ജി. എന്‍ സായിബാബ

പ്രൊഫസര്‍ ജി.എന്‍. സായിബാബ കുറ്റവിമുക്തന്‍

Think

മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസില്‍ ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസര്‍ ജി. എന്‍ സായിബാബയെ വെറുതെവിട്ടു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാല്മീകി എസ്. മെനെസെസ് എന്നിവരുടേതാണ് വിധി. കഴിഞ്ഞ സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയായ കേസ് വിധി പറയാന്‍മാറ്റിവെച്ചതായിരുന്നു. സായിബാബയെ കൂടാതെ മഹേഷ് ടിർക്കി, ഹേം മിശ്ര, പ്രശാന്ത് റാഹി, വിജയ് ടിർക്കി എന്നിവരെയാണ് കുറ്റമുക്തമാക്കിക്കൊണ്ടാണ് വിധി.

2022 ല്‍ സായിബാബയെ ബോംബെ ഹൈക്കോടതി കേസില്‍ കുറ്റവിമുക്തനാക്കിയിരുന്നു. കീഴ്‌കോടതി വിചാരണയിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. സായിബാബക്കെതിരെ അധികൃതരുടെ അനുമതി ലഭിക്കും മുമ്പേ യു.എ.പി.എ ചുമത്തി വിചാരണ തുടങ്ങിയത് നിയമവിരുദ്ധമാണെന്നാണ് 2022 ല്‍ വിധി പറഞ്ഞ ബെഞ്ച് കണ്ടെത്തിയത്.

എന്നാല്‍ വിധി വന്ന ദിവസം തന്നെ സുപ്രീം കോടതിയെ സമീപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ വിധി മരവിപ്പിക്കുകയായിരുന്നു. കേസിന്റെ യോഗ്യത പരിഗണിക്കാതെ സാങ്കേതികത മാത്രമാണ് പരിഗണിച്ചതെന്ന് പറഞ്ഞാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്ന് സുപ്രീംകോടതിയില്‍ അപ്പീല്‍നല്‍കിയത്. അന്ന് രാത്രി പ്രത്യേക സിറ്റിങ് നടത്തിയാണ് സുപ്രീംകോടതി വിധി മരവിപ്പിച്ചത്. പിന്നീട് സുപ്രീംകോടതി നിര്‍ദേശപ്രകാരം നിലവിലെ ബെഞ്ച് പുതുതായി വാദം കേള്‍ ക്കുകയായിരുന്നു.

റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ നടത്തിയ പ്രവർത്തനങ്ങളുടെയും പ്രസംഗങ്ങളുടെയും പേരിൽ 2014ലായിരുന്നു സായിബാബയെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധമുള്ള സംഘടനയാണ് ഇതെന്നായിരുന്നു ആരോപണം. ലഘുലേഖകളും, ഇലക്ട്രോണിക് തെളിവുകളുമാണ് സായിബാബയ്‌ക്കെതിരെ പോലീസ് ഹാജരാക്കിയത്.

മഹേഷ് ടിർക്കി, ഹേം മിശ്ര, പ്രശാന്ത് റാഹി, വിജയ് ടിർക്കി (10 വർഷം തടവ്), ജി.എൻ. സായിബാബ എന്നിവരായിരുന്നു ശിക്ഷിക്കപ്പെട്ടവർ. രണ്ടാം പ്രതി നരോട്ടെ 2022 ഓഗസ്റ്റില്‍ രോഗബാധിതനായി ജയിലിൽ മരണപ്പെട്ടിരുന്നു

Comments