ബൃന്ദ കാരാട്ട് / Photo: CPIM, FB Page.

I am a Communist

​ബി.ജെ.പിയും സംഘപരിവാറും ചേർന്ന് കെട്ടഴിച്ചുവിട്ടിരിക്കുന്ന ബുൾഡോസർ വെറുമൊരു യന്ത്രമല്ല, അതൊരു പ്രത്യയശാസ്ത്രമാണ്. മതേതര ഇന്ത്യയെ സംരക്ഷിക്കുന്നതിന്, വർഗീയവാദത്തിന്റെയും മൗലികവാദത്തിന്റേയും ഏതുതരം രൂപങ്ങളോടും ഒരുതരത്തിലും സന്ധി ചെയ്യാത്ത അതിശക്തമായ പ്രത്യയശാസ്ത്രം നമുക്കാവശ്യമുണ്ട്.

ൽഹി ജഹാംഗീർ പുരിയിലെ സംഘർഷാവസ്ഥയ്ക്ക് അയവുവന്നിട്ടില്ല. പ്രദേശത്തെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാനെന്ന വ്യാജേന ബി.ജെ.പി. ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ ബുൾഡോസറുകളുമായി എത്തുകയും മുസ്​ലിംകളുടെ കടകളും പള്ളിയുമുൾപ്പെടെ തകർക്കുകയുമായിരുന്നു. നിർമാണങ്ങൾ പൊളിച്ചുനീക്കുമെന്നറിയിച്ചുള്ള യാതൊരു മുന്നറിയിപ്പും അധികാരികൾ ആർക്കും നൽകിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച (16/ 4 / 2022) ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്കുനേരെ കല്ലേറുണ്ടാവുകയും അത് മുസ്​ലിം വിഭാഗത്തിൽ നിന്നാണെന്ന് ആരോപിക്കപ്പെടുകയും വർഗീയ സംഘർഷത്തിലേക്ക് നയിക്കുകയും നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികാര നടപടിയെന്നോണം മുനിസിപ്പൽ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പ്രദേശത്തെ മുസ്​ലിം കടകളെ ലക്ഷ്യം വെച്ച് നോട്ടീസ് നൽകാതെ പൊളിച്ചുനീക്കൽ തുടങ്ങിയത്.

നോട്ടീസ് നൽകാതെയാണല്ലോ പൊളിച്ചു നീക്കുന്നത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ പോലും മേയർ രാജാ ഇഖ്ബാൽ സിംഗിന് കഴിഞ്ഞിരുന്നില്ല. മുനിസിപ്പൽ അധികൃതരുടെ നടപടി തുടരുന്നതിനിടെ പൊളിക്കൽ തടഞ്ഞ് സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ ഉത്തരവിന്റെ കോപ്പി കിട്ടിയില്ല എന്നുപറഞ്ഞ് പൊളിക്കൽ തുടർന്നു. ഈ ഘട്ടത്തിൽ സുപ്രീം കോടതി ഉത്തരവിന്റെ കോപ്പിയുമായി വന്ന് സി.പി.എം. നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട് ബുൾഡോസറുകൾക്കു മുന്നിൽനിന്ന് പൊളിക്കൽ തടഞ്ഞു. ബൃന്ദയുടെ ഈ നീക്കത്തെത്തുടർന്ന് മുനിസിപ്പൽ അധികൃതർക്ക് നടപടികളിൽ നിന്ന് പിൻമാറേണ്ടി വന്നു.
ദരിദ്രരും നിസ്സഹായരുമായ ചെറുകിട കച്ചവടക്കാരുടെ ജീവിതമാർഗ്ഗമാണ് ബുൾഡോസർ ഉപയോഗിച്ച് ഒരു മനുഷ്യത്വവുമില്ലാതെ ഭരണകൂടം തകർത്തത്. ഭരണകൂട ധാർഷ്ട്യത്തെ മുന്നിൽ നിന്ന് തടഞ്ഞ
ബൃന്ദ ട്രൂ കോപ്പിയോട് സംസാരിക്കുന്നു.

ഡൽഹി ജഹാംഗിർപുരിയിലെ ജനവാസമേഖലയിൽ മുസ്​ലിംകളുടെ കെട്ടിടങ്ങൾ പൊളിക്കുന്നത് തടയാൻ ബുൾഡോസറിനുമുന്നിൽ നിന്ന്​ പ്രതിഷേധിക്കുന്ന​ ബൃന്ദ കാരാട്ട്‌ / Photo: CPIM, FB Page.

മനില സി. മോഹൻ: ജഹാംഗീർ പുരിയിൽ സംഘപരിവാർ സംഘർഷവും അക്രമവും ഉണ്ടാക്കിയ പാറ്റേൺ വളരെ കൃത്യമായിരുന്നു. ആ പാറ്റേൺ മതേതര ഇന്ത്യയ്ക്ക് പരിചിതവുമാണ്. ഗുജറാത്ത് വംശഹത്യയും 2020ലെ ഡൽഹി കലാപവും അതിനുദാഹരണങ്ങളാണ്. കഴിഞ്ഞയാഴ്ച രാമനവമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ വ്യാപകമായുണ്ടായ അക്രമസംഭവങ്ങൾ നമ്മൾ കണ്ടതാണ്. പൊലീസിനേയും തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയനേതൃത്വത്തേയും ഉപയോഗിച്ച് ഹിന്ദുത്വയും കേന്ദ്രത്തിലെ വലതുപക്ഷ സർക്കാരും മുസ്​ലിംകളെ ലക്ഷ്യം വെച്ചുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കുകയാണ്. സെക്യുലർ ഇന്ത്യയുടെ പ്രതിരോധതന്ത്രം, രീതി എന്തായിരിക്കണം? ഒരു ഇടതുപക്ഷ നേതാവ് എന്ന രീതിയിൽ സെക്കുലർ ഇന്ത്യയ്ക്കു വേണ്ടിയുള്ള പ്രതീക്ഷകൾ എന്താണ്?

ബൃന്ദ കാരാട്ട്: ബി.ജെ.പിയും സംഘപരിവാറും ചേർന്ന് കെട്ടഴിച്ചുവിട്ടിരിക്കുന്ന ബുൾഡോസർ വെറുമൊരു യന്ത്രമല്ല, അതൊരു പ്രത്യയശാസ്ത്രമാണ്. മതേതര ഇന്ത്യയെ സംരക്ഷിക്കുന്നതിന്, വർഗീയവാദത്തിന്റെയും മൗലികവാദത്തിന്റേയും ഏതുതരം രൂപങ്ങളോടും ഒരുതരത്തിലും സന്ധി ചെയ്യാത്ത അതിശക്തമായ പ്രത്യയശാസ്ത്രം നമുക്കാവശ്യമുണ്ട്. ഇടതുപ്രത്യയശാസ്ത്രം ആ ശക്തിയുടെ ഉറപ്പുള്ള തൂണാണ്. ഒപ്പം, ആ പ്രത്യയശാസ്ത്രം അടിത്തട്ടിലെ പ്രവർത്തനങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതുമായിരിക്കണം. സോഷ്യൽ മീഡിയ ആശയവിനിമയത്തിന് നല്ലതാണ്. എന്നാൽ ട്വീറ്റുകളോ പോസ്റ്റുകളോ ഒന്നും ഒരിക്കലും ജനതയുമായി നേരിട്ട് സംവദിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോ പകരം വെയ്ക്കാവുന്നതല്ല. നീതിയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും അനീതിക്കെതിരായ പ്രതിരോധവും ഇടതുപ്രത്യയശാസ്ത്രവും ഒന്നിച്ചുചേരുമ്പോൾ അത് ജനതയുടെ മഹാസമ്മേളനമായി മാറും. ഭൂരിപക്ഷം ഇന്ത്യാക്കാരും ബുൾഡോസർ രാഷ്ട്രീയത്തിന് എതിരാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്.

ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച മുസ്ലിം യുവാവിനെ തടയുന്ന പൊലീസ്. / Photo: Altaf Qadri

ബുൾഡോസറിനുമുന്നിൽ കൈകളുയർത്തി നിൽക്കുന്ന സഖാവ് ബൃന്ദ കാരാട്ടിന്റെ രാഷ്ട്രീയചിത്രം പ്രതീകാത്മകവും പലതരം മാനങ്ങളുള്ളതുമാണ്. മനുഷ്യത്വത്തിന്റെയും പൊളിറ്റിക്കൽ ഫെമിനിനിറ്റിയുടേയും ജൈവികമായ സങ്കലനമായിട്ടാണ് വ്യക്തിപരമായി ആ ഫോട്ടോഗ്രാഫ് അനുഭവപ്പെട്ടത്. ബുൾഡോസറിനു മുന്നിൽ അങ്ങനെ നിൽക്കുമ്പോൾ എന്തായിരുന്നു താങ്കളുടെ മനസ്സിൽ? എണ്ണമറ്റ സമരങ്ങളിലും മുന്നേറ്റങ്ങളിലും പങ്കെടുത്തിട്ടുള്ള, പങ്കെടുക്കുന്ന ആളാണ് താങ്കൾ. എങ്ങനെയാണ് ഈ പ്രതിരോധം മറ്റു സമരങ്ങളിൽ നിന്ന് വ്യത്യസ്തമായത്?

I am a Communist. അടിച്ചമർത്തപ്പെടുന്ന ആളുകളുടെ കൂടെ നിൽക്കുന്നതും അവരുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്നതും ഞങ്ങളുടെ ജീവിതരീതി തന്നെയാണ്. രാജ്യത്തിന്റെ ഒരു കോണിലല്ലെങ്കിൽ മറ്റൊരു കോണിൽ ദിവസവും ഞങ്ങൾ അതു ചെയ്യുന്നുണ്ട്. മാധ്യമങ്ങൾ അത് കാണുന്നില്ലെന്നു മാത്രം. അന്ന് ജഹാംഗീർപുരിയിൽ ഭരണകൂടം വരുത്തിവെച്ച നാശനഷ്ടങ്ങൾ എന്നെയും എന്റെ കൂടെയുണ്ടായിരുന്ന സഖാക്കളെയും ശരിക്കും നടുക്കിക്കളഞ്ഞു. സ്ത്രീകളും കുട്ടികളും കരഞ്ഞുകൊണ്ടുനിൽക്കുന്നത് ഞങ്ങൾ കണ്ടു. അവിടെയുള്ള പാവപ്പെട്ട മനുഷ്യർ കഷ്ടപ്പെട്ട് ജോലി ചെയ്ത് സ്വരുക്കൂട്ടിയതെല്ലാം തച്ചുതകർക്കപ്പെടുന്നത് ഞങ്ങൾ കണ്ടു. നഗ്‌നവും നിർലജ്ജവുമായി അനീതി നടമാടുന്നത് ഞങ്ങളെ രോഷാകുലരാക്കി. വ്യക്തമായ കോടതിയലക്ഷ്യം കൂടിയായിരുന്നു ഭരണകൂടത്തിന്റെ നടപടി. അപ്പോൾ ഞങ്ങൾ ഒരു കാര്യം മാത്രമേ ചിന്തിച്ചുള്ളൂ: എങ്ങനെയെങ്കിലും ആ ബുൾഡോസറിന്റെ പ്രവർത്തനം നിർത്തണം.

രാജ്യതലസ്ഥാനത്തു തന്നെ ഇത്തരമൊരു അനീതി നടപ്പാക്കാനുള്ള ധൈര്യം വെറുപ്പിന്റെ ശക്തികൾക്ക് കൈവന്നിരിക്കുന്നു എന്നത് നമുക്കെല്ലാം നാണക്കേടാണ്. അതേസമയം, ആ ബുൾഡോസറിനെ തടഞ്ഞതിന് നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണയിൽ ഞങ്ങൾക്കു പ്രതീക്ഷയുണ്ട്. ഭരണകൂട നടപടിയോടുള്ള ജനരോഷത്തിന്റെ തെളിവാണ് അത്. അനീതിക്കെതിരായ ആ ജനരോഷത്തെ സംഘടിത ശക്തിയായി മാറ്റിയെടുക്കേണ്ടതുണ്ട്. അങ്ങനെയാണ് വെറുപ്പിന്റെ ശക്തികളെ പരാജയപ്പെടുത്തേണ്ടത്. ▮


TEAM TRUECOPY

കമൽറാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റർമനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ് ടി.എം. ഹർഷൻ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റർ​കെ.കണ്ണൻ എക്‌സിക്യൂട്ടിവ് എഡിറ്റർ​ഷഫീഖ് താമരശ്ശേരി പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ്മുഹമ്മദ് ജദീർ സീനിയർ ഡിജിറ്റൽ എഡിറ്റർ​അലി ഹൈദർ സീനിയർ ഔട്ട്പുട്ട് എഡിറ്റർകെ.വി. ദിവ്യശ്രീ​ സീനിയർ ഔട്ട്പുട്ട് എഡിറ്റർമുഹമ്മദ് ഫാസിൽ സീനിയർ ഔട്ട്പുട്ട് എഡിറ്റർ

വി.കെ. ബാബു സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)​മുഹമ്മദ് സിദാൻ ടെക്‌നിക്കൽ ഡയറക്ടർമുഹമ്മദ് ഹനാൻ ഫോട്ടോഗ്രാഫർഅഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫർഷിനു ടി.എം. വിഷ്വൽ എഡിറ്റർമഷ്ബൂബ് പി.പി. ജൂനിയർ വിഷ്വൽ എഡിറ്റർ​ഷിബു ബി. സബ്‌സ്‌ക്രിപ്ഷൻസ് മാനേജർവിഷ്ണുപ്രസാദ് വി.പി. ഫൈനാൻസ് മാനേജർ​

സൈനുൽ ആബിദ് കവർ ഡിസൈനർപ്രതീഷ് കെ.ടി. ഇലസ്ട്രേഷൻ


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


ബൃന്ദ കാരാട്ട്​

സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വൈസ് പ്രസിഡൻറ്​.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments