ബജറ്റുകളിൽ പൊതുവായി വകയിരുത്തുന്ന സ്‌കീമുകളും പദ്ധതികളും പട്ടികജാതി - വർഗ്ഗക്കാർക്കിടയിൽ എത്തിച്ചേരുകയോ അതിന്റെ ഗുണം ഈ വിഭാഗങ്ങൾക്ക് ലഭിക്കുകയോ ചെയ്യുന്നില്ല എന്ന പഠനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് പട്ടികജാതി - വർഗക്കാർക്ക് പ്രത്യേക ബജറ്റ് എന്ന നിലയിൽ ഘടകപദ്ധതികൾ കേന്ദ്രസർക്കാർ ആരംഭിക്കുന്നത്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സാമ്പത്തിക- വിദ്യാഭ്യാസ മേഖലകളിൽ പ്രത്യേക പരിഗണയും പിന്തുണയും ഉണ്ടാകണമെന്ന ഭരണഘടനാതത്വവും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന പ്ലാനിങ് കമീഷനും, പിന്നീട് നിലവിൽവന്ന നിതി ആയോഗ് 2018 ലും പുറത്തിറക്കിയ മാർഗനിർദ്ദേശ രേഖകളുടെ അടിസ്ഥാനത്തിലാണ് ബജറ്റിൽ പ്രത്യേക ഘടകപദ്ധതികൾ ആവിഷ്‌കരിക്കേണ്ടത്. അതിൽ ഏറ്റവും പ്രധാന നിർദ്ദേശം പട്ടികജാതി - വർഗക്കാരുടെ ജനസംഖ്യക്ക് ആനുപാതികമായ പണം വാർഷിക പദ്ധതിയിൽ വകയിരുത്തണമെന്നും അത് അവരുടെ ആസ്തി വികാസത്തിനുതകും വിധമായിരിക്കണം എന്നുമാണ്.
പക്ഷെ അധികാരത്തിലിരുന്ന ഒരു സർക്കാരും ഈ നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല, മാത്രവുമല്ല, നരേന്ദ്ര മോദി സർക്കാർ പഞ്ചവത്സര പരിപാടികളും - വാർഷിക പദ്ധതികളും എന്ന ചട്ടക്കൂടിലുള്ള ബജറ്റ് അവസാനിപ്പിക്കുകയും ചെയ്തു. മൊത്ത ബജറ്റ് എന്ന നിലയിലാണ് ഇപ്പോൾ പദ്ധതികളും പരിപാടികളും അവതരിപ്പിക്കുന്നത്. ഇതിൽ ജനസംഖ്യാനുപാതികമായി വിഭവങ്ങൾ നീക്കിവക്കുന്നതിനുള്ള കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
ദലിതരുടെയും ആദിവാസികളുടെയും സാമ്പത്തിക അവകാശങ്ങൾക്ക് അവരുടെ സാമൂഹിക അവകാശങ്ങൾപോലെ പ്രാധാന്യമുണ്ട്, അല്ലെങ്കിൽ ഇവരണ്ടും പലപ്പോഴും ഇഴപിരിക്കാനാവാത്ത വിധം ചേർന്നുനിൽക്കുന്നു. RIGHTS - NCDHR എന്നീ സംഘടനകൾ ദീർഘകാലമായി ബജറ്റ് മോണിറ്ററിങ് പ്രവർത്തങ്ങൾ നടത്തിവരുന്നു. അതിന്റെ തുടർച്ചയെന്ന നിലയിൽ, സർക്കാർ തന്നെ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചാണോ 2023 -2024 ലെ കേന്ദ്ര ബജറ്റ് എന്ന പരിശോധനയാണ് നടത്തുന്നത്.
‘അമൃത കാലം’, അഥവാ വികസനത്തിന്റെ നല്ലകാലം എന്ന് ഏറെ ഘോഷിക്കപ്പെട്ട പേരിലാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്. പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിലും, തൊഴിലില്ലായ്മ കുറെ കാലമായി വർദ്ധിച്ച നിലയിലുമാണെങ്കിലും കേന്ദ്ര ബജറ്റ് ജനങ്ങളുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നില്ല. 2023 -24 വർഷത്തെ മൊത്തം കേന്ദ്ര ബജറ്റ് 4990842. 73 കോടി രൂപയും അതിൽ പട്ടികജാതി - വർഗ ക്ഷേമത്തിന് യഥാക്രമം 159126.22 കോടിയും 119509.87 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്, ഇതിൽ പട്ടികജാതി - വർഗ്ഗക്കാർക്ക് നേരിട്ട് ലഭിക്കുക (targeted Scheme) യഥാക്രമം 30475 കോടിയും, 24384 കോടിയും മാത്രമാണ്. ബാക്കി ബജറ്റ് തുക സാങ്കല്പികം (notional) അലോക്കേഷൻ ഇനത്തിലാണ്.
പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് (PMS) തുക ചുരുങ്ങിയത് 10,000 കോടി രൂപയായെങ്കിലും ഉയർത്തണമെന്ന ദലിത് സംഘടനകളുടെ ദീർഘകാല ആവശ്യം ഇത്തവണയും പരിഗണിക്കപ്പെട്ടില്ല എങ്കിലും ബജറ്റിലെ PMS തുക-പട്ടികജാതി ഫണ്ട് 6359.14 കോടിയായും, പട്ടിക വർഗ ഫണ്ട് 1970 കോടിയായും വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രാലയത്തിനുകീഴിൽ വരുന്ന ‘സാകാശം അംഗൻവാടി മിഷൻ ശക്തി' എന്ന സ്‌കീമുകളുടെ സമന്വയത്തിനു ബജറ്റിൽ വകയിരുത്തിയ 20554 കോടിയുടെ പദ്ധതിയിൽ യഥാക്രമം 5038 കോടി പട്ടികജാതി സ്ത്രീകൾക്കും 2166 കോടി പട്ടിക വർഗ്ഗ സ്ത്രീകൾക്കും നീക്കിവച്ചിരിക്കുന്നു. എന്നിരുന്നാലും ഈ സ്‌കീമുകളുടെ outcome ബജറ്റ് പരിശോധിച്ചാൽ, ഈ സ്‌കീമുകൾക്കൊന്നിനും ഗുണഭോക്താക്കളുടെ ‘വ്യക്തിഗത എണ്ണം' വേർതിരിച്ചു കാണിച്ചിട്ടില്ല എന്ന് കാണാം. അതുകൊണ്ടു മേല്പറഞ്ഞ സമുദായങ്ങൾക്ക് അതിന്റെ ഫലം ലഭിക്കണം എന്നില്ല.
ദലിതരും ആദിവാസികളും വ്യവസ്ഥാപിതവും ഘടനാപരവുമായ അനീതികൾക്ക് നിരന്തരം ഇരയാക്കപ്പെടുന്ന സമുദായങ്ങൾ എന്ന നിലയിൽ ലക്ഷ്യവും ഫലവും ഉറപ്പാക്കുന്ന ക്ഷേമപരിപാടികൾ ആവിഷ്‌കരിക്കേണ്ടയിടത്ത്, പാർശ്വവൽക്കരിക്കപ്പെട്ട ഈ സമൂഹങ്ങൾക്ക് യാതൊരു ഗുണവും ലഭിക്കാത്ത ‘പൊതു' സ്‌കീമുകൾക്ക് ബജറ്റിൽ തുക നീക്കി വെക്കുന്നതുവഴി, അടിയന്തരമായി പരിഹരിക്കേണ്ട, സമുദായത്തിന്റെ സവിശേഷ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ പോകുന്നു.
ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2021- ൽ മാത്രം പട്ടികജാതി - വർഗക്കാർക്കുനേരെ നടന്ന കൊലപാതകങ്ങളും, റേപ്പ് പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളും 60,000 നുമുകളിലാണ്. അതിൽ പട്ടികജാതി - വർഗ സ്ത്രീകൾക്കെതിരെ നടന്നത് 11000 കുറ്റകൃത്യങ്ങളാണ്. പക്ഷെ കേവലം 150 കോടി മാത്രമാണ് പട്ടികജാതി -വർഗ സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനുള്ള നിയമം നടപ്പാക്കുന്നതിന് ബജറ്റിൽ വകയിരുത്തുയിരിക്കുന്നത്. ഈ നിയമം നടപ്പിലാക്കാൻ ആകെ നീക്കി വച്ചിരിക്കുന്ന തുക 500 കോടി മാത്രമാണ്.
തോട്ടിപ്പണി നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിലുണ്ടെങ്കിലും രാജ്യത്ത് തോട്ടിപ്പണി ഇപ്പോഴും ഏറ്റവും ആവശ്യമായ ജോലികളിലൊന്നായി തുടരുന്നു. സാമൂഹ്യ നീതി - വികസന മന്ത്രാലയത്തിന്റെ സർവേ പ്രകാരം 58,089 തോട്ടിപ്പണിക്കരെ രാജ്യവ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. ഖേദകരമായ വസ്തുത തോട്ടിപ്പണിക്കാരെ പുനരധിവസിപ്പിക്കുന്നതിന് നിലവിലുണ്ടായിരുന്ന സ്‌കീം ഈ ബജറ്റിൽ എടുത്തുകഞ്ഞു, ഈ വിഭാഗക്കാർക്ക് ബജറ്റിൽ ഒരു പൈസ പോലും നീക്കിവച്ചിട്ടുമില്ല. വൃത്തിഹീനമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് ഇനത്തിലും ബജറ്റിൽ നിർദ്ദേശങ്ങൾ ഒന്നും തന്നെയില്ല. തോട്ടിപ്പണി യന്ത്രവൽക്കരിക്കുന്നതിന് 97 കോടിയുടെ പുതിയ സ്‌കീം ബജറ്റിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹമാണ്. പ്രാക്തന ഗോത്രവിഭാഗങ്ങളുടെ വികാസത്തിന് 256 കോടി നീക്കി വച്ചതും, പട്ടികജാതിക്കാർക്കുള്ള ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾക്ക് 5943 കോടി ബജറ്റിൽ വകയിരുത്തിയതും അഭിനന്ദനം അർഹിക്കുന്നു.
പ്രധാന ശുപാർശകളും നിർദ്ദേശങ്ങളും:
പട്ടികജാതി - വർഗ ബജറ്റ് സ്‌കീമുകളിൽ 50% വും (46 എണ്ണം) വൈയക്തിക ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിച്ചിട്ടില്ലാത്ത പൊതു സ്‌കീമുകളാണ്, അതുകൊണ്ട് ഈ സമുദായങ്ങളിലെ വ്യക്തികൾക്ക് ഒരു നേട്ടവും ഉണ്ടാകുന്നില്ല, ധനമന്ത്രാലയവും, നിതി ആയോഗും ഇതര മന്ത്രാലയങ്ങളോട് അടിയന്തിരമായി വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം ഓരോ സ്‌കീമിലും നിശ്ചയിക്കാൻ ഉടൻ ആവശ്യപ്പെടണം.
പട്ടികജാതി - വർഗ വിഭാഗങ്ങൾക്കുള്ള ബജറ്റിൽ അനുവദിച്ചിട്ടുള്ളതിൽ വിവിധ മന്ത്രലയങ്ങൾക്കുകീഴെ വരുന്ന 50000 കോടിയുടെ വ്യത്യസ്ത സ്‌കീമുകൾ കാലഹരണപ്പെട്ടതും, ഈ സമൂഹങ്ങൾക്ക് പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ലാത്തതുമാണ്. ആയതിനാൽ ഈ ഫണ്ട്, വകമാറ്റൽ ആയി കണക്കാക്കി തുക ആദിവാസി മന്ത്രാലയത്തിനും, സാമൂഹ്യ നീതി - ക്ഷേമ മന്ത്രാലയത്തിനും കീഴിലുള്ള സ്‌കീമുകൾക്ക് നൽകണം
2018ൽ നിതി ആയോഗ് പുറത്തിറക്കിയ വ്യവസ്ഥകൾ പ്രകാരം എല്ലാ മന്ത്രാലയങ്ങളും പട്ടികജാതി-വർഗ സമുദായങ്ങളുടെ ജനസംഖ്യക്കാനുപാതികമായ തുകക്കുള്ള ബജറ്റ് നിർദ്ദേശങ്ങൾ സമർപ്പിക്കണം
പട്ടികജാതി - വർഗക്കാർക്ക് നേരിട്ട് ഫലം ലഭിക്കുന്ന സ്‌കീമുകളായ, PMS, ഹോസ്റ്റലുകൾ, നൈപുണ്യ വികസനം തുടങ്ങിയവയ്ക്കുള്ള ബജറ്റ് അലോക്കേഷൻ കൂട്ടുകയും എത്രയും വേഗത്തിലും സമയ ബന്ധിതമായും ഇവ വിതരണം ചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുകയും വേണം.
പട്ടികജാതി- വർഗ ബജറ്റിന്റെ 50% ഈ വിഭാഗത്തിലെ സ്ത്രീകൾക്ക് ലഭ്യമാകുന്ന രീതിയിൽ ഒരു പ്രത്യേക ഘടക പദ്ധതി ആവിഷ്‌കരിക്കുകയും അത് പൂർണാർത്ഥത്തിൽ നടപ്പിലാക്കുന്നുണ്ട് എന്നുറപ്പാക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനങ്ങളും ആവിഷ്‌കരിക്കുക.
തോട്ടിപ്പണിയിൽ ഏർപ്പെട്ട സ്ത്രീകളുടെ പുനധിവാസത്തിന് നിലവിലുണ്ടായിരുന്ന സ്‌കീം പുനഃസ്ഥാപിക്കുക, പുതിയതായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്‌കീമിൽ സ്ത്രീകളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുക
7. SCP / TSP ഫണ്ടുകൾ ചെലവാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പലപ്പോഴും പരാജയപ്പെടുന്നത് അതിനൊരു നിയമ ചട്ടക്കൂടില്ലാത്തതു കൊണ്ടാണ്. അതുകൊണ്ട് SCP / TSP ഒരു നിയമമാക്കുക
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ നിർണയിക്കപ്പെടുന്ന കാലാവസ്ഥാ പരാധീനതകൾ അഭിമുഖീകരിക്കുന്നതിൽ നീതിസമത്വത്തിലധിഷ്ഠിതമായ സമീപനം കൊണ്ടുവരികയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം അനുപാതരഹിതമായി അനുഭവിക്കുന്ന പട്ടികജാതി- വർഗ വിഭാഗങ്ങൾക്ക് മതിയായ സംരക്ഷണം ഉറപ്പാകുകയും ചെയ്യുക.