സമൂഹത്തിന്റെ ഏറ്റിറക്കപ്പലകയിൽ കാൽ നിലത്തുമുട്ടി നിൽക്കുന്ന, മേലേയ്ക്കുള്ള കുതിപ്പുകാത്ത് കഴിയുന്ന പാവങ്ങൾ....
ധാരാവി മുബൈയുടെ അവഗണിക്കപ്പെട്ട, എന്നാൽ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. അവിടെ ചേറും ചെളിയുമായി മല്ലിട്ട് കാലക്ഷേപം നടത്തുന്നവരിൽ ചിലരെങ്കിലും നല്ല ജീവിതം സ്വന്തമാക്കുന്നുണ്ട്. വെറും അടയാളങ്ങൾ മാത്രമായ കുടിപ്പാർപ്പിടങ്ങളിലെ അന്തേവാസികൾ കിനാവുകാണുന്നത് ഭാഗ്യത്തിന്റെ വെള്ളിവെളിച്ചമാണ്.
ധാരാവിയിലെ ഗോപാൽ നഗറിൽ, പ്രത്യേക പേരൊന്നുമില്ലാത്ത ‘പൊങ്കൽ വീട്ടിൽ' വെച്ചാണ് ഞാൻ കന്ദസ്വാമി നാടാരെ പരിചയപ്പെടുന്നത്. ബോംബെയിലെത്തുന്ന ഗോവക്കാർക്കായി പോർച്ചുഗീസ് ഭരണകൂടം ആദ്യകാലങ്ങളിൽ സ്ഥാപിച്ച ‘ഖുദ്ദ്' പോലെ, പ്രധാനമായും മഹാനഗരത്തിലെത്തുന്ന തമിഴ് വംശജർക്ക് താമസിക്കാനുള്ള ഇടമാണ് പൊങ്കൽ വീടുകൾ.
മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലെ ഗ്രേഡ് കം സ്റ്റെനോഗ്രാഫറാണ് കന്ദസ്വാമി. മാന്യമായ ശമ്പളം ലഭിക്കുന്ന അദ്ദേഹം തിരുനെൽവേലി സ്വദേശിയാണ്. കഷണ്ടി കയറി ആക്രമിച്ച തലയും ആറടിയോളം ഉയരവും ബാഹുബലിയെ അനുസ്മരിപ്പിക്കുന്ന ആകാരവമുള്ള കന്ദസ്വാമിയോട് ഭാര്യയെയും മക്കളെയും ബോംബെയിൽ കൊണ്ടുവന്നു താമസിപ്പിച്ചുകൂടെ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം ആദ്യം ഉത്തരമൊന്നും പറഞ്ഞില്ല.
‘‘എനക്ക് മൂൻട്ര് പെൺകൊളൈന്തകളും മനൈവിയും അപ്പാവും അമ്മാവും പാട്ടിയും ഇരുക്ക്. വീട്ടു ശിലവ് താങ്ക മുടിയാത് ചാമീ'' എന്നായിരുന്നു മറുപടി. പൊങ്കൽ വീടുകളിൽ ഡോർമെറ്ററി സർവീസ് മാത്രമാണുള്ളത്. പതിനഞ്ചുമുതൽ ഇരുപത്തഞ്ചുപേർ വരെ ഇവിടെ താമസിക്കുന്നു. ധാരാവിയിൽ ഏകദേശം അറുപത് പൊങ്കൽ വീടുകളുണ്ട്. നിരനിരയായി പായ വിരിച്ച് കിടക്കാനും തങ്ങളുടെ പെട്ടിവെയ്ക്കാനുമുള്ള സൗകര്യമൊഴികെ പൊങ്കൽ വീടിന് ഒരു വീടിന്റെ സെറ്റപ്പ് ഒന്നുമില്ല. രാത്രി ഉറങ്ങുമ്പോൾ മാക്രി കരയുന്നപോലെയോ സിമൻറ് കൂട്ടുന്ന യന്ത്രം തിരിയുമ്പോഴുണ്ടാകുന്നപോലെയോ ഘട്ട്, ഘട്ട് ശബ്ദത്തിൽ കൂർക്കം വലിക്കുന്ന സഹമുറിയന്മാരുടെ ശബ്ദങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാം.
ദക്ഷിണേന്ത്യയിൽ നിന്നെത്തുന്ന ട്രെയിനുകളെല്ലാം കുർള ടെർമിനസിൽ യാത്ര അവസാനിപ്പിക്കും. ഇവിടെ ഇറങ്ങുന്ന തമിഴ് വംശജരിലധികവും ധാരാവിയിലേയ്ക്കാണ് വെച്ചടിക്കുക.
വെള്ളക്കുഴലിനുതാഴെ തല കാണിച്ചുള്ള ‘കാക്കക്കുളി'യും പബ്ലിക് ടോയ്‌ലറ്റിനുമുമ്പിൽ വരിനിന്ന് ‘നമ്പർ റ്റു' നടത്താനുമാണ് പൊങ്കൽ വീട്ടിലെ താമസക്കാർക്ക് വിധിച്ചിട്ടുള്ളത്. ധാരാവിയിലെ ഇത്തരമൊരു സ്ഥലത്ത് ഞാൻ താമസമാരംഭിച്ചത് ഇന്നും ഒരു ‘പരമരഹസി'യമാണ്. ഒരു ധീരധിക്കാരമായി അതങ്ങിനെത്തന്നെ നിലനിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നതും.
കന്ദസ്വാമിയുടെ പ്രഭാതകൃത്യങ്ങൾ രാവിലെ എട്ടുമണിയോടെ അവസാനിക്കും. തുടർന്ന് പെട്ടിയിൽനിന്ന് അലക്കിത്തേച്ച വസ്ത്രങ്ങൾ ധരിച്ച് സയണിലെത്തുന്ന അദ്ദേഹം ദാദറിലിറങ്ങി ട്രെയിനിൽ ചാടിക്കയറി ചർച്ച് ഗേറ്റിലിറങ്ങും. സ്റ്റേഷന്റെ എതിർവശത്തുള്ള കോയമ്പത്തൂർ സ്വദേശി ഗണേശന്റെ കട്ടിങ്- ചായ, വടാ- പാവ് സെന്ററിൽ നിന്ന് രണ്ടു കട്ടിങ് നിന്ന നിൽപ്പിലടിച്ച് വലിഞ്ഞുനടന്ന് മന്ത്രാലയ ഓഫീസിലെത്തുമ്പോൾ സമയം 8.45 ആയിരിക്കും. അവിടെ ടോയ്‌ലറ്റിൽ കയറി വീണ്ടും വയർ ശുദ്ധിയാക്കുകയായി. ടോയ്‌ലറ്റ് റൂമിലെ ചുമരിൽ തറച്ചിരിക്കുന്ന കണ്ണാടിയിൽ നോക്കി കൈയിൽ കരുതിയ ചെറിയ പ്ലാസ്റ്റിക് പെട്ടിയിൽ നിന്ന് ക്ഷൗരസാമഗ്രികളെടുത്ത് ക്ലോസ് ഷേവ് ചെയ്യും. ചെറിയ ടർക്കി ടവൽ കൊണ്ട് മുഖം തുടച്ച് വൃത്തിയാക്കി കടലാസുപൊതിയിൽ സൂക്ഷിച്ച ക്യുട്ടിക്കൂറ ടാൽക്കം പൗഡർ ദേഹത്തും മുഖത്തും വിതറി കൂടുതൽ സുന്ദരനായി, സുസ്‌മേരവദനനായാണ് കന്ദസ്വാമി ടൈപ്പ്‌റൈറ്ററിന്റെ മുന്നിലിരിക്കുക. പിന്നെ അന്നത്തെ ‘ടൈംസ് ഓഫ് ഇന്ത്യ വാർത്ത'കളുമായി മല്ലടിക്കുന്നു.
ഓഫീസിൽ ജീവനക്കാർ എത്തിത്തുടങ്ങി. സ്ത്രീകളോട് ചില്ലറ പഞ്ചാരയടി, സഹപ്രവർത്തകരോട് കുശലപ്രശ്‌നം എന്നിവയോടെ കന്ദസ്വാമിയുടെ ഒരു ദിവസത്തെ ഓഫീസ് ജോലി ആരംഭിക്കുന്നു എന്ന് തൽക്കാലം പറയാം. ഉച്ചഭക്ഷണത്തിന് വീണ്ടും ഗണേശന്റെ ടീസ്റ്റാളിൽ നിന്ന് ‘ആസ്‌പ്രോ' ഗുളികയുടെ വലുപ്പമുള്ള നാല് ഇഡ്ഡലിയും ഒരു റൊബസ്റ്റാ പഴവും കഴിച്ച് കന്ദസ്വാമി ഏമ്പക്കം വിടാറുണ്ട്. 1976-ലാണ് ഈ മാന്യൻ പൊങ്കൽ വീട്ടിൽ താമസത്തിനെത്തുന്നത്. ‘മാസാമാസം' 80 രൂപ വാടകയിനത്തിൽ പൊങ്കൽ വീട്ടുടമയ്ക്ക് നൽകിവരുന്നുണ്ട്. അഞ്ചുമണിയോടെ അദ്ദേഹം താർദേവിലുള്ള വക്കീൽ ഓഫീസിൽ പാർട്ട് ടൈം ജോലി ചെയ്ത് രാത്രി ഒമ്പത്- പത്തുമണിയോടെ, ഭക്ഷണം കഴിച്ച് പൊങ്കൽ വീട്ടിലെത്തുന്നു. ഗോസടിയിൽ കിടന്ന് സ്വന്തമായൊരു ഫ്ലാറ്റ് കരസ്ഥമാക്കുന്നത് സ്വപ്നം കണ്ടുറങ്ങുന്നു; മഹാനഗരത്തിലെ ആയിരങ്ങളെപ്പോലെ.
ഇത്തരക്കാരായ പതിനായിരക്കണക്കിനുപേർ തിങ്ങിത്താമസിക്കുന്നു ധാരാവിയിൽ. പ്രദേശത്തെ ജനസംഖ്യയിൽ 30 ശതമാനത്തിലധികവും തമിഴ് മക്കളാണെന്ന് ഒരു റാന്റം സർവേയിൽ തെളിഞ്ഞിരിക്കുന്നു. ധാരാവിയിലെ തമിഴ് സമൂഹത്തിന്റെ കാര്യമന്വേഷിക്കാൻ ‘ആദി ദ്രാവിഡ സമാജം' കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അവർ ശിവസേനയുമായി ചേർന്നുള്ള സമീപനമാണ് കൈക്കൊള്ളുന്നത് എന്നുവേണം പറയാൻ. ‘തമിഴ് അരചിയൽ' (രാഷ്ട്രീയം) മാത്രമായാൽ അവർക്ക് നിലനിൽപ്പുണ്ടാകില്ല എന്നതാകാം കാരണം. ദക്ഷിണേന്ത്യയിൽ നിന്നെത്തുന്ന ട്രെയിനുകളെല്ലാം കുർള (ലോകമാന്യതിലക്) ടെർമിനസിൽ യാത്ര അവസാനിപ്പിക്കും. ഇവിടെ ഇറങ്ങുന്ന തമിഴ് വംശജരിലധികവും ധാരാവിയിലേയ്ക്കാണ് വെച്ചടിക്കുക. തിരുനെൽവേലിയോ സേലമോ കോവൈയോ മഹാനഗരത്തിൽ പറിച്ചുനട്ട പ്രതീതിയുള്ള കാമരാജ് നഗർ, മധുരൈ നഗർ തുടങ്ങിയ തമിഴ് സെറ്റിൽമെന്റുകളിലായിരിക്കും ഇവർ തമ്പടിക്കുക. മാഹിം - സയൺ ലിങ്ക് റോഡിലെ കൊച്ചുകൊച്ചുവീടുകളുടെ വരാന്തകളിൽ അരിപ്പൊടി കോലങ്ങൾ വരച്ചിട്ടുണ്ട്. വാതിലിൽ ‘മെറ്റൽ മേയ്ഡ്’ മാവിലകൾ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത് ശുഭസൂചകമായാണ് തമിഴ് മക്കൾ കരുതുന്നത്. ബോംബെയിൽ പച്ചമാവിലയുടെ ദൗർലഭ്യമാകാം മെറ്റാലിക് മാവിലയിലേക്ക് ഭക്തരെ നയിച്ചതെന്ന് തോന്നുന്നു. ഈ ചെറിയ വീടുകളുള്ള വഴിയിൽ അവിടവിടെയുള്ള കോൺക്രീറ്റ് ഒറ്റനില വീടുകൾ കണ്ടാൽ മേക്കപ്പ്അറിയാത്ത ഒരു ഗ്രാമീണ പെൺകുട്ടി കൂടുതൽ സുന്ദരിയാകാൻ വൃഥാശ്രമം നടത്തിയതുപോലെ തോന്നും. ലുങ്കിയുടുത്ത പുരുഷന്മാരും ചേലയുടുത്ത സ്ത്രീകളും തമിഴിൽ കലപില സംസാരിക്കുമ്പോൾ അവിടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ ഇംഗ്ലീഷിൽ വർത്തമാനം പറയുന്നത് ഇന്ന് അൽഭുതമല്ല. തമിഴ് മക്കളിൽ പലരും വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നുണ്ട്.
കാമരാജ് റോഡിനിരുവശവുമുള്ള കടകളിൽ തമിഴ് സൈൻ ബോർഡുകളാണേറെയും. ഗുജറാത്തികളും മാർവാഡികളുമായ കടയുടമകൾ സ്ഫുടമായി തമിഴ് സംസാരിക്കാൻ ശീലിച്ചിരിക്കുന്നു. ധാരാവിയിൽ 1912-ൽ പണിതുയർത്തിയ ഗണേശക്ഷേത്രത്തിലെ പ്രതിമ വാരണാസിയിൽ നിന്ന് കൊണ്ടുവന്നതാണെത്ര. ധാരാവിയിലെ ഈ ക്ഷേത്രത്തിനോടുചേർന്ന സ്ഥലങ്ങളിലും ചുറ്റുവട്ടങ്ങളിലുമായി ആയിരക്കണക്കിന് തമിഴ് മക്കൾ താമസിച്ചുപോരുന്നുണ്ട്.
കാർവേക്കറുടെ സ്റ്റാറ്റിസ്റ്റിക്‌സ്
1941 മുതൽ 1951 വരെയുള്ള കാലയളവിൽ മഹാനഗരത്തിലെ ജനസംഖ്യ 76 ശതമാനം വർധിച്ചതായി ബോംബെ പോപ്പുലേഷൻ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും സുഹൃത്തുമായ കാർവേക്കർ പറയുന്നു. (അദ്ദേഹം പിന്നീട് ആർ.ബി.ഐ.യിൽ ചേർന്നു.) ഇന്ത്യ- പാകിസ്ഥാൻ വിഭജനത്തെത്തുടർന്നാണ് ഇത്തരത്തിൽ ജനങ്ങളുടെ കുത്തൊഴുക്കുണ്ടായതെന്ന് അദ്ദേഹം പറയുന്നു. തുടർന്നുള്ള വർഷങ്ങളിൽ ജനസംഖ്യാവർധന 40 ശതമാനമായി ചുരുങ്ങി എന്നും കാർവേക്കർ കണക്കുകൾ നിരത്തി. 1981-91 കാലത്ത് എട്ടുശതമാനം മാത്രമെ ജനസംഖ്യ വർധിച്ചുള്ളൂ. ഗൾഫ് സ്വപ്നം നെഞ്ചേറ്റിവന്ന കേരളീയർ ഇവിടെ ധാരാളമായി ഉണ്ടല്ലോ എന്ന എന്റെ ചോദ്യത്തിന്, ‘‘അത് ഫ്ലോട്ടിങ് പോപ്പുലേഷൻ മാത്രമായേ കണക്കാക്കാനാകൂ'' എന്നായിരുന്നു മറുപടി.
കൂടാതെ ബോംബെയിലെ വ്യവസായശാലകളിൽ പലതും വാപ്പി, സിൽവാസ, ന്യൂ ബോംബെ, പാൽഘർ, ധാനു മുതലായ സ്ഥലങ്ങളിലേയ്ക്ക് പറിച്ചുനട്ടു. അങ്ങനെ തൊഴിലന്വേഷകർ ഇരണ്ടക്കൂട്ടം പോലെ അവിടേയ്ക്ക് പ്രവഹിച്ചു. സൗജന്യ ജലവിതരണം, വൈദ്യുതി നിരക്കിളവ് തുടങ്ങിയവ ഗുജറാത്ത്, ഉത്തരാഖണ്ഡ് പ്രദേശങ്ങളിലെ ഭരണകൂടങ്ങൾ വ്യവസായികൾക്ക് വെച്ചുനീട്ടിയതോടെ ബോംബെ വ്യവസായികളും തൊഴിലാളികളും അവിടേയ്ക്ക് ഒഴുകാൻ കാരണമായെന്ന് കാർവേക്കർ പറയുന്നു.
ലോകത്തെ നമ്പർ വൺ ലെതർ ഉല്പന്നങ്ങളിൽ പലതും ‘മേയ്ഡ് ഇൻ ധാരാവി'യാണ്. സയണിൽ നിന്ന് ധാരാവിയിലേക്ക് തിരിയുന്ന വഴിവക്കിൽ ഒന്നാന്തരം തുകലുൽപന്നങ്ങൾ നിങ്ങൾക്ക് വാങ്ങാം, അതും ചുളുവിലയ്ക്കുതന്നെ!
രണ്ടരക്കോടിയോളം വരുന്ന ബോംബെയിലെ ജനസംഖ്യയിൽ 60 ശതമാനം പേർക്കും സ്വന്തം താമസസ്ഥലമുണ്ടായിരുന്നില്ല, ഇപ്പോഴുമില്ല എന്ന സ്ഥിതിവിവരക്കണക്ക് നമ്മുടെ മുന്നിലുണ്ട്. ഹതഭാഗ്യരായ തൊഴിലാളികൾക്ക് ധാരാവിയിൽ കുടിലുകൾ വെച്ച് താമസിക്കാൻ പ്രയാസമില്ലാത്തതിനാൽ അവർ അവിടെത്തന്നെയുള്ള ചെറുകിട ഫാക്ടറികളിലോ സമാന സ്ഥാപനങ്ങളിലോ ജോലിചെയ്യാൻ തയ്യാറായി.
തുകൽ ഈറയ്ക്കിടുന്ന ജോലിയിലേക്കാണ് തമിഴ് വംശജർ ആദ്യകാലങ്ങളിൽ ആകർഷിക്കപ്പെട്ടത്. ലോകത്തെ നമ്പർ വൺ ലെതർ ഉല്പന്നങ്ങളിൽ പലതും ‘മേയ്ഡ് ഇൻ ധാരാവി'യാണ്. സയണിൽ നിന്ന് ധാരാവിയിലേക്ക് തിരിയുന്ന വഴിവക്കിൽ ഒന്നാന്തരം തുകലുൽപന്നങ്ങൾ നിങ്ങൾക്ക് വാങ്ങാം, അതും ചുളുവിലയ്ക്കുതന്നെ! വാലറ്റുകൾ, ലാപ്‌ടോപ്പ് വെയ്ക്കാൻ പാകത്തിലുള്ള ലെതർ ബാഗുകൾ, ചെരുപ്പുകൾ തുടങ്ങിയവ വിൽക്കുന്നവരധികവും യു.പി.ക്കാരാണ്. ധാരാവിയിൽ കാണുന്ന നിയമാനുസൃത വ്യവസായങ്ങളേക്കാൾ അറുപത് ശതമാനത്തിലധികം തൊഴിൽശാലകളും അനധികൃതമാണെന്ന് പറയുന്നു. വാറ്റ്, ജി.എസ്.റ്റി., സെയിൽസ് ടാക്‌സ് ഇനത്തിലുള്ള നികുതികൾ വിഴുങ്ങിക്കൊണ്ടാണ് ഇത്തരം ചെറുകിട ഫാക്ടറികൾ ജീവിച്ചുപോരുന്നത്.
എ.ആർ.പി. എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സേലം ജില്ലക്കാരൻ എ.ആർ. പെരുമാളിനെ പൊങ്കൽവീട്ടിൽ വെച്ച് പരിചയപ്പെട്ടു. ബാണ്ടൂപ്പിലെ ലാംബ്രട്ട സ്‌കൂട്ടർ നിർമാണശാലയിൽ ടൈപ്പിസ്റ്റ് ആയിരുന്ന അദ്ദേഹം തൊഴിലാളി നേതാവായിരുന്നു. പക്ഷെ, ഒരിക്കലും വിജയിക്കാൻ സാധ്യതയില്ലാത്ത നിലയിലേയ്ക്ക് സമരത്തെ വലിച്ചിഴച്ച മാനേജ്‌മെൻറ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയതോടെ പെരുമാൾ കമ്പനി വിട്ടു. തമിഴ് സിനിമാനടൻ ജമിനി ഗണേശന്റെ മുഖച്ഛായയുള്ള എ.ആർ.പി. പഴയ തമിഴ് ഗാനങ്ങൾ എപ്പോഴും മൂളിക്കൊണ്ടിരിക്കും. ‘‘കാലങ്കളിൽ അവൾ വസന്തം, കലൈകളിലേ അവൾ ഓവിയം'' എന്ന സൗന്ദർരാജൻ പാട്ട് അവിവാഹിതനായ നാൽപതുകാരൻ പെരുമാളിന്റെ ഹൃദയത്തെ തൊട്ടുണർത്തുന്നുണ്ടെന്നുതോന്നും.
ഇപ്പോൾ പെരുമാൾ ഒരു പ്രാദേശിക തമിഴ് പത്രത്തിന്റെ റിപ്പോർട്ടറാണ്. ദിനതന്തിയും ആനന്ദവികടനും റാണിയും പേശുംപടവും സ്ഥിരമായി വായിക്കുന്ന അദ്ദേഹത്തിന് ധാരാവിയിലെ സാധാരണക്കാരെക്കുറിച്ചും അധികൃതവും അനധികൃതവുമായ വ്യവസായങ്ങളെക്കുറിച്ചും നന്നായി അറിയാം.
പെരുമാൾ കഥ പറയുന്നു
പനാമ സിഗരറ്റിന് തീ പറ്റിച്ച് എ.ആർ. പെരുമാൾ, താനറിയുന്ന ധാരാവിയുടെ കഥ പറയാൻ തുടങ്ങി: 550 ഏക്കറോളം നീണ്ടുപരന്നുകിടക്കുന്ന ധാരാവി, സമൂഹത്തിലെ അരികുചേർക്കപ്പെട്ടവരുടെ ഇടമെന്നാണ് പൊതുവെ അറിയപ്പെടുന്നത്.
‘അത് കണ്ടിപ്പാക സത്തിയം താൻ,' പെരുമാൾ സംസാരത്തിൽ മേമ്പൊടിയെന്നപോലെ അൽപം തമിഴ് കലർത്തി പറഞ്ഞു. തൊഴിലന്വേഷകർക്ക്, അതായത്, അൺസ്‌കിൽഡ് വർക്കേഴ്‌സിന് ഏതെങ്കിലുമൊരു ജോലി ധാരാവിയിൽ തരപ്പെടുത്താനാകും. അത് പാവ് ഉണ്ടാക്കുന്ന ബേക്കറികളിലോ, തുകൽ ഈറയ്ക്കിടുന്ന സ്ഥലങ്ങളിലോ കയറ്റുമതിക്കായി റെഡിമെയ്ഡ് വസ്ത്രങ്ങൾ തുന്നുന്ന തുന്നൽശാലകളിലോ ആകാം. ഇതൊന്നുമല്ലെങ്കിൽ വരദാഭായി (വരദരാജ മുതലിയാരെ ‘വരദാ അണ്ണൻ' എന്നാണ് പെരുമാൾ ബഹുമാനപൂർവ്വം വിളിച്ചത്) യുടെ ഖാഡി (വാറ്റു കേന്ദ്രം) യിൽ ജോലി ലഭിക്കാതിരിക്കില്ല. ഒരാൾക്ക് മഹാനഗരത്തിൽ ‘നിന്നുപിഴയ്ക്കാനുള്ള' തൊഴിലവസരം ഏറെ ധാരാവിയിലുണ്ട്. ‘‘സിനിമകളിലെ നായകൻ ചേരിയിൽ വളർന്ന് അക്രമങ്ങൾക്കെതിരെ പോരാടി വെട്രി നേടുന്നവരായാണ് നാം കാണാറ്. അത് ഏറെക്കുറെ ശരി തന്നെയാണ്. അങ്ങനെ പലരും ഇവിടെയുണ്ട്.'' പെരുമാൾ പറയുന്നു.
‘‘കുറ്റവാളികളെ പെറ്റിടുന്ന സ്ഥലമെന്ന ‘പട്ട'വും ഈ സ്ഥലത്തിന് പേരുദോഷം വരുത്തിയിട്ടുണ്ട്.'' അനുബന്ധമെന്നോണം അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ദേശം, 18,000 പേർ ധാരാവിയിലെ ഒരേക്കർ സ്ഥലത്ത് താമസിക്കുന്നുണ്ടെന്ന് അഞ്ചാറ് മാസങ്ങൾക്കുമുമ്പ് ‘സേവാനികേതൻ' നടത്തിയ ഒരന്വേഷണം വെളിപ്പെടുത്തി. ഇവിടെ 27 ക്ഷേത്രങ്ങളും 11 മോസ്‌കുകളും ആറ് കൃസ്ത്യൻ പള്ളികളുമുണ്ട്. ആദ്യകാല ജോപ്ഡകൾ പിന്നീട് ചോളുകളായി മാറി. അവക്കുചുറ്റും ലക്കും ലഗാനുമില്ലാത്ത രീതിയിൽ കെട്ടിടങ്ങളും ഉയർന്നുവന്നിരിക്കുന്നു.
ധാരാവിയിലെത്തി ജീവിതവിജയം നേടിയ ചിലരുടെ കേസ് സ്റ്റഡീസോടെ പെരുമാൾ സംഭാഷണം തുടർന്നു: തമിഴ്‌നാട്ടിലെ ആർക്കോണം ജില്ലയിൽ നിന്നെത്തിയ ഹാജി ഷംസുദ്ദീൻ പാൽഘർ, ധാനു തുടങ്ങിയ പ്രദേശങ്ങളിൽ സുലഭമായി ലഭിയ്ക്കുന്ന അരി കടത്തുകാരനായാണ് ബോംബെജീവിതം ആരംഭിച്ചത്. മഹാനഗരം അരിക്ഷാമം നേരിട്ട ദിവസങ്ങളായിരുന്നു അത്. എന്നാൽ കോൺഗ്രസ് ഭരണകൂടം അരിയ്ക്കുമേലുള്ള നിയന്ത്രണം നീക്കിയപ്പോൾ ഷംസുദ്ദീൻ തന്റെ ‘അരിപ്പരിപാടി' അവസാനിപ്പിച്ച് പ്രിന്റിങ് പ്രസ് ആരംഭിച്ചു. വഴിയേ ‘അ വൺ ചിക്കി' എന്ന ബ്രാൻറ് നെയിമിൽ അയാൾ കപ്പലണ്ടി മിഠായി ഉണ്ടാക്കാൻ തുടങ്ങി. ബോംബെ മാർക്കറ്റ് പിടിച്ചടക്കിയ ഈ ഉല്പന്ന നിർമാതാവിപ്പോൾ ധാരാവിയിൽ പുതുതായി ഉയർന്നുവന്ന ഡയ്മണ്ട് ബിൽഡിങ്ങിലെ വിശാലമായ ഫ്ലാറ്റിൽ താമസക്കാരനാണ്.
ശെൽവരാജ് ബോംബെയിലെത്തിയത് വെറുതെ കറങ്ങിയടിക്കാനല്ല. വാറ്റുചാരായ വിതരണശൃംഖലയുടെ ഭാഗമായിരുന്ന അയാൾ വളർന്നുവലുതായി. ലെതർ ഗുഡ്‌സ് ഷോപ്പുകളുടെ നീണ്ട നിരതന്നെ മസ്ജിദ് ബന്തറിലെ അബ്ദുൾ റാൻ സ്ട്രീറ്റിലും അന്ധേരി വെർസോവ റോഡിലുമൊക്കെയായി ഉണ്ടാക്കിയെടുത്തിരിക്കുന്നു. അയാളുടെ കുട്ടികൾ സമീപത്തുള്ള എസ്.ഐ.ഇ.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർഥികളാണ്- പെരുമാൾ പറഞ്ഞുനിർത്തി.
ഞങ്ങൾ ഇരുവരും പൊങ്കൽവീട്ടിൽ നിന്ന് പുറത്തിറങ്ങി നടക്കാനാരംഭിച്ചു. അപ്പോൾ സമയം രാവിലെ പതിനൊന്ന് കഴിഞ്ഞിട്ടുണ്ട്. വഴിവാണിഭക്കാരുടെ പൂഹോയ് വിളികൾ കേട്ട വീട്ടമ്മമാർ പച്ചക്കറി വാങ്ങാൻ പുറത്തിറങ്ങി. പെരുമാൾ ഒരു പാൻ പെട്ടിഷോപ്പിൽ നിന്ന് 420 നമ്പർ പാൻ വാങ്ങി ചവച്ചുകൊണ്ടിരുന്നു.
ഫാക്റ്റ്‌സ് ആൻഡ് ഫിഗേഴ്‌സ്
1985-ൽ കോൺഗ്രസ് സുവർണ ജൂബിലി ആഘോഷവേളയിൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ധാരാവി സന്ദർശിച്ചു. അദ്ദേഹം 100 കോടി രൂപ ധാരാവിയുടെ വികസനത്തിന് അനുവദിച്ചു. ‘പ്രൈം മിനിസ്റ്റേഴ്‌സ് ഗ്രാൻറ് പ്രൊജക്ട് ഫണ്ട്’ എന്ന അരുമനാമഥേയത്തിൽ വിളിച്ചുപോന്ന ഈ വലിയ തുക, സ്വാതന്ത്ര്യലബ്ദിക്കുശേഷം ധാരാവിയുടെ വികസനത്തിന് കേന്ദ്ര ഗവൺമെൻറ് ആദ്യമായി അനുവദിച്ച തുകയാണ്. എന്നാൽ ഭരണകർത്താക്കൾ അത് വേണ്ടരീതിയിൽ ഉപയോഗിച്ചില്ല. മാത്രമല്ല, രാജീവ് ഗാന്ധി കൊലചെയ്യപ്പെട്ടതോടെ ആ ഫണ്ട് ‘മാന്യമായി’ അട്ടിമറിക്കപ്പെട്ടു. അതോടെ റോഡ് നിർമാണം പാതിവഴിയിൽ അവസാനിപ്പിച്ചു. പൊതുടാപ്പുകൾ, ശൗചാലയങ്ങൾ, ഗവ. സ്‌കൂളുകൾ തുടങ്ങിയവയുടെ നിർമാണപദ്ധതികൾ ‘അഹല്യാമോക്ഷം' കാത്തുകിടക്കുകയാണ്.
‘‘1993-ലെ വർഗീയകലാപവും രണ്ടായിരത്തിലെ വെള്ളപ്പൊക്കവും സാധാരണക്കാരെ വല്ലാതെ വലച്ചെങ്കിലും ചേരികളിൽ ചെറുകിട വ്യവസായശാലകൾ വിജയകരമായി പ്രവർത്തിച്ചു. നാടൻഭാഷയിൽ പറഞ്ഞാൽ, നല്ല അടിപൊളി ബിസിനസ്!''
‘‘ധാരാവിയെ ഞാൻ വ്യത്യസ്തമായൊരു പേഴ്‌സ്‌പെക്റ്റീവിലൂടെയാണ് കാണാൻ ശ്രമിക്കുന്നത്''- പെരുമാൾ പറഞ്ഞു: ‘‘ഇവിടെയുള്ള 23 ശതമാനം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്നില്ല. പകുതിപ്പേർക്ക് സാനിറ്ററി സൗകര്യങ്ങളുമില്ല. സാധാരണ ജനതയുടെ അസാധാരണ മിശ്രിതമാണ് ഇവിടെയുള്ളത്. അവരുടെ ജീവിതം രേഖപ്പെടുത്താൻ അധികമാരും തയ്യാറായിട്ടില്ല. മാത്രമല്ല, ഈ പ്രദേശത്തിന്റെ ഭൂപടം ബോംബെ അർബൻ പ്ലാനിങ് വിഭാഗത്തിന്റെ കൈയബദ്ധം മാത്രമായി രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. രാജീവ് ഗാന്ധിയുടെ നൂറുകോടി രൂപയുടെ ഫണ്ട് കൃത്യതയോടെ ചെലവഴിച്ചിരുന്നെങ്കിൽ ഇന്ന് ഇവിടെ കാണുന്ന വെള്ളക്കെട്ടുകളോ, കാനകളിൽ മൂളിപ്പറക്കുന്ന ഈച്ചകളോ, വിസർജ്യം പൊന്തുന്ന ടോയ്‌ലറ്റുകളോ ഉണ്ടാകുമായിരുന്നില്ല. മഹാനഗരത്തിൽ ചേരികൾ ഉയരുമ്പോൾ ഭരണകൂടം അവരെ അനധികൃത കൈയേറ്റക്കാരെന്ന് മുദ്രകുത്തി ആദ്യം അടിച്ചോടിക്കുന്നു, പിന്നെ എന്തെങ്കിലുമാകട്ടെ എന്നുകരുതി മിണ്ടാതിരിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്കാർ ഇവരെ ഏറ്റെടുത്ത് തങ്ങളുടെ വോട്ടുബാങ്ക് വർധിപ്പിക്കാൻ തുനിയുമ്പോൾ വഴിയെ അനധികൃത കൈയേറ്റക്കാരെ ഫോട്ടോപാസും റേഷൻകാർഡും മറ്റും നൽകി സന്തുഷ്ടരാക്കി ഭരണകൂടം അംഗീകരിക്കുന്ന വിചിത്രസംഭവമാണ് നാം കാണുക.'' - പെരുമാൾ വാചാലനായി.
‘‘2000 ജൂലായ് 12-ന് ബോംബെയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഏറ്റവും ഇരകളായവർ ഭാരത് നഗർ, ധാരാവി, തക്കർബാബ കോളനി, ഇന്ദിരാഗാന്ധി നഗർ തുടങ്ങി താഴ്ന്ന നിരപ്പിലുള്ള ചേരികളിലെ ജനങ്ങളാണ്. അനേകർ ഇവിടെ മരിച്ചു. പലരും ഒഴുകിപ്പോയി. ആയിരക്കണക്കിനുപേർ ഭവനരഹിതരായി. ചേരിക്കാർ ദുരന്തത്തെ എങ്ങനെയോ അതിജീവിച്ചു. ക്രൂരമായ സ്വഭാവത്തോടെയാണ് ഭരണകൂടം ചേരിമക്കളോട് പെരുമാറിയതെന്ന്’’ പെരുമാൾ ആരോപിക്കുന്നു: ‘‘1993-ലെ വർഗീയകലാപവും രണ്ടായിരത്തിലെ വെള്ളപ്പൊക്കവും സാധാരണക്കാരെ വല്ലാതെ വലച്ചെങ്കിലും ചേരികളിൽ ചെറുകിട വ്യവസായശാലകൾ വിജയകരമായി പ്രവർത്തിച്ചു. നാടൻഭാഷയിൽ പറഞ്ഞാൽ, നല്ല അടിപൊളി ബിസിനസ്!''
ഞങ്ങളിരുവരും ധാരാവിയിലെ 60 അടി റോഡിന് സമീപം അൽ അമീൻ തയ്യൽ ഫാക്ടറിയുടെ സമീപത്തെത്തി. ടിൻ ഷീറ്റുകൊണ്ട് മേൽക്കൂര മേഞ്ഞ ആ ഫാക്ടറിയിൽ നിന്ന് തയ്യൽ മെഷീനുകൾ പ്രവർത്തിക്കുന്ന ശബ്ദം പുറമേയ്ക്ക് കേൾക്കാം. മഹാനഗരത്തിലും വിദേശങ്ങളിലുമുള്ള ഡിസൈനർമാരുടെ ബുദ്ധിയിൽ നിന്നുദിക്കുന്ന, നവീന ഫാഷനുകളിൽ നിർമിക്കുന്ന ഇന്ത്യൻ കോട്ടൺ വസ്ത്രങ്ങൾ കയറ്റുമതി ചെയ്യപ്പെട്ടിരുന്ന സുവർണകാലമായിരുന്നു അത്. കോവിഡിന്റെ സംക്രമണം ഇപ്പോൾ എല്ലാ കയറ്റുമതി വ്യാപാരത്തെയും അടിമുടി ഉലച്ചിരിക്കുന്നു. ഫാക്ടറി ഉടമകളിൽ കണ്ണൂർ, കാസർകോട്, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരുൾപ്പെടെ ഉത്തരേന്ത്യക്കാരും തമിഴ്‌നാട്ടുകാരുമുണ്ട്. ചെമ്പൂരിലെ ഷെൽ കോളനി റോഡ്, സാക്കിനാക്കയിലെ ജെറിമെറി, ഇന്ദിരാഗാന്ധി ചോൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇത്തരം തയ്യൽശാലകളിലെ തൊഴിലാളികൾ പ്രധാനമായും മലയാളികളാണ്. കട്ടിങ് മാസ്റ്റർ, കട്ടിങ് അസിസ്റ്റൻറ്, തയ്യൽക്കാർ, ചെക്കർമാർ എന്നിവരെ കൂടാതെ സഹായികളായി പയ്യന്മാരും അവിടെ പണിയെടുത്തുപോന്നു. അൽ അമീൻ ടെക്സ്റ്റയിൽസിന്റെ ഉടമ ക്രിസ്ത്യാനിയായ ദുരൈ രാജ നാടാരാണ് എന്നത് അൽപം കൗതുകകരമായി തോന്നാം. എ.ആർ. പെരുമാളിന്റെ നാട്ടുകാരനായ ഈ കക്ഷി ജീവസന്ധാരണത്തിന് ബോംബെയിലെത്തിയ ആദ്യകാല തമിഴ്‌നാട്ടുകാരിൽ ഒരാളാണ്.
‘‘സിവ്രിയിലെ ചായക്കടയിൽ ‘ബാഹർവാല'യായി ജീവിതം തുടങ്ങിയ ഈ പയ്യൻ, അടുത്തുള്ള കടകളിലേയ്ക്കും തയ്യൽശാലകളിലേയ്ക്കും കട്ടിങ് ചായ വിൽക്കുന്നതിന്റെ കമീഷൻ വകയിൽ കിട്ടിക്കൊണ്ടിരിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പ്രയാസപ്പെട്ടിരുന്നു. എന്നാൽ സിവ്രിയിലെ തയ്യൽ ഫാക്ടറി ഉടമ സിയാവുദ്ദീൻ സേഠിന്റെ വിശ്വസ്ഥനാകാൻ കഴിഞ്ഞതോടെ അവന്റെ ജീവിതം മാറിമറിഞ്ഞു''- പെരുമാൾ ആവേശഭരിതനായ പോലെ പറഞ്ഞുതുടങ്ങി: ‘‘ധാരാവിയിലെ വെസ്റ്റൻറ് ടാനറി സ്ഥിതിചെയ്തിരുന്ന സ്ഥലം ആയിടയ്ക്ക് സിയാവുദ്ദീൻ വിലയ്ക്കുവാങ്ങി തന്റെ അൽ - അമീൻ ഫാക്ടറിയുടെ ശാഖ അവിടെ ആരംഭിച്ചു. ദുരൈ രാജ നാടാർക്ക് അന്ന് 24- 26 വയസുണ്ടായിരുന്നു. നന്നായി മറാഠിയും ഹിന്ദിയും പൊടി ഇംഗ്ലീഷും പഠിച്ചെടുത്ത അയാളെ ഭാഗ്യദേവത കടാക്ഷിച്ചു. ഇതിനിടെ പൗളിൻ മേരി എന്ന തമിഴ് യുവതി ഫാക്ടറിയിൽ ഓഫീസ് ജോലിക്കെത്തി. ഇരുവരും തമ്മിലടുത്തു’’- സംഭാഷണത്തിൽ പെരുമാൾ ഒരു പ്രണയകഥ കൂടി തിരുകിക്കയറ്റുകയാണ്; ‘‘വിവാഹിതരായ ഇരുവരും ഇപ്പോൾ ചെമ്പൂർ സുഭാഷ് നഗറിൽ താമസിക്കുന്നു.''
60 കോടിയോളം രൂപ അൽ- അമീൻ ഫാക്ടറിക്ക് അറ്റാദായമുണ്ടെന്ന് പറയപ്പെടുന്നു. പ്രാപ്തരായ മക്കളും അനന്തരാവകാശികളും ഇല്ലാതെ മരിച്ച സിയാവുദ്ദീന്റെ ഫാക്ടറി ദുരൈ രാജ നാടാർ ഏറ്റെടുത്തു. നാടാർ സമുദായത്തിലുള്ള ദുരൈ രാജ ‘അൽ- അമീൻ' എന്ന പേര് പക്ഷെ മാറ്റിയില്ല. അതിനൊരു ഐശ്വര്യമുള്ളതായി അയാൾ കണക്കാക്കുന്നുണ്ട് എന്നുതോന്നുന്നു.
അൽ- അമീൻ ടെയ്‌ലറിങ് ഫാക്ടറിയുടെ ചീഫ് കട്ടിങ് മാസ്റ്റർ തൃശ്ശൂർ നെല്ലങ്കര സ്വദേശി പി.കെ. ഭാസ്‌കരനെ ഞാൻ ഫാക്ടറിയിൽവെച്ചു തന്നെയാണ് പരിചയപ്പെട്ടത്. ‘‘സോബർ ആൻഡ് സോഫ്റ്റ് സ്‌പോക്കൺ'' വകുപ്പിലുള്ള അമ്പത്തഞ്ചുകാരനായ പി.കെ.ബി.യ്ക്ക് സാഹിത്യവാസന നന്നായുണ്ട്. ബോംബെ മലയാളി പ്രസിദ്ധീകരണങ്ങളിലും മറ്റുചില വാരികകളിലും ഇടയ്ക്കും തലയ്ക്കും അദ്ദേഹം ‘കുത്തിക്കുറിക്കാറുണ്ടെത്ര.' ഉയരം കുറഞ്ഞ, പഴുത്ത ഓറഞ്ചിന്റെ നിറമുള്ള ഭാസ്‌കരന് നല്ല വരുമാനമുണ്ട്. അതായത് മാസം 25000 രൂപ.
അടുക്കടുക്കായി വെച്ചിരിക്കുന്ന തുണി വൈദ്യുതി കട്ടിങ് ഉപകരണംകൊണ്ട് ആയാസരഹിതമായി വെട്ടി അദ്ദേഹം ഷർട്ടുകളുണ്ടാക്കും. കട്ടിങ്ങ് ഒന്നുപിഴച്ചാൽ ആ തുണികൾ നിലം തുടയ്ക്കാൻ മാത്രം കൊള്ളാം. പത്തിരുന്നൂറോളം തുന്നൽക്കാർ അൽ- അമീൻ ടെയ്‌ലറിങ് ഫാക്ടറിയിൽ ജോലിചെയ്യുന്നുണ്ട്. ബട്ടൺ ഹോൾ തുന്നുന്ന ജുക്കി മെഷീനിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന സ്ത്രീകളും താഴെ വീണുകിടക്കുന്ന വേസ്റ്റ് പെറുക്കിക്കൂട്ടുന്ന ട്രെയ്‌നി പയ്യൻമാരുമുള്ള ആ ഫാക്ടറി വളരെ സജീവമാണ്.
വസുന്ധരയുടെ വിരുന്ന്
ആന്റോപ് ഹിൽ സി.ജി.എസ്. ക്വാർട്ടേഴ്‌സിൽ താമസിക്കുന്നവരിൽ ഭൂരിഭാഗവും വാടകക്കാരാണ്. ഏറിയകൂറും മലയാളികൾ. അവിടെയുള്ള കെട്ടിടത്തിലൊന്നിലെ താമസക്കാരാണ് പി.കെ. ഭാസ്‌കരനും കുടുംബവും. ബോംബെ സമൂഹത്തിന്റെ കീഴ്‌വഴക്കമനുസരിച്ച്, തങ്ങൾക്ക് ബോധ്യപ്പെട്ട ചില സുഹൃത്തുക്കളെ ഇടയ്ക്ക് ‘ദാവത്തി'ന് (സദ്യക്ക്) വിളിക്കുന്ന പതിവുണ്ട്. കേരളത്തിൽ ഇത്തരം പരിപാടികൾ വിരളമാണ്. പി.കെ. ഭാസ്‌കരനും ഞാനും സുഹൃത്തുക്കളാകാൻ അധികസമയം വേണ്ടിവന്നില്ല. എന്തിനേറെ, ഒരു ശനിയാഴ്ച രാത്രി എട്ടുമണിക്ക് തന്റെ വീട്ടിൽ എനിക്കായി ഒരു സദ്യയൊരുക്കുന്നുണ്ടെന്നും വൈകാതെ അന്നവിടെ എത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ക്ഷണം ഒഴിവാക്കാറാണ് പതിവെങ്കിലും ഭാസ്‌കരനെ നിരാശപ്പെടുത്തരുതല്ലോ എന്നുകരുതി ‘അപേക്ഷ' സ്വീകരിക്കുകതന്നെ ചെയ്തു. ആ ശനിയാഴ്ച ‘കുളിച്ച് കുട്ടപ്പനായി' നല്ല വസ്ത്രം ധരിച്ച് പൊങ്കൽവീട്ടിൽ നിന്ന് ആന്റോപ് ഹില്ലിലെത്തി. അവിടെയുള്ള കടക്കാർ മലയാളികളും തമിഴ് മക്കളുമാണ്. അവരോട് ചോദിച്ചറിഞ്ഞ് ഞാൻ പി.കെ.ബിയുടെ കെട്ടിടം കണ്ടെത്തി.
മൂന്നുനിലയിലുള്ള കെട്ടിടവരാന്തയിൽ ആരെയും കണ്ടില്ല.
കോലി (റൂം) നമ്പർ 12/1348 ലെ ബെൽബട്ടണിൽ വിരലമർത്തി.
വാതിലിലെ പീപ്പിങ് ഹോളിലൂടെ ആരോ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷെ, ‘കോൻ?' എന്ന പതിവുചോദ്യമുണ്ടായില്ല.
ഞാൻ പേര് പറഞ്ഞു. ആരെ കാണാനെന്ന മുംബൈക്കാരുടെ സ്ഥിരം ഡയലോഗുമുണ്ടായില്ല. ഒടുവിൽ എന്തോ കൃപാകടാക്ഷമെന്നോണം ഒരു സ്ത്രീ വാതിൽ പകുതി തുറന്നു.
നെറ്റിയിൽ വലിയൊരു പൊട്ടും കഴുത്തിൽ മംഗൾസൂത്രവും കാതിൽ ഇമിറ്റേഷൻ മൂക്കുത്തിയും ധരിച്ച, മഹാരാഷ്ട്രീയൻ രീതിയിൽ ഒമ്പതുമീറ്റർ സാരി തറ്റുടുത്ത ആ മധ്യവയസ്‌ക എന്നെയൊന്ന് ഉഴിഞ്ഞുനോക്കി. ഒരക്ഷരം മിണ്ടാതെ വാതിലടച്ചു. എങ്കിലും വരാന്തയിൽനിന്ന് ‘മേ പി.കെ.ബി. കോ മിൽനാ ചാഹ്താ ഹും' എന്നു വിളിച്ചുപറഞ്ഞു. അതിനും ഒരു മറുപടിയും ഉണ്ടായില്ല.
ചിലർ ചപ്പുചവറുകൾ പെറുക്കിക്കൂട്ടി ആക്രിക്കച്ചവടക്കാർക്ക് വിറ്റ് ഉപജീവനം നടത്തുന്നു. മറ്റു ചിലരാകട്ടെ ചെറിയ ജോലികൾ ഏർപ്പെട്ട് ജീവിതം നയിക്കുന്നു. അധ്വാനവർഗം നിലനിൽക്കേണ്ടത് മുതലാളിത്തവ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണല്ലോ.
ഇപ്പോൾ ഞാൻ ഏകദേശം അപമാനിതനായിട്ടുണ്ട്. മുറിയുടെ നമ്പർ ഒന്നുകൂടി നോക്കി. അത് തെറ്റിപ്പോയോ എന്നൊരു സംശയമുദിച്ചപ്പോൾ പി.കെ.ബി. കുറിച്ചുതന്ന വിലാസം ഒരിക്കൽ കൂടി പരിശോധിച്ചു. അത് തെറ്റിയിട്ടൊന്നുമില്ല. പി.കെ. ഭാസ്‌കരൻ എന്ന കട്ടിങ് മാസ്റ്റർ ‘എവിടെപ്പോയി കിടക്കുവാ...?' എന്ന് തിരുവിതാംകൂർ സ്‌റ്റൈലിൽ ഞാൻ അല്പം നീരസത്തോടെ ചിന്തിക്കാതിരുന്നില്ല.
വയർ കത്തിക്കാളുന്നു, സമയം എട്ടുകഴിഞ്ഞ് ഇരുപതുമിനിറ്റ്. വല്ലാതെ ബോറടിക്കുന്നു. മൊത്തത്തിൽ പറഞ്ഞാൽ ഞാനൊരു ഹൈപ്പർ ടെൻഷൻ രോഗിയുമാണ്. പുറത്ത് മഴ തകർക്കുന്നു. പതിവുസ്വഭാവമനുസരിച്ച് എനിയ്ക്ക് ഒരു വാക്ക്ഔട്ടിന് സമയമായിട്ടുണ്ട്. ബാഗും കുടയുമെടുത്ത് കോണിയിറങ്ങാൻ തുടങ്ങവേ അതാ, നമ്മുടെ പി.കെ.ബി. മുന്നിൽ: ‘‘ഞാൻ അൽപം വൈകിപ്പോയി. വരൂ... നമുക്ക് മുറിയിൽ പോകാം.'' ഒഴിവുകഴിവ് പറഞ്ഞുനോക്കിയെങ്കിലും അദ്ദേഹത്തിന്റെ സ്‌നേഹമസൃണമായ നിർബന്ധംമൂലം തിരിച്ച് പി.കെ.ബിയുടെ മുറിയിലേയ്ക്കുചെന്നു.
‘‘വസുന്ധരാ, തുമി സായ്ബാല പാണി ദിലീ?''
എനിക്ക് വെള്ളം തന്നുവോ എന്ന ഭാര്യയോടുള്ള പി.കെ.ബി.യുടെ ചോദ്യത്തിന് ശിരസ്സിലേക്ക് സാരി ഒന്നുകൂടി വലിച്ചിറക്കി അവർ തലകുലുക്കി.
അതൊരു കല്ലുവെച്ച നുണയാണല്ലോ...! ഞാൻ ഒരക്ഷരം മിണ്ടിയില്ല.
വസുന്ധരയെ പി.കെ.ബി. പരിചയപ്പെട്ടത് ജെറിമെറിയിലെ ഒരു ടെയ്‌ലറിങ് ഫാക്ടറിയിൽ വെച്ചാണ്. അന്ന് ഭാസ്‌കരന് 25 വയസ്സാണ്, വസുന്ധരയ്ക്ക് ഇരുപതും. പരിചയം പതിവുപോലെ പ്രേമത്തിൽ കലാശിച്ചു. ചില്ലറ വീട്ടുവിപ്ലവത്തോടെ ഇരുവരും വിവാഹിതരായി. അന്യഭാഷക്കാരിയെ കല്യാണം കഴിച്ചതിന് അയാളുടെ അച്ഛനും സഹോദരങ്ങളും കുടുംബസ്വത്തിൽ നിന്ന് ഒരു ചില്ലിക്കാശുപോലും നൽകിയില്ല. മഹാരാഷ്ട്രയിലെ പിന്നാക്ക ജില്ലയായ ധുലിയയിൽ നിന്നെത്തിയ വസുന്ധര, രണ്ടാനമ്മയുടെ ഗാർഹികപീഡനം കൊണ്ട് പൊറുതിമുട്ടിയാണ് വീടുവിട്ടത്. അമ്മാവനുമൊത്ത് ബൈക്കുളയിലായിരുന്നു താമസം. കുടുംബത്താൽ തമസ്‌കരിക്കപ്പെട്ട ഭാസ്‌കരനും വസുന്ധരയും വിവാഹിതരാകാൻ പിന്നെന്തുവേണം? അവരുടെ രണ്ടു മക്കളിൽ മകൻ കോർപറേറ്റ് ഓഫീസിലെ ബ്ലൂ കോളർ ജീവനക്കാരനാണ്. പെൺകുട്ടി വിവാഹിതയായി അന്ധേരിയിൽ താമസിക്കുന്നു.
പി.കെ.ബി. കൈയിൽ കരുതിയ ആവോലിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും വസുന്ധരയ്ക്കുനൽകി. പത്രമാസികകളിൽ അച്ചടിച്ചുവന്ന അദ്ദേഹത്തിന്റെ കവിതകളും കഥകളും അടങ്ങിയ ആൽബം എന്നെ കാണിച്ചു. അടുക്കളയിൽ ‘വസുന്ധരാ തായി' മീൻകറി ഉണ്ടാക്കുന്നതിന്റെ മാസ്മരികഗന്ധം മൂക്കിലടിയ്ക്കുന്നു. എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. (ഞാനൊരു തീറ്റിപ്പണ്ടാരമാണ്!) ബയ്ങ്കൺ (വഴുതന) ഫ്രൈ ചെയ്തതും ലിജ്ജത് പപ്പടം കാച്ചിയതും ബഡേക്കർ ലോൺചി (അച്ചാറും) യുമൊക്കെ അവർ ടീപോയിയിൽ നിരത്തി, ഒരു ‘ഉത്തമ പത്‌നി'യുടെ ഭാവഹാദികളോടെ ഭാസ്‌കരന്റെ കസേരയ്ക്കുപുറകിൽ നില കൊണ്ടു. വിഭവസമൃദ്ധമായ ആ ‘ദാവത്ത്' കഴിഞ്ഞ് ഞാനെഴുന്നേറ്റ് പുറത്തിറങ്ങാൻ തയ്യാറായി. അപ്പോൾ പി.കെ. ഭാസ്‌കരൻ ആ സത്യം പറഞ്ഞു: ‘വസുന്ധര ജന്മനാൽ മൂകയാണ്. കേൾവിക്കുറവുമുണ്ട്. അവൾ താങ്കളോട് സംസാരിക്കാത്തതിൽ പരിഭവം തോന്നരുത്.'
അക്ഷരാർഥത്തിൽ ഞാൻ ഞെട്ടിപ്പോയി. അവർ എബ്രോയ്ഡറി വർക്കുകൾ ചെയ്ത് പി.കെ.ബി.യെ കുടുംബചെലവുകളിൽ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാമൂസ് ബേക്കറി - ദ ടേസ്റ്റ് ഓഫ് ധാരാവി!
‘‘സ്വന്തം നാട്ടിൽ പ്രവാചകന്മാർ അവമതിക്കപ്പെടുന്നില്ല'' എന്ന് ബൈബിൾ നമ്മോട് പറയുന്നു. ആ കാരണത്താലാണോ ധാരാവി മക്കൾ ജന്മനാട്ടിൽ നിന്ന് സ്വന്തം വേരറുത്തുപോന്നത് എന്നറിയില്ല. ഏതായാലും അവർക്കിനിയൊരു തിരിച്ചുപോക്കുണ്ടാകില്ല. എന്ന് മനസ്സുപറയുന്നു. ചിലർ ചപ്പുചവറുകൾ പെറുക്കിക്കൂട്ടി ആക്രിക്കച്ചവടക്കാർക്ക് വിറ്റ് ഉപജീവനം നടത്തുന്നു. മറ്റു ചിലരാകട്ടെ ചെറിയ ജോലികൾ ഏർപ്പെട്ട് ജീവിതം നയിക്കുന്നു. അധ്വാനവർഗം നിലനിൽക്കേണ്ടത് മുതലാളിത്തവ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണല്ലോ.
ലഖ്നൗ സ്വദേശിയും അനാഥനുമായ അബ്ദുൾ അസീസ് ഖാൻ എന്ന പത്തുപതിനഞ്ച് വയസ്സുള്ള ബാലൻ കള്ളവണ്ടി കയറിയെത്തിയത് ബോംബെ സെൻട്രലിലാണ്. കടത്തിണ്ണയിൽ കിടന്നുറങ്ങിയ അവനിൽനിന്ന് ആകെയുണ്ടായിരുന്ന 15 രൂപ ആരോ അടിച്ചുമാറ്റി. പയ്യൻ വിശപ്പിന്റെ വിലയറിഞ്ഞുതുടങ്ങി. അലഞ്ഞുതിരിഞ്ഞെത്തിയതോ വരദരാജ മുതലിയാരുടെ വാറ്റുചാരായ വിതരണശൃംഖല കൈകാര്യം ചെയ്തിരുന്ന കുര്യൻ തോമസിന്റെ (കാജാഭായ്) മുമ്പിൽ. മാറാരോഗം ബാധിച്ചവരും പോക്കറ്റടി സൈഡ് ബിസിനസായി നടത്തുന്നവരും, തെരുവുപെണ്ണുങ്ങളും ചാരായം ബൂട്ട് ലെഗ്ഗിങ് നടത്തിക്കൊണ്ടിരുന്നപ്പോൾ ‘അണ്ണാൻകുഞ്ഞും തന്നാലായത്' എന്നുപറയുമ്പോലെ അബ്ദുൾ അസീസ് ചാരായവിതരണശൃംഖലയുടെ കണ്ണിയായി. ആന്റോപ് ഹില്ലിൽ നിന്ന് അഞ്ചുലിറ്റർ കന്നാസിൽ ചാരായം നിറച്ച് അവൻ സി.ജി.എസ്. ക്വാർട്ടേഴ്‌സ് പരിസരത്തുള്ള ‘ചാരായ മോഹി'കൾക്ക് ഗ്ലാസൊന്നിന് രണ്ടുരൂപ വെച്ച് വിൽക്കാനാരംഭിച്ചു. നാലഞ്ചുകൊല്ലം നീണ്ടുനിന്ന ഈ പരിപാടിയ്ക്കിടെ അബ്ദുൾ അസീസ് പൊലീസ് പിടിയിലായി. അവർ പയ്യനെ ബൈക്കൂള ജുവൈനൽ ഹോമിൽ കൊണ്ടാക്കി. അസീസ് അവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തിറങ്ങിയെങ്കിലും അതിനകം വരദാഭായി മരിച്ചിരുന്നു. കാജാഭായിയും ദില്ലു എന്ന വരദാ അണ്ണന്റെ രണ്ടാം നമ്പർ ലഫ്റ്റനന്റും അപ്പോൾ ആർതർ റോഡ് ജയിലിലെ അഴികളെണ്ണുകയായിരുന്നു.
ഉത്തർപ്രദേശിൽ നിന്ന് ജോലി തേടിയെത്തുന്നവരെ കെണിവെച്ചുപിടിച്ച് പാവ് വിതരണക്കാരുടെ ശൃംഖല ഉണ്ടാക്കുകയായിരുന്നു അബ്ദുൾ അസീസ് ഖാൻ ആദ്യം ചെയ്തത്. മാമൂസ് ബേക്കറിയുടെ ബോർമയിൽ ആദ്യമായി ചുട്ട പാവ് ആളിക്കത്തുന്ന തീയിൽ തന്നെ നിക്ഷേപിക്കുക വഴി ആ ബേക്കറിയെ അഗ്‌നിദേവൻ അനുഗ്രഹിച്ചിരിക്കണം!
നിരാശനായ അബ്ദുൾ അസീസ് ഖാൻ കൈയിലുണ്ടായിരുന്ന പണം തട്ടിക്കൂട്ടി രണ്ടും കൽപ്പിച്ച് ഒരു ചെറിയ ബേക്കറി ആരംഭിച്ചു. അന്നയാൾക്ക് ഇരുപതുവയസ്. ബേക്കറി ഉൽപന്നങ്ങൾ തിന്നുമാത്രം പരിചയമുള്ള അസീസിനെ അതിന്റെ എ.ബി.സി. പഠിപ്പിച്ചത് ഒരു ബേക്കറിയിലെ ഹിന്ദു മേസ്ത്രിയാണ്. അങ്ങനെ മാമൂസ് ബേക്കറി സമാരംഭിച്ചു. റൊട്ടിയും പൊട്ടറ്റോ വടയും മഹാനഗരത്തിലെ സാധാരണക്കാരുടെ ആഹാരപദാർഥങ്ങളാണ്. തങ്ങളുടെ തുണിസഞ്ചികളിൽ പാവും ബണ്ണും ഖാരി ബിസ്‌കറ്റുകളും മറ്റുമായി സൈക്കിളിൽ സഞ്ചരിച്ചാണ് പാവ്വാലകൾ വിൽക്കുക. മുംബൈക്കാർ ഉറക്കമുണരുംമുമ്പ് ഇക്കൂട്ടർ കെട്ടിടസമുച്ചയ പരിസരങ്ങളിൽ എത്തിയിരിക്കും, സൈക്കിൾബെൽ മുഴക്കി സാന്നിധ്യമറിയിക്കും. പന്ത്രണ്ട് പാവ് വീതം അടങ്ങിയതാണ് ഒരു ലാദി. ഇവ വടാ പാവ് സെന്ററുകളിലും ഫ്ലാറ്റുകളിലുമായി നിഷ്പ്രയാസം വിറ്റഴിയും. ഗോവക്കാർ തിങ്ങിത്താമസിക്കുന്ന വക്കോള, കലീന, സാന്റാക്രൂസ്, ബാന്ദ്ര തുടങ്ങിയ സ്ഥലങ്ങളിൽ ‘കഠക്' പാവിനാണ് പ്രിയം. യു.പി.ക്കാരായ മുസ്‌ലിം സഹോദരന്മാരാണ് പാവ് വിൽപനക്കാർ. ഇവരുടെ താമസവും ബേക്കറിയുടെ ചുറ്റുവട്ടത്തുതന്നെയായിരിക്കും. ഉത്തർപ്രദേശിൽ നിന്ന് ജോലി തേടിയെത്തുന്നവരെ കെണിവെച്ചുപിടിച്ച് പാവ് വിതരണക്കാരുടെ ശൃംഖല ഉണ്ടാക്കുകയായിരുന്നു അബ്ദുൾ അസീസ് ഖാൻ ആദ്യം ചെയ്തത്. മാമൂസ് ബേക്കറിയുടെ ബോർമയിൽ ആദ്യമായി ചുട്ട പാവ് ആളിക്കത്തുന്ന തീയിൽ തന്നെ നിക്ഷേപിക്കുക വഴി ആ ബേക്കറിയെ അഗ്‌നിദേവൻ അനുഗ്രഹിച്ചിരിക്കണം!
ബേക്കറിയിലെ ജോലിക്കാരികളായി സ്ത്രീകളുമുണ്ട്. അവർക്ക് ദിവസം 80 രൂപയാണ് കൂലി. പുരുഷന്മാർക്ക് 120- 150 രൂപ റേഞ്ചിലും. റമസാൻ, ബക്രീദ് തുടങ്ങിയ ആഘോഷദിനങ്ങളിൽ അബ്ദുൾ അസീസ് ഖാൻ തന്റെ ജോലിക്കാർക്ക് ബിരിയാണി സൽക്കരിക്കാറുണ്ടെത്ര. തികച്ചും അനാരോഗ്യപരമായ ചുറ്റുപാടിലാണ് ധാരാവിയിലെ ബേക്കറികളെല്ലാം പ്രവർത്തിക്കുന്നത്. പാൽഘർ, ധാനു പ്രദേശങ്ങളിൽനിന്ന് കൊണ്ടുവരുന്ന വിറകാണ് പാവും ഖാരിയും (ഉപ്പുബിസ്‌കറ്റ്) ബണ്ണും ബിസ്‌ക്കറ്റും മാവ കേയ്ക്കുകളും മറ്റു ബേക്കറി ഉൽപന്നങ്ങളും ചുട്ടെടുക്കാൻ ഉപയോഗിക്കുക. അടുപ്പിൽ വിറകുന്തുന്നവരെ കണ്ടാൽ കഥകളിയിലെ കത്തിവേഷമിടുന്നവരെപ്പോലെയാണ് തോന്നുക. ഇത്തരം ബേക്കറികളിൽ മൈദ കുഴയ്ക്കുന്നത് കൈകൾ കൊണ്ടല്ല, കാലുകൾ കൊണ്ട് ചവിട്ടിക്കുഴച്ചാണ്. മാമൂസ് ബേക്കറിയുടെ തൊട്ടടുത്തായി മലിനജലം കെട്ടിക്കിടക്കുന്ന ചാലുകൾ കണ്ടു. പൊതുകക്കൂസിൽ നിന്നുയരുന്ന ദുർഗന്ധം ശ്വസിച്ചും കൊതുകുകടി കൊണ്ടും വെറും നിലത്ത് പായ വിരിച്ച് കിടന്നുറങ്ങുന്ന പാവ്വാലകൾ... ഇവർക്ക് ബോണസോ ഇ.എസ്.ഐ. ആനുകൂല്യങ്ങളോ ഒന്നും ലഭിക്കാറില്ല. അവധിയെടുത്താൽ കൂലിയുമില്ല. അവരുടെ ഹാജർ രേഖപ്പെടുത്താറുമില്ല. അതുകൊണ്ടാകണം ഈ അസംഘടിതമേഖലയിൽ പണിയെടുക്കുന്നവർ പലപ്പോഴും മാറിക്കൊണ്ടിരിക്കുന്നത്. ധാരാവിയിൽ കോവിഡ് പിടിമുറുക്കിയപ്പോൾ മാമൂസ് ബേക്കറി പൂട്ടിയതായി മനസ്സിലാക്കുന്നു. ഒരു സുജായിയായ അന്നത്തെ അബ്ദുൾ അസീസ് ഖാന്റെ മുഖം മനസ്സിൽനിന്ന് മാഞ്ഞുപോയിട്ടുണ്ടെങ്കിലും അയാളുടെ കൈയിലണിഞ്ഞ ആ സ്വർണ ബ്രേസ്‌ലെറ്റിന്റെ തിളക്കം എനിയ്ക്കിപ്പോഴും ഓർമയുണ്ട്...!
ചെറുകിട വ്യവസായസ്ഥാപനങ്ങൾക്ക് ഭരണകൂടം ഏർപ്പെടുത്തിയ രജിസ്‌ട്രേഷൻ ഫീ ഒഴികെ മറ്റൊരു ചില്ലിക്കാശുപോലും നികുതി, വാറ്റ്, ജി.എസ്.ടി., സെയിൽസ് ടാക്‌സ് ഇനത്തിൽ ഇത്തരം സ്ഥാപനങ്ങൾ മുറതെറ്റാതെ നൽകുക പതിവില്ലെന്ന് പെരുമാൾ പറയുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥർ അന്വേഷണത്തിനെത്തിയാൽ അവരെ ‘ചായ് പാനി കാ ബന്തവസ്' (ചില്ലറ നൽകി) കാര്യമൊതുക്കുകയാണ് പതിവ്!
ധാരാവിയിൽ ഇപ്പോൾ പൂട്ടിയ നിലയിലുള്ള ‘റിവോളി' തീയേറ്ററിനുസമീപം കൂട്ടിയിട്ടിരിക്കുന്ന ചപ്പുചവറുകൾക്കിടയിൽ എന്തോ തിരയുന്ന രണ്ടു സ്ത്രീകളെ കണ്ടു. അവരിലൊരാൾ ലക്ഷ്മി എന്ന പാപ്പായും രണ്ടാമത്തെ സ്ത്രീ നൂർജഹാനുമാണ്. ലക്ഷ്മി എന്ന് അവൾക്ക് പേരിട്ടത് ഒട്ടും ചേർന്നതായില്ല എന്ന് തോന്നിപ്പോയി. ഈ ലക്ഷ്മിയ്ക്ക് ഒരുനേരം ഭക്ഷണം ലഭിക്കുകതന്നെ പ്രയാസമാണെന്ന് അവരുടെ കോലം വിളിച്ചറിയിച്ചു. ഹൈദരാബാദുകാരി നൂർജഹാൻ ഗോവണ്ടി താമസക്കാരിയാണ്. ഇവർ ചപ്പുചവറുകളിൽ നിന്ന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തിരയുകയാണ്. പാക്ക്ഡ് ഡ്രിങ്കിങ് വാട്ടറിന്റെ ഒഴിഞ്ഞ കുപ്പികൾ മുതൽ പായ്ക്കറ്റ് പാൽ ഉറകളും ഉപയോഗശൂന്യമായ ബോൾപെന്നുകളും പ്ലാസ്റ്റിക് കഷണങ്ങളും പഴയ ന്യൂസ് പേപ്പറുകളും അവർ ശേഖരിച്ചുകൊണ്ടിരുന്നു. ഈ പാഴ്‌വസ്തുക്കൾ പെറുക്കി ചാക്കുകളിൽ നിറച്ച് സൊസൈറ്റി നഗറിലെ ആക്രിക്കച്ചവടക്കാർക്ക് തൂക്കിവിൽക്കുന്നു.
ധാരാവിയിലെ ചെറുകുടിലുകളിൽ 25,000 ഓളം കൊച്ചുകൊച്ചു വ്യവസായശാലകൾ പ്രവർത്തിക്കുന്നുവെന്ന് ഒരു സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ജോലിചെയ്യുന്നു. ധാരാവിയിൽ ഉപയോഗശൂന്യമായ ഒന്നും കണ്ടെത്താനാവില്ല; അവിടെ താമസിക്കുന്ന പാവങ്ങളുടെ ജീവിതമൊഴികെ! പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യുന്ന ഇടങ്ങളിൽ 10,000 മുതൽ 15,000 പേർ വരെ പണിയെടുക്കുന്നു. ഉൽപന്നങ്ങൾ തരംതിരിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പ്ലാസ്റ്റിക് കഷണങ്ങൾ വൃത്തിയാക്കി ക്രഷിങ് മെഷീനിൽ ചതച്ചരച്ച് ഇതരസംസ്ഥാനങ്ങളിലെ പ്ലാസ്റ്റിക് മെൽറ്റിങ് സൗകര്യങ്ങളുള്ള വ്യവസായശാലകളിൽ വിൽക്കുന്നു. സേഫ്റ്റി ആൻഡ് ഹെൽത്ത് റെഗുലേഷൻ നിയമം കർക്കശമാക്കിയതിനാൽ ധാരാവിയിൽ പ്ലാസ്റ്റിക് മെൽറ്റിങ് യൂണിറ്റുകളില്ല എന്ന് ഈ അന്വേഷണത്തിൽ വെളിപ്പെട്ടു.
നിങ്ങൾക്കുമാകാം ഒരു ഫാക്ടറി ഉടമ!
വർണങ്ങൾ എപ്പോഴും മനുഷ്യമനസ്സുകളെ ആഹ്ലാദഭരിതരാക്കുന്നു. മാർക്കറ്റിലെത്തുന്ന ഇൻഡിഗോ പെയിൻറ് ഫ്ലാറ്റിന്റെ അകത്തും പുറത്തും പൂശിയതിനെക്കുറിച്ച് ഒരു കഴുതയും ക്രിക്കറ്റ് താരം ധോണിയും തർക്കത്തിലേർപ്പെടുന്ന ടി.വി. കമേഴ്‌സ്യൽ ഒരുവിധം ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. ബ്രിട്ടീഷ് പെയിൻറ്, നെറോലാക്, ഏഷ്യൻ പെയിൻറ്, റെയ്ൻബോ പെയിൻറ് തുടങ്ങിയവ നിറയ്ക്കുന്ന ടിന്നുകൾ മെറ്റൽ റീസൈക്കിളിങ്ങിന് ധാരാവിയിലെത്തുന്നു. ലക്ഷ്മിയെയും നൂർജഹാനെയും പോലുള്ളവർ ആക്രിക്കച്ചവടക്കാർക്കു വിൽക്കുന്ന ഒഴിഞ്ഞ പെയിൻറ് ടിന്നുകൾ അവയുടെ പുറത്തുള്ള നിറം കെമിക്കൽ പ്രോസസിങ്ങിലൂടെ നീക്കി പെയിൻറ് കമ്പനികൾക്കുതന്നെ വിൽക്കാൻ സഹായിക്കുന്ന ദല്ലാൾമാർ ധാരാവിയിലുണ്ട്. ജോപ്ഡകളിൽ താമസിക്കുന്ന ‘ടാനറി' ഉടമസ്ഥരെ ‘സ്ലം ഡോഗ് മില്യണേഴ്‌സ്'എന്ന് പെരുമാൾ വിശേഷിപ്പിക്കുന്നു. തുകൽ ഈറയ്ക്കിടുന്ന ബിസിനസിലേർപ്പെടുന്നവരുടെ പ്രതിവർഷ ടേൺഓവർ ഒരു ബില്യൺ ഡോളറാണെന്ന് ന്യൂയോർക്ക് ടൈംസിലെ ഒരു വാർത്താക്കുറിപ്പിൽ കണ്ടുവെന്ന് പെരുമാൾ വെളിപ്പെടുത്തി.
സെൻട്രൽ റെയിൽവേയിൽ താനേ കഴിഞ്ഞാൽ കൽവ അടുത്ത സ്റ്റേഷനാണ്. അവിടെയുള്ള മുകുന്ദ് അയേൺ ആൻഡ് സ്റ്റീൽസ് ലിമിറ്റഡ് സ്റ്റീൽബാറുകളും വ്യവസായങ്ങൾക്കുള്ള ഇരുമ്പും മറ്റും ഉണ്ടാക്കുന്ന പടുകൂറ്റൻ കമ്പനിയാണ്. എന്നാൽ ധാരാവിയിലും ഒരു മുകുന്ദ് ഉദ്യോഗ് കാണാം. ഏകദേശം 150 ചതുരശ്ര അടി മാത്രം വിസ്തീർണമുള്ള രാം രത്തന്റെ ഒറ്റമുറി ബക്കിൾ നിർമാണ ഫാക്ടറിയിൽ എപ്പോഴും പുക നിറഞ്ഞിട്ടുണ്ടാകും. മുകുന്ദ് സ്റ്റീൽ കമ്പനിയിലെ തൊഴിലാളിയായിരുന്ന രാം രത്തൻ എന്ന ഈ അഭിനവ മുതലാളിയ്ക്ക് ഇപ്പോൾ അറുപതു വയസ്സിനുമുകളിൽ പ്രായമുണ്ട്. അദ്ദേഹം ആദ്യം പരീക്ഷണാടിസ്ഥാനത്തിലാണ് ബെൽറ്റ് ധരിക്കുന്നതിന് ആവശ്യമായ ബക്കിളുകളുടെ നിർമാണം ആരംഭിച്ചത്. റെയ്മണ്ട്, വി.ഐ.പി., അരിസ്റ്റോക്രാറ്റ് തുടങ്ങിയ വമ്പൻ കമ്പനികളുടെ ബക്കിളുകൾ രാം രത്തേന്റതുപോലുള്ള കൊച്ചു ഒറ്റമുറി വ്യവസായശാലയിൽ നിർമിച്ച് അവരുടെ മുദ്രചാർത്തിയാണ് മാർക്കറ്റിലെത്തുക. പുക ശ്വസിച്ച് ശ്വാസകോശരോഗം വന്ന് മരിക്കാൻ തയ്യാറുള്ള രണ്ടുമൂന്നു തൊഴിലാളികളും കത്തിക്കാനായി വിറകുകരിയും ഒരു ചെറിയ സ്ഥലവുമുണ്ടെങ്കിൽ നിങ്ങൾക്കുമാകാം, ഒരു ബക്കിൾ ഫാക്ടറി ഉടമ!
ഇന്ത്യയുടെ എല്ലാ രംഗങ്ങളിലും കോർപറേറ്റുകൾ കൈകടത്തിയതോടെ മഹാനഗരത്തിലെ വൈദ്യുതി വിതരണം റിലയൻസിന്റെ കയ്യിലായി. മാത്രമല്ല, നിരക്ക് ഗണ്യമായ തോതിൽ അവർ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്
‘‘ലക്ഷക്കണക്കിനുപേർ തിങ്ങിത്താമസിക്കുന്ന ധാരാവി രാഷ്ട്രീയക്കാർക്ക് ഒരു വോട്ടുബാങ്ക് മാത്രമാണ്. തെരഞ്ഞെടുപ്പ് വരുമ്പോൾ ‘സുന്ദര മോഹന വാഗ്ദാന'ങ്ങളുമായി അവർ ജനങ്ങളെ സമീപിക്കുന്നു. പണം പിരിക്കുന്നതിൽ ഞങ്ങളെ ഒരിക്കലും അവർ ഒഴിവാക്കാറില്ല.''
ഘൻശ്യാം എന്ന ഒരു തുകൽ ഉൽപന്ന നിർമാതാവ് അൽപം കളിയാക്കിപ്പറഞ്ഞു: ‘‘പശു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് ധാരാവിയിൽ ടാനറികളുടെ എണ്ണം ധാരാളമായിരുന്നു. എന്നാൽ കശാപ്പുശാലകൾ ചെമ്പൂരിനുസമീപമുള്ള ദേവ്‌നഗറിലേക്ക് മാറ്റിയപ്പോൾ ഞങ്ങളെപ്പോലുള്ളവരുടെ പണിശാലകളിൽ പലതും അവിടേയ്ക്ക് പറിച്ചുനട്ടു. തൊഴിലാളികൾ ഗോവണ്ടി, ചീതാക്യാമ്പ് ഭാഗത്തേയ്ക്കും താമസം മാറ്റിയിട്ടുണ്ട്. ഗ്രേറ്റർ മുംബൈയിൽ വൈദ്യുതി വിതരണം ബി.ഇ.എസ്.റ്റി.യാണ് നൽകിയിരുന്നത്. കറൻറ് കട്ട് അന്നു കാര്യമായി മഹാനഗരത്തിൽ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ എല്ലാ രംഗങ്ങളിലും കോർപറേറ്റുകൾ കൈകടത്തിയതോടെ മഹാനഗരത്തിലെ വൈദ്യുതി വിതരണം റിലയൻസിന്റെ കയ്യിലായി. മാത്രമല്ല, നിരക്ക് ഗണ്യമായ തോതിൽ അവർ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്''.
550 ഏക്കറിലധികം പരന്നുകിടക്കുന്ന ധാരാവിയിൽ 30,000 ചെറുകിട ഫാക്ടറികളിൽ തുകൽ ഉൽപന്നങ്ങൾ മുതൽ കയറ്റുമതിയ്ക്കായുള്ള വസ്ത്രങ്ങളും സേഫ്റ്റി പിൻ തൊട്ട് ബോൾപോയിൻറ് പേനകൾ ഉൾപ്പെടെയുള്ളവ നിർമിക്കപ്പെടുന്നുണ്ട്. വിദഗ്ധ ജോലിക്കാർക്ക് പ്രതിദിനം 1300 രൂപയും അല്ലാത്തവർക്ക് 250 - 300 രൂപയുമാണ് കൂലി എന്നും ഈ അന്വേഷണത്തിൽ വെളിപ്പെട്ടു.
അത്ത മാജി സഠക്‌ലി!
പൊങ്കൽവീട്ടിലെ താമസവും ധാരാവി ഗലികളിലൂടെ നിത്യേനയുള്ള കറക്കവും രാം രത്തനെപ്പോലുള്ള ഒറ്റമുറി ഫാക്ടറി ഉടമകളുമായുള്ള സംസർഗവും എന്നെയും ഒരു എൻട്രപ്രണറാകാൻ പ്രേരിപ്പിച്ചു. സയൺ- ധാരാവി റോഡിലെ സിന്തോ സോപ്പുപൊടി നിർമാണശാലയിലാണ് ആ അന്വേഷണം ചെന്നെത്തിയത്. രാസവസ്തുക്കളുടെ മനംമടുപ്പിക്കുന്ന രൂക്ഷഗന്ധമുള്ള സോപ്പ് ഫാക്ടറിയിൽ ഒരു സ്ത്രീ പ്ലാസ്റ്റിക് കവറിൽ സോപ്പുപൊടി നിറച്ച് അതിന്റെ തൂക്കം നോക്കുന്നുണ്ട്. ഫാക്ടറി ഉടമ അബ്ദുൾ ഹുസൈൻ എന്നെ സുസ്വാഗതം ചെയ്ത് വക്കൊടിഞ്ഞ പ്ലാസ്റ്റിക് കസേരയിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു. സിന്തോ സോപ്പുപൊടി പായ്ക്കറ്റ് ഒന്നിന് ഏഴുരൂപയാണ് റീട്ടെയിൽ വിലയെന്ന് അയാൾ പറഞ്ഞു. എനിയ്ക്ക് അഞ്ചുരൂപയ്ക്ക് തരാമെന്നും സ്വന്തം ലോഗോ (മോണോഗ്രാം എന്നാണ് അയാളുടെ വാക്ക്) വേണമെങ്കിൽ മാർക്കറ്റിങ്ങിനായി ഉപയോഗിക്കാമെന്നും അയാൾ കൂട്ടിച്ചേർത്തു. അതായത്, കുത്തക സോപ്പുപൊടി നിർമാണ കമ്പനികളുടെ ലോഗോ വ്യാജമായി ഉപയോഗിച്ച പായ്ക്കറ്റിലും സിന്തോ നിറയ്ക്കാമെന്ന് സാരം.
പരീക്ഷണത്തിന് 50 പായ്ക്കറ്റ് സോപ്പുപൊടി ഞാൻ വാങ്ങി. പരിചയക്കാരായ ചില സ്ത്രീകളെ കണ്ടെത്തി ഉൽപന്നത്തിന്റെ വിവരണവും വിതരണവും സമാരംഭിച്ചു. സെക്രട്ടറിയേറ്റ്, മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് തുടങ്ങിയ ഓഫീസുകളിലെ ചില സ്‌നേഹിതർക്കിടയിലും സിന്തോ സോപ്പുപൊടി നൽകി. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥിയെപ്പോലെയുള്ള അവസ്ഥ. നിർമ വാഷിങ് പൗഡർ കമ്പനി ചെറിയൊരു സംരംഭമായി ആരംഭിച്ചതാണല്ലോ. ‘സ്‌മോൾ ഈസ് ബ്യൂട്ടിഫുൾ' എന്ന് നമുക്കറിയാം. ഒരാഴ്ചയ്ക്കുശേഷം വിൽപനയുടെ ഫീഡ്ബാക്ക് അറിയാനും പണം പിരിക്കാനും ഞാൻ ഉപഭോക്താക്കളെ സമീപിച്ചു.
‘‘അരേ ജോസ് ഭായി, മേരാ ഹാത് മേ ജലൻ ഹോ രഹാഹെ''- എന്റെ കൈ നീറുന്നു എന്ന ആദ്യ തെറി മിസിസ് ഹൽഡങ്കറിൽ നിന്നുകേട്ടു.
‘‘ഹയ്യോ, കൈയിലെ തൊലി മുഴുവൻ ഇളകിപ്പോയല്ലോ ഫഗവാനെ'' എന്നാണ് കൊല്ലം സ്വദേശിനിയായ മലയാളി പരിചയക്കാരിയുടെ പരാതി.
‘‘തുംകോ ദൂസരാ കുച്ച് കാം ദന്താ നഹി ... ബഡാ ആയാ ബിസിനസ് വാലാ... ആയ്‌ല''
‘‘നിനക്ക് വേറെ പണിയൊന്നുമില്ലേ ചേട്ടാ'' എന്നാണ് കാംവാലി ശാന്താഭായി പച്ചയോടെ കാച്ചിയത്. അതോടെ ഹിന്ദുസ്ഥാൻ ലിവർ സോപ്പ് നിർമാണ വ്യവസായം പോലൊന്ന് വിഭാവനം ചെയ്ത എന്റെ മനസ്സ് ചത്തുമരവിച്ചു. അമ്പത് പായ്ക്കറ്റ് സോപ്പുപൊടി വിതരണം ചെയ്ത വകയിൽ എനിക്ക് പതിനൊന്നുപേർ പണം നൽകി. കൈയിൽ കിട്ടിയ പത്തെഴുപത് രൂപയുമായി സയൺ ചർച്ചിന് സമീപമുള്ള ‘മദ്രാസ് ലഞ്ച് ഹോമിൽ' കയറി രണ്ട് ബോട്ടിൽ ലണ്ടൻ പിൽസ്ണർ ബീറും (ബോട്ടിലൊന്നിന് രൂപ ആറുമാത്രം) ബാംഗ്ഡ കറിയും (അയല) റോട്ടിയും അടിച്ച് സോപ്പുവിൽപന കലാപരിപാടിയ്ക്ക് ഫുൾസ്റ്റോപ്പിട്ടു.
‘സിങ്കം' എന്ന ഹിന്ദി സിനിമയിൽ അജയ് ദേവ്ഗൺ ഒരു വില്ലൻ കഥാപാത്രത്തോട് ‘‘നിങ്ങളുടെ ഇടപാടുകൾ മൂലം എന്റെ തല പെരുക്കുന്നു'' എന്ന ഡയലോഗ് ഇടയ്ക്കിടെ അടിച്ചുകസറുന്നുണ്ട്. അത് തൽക്കാലം ഞാനൊന്നുമാറ്റി, ‘‘അത്ത മാജി ഡോക് ശാന്ത് ജാല'' എന്നാക്കി. ഗുജറാത്തിയിൽ പറഞ്ഞാൽ ‘‘ബദ്ദാ സാരു ചേ'' - ഇപ്പോൾ എല്ലാം ശരിയായി.
ഇപ്പോൾ കിട്ടിയത്
മഹാരാഷ്ട്ര ഗവൺമെൻറിന്റെ അനാസ്ഥ മൂലം കോവിഡ് മഹാനഗരത്തിൽ ആഞ്ഞടിച്ചത് മറക്കാനാകില്ല. ധാരാവിയിലും സമീപ പ്രദേശങ്ങളിലുമാണ് വ്യാപനം രൂക്ഷമായത്. ബോംബെയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ. അനിൽ പാട്ടീൽ; സാനിറ്റൈസർ, മാസ്ക്, മരുന്ന്, തുടങ്ങിയവയുടെ നിർമാണ കമ്പനികൾ പടച്ചുവിട്ട കഥകൾമാത്രമാണ് കൊറോണ എന്ന പ്രസ്താവന യു ട്യൂബിലൂടെ കാച്ചിവിട്ടു. അതോടെ പലരും സോഷ്യൽ ഡിസ്റ്റൻസിങ്ങും മാസ്ക് ധരിക്കലും ഉപേക്ഷിച്ചു. മഞ്ഞൾ വെള്ളം, ഗോമൂത്രം എന്നിവ ഇടയ്ക്കിടെ കുടിക്കുകയും ചാണകം ശരീരത്തിൽ തേച്ചുപിടിപ്പിക്കുകയും ചെയ്യുക വഴി കൊറോണ പമ്പ കടക്കുമെന്നുവരെ ഡോ. പാട്ടീൽ പറഞ്ഞു കളഞ്ഞു. എന്നാൽ, ആരോഗ്യപ്രവർത്തകർ കിണഞ്ഞുപരിശ്രമിച്ച് വാക്‌സിനേഷന്റെ ഗുണവശങ്ങൾ ധാരാവിയിലെ ജനങ്ങളെ ബോധ്യപ്പെടുത്തി. അതോടെ കോവിഡ് തീവ്ര വ്യാപനം മഹാനഗരത്തിൽ ഒരു പരിധിവരെ നിയന്ത്രിക്കാനായി.
കോവിഡിന്റെ ‘കേസുകെട്ടുകൾ' ബോംബെയിൽ വൻതോതിൽ കുറഞ്ഞപ്പോൾ നാടുവിട്ടുപോയ ഭൂരിഭാഗം തൊഴിലാളികളും തിരികെയെത്തി. എന്നാൽ, ഒമിക്രോൺ കേസുകൾ ധാരാവിയിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ലെതർ ഷൂ നിർമിക്കുന്ന യു.പി വാല അഹമ്മദ് മിയയ്ക്ക് ആഴ്ചതോറും ആറായിരം രൂപ സമ്പാദിക്കാനാകുമായിരുന്നെങ്കിലും കഴിഞ്ഞ രണ്ടു മൂന്ന് ആഴ്ചകളായി അയാളുടെ വരുമാനം കുത്തനെ കുറഞ്ഞ് 1000-1500 ൽ എത്തി നിൽക്കുന്നുവെന്ന് ഒരു ടി.വി. അഭിമുഖത്തിൽ കണ്ടു. ഒരു ജോടി ഷൂ നന്നാക്കുമ്പോൾ 45 രൂപയോളം കൈയ്യിൽ കിട്ടുന്ന അൻസാരി എന്ന ചെരുപ്പുകുത്തിക്ക് ഇപ്പോൾ വട്ടപ്പൂജ്യമാണ് വരുമാനം.
‘കോവിഡ് സെ ബച് കെ രഹ്നാ ഹെ' എന്നു പറഞ്ഞ് തൽക്കാലം അവസാനി ക്കുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.