംഭവങ്ങളുണ്ട്.

‘വെൽ ബിൽറ്റ്' എന്നു പറയാവുന്ന ആരോഗ്യമുള്ള റാവു, അന്ന് സത്കറിലെ വെയ്റ്ററായിരുന്നു. വർഷങ്ങളുടെ പരിചയം അദ്ദേഹത്തെ കിച്ചൺ സൂപ്പർവൈസറുടെ പദവിയിലേക്കുയർത്താൻ സഹായിച്ചു. കർണാടകയുടെ തനത് രുചിക്കൂട്ടിൽ തയ്യാറാക്കുന്ന വിഭവങ്ങൾ ഭക്ഷിക്കുക സത്യം പറഞ്ഞാൽ ഒരു ബലഹീനതയായി ഞാനടക്കം പലർക്കും അനുഭവപ്പെട്ടിരുന്നു. എന്നാൽ, ആലൂക്കാ പറാത്തയും ദഹി ഇഡ്ഡലിയും ദഹി വടയും മസാല ദോശയുമെല്ലാം ഇപ്പോൾ സത്കറിൽ അന്യം നിന്നുപോയി. ചർച്ച്‌ഗേറ്റിന്റെ കണ്ണായ ആ സ്ഥലം മക് ഡൊണാൾഡിന്റെ ഔട്ട്‌ലെറ്റായി മാറിയിട്ട് വർഷം നാലഞ്ചു കഴിഞ്ഞിരിക്കുന്നു. മസാല ദോശക്കുപകരം അവിടെ മക് പനീർ കയറിക്കൂടി. വട- സാമ്പാറിന്റെ സ്ഥാനം ചിക്കൻ മക് ഗ്രിൽ കൈയടക്കി. മക്, മക് ആകെ മക് മയമാണ് അവിടെ ഇപ്പോൾ. നമ്മുടെ ഭക്ഷണ സംസ്‌കാരത്തിൽ പാശ്ചാത്യ ഭക്ഷ്യവിഭവങ്ങളുടെ കടന്നുകയറ്റം എങ്ങനെയെന്നതിന് ഈയൊരൊറ്റ ഉദാഹരണം മാത്രം മതി.

ജൂഹു- സാന്റാക്രൂസിലുള്ള പൃഥ്വി തിയേറ്റർ, ലതാമങ്കേഷ്‌കറുടെ പിതാവായ ദീൻനാഥ് മങ്കേഷ്‌കറുടെ സ്മരണ നിലനിർത്തുന്ന ദീൻനാഥ് തിയേറ്റർ, ദാദറിലെ ശിവജി മന്ദിർ തുടങ്ങിയ നാട്യഗൃഹങ്ങളിലുണ്ടായിരുന്ന കാണികളുടെ തള്ളിക്കയറ്റം ഇപ്പോഴും കൺമുന്നിലുണ്ട്.

ഭാഗ്യമെന്ന് പറയട്ടെ, ആയിടയ്ക്ക് മൻസൂർ അലി എന്നൊരു ഹൈദരാബാദി യുവാവിനെ കുമാർ റാവു പരിചയപ്പെട്ടു. അലിയുടെ ‘ചൽത്താ ഫിർത്താ ഹോട്ടൽ' (സഞ്ചരിക്കുന്ന ഹോട്ടൽ) സിനിമക്കാരുടെ ഷൂട്ടിങ്ങ് സ്ഥലങ്ങളിൽ പോയി അവർക്കു ഭക്ഷണം വിളമ്പുക എന്ന സേവനമാണ് നൽകുന്നത്. മൻസൂർ ചിക്കൻ തന്തൂരിയും ദം ബിരിയാണിയും കബാബും മറ്റും വിളമ്പുമ്പോൾ കുമാർ റാവു മസാലദോശയും ഇഡ്ഡലി- വട- സാമ്പാറും മറ്റും നല്കി സിനിമാക്കാരെ ഊട്ടി. കാലം കുറെ കടന്നുപോയി. ഇതിനിടെ റാവു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായി. ആയിടയ്ക്ക് കുമാറിനെ താനെ റെയിൽവേ സ്റ്റേഷനിൽവെച്ച് കണ്ടുമുട്ടി.
‘‘അഭി ക്യാ ഹാൽ ഹെ?'' എന്ന കുശലപ്രശ്‌നത്തിന് ‘‘മേരാ ജിന്ദഗി സെറ്റിൽ ഹോഗയാ അങ്കിൾ'' എന്നായിരുന്നു മറുപടി.
തന്റെ ജീവിതം പുഷ്ടിപ്പെട്ടു എന്ന് സസന്തോഷം എന്നെ അറിയിച്ചു.
മുളുണ്ട് ചെക്‌നാക്ക പരിസരത്ത് ഒറ്റമുറിയും അടുക്കളയുമുള്ള ചെറിയ ഫ്‌ളാറ്റ് അയാൾ സ്വന്തമാക്കിയിട്ടുണ്ട്. സ്വച്ഛന്ദമായൊഴുകുന്ന നദി പോലെ അദ്ദേഹത്തിന്റെ ജീവിതം മുന്നോട്ടുപോയി. ഇപ്പോഴിതാ, സിനിമനിർമ്മാണമേഖല സ്തംഭിച്ചിരിക്കുന്നു. അതോടെ റാവുവിന്റെയും മൻസൂർ അലിയുടെയും പോലുള്ളവരുടെ ഭാവി ചോദ്യചിഹ്നമായി മാറി. ഡൊമാറ്റോ, സ്വിഗ്ഗി, ഈബർ ഈറ്റ്‌സ് തുടങ്ങിയവർ നമ്മുടെ അടുക്കള ഭരണകർത്താക്കളാകുമ്പോൾ കുമാർ അവയുടെ ഡെലിവറി ചേട്ടൻ ആകാൻ തയ്യാറാകുമെന്നു തോന്നുന്നു.

ടോളറേറ്റഡ് ഏരിയ

നാല് പതിറ്റാണ്ടിലേറെ മഹാനഗരം സാക്ഷിയായി പരസ്യ കലാരംഗത്തും പത്രങ്ങളിലെ ആഡ് എക്‌സിക്യൂട്ടീവായും പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ സിനിമ, നാടകം, ബഹുരംഗി തമാശ തുടങ്ങിയവയുടെ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്ന ചില പ്രധാന ആഡ് എജൻസികളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പറയാതെ വയ്യ.

മഹാരാഷ്ട്രീയർ പൊതുവെ നാടകക്കമ്പക്കാരാണ്. വിജയ് ടെന്റുൽക്കറും സത്യദേവ് ദുബെയും ജബ്ബാർ പട്ടേലും നീളു ഫുലെയുമെല്ലാം അവരുടെ നാടകങ്ങളിലൂടെ പുത്തൻ പ്രമേയങ്ങൾ രംഗത്തെത്തിച്ചിരുന്ന കാലം അത്ര വിദൂരമല്ല. ജൂഹു- സാന്റാക്രൂസിലുള്ള പൃഥ്വി തിയേറ്റർ, ലതാമങ്കേഷ്‌കറുടെ പിതാവായ ദീൻനാഥ് മങ്കേഷ്‌കറുടെ സ്മരണ നിലനിർത്തുന്ന ദീൻനാഥ് തിയേറ്റർ (പാർലെ), ദാദറിലെ ശിവജി മന്ദിർ തുടങ്ങിയ നാട്യഗൃഹങ്ങളിലുണ്ടായിരുന്ന കാണികളുടെ തള്ളിക്കയറ്റം ഇപ്പോഴും കൺമുന്നിലുണ്ട്.

വിജയ് ടെന്റുൽക്കർ, സത്യദേവ് ദുബെ, ജബ്ബാർ പട്ടേൽ, നീളു ഫുലെ

നാനാ പാഠേക്കറുടെ ‘പുരുഷ്' എന്ന നാടകമാണ് ബോംബെയിൽ എത്തിയശേഷം ഞാൻ ആദ്യമായി കണ്ട മറാഠി നാടകം. ഹാളിൽ അന്നു നിറഞ്ഞു കവിഞ്ഞ കാണികളുടെ കരഘോഷവും ആവേശവും പറഞ്ഞറിയിക്കാനാവില്ല. കൊടുങ്കാറ്റിനേക്കാൾ ശക്തിയുള്ള ടെന്റുൽക്കറുടെ ‘ശാന്തത’; ‘കോർട്ട് ചാലു ആഹേ' (സംവിധാനം സത്യദേവ് ദുബെ), ദേശ് പാണ്ഡെയുടെ ‘കാശിറാം കൊഠ്വാൾ' തുടങ്ങിയ നാടകങ്ങൾ കാണികൾ നെഞ്ചേറ്റിയവയാണ്. ബർണാഡ് ഷായുടെ പ്രസിദ്ധ നാടകമായ പിഗ്മാലിയ (Pygmalion) നെ ആസ്പദമാക്കി പുരുഷോത്തം ലക്ഷ്മൺ ദേശ്പാണ്ഡെ രചിച്ച മറാഠി നാടകം ‘ഥി ഫൂൾറാണി' (ആ പൂക്കാരി) ഭായിദാസ് ഹാളിൽ നിറഞ്ഞ സദസ്സിൽ രണ്ടുമാസങ്ങളോളം ഓടി. നീളു ഫുലെയുടെ ‘സക്കാറാം ബൈന്റർ' എന്ന വിവാദനാടകത്തിന് മഹാരാഷ്ട്ര ഗവൺമെൻറ്​ പ്രദർശനാനുമതി നിഷേധിച്ചിരുന്നു. (രചന: ടെന്റുൽക്കർ, സംവിധാനം: കമലാകർ സാവന്ത്.) ഒരു പ്രസ് ജോലിക്കാരൻ നിരാലംബയായ ഒരു സ്​ത്രീയെ വീട്ടിൽ കൊണ്ടുവന്ന് പാർപ്പിച്ച് നിരന്തരം പീഡിപ്പിക്കുന്ന കഥയാണ് ‘സക്കാറാം ബൈന്റർ' പറയുന്നത്. വിലക്ക് നീങ്ങിയശേഷം ഈ നാടകം രണ്ടായിരത്തിലധികം സ്റ്റേജുകളിൽ കളിക്കുകയുണ്ടായി.

ഗുജറാത്തികൾ തിങ്ങിത്താമസിക്കുന്ന മുളുണ്ട്, ഘാട്‌കോപ്പർ, ബോറിവിലി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഗുജ് നാടകശാലകളിൽ ഒരു നാടകവും ഇപ്പോൾ കളിക്കുന്നില്ല. സെക്‌സിന്റെ അതിപ്രസരമുള്ള ഗുജറാത്തി നാടകങ്ങൾ കാണാൻ ഷെയർമാർക്കറ്റിലെ ദല്ലാൾമാരാണ് അധികവും എത്തുക

ഹിന്ദി സിനിമകളുടെ പേപ്പർ ആഡ്‌സ് റിലീസ് ചെയ്തിരുന്നത് ഗ്രാൻറ്​ റോഡിൽ നവ്ജീവൻ സൊസൈറ്റിയുടെ ആറാംനിലയിൽ പ്രവർത്തിക്കുന്ന പാരസ് പബ്ലിസിറ്റിയാണ്, അവർ ഈ രംഗത്തെ പ്രമുഖരാണ്. അവിടെ പലകുറി പോയിട്ടുണ്ട്. ഞാനവിടെ എപ്പോൾ ചെന്നാലും ‘‘ജോഷി ഭായി, ആപ്കാ ദർശൻ അഭി മിൽത്താ നഹി'' (താങ്കളുടെ ദർശനം ഇപ്പോൾ ലഭിക്കുന്നില്ലല്ലോ) എന്ന സ്ഥിരം പരിഭവത്തോടെയുള്ള പയ്യാരംപറച്ചിൽ ഏജൻസി ഉടമ വസാനിയിൽനിന്നു കേൾക്കാം. അതിന് പ്രത്യേകിച്ച് അർത്ഥവ്യാപ്തിയൊന്നുമില്ലെന്ന് സാരം. ഗ്രാൻറ്​ റോഡിലെ പോഷ് ചുവന്ന തെരുവായ ടോളറേറ്റഡ് ഏരിയ (ഈ വാക്ക് ബ്രിട്ടീഷുകാരുടെ സംഭാവനയാണ്) ശുക്ലാജി സ്ട്രീറ്റിനു സമീപമാണ്​, ഇത്തരം സിനിമ പബ്ലിസിറ്റിക്കാരുടേയും ഫിലിം ഡിസ്ട്രിബ്യൂട്ടർമാരുടേയും തട്ടകമാണിത്​. അവിടെ ഏതോ ഒരു സിനിമാവിതരണക്കാരനെ കണ്ട് മടങ്ങവേ മുന്നിൽ ഒരാൾ വന്നുപെട്ടു; ‘‘സാബ്, ഐറ്റം മംഗാത്താ, മൽയാളം, ടമിൾ, ഗുജറാത്തി, കംപ്ലീറ്റ് സാറ്റിസ്ഫാക്ഷൻ ഗ്യാരണ്ടി ദേത്താ ഹും.''
ഒന്നും മിണ്ടാതെ മുന്നോട്ടു നടക്കുമ്പോൾ അയാളുടെ തെറി പുറകേയെത്തി; ‘‘ആയ്‌ലാ, സാലാ ചൂത്തിയാ'' എന്ന്. ഞാനൊരു പൊട്ടൻഷ്യൽ ക്ലയന്റാണെന്ന് ധരിച്ചതിൽ വലിയ കുഴപ്പമില്ലെന്ന് തോന്നുന്നു. ഇന്ത്യയിൽ ഏതു ജോലി ചെയ്തും ജീവിക്കാനുള്ള അവകാശം ഏവർക്കുമുണ്ടല്ലോ!

‘സക്കാറാം ബൈന്റർ' എന്ന നാടകത്തിൽ നിന്ന്

ദാദറിലെ ബി.വെ. പാധ്വേ പബ്ലിസിറ്റി, ലോക്കൽ ക്ലയന്റുകളുടെ പരസ്യങ്ങൾക്കൊപ്പം മറാഠി സിനിമാപരസ്യങ്ങളും റിലീസ് ചെയ്തിരുന്നു. ഗുജറാത്തികൾ തിങ്ങിത്താമസിക്കുന്ന മുളുണ്ട്, ഘാട്‌കോപ്പർ, ബോറിവിലി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഗുജ് നാടകശാലകളിൽ ഒരു നാടകവും ഇപ്പോൾ കളിക്കുന്നില്ല. സെക്‌സിന്റെ അതിപ്രസരമുള്ള ഗുജറാത്തി നാടകങ്ങൾ കാണാൻ ഷെയർമാർക്കറ്റിലെ ദല്ലാൾമാരാണ് അധികവും എത്തുക. കാജൽ ആഡ്‌സ് (അന്ധേരി) ഗുജറാത്തി നാടകപരസ്യങ്ങൾ പത്രങ്ങളിൽ നൽകാറുള്ള പ്രധാന ഏജൻസി അടച്ചു. ജെനിഫർ കപൂറും ഭർത്താവ് ശശികപൂറും നസറുദ്ദീൻഷായും ആഡ്ഗുരു അലിക് പദംസിയും ഭാര്യ പേൾ പദംസിയും ബോമൻ ഇറാനിയുമെല്ലാം അഭിനയിക്കുന്ന ഇംഗ്ലീഷ് നാടകങ്ങൾ നരിമാൻ പോയിന്റിലെ എൻ.സി.പി.എ. ഹാളിൽ പതിവായി അരങ്ങേറാറുണ്ട്. ജെന്നിഫർ എഴുതി സംവിധാനം നിർവഹിച്ച ‘ഷേക്‌സ്പിയർ വാല' ഏറെ ശ്രദ്ധിക്കപ്പെട്ട ഇംഗ്ലീഷ് നാടകങ്ങളിൽ ഒന്നാണ്. നസറുദ്ദീൻ ഷായും ബോമൻ ഇറാനിയും ഒഴികെ മറ്റെല്ലാവരും മൺമറഞ്ഞിട്ട്​ വർഷങ്ങളായി. എൻ.സി.പി.എ. ഏതാണ്ട് അടഞ്ഞ നിലയിലാണിപ്പോൾ. അവിടെ പരിപാടികളില്ല.

3000ത്തിലധികം തമാശ കലാകാരന്മാർക്കൊപ്പം സൗണ്ട് ഓപ്പറേറ്റർമാരും മേക്കപ്പ് ആർട്ടിസ്റ്റുകളും സമാനജോലിയിൽ ഏർപ്പെട്ടവരും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ നടത്തുന്ന പെടാപാടിനെക്കുറിച്ച് റിപ്പോർട്ടുണ്ടായിരുന്നു.

ഒരു പഴയ ‘കമ്പനി’ക്കാര്യം

2001 കാലത്ത്​ റിലീസായ രാംഗോപാൽ വർമയുടെ ‘കമ്പനി' അണ്ടർവേൾഡ് കഥ പറയുന്ന ഹിന്ദി സിനിമയാണ്. ഇതിലെ പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ടതോ, നമ്മുടെ പ്രിയപ്പെട്ട മോഹൻലാലും. മലയാളിക്ക് സന്തോഷകരമായ ഈ വാർത്ത ഒന്നുകൂടി ഉയർത്തിപ്പിടിക്കാൻ ചെമ്പൂർ, ഡോംബിവിലി, താനെ, മാട്ടുംഗ തുടങ്ങിയ മലയാളികളുടെ ഇടങ്ങളിൽ ‘കമ്പനി'യുടെ പോസ്റ്ററുകളും ‘കമ്പനി’യുടെ ഇല്യൂമിനേറ്റ് ചെയ്യപ്പെട്ട കൂറ്റൻ ബിൽബോർഡുകളും ഉയർന്നുവന്നു. ഈ സിനിമയുടെ ആഡ് ഏജൻസിയുടമ ഒരു ബാവാജിയാണ്, അതായത്, പാഴ്‌സി. (പേര് ഓർമയില്ല). ഈറോസ് സിനിമ സ്ഥിതിചെയ്യുന്ന അതേ കെട്ടിടത്തിലാണ് അവരുടെ ഓഫീസ്.

വന്ന കാര്യം ബാവാജിയോട് വിശദീകരിച്ചു. പരസ്യനിരക്ക് സംബന്ധിച്ച വലിയൊരു പിടിവലി ഞങ്ങൾ തമ്മിൽ നടന്നു. ഒടുവിൽ അദ്ദേഹത്തിന്റെ കൃപാകടാക്ഷമെന്നോണം‘കമ്പനി’യുടെ പരസ്യത്തിന്റെ നാലു ഇൻസെർഷൻ അനുവദിച്ചുള്ള റിലീസ് ഓർഡറും സിഡിയും കൂട്ടത്തിൽ ഈറോസിൽ ഈ സിനിമ കാണാനുള്ള (അപ്പർക്ലാസ്) രണ്ട് കോംപ്ലിമെന്ററി ടിക്കറ്റുകളും നല്കി. റിലീസ് ദിവസം ഞാനും ‘കമ്പനിക്കുവേണ്ടി' ഗോവൻ സുഹൃത്തായ ഫിലോമിന ഡിക്കോസ്തയുമൊത്ത് ഈറോസ് തിയറ്ററിൽ കയറി. സിനിമ തുടങ്ങി. ശബ്ദകോലാഹലങ്ങളോടെ ടൈറ്റിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഐ.പി.എസ് ഉദ്യോഗസ്ഥനായെത്തുന്ന മോഹൻലാലും വില്ലൻ കഥാപാത്രങ്ങളായ അജയ് ദേവ്ഗണും വിവേക് ഒബ്‌റോയും നായിക ബിപാഷ ബാസുവും സീമ ബിശ്വാസും വന്നും പോയ്‌ക്കൊണ്ടുമിരുന്നു. എന്നാൽ, സിനിമാന്ത്യംവരെ മലയാളത്തിന്റെ അഭിമാനതാരമായ മോഹൻലാൽ വില്ലൻമാരോട് ‘‘ചായ്, കോഫി'' എന്നീ സൽക്കാരവാക്കുകൾമാത്രം പറഞ്ഞ് അദ്ദേഹത്തിന്റെ അഭിനയചാതുരി ഒതുക്കിയല്ലോ എന്നു തോന്നിപ്പോയി.

ഫിലിം കണ്ട് പുറത്തിറങ്ങവേ ഫിലോമിന ഗോവൻ ഇംഗ്ലീഷിൽ ഇങ്ങനെ പറയുന്നത് കേട്ടു, What man, your hero disappointed me! കൂട്ടത്തിൽ ഒരു ‘ബുൾഷിറ്റ്' അവൾ കൂട്ടിച്ചേർത്തു. ഫിലോമിനയുടെ സങ്കടത്തിനു പരിഹാരമായി സത്കർ ഹോട്ടലിൽനിന്ന് ഒരു ദാവത്ത് (സദ്യ) തന്നെ നടത്തേണ്ടിവന്നു. ആ വകയിൽ എനിക്കു നഷ്ടപ്പെട്ടതോ, നാനൂറിലധികം രൂപയും! ‘‘ബാബുജി ധീരെ ചൽനാ, ആ പ്യാർ മേ ബഡാ ദോഖേ ഹെ'' എന്ന ഗീതാ ദത്തിന്റെ പ്രസിദ്ധ ഗാനം ബോധപൂർവ്വം മൂളാനും അവൾ മറന്നില്ല.

പരസ്യങ്ങൾ പത്രങ്ങളുടെ നട്ടെല്ലാണ്. അവയില്ലെങ്കിൽ അവരുടെ റവന്യൂ കുറയും. സിനിമാപരസ്യങ്ങളുടെ നിരക്ക് കുറവാണെങ്കിലും എല്ലാ പത്രമാസികകളും കാൽശതമാനമോ അതിലൽപം കൂടുതലായ റേറ്റിലോ അവ അച്ചടിക്കാൻ വൈമനസ്യം കാണിക്കാറില്ല. അതു വായിക്കാൻമാത്രം പത്രം വാങ്ങുന്ന ധാരാളം പേരുണ്ട്. ടോയ്‌ലറ്റ് ക്ലീനറിന്റെയും കൊതുകുസംഹാര സ്‌പ്രേയുടെയും ‘ഉപ്പുള്ള' ടൂത്ത്‌പേസ്റ്റിന്റെയും വിവരങ്ങൾമാത്രം വായനക്കാർക്ക് അറിഞ്ഞാൽ പോരല്ലോ എന്ന തിരിച്ചറിവ് പത്രങ്ങൾക്കുണ്ട്.

ഒരു ബഹുരംഗി തമാശ ആർട്ടിസ്റ്റ് ആയ ബാപ്പുസമേൾ ഇപ്പോൾ മുളുണ്ടിൽ ജൈവ ഉല്പന്നങ്ങൾ വിറ്റുകൊണ്ടിരിക്കുന്നു.

ചക്രശ്വാസം വലിക്കുന്ന ബഹുരംഗി തമാശ

മഹാരാഷ്ട്രയിലെ ചെറിയ പട്ടണങ്ങളിലും ഉൾനാടൻ ഗ്രാമങ്ങളിലും അവതരിപ്പിക്കാറുള്ള കലാരൂപങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് ‘ബഹുരംഗി തമാശ'യാണ്. നൃത്തനൃത്യങ്ങളും നർമവും ഹാസപരിഹാസങ്ങളും ഉൾക്കൊള്ളുന്ന ബഹുരംഗി തമാശയുടെ സുപ്രധാന ഭാഗം ‘ലാവണി'യാണ്​. ഈ കലാരൂപത്തിന്റെ പ്രദർശനം പതിനെട്ടു മാസമായി നിന്നുപോയിരിക്കുന്നു. 3000ത്തിലധികം തമാശ കലാകാരന്മാർക്കൊപ്പം സൗണ്ട് ഓപ്പറേറ്റർമാരും മേക്കപ്പ് ആർട്ടിസ്റ്റുകളും സമാനജോലിയിൽ ഏർപ്പെട്ടവരും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ നടത്തുന്ന പെടാപാടിനെക്കുറിച്ച് ഈയടുത്ത ദിവസങ്ങളിൽ ടൈംസ് ഓഫ്​ ഇന്ത്യയിൽ റിപ്പോർട്ടുണ്ടായിരുന്നു.

ഒരു ബഹുരംഗി തമാശ ആർട്ടിസ്റ്റ് ആയ ബാപ്പുസമേൾ ഇപ്പോൾ മുളുണ്ടിൽ ജൈവ ഉല്പന്നങ്ങൾ വിറ്റുകൊണ്ടിരിക്കുന്നു. ഒരു ഷോയ്ക്ക് നിശ്ചിത തുക മാത്രം കൈപ്പറ്റിയിരുന്ന ബാപ്പു സമേൾ ‘തിയേറ്റർ ദോസ്ത്' എന്ന സംഘടന ആരംഭിച്ചിട്ടുണ്ട്. ഗ്രാമീണ കലാരൂപങ്ങളെ പരിരക്ഷിക്കാൻ ഭരണകൂടം മുന്നോട്ടുവരുന്നില്ല എന്ന പരാതിയും ബാപ്പു സമേളിനുണ്ട്. കലാകാരന്മാരുടെ പരസ്പര സഹായസഹകരണത്തിന് ‘രംഗ് മഞ്ച് കാംഗാർ സംഘ്' എന്നൊരു സംഘടന ഈയിടെ മുന്നോട്ട് വന്നിട്ടുണ്ടേത്ര.

ലാവണി നൃത്തം

ഇപ്പോൾ എനിക്കോർമ വരുന്നത്, വി.ശാന്താറാമിന്റെ ‘പിഞ്ജറ’ (കൂട്) എന്ന മറാഠി സിനിമയാണ്. നായിക (സന്ധ്യ) ഒരു ബഹുരംഗി തമാശ കലാകാരിയാണ്. അംഗുഠാ ചാപ്പകളായ (അക്ഷരമറിയാത്തവർ) ആ ഗ്രാമത്തിലെ വയോജനങ്ങളെ പഠിപ്പിക്കാൻ ഏകവിദ്യാലയ അധ്യാപകനായി നായകനായ ശ്രീരാംലാഗു വരുന്നു. അദ്ദേഹം ഗ്രാമീണരെ അ- ആയി, ഈ- ഈശ്വർ എന്നിങ്ങനെ മറാഠിയിലെ ആദ്യലിപി പഠിപ്പിക്കാൻ തുടങ്ങുമ്പോഴൊക്കെ ബഹുരംഗി തമാശ സംഘം ഡും ഡും ഡും ശബ്ദത്തിൽ ഉറക്കെ ഡോലക്ക് കൊട്ടി അവരുടെ പഠനത്തിൽ ഇടങ്കോലിട്ടു ശ്രദ്ധ തിരിക്കുന്നു. എല്ലാ വൃദ്ധരും സ്ലേറ്റും പുസ്തകവും വലിച്ചെറിഞ്ഞ് നൃത്തമാസ്വദിക്കാൻ അങ്ങോട്ട് പായുകയായി.

ഹീറോ, ഹീറോയിൻ, വില്ലൻമാർ എന്നിവരുടെ ഫോട്ടോ എടുത്ത് അവ സിനിമാമാസികകൾക്ക് നല്കുന്ന ആളാണ്​ മൈക്കിൾ ഡിസൂസ, ഫിലിം സ്റ്റുഡിയോകൾക്ക് ഷട്ടറിട്ടപ്പോൾ അദ്ദേഹത്തിന്റെ അന്നം മുട്ടി.

കുത്തക ജന്മി- മുതലാളിവർഗത്തിന്റെ പൊതുകാഴ്ചപ്പാട് നിലനിൽക്കുന്ന ആ ഗ്രാമത്തിൽ ദരിദ്രരുടെ പഠനം തടയുക, ദരിദ്രരെ കൂടുതൽ ദരിദ്രരാക്കി തരംതാഴ്ത്തുക എന്നീ ഉദ്ദേശ്യത്തോടെയാണ് ആ കലാകാരിയെ ഗ്രാമത്തിലെ പ്രഥാൻ (പഞ്ചായത്ത് പ്രസിഡൻറ്​) ക്ഷണിച്ചുവരുത്തുന്നത്. അതിൽ അവർ ഒരു പരിധിവരെ ജയിക്കുക കൂടി ചെയ്യുന്ന വേദനാജനകമായ കാഴ്ചയാണ് ‘പിഞ്ജറ'യിലുള്ളത്. ‘നാട്യരംഗ്' എന്ന മറാഠി സിനിമയിൽ ബഹുരംഗി തമാശയിൽ ജീവിതം അർപ്പിച്ച കലാകാരനായി പ്രത്യക്ഷപ്പെടുന്നത് അതുൾ കുൽക്കർണ്ണിയാണ്. ഇവ രണ്ടിനും അനേകം പുരസ്‌കാരങ്ങൾ നേടാനായി. ചുരുക്കിപ്പറഞ്ഞാൽ, മഹാരാഷ്ട്രയുടെ തനത് കലാരൂപമായ ബഹുരംഗി തമാശ ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുന്നുവെന്ന് അതിശയോക്തി കലർത്തി പറയുന്നതിൽ തെറ്റില്ല.

ജൂനിയർ ആർട്ടിസ്​റ്റുമാർ അടുക്കള പണി ചെയ്യുകയാണ്​

ദാദറിലെ സ്റ്റുഡിയോ രണദിവേ സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർമാരുടേയും മറാഠി ചലച്ചിത്രകാരന്മാരുടെയും കേന്ദ്രമാണ്. എന്റെ സുഹൃത്തുക്കളായ കിഷോർ രണദിവയെയും മൈക്കിൾ ഡിസൂസയേയും കാണാൻ ശനിയാഴ്ച വൈകുന്നേരങ്ങളിൽ അവിടെ പോകാറുണ്ട്. ആയിടയ്ക്ക് സ്റ്റുഡിയോ ഉടമ സാക്ഷാൽ രത്‌നാകർ രണദിവേ സിനിമാനിർമാണത്തിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ ആദ്യ സിനിമയ്ക്ക് ‘ഹൾദി കുംകും' എന്നു പേരിട്ടു. വിവാഹിതരായ മഹാരാഷ്ട്രിയൻ സ്ത്രീകളുടെ ഒരു ആചാരമാണ് ഹൾദി കുംകും. മഞ്ഞളും കുങ്കുമവും എന്ന് മലയാളത്തിൽ അർത്ഥംവരുന്ന ഈ സിനിമയുടെ പ്രിവ്യൂ കാണാൻ ഞങ്ങൾ രണ്ടുമൂന്നുപേർ ദാദറിലെത്തന്നെ ഒരു മിനി തിയേറ്ററിലെത്തി. മലയാളത്തിലെ ‘ഭ്രഷ്ട്', ‘പെരുവഴിയമ്പലം', ജോൺ അബ്രഹാമിന്റെ ‘അഗ്രഹാരത്തിൽ കഴുതൈ' തുടങ്ങിയവയുടെ പ്രദർശനം ടിക്കറ്റ് വെച്ച് ചില മലയാളി സമാജങ്ങൾ അവിടെ നടത്തിയിരുന്നു. ‘ഹൾദി കുംകും' ഒരു മൂന്നാംകിട സിനിമയാണെങ്കിലും തിയേറ്ററുകളിൽ അത് വൻവിജയമായി. സെൻറിമെന്റൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഖ്യാതിനേടിയ കമലാകർ തോർണെയാണ് സംവിധായകൻ. സ്‌ക്രീനിൽ നന്നായി കരയാനറിയുന്ന ജയ്ശ്രീ ഘഠ്ക്കറാണ് നായിക. ജയ്ശ്രീയുടെ കണ്ണീരിനൊപ്പം പ്രേക്ഷകർ കരഞ്ഞുകുളിച്ചു. അവരുടെ കണ്ണീർ കുടുകുടാ എന്ന രീതിയിൽ വീണപ്പോൾ രത്‌നാകർ രണദിവേയുടെ കീശ നിറഞ്ഞുകവിഞ്ഞു. വളരെ കാലങ്ങൾക്കുശേഷം രത്‌നാകർ വീണ്ടുമൊരു പടം ചെയ്യാൻ ഇറങ്ങിയെങ്കിലും അത് തീരുന്നതിനുമുമ്പ് കോവിഡ്-19 മഹാനഗരമാകെ പടർന്നു. രത്‌നാകറിന്റെ സ്റ്റിൽഫോട്ടോഗ്രാഫറായ മകൻ കിഷോർ ഇപ്പോൾ പരിപാടി നിർത്തി പുനേയിൽ ഫെർഗുസൻ കോളേജിന് സമീപം ഒരു കെട്ടിടത്തിലെ ഫ്‌ളാറ്റിൽ പിതാവിനൊപ്പം വിശ്രമജീവിതം നയിക്കുന്നു.

ജയ്ശ്രീ ഘഠ്ക്കർ

സുഹൃത്ത് മൈക്കിൾ ഡിസൂസ ഫിലിം സ്റ്റുഡിയോകളിലെത്തി ഹീറോ, ഹീറോയിൻ, വില്ലൻമാരുടെ ഫോട്ടോ എടുത്ത് അവ സിനിമാമാസികകൾക്ക് നല്കുന്ന സിദ്ധിവൈഭവമുള്ള ഫോട്ടോഗ്രാഫറാണ്. ഫിലിം സ്റ്റുഡിയോകൾക്ക് ഷട്ടറിട്ടതിനാൽ മൈക്കിളിന്റെ അന്നം മുട്ടി. സിനിമയുമായി ബന്ധപ്പെട്ട, അതിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ വേറെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ബാപ്പു സമേൾ പച്ചക്കറി വിൽക്കുമ്പോൾ ജൂനിയർ ആർട്ടിസ്റ്റ് സംഗീത സമ്പന്നരുടെ വീട്ടിൽ അടുക്കളപ്പണി ചെയ്യുകയാണ്. നേഹ കുൽക്കർണി എന്ന മേക്കപ്പ് ആർട്ടിസ്റ്റ് സഹായി സാന്റാക്രൂസിലെ തന്റെ ഒറ്റമുറി ചോളിലെ വീട്ടിൽത്തന്നെ ‘പാലൻ ഘർ’ (കുട്ടികളെ നോക്കുന്ന ഇടം) തട്ടിക്കൂട്ടാനുള്ള ശ്രമത്തിലാണ്. കോവിഡ് വിട്ടുമാറാത്ത അവസ്ഥയിൽ മാതാപിതാക്കൾ കുഞ്ഞുങ്ങളെ നേഹയുടെ പാലൻ ഘറിൽ പറഞ്ഞയക്കുമോ എന്ന സംശയം അവർക്കുണ്ട്. ഒരു സ്റ്റുഡിയോയുടെ കാരവൻ ഡ്രൈവർ മാരു കോൾ ടാക്‌സി ഡൈവറായി മാറി. അയാൾക്കും ഓട്ടമില്ല.

ശൂന്യമാണ്​ കാമാഠിപുര

മഹാനഗരത്തിൽ സെൻട്രൽ സ്റ്റേഷനിലിറങ്ങി അല്പം ദൂരം നടന്നാൽ പ്രധാന ചുവന്ന തെരുവായ കാമാഠിപുരയിലെത്താം. ശബ്ദമുഖരിതമായിരുന്ന ഈ ചുവന്ന തെരുവിൽ ഇപ്പോൾ വലിയ തിരക്കില്ല. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളക്കാരുടെ ലൈംഗികദാഹം തീർക്കാൻ അന്നത്തെ ഭരണകൂടം കെട്ടിടങ്ങൾ നിർമിച്ച് ചെറിയ വാടകമാത്രം ഈടാക്കി ലൈംഗികതൊഴിലാളികളെ അവിടേയ്ക്കാകർഷിച്ചു. ‘ലോകത്തിലെ ഏറ്റവും അനായാസകരമായ പഴയ തൊഴിലിലേയ്ക്ക്​’ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും അങ്ങനെ സ്ത്രീകൾ "എത്തി'’. കർണാടകയിലെ യെല്ലമ്മ സമ്പ്രദായത്തിൽപ്പെട്ട് നട്ടം തിരിഞ്ഞ ദേവദാസികളിൽ പലരും കാമാഠിപുരയിൽ ജീവിതം കണ്ടെത്തി.

പതിനഞ്ചോളം ബൈലൈനുകൾ കാമാഠിപുരയിലുണ്ട്. കെട്ടിടങ്ങളിൽ അധികവും മഞ്ഞച്ചായം പൂശിയവയാണ്. അവയുടെ ജനലുകൾക്ക് ചിലർ നീലച്ചായം തേച്ചിരിക്കുന്നു. അത്തരം മുറികളുടെ ഡോർ നമ്പർ ചുവന്ന ബൾബുകൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഉപഭോക്താക്കളെ പെട്ടെന്ന് ആകർഷിക്കാനുള്ള എളുപ്പവിദ്യയാകാമിതെന്ന് തോന്നുന്നു. കാമാഠിപുരയിലെ വേശ്യാഗൃഹങ്ങളുടെ ബാൽക്കണികളിൽനിന്ന് ആഭാസമായ ഗോഷ്ഠികൾ കാണിച്ച് വഴിപോക്കരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന പാവപ്പെട്ട ആ സ്ത്രീകളുടെ നിര ഇപ്പോളവിടെ കാണുന്നില്ല. കെട്ടിടങ്ങളുടെ താഴെ പേവ്‌മെന്റിൽ കയർകട്ടിലിൽ ചടഞ്ഞിരുന്ന് തമ്പാക്ക് ചവയ്ക്കുന്ന രണ്ടുമൂന്ന് ഘർവാലികളും (വേശ്യാഗൃഹ നടത്തിപ്പുകാരികൾ) ചില ‘പിമ്പു’കളും വെടിപറഞ്ഞിരിക്കുന്നതൊഴികെ കാമാഠിപുര ഇപ്പോൾ തികച്ചും ശൂന്യമാണ്.

ചരക്കു​ലോറികളുടെ ഡ്രൈവർമാർ, കേരളത്തിൽനിന്ന് ഗൾഫ് സ്വപ്നവുമായി മുംബൈയിലെത്തി വിസ കാത്തിരിക്കുന്ന മലയാളികൾ, മറ്റ് വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ളവർ ഇടയ്‌ക്കൊരു ‘ശയന സുഖ’ത്തിന്​ കാമാഠിപുരയിലെത്തുന്ന സ്ഥിരം കാഴ്ച ഇപ്പോൾ അവസാനിച്ചിരിക്കുന്നു.

കോവിഡ്​ ഭീകരാക്രമണം കാമാഠിപുരയിലെ അന്തേവാസികളുടെ ജീവിതം താറുമാറാക്കിയിട്ട്​ വർഷം രണ്ടായി. 10 X 8 ചതുരശ്രഅടി വിസ്തീർണമുള്ള മുറിയിൽ അഞ്ചുമുതൽ പത്തുപേർ വരെയാണ് ഉറങ്ങുന്നത്. മഴ പെയ്താൽ പൊട്ടിയൊലിക്കുന്ന മേൽക്കൂരയും വിസർജ്യം പൊന്തുന്ന കക്കൂസുകളും കൊതുകുകളുടെ സംഹാരതാണ്ഡവുമെല്ലാം ചേർന്ന് വൃത്തിഹീനമാണ് ഇവിടമാകെ. ഉദ്ദേശം ഒരു ലക്ഷം സ്ത്രീകൾ ഈ വേശ്യാഗൃഹങ്ങളിൽ താമസമുറപ്പിച്ചിരുന്നു എന്ന് ചില കണക്കുകൾ പറയുന്നു. ഇപ്പോൾ ഇവിടം പൂരം കഴിഞ്ഞ പൂരപ്പറമ്പുപോലെയാണ്​. സോഷ്യൽ ഡിസ്റ്റൻസിങ്ങ്, സാനിറ്റൈസർ തുടങ്ങിയ നിബന്ധനകൾ സർക്കാർ പ്രചരിപ്പിക്കുമ്പോൾ ഇവിടെ അത് ഒട്ടും പ്രായോഗികമല്ല. ആരുമത് ശ്രദ്ധിക്കുന്നുമില്ല.

കാമാത്തിപുര, മുംബൈ / Photo: Youtube grab, Mumbai Live

വൈകീട്ട് ആറുമണി മുതൽ പുലർച്ച രണ്ടുമണി വരെയെങ്കിലും ചുവന്ന തെരുവിൽ ‘ദന്തേ കാ ടൈം’ (ബിസിനസ്സ് അവേഴ്‌സ്) ആണെങ്കിലും ഒരു ഗിരാക്കും (കസ്റ്റമർ) അവിടേക്ക്​ ഇപ്പോൾ തിരിഞ്ഞുനോക്കുക പോലും ചെയ്യുന്നില്ല. ഇന്ത്യയുടെ പല പല ദേശങ്ങളിൽനിന്നുള്ള ചരക്കു​ലോറികളുടെ ഡ്രൈവർമാർ, കേരളത്തിൽനിന്ന് ഗൾഫ് സ്വപ്നവുമായി മുംബൈയിലെത്തി വിസ കാത്തിരിക്കുന്ന മലയാളികൾ, മറ്റ് വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ളവർ ഇടയ്‌ക്കൊരു ‘ശയന സുഖ’ത്തിന്​ കാമാഠിപുരയിലെത്തുന്ന സ്ഥിരം കാഴ്ച ഇപ്പോൾ അവസാനിച്ചിരിക്കുന്നു. ഡെമോക്ലസിന്റെ വാളുപോലെ എച്ച്.ഐ.വി വൈറസ് തൂങ്ങി നിന്ന് നിശാസഞ്ചാരികളെ ഭയപ്പെടുത്തിയതോടെ ഫാക്​ലാൻറ്​ റോഡ്, ശുക്ലാജി സ്ട്രീറ്റ്, അലക്‌സാൺട്രിയ തിയറ്റർ പരിസരങ്ങളിലുണ്ടായിരുന്ന ഒരുപാട് സ്ത്രീകൾ ലൈംഗികത്തൊഴിലിൽ നിന്ന് പിന്തിരിഞ്ഞ് സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് തിരികെ പോയെന്ന് മുംബൈ ഡിസ്ട്രിക്ട് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി വക്താവ്​കാഠ്ക്കർ അവകാശപ്പെടുന്നു. ഇന്നിപ്പോൾ 3000ത്തോളം സ്ത്രീകളാണ് കാമാഠിപുരയിൽ അന്തേവാസികളായി താമസിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്‌സ് വർക്കർമാരുടെ പുനഃരധിവാസത്തിന് ഭരണകൂടം ചില കെട്ടിടങ്ങൾ നിർമ്മിക്കുന്നു എന്നറിയാൻ കഴിഞ്ഞു.

ലൈംഗികത്തൊഴിലാളികളുടെ ജീവിതം

സിനിമയിൽ അവസരം തേടി എത്തുന്നവർ, ഗാർഹിക പീഢനം അനുഭവിക്കുന്നവർ, ദല്ലാൾമാരുടെ വഞ്ചനയിൽ കുടുങ്ങി വേശ്യാത്തെരുവിലെ ‘പിഞ്ജറ'യിൽ (കൂട്ടിൽ) ചെന്നുപെടുന്നവർ... അങ്ങനെ സമൂഹത്തിന്റെ ഏറ്റവും താഴെയുള്ള തമസ്​കരിക്കപ്പെട്ടവരുടെ ചില കഥകളെങ്കിലും ഇവിടെ പറയാതെവയ്യ.
സിനിമ ഗായികയാകാൻ കൊതിച്ച തുൾസി താപ്പ എന്ന നേപ്പാളി പെൺകുട്ടിയെ ഒരു ഫിലിം സ്റ്റുഡിയോവിലെ പാറാവുകാരൻ ആചാരങ്ങളോടെ വിവാഹം കഴിച്ച് ബോംബെയിൽ കൊണ്ടുവന്നു. സിനിമകളിൽ പാട്ട് പാടുന്നതും പ്രേമരംഗങ്ങളിൽ അഭിനയിക്കുന്നതുമെല്ലാം സ്വപ്നം കണ്ടുറങ്ങിയ തുൾസിക്ക് വല്ലാത്തൊരു കെണിയാണ്​ ഒരുങ്ങിയിരുന്നത്​. ഭർത്താവു തന്നെ അവളെ ഫാക്‌ലാൻറ്​ റോഡിലെ ലൈംഗികത്തൊഴിൽ നടത്തിപ്പുകാരിക്ക് വിറ്റ് കാശുമായി സ്ഥലംവിട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ചുവന്ന തെരുവിലെത്തുമ്പോൾ, അവളുടെ ‘കന്യാചർമം' പൊട്ടിക്കാനുള്ള അവസരത്തിന് (പർദാ തോഡ്‌നാ) പണച്ചാക്കുകൾ വലിയ തുക ഘർവാലിക്കു നൽകാറുണ്ട്. ഇതൊരു പുണ്യകർമവും പാപമോചകവുമാണെന്ന വിശ്വാസം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുണ്ട്. തുൾസിയെ മധുരപലഹാരങ്ങളും പുതുവസ്ത്രങ്ങളും നൽകി ഘർവാലി മെരുക്കാൻ ശ്രമിച്ചെങ്കിലും അവൾ ചെറുത്തുനിന്നു. തുടർന്ന് വായുസഞ്ചാരമില്ലാത്ത മുറിയിൽ അടച്ചിട്ടു. വെള്ളം പോലും നൽകിയില്ല. അവളെ ഭീഷണിപ്പെടുത്തി തുടർച്ചയായി മർദ്ദിച്ചു. തുൾസി വഴങ്ങിയില്ല. ഒരുനാൾ ചുവന്ന തെരുവ് ഉച്ചയൂണിന്റെ ആലസ്യത്തിലാണ്ടപ്പോൾ തുൾസി താപ്പ ഗുണ്ടകളുടെയും ഘർവാലിയുടെയും മറ്റ് അന്തേവാസികളുടെയും കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ബൈക്കുളയിലെ സ്‌നേഹ്‌സദൻ വരെ അവൾ നിർത്താതെ ഓടി. ക്ഷീണിച്ചവശയായ തുൾസി ഒരു കെട്ടിടത്തിന്റെ ചവിട്ടുപടിയിലിരുന്ന് ദീർഘശ്വാസം വിടുന്ന മാത്രയിൽ ഘർവാലിയുടെ ഗുണ്ടകൾ പിടികൂടി അവളെ വീണ്ടും ഘർവാലിക്ക് നൽകി.

പിറ്റേദിവസം പാൻവെൽ റെയിൽവേ ട്രാക്കിൽ ഒരു പെൺകുട്ടിയെ മുട്ടിനുതാഴെ രണ്ടുകാലും കൈകളും മുറിച്ചുമാറ്റിയ രീതിയിൽ പ്രദേശവാസികൾ കണ്ടു. തുൾസി മരിച്ചിട്ടുണ്ടായിരുന്നില്ല. ഒന്നു രണ്ടു പ്രാദേശിക പത്രങ്ങൾ റവന്യൂ സ്റ്റാമ്പിന്റെ വലുപ്പത്തിൽ ഈ ദുരന്തവാർത്ത പ്രസിദ്ധീകരിച്ചു. ഒരു അന്വേഷണവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഘർവാലി കേസ് അപ്പോൾത്തന്നെ ഒതുക്കിത്തീർത്തു (വിനോദ് ഗുപ്ത എന്ന സോഷ്യൽ വർക്കറുടെ എൻ.ജി.ഒ. ആയ
‘സാവ്ധാൻ' പ്രവർത്തക സരോജ അയ്യർ എന്നോട് പറഞ്ഞതാണ് ഈ സംഭവം). കാമാഠിപുരയിലെ അന്തേവാസികളിൽ പലർക്കും ഇത്തരം കൊടുംചതിയുടെ കഥകൾ പറയാനുണ്ടാകും.

അരോഗദൃഡഗാത്രനായ, വിരിഞ്ഞ മാറും ബലിഷ്ഠകരങ്ങളും ഉള്ള ബൽബീർസിങ്​ എന്ന ഹരിയാനക്കാരൻ ഹിന്ദിസിനിമകളിൽ സ്റ്റണ്ട്മാനായാണ് പ്രത്യക്ഷപ്പെടുക. അന്ന്, ആ ക്രിസ്മസ് തലേന്ന് കണ്ടപ്പോൾ ഇദ്ദേഹം ഹൈഡ്രജൻ ബലൂൺ വിറ്റുകൊണ്ടിരിക്കുകയായിരുന്നു.

പല സ്ത്രീകളും സ്വമേധയാ അല്ല ലൈംഗികത്തൊഴിലാളിയാകുന്നത്​. അവർ പലപ്പോഴും വഞ്ചിക്കപ്പെടുന്നുണ്ട്. സിനിമയിൽ കയറിക്കൂടാനുള്ള ആഗ്രഹപൂർത്തീകരണത്തിന് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പെൺകുട്ടികൾ ബോംബെയിലെത്തുന്നതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് തയ്യാറാക്കിയ ‘A Study of Prostitutes in Bombay'യിൽ പറയുന്നു. എസ്.പുനേക്കറും കമലാറാവുവും ചേർന്നെഴുതിയ ഈ പുസ്തകത്തിൽ ലൈംഗിക വ്യാപാര കേന്ദ്രങ്ങളിലെത്തുന്ന ഇത്തരം പെൺകുട്ടികളുടെ ധാരാളം കേസ് സ്റ്റഡീസ് കാണാം. പ്രണയം നടിച്ച്, സിനിമയിൽ അവസരം നൽകാമെന്ന കങ്കാണിയുടെ വാഗ്ദാനത്തിൽ മയങ്ങി അഹമ്മദാബാദിൽനിന്ന് അയാൾക്കൊപ്പം ബോംബെയിലെത്തി, അവസാനം ചുവന്ന തെരുവിൽ കഴിയേണ്ടിവന്ന ഗംഗുഭായിയുടെ കഥ ബോംബെ ചരിത്രപുസ്തകത്താളിൽ ഇടം പിടിച്ചിട്ടുണ്ട്. പൊലീസിന്റെ ലൈംഗികേച്ഛ അവർ സൗജന്യമായി പൂർത്തീകരിക്കുന്നതോടൊപ്പം പണത്തിന് (ഹഫ്ത്ത) കാമാഠിപുരയിലെ പാവം സ്ത്രീകളെ നിരന്തരം ശല്യം ചെയ്തുപോന്നു. ഗതികെട്ട ഗംഗുബായി ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിച്ച് ഓവൽ മൈതാനത്തിലേക്ക് ജാഥ നയിച്ചു! രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ആയിരങ്ങൾ അവിടെ തടിച്ചുകൂടിയിരുന്നു. അവർ പ്രസംഗവേദിയിൽ ഇങ്ങനെ പറഞ്ഞു: ‘‘ഞങ്ങൾ പാവപ്പെട്ട, ഗതികെട്ട സ്ത്രീകളാണ്. ബോംബെയിൽ പുരുഷവർഗത്തിന് കാമദാഹം തീർക്കാൻ അവർ ഞങ്ങളെ സമീപിക്കുന്നു. ഇന്ത്യയുടെ അതിർത്തി കാക്കുന്ന വീരജവാന്മാരെ പോലെയാണ് ഞങ്ങൾ. മഹാനഗരത്തിൽ ഞങ്ങളില്ലെങ്കിൽ സ്ത്രീകൾക്കു സുരക്ഷയില്ലാതാകും. അതിനാൽ ഞങ്ങളെ തിന്നുമുടിക്കാനെത്തുന്ന പൊലീസുകാരെ നിലയ്ക്കു നിർത്തേണ്ട കടമ ഭരണകൂടത്തിനുണ്ട്.''
ഗംഗുബായിയുടെ ഈ പ്രസംഗം ഗവൺമെൻറ്​ മുഖവിലയ്‌ക്കെടുത്തുവോ എന്ന് വ്യകതമല്ല. ‘റേപ്പ് കൾച്ചർ’ താണ്ഡവമാടുന്ന നമ്മുടെ നാട്ടിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക്​ എന്തുവില!

സൂപ്പർ സ്റ്റണ്ട്മാൻ ബൽബീർ സിങ്ങ്​ ഹൈഡ്രജൻ ബലൂൺ വിൽക്കുകയാണ്​

ബൽബീർസിങ്ങിനെ ഞാൻ പരിചയപ്പെടുന്നത് ബോറിവിലി ഇമ്മാകുലേറ്റ് ചർച്ച് പരിസരത്ത് വെച്ചാണ്; അതും ഒരു ക്രിസ്​മസ്​ ഈവിന്​. അരോഗദൃഢഗാത്രനായ, വിരിഞ്ഞ മാറും ബലിഷ്ഠകരങ്ങളും ഉള്ള ഈ ഹരിയാനക്കാരൻ ഹിന്ദി സിനിമകളിൽ സ്റ്റണ്ട്മാനായാണ് പ്രത്യക്ഷപ്പെടുക. തലമുണ്ഡനം ചെയ്യപ്പെട്ട ഷെട്ടി, വിജയ് ദേവ്ഗണിന്റെ പിതാവ് അജയ് ദേവ്ഗൺ, ഗോവക്കാരനായ റിച്ചാർഡ് ഡിമെല്ലൊ തുടങ്ങിയ ഇടിവീരന്മാരുടെ സിനിമകൾ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ബൽബീർ സിങ്ങിനെ അക്കൂട്ടത്തിൽ കണ്ടതായി ഓർമ വരുന്നില്ല. അന്ന്, ആ ക്രിസ്​മസ്​തലേന്ന് ഇദ്ദേഹം ഹൈഡ്രജൻ ബലൂൺ വിറ്റുകൊണ്ടിരിക്കുകയായിരുന്നു. ഹരിയാനയിലെ ഉൾപ്രദേശത്ത് നിന്ന് മഹാനഗരത്തിൽ ചുറ്റിക്കറങ്ങാനും, തന്റെ നാട്ടുകാരനായ ധർമേന്ദ്രയെ വെറുതെ ഒന്നു കാണാനും സന്ദർഭം ഒത്തുകിട്ടിയാൽ സ്വയം പരിചയപ്പെടുത്താനുമായാണ് 20 വയസ്സ് മാത്രം പ്രായമുള്ള ബൽബീർ ചെമ്പൂർ ആർ.കെ. സ്റ്റുഡിയോവിന്റെ വാതിൽക്കൽ രണ്ടുമൂന്നു ദിവസങ്ങൾ കാത്തുനിന്നത്. ധർമേന്ദ്രയെ കാണാനൊത്തില്ലെങ്കിലും അയാൾക്ക് സിനിമയിൽ കയറിക്കൂടാൻ കഴിഞ്ഞു, അപ്രതീക്ഷിതമായി. ബാഹുബലിയുടെ ആകാരവും മുഷ്​ക​ന്റെ മുഖഭാവവുമുള്ള ബൽബീർ സ്റ്റണ്ട് സീനുകളിൽ പ്രത്യക്ഷപ്പെടാൻ അധികനാൾ വേണ്ടിവന്നില്ല. അതോടെ ഹരിയാനയിലെ ഗ്രാമപ്രമുഖിന്റെ എരുമകളുടെ ചാണകം വാരുന്ന പണിയിൽനിന്ന് അയാൾ മുക്തനായി.

വിനോദ് ഖന്ന, ഡാനി ഡെൻ സോംങ്ക്പാ, ശത്രുഘ്‌നൻ സിൻഹ

ബോളിവുഡിന്റെ സുവർണകാലമായിരുന്നു അത്. വിനോദ് ഖന്ന, ഡാനി ഡെൻ സോംങ്ക്പാ, ശത്രുഘ്‌നൻ സിൻഹ തുടങ്ങിയവരുടെ ഇടിരംഗങ്ങളിൽ ഡ്യൂപ്ലിക്കേറ്റായി ബൽബീർ പ്രത്യക്ഷപ്പെട്ടു. മണിക്കൂറുകൾക്ക്​ കൂലിയും വാങ്ങി. വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ബൽബീറിന്റെ ജീവിതം മുന്നോട്ടുപോയി. ഇതിനിടെ റായ്ഗാഡിലെ സിനിമാഷൂട്ട് കഴിഞ്ഞ് കാറിൽ മടങ്ങവെ ഹൈവേയുടെ ഓരത്ത് പട്ടാപ്പകൽ ഒരു സ്ത്രീയെ നാലഞ്ച് ചെറുപ്പക്കാർ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് ബൽബീർ കണ്ടു. അവിടെ ചാടിയിറങ്ങി അയാൾ ആ തെമ്മാടികളെ സിനിമാസ്‌റ്റൈലിൽ അടിച്ചോടിച്ചു. ഭർതൃഗൃഹത്തിലെ പീഡനം സഹിക്കവയ്യാതെ കർണാടക അതിർത്തിയായ ഗുൽബർഗയിൽ നിന്ന് ഒളിച്ചോടി പുനേ ഹൈവേയിൽ വഴിയറിയാതെ കുഴങ്ങുന്ന നേരത്താണ് ആ പാവത്തിനുനേരെ ചെറുപ്പക്കാരിൽനിന്ന് ആക്രമണമുണ്ടായത്.

അന്നുമുതൽ ആ സ്ത്രീ- സുഭാഷിണി- സ്റ്റണ്ട്മാനോടൊപ്പം കൂടി. അവളെ വഴിയിൽനിന്ന് കിട്ടിയതാണെന്ന് ബൽബീർ പറയുന്നു. ഒരു സ്റ്റണ്ട് സീൻ ചിത്രീകരണവേളയിൽ അബദ്ധത്തിൽ കെട്ടിടത്തിന്റെ മുകളിൽനിന്നുവീണ് ബൽബീറിന്റെ നട്ടെല്ലിന് കാര്യമായ ക്ഷതം പറ്റി. അയാൾക്ക് പരസഹായമില്ലാതെ നടക്കാൻ പറ്റാത്ത അവസ്ഥയിലായി. ബൽബീറിനെ താലോലിച്ചുപോന്ന സ്റ്റണ്ട് മാസ്റ്റർ അയാൾക്ക് പിന്നീട് അവസരങ്ങൾ ഒന്നും തന്നെ നൽകിയില്ല. ഒരു സമ്പാദ്യവും അയാൾക്കില്ല. സിനി സ്റ്റണ്ട് മെൻ അസോസിയേഷനും അന്ന് നിലവിലില്ല. സൂപ്പർ സ്റ്റണ്ട്മാന്റെ വേഷംകെട്ടിയ അയാൾ ഇപ്പോൾ ഹൈഡ്രജൻ ബലൂൺ വിൽപനക്കാരനാണ്​. ഉത്സവങ്ങൾ മനുഷ്യമനസ്സിനെ ആഹ്ലാദചിത്തരാക്കുന്ന സ്ഥലങ്ങളിലൊക്കെ ബൽബീറിനെ കാണാം. കളിക്കോപ്പ് വിൽപനക്കാരിയായി സുഭാഷിണിയും കൂടെ ഉണ്ടാകാറുണ്ട്.

പ്രസിദ്ധ ഹിന്ദി നടൻ സുശാന്ത്‌സിങ്ങ് രാജ്പുഠിന്റെ മരണവിവാദം, ബോളിവുഡ്ഡിലെ മയക്കുമരുന്ന് വേട്ട, രാജ്കുന്ത്രയുടെ നീലച്ചിത്ര നിർമ്മാണം മുതലായവ ബോളിവുഡിനെ അലങ്കോലപ്പെടുത്തിയതിനൊപ്പമാണ്​ കോവിഡ്​ കൂടി വന്നത്​.

‘എക്​സ്​ട്രാ’കളുടെ ജീവിതം

എന്റെ ബോംബെ ജീവിതം ആരംഭിക്കുന്നത് ചെമ്പൂർ- ഘാഠ്‌ളാഗാവിൽ വെച്ചാണ്. ജോലി അന്വേഷണത്തിന്റെ അവസാനത്തിൽ വിലേ പാർലെയിലെ ആഡ് ഏജൻസിയിൽ അവസരം ലഭിച്ചു. അവിടെയുള്ള ഓഫീസിലെത്താൻ രാവിലെ ചെമ്പൂർ ആർ.കെ സ്റ്റുഡിയോവിന് സമീപമുള്ള 352ാം നമ്പർ ബി.ഇ.എ.സി ബസ് കാത്തുനിൽക്കാറുണ്ട്. ആ ക്യൂ വളഞ്ഞുപുളഞ്ഞ് ഇങ്ങേയറ്റത്തുള്ള മൈത്രി പാർക്ക് വരെ ഉണ്ടാകും. ഫിലിം സ്റ്റുഡിയോയുടെ മുന്നിൽ കൂടിനിൽക്കുന്ന ധാരാളം യുവതീയുവാക്കളും വൃദ്ധരും കുട്ടികളും എന്റെ ശ്രദ്ധയിൽപ്പെടാറുണ്ട്.

ഒരിക്കൽ, ഒരു സഹയാത്രികൻ പറഞ്ഞു, ‘These people are extras'. അപ്പോൾതന്നെ സ്റ്റുഡിയോവിന്റെ കൂറ്റൻപടി തുറന്ന് ഒരാൾ പുറത്തുവരുന്നത്​ കണ്ടു. ആൾക്കൂട്ടത്തിലാകെ കണ്ണോടിച്ച് അയാൾ പറയുന്നു; ‘‘തു ലാൽ സാഡി വാലി, ബ്ലാക് ബ്ലൗസ്? വാലി, അന്തർ ജാ. ചാച്ചാ, തും ഭീ അന്തർ ജാ, ഓ, ജാനേമൻ ശീതൾ, കാജൽ കഹാം ഥേ തും ലോഗ് അന്തർ ജാ.''
ഇവർക്കെല്ലാം അന്ന് എക്‌സ്ട്രാകളുടെ പണിയുണ്ട്.
‘‘ബാക്കി സബ് ലോഗ് വാപസ്? ചലേ ജാവോ.''
ബാക്കിയെല്ലാവരും സ്ഥലം വിട്ടോളാൻ പറഞ്ഞ് കരകര ശബ്ദത്തോടെ അയാൾ പടിയടക്കും. ധർമസങ്കടത്തിലായ മറ്റുള്ളവർ ബസും ട്രെയിനുമൊക്കെ കയറി ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോവിലോ ഗോരോഗാവിലെ ഫിലിം സിറ്റിയിലോ എത്തുമ്പോൾ അവിടേയും ഏതാണ്ട് ഇതേ സ്ഥിതിതന്നെയായിരിക്കും. അതോടെ അവരുടെ അന്നത്തെ അന്നം വട്ടപ്പൂജ്യമാകും.

ഹേമമാലിനിയോ, അമിതാബ് ബച്ചനോ ആകാൻ കൊതിച്ചെത്തുന്നവരിൽ പലരും ഡാൻസ് സീനുകളിൽ കൈകാലുകളും ശരീരവും അങ്ങോട്ടുമിങ്ങോട്ടും തോന്നുംപടി ഇളക്കുന്ന ഒരു എക്‌സ്ട്രാ നടൻ/നടി മാത്രമാകാൻ വിധിക്കപ്പെടുന്നു.

വീരാറിൽ നിന്ന് രാവിലെ 8:24ന് പുറപ്പെടുന്ന ചർച്ച് ഗേയ്റ്റ് ഫാസ്റ്റിൽ യാത്രചെയ്യുമ്പോൾ അന്ധേരി സ്റ്റേഷനിൽനിന്ന് പതിവായി ഒരാൾ ഞങ്ങളുടെ കംപാർട്ട്‌മെന്റിൽ കയറി വാതിലിലെ കമ്പിയിൽ പിടിച്ച് തൂങ്ങിനിൽക്കുന്നത് കാണാം. അദ്ദേഹം ധരിക്കാറുള്ള ബ്രൈറ്റ് കളർ ഷർട്ടിൽ ധാരാളം വരകളുണ്ടാകും. അതിന് യോജിക്കുന്ന നിറമുള്ള പാന്റ്. കൈയിലൊരു തുണിസഞ്ചി. മുഖം ഷേവ് ചെയ്ത് നന്നായി മിനുക്കിയിട്ടുണ്ട്. അധികം കട്ടിയില്ലാത്ത മീശയിൽ അവിടവിടെ നരകൾ, ആ മനുഷ്യൻ ഒരു എക്‌സ്ട്രാ നടനാണ്. പേര് യശ്പാൽ പാണ്ഡെ. ഇയാൾ രാമു ചാച്ചയും മുൻഷിയും മാലി (തോട്ടക്കാരൻ) യുമൊക്കെയായി ഹിന്ദി സിനിമകളിൽ ഇപ്പോഴും പ്രത്യക്ഷപ്പെടുന്നു. താമസം അന്ധേരി സ്റ്റേഷന് തൊട്ടടുത്തുള്ള ആനന്ദ് നഗർ ചോളിലും. അഭിനയം തലയിൽ കയറി ബോംബയിൽ വന്ന് വർഷങ്ങൾ പത്തിരുപതായി. എന്നാൽ, ഇതുവരെ രാമു ചാച്ചയിൽനിന്നോ മുൻഷിയിൽനിന്നോ തോട്ടക്കാരനിൽനിന്നോ ‘കയറ്റം കിട്ടി' ഒരഞ്ച് മിനിറ്റ് വെള്ളിത്തിരയിൽ മിന്നിമറയാൻ യശ്പാലിന് കഴിഞ്ഞിട്ടില്ല. ഇന്നേവരെ ‘‘ഹാജി മാലിക്,'' ‘‘ചായ് അഭിലായാ മാലിക്'' എന്നതിൽ കവിഞ്ഞുള്ള ഒരു ഡയലോഗ് പറയാൻ യശ്പാൽ പാണ്ഡേയെ അസിസ്റ്റൻറ്​ ഡയറക്റ്റർ അനുവദിച്ചില്ലെന്നുകൂടി അയാൾ പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.

പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ കെ.എ. അബ്ബാസിന്റെ ‘ശഹർ ഔർ സ്വപ്ന'യിലെ ഒരു രംഗം ഓർമയിലെത്തുന്നു. ദാരിദ്ര്യരേഖയുടെ താഴെ നിൽക്കുന്ന അഞ്ചാറുപേർ ധാരാവിയിൽ ജോപ്ഡ കെട്ടി താമസമാരംഭിക്കുന്നു. അവരിൽ ഒരാൾ തെരുവുഗായകനാണ് (നാനാ പാൽസിക്കർ). നാൽക്കവലയിൽ ഗുസ്തിപ്രകടനം നടത്തുന്ന മറ്റൊരാൾ (ഡേവിഡ് ചാച്ച) സിനിമകളിൽ ചെറിയ റോൾ ചെയ്യുന്ന ഹുസൈനും. കൂടാതെ ശേഖർ എന്ന നായകനും ഭാര്യ പുഷ്പയുമാണ് മറ്റു താമസക്കാർ. പിന്നീട് നാം ഒരു സ്റ്റുഡിയോവിൽ ചരിത്രസിനിമ ചിത്രീകരിക്കുന്ന രംഗമാണ് കാണുന്നത്. സ്റ്റാർലറ്റിന്റെ ഇരുകൈകളും ചങ്ങലയിൽ കെട്ടിയിട്ട് രണ്ട് ഭടന്മാർ അയാളെ ചാട്ടവാർ കൊണ്ട് പൊതിരെ തല്ലുന്നു. അയാളോട് ഏതോ ഒരു രഹസ്യം പറയാൻ അവർ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു. അപ്പോൾ സ്റ്റാർലറ്റ് പറയുന്നത് നോക്കൂ: ‘‘രത്‌നമോ, പവിഴമോ, പണമോ, സ്വർണമോ മറ്റെന്തു തന്നാലും ആ രഹസ്യം ഞാൻ പറയില്ല.'' പിന്നീടും ഭടന്മാർ അയാളെ മർദ്ദിക്കുന്നു. വേദനകൊണ്ട് കരഞ്ഞുകൊണ്ടിരിക്കിലും സ്റ്റാർലറ്റിൽനിന്ന് രഹസ്യത്തിന്റെ ഒരു തുമ്പും അവർക്കു ലഭിച്ചില്ല. ഷൂട്ട് നിർത്തി. പായ്ക്കപ്പിന് സമയമായി. സ്റ്റാർലറ്റിനെപ്പോലുള്ളവർ അന്നത്തെ കൂലിക്കായി വരിനില്ക്കുന്നതാണ് അടുത്ത രംഗം. അല്പം പണം കൈയിൽ വെച്ച്‌കൊടുത്ത് മാനേജർ പരിപാടി അവസാനിപ്പിക്കാനുള്ള വ്യഗ്രതയിലാണ്. അപ്പോഴാണ് സ്റ്റാർലറ്റിന്റെ ശരിയായ സ്വഭാവം പുറത്തുവരുന്നത്. ‘‘എല്ലാ തല്ലും നിങ്ങൾ എനിക്കു തന്നു. ഞാൻ വേദനകൊണ്ടു പുളയുകയായിരുന്നു. ആ കഷ്ടപ്പാടിന് ഈ ‘ഉലുവ' തന്നാൽ മതിയോ?’’

സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുന്ന വ്യകതികൾ നല്ല ലാഭം കൊയ്യുന്നുണ്ടാകും. ജൂനിയർ ആർട്ടിസ്റ്റുകൾ ഇനി സ്റ്റുഡിയോ പടിവാതിലിൽ കാത്തുനിന്ന് ഒരു പ്രയോജനവുമില്ല

ബോളിവുഡ്​ പിടിച്ചുലക്കാൻ തുനിഞ്ഞ് അനേകം യുവസുന്ദരികളും സുന്ദരന്മാരും മഹാനഗരത്തിലെത്തുന്നു. ഹേമമാലിനിയോ, മാധുരി ദീക്ഷിതോ, അമിതാഭ്​ ബച്ചനോ, വിനോദ് ഖന്നയോ, ഷാരൂഖ് ഖാനോ ആകാൻ കൊതിച്ചെത്തുന്ന ഇവരിൽ പലരും ഡാൻസ് സീനുകളിൽ കൈകാലുകളും ശരീരവും അങ്ങോട്ടുമിങ്ങോട്ടും തോന്നുംപടി ഇളക്കുന്ന ഒരു എക്‌സ്ട്രാ നടൻ/നടി മാത്രമാകാൻ വിധിക്കപ്പെടുന്നു. ബോളിവുഡ് ഇപ്പോൾ പുതിയൊരു പേര് നൽകി ഇവരെ ആദരിച്ചിട്ടുണ്ട്- ജൂനിയർ ആർട്ടിസ്റ്റ്. ജൂനിയർ ആർട്ടിസ്റ്റ് ഓർഗനൈസേഷൻ എന്ന പേരിലുള്ള സംഘടനയുടെ ഓഫീസ് അന്ധേരി ഈസ്റ്റിലെ റെയിൽവേ ട്രാക്കിന് സമീപമാണ്​. സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുന്ന വ്യകതികൾ നല്ല ലാഭം കൊയ്യുന്നുണ്ടാകുമെന്ന് തോന്നുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾ ഇനി സ്റ്റുഡിയോ പടിവാതിലിൽ കാത്തുനിന്നിട്ട്​ ഒരു പ്രയോജനവുമില്ലെന്ന് ചുരുക്കിപ്പറയട്ടെ.

ഫിലിം സ്​റ്റുഡിയോകൾ ഷോപ്പിങ്​ മാളുകളാകുമോ?

പ്രസിദ്ധ ഹിന്ദി നടൻ സുശാന്ത്‌സിങ്ങ് രാജ്പുഠിന്റെ മരണവിവാദം, ബോളിവുഡ്ഡിലെ മയക്കുമരുന്ന് വേട്ട, രാജ്കുന്ത്രയുടെ നീലച്ചിത്ര നിർമ്മാണം മുതലായവ ബോളിവുഡിനെ അലങ്കോലപ്പെടുത്തിയതിനൊപ്പമാണ്​ കോവിഡ്​ കൂടി വന്നത്​. ഒരുകാലത്ത് ആയിരങ്ങൾക്ക് തൊഴിൽ നല്കിപ്പോന്ന മുംബൈയിലെ ടെക്‌സ്‌റ്റൈൽ മില്ലുകളിൽ അധികവും പൂട്ടി വർഷങ്ങൾ പലതു കഴിഞ്ഞു. മില്ലുടമകൾ തങ്ങളുടെ മില്ലുകൾ ഗുജറാത്ത്, രാജസ്ഥാൻ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പറിച്ചുനട്ടു. ആ കെട്ടിടങ്ങളുടെ പൊളിച്ചുമാറ്റപ്പെട്ട അവശിഷ്ടങ്ങൾ സ്മാരകശിലകളായി ചിലയിടങ്ങളിൽ കാണാം. ‘ഇന്ത്യയിലെ മാഞ്ചസ്റ്റർ’ എന്ന് ലോകം വിളിച്ചിരുന്ന ബോംബെ മില്ലുകൾ ഷോപ്പിങ്ങ് മാളുകൾക്ക് വഴിമാറി കാലം കുറെയായി. കോർപറേറ്റ് കമ്പനികളുടെ പോഷ് ഓഫീസുകളാണ് ഇപ്പോൾ അവിടെ ഉള്ളത്. ഫിലിം സ്റ്റുഡിയോകൾക്ക് ഇത്തരമൊരു ഗതി വരുമോ എന്ന് അറിഞ്ഞുകൂടാ.

സുശാന്ത്‌സിങ്ങ് രാജ്പുഠ്

1991- 92ലെ മുംബൈ കലാപം, 2005-ലെ മഹാപ്രളയം, 2006-ലെ സബർബൻ ട്രെയിനുകളിലെ സ്‌ഫോടന പരമ്പര, 2010-ലെ ഭീകരാക്രമണം തുടങ്ങിയ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത്​ ഫീനിക്‌സ് പക്ഷിയെപ്പോലെ മുംബൈ ഉയർത്തെഴുന്നേറ്റ കാഴ്ച നാം കണ്ടുകഴിഞ്ഞു; അനുഭവിച്ചറിഞ്ഞു. ‘എന്തും താങ്ങും, എന്തും സഹിക്കും’ എന്ന പാമ്പൻ പാലത്തിന്റെ പരസ്യവാചകം പോലെ! മുംബൈക്കാർ പൊതുവേ ശുഭാപ്തിവിശ്വാസക്കാരാണെന്ന് പലപ്പോഴും തോന്നാറുണ്ട്. ഫിലിം ഇൻഡസ്ട്രി കൂടുതൽ ശകതിയാർജ്ജിച്ച് വീണ്ടും ഉയർത്തെഴുന്നേല്ക്കുമെന്ന് പ്രത്യാശിക്കാം.

യേ മുംബൈ ഹേ, മേരി ജാൻ...! ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments