പരമ്പരാഗത വരയിൽ ഏർപ്പെട്ടിരിക്കുന്ന വരലി കലാകാരൻ

ജീവിതത്തിൽനിന്ന്​ വിപണിയിലേക്ക്​
​നേർരേഖ വരയ്​ക്കാത്ത വരലി

പ്രകൃതിയുടെ പ്രവചനാതീതമായ മാറ്റങ്ങൾക്കൊത്ത് അനിശ്ചിതാവസ്ഥയിൽ കഴിയുന്ന ഒരു ഗിരിവർഗ സമൂഹം ജീവിതത്തെ ജ്യാമിതീയ രൂപങ്ങളുടെ കാൻവാസിലേക്ക്​ പരിവർത്തിപ്പിച്ച കഥ.

ചിത്രകലയോടും കാർട്ടൂണിങ്ങിനോടും എനിക്ക് പ്രണയം തന്നെയായിരുന്നു. കോളേജ് മാഗസിനുകളിലും ഞങ്ങൾ വിദ്യാർഥികൾ നടത്തിപ്പോന്ന "തരംഗം' ചുമർപത്രങ്ങളിലും കൂടാതെ കുങ്കുമം, മലയാളനാട്, യേശുദാസന്റെ ‘അസാധു', വെട്ടൂർ രാമൻനായരുടെ പാക്കനാർ, ശങ്കേഴ്‌സ് വീക്കിലി, കാരവൻ, ഹോം ലൈഫ്, ചോ. രാമസ്വാമിയുടെ പിക്​നിക്​ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ഞാൻ ധാരാളമായി വരച്ചിരുന്ന കാലമുണ്ടായിരുന്നു.
ഇതൊരു പഴയ കഥയാണ്.
ശ്രീ കേരളവർമയിലെ സുഹൃത്തുക്കളും സഹപാഠികളും നിർബന്ധിച്ച് സ്റ്റുഡൻറ്സ്​എഡിറ്റർ സ്ഥാനത്തേക്ക് എന്നെ മത്സരിപ്പിച്ചെങ്കിലും കേവലം പന്ത്രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എതിർ സ്ഥാനാർഥി വിജയം നേടി. എന്നാൽ തൊട്ടടുത്ത വർഷങ്ങളിൽ ഇടതുപക്ഷ പ്രസ്ഥാനത്തിലെ വിദ്യാർഥികൾ ജയിച്ചുകയറിയതിന്റെ ഒരു നാന്ദിയായി എന്റെ തോൽവിയെ കണക്കാക്കാമെന്ന് തോന്നുന്നു.

കഫേ സമോവറിന്റെ കഥ

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് നാടുവിടാൻ നിർബന്ധിതനായ എനിക്ക് ബോംബെയിൽ ജ്യേഷ്ഠ സഹോദരി ബേബി അഭയം നൽകി. ബന്ധുക്കളെയും പരിചയക്കാരെയും ‘ഒരു മുഴം അകറ്റി' നിർത്തിയിരുന്ന മലയാളികളുടെ പൊതുസ്വഭാവത്തിന് വിഭിന്നമായി ബേബിയും കുടുംബവും എന്റെ സംരക്ഷണം ഏറ്റെടുത്തു എന്നത് മറക്കാവതല്ല. ജോലി അന്വേഷണത്തിന്റെ ഭാഗമായി ബോംബെ തെരുവിലൂടെ അലഞ്ഞ് പലപ്പോഴും എത്തിച്ചേരാറ്​ മഹാത്മാഗാന്ധി റോഡിലെ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ. അവിടെ ദിവസവും ആർട്ട് എക്‌സിബിഷനുകളും ഫോട്ടോഗ്രാഫി പ്രദർശനങ്ങളും അരങ്ങേറും. സി.എച്ച്. ആര, ഹെബ്ബർ, സർവോപരി എം.എഫ്. ഹുസൈൻ തുടങ്ങിയവരുടെ ചിത്രപ്രദർശനങ്ങൾ ഞാനവിടെ കണ്ടു. ഗൗതം രാജാധ്യക്ഷ, ഫാറൂഖ് ഷാ എന്നീ പ്രശസ്ത ഫോട്ടോഗ്രാഫർമാരുടെയും ഇപ്പോൾ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെയുടെയും ഫോട്ടോ എക്‌സിബിഷനുകൾ ജഹാംഗീർ ആർട്ട് ഗാലറിയിൽ കണ്ടിട്ടുണ്ട്​.

കഫേ സമോവർ
കഫേ സമോവർ

ഗാലറിയുടെ പാർശ്വഭാഗത്ത് സ്ഥിതിചെയ്തിരുന്ന കഫേ സമോവർ പൂട്ടി അഞ്ചാറു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഹിന്ദി സിനിമാ സംഗീത സംവിധായിക ഉഷാ ഖന്ന അമ്പതു വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ കഫേ സമോവർ ‘നീ മധുപകരൂ, മലർ ചൊരിയൂ, നീലനിലാവൊളിയെ' എന്ന അവരുടെ ശ്രുതിമധുരമായ മലയാളഗാനം പോലെ കുറെ നല്ല, മധുരിക്കുന്ന ഓർമകൾ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അക്കാലത്ത് രണ്ടുപേർക്ക് കുടിയ്ക്കാവുന്ന ‘കെറ്റിൽ ചായ'യ്ക്ക് അഞ്ചുരൂപ മാത്രമായിരുന്നു വില. ചൈനീസ് ക്രോക്കറികളിൽ പാലും ‘ടീ ബാഗും' ചേർത്ത് മധുരത്തിനുള്ള ഷുഗർ ക്യൂബുകളുമായാണ് സമോവറിലെ തലപ്പാവു വെച്ച ബെയറർ നിങ്ങളെ സൽകരിക്കുക. ജീവിതത്തിൽ ആദ്യമായാണ് ടീ ബാഗ്, ഷുഗർ ക്യൂബ് പരിപാടികൾ നേരിൽ കാണുന്നത്. തണുപ്പിച്ച ലണ്ടൻ പിൽസ്​നർ ബീർ ബോട്ടിൽ ഒന്നിന് പത്തുരൂപയായിരുന്നു അന്ന് സമോവർ ചുമത്തിയിരുന്നത്. ഉപദംശങ്ങളായ റോസ്റ്റ് ചെയ്ത കശുവണ്ടിയും പൊട്ടറ്റോ ചിപ്‌സും അല്പം അധികം വില നൽകി വാങ്ങാം. ബുദ്ധിജീവികളുടെയും നാടക - സിനിമ പ്രവർത്തകരുടെയും നടീനടന്മാരുടെയും സംവിധായകരുടെയും പ്രധാന കേന്ദ്രമായിരുന്നു കഫേ സമോവർ. അതിന്റെ ചുമരിൽ ഹുസൈൻ സാഹബിന്റെ പ്രശസ്ത ‘ഹോഴ്‌സ് സീരീസ്’ പെയ്ന്റിങ്ങുകൾക്കൊപ്പം സി.എച്ച്. ആരെയുടെ ജലച്ചായാചിത്രങ്ങളും കെ.കെ. ഹെബ്ബറിന്റെ പ്രശസ്തമായ ‘കോഴിപ്പോര്’ എന്ന പെയ്ന്റിങ്ങും ഉണ്ടായിരുന്നു. കഫേ സമോവറിലെ ഷാന്റിലിയർ വെളിച്ചത്തിൽ ഒരു പ്രത്യേക ആമ്പിയൻസ് തന്നെ നിങ്ങൾക്കവിടെ അനുഭവപ്പെടും.

വസയ് ഈസ്റ്റിലെ ഗോഖിവാര കുന്നുകളും ഇടിച്ചുനിരത്തി പാർപ്പിട സമുച്ചയങ്ങളും ബംഗ്ലാവുകളും ഉയർന്നുവന്നിട്ടുണ്ട്. മഹാനഗരത്തിൽ സൂചി കുത്താൻ പോലും സ്ഥലമില്ലാതിരിക്കെ നഗരവാസികൾ വിലക്കുറവുള്ള സ്ഥലങ്ങളിലേക്ക് താമസം മാറിക്കൊണ്ടിരിക്കുകയാണ്.

സംവിധായകൻ ബസു ചാറ്റർജി, ആഡ് ഗുരു അലിക് പദംസി, പേൾ പദംസി, ആനന്ദ് പട്​വർധൻ, ജബ്ബാർ പട്ടേൽ തുടങ്ങിയവർ ഈ കഫേയിലെ നിത്യ സന്ദർശകരായിരുന്നു. പ്രസിദ്ധ ഹിന്ദി സിനിമ ‘ചോട്ടീ സീ ബാത്തി' ലൂടെ ശ്രദ്ധേയനായ ആദ്യകാല നാടക നടനും ബാങ്ക് ഓഫ് ഇന്ത്യയിലെ ഓഫീസറുമായ അമോൽ പാലേക്കറെ ബസു ചാറ്റർജി കണ്ടുമുട്ടിയത് കഫേ സമോവറിൽ വെച്ചാണ്. തുടർന്ന് തന്റെ ‘ചോട്ടീ സീ ബാത്' ചിത്രീകരിച്ചതും ഇവിടെവെച്ചുതന്നെ. പ്രസിദ്ധ പത്രപ്രവർത്തകൻ ബിസിബി റൗണ്ട് ആൻറ്​ എബൗട്ട് കോളം കഫേ സമോവറിൽ വെച്ചാണ് അദ്ദേഹം എഴുതാറുള്ളത്. ബെഹറം കോൺട്രാക്ടറുടെ തൂലിക നാമമാണ് ബിസിബി.

​ഉൾട്ട ചശ്മാ!

കഫേ സമോവറിന്റെ പ്രധാന ഹാളിൽ ഒരു ചിത്രപ്രദർശനം അരങ്ങേറിയ ദിവസം. അതിന്റെ ഒരു പ്രത്യേക അനുഭവം പങ്കുവെയ്ക്കട്ടെ. സുഹൃത്തായ ഒരു ചിത്രകാരനെ കാണാൻ കഫേ സമോവറിൽ പോയതായിരുന്നു. ചായ കുടിക്കുന്നതിനിടെ അടുത്ത മേശയ്ക്കുചുറ്റും കൂടിയിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന നാൽവർ പെൺസംഘത്തിന്റെ സംസാരം ശ്രദ്ധയിൽ പെട്ടു. ‘ഇംപ്രഷനിസം', ‘എക്‌സ്​പ്രഷനിസം’ തുടങ്ങിയ കഠിനപദങ്ങൾ ഇടതടവില്ലാതെ അവർ ആവർത്തിക്കുന്നുണ്ടായിരുന്നു, മലയാളികളാണ്. കേരളത്തിൽ നിന്നുവന്ന അവർ ആർട്ട് ഗാലറിയിൽ ചിത്രകലാപ്രദർശനം സംഘടിപ്പിച്ചിട്ടുണ്ടെന്നു മനസ്സിലായി. ചായ കുടിക്കുന്നതിനിടയിൽ അങ്ങോട്ടുമിങ്ങോട്ടും നോക്കി സമയം കൊല്ലുന്ന, കറുത്ത വെൽവെറ്റ് ജാക്കറ്റും ഗാർഡൻ വരേലിയുടെ മെറൂൺ സാരിയുമുടുത്ത കറുത്ത ​ഫ്രെയ്​മുള്ള കണ്ണട വെച്ച ഒരു വീട്ടമ്മ എഴുന്നേൽക്കുന്നതിനിടയിൽ പറയുന്നതു കേട്ടു, ‘ഒക്കെ ഗംഭീരമായി. പക്ഷേ എനിക്കൊന്നും മനസ്സിലായില്ല!' സംഗതി ശുഭം!

ഛോട്ടീ സീ ബാത്ത് സിനിമയിൽ കഫേ സമോവറിൽ നിന്ന് ചിത്രീകരിച്ച രംഗം  ​
ഛോട്ടീ സീ ബാത്ത് സിനിമയിൽ കഫേ സമോവറിൽ നിന്ന് ചിത്രീകരിച്ച രംഗം ​

മെഹ്നത്ത് കാ ഫൽ മീഠാ ഹോത്താ ഹെ (അദ്ധ്വാനത്തിന്റെ ഫലം മധുരമുള്ളതാണ്) എന്ന ഈ ചൊല്ല് ഒന്നുകൂടെ അർത്ഥവത്താക്കുന്നതാണ് എന്റെ അനുഭവം. നിരന്തര അന്വേഷണത്തിന്റെ അന്ത്യമെന്നോണം എനിയ്ക്ക് വിലേ പാർലെയിലെ ഒരു അഡ്വർടൈസിങ്ങ് ഏജൻസിയിൽ ജോലി ലഭിച്ചു. പരസ്യകലയും ചിത്രകലയും അനുബന്ധ സർഗാത്മക വ്യാപാരവും സമന്വയിപ്പിച്ചുകൊണ്ടുള്ള ആ ഏജൻസിയിലെ ജോലി ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി. ജോലിയുടെ ഭാഗമായി എനിക്ക് പലപ്പോഴും താനെ ജില്ലയിലെ ധാനുവിലേക്ക് യാത്രപോകേണ്ടതുണ്ടായിരുന്നു.

അന്നു വൈകീട്ട് 6 മണി. മുംബൈ സെൻട്രലിൽ വത്സാഡ് എക്‌സ്​പ്രസ്​പ്‌ളാറ്റ്‌ഫോമിൽ വന്നുനിന്നു കിതച്ചു. ചില കംപാർട്ടുമെന്റുകളിൽ അപ്പർഡെക്കുള്ള ആ വണ്ടിയിൽ യാത്രചെയ്യുന്നവരധികവും ‘പാസ്വാല'കൾ. (സീസൺ ടിക്കറ്റുള്ളവർ.) ഇരമ്പിക്കയറിയ ജനം സെക്കന്റുകൾകൊണ്ട് ഇരിപ്പിടം കൈയേറിക്കഴിഞ്ഞിരുന്നു. അല്പനേരം കൊണ്ട് അവിടെ സൂചികുത്താൻ ഇടമില്ലാതായി. ഞങ്ങൾ മൂന്നുപേർ സീറ്റുകളുടെ ഓരോ അറ്റത്ത്​ സ്ഥാനം പിടിച്ചു.
പനങ്കള്ളിനും ‘വരലി കല'യ്ക്കും (വാർളി) പേരുകേട്ട ധാനു എന്ന പാൽഘർ ജില്ലയിലെ കുന്നിൻപ്രദേശത്തേക്ക് ഞങ്ങൾ ആദ്യമായി അങ്ങനെ യാത്ര തിരിച്ചു. വരലി കലാകാരെ നേരിട്ടുകാണാനുള്ള യാത്ര. നദീതീരത്തുള്ള രണ്ടാംതരം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് വടക്കുവശത്തുള്ള കുന്നിൻചരിവുകളിലേയ്ക്ക് പിറ്റേന്ന് രാവിലെ പുറപ്പെട്ടു. പച്ചപ്പു നിറഞ്ഞ കുന്നിൻ പ്രദേശങ്ങളിലാണ് വരലികൾ താമസിച്ചുപോരുന്നത്.

വരലി ചിത്രകലയെക്കുറിച്ച് യശോദർ ദാൽമിയ എന്ന ആർട്ട് ക്രിട്ടിക്കിന്റെ വരികൾ ഇങ്ങനെ: ‘‘ഏത് കലാസൃഷ്ടിക്കുമുണ്ട് പ്രധാനപ്പെട്ട രണ്ട് ഘടകങ്ങൾ: ദീർഘവീക്ഷണവും സങ്കേതവും- ഇവ രണ്ടും മേളിക്കുന്നിടത്തേ അത് ഉയിർകൊള്ളുകയുള്ളൂ. ഒന്ന് മറ്റൊന്നിനെ കീഴടക്കുന്നിടത്ത് കലയില്ല. സ്നിഗ്ദ്ധവും ചിരസ്ഥായിയുമായ ഉത്തമകലയെ പ്രവൃത്ത്യുന്മുഖമാക്കി നിലനിർത്തുന്നത് ഈ ദർശനസങ്കേതങ്ങളുടെ തുലനാവസ്ഥയെത്ര. പൗരാണികം മാത്രമല്ല പ്രാഥമികവുമായ കലയുടെ പിന്നിലുള്ള ശക്തി പാരമ്പര്യമാണ്. അത്​ ഒരു മാർഗതടസമായിട്ടല്ല, മോചകശക്തിയായാണ് പ്രവർത്തിക്കുക. പുറത്തുള്ളവർക്ക് വരലി എന്ന പദം അത്ര അർത്ഥവ്യാപ്തിയുള്ളതായി തോന്നില്ല. മുംബൈയിലെത്തന്നെ ഉൾക്കാഴ്ചയുള്ളതും ക്രിയാത്മകവുമായ കലാവ്യാപാരരംഗവുമായി ഇടപെടുന്ന ന്യൂനപക്ഷത്തിനു മാത്രമേ അറിയൂ, ആ വാക്കിന്റെ വിവക്ഷിതാർത്ഥം.'' ദാൽമിയ തുടർന്നു പറയുന്നു:

‘‘ലാളിത്യത്തിന്റെയും പരുഷ ജീവിതത്തിന്റെയും കഥയാണ് ‘വരലി'കളുടേത്. പ്രകൃതിയുടെ പ്രവചനാതീതമായ മാറ്റങ്ങൾക്കൊത്ത് അനിശ്ചിതാവസ്ഥയിൽ കഴിയുന്ന ഒരു ഗിരിവർഗം. തലമുറകളായി അവരുടെ ജീവിതോപായത്തിന്റെ സൂചനയാണ്​ ‘വരലി' എന്ന പദം തന്നെ. ‘വരൽ' എന്ന പൊന്തമരങ്ങൾ ശേഖരിക്കലാണ് സംവത്സരങ്ങളായി അവരുടെ തൊഴിൽ''.

ഇന്ത്യൻ ട്രൈബൽ ആർട്ട് ആൻറ്​ ലൈഫ് സ്‌റ്റൈൽ എന്ന ലേഖനത്തിൽ യശ്വന്ത് സന്യാൽ എന്ന ചിത്രകാരൻ എഴുതുന്നു: ‘‘മഹാരാഷ്ട്രയിൽ ‘പാൽഘർ', ‘ധാനു' എന്നീ പ്രദേശങ്ങളിലെ കുന്നിൻചരിവുകളിൽ അവർ താമസിക്കുന്നു- കളിമണ്ണും ഓടും ചേർത്തുണ്ടാക്കിയ ചാണകം മെഴുകിയ ലളിതമായ കുടിലുകളിൽ. ഒന്നുകിലവർ നിസ്സാര കൃഷിയിൽ ഏർപ്പെടുന്നു. അല്ലെങ്കിൽ വനത്തൊഴിലാളികളായി പണിയെടുക്കുന്നു. ഈ ജില്ലയിലെ ഗിരിവർഗ്ഗക്കാരുടെ 20 ശതമാനത്തോളം വരുമവർ- ഏതാണ്ട് നാലുലക്ഷം. കിളരം കുറഞ്ഞ് തവിട്ടുനിറത്തിലുള്ളവരാണിവർ. ചെറിയ പറ്റങ്ങളായി കഴിഞ്ഞുകൂടുന്നു. അവരുടെ ഗ്രാമങ്ങൾക്ക് ‘പദ' എന്നാണ് പറയുന്നത്. പുറംലോകവുമായി സമ്പർക്കം പുലർത്താൻ അവർ ഇഷ്ടപ്പെടുന്നില്ല.

വരലി പെയ്ൻറിങ് / Photo: Wikimedia Commons
വരലി പെയ്ൻറിങ് / Photo: Wikimedia Commons

ആദ്യകാലത്ത്​ ബ്രിട്ടീഷ് ഗവ. ഉദ്യോഗസ്​ഥരെ കാണുന്നമാത്രയിൽ അവർ ഓടി ഒളിച്ചിരുന്നു. ഇന്നത് ഏറെക്കുറെ മാറിയിട്ടുണ്ട്. കുട്ടികൾ പഠിക്കുന്നത് ദൈവകോപത്തിനും അകാലമരണത്തിനുമിടയാക്കുമെന്ന് അവർ വിശ്വസിച്ചുപോന്നു. കശുമാങ്ങയിൽനിന്ന്​ വാറ്റിയെടുത്ത നാടൻമദ്യവും മഹാരാഷ്ട്രയിൽ പ്രചുരപ്രചാരമുള്ള ‘സംബാജി' ബീഡിയും കൊടുത്താൽ ഒരു വരലിയെ ചിലപ്പോൾ നമുക്കു വശത്താക്കാം. എന്നിരിക്കിലും അതിശയങ്ങളിൽ അതിശയമെന്നു പറയട്ടെ, ആ തണുപ്പൻ നഗരത്തിനു സമീപസ്ഥിതമെങ്കിലും പ്രകൃതിയുമായി തികഞ്ഞ രമ്യതയിലാണ് വരലികൾ കഴിഞ്ഞുകൂടുന്നത്.

ആദികാല ഗുഹാമനുഷ്യന്റെ നൈസർഗ്ഗികാഭിരുചികളും കൃത്രിമ പരിഷ്‌കാരം കൊണ്ട് വിഘ്‌നപ്പെടാത്ത അന്തഃസ്സത്തയും അവർ പരിപാലിക്കുന്നു. അവർക്കു ചുറ്റമുള്ള പക്ഷിമൃഗവൃക്ഷലതാദികളുമായുള്ള തന്മയീഭാവമാണ് അവരെ ഉല്ലാസവാന്മാരും ഉത്സാഹഭരിതരുമാക്കുന്നത്. പ്രകൃതിയുമായി അത്ര പ്രണയബന്ധത്തിലായതുകൊണ്ട് അവരുടെ സ്ത്രീജനങ്ങൾ ‘ബുകാ' എന്ന അപ്പം ചുടുന്നതുതന്നെ ഭക്ത്യാദരങ്ങളോടെ ഏറ്റവും കുറഞ്ഞ തീയിൽ വെച്ചാണ്. അല്ലെങ്കിൽ ഐശ്വര്യദായിനിയായ അവരുടെ ധാന്യദേവതയുടെ പുറം പൊള്ളിപ്പോകുമേത്ര!

ആ തണുപ്പൻ നഗരത്തിനു സമീപസ്ഥിതമെങ്കിലും പ്രകൃതിയുമായി തികഞ്ഞ രമ്യതയിലാണ് വരലികൾ കഴിഞ്ഞുകൂടുന്നത്. The Warli's - "A Documentary On Artistic Tribes Of India' ഡോക്യുമെൻററിയിൽ നിന്ന്
ആ തണുപ്പൻ നഗരത്തിനു സമീപസ്ഥിതമെങ്കിലും പ്രകൃതിയുമായി തികഞ്ഞ രമ്യതയിലാണ് വരലികൾ കഴിഞ്ഞുകൂടുന്നത്. The Warli's - "A Documentary On Artistic Tribes Of India' ഡോക്യുമെൻററിയിൽ നിന്ന്

വരലികൾ വളം ഉപയോഗിക്കാറില്ല. ഭൂമിക്ക് സ്വയം ഫലഭൂയിഷ്ഠമാകാനുള്ള കഴിവുണ്ടെന്ന്​ അവർ വിശ്വസിക്കുന്നു. നിർഭാഗ്യവശാൽ അപകടസൂചനകൾ കാഴ്ചവട്ടത്തിലെത്തിയിരിക്കുന്നു. കലാവിപണനരംഗത്തെ ആക്രമണത്തിൽ വരലികളും നിലനിൽപ്​ ഭീഷണിയിലാണെന്ന്​സംശയിക്കേണ്ടിയിരിക്കുന്നു.
വരലി ചിത്രങ്ങൾ പ്രാകൃതവും മൃദുലസ്വഭാവിയും ആണെന്നിരിക്കിലും അവ ലോകമെങ്ങും പ്രദർശിപ്പിക്കപ്പെടാനുള്ള അനന്ത സാദ്ധ്യതകൾ ഉൾക്കൊള്ളുന്നതാണ്. എന്നാൽ ദോഷകരമായ വ്യാപാരവൽക്കരണത്തിൽനിന്ന്​അകറ്റിനിർത്തപ്പെടണമെന്നുമാത്രം. ഇന്ത്യയിലെ കൈത്തൊഴിൽ- കരകൗശല കയറ്റുമതിസ്ഥാപനത്തിന്റെ പരിപാടികൾക്കു നന്ദി. വരലി കലയെപ്പറ്റി കൂടുതൽ ആളുകൾ ഇന്നറിയുന്നുണ്ട്! ലോകത്തിന്റെ കലാഭൂപടത്തിൽ മറ്റൊരു ഗിരിവർഗകലയെ- ബീഹാറിലെ മധുബനി ചിത്രങ്ങളെ- പ്രതിഷ്ഠിച്ചതും ഇവർ തന്നെ. പണക്കാരുടെ കലാകൗതുക വസ്തുനിബിഡമായ വസതികളിൽ വരലിച്ചിത്രങ്ങൾ ഒരു സ്ഥാനചിഹ്​നമായി മാറിക്കഴിഞ്ഞിരിക്കുന്നു.

തികച്ചും ഏകവർണത്തിലുള്ള വരലിച്ചിത്രത്തിന്റെ കേവലമായ ലാളിത്യം കാണിയിൽ ഉത്തരക്ഷണം തറഞ്ഞുപതിക്കുന്നു. മിക്കവാറും യതിതുല്യവും വിരക്തവുമായ ഒരു ജീവിതചര്യയുടെ ഊടും പാവും മാത്രമാണിത് പ്രതിഫലിപ്പിക്കുക. പശ്ചാത്തലത്തിലെ കടുത്ത തവിട്ടുനിറം വെയിലേറ്റു പാകപ്പെട്ട വരലിച്ചർമത്തെയാണ് സാദൃശ്യപ്പെടുത്തുന്നത്.

പശുവിന്റെ ചാണകം കൊണ്ട് നേർപ്പിച്ച് തേച്ചെടുത്ത വെള്ളക്കടലാസിലാണ് ഇന്നവർ ചിത്രങ്ങളെല്ലാം വരക്കുന്നത്. വെള്ളച്ചായത്തിന് അവർ അരിപ്പൊടി ഉപയോഗിക്കുന്നു. വരലി കലാകാർക്ക് ആദ്യം പ്രീതിജനകമായിരുന്ന ഉപരിതലങ്ങൾ അവരുടെ എളിയ കുടിലുകളുടെ ഭിത്തികൾ തന്നെയായിരുന്നു. പക്ഷേ, ഇന്നവർ കടലാസിൽ വരയ്ക്കുന്നു. (അല്ലെങ്കിൽ വരപ്പിക്കുന്നു!) മനുഷ്യാവസ്ഥയിൽ നിർലീനമായ വൈരുദ്ധ്യാത്മക നർമബോധവും ഐതിഹ്യസങ്കല്പാനുഭൂതികൾ അലങ്കാരം ചെയ്ത കല്പനാവൈചിത്യ്രവും കൊണ്ടാണ് വരലി കലയുടെ അന്തഃസത്ത നിർമിതമായിരിക്കുന്നത്.

സാങ്കേതികമായി വരലിച്ചിത്രം വരകളാൽ നിർമിതമെങ്കിലും അത് കേവലം ഒരലങ്കാരശില്പം മാത്രമല്ല. ചിത്രകലയുടെ നിശ്ചിത വ്യാകരണ നിയമപരിധികൾക്ക് അതീതമാണത്.

പുതുമയാർന്ന ഉത്സവങ്ങൾ, കല്യാണാഘോഷങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ ഇവയെല്ലാം വരലി കലാകാരുടെ ബിംബകല്പനകൾക്ക് പ്രചോദനത്തിനുള്ള വറ്റാത്ത ഉറവയാണ്. ഈ വർണ ചിത്രങ്ങളുടെ വിഷയസ്രാതസ്സ് വരലികളുടെ അനുദിന ജീവിതവൃത്തം തന്നെ. വിത, കൊയ്ത്ത്, മരംവെട്ട്, വട്ടമിട്ട് നിന്നുള്ള സംഘനൃത്തം ഇവയെല്ലാം ഒരു കലാനിരൂപകൻ കൂടിയായ യശോദർ ദാൽമിയയുടെ വാക്കുകളിൽ പറഞ്ഞാൽ, ‘മാനുഷിക പ്രയത്‌നത്തിന്റെ സമുൽഘോഷത്തിലൂടെയുള്ള ജീവിതദർശന’മാണ്​. വരലി ചിത്രകലയുടെ ആത്മസംഗ്രഹമാണ് സമുചിതമായ ഈ ശൈലീപ്രയോഗം.

സാങ്കേതികമായി വരലിച്ചിത്രം വരകളാൽ നിർമിതമെങ്കിലും അത് കേവലം ഒരലങ്കാരശില്പം മാത്രമല്ല. ചിത്രകലയുടെ നിശ്ചിത വ്യാകരണ നിയമപരിധികൾക്ക് അതീതമാണത്. അത് പ്രപഞ്ചം മുഴുവനും സമാശ്ലേഷിക്കുന്നു. അതിന് വ്യക്തിസ്വഭാവം, മനോഭാവം, അന്തരീക്ഷം, പരി​പ്രേക്ഷ്യം... എല്ലാമുണ്ട്. വരയുടെ ഒഴുക്കും മൃദുലതയും അന്യാദൃശ വൈഭവത്തോടെ അത് ഉൾക്കൊള്ളുന്നു. പ്രകടനത്തിൽ ഒതുക്കവും മിതത്വവുമുണ്ട്.
ചന്ത സ്ഥലങ്ങളിൽ കൂവിവിളിക്കാതെ തന്നെ ഇന്ന് വരലി കല ജനഹൃദയങ്ങളെ സമാകർഷിക്കുന്നു. കടലാസിലേക്കും, കാർഡ് ബോർഡിലേക്കും, വെള്ളത്തുണിയിലേക്കും പകർത്തപ്പെടുന്ന വരലിച്ചിത്രങ്ങൾ ഇന്ത്യയ്ക്കകത്തും പുറത്തും പ്രദർശിപ്പിക്കപ്പെടുന്നു. അവ അർഹിക്കുന്ന പ്രശസ്തി പിടിച്ചുപറ്റുകയും ചെയ്യുന്നുണ്ട്. ജിയോ സോമാഷിയുടേയും പുത്രൻ ബാളുമാഷിടേയും ചിത്രങ്ങൾ അന്താരാഷ്ട്രീയ പ്രശംസതന്നെ ആർജ്ജിച്ചിട്ടുണ്ട്.

കാലാൾപ്പട, കുതിര, ഗ്രാമം!

സെലിബ്രിറ്റി എന്ന ഞങ്ങളുടെ സംരംഭങ്ങളിൽ ഒന്നായ കലാശില്പ വില്പനകേന്ദ്രത്തിന്റെ ഉടമ സുഷമാ ചൗധരി ഒരു പത്രത്തിന് നല്കിയ അഭിമുഖത്തിൽ പറയുന്നത് നോക്കുക: ‘‘വരലി കലാകാർ പൊതുവേ ജനമദ്ധ്യത്തിലിറങ്ങാൻ വൈമുഖ്യമുള്ളവരാണ്. അവർക്ക് അവരുടെ രചനകളെപ്പറ്റി അധികം അവബോധമില്ലാതിരുന്ന കാലത്താണ് ഞങ്ങളുമായി ഇടപെടുന്നത്.

വിലേപർമെക്കടുത്ത് ബാമൻവാഡയിലെ ഒരു ഫ്‌ളാറ്റിൽ അവരിൽ രണ്ടു കലാകാരെ കൊണ്ടുവന്ന് താമസിപ്പിച്ചുവെങ്കിലും അവരുമായി ആശയവിനിമയം നടത്തുക ദുഷ്‌ക്കരമായിരുന്നു. ഗുജറാത്തി, മറാഠി, ഹിന്ദി തുടങ്ങി മണിപ്രവാളഭാഷയിലാണവർ സംസാരിക്കുക. ഞങ്ങൾ ആംഗ്യഭാഷയിലും മറാഠിയിലും. ചിൻതുരാജർ എന്ന വരലി കലാകാരനെ പരിചയപ്പെടുന്നത് ധാനുവിലുള്ള അയാളുടെ കുടിലിൽ വെച്ചുതന്നെ. അയാൾ മുറിയിലിരുന്ന് ബീഡിവലിക്കുന്നുണ്ടായിരുന്നു. ചിരട്ടകളിൽ അരിപ്പൊടി, പച്ചിലക്കൂട്ട് എന്നിവ യാതൊരടുക്കും ചിട്ടയുമില്ലാതെ കണ്ടു. അരിപ്പൊടിയും കരിയും ചാണകവും കൊണ്ടുണ്ടാക്കിയ പ്രത്യേകതരം ചായക്കൂട്ട് മരത്തിന്റെ തണ്ടുകൾ ചതച്ചുണ്ടാക്കിയ ബ്രഷ് ഉപയോഗിച്ച് അതിശീഘ്രം ചിൻതുരാജർ വരയ്ക്കുമ്പോൾ കാലാൾപ്പട, കുതിര, ഒരു ഗ്രാമം തുടങ്ങിയവ സെക്കന്റുകൾകൊണ്ട് തയ്യാറാകും.’’

വരലികളുടെ ചിത്രരചനയിൽ ഒരിക്കലും നേർരേഖകൾ ഉപയോഗിക്കാറില്ലെന്ന്​ഞങ്ങളുടെ ഏജൻസിയിലെ ചിത്രകാരൻ സതീശ് ദേശ്പാണ്ഡെ പറഞ്ഞു. വരലികളുടെ ഉല്പത്തി ഊഹാപോഹങ്ങളിലാണെങ്കിലും അവ 11-ാംനൂറ്റാണ്ടോടെയാണ് ലോകം അറിയുന്നതെന്ന് ചൗധരി പറയുന്നു: ‘‘ഒരു കുടുംബത്തിൽ വിവാഹം നടക്കുമ്പോൾ വരലികൾ അവരുടെ കുടിലിൽ ചിത്രങ്ങൾ വരയ്ക്കും. ഇതിനെ അവർ ‘ലചാചൗക്ക്' എന്നാണ് വിളിക്കുക''. ചിത്രരചന ദിവ്യമായതിനാൽ അതൊഴിവാക്കി വിവാഹം നടത്തുന്ന പതിവ് വരലികൾക്കിടയിൽ ഇല്ലെന്നും സുഷമ കൂട്ടിച്ചേർക്കുന്നു.

വിറക് ശേഖരിച്ചും കൃഷിചെയ്തും കാലക്ഷേപം നടത്തിയ വരലികൾ ഇന്ന് ചിത്രകലയിലേക്ക്​ കൂടുതലായി ആകർഷിക്കപ്പെട്ടിരിക്കുന്നു.
‘‘ഞങ്ങളുടെ കൃഷിയാരംഭിക്കുന്നത് വൈശാഖ മാസത്തിലാണ്. ജൂണിലെ ആദ്യമഴയ്ക്ക് തന്നെ വിത്തിറക്കും. തുടർന്ന് ഞങ്ങൾ കൃഷിയിൽ വ്യാപൃതരാകും. ബദ്രപാഡയിൽ (സെപ്തംബർ) കൊയ്​ത്തുത്സവം തുടങ്ങും. വാഘ്‌സ്ദേവ, ചെദ്ദുപൂജ തുടങ്ങിയ പൂജകൾ ഞങ്ങൾ ഈ കൊയ്​ത്തുകാലത്ത് നടത്താറുണ്ട്’’- ചിൻതുരാജർ എന്റെ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.

ഇന്ത്യയിലെ ഇതര ഗിരിവർഗ്ഗങ്ങളിൽനിന്ന് വ്യത്യസ്ത വ്യക്തിത്വമുള്ളവരാണ് വരലികൾ, അവരുടെ പൂർവികന്മാരെ ആസ്പദമാക്കിയാണ് വരലികൾ എന്ന പേര് ലഭിച്ചതെന്ന് ചില നരവംശശാസ്ത്രന്മാർക്ക് അഭിപ്രായമുണ്ട്. മധ്യ ഭാരതത്തിലെ ശിലാചിത്രങ്ങൾക്കനുസൃതമായി അവരുടെ കലയെ നിയോലിത്തിക്ക് (നവീന ശിലാചിത്രങ്ങൾ) ചിത്രങ്ങൾ എന്നറിയപ്പെടുന്നു. മഹാനഗരത്തിൽ ഫ്‌ളോറാ ഫൗണ്ടന് സമീപമായുള്ള ‘പൂൺഡലേ' ആർട്ട് ഗ്യാലറി ഉടമ സദാശിവ് റാവ് പറയുന്നു.

‘‘ദീപാളിയുടെ മൂന്നുദിവസങ്ങളിൽ മദ്യപാനവും നൃത്തവും മൃഷ്ടാന്ന ഭോജനവും പ്രകൃതിയുടെ വിഭവസമൃദ്ധിയോടുള്ള അവരുടെ നന്ദിപ്രകാശന അനുഷ്ഠാനങ്ങളാണ്. രാവിലെ ആരംഭിച്ച ‘താരാപ' എന്ന നൃത്തവിശേഷം രാത്രി മുഴുവൻ നീളും. വിവിധ വ്യക്തികൾ മീട്ടുന്ന ‘തരാപ' എന്ന വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് തുറന്ന സ്ഥലങ്ങളിൽ നൃത്തം ആഘോഷിക്കുന്നത്.

 ‘താരാപ' എന്ന നൃത്താഘോഷം
‘താരാപ' എന്ന നൃത്താഘോഷം

നർത്തകർ അവരുടെ ‘താരാപ'യിലേയ്ക്ക് പുറംതിരിക്കാറില്ല. ഈ വാദ്യോപകരണം പരമ്പരാഗതമായി സൂക്ഷിച്ചുവരുന്നു. തരാപ വാദ്യക്കാരുടെ ചലനങ്ങൾക്കൊപ്പിച്ചാണ്​ നർത്തകരുടെ പദവിന്യാസം. വാദ്യോപകരണത്തിന്റെ ശ്രുതി മാറുമ്പോൾ നൃത്തവും മാറും. പുലിദേവന്റെ പൂജ അവസാനിക്കുന്നതുവരെ അവർ നൃത്തം തുടരുന്നു. പിന്നീട് ‘തരാപ' വാദ്യത്തിന് താല്ക്കാലികമായി വിരാമമിടുന്നു. കേട്ടു തഴക്കമില്ലാത്ത ചെവികൾക്ക് ‘തരാപ’യുടെ താളം സംഗീതമുള്ളതല്ല, കൂടാതെ ആവർത്തനവിരസമായും തോന്നാം. തേനീച്ചയുടെ മൂളൽ പോലെയാണിത്. ബാസ് എന്ന പാശ്ചാത്യസംഗീത ഉപകരണത്തിൽനിന്നുയരുന്ന ഏകതാളം പോലെയേത്ര ‘താരാപ’യുടെ സ്വരകോലാഹലം. ജീവിതനൈരന്തര്യം ഒരു ഉദാഹരണമായി ഈ രാഗത്തെ ചിലർ വിശേഷിപ്പിക്കുന്നുണ്ട്.''- ആർട്ട് ക്രിട്ടിക് റഫീക് അൻസാരി ഒരു ഇംഗ്ലീഷ് പത്രത്തിലെഴുതിയതാണിത്​.

ധാനുവും ഒരു കോൺക്രീറ്റ്​ വനമാകുകയാണ്​

മാഘമാസത്തിന്റെ അന്ത്യകാലം (ഫെബ്രുവരി) മുതൽ ഫാൽഗുന മാസം (മാർച്ച്) അവസാനം വരെ വരലി വിവാഹങ്ങൾ പൊടിപൊടിക്കും. ഒരു ഉത്സവപ്രതീതി ഉളവാക്കുന്ന വർണശബളമായ അന്തരീക്ഷമാണ് അപ്പോൾ ഗ്രാമങ്ങളിൽ. വധുവാണ് വരന് പുരുഷധനം കൊടുക്കേണ്ടത്. അരിച്ചെടുത്ത അരിമാവ് തയ്യാറാക്കിയശേഷം ചാണകം, പുഴമണ്ണിൽനിന്നുള്ള ചെളി (ഗേരു) തുടങ്ങിയവ കട്ടി പിടിപ്പിച്ച് പ്രതലത്തിൽ തേച്ചും എറിഞ്ഞും പിടിപ്പിക്കുന്നു. വിവാഹവേളയിൽ സുമംഗലികളായ സ്ത്രീകൾ ചുമരിൽ സമചതുരം വരക്കുന്നത് ‘ലഗ്‌നേച്ചാ ചൗക്ക്' എന്ന പേരിൽ അറിയപ്പെടുന്നു.

ധാനു മറ്റേത് നഗരങ്ങളുടെ പിന്നാമ്പുറങ്ങളെപ്പോലെയും അതിശീഘ്രം വികസിച്ചുകൊണ്ടിരിക്കുന്നു. വിശാലമായ റോഡുകൾ ചിലതുണ്ടെങ്കിലും പട്ടണപ്രതീതി കുറവാണ്. ഓട്ടോറിക്ഷകളും ബഹുനിലക്കെട്ടിടങ്ങളും ഇവിടെ കണ്ടു. വീരാറിൽനിന്ന് ഓരോ മണിക്കൂർ ഇടവിട്ട് യാത്രതിരിക്കുന്ന ഷട്ടിലുകൾ ധാനുവരെയുണ്ട്. പൊതുവെ വിലക്കുറവുള്ള സ്ഥലങ്ങൾ തേടിപ്പോകുന്ന മധ്യവർഗക്കാർ ഇവിടെയും താവളമടിച്ചിരിക്കുന്നു. മുംബൈ, വസായ് തുടങ്ങിയ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന പരശ്ശതം പേർ ഇവിടെ പാർക്കുന്നുണ്ട്. ബിൽഡർമാരുടെ കണ്ണ് ഇവിടെയുമെത്തിയതിനാൽ ഒരുകാലത്ത് കാടുപിടിച്ചു കിടന്നിരുന്ന ഈ സ്ഥലം ഒരു കോൺക്രീറ്റ് വനമാകാൻ ഇനി അധികനാൾ വേണ്ട.
ഇറാനികളുടെ സപ്പോട്ട വാഡികളിൽ ജോലി ചെയ്യുന്ന ചില വരലികളെ ഞങ്ങൾ കാണാനിടയായി. പാഴ്‌സികളുടെ സങ്കേതമായ സഞ്ചാനിലെ കൃഷിയിടങ്ങളിലെ തൊഴിലാളികളിൽ ഭൂരിഭാഗവും വരലികളാണ്. വിരാർ, വസായ് തുടങ്ങിയ സ്ഥലങ്ങളിൽ വരലിസ്ത്രീകൾ വീട്ടുജോലി ചെയ്യുന്നുണ്ട്.

വളരെ വർഷങ്ങൾക്കുശേഷം വീണ്ടും ഈയിടെ ഞാൻ ധാനുവിലെത്തി.
സമയം വൈകീട്ട് ആറ് കഴിഞ്ഞു. പട്ടണ പരിഷ്‌കാരത്തിന്റെ കടന്നുകയറ്റം പ്രകൃതിരമണീയമായ ധാനുവിൽ വ്യാപിച്ചതായി അനുഭവപ്പെട്ടു.

എന്റെ സുഹൃത്തും വസയ് പാപ്ഡി ചർച്ചിലെ പുരോഹിതനുമായ ഡോ. പാട്രിക് ഡിസൂസ ഒരിക്കൽ എന്നെ ഒരു സദ്യയ്ക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ ഊൺമുറിയിലെ മേശയിൽ ആഹാരപദാർത്ഥങ്ങളുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു. ‘ബുകാ' എന്ന വരലികളുടെ റോട്ടിയും പാലക് ബാജിയും ആദ്യമായി രുചിച്ചു. അതിന് പ്രത്യേക സ്വാദുണ്ടായിരുന്നു. പോത്തിന്റെ നാവ് കറിവെച്ചതിൽ മത്തങ്ങ സുലഭമായി ചേർത്തിട്ടുണ്ട്. പാഠെഫ്രറ്റ് (ആവോലി) കറി കടുക് പൊട്ടിച്ച് തയ്യാറാക്കുന്നതാണ് അവരുടെ രീതി. പശു അന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നില്ല. അതിനാൽ പശുവിറച്ചിക്കറിയിൽ തക്കാളി ചേർത്തുണ്ടാക്കിയ വിഭവം ഞാൻ രണ്ടുമൂന്നാവർത്തി വിളമ്പിക്കഴിച്ചു. അസാമാന്യമായ ആ രുചിക്കൂട്ടുകൾ തയ്യാറാക്കിയത് ധാനുവിലെ ആദിവാസി സ്ത്രീയായ രോഹിണിയ ആണെന്ന് ഡോ. പാട്രിക് അറിയിച്ചു. ഉയരം കുറഞ്ഞ അവർ മുട്ടിന് അല്പം താഴെ മാത്രം ചുറ്റിയ ടർക്കിടവലും ഫ്രിൽ വെച്ച ബ്ലൗസുമാണ്​ ധരിച്ചിരുന്നത്​. ഞാൻ നൽകിയ ചെറിയൊരു പ്രതിഫലം അവർ സ്വീകരിച്ചില്ല. മാത്രമല്ല, നാണം കൊണ്ട് ആ സാധുസ്ത്രീ തലതാഴ്ത്തിക്കളഞ്ഞു. രോഹിണിയയെ തങ്കം ഫിലിപ്പ് പ്രിൻസിപ്പിൾ പദം അലങ്കരിക്കുന്ന ബോംബെ കോളേജ് ഓഫ് കാറ്ററിങ്ങിൽ ചേർക്കേണ്ടതായിരുന്നു എന്നു ഞാൻ ഫാദറോട്​ പറഞ്ഞതും ഓർമ വരുന്നുണ്ട്.

റിട്ടേൺ ഓഫ് നേറ്റീവ്

വളരെ വർഷങ്ങൾക്കുശേഷം വീണ്ടും ഈയിടെ ഞാൻ ധാനുവിലെത്തി.
സമയം വൈകീട്ട് ആറ് കഴിഞ്ഞു. പട്ടണ പരിഷ്‌കാരത്തിന്റെ കടന്നുകയറ്റം പ്രകൃതിരമണീയമായ ധാനുവിൽ വ്യാപിച്ചതായി അനുഭവപ്പെട്ടു. അഞ്ചും ആറും നിലകളുള്ള കെട്ടിടങ്ങൾ, ഷോപ്പിങ്ങ് മാളുകൾ, സിനിമാ തിയറ്ററുകൾ, ആഡംബര കാറുകളുടെ ഷോറൂമുകൾ, കലപില സംസാരിച്ച് നീങ്ങുന്ന യൂനിഫോം ധരിച്ച വിദ്യാർത്ഥിനികൾ... നയനാനന്ദകരമായ കാഴ്ചകൾ. ധാനു സ്റ്റേഷനിൽനിന്നു തെല്ലുമാറി സ്ഥിതിചെയ്യുന്ന ‘മാ സന്തോഷി മാത' ക്ഷേത്രത്തിൽ അപ്പോൾ ആരതി ഉഴിയുന്ന സമയമാണ്. തമ്പോറടിയും മണിക്കിലുക്കവും ഇടതടവില്ലാതെ കേൾക്കുന്നു. പച്ചക്കറികളും പനനൊങ്കും പേരയ്ക്കയും ചാമ്പക്കയും പഴുത്ത വരിക്കച്ചക്ക നടുവേ വെട്ടിപ്പിളർന്ന് വില്പനയ്ക്ക് വെച്ചിട്ടുള്ളത് വരലി ആദിവാസി സ്ത്രീകളാണ്.

എന്റെ പഴയ കാല സുഹൃത്ത് അനിൽ കോളി ധാനു സ്വദേശിയാണ്. സ്വഗ്രാമമായ ആശാഘാട്ടിൽ നിന്ന് അയാൾ ജീപ്പിൽ യാത്രക്കാരെ കുത്തിനിറച്ച് ധാനു സ്റ്റേഷനിൽ കൊണ്ടുവിടുന്നു, ഒരാൾക്ക് നാല്പതു രൂപ നിരക്കിൽ. തിരികെ വരുമ്പോൾ ഒരാൾക്ക് മുപ്പതു രൂപയാണ് ഈടാക്കുന്നത്. കോളി സമുദായത്തിൽപ്പെട്ട അയാൾ മത്സ്യബന്ധനത്തിനൊന്നും പോകാതെ ബാങ്ക് ലോണെടുത്ത് ജീപ്പ് വാങ്ങുകയായിരുന്നു. ധാനു- ബോൾപാഡ് ബെൽറ്റിലെ മുക്കുവഗ്രാമത്തിൽ താമസക്കാരനായ അയാളെ ഏറെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ‘കേരം തിങ്ങും കേരളനാടിനെ' അനുസ്മരിപ്പിക്കുന്ന ഈ പ്രദേശത്ത് ധാരാളം ഉയരം കുറഞ്ഞ തെങ്ങുകൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിലും നാളികേരം ധാനുവിലെ ഒരു നാണ്യവിളയല്ല എന്ന് ഒരു പത്രപ്രവർത്തകസുഹൃത്ത് പറഞ്ഞതോർമ വരുന്നു.
നിരാശനായ ഞാൻ ഓട്ടോ പിടിച്ച് ധാനു സ്റ്റേഷന് സമീപം ഒരു ഹോട്ടലിൽ മുറിയെടുത്തു. പാഴ്‌സികളും ഇറാനികളും കൂടുതലായി പാർത്തുവരുന്ന സഞ്ചാനിൽ നാളെ പോകേണ്ടതുണ്ട്. സുഖമായി ഉറങ്ങി.

എ സ്‌മോൾ സാഗ ഓഫ് പാഴ്‌സീസ്

മുബൈയിലെ പാർസി ഫയർ ടെമ്പിൾ / Photo : Wikimedia Commons
മുബൈയിലെ പാർസി ഫയർ ടെമ്പിൾ / Photo : Wikimedia Commons

പേഴ്‌സ്യയിലെ മതപീഡനം മൂലം നിൽക്കക്കള്ളിയില്ലാതായ പാഴ്‌സികളും ഇറാനികളും ലോകത്തിന്റെ പലഭാഗങ്ങളിലേയ്ക്കും പലായനം ചെയ്തു. അവരിൽ കുറേപ്പേർ ഇന്ത്യയിൽ യൂണിയൻ ടെറിറ്ററിയായ വാപ്പിയിലും മറ്റുള്ളവർ ​ബോംബെയിലുമെത്തി. ഇറാനികൾ റെസ്റ്റോറന്റുകൾ തുറന്നപ്പോൾ സമ്പന്നരായ പാഴ്‌സികൾ വ്യവസായശാലകൾ ആരംഭിച്ചു. ഈ രണ്ടുകൂട്ടരും ഇന്ത്യയിൽ വംശനാശം സംഭവിച്ചികൊണ്ടിരിക്കുന്ന ജനതയാണെന്ന് ജനസംഖ്യാ സ്റ്റാറ്റിറ്റിക് വിഭാഗത്തലവനും എന്റെ ബോംബെ സുഹൃത്തുമായ കാർവേക്കർ അഭിപ്രായപ്പെടുന്നു. സ്വന്തം സമൂഹത്തിന്റെ നാലതിരുകൾക്കുപുറമെ അവർ വിവാഹബന്ധത്തിൽ ഏർപ്പെടുന്നില്ല. തന്മൂലം അവരുടെ ജനസംഖ്യാനിരക്ക് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. ജനിതക ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ഇത് ‘ഇൻ ബ്രീഡിങ്ങ്' കൊണ്ടാണ് സംഭവിക്കുന്നത്. പാഴ്‌സികൾ സംരംഭനിരതരായതുകൊണ്ട് ചെല്ലുന്ന എല്ലാ സ്ഥലങ്ങളിലും പണമുണ്ടാക്കുന്നതിൽ മിടുക്കന്മാരാണ്.

തൃശൂരിൽ സീതാറാം മില്ലിൽ എഞ്ചിനീയർമാരായിരുന്ന മേത്ത, കവീന എന്നീ രണ്ട് പാഴ്‌സികളുടെ കഥ ഓർമ വരുന്നു. സീതാറാം മിൽ കത്തി നശിച്ചതോടെ മേത്ത ജന്മനാടായ ബറോഡ യിലേക്ക് ജീവിതം പറിച്ചുനട്ടു. തൃശ്ശൂരിൽ അദ്ദേഹത്തിന്റെ ആശ്രിതനും സമീപവാസിയുമായിരുന്ന ബി.കോം ബിരുദധാരി ഗോവിന്ദൻകുട്ടിയെ കൂടെ കൊണ്ടുപോയി ജോലി നൽകാനും മേത്ത മറന്നില്ല. എന്നാൽ കവീനയാകട്ടെ തൃശ്ശൂരിനെ അങ്ങ് വല്ലാതെ പ്രണയിച്ചുപോയി. പൂങ്കുന്നത്ത് വീടുവെച്ച അദ്ദേഹം ആദ്യം നൂൽചുറ്റുന്ന ബോബിൻസ് നിർമാണശാല ആരംഭിച്ചു. കവീനയുടെ ഭാര്യ (ഞങ്ങൾ ‘ബായി' എന്നാണ് അവരെ വിളിക്കുക) നെല്ലുകുത്തുന്ന മെഷീൻ സ്ഥാപിച്ച് അതിന്റെ പ്രവർത്തനം നോക്കി നടത്തി. പെൺമക്കളായ ഡോളിയും ഗ്രേസിയും അന്ന് തൃശ്ശൂർ സെൻറ്മേ​രീസ് കോളേജ് വിദ്യാർത്ഥിനികളായിരുന്നു. ഏക മകൻ ജഹാംഗീർ പത്ത് കറാച്ചി എരുമകളെ വാങ്ങി പാൽ കച്ചവടം ആരംഭിച്ചു. ബോംബെയിലെ പാഴ്‌സി ഡയറി വിഭാവനം ചെയ്ത ജഹാംഗീറിന്റെ കവീന മിൽക്ക് ആരംഭദശയിൽ വിജയക്കൊടി പാറിച്ചെങ്കിലും കറാച്ചി എരുമകൾക്ക് കുളമ്പുരോഗം ബാധിച്ചതോടെ അവ ഓരോന്നോരോന്നായി ചത്തുവീണു. ഇതിനിടെ ബായിയും കവീനയും മരിച്ചു. ഗ്രേസി - ഡോളിമാർ അനാഥരായി. അവർക്ക് വിവാഹിതരാകാൻ കഴിഞ്ഞില്ല. ഈയിടെ അവരിൽ ഒരാൾ തൃശ്ശൂർ വൃദ്ധസദനത്തിൽവെച്ച് മരിച്ച വാർത്ത പത്രങ്ങളിൽ വായിച്ചു.

വളരെ മുമ്പ് നാടുവിട്ട ജഹാംഗീർ എത്തിയത് ധാനുവിലാണ്. അവിടെ അദ്ദേഹം മുല്ലപ്പൂവാഡി വാങ്ങി പരിപാലിക്കുന്നു. ജഹാംഗീറിനെ ഞാൻ ധാനുവിൽ തലങ്ങും വിലങ്ങും തിരഞ്ഞെങ്കിലും കണ്ടുമുട്ടാനായില്ല. അദ്ദേഹം ഒരു മലയാളി പെൺകുട്ടിയെ വിവാഹം കഴിച്ചതിനാൽ ‘പാഴ്‌സി പഞ്ചായത്ത്' ജഹാംഗീറിനെ പാഴ്‌സി സമുദായത്തിൽനിന്ന് പുറത്താക്കിയതായി ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. പാഴ്‌സികൾ ധനവാന്മാരും സൽസ്വഭാവികളുമാണെങ്കിലും അവരുടെ സാമൂഹിക നിയമങ്ങളിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തവരാണ്. പാഴ്‌സികളുടെ വൃദ്ധർക്കായുള്ള ഓൾഡ് ഏജ് ഹോമായ ‘പാഴ്‌സി ഫയർ ടെമ്പിൾ', പുതുവർഷത്തിലെ അവരുടെ ‘നവറോസ് ആഘോഷ’ത്തിൽ പങ്കെടുക്കാൻ ജഹാംഗീറിനെ പോലുള്ള ‘നിയമലംഘകരെ’ അനുവദിക്കാറില്ല എന്നത് വിചിത്രമായി തോന്നുന്നു.

സുഗന്ധം പരത്തുന്ന ദേശം

മഹാനഗരത്തിൽ സ്വന്തമായൊരു പാർപ്പിടം എന്ന സ്വപ്നം മലയാളികളിലാണ് കൂടുതലായി കണ്ടുവരുന്നതെന്ന് തോന്നുന്നു. മധ്യവർഗക്കാർക്ക് അപ്രാപ്യമായി റിയൽ എസ്റ്റേറ്റ് വാല്യു ഇവിടെ വാണം പോലെ കുതിച്ചുകൊണ്ടിരിക്കെ സാധാരണക്കാരനായ ഞാൻ ഫ്‌ളാറ്റുകൾ തേടിയലഞ്ഞ് എത്തിയത് മുംബൈയുടെ പിന്നാമ്പുറമായ വീരാറിലാണ്. തദ്ദേശവാസികളായ, പോർച്ചുഗീസ് പാരമ്പര്യമുള്ള, ഏറക്കുറെ സമ്പന്നരായ ഈസ്റ്റ് ഇന്ത്യക്കാരായ ലാറ്റിൻ ക്രിസ്​ത്യാനികളുടെ ഇടമാണ് വസയ്‌ വീരാർ ബെൽറ്റിലാണ്​. (‘ബെൽറ്റ്' എന്ന പ്രയോഗം ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ സംഭാഷണത്തിൽനിന്ന് അടിച്ചുമാറ്റിയതാണ്.) വസയ്, നല്ലസൊപ്പാറ, വീരാർ എന്നിവിടങ്ങൾ ചെറുപട്ടണങ്ങളായി രൂപം പ്രാപിച്ചിട്ട്​നാളുകളായി. വീടന്വേഷണത്തിന്റെ അവസാനമെന്നോണം വീരാറിലെ ബോളിഞ്ച് ഗാവിലെ കെട്ടിടസമുച്ചയത്തിൽ ഫ്‌ളാറ്റ് സ്വന്തമാക്കി.

അഞ്ചും ആറും അതിൽ കൂടുതലായും ഏക്കർ മുല്ലപ്പൂന്തോട്ടമുള്ള ഈസ്റ്റ് ഇന്ത്യക്കാർ ഇന്ന് ഭൂമാഫിയയുടെ ഭീഷണിയിലാണ്. തികച്ചും ഉൾനാടൻ പ്രദേശമായിരുന്ന വസയ് താലൂക്കിനെ ഇപ്പോൾ നഗരവല്ക്കരണം കടന്നാക്രമിച്ചിട്ടുണ്ട്

എസ്.കെ.പൊറ്റെക്കാടിന്റെ കൃതികളിൽ കാണാറുള്ള ‘സസ്യശ്യാമള കോമളമാണീ' പ്രദേശം. തെങ്ങുകളും കരിമ്പനകൾക്കുമിടയിൽ തലയുയർത്തിനിൽക്കുന്ന കെട്ടിടങ്ങളിൽ ഇടത്തരക്കാരാണ് താമസം. ബോളിഞ്ചിനോട് ചേർന്ന അഗാഷി നന്ദാഖാൾ, പട്ടാർ തുടങ്ങിയ പ്രദേശങ്ങളിൽ മുല്ലപ്പൂന്തോട്ടങ്ങളാണ്​ നിറയെ. കാബേജ്, ചീര, വഴുതന തുടങ്ങിയ പച്ചക്കറികൾ വ്യാപാരാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരത്രയും ഈസ്​റ്റിന്ത്യൻ ക്രിസ്​ത്യാനികളാണ്. ഇവരുടെ ജീവിതം ചർച്ചുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതുകൊണ്ടുതന്നെ പോർച്ചുഗീസ് പാരമ്പര്യം വിളിച്ചോതുന്ന, നൂറിലധികം വർഷങ്ങൾ പഴക്കമുള്ള പള്ളികളുടെ സമീപത്തുതന്നെയാണ് ഇവരുടെ വാസഗൃഹങ്ങളും.

ഈസ്റ്റിന്ത്യക്കാരായ പുരുഷന്മാർ ഗവ. ഓഫീസുകളിലും റെയിൽവേയിലും പണിയെടുക്കുമ്പോൾ അവരുടെ പങ്കാളികൾ ബംഗ്ലോവിന് ചുറ്റുമുള്ള മുല്ലുപ്പൂവാഡികൾ പരിപാലിക്കുന്നു. എരുമകളെ വളർത്തി പാൽക്കച്ചവടം നടത്തുന്നതും ഇവരുടെ തൊഴിലാണ്. കൊല്ലം മുഴുവനും പുഷ്പിക്കുന്ന മുല്ലച്ചെടികൾക്ക് സദാ വെള്ളം ആവശ്യമുള്ളതിനാൽ സ്​പ്രിങ്​ളർ ഉപയോഗിച്ചാണ് അവ നനയ്ക്കുക.

മഹാരാഷ്ട്രിയൻ സ്ത്രീകളുടെ അടയാളമായി അവർ  ‘വേണി' തലമുടിയിൽ  ചൂടുന്നു. ഈസ്​റ്റിന്ത്യൻ ക്രിസ്​ത്യൻ സ്ത്രീകളും മഹാരാഷ്ട്രീയരായ ഹിന്ദുവനിതകളും നിത്യേന മുല്ലപ്പൂവേണി ചൂടുന്നതിനാൽ പൂന്തോട്ട ഉടമകളുടെ മേശപ്പുറത്ത് പണം കുമിഞ്ഞുകൂടും. ദാദർ ഫൂൽ മാർക്കറ്റിൽ നിന്ന് / Photo : Debmalya Mukherjee. Flickr
മഹാരാഷ്ട്രിയൻ സ്ത്രീകളുടെ അടയാളമായി അവർ ‘വേണി' തലമുടിയിൽ ചൂടുന്നു. ഈസ്​റ്റിന്ത്യൻ ക്രിസ്​ത്യൻ സ്ത്രീകളും മഹാരാഷ്ട്രീയരായ ഹിന്ദുവനിതകളും നിത്യേന മുല്ലപ്പൂവേണി ചൂടുന്നതിനാൽ പൂന്തോട്ട ഉടമകളുടെ മേശപ്പുറത്ത് പണം കുമിഞ്ഞുകൂടും. ദാദർ ഫൂൽ മാർക്കറ്റിൽ നിന്ന് / Photo : Debmalya Mukherjee. Flickr

രാവിലെ അഞ്ചുമണിയോടെ പൂക്കൾ ഇറുത്തുതുടങ്ങും. തേയില നുള്ളുന്നതുപോലെ അത്ര എളുപ്പമല്ല മുല്ലപ്പൂ ശേഖരിക്കുന്നത് എന്ന് സഞ്ചാൻ സ്വദേശിയും മോഗ്രാവാഡി ഉടമയുമായ ഫ്രെനി ബാട്​ലിവാല പറഞ്ഞു.
മുല്ലപ്പൂ പൂന്തോട്ടങ്ങളിൽനിന്ന് ശേഖരിക്കുന്ന പൂക്കൾ അൾട്രാ വയലറ്റ് രശ്മികളെ തടുക്കാൻ നീലനിറമുള്ള തുണിച്ചാക്കുകളിൽ കെട്ടി ഫ്രെനിയുടെ ജോലിക്കാരിൽ ഒരാൾ മോട്ടോർ സൈക്കിളിൽ ധാനു റെയിൽവെ സ്റ്റേഷനിലെത്തിക്കുന്നു. തുടർന്ന് സബർബൻ ട്രെയിൻ പിടിച്ച് അയാൾ ദാദറിലെത്തുന്നു. അവിടെയുള്ള ഫൂൽ മാർക്കറ്റിൽ തൂക്കം നോക്കി വില്ക്കുന്നു. ദസറ, ദീപാവലി, ഗണേശോത്സവം തുടങ്ങിയ കാലങ്ങളിൽ മുല്ലപ്പൂ വില കുത്തനെ ഉയരും.

മഹാരാഷ്ട്രിയൻ സ്ത്രീകളുടെ അടയാളമായി അവർ ‘വേണി' തലമുടിയിൽ ചൂടുന്നു. (ഈ മാല ഗിൽറ്റ്‌നാരുകളും മുല്ലപ്പൂക്കളും ചേർത്തുണ്ടാക്കുന്നതാണ്.) ഈസ്​റ്റിന്ത്യൻ ക്രിസ്​ത്യൻ സ്ത്രീകളും മഹാരാഷ്ട്രീയരായ ഹിന്ദുവനിതകളും നിത്യേന മുല്ലപ്പൂവേണി ചൂടുന്നതിനാൽ പൂന്തോട്ട ഉടമകളുടെ മേശപ്പുറത്ത് പണം കുമിഞ്ഞുകൂടും. ഈ പ്രദേശങ്ങളിലുള്ള തെങ്ങിൻതോപ്പുകളിൽ കള്ള്‌ ചെത്തുന്ന ചില മലയാളികളെയും കണ്ടു. ഈസ്​റ്റിന്ത്യക്കാരുടെ പ്രസിദ്ധീകരണമായ ‘സദ്​വാർത്ത’യിൽ കുറെ നാൾ മുമ്പ് ‘വസയ്- യെസ്​റ്റർഡേ ആൻറ്​ റ്റുഡേ’ എന്ന ലേഖനത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘അഞ്ചും ആറും അതിൽ കൂടുതലായും ഏക്കർ മുല്ലപ്പൂന്തോട്ടമുള്ള ഈസ്റ്റ് ഇന്ത്യക്കാർ ഇന്ന് ഭൂമാഫിയയുടെ ഭീഷണിയിലാണ്. പത്തുമുപ്പത് വർഷങ്ങൾക്കുമുമ്പ് തികച്ചും ഉൾനാടൻ പ്രദേശമായിരുന്ന വസയ് താലൂക്കിനെ ഇപ്പോൾ നഗരവല്ക്കരണം കടന്നാക്രമിച്ചിട്ടുണ്ട്. പാപ്ഡി, ദോംതലാവ്, അഗാഷി തുടങ്ങിയ സ്ഥലങ്ങളിലെ മുല്ലപ്പൂന്തോട്ടങ്ങൾ അംബരചുംബികൾക്ക് വഴിമാറിയിരിക്കുകയാണ്.'

വസയ് ഈസ്റ്റിലെ ഗോഖിവാര കുന്നുകളും ഇടിച്ചുനിരത്തി പാർപ്പിട സമുച്ചയങ്ങളും ബംഗ്ലാവുകളും ഉയർന്നുവന്നിട്ടുണ്ട്. ഫാദർ ബ്രിട്ടോയുടെ നേതൃത്വത്തിലുള്ള ‘വസയ് വികാസ് സമിതി'യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രവർത്തകർ നഗരാക്രമണം തടയാൻ ഒട്ടേറെ പ്രവർത്തിക്കുന്നുവെങ്കിലും ബിൽഡർ ലോബി ഭരണകൂടത്തിൽ കൈകടത്തി ‘സ്റ്റേകൾ' തട്ടി മാറ്റി കെട്ടിട നിർമാണം നിർബാധം തുടരുന്നു. മഹാനഗരത്തിൽ സൂചി കുത്താൻ പോലും സ്ഥലമില്ലാതിരിക്കെ നഗരവാസികൾ വസയ്, വിരാർ, നല്ലസൊപ്പാറ തുടങ്ങി താരതമ്യേന വിലക്കുറവുള്ള സ്ഥലങ്ങളിലേക്ക് താമസം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണവ്യവസ്ഥയനുസരിച്ച് ജനങ്ങൾക്ക് എവിടെയും താമസിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നു എന്ന സത്യം നിലനിൽക്കുന്നുണ്ടല്ലോ.

എപ്പോഴും ജലം ആവശ്യമുള്ള മുല്ലപ്പൂന്തോട്ടങ്ങളും ജമന്തി തോട്ടങ്ങളും നനയ്ക്കാനുള്ള ജപ്പാൻ നിർമിത സ്​പ്രിങ്​ളർ എന്ന ഉപകരണത്തിന്​ വില്പന സാധ്യതയുള്ള സ്ഥലമാണ് ധാനുവും പരിസരങ്ങളും. ഞാൻ ആഡ് ഏജൻസിയിലെ ജോലിയും പത്രപ്രവർത്തനവും അവസാനിപ്പിച്ച് സ്​പ്രിങ്​ളർ മാർക്കറ്റിങ്ങിൽ ഇപ്പോൾ കൈവച്ചിരിക്കുന്നു. ഏക്കർകണക്കിന് മുല്ലപ്പൂന്തോട്ടങ്ങളുള്ള ഒരു പാഴ്‌സി വനിത, ഫ്രെനി ബാട്​ലിവാലയെ കാണാനാണ് ഞാനിപ്പോൾ സഞ്ചാനിലെത്തിയിരിക്കുന്നത്. ഹോളിവുഡ് നടിയും ഇന്ത്യൻ വംശജയും പാഴ്‌സിയുമായ, തല എപ്പോഴും മുണ്ഡനം ചെയ്​ത്​ സിനിമികളിൽ പ്രത്യക്ഷപ്പെടുന്ന പാർസിസ് കമ്പാട്ടയോട് മുഖസാദൃശ്യമുള്ള ഫ്രെനി എന്നെ അവരുടെ ബംഗ്ലോയുടെ സ്വീകരണമുറിയിലേയ്ക്ക് ക്ഷണിച്ചു. ചുമരിൽ ഒരു അൻസോണിയ ക്ലോക്ക് പ്രയാസപ്പെട്ട് സമയമറിയിച്ചു, രാവിലെ പതിനൊന്ന്.

ചില കലാനിരൂപകർ വരലി ചിത്രകലയെ ഫോക്കസ് ചെയ്​ത്​ ബോംബെ, ഡൽഹി തുടങ്ങിയ മഹാനഗരങ്ങളിൽ എക്‌സിബിഷനുകൾ സംഘടിപ്പിച്ചു. അതോടെ അത്​ ലോകശ്രദ്ധ പിടിച്ചുപറ്റി.

ജീൻസും ടോപ്പുമണിഞ്ഞ ഫ്രെനിയോട് ഉപചാര വാക്കുകൾ മേമ്പൊടിയായി ആദ്യം വിതറി ആഗമനോദ്ദേശ്യം വെളിപ്പെടുത്തി. അവർ ഞാൻ കൊടുത്ത ബ്രോഷർ ഒന്ന് ഓടിച്ചുനോക്കി. ‘പറയാം’ എന്ന്​ വലിയ താല്പര്യം കാണിക്കാത്ത മട്ടിൽ അവർ പറഞ്ഞു. please take your own time എന്നു ഞാൻ മറുപടിയും പറഞ്ഞു. കണ്ണുകൾ, സ്വീകരണമുറിയിലെ ചുമരിൽ തറച്ചിരുന്ന വരലി ചിത്രങ്ങളിൽ ഉടക്കി.
ഞാനവരോട് വരലികളുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച്​ ചോദിച്ചു. അവർ വാചാലയായി: ‘‘ഞങ്ങൾ പാഴ്‌സികൾ പൊതുവെ സമാധാനപ്രിയരാണ്. എന്റെ ജന്മനാട് അഹമ്മദാബാദിലാണെങ്കിലും പഠിച്ചതും വളർന്നതും യു.കെ.യിലായിരുന്നു. ഭർത്താവിന് പാരമ്പര്യമായി ലഭിച്ച ഈ പ്രദേശത്തുതന്നെയുള്ള അഞ്ചാറ് ഏക്കർ മുല്ലുപ്പൂവാഡി പരിപാലിക്കുകയാണ് ഇപ്പോൾ പ്രധാന ജോലി.''

ഇതിനിടെ അവർ അകത്ത് നോക്കി എന്തോ വിളിച്ചുപറഞ്ഞു, എന്നിട്ട്​ തുടർന്നു: ‘‘അടിയന്തരാവസ്ഥ കൊടികുത്തി വാഴുന്ന അവസരത്തിലാണ് ഞാനും ഭർത്താവും ഇവിടെ എത്തുന്നത്. അതിന്റെ ഭീബത്സമുഖം ആദിവാസികളുടെ ജീവിതം താറുമാറാക്കിയത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ഈ പാവങ്ങളുടെ മേൽ സദാ കുതിരകയറുകയായിരുന്നു. നിരക്ഷരകുക്ഷികളും പച്ചപ്പാവങ്ങളുമായ വരലികൾ ഉദ്യോഗസ്ഥരെ കണ്ടമാത്രയിൽ ഓടിയൊളിച്ചിരുന്ന കാലം അത്ര വിദൂരമൊന്നുമല്ല. പ്രധാനമന്ത്രിയുടെ നിഴലിൽ ഉദ്യോഗസ്ഥർ ദലിതരേയും ആദിവാസികളേയും മുതലെടുത്തുകൊണ്ടിരുന്നു. ഇവർക്ക് റേഷൻകാർഡോ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളോ പ്രൈമറി സ്കൂളുകളോ ഭരണകൂടം നല്കിയിരുന്നില്ല. പാർശ്വവൽക്കരിക്കപ്പെട്ട ഈ ജനതയ്ക്കുവേണ്ടി ആദ്യമായി പൊരുതാനിറങ്ങിയത് ഗോദാവരി പരുലേക്കറായിരുന്നു. മീറ്റിംഗുകളും മുദ്രാവാക്യം വിളികളും സമരവും എന്തെന്നറിയാത്ത ഈ പാവങ്ങളെ സംഘടിപ്പിക്കാനും ഒരേ കൊടിക്കീഴിൽ അണിനിരത്താനും കഴിഞ്ഞത് ഗോദാവരിയുടെ വിജയം തന്നെയാണ്. ഇന്ന് വർഗബോധമുള്ള ജനതയായി വരലികൾ മാറിയത്​ അതുകൊണ്ടാണ്​’’, അവർ കൂട്ടിച്ചേർത്തു.

ഗോദാവരി പരുലേക്കർ / Wikimedia Commons
ഗോദാവരി പരുലേക്കർ / Wikimedia Commons

ഇതിനിടെ കർട്ടൻ മാറ്റി ഒരാദിവാസി പെൺകുട്ടി മഗ്ഗ് നിറയെ കുറുകുറെയുള്ള മധുരപാനീയം ടീപോയിയിൽ വെച്ച് സ്ഥലം വിട്ടു. രുചിച്ചു നോക്കിയപ്പോൾ തണിപ്പിച്ച ചിക്കു ജ്യൂസ്. ഒരു പ്രത്യേക രുചിഅതിനുണ്ടായിരുന്നു. ഫ്രെനി അകത്തുപോയപ്പോൾ ഞാൻ അന്നത്തെ പത്രം കൈയ്യിലെടുത്തു. പഞ്ചാബിലും യു.പി.യിലും നടന്നുകൊണ്ടിരിക്കുന്ന കർഷകസമരത്തെക്കുറിച്ചുള്ള വാർത്തകളായിരുന്നു മുഴുവൻ. അവർ തിരികെ വന്ന് ചൂരൽ മെടഞ്ഞ കസേരയിലിരുന്ന് സിഗററ്റ് കത്തിച്ച് പുകവിട്ടു. ഞാൻ വരലി ചിത്രങ്ങളുടെ പ്രിൻറ്​ പ്രൊഡക്ഷൻ സാധ്യതകളെക്കുറിച്ച് ചോദിച്ചു (എനിക്കും ഇത്തരം കലാസൃഷ്ടികളുടെ മാർക്കറ്റിങ്ങിൽ താല്പര്യമുണ്ട്).

‘The Warli art is unique and it cannot be framed in a few lines’, ഫ്രെനി പറയുന്നു.
‘‘ചില കലാനിരൂപകർ വരലി ചിത്രകലയെ ഫോക്കസ് ചെയ്​ത്​ ബോംബെ, ഡൽഹി തുടങ്ങിയ മഹാനഗരങ്ങളിൽ എക്‌സിബിഷനുകൾ സംഘടിപ്പിച്ചു. അതോടെ അത്​ ലോകശ്രദ്ധ പിടിച്ചുപറ്റി. ഡൽഹിയിലെ അശോക, പ്രസിഡണ്ട്, ഒബ്‌റോയ് ഹോട്ടലുകളിലും വർലി പെയ്ന്റിംഗുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. കലണ്ടറുകൾ, വിസിറ്റിംഗ് കാർഡുകൾ, ബ്രോഷറുകൾ എന്നിവ കൂടാതെ കല്യാണക്കുറികളിൽവരെ വരലി ചിത്രങ്ങളുടെ പ്രിന്റുകൾ കാണാം''.
‘‘ഈ പ്രിൻറ്​ ​പ്രൊഡക്ഷൻ ഇന്ത്യൻ ആർട്ട്​ മാർക്കറ്റിൽ ഗണനീയ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നു. എന്നാൽ ഇന്നത്തെ മോഡേൺ അല്ലെങ്കിൽ പോസ്റ്റ് മോഡേൺ ചിത്രരചനയുടെ കടന്നാക്രമണം ഭാഗ്യവശാൽ വരലി ചിത്രകലയിൽ കാണുന്നില്ല. അതായത് ദുർഗ്രാഹ്യത ഒട്ടും ബാധിച്ചിട്ടില്ല എന്ന് ചുരുക്കം. ജിവ്യാ സോമാ മാഷ് ഷേ എന്ന വരലി ചിത്രകാരന്റെ രചന ഇന്ത്യൻ പ്രസിഡണ്ടിന്റെ പ്രത്യേക അംഗീകാരം നേടി. അതുപോലെത്തന്നെ മകൻ ബാബു മാഷ് ഷേയും ജാനു റാവുട്ടേയും ഏറെ യശസ്​ നേടിയ വരലി കലാകാരാണ്.''

പ്രതി കൂവൻ കോഴി!

ഞാൻ ഫ്രെനി ബാട്​ലിവാലയോട് തൽക്കാലം യാത്രപറഞ്ഞ് സഞ്ചാനിൽനിന്ന് ധാനുവിലേക്ക്​ ബസ്​ പിടിച്ചു. അധികം യാത്രക്കാരില്ലാത്ത ബസ്​ റോഡിലെ എല്ലാ കുഴികളിലും ചാടിയും മറിഞ്ഞും സഞ്ചാരം തുടർന്നു. യാത്രക്കാരികൾ ഭൂരിഭാഗവും ആദിവാസികളാണ്. അവർ നന്നായി ബീഡി പുകയ്ക്കുന്നുണ്ട്. മറ്റുചിലർ ‘തമ്പാക്ക്' ചവച്ചുകൊണ്ടിരിക്കുന്നു. വലിയ ഒരു കുട്ടയിൽ പച്ചക്കറികളും കാൽ കെട്ടിയിട്ട നിലയിലുള്ള ഒരു നാടൻ പൂവൻകോഴിയുമായി ഗർഭിണിയായ ഒരു ആദിവാസി സ്ത്രീ ബസിൽ കയറി നിലത്ത് ഇരിപ്പുറപ്പിച്ചു. അപ്പോഴാണ് നേരം പുലർന്നതെന്നവണ്ണം കോഴി ഇടതടവില്ലാതെ കൂകാൻ തുടങ്ങിയത്​. ഞാനും ഒരു ഫോർസ്ക്വയർ കിങ്ങിന് തീപറ്റിച്ച് പുകവിട്ടു. ബസ്​ സഞ്ചരിച്ച വഴികളുടെ ഇരുഭാഗങ്ങളിലും പച്ചക്കറി തോട്ടങ്ങളാണ്. അവയിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ ആദിവാസികളും തദ്ദേശവാസികളുമുണ്ട്. വെണ്ട, ചീര, ചുരയ്ക്ക, കുമ്പളങ്ങ, മത്തൻ, പടവലം തുടങ്ങിയവ തഴച്ചു വളർന്ന കൃഷിയിടങ്ങളുടെ ഉടമസ്ഥർ പാഴ്‌സികളോ ഇറാനികളോ ആണ്.

‘നീര' എന്ന് മറാഠിയിൽ അറിയപ്പെടുന്ന പനംകള്ളിന് മധുരം കലർന്ന ഉപ്പുരസമാണ്​. കാഡു എന്ന ഇറാനിയൻ കുടുംബമാണ് ധാനുവിലെ മൊത്തം താഡി മാഡിയുടെ കുത്തക വില്പനക്കാർ

ബസ്​ ഒരു വളവിൽ നിർത്തിയപ്പോൾ ഞാൻ ചാടിയിറങ്ങി. ഉയർന്നും താഴ്ന്നും ചാടിയും മറിഞ്ഞുമുള്ള യാത്ര മുതുകിന് വേദനയാണ്​ സമ്മാനിച്ചത്​. ധാനു സ്റ്റേഷനിലെത്താൻ അധിക ദൂരമില്ല. സ്​പ്രിങ്​ളർ കച്ചവടം തൽക്കാലം ഒന്നും മെറ്റീരിയലൈസ് ചെയ്യാത്തതിനാൽ ഞാൻ അല്പം ദുഃഖിതനുമാണ്. ആ ഗാവിൽ പശുപാലനവും പാൽക്കച്ചവടവും നടത്തുന്ന തദ്ദേശീയരുടെ വീടുകൾക്കുമുന്നിൽ രംഗോലി വരച്ചിട്ടുണ്ട്. തുളസിത്തറയും കാണാം. ഓട്ടോയിലിരുന്ന്​ അതിരാണിച്ചെടികൾ ധാരാളമുള്ള ഒരു സ്ഥലത്ത് ഞാനപ്പോൾ മനസ്സു കുളിർപ്പിക്കുന്ന ഒരു ബോർഡ് കണ്ടു: ‘തെങ്ങ്, പനം കള്ള്, ലിറ്ററിന് ഇരുപത് രൂപമാത്രം’ എന്ന് മറാഠിയിൽ എഴുതിയിരിക്കുന്നു. നമ്മുടെ കള്ളുഷാപ്പുകളിലെ പോലെ അവിടെ വക്കൊടിഞ്ഞ, കാലുകളാടുന്ന മേശകളും ബെഞ്ചുകളും അഞ്ചാറെണ്ണമുണ്ട്. ചിലർ കുടുക്കയിൽ നിന്ന് പനം കള്ള് നേരിട്ട് മോന്തുന്നു. ചുട്ട ബോംബ്‌ളി മത്സ്യവും വറുത്ത പഠാണിക്കടലയും മാത്രമാണ് ഉപദംശങ്ങളായി ഉള്ളത്. (തൃശ്ശൂർ പടിഞ്ഞാറെ കോട്ടയിലെ കള്ള്ഷാപ്പിൽ ചാളക്കറിയും കൂർക്ക ഉപ്പേരിയും കായ മെഴുക്കുപുരട്ടിയും മറ്റും വിറ്റ് ഉപജീവനം നടത്തിപ്പോന്ന അമ്മിണി ചേച്ചിയെന്ന ഒരു വൃദ്ധയുടെ ദൈന്യതയാർന്ന മുഖം അപ്പോൾ ഓർമ വന്നു). ആ പ്രദേശത്ത് അപ്പാടെ പനകൾ തിങ്ങി നിറഞ്ഞിട്ടുണ്ട്. വിശറിപോലെ വിരിഞ്ഞു നിൽക്കുന്ന പനയോലകൾ സൂര്യനെ നന്നായി മറയ്ക്കുന്നു. അതിശയങ്ങളിൽ അതിശയമെന്ന് പറയാനാകില്ലെങ്കിലും ഷാപ്പുടമ ഒരു മലയാളിയാണ്. എത്രയോ വർഷങ്ങൾക്കു മുമ്പ് കോഴിക്കോടുനിന്ന് ആലിബാഗിൽ കുടിയേറിപ്പാർത്തവരാണ് വാസുദേവന്റെ കുടുംബം. വയസ്സ് ഏറെ ചെന്നതിനാൽ ചെത്താൻ പോകാറില്ലെന്നും വിശ്വസ്തരായ ജോലിക്കാരാണ് ഷാപ്പു നടത്തുന്നതെന്നും വാസുവേട്ടൻ പറഞ്ഞു. ‘നീര' എന്ന് മറാഠിയിൽ അറിയപ്പെടുന്ന പനംകള്ളിന് മധുരം കലർന്ന ഉപ്പുരസമാണ്​. കാഡു എന്ന ഇറാനിയൻ കുടുംബമാണ് ധാനുവിലെ മൊത്തം താഡി മാഡിയുടെ കുത്തക വില്പനക്കാർ എന്നും വാസുദേവൻ ചേട്ടൻ പറഞ്ഞു. ധാനുവിൽനിന്ന് കള്ള് കന്നാസുകളിലാക്കി മുംബൈ, ബോയ്‌സർ തുടങ്ങിയ സ്ഥലത്തുള്ള മൊത്തക്കച്ചവടക്കാർക്ക് എത്തിക്കുന്നു. ഷാപ്പുകളിലേക്കുള്ള കള്ളിന്റെ വിതരണ ശൃംഖലയുടെ ചുക്കാൻ പിടിക്കുന്നത് ബോംബെയിലെ മുതലാളിമാരാണെത്ര.

ധാനു സ്റ്റേഷനിലെത്തി. ധാനു- വീരാർ ഷട്ടിൽ എന്നെ പ്രതീക്ഷിച്ചെന്നവണ്ണം പ്ലാറ്റ്‌ഫോമിൽ കാത്തുകിടപ്പുണ്ട്. ആളൊഴിഞ്ഞ ഒരു കമ്പാർട്ടുമെന്റിൽ കയറി ജനലരികിലെ സീറ്റിലിരുന്നു. ട്രൗസറും കീറിപ്പറിഞ്ഞ ഷർട്ടും ധരിച്ച ഒരു കൊച്ചുപയ്യൻ കമ്പാർട്ടുമെന്റിൽ വന്നു. അവൻ നന്നായി പാൻ ചവയ്ക്കുന്നുണ്ട്. താമസ സ്ഥലം എവിടെ എന്ന് ഞാൻ വെറുതെ ചോദിച്ചു. ആ പ്ലാറ്റ്‌ഫോം തന്നെയാണ് എന്നവന്റെ മറുപടി. എങ്ങനെ ഇവിടെ വന്നുപെട്ടു എന്ന ചോദ്യത്തിന് ‘ക്യാ മാലൂം’ എന്നായിരുന്നു മറുപടി. മാതാപിതാക്കളെക്കുറിച്ച്​ അവന് പിടിയില്ല. നിനക്ക് രാജു എന്ന പേർ ആര് നൽകി എന്ന ചോദ്യത്തിന് ‘ഞാൻ തന്നെ' എന്നായിരുന്നു ഉത്തരം.

സമയം വൈകീട്ട് ആറരയോടടുത്തു. വണ്ടി ചൂളംവിളിച്ച് ഒരു പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞ് സ്റ്റേഷൻ വിട്ടു. ഞാൻ സീറ്റിൽ ചാരി മയങ്ങാൻ തുടങ്ങി. വീണ്ടും തിരിച്ചുവരാനായുള്ള ഒരു യാത്ര.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments