കർഷകസമരവും ഇന്ധന വിലവർധനയും വോട്ട്​ ചെയ്യുമോ?

അടുത്തവർഷം അഞ്ച് സംസ്ഥാനങ്ങളിൽ നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക്​ തിരിച്ചടിയെന്നതാണ് ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ച് ശ്രദ്ധേയമായ കാര്യം.

ബി.ജെ.പിയ്ക്കും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനും ശക്തമായ മുന്നറിയിപ്പ് നൽകുന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ. മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും 29 നിയമസഭാ സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അടുത്തവർഷം അഞ്ച് സംസ്ഥാനങ്ങളിൽ നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ തിരിച്ചടിയെന്നതാണ് ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ച് ശ്രദ്ധേയമായ കാര്യം.

ഒരു വർഷം പൂർത്തിയാക്കാനൊരുങ്ങി, ഉത്തരേന്ത്യൻ സംസ്​ഥാനത്തിൽ അതിശക്തമായി തുടരുന്ന കർഷക സമരവും രാജ്യമാകെ വൻ പ്രതിഷേധത്തിനിടയാക്കുന്ന ഇന്ധനവില കൊള്ളയും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജനവിധിയെ എങ്ങനെ സ്വാധീനിക്കും എന്നതിന്റെ നേരിയ സൂചനകൾ ഈ ഉപതെരഞ്ഞെടുപ്പുഫലങ്ങളിലുണ്ട്​.

നേട്ടങ്ങളേക്കാൾ അലോസരമുണ്ടാക്കുന്ന നഷ്​ടങ്ങൾ

ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് ലോക്‌സഭാ സീറ്റുകളിൽ രണ്ടിടത്തും തോറ്റെങ്കിലും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യ്ക്ക് നേട്ടമുണ്ടാക്കാനായിട്ടുണ്ട്. എന്നാൽ നേടിയ സീറ്റുകളേക്കാൾ നഷ്ടപ്പെട്ടവ രാജ്യം ഭരിക്കുന്ന പാർട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. പാർട്ടി ദേശീയ അധ്യക്ഷനായ ജെ.പി. നഡ്ഡയുടെ സംസ്ഥാനമായ ഹിമാചൽപ്രദേശിലുണ്ടായ തിരിച്ചടിയാണ് ഇതിൽ ഏറ്റവും പ്രധാനം. കാർഷിക നിയമങ്ങളോടുള്ള പ്രതിഷേധം സൂചിപ്പിക്കുന്ന ചില ഫലങ്ങളും ഉപതിരഞ്ഞെടുപ്പിൽ ഉണ്ടെന്നതും ബി.ജെ.പി.യ്ക്ക് തിരിച്ചടിയാണ്. ഏറെ പരിശ്രമിച്ചിട്ടും പശ്ചിമബംഗാളിൽ തുടർ പരാജയങ്ങളുണ്ടാക്കുന്നതും ബി.ജെ.പി. ദേശീയ നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. അതിനിടയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാര്യമായ നഷ്ടമുണ്ടായില്ലെന്നത് രാജ്യം ഭരിക്കുന്ന പാർട്ടിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.

ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് 2022-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2022 മാർച്ചിലാണ് ഉത്തർപ്രദേശ് ഒഴികെയുള്ള നാല് നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത്. ഉത്തർപ്രദേശ് നിയമസഭയുടെ കാലാവധി 2022 മെയ് വരെയാണ്.

ഒക്ടോബർ 30-നാണ് ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ദാദ്രാ നഗർ ഹവേലി ആൻഡ് ദാമൻദിയു എന്നിവിടങ്ങളിലെ ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലും ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഹരിയാന, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, മിസോറം, നാഗാലാൻഡ്, രാജസ്ഥാൻ, തെലങ്കാന, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി 29 നിയമസഭാ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് നടന്നത്. നവംബർ രണ്ടിനാണ് ഫലം പ്രഖ്യാപിക്കപ്പെട്ടത്.

മുസ്സഫർനഗറിൽ നടന്ന കർഷകമഹാപഞ്ചായത്തിൽ നിന്ന് / Photo: Bhupinder, Twitter
മുസ്സഫർനഗറിൽ നടന്ന കർഷകമഹാപഞ്ചായത്തിൽ നിന്ന് / Photo: Bhupinder, Twitter

കണക്കുകളിൽ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണകക്ഷികൾക്ക് വലിയ തിരിച്ചടിയാണെന്ന് പറയാനാവില്ല. അസമിലും മധ്യപ്രദേശിലും ഭരണകക്ഷിയായ ബി.ജെ.പി. സീറ്റുകൾ നിലനിർത്തുകയാണ് ചെയ്തത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയപ്പോൾ പശ്ചിമബംഗാളിൽ ഭരണപാർട്ടിയായ തൃണമൂൽ കോൺഗ്രസ് പൂർണ വിജയം നേടുകയാണുണ്ടായത്. എന്നാൽ കണക്കുകൾ മാത്രം പരിഗണിച്ച് ഈ ഉപതിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തത് എത്രമാത്രം ശരിയാകുമെന്ന് പരിശോധിക്കേണ്ടതുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പെന്ന നിലയിൽ വിലയിരുത്തുമ്പോൾ, എൻ.ഡി.എയെയും കോൺഗ്രസിനെയും സംബന്ധിച്ച് സുപ്രധാനമായ ഫലമാണ് ഇതെന്ന് കരുതേണ്ടിവരും. സീറ്റുകൾ നിലനിർത്തിയെന്നതോ പിടിച്ചെടുത്തുവെന്നതോ അല്ലെ, മറിച്ച് കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും നയങ്ങളോടും നടപടികളോടുമുള്ള പ്രതികരണങ്ങളായാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങളെ കാണേണ്ടത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഏത് തരത്തിൽ ചിന്തിക്കും എന്നതിന്റെ മുന്നറിയിപ്പായോ സൂചനയായോ ഒക്കെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലത്തെ കണക്കാക്കേണ്ടതുണ്ട്.

കർഷക സമരവും ഇന്ധന വില വർധനവും വിഷയമാകുന്നു

കർഷക സമരവും ഇന്ധന വിലവർധനയും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പുകളിൽ വിഷയമാകുമെന്നു തന്നെയാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടത്. കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ സമരം തുടങ്ങിയിട്ട് മാസങ്ങളേറെയായി. ജനങ്ങളുടെ താൽപര്യങ്ങൾക്കും ജീവനും യാതൊരു വിലയും കൽപ്പിക്കാത്ത തരത്തിലാണ് മോദി സർക്കാർ കർഷകസമരത്തെ നേരിട്ടത്. എതിർശബ്ദങ്ങൾ ഒരുതരത്തിലും അനുവദിക്കില്ലെന്ന ബി.ജെ.പി. ഭരണകൂടത്തിന്റെ നിലപാട് രാജ്യമെങ്ങും ശക്തമായ പ്രതിഷേധങ്ങൾക്കാണ് വഴിവെക്കുന്നത്. കർഷകസമരത്തിന് വേദിയാകാത്ത സംസ്ഥാനങ്ങളിലും രോഷപ്രകടനങ്ങൾ ഏറെ നടന്നിട്ടുണ്ട്. ഇപ്പോഴും പലവിധത്തിലുള്ള പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ രാജ്യമെങ്ങും ഇത്തരം പ്രതിഷേധങ്ങളുടെ പ്രകമ്പനങ്ങളുണ്ടാകും. അത് തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നും ഉറപ്പായും പ്രതീക്ഷിക്കണം. ജനവിരുദ്ധ നയങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുന്നതിന് കാരണമാകുമെന്നതിന്റെ വ്യക്തമായ സൂചനായായി വേണം ചില മേഖലകളിൽ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേരിട്ട തോൽവികളെ കാണേണ്ടത്.

കർഷകസമരം ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നായ ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ മണ്ഡലത്തിൽ നേരിട്ട തോൽവിയാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിൽ ബി.ജെ.പി. നേരിട്ട ഏറ്റവും വലിയ തിരിച്ചടി. കൂടാതെ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ സീറ്റുകളിലും ബി.ജെ.പി. പരാജയപ്പെട്ടു.

ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ ജില്ലയിലെ മണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ 7490 വോട്ടിനാണ് ബി.ജെ.പി. സ്ഥാനാർഥിയായ കൗശൽ താക്കൂർ പരാജയപ്പെട്ടത്. ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിങാണ് ഇവിടെ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി. മണ്ഡിയിൽ ആകെ പോൾ ചെയ്തതിൽ 49.14 ശതമാനം വോട്ട് കോൺഗ്രസ് നേടിയതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പറയുന്നത്. ബി.ജെ.പി. 48.14 ശതമാനം വോട്ടുകൾ നേടി.

ഉപതിരഞ്ഞെടുപ്പ് നടന്ന ഫത്തെപുർ, അർകി നിയമസഭാ മണ്ഡലങ്ങൾ ബി.ജെ.പി.യിൽ നിന്ന് പിടിച്ചെടുത്ത കോൺഗ്രസ് ജുബ്ബൽ- കോത്‌കൈയിലും വിജയം നേടി. ഫത്തെപുരിൽ ഭവാദി സിഭ് പതാനിയയും അർകിയിൽ സഞ്ജയ് താക്കൂറും ജുബ്ബൽ കോത്‌കൈയിൽ രോഹിത് താക്കൂറുമാണ് വിജയിച്ചത്. ജുബ്ബൽ കോത്‌കൈയിൽ ബി.ജെ.പി. സ്ഥാനാർഥിക്ക് കെട്ടിവെച്ച പണം പോലും നഷ്ടമാകുന്ന സ്ഥിതിയാണുണ്ടായത്.

ഹിമാചൽ ഒരു സൂചന

വോട്ട് കണക്കിൽ ഒരു ശതമാനത്തിന്റെ വ്യത്യാസമാണ് കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ നിലവിലുള്ളത്. എന്നാൽ കർഷകസമരം അവസാനിപ്പിക്കാനുള്ള യാതൊരു ശ്രമങ്ങളും മോദി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനാൽ ഈ വിടവ് ഇനിയും വർധിക്കുക തന്നെ ചെയ്യുമെന്ന് കരുതണം. 2023-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ സൂചനങ്ങൾ ഏറെ പ്രധാനമാണ്. മോദി ഭരണകൂടം ഇനിയും കർഷകവിരുദ്ധ നയങ്ങൾ തുടർന്നാൽ അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഹിമാചൽപ്രദേശിൽ അധികാരം നിലനിർത്താൻ ബി.ജെ.പി. കുറച്ചധികം കഷ്ടപ്പെടേണ്ടിവരും. 68 അംഗ നിയമസഭയിൽ നിലവിൽ എൻ.ഡി.എ. സഖ്യത്തിന് 43 സീറ്റുകളാണുള്ളത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സഖ്യത്തിന് 22 സീറ്റുകളാണുള്ളത്. സി.പി.എമ്മിന് ഒരു സീറ്റുമുണ്ട്. 2023 ജനുവരി എട്ടിനാണ് ഹിമാചൽ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിന് ഒരു വർഷത്തിലധികം മുന്നിലുള്ളപ്പോൾ വന്ന ഈ ഉപതിരഞ്ഞെടുപ്പ് ഫലം കൃത്യമായ സൂചനയായി കണ്ട് മുന്നോട്ട് പോകാനുള്ള ശ്രമങ്ങളായിരിക്കും വരും ദിവസങ്ങളിൽ കോൺഗ്രസും ഘടകകക്ഷികളും നടത്തുക.

മധ്യപ്രദേശിലെ ഖന്ദ്വ ലോക്‌സഭാ സീറ്റ് ബി.ജെ.പി. നിലനിർത്തുകയാണ് ചെയ്തത്. എന്നാൽ 2019-ലേതിനെക്കാൾ കുറവ് ഭൂരിപക്ഷത്തിനാണ് ബി.ജെ.പി.യുടെ വിജയം. 82,140 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി. സ്ഥാനാർഥി ഗ്യാനേശ്വർ പാട്ടീലിന്റെ വിജയം. കോൺഗ്രസ്സിന്റെ രാജ്‌നാരായൺ സിങ് പുരിയായിരുന്നു എതിർ സ്ഥാനാർഥി. ആകെ രേഖപ്പെടുത്തിയ വോട്ടിൽ 49.85 ശതമാനമാണ് ബി.ജെ.പി. നേടിയത്. 43.38 ശതമാനം വോട്ടാണ് കോൺഗ്രസ് സ്ഥാനാർഥി നേടിയത്. 2023-ലാണ് മധ്യപ്രദേശിൽ നിലവിലുള്ള നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത്. 2023 നവംബറിന് മുമ്പായി അടുത്ത തിരഞ്ഞെടുപ്പ് നടക്കും. 230 അംഗ നിയമസഭയിൽ 128 സീറ്റുകളുമായാണ് ബി.ജെ.പി. ഭരിക്കുന്നത്. കോൺഗ്രസിന് 95 സീറ്റാണ് നിലവിലുള്ളത്. ഏഴ് സ്വതന്ത്ര അംഗങ്ങളുമുണ്ട്.

അതേസമയം, മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലങ്ങളിൽ ഒന്ന് നഷ്ടമായെങ്കിലും രണ്ട് സീറ്റുകൾ പ്രതിപക്ഷകക്ഷിയിൽ നിന്ന് പിടിച്ചെടുക്കാൻ ബി.ജെ.പി.യ്ക്കായി. റയ്ഗണിലാണ് ബി.ജെ.പി. സ്ഥാനാർഥി പരാജയപ്പെട്ടത്. പ്രിഥ്വിപുരും ജൊബാറ്റുമാണ് ബി.ജെ.പി. കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തത്. അടുത്തിടെ സമാജ് വാദി പാർട്ടി വിട്ടെത്തിയ ശിശുപാൽ യാദവാണ് പ്രിഥ്വിപുരിൽ 15,687 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോൺഗ്രസിലെ നിതേന്ദ്ര സിങ് രാത്തോഡിനെ തോൽപ്പിച്ച് ബി.ജെ.പി.യ്ക്ക് സീറ്റ് നേടിക്കൊടുത്തത്.

കോൺഗ്രസിന്​ മധ്യപ്രദേശ്​ നൽകുന്ന സൂചന

അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ്, കോൺഗ്രസിനും ബി.ജെ.പിക്കും ജനങ്ങളുടെ മനസ്സറിഞ്ഞ് നയങ്ങൾ രൂപീകരിക്കാൻ രണ്ട് വർഷത്തോളം സമയം ഇനിയുമുണ്ട്. സംസ്ഥാനത്തും രാജ്യത്താകെയും നിലനിൽക്കുന്ന ബി.ജെ.പി. വിരുദ്ധ വികാരം അനുകൂലമാക്കാൻ സാധിച്ചാൽ കോൺഗ്രസിന് ഒരുപക്ഷെ മധ്യപ്രദേശ് ഒരിക്കൽക്കൂടി ഭരിക്കാനാകും. എന്നാൽ പാർട്ടിയിലെ പടലപിണക്കങ്ങളും ഭിന്നതകളും നേതാക്കൾ തമ്മിലുള്ള പോരും അവസാനപ്പിക്കാതെ അത് സാധ്യമാകുമെന്ന് കരുതാനാകില്ല. എതിരാളികളുടെ ദൗർബല്യമാണ് ജനവിരുദ്ധനയങ്ങൾക്കിടയിലും ബി.ജെ.പി. അനുകൂലമാകാൻ പോകുന്ന ഘടകമെന്നാണ് മധ്യപ്രദേശ് നൽകുന്ന സൂചന.

ദാദ്ര നഗർ ഹവേലിയിൽ ബി.ജെ.പി.യ്‌ക്കെതിര ശിവസേന അനായാസ വിജയമാണ് നേടിയത്. 51,269 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശിവസേനയുടെ കലാബെൻ ദേൽകർ വിജയിച്ചത്. ദാദ്രാ നഗർ ഹവേലിയിലെ മുൻ സ്വതന്ത്ര എം.പിയായ മോഹൻ ദേൽകറിന്റെ ഭാര്യയാണ് കലാബെൻ ദേൽകർ. മഗേഷ് ഗാവിതായിരുന്നു ബി.ജെ.പി.യ്ക്ക് വേണ്ടി മത്സരിച്ചത്. 59.53 ശതമാനം വോട്ടാണ് ശിവസേനയ്ക്ക് ലഭിച്ചത്. ബി.ജെ.പി.യ്ക്ക് 33.68 ശതമാനം വോട്ട് കിട്ടി. കോൺഗ്രസിന് വെറും മൂന്ന് ശതമാനം വോട്ടാണ് നേടാനായത്.

കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ശിവസേനയ്ക്ക് മുന്നിൽ ഒരിക്കൽക്കൂടി ബി.ജെ.പി. അടിയറവ് പറഞ്ഞിരിക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ രണ്ട് പാർട്ടികൾ തമ്മിലുള്ള ഭിന്നതയാണ് ബി.ജെ.പി.-ശിവസേന പോര്. എന്നാൽ മഹാരാഷ്ട്രയിലെ ശിവസേന സർക്കാരിന്റെ പല നിലപാടുകളും അവർ ബി.ജെ.പി.യുടെയും മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെയും രാഷ്ട്രീയത്തിൽ നിന്ന് വിഭിന്നരാണെന്നാണ് കാണിക്കുന്നത്. ബി.ജെ.പി.യേക്കാൾ കടുത്ത മതമൗലികവാദവും പ്രാദേശികവാദവും മുറുകെപിടിക്കുന്ന ശിവസേന പോലും ജനതാൽപര്യത്തിനനുസരിച്ചുള്ള നിലപാടുകളിലേക്ക് മാറുമ്പോൾ, രാജ്യത്തെ ജനങ്ങളുടെ ജീവനും ജീവിതത്തിനും വിലകൽപ്പിക്കാതെയുള്ള മോദി സർക്കാരിന്റെ നയങ്ങൾ ബി.ജെ.പി.യ്ക്ക് വരും തിരഞ്ഞെടുപ്പുകളിലും തിരിച്ചടി നൽകുമെന്ന് ഉറപ്പാണ്.

ആന്ധ്രപ്രദേശിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈ.എസ്.ആർ.സി.പി.) ബദ് വെൽ അസംബ്ലി മണ്ഡലം നിലനിർത്തി. നിലവിലെ എം.എൽ.എ.യായ ഡോ. വെങ്കട സുബ്ബയ്യയുടെ ഭാര്യ ദസരി സുധയാണ് ഇവിടെ 90,000ലധികം വോട്ടുകൾക്ക് വിജയിച്ചത്. കഴിഞ്ഞ മാർച്ചിൽ വെങ്കട സുബ്ബയ്യ അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഡപ്പ ജില്ലയിലെ ബദ് വെൽ മണ്ഡലം മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ്. 76.25 ശതമാനം വോട്ട് നേടിയാണ് വൈ.എസ്.ആർ. കോൺഗ്രസ് ബദ് വെലിൽ ശക്തമായ വിജയം നേടിയത്. ബി.ജെ.പി.യക്ക് 14.73 ശതമാനം വോട്ട് കിട്ടിയപ്പോൾ, കോൺഗ്രസിന് 4.24 ശതമാനം വോട്ടാണ് നേടാനായത്.

തെലങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയ്ക്ക് (ടി.ആർ.എസ്.) വൻ തിരിച്ചടിയാണ് നേരിട്ടത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഹുസുറാബാദ് നിയമസഭാ സീറ്റിൽ 24000-ൽപരം വോട്ടുകൾക്കാണ് ടി.ആർ.എസിനെ ബി.ജെ.പി. പരാജയപ്പെടുത്തിയത്. തെലങ്കാന മുൻ ആരോഗ്യ മന്ത്രിയും കെ. ചന്ദ്രശേഖര റാവുവിന്റെ അനുയായിയുമായിരുന്ന ഏത്തല രാജേന്ദറിനെയാണ് ഹുസുറബാദിൽ ബി.ജെ.പി. സ്ഥാനാർഥിയാക്കിയത്. ഗെല്ലു ശ്രീനിവാസായിരുന്നു ടി.ആർ.എസ്. സ്ഥാനാർഥി. ബി.ജെ.പി. 51.96 ശതമാനം വോട്ട് നേടിയപ്പോൾ ടി.ആർ.എസിന് കിട്ടിയത് 40.38 ശതമാനം വോട്ടാണ്.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ഷഹീൻ ബാഗിൽ നടന്ന പ്രക്ഷോഭം / Photo: Wikimedia Commons
പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ഷഹീൻ ബാഗിൽ നടന്ന പ്രക്ഷോഭം / Photo: Wikimedia Commons

സി.എ.എ.യ്‌ക്കെതിരായ പ്രക്ഷോഭം ശക്തമായിരുന്ന അസമിൽ ബി.ജെ.പി. വലിയ വിജയം നേടുകയാണ് ചെയ്തത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ മൂന്നെണ്ണം ഭരണകക്ഷിയായ ബി.ജെ.പി. നിലനിർത്തി. മറ്റു രണ്ട് മണ്ഡലങ്ങളിൽ എൻ.ഡി.എ. ഘടകകക്ഷിയായ യു.പി.പി.എൽ. വിജയിച്ചു. മറൈനിയിൽ ബി.ജെ.പി.യുടെ രൂപ്‌ജ്യോതി കുർമി 40,104 വോട്ടിനാണ് വിജയിച്ചത്. ഭബാനിപുരിൽ ശൈലേന്ദ്ര ദാസും തൗറയിൽ സുശാന്ത ബോർഗോഹെയ്‌നും 3000 ലേറെ വോട്ടുകൾക്കാണ് ജയിച്ചത്.

അസമിൽ സംഭവിച്ചത്​

ബി.ജെ.പി.യ്‌ക്കെതിരായ ജനവികാരം നിലനിൽക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് അസം. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ആ എതിർപ്പ് പ്രകടമാകുന്നില്ല. പൗരത്വ പട്ടികയിലില്ലാത്ത ആയിരക്കണക്കിന് മുസ്​ലിംകളാണ് സി.എ.എ.യ്‌ക്കെതിരായ പ്രക്ഷോഭങ്ങളിൽ തെരുവിലിറങ്ങിയത്. രാജ്യത്തെ പൗരൻമാരാണെന്ന് തെളിയിക്കാൻ സാധിക്കാത്ത ഈ മനുഷ്യർക്ക് ഭരണകക്ഷിയോടുള്ള എതിർപ്പ് വോട്ടായി പ്രകടിപ്പിക്കാൻ അവസരവുമുണ്ടാകില്ല. അസമിലെ മുസ്​ലിംകളല്ലാത്ത ജനവിഭാഗം പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നവരും അധികപ്പറ്റായ മുസ്​ലിംകളെ നാടുകടത്തണമെന്ന അഭിപ്രായക്കാരാണെന്നതുമാണ് ഇവിടെ ബി.ജെ.പി.യ്ക്ക് അനുകൂലമാകുന്ന ഘടകം. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെയല്ലാം തടങ്കൽ കേന്ദ്രങ്ങളിലടച്ചതോടെ എതിർസ്വരങ്ങൾ ഇല്ലാതാക്കാനായെന്നാണ് ബി.ജെ.പി. കരുതുന്നത്.

അസമിനു പുറമെ മേഘാലയ, മിസോറം, നാഗാലാൻഡ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നു. മേഘാലയയിൽ ബി.ജെ.പി.യുടെ സഖ്യകക്ഷിയായ എൻ.പി.പി. രണ്ട് സീറ്റുകളിൽ വിജയിച്ചു. എൻ.പി.പി.യുടെ ഘടകകക്ഷിയായ യു.ഡി.പി. ഒരു സീറ്റും നേടി. മിസോറമിൽ ഉപതിരഞ്ഞെടുപ്പ് നടന്ന തുയിരിയലിൽ ബി.ജെ.പി. സഖ്യകക്ഷിയായ എം.എൻ.എഫ്. സ്ഥാനാർഥി വിജയിച്ചു. നാഗാലാൻഡിൽ ഷമറ്റോർ ചെസോർ മണ്ഡലത്തിൽ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി സ്ഥാനാർഥി എസ് കോഷു യിംചുംഗർ വിജയിച്ചു.

ബിഹാറിലും ഭരണകക്ഷി തന്നെയാണ് ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത്. ഉപതിരഞ്ഞെടുപ്പ് നട്‌ന കുഷേശ്വർ അസ്തനിലും താരാപുരിലും മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ ജെ.ഡി.യു. സ്ഥാനാർഥികൾ വിജയിച്ചു. ജെ.ഡി.യു. 46.22 ശതമാനം വോട്ട് നേടിയപ്പോൾ, കോൺഗ്രസിന് 40.72 ശതമാനം വോട്ടാണ് കിട്ടിയത്.

ഹരിയാന കർഷക സമരത്തിനൊപ്പം

ഹരിയാനയിലെ എല്ലെനബാദ് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലുണ്ടായത് കർഷക നിയമങ്ങൾക്കെതിരായ വിധിയെഴുത്ത് കൂടിയാണ്. കേന്ദ്ര സർക്കാരിന്റെ മൂന്ന് വിവാദ കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച് എം.എൽ.എ. സ്ഥാനം രാജിവെച്ച നാഷണൽ ലോക് ദൾ നേതാവ് അഭയ് സിങ്‌ ചൗട്ടാലയാണ് എല്ലെനബാദിൽ ഉപതിരഞ്ഞെടുപ്പിൽ വിജയം നേടിയത്. 6700 ലേറെ വോട്ടുകൾക്കാണ് ചൗട്ടാല, ബി.ജെ.പി.യുടെ ഗോബിന്ദ് കന്ദയെ പരാജയപ്പെടുത്തിയത്. ഐ.എൻ.എൽ.ഡി. 43.49 ശതമാനം വോട്ടുകൾ നേടിയപ്പോൾ, ബി.ജെ.പി.യ്ക്ക് കിട്ടിയത് 39.05 ശതമാനം വോട്ടാണ്.

ഹരിയാന നിയമസഭയിലെ ആകെയുള്ള 90 സീറ്റുകളിൽ 56 സീറ്റുമായാണ് എൻ.ഡി.എ. സഖ്യം ഭരിക്കുന്നത്. കർഷകസമരം ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നായ ഹരിയാനയിൽ കർഷകരുടെ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അഭയ് സിങ് ചൗട്ടാല നിയമസഭാംഗത്വം രാജിവെച്ചത്. എന്നാൽ ജനങ്ങൾ അതേ ചൗട്ടാലയെ തന്നെ വീണ്ടും തങ്ങളുടെ പ്രതിനിധികളാക്കിയത് ബി.ജെ.പി.ക്കുള്ള ശക്തമായ മറുപടിയാണ്.

മമത ബാനർജി / Photo: Wikimedia Commons
മമത ബാനർജി / Photo: Wikimedia Commons

ബംഗാളിന്​ ബി.ജെ.പിയെ വേണ്ട

പശ്ചിമ ബംഗാളിൽ ബി.ജെ.പി.യുടെ രണ്ട് സിറ്റിങ് സീറ്റ് ഉൾപ്പെടെ നാല് സീറ്റുകളും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേടി. ഖർദ, ഗോസബ സീറ്റുകളാണ് തൃണമൂൽ നിലനിർത്തിയത്. ദിനാത, ശാന്തിപുർ സീറ്റുകളാണ് ബി.ജെ.പി.യിൽ നിന്ന് മമതാ ബാനർജിയുടെ തൃണമൂൽ പിടിച്ചെടുത്തത്. ആറുമാസം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വിജയിച്ച മണ്ഡലങ്ങളാണ് ദിനാതയും ശാന്തിപുരും ശാന്തിപുർ ഒഴികെ ബാക്കി മൂന്ന് സീറ്റിലും ബി.ജെ.പി.യ്ക്ക് കെട്ടിവെച്ച പണം നഷ്ടമായി. നാല് മണ്ഡലങ്ങളിലും 75 ശതമാനം വോട്ടുകളും നേടാൻ തൃണമൂലിനായി. ബി.ജെ.പി.യ്ക്ക് 14.5 ശതമാനം വോട്ടാണ് നേടാനായത്. സി.പി.എമ്മിന് 7.3 വോട്ട് ലഭിച്ചു.
കുപ്രചരണത്തിനും വിദ്വേഷരാഷ്ട്രീയത്തിനും അതീതമായി ബംഗാൾ എപ്പോഴും വികസനവും ഐക്യവും എങ്ങനെ തിരഞ്ഞെടുക്കുമെന്ന് കാണിക്കുന്നതാണ് ഈ വിജയമെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തത്.

കർണാകടയിൽ രണ്ട് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സിന്ദ്ഗിയിൽ ഭരണകക്ഷിയായ ബി.ജെ.പി. വിജയിച്ചപ്പോൾ ഹൻഗൽ കോൺഗ്രസ് പിടിച്ചെടുത്തു. 7373 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി ശ്രീനിവാസ് മാനെ ബി.ജെപിയുടെ സി.എം. ഉദാസിയെ പരാജയപ്പെടുത്തിയത്.

മഹാരാഷ്ട്രയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ദെൽഗുർ നിയമസഭാ സീറ്റ് കോൺഗ്രസ് നിലനിർത്തി. കോൺഗ്രസിലെ ജിതേഷ് റാവുസാഹെബ് അന്താപുർകർ 41,917 വോട്ടിനാണ് ബി.ജെ.പി.യുടെ സുഭാഷ് പിറാജിറാവു സബ്‌നെയെ പരാജയപ്പെടുത്തിയത്. കോൺഗ്രസ് 57.03 ശതമാനം വോട്ട് നേടിയപ്പോൾ, ബി.ജെ.പി.യ്ക്ക് കിട്ടിയത് 35.06 ശതമാനം വോട്ടാണ്.

രാജസ്ഥാനിൽ ഭരണകക്ഷിയായ കോൺഗ്രസാണ് ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത്. വല്ലഭ്‌നഗർ നിലനിർത്തിയ കോൺഗ്രസ് ധരിയാവാദ് സീറ്റ് ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തോടൊപ്പം / Photo: Indian National Congress, Twitter
പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തോടൊപ്പം / Photo: Indian National Congress, Twitter

എൻ.ഡി.എക്ക്​ നിർ​ണായകം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിലവിൽ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ.യാണ് ഭരിക്കുന്നത്. മണിപ്പൂരിലും പഞ്ചാബിലും കോൺഗ്രസ് സർക്കാരുകളാണ് നിലവിലുള്ളത്. കൈയിലുള്ള സംസ്ഥാനങ്ങൾ നഷ്ടപ്പെടാതിരിക്കുക എന്നത് എൻ.ഡി.എ.യെ സംബന്ധിച്ച് വളരെ പ്രധാനമാണ്. മാത്രമല്ല, കോൺഗ്രസ്സിലെ ഭിന്നതകൾ മുതലാക്കി പഞ്ചാബ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി. നേരത്തേ തുടങ്ങിയിട്ടുമുണ്ട്. അതേസമയം, പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനും ബി.ജെ.പി. സഖ്യത്തിനും കനത്ത തിരിച്ചടി നൽകാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ കോൺഗ്രസും ശക്തമായി നടത്തുന്നുണ്ട്.

Comments