പൗരത്വ സർട്ടിഫിക്കറ്റുകൾ; ബംഗാളിൽ ബി.ജെ.പിയുടെ പൂഴിക്കടകൻ, മമത കോട്ടയ്ക്ക് എന്തു സംഭവിക്കും?

സി.എ.എ നിയമത്തിന്റെ പേരിൽ മതുവ സമുദായ വോട്ട് ഉറപ്പാക്കുക എന്നത് ബിജെപിയുടെ മറയില്ലാത്ത തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നു. ഹിന്ദുക്കളിലെ അതീവ പിന്നാക്ക കർഷക സമുദായമായ മതുവ സമുദായം ബംഗ്ലാദേശ് രൂപീകരണത്തിനും ശേഷം, 1971-ൽ ഇന്ത്യയിലേക്ക് കുടിയേറിയവരാണ്. ബംഗാളിൽ 30 ലക്ഷം മതുവ വിഭാഗക്കാരുണ്ടെന്നാണ് കണക്ക്, സംസ്ഥാന ജനസംഖ്യയിൽ 3.8 ശതമാനം. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി സമുദായം.

Election Desk

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കെ വിവാദമായ പൗരത്വ ഭേദഗതി നിയമപ്രകാരം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് ആഭ്യന്തരമന്ത്രാലയം. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറിയതായി വാർത്താ കുറിപ്പിലൂടെയാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് മുമ്പ് സി.എ.എ പ്രകാരം ആദ്യ പൗരത്വം നൽകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് നടപടി. മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്ന നിയമഭേദഗതിക്കെതിരെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും വ്യക്തികളുമടക്കം നൽകിയ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് എൻ.ഡി.എ സർക്കാറിന്റെ നീക്കം. അടുത്തഘട്ടത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെ പല മണ്ഡലങ്ങളിലും സി.എ.എ വിഷയം നിർണായകമായ സാഹചര്യത്തിലാണ് സർക്കാർ നടപടി.

മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നതിന് ശേഷം 2019 ഡിസംബർ 9നാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭയിലും രണ്ട് ദിവസത്തിന് ശേഷം രാജ്യസഭയിലും പാസ്സാക്കുന്നത്. 2019 ഡിസംബർ 12നാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. നിയമം പാസ്സാക്കിയതിനെ തുടർന്ന് രാജ്യവ്യാപകമായ നിരവധി പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്ന് നാല് വർഷത്തോളം കാലം ഭേദഗതിയുമായി ബന്ധപ്പെട്ട ഇടപെടലുകളൊന്നും നടന്നിട്ടില്ല. എന്നാൽ ലോകസ്ഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 2024 മാർച്ചിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൽ വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. വിജ്ഞാപനം പുറത്തിറക്കി രണ്ട് മാസത്തിന് ശേഷമാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. ഏതു രാജ്യക്കാർക്കാണ് പൗരത്വം നൽകിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭൂരിഭാഗവും പാകിസ്താനി ഹിന്ദുക്കൾക്കാണെന്നാണ് സൂചന.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ഭല്ല ദൽഹിയിൽ 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറിയെന്നും മറ്റ് അപേക്ഷകർക്ക് ഇമെയിൽ വഴി ഡിജിറ്റൽ ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് മതവിവേചനത്തിനിരയായി പുറത്താക്കപ്പെട്ട മുസ്ലിംകളല്ലാത്ത അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നിയമഭേദഗതിയാണിത്. ഈ മൂന്നു രാജ്യങ്ങളിൽ മുസ്ലിംകൾ മതപീഡനത്തിനിരയാകുന്നില്ല എന്നാണ്, മുസ്ലിംകളെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ പറയുന്ന കാരണം. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക. 1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുന്ന നിയമമാണിത്.

പൗരത്വ നടപടി ക്രമങ്ങളെല്ലാം ഓൺലൈൻ വഴിയാണ് നടത്തുന്നത്. കേന്ദ്ര ആഭ്യന്ത മന്ത്രാലയം ഇതിനായി പ്രത്യേക പോർട്ടലും തയ്യാറാക്കിയിട്ടുണ്ട്. ഓൺലൈൻ പോർട്ടലുകളിലൂടെ ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. പൗരത്വ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതോടെ ആധാർ കാർഡുകൾ, റേഷൻ കാർഡുകൾ, ഡ്രൈവിങ്ങ് ലൈസൻസ് തുടങ്ങിയ തിരിച്ചറിയൽ രേഖകളും ലഭിക്കാനുള്ള യോഗ്യതയും ഇവർക്ക് ലഭിക്കും.

ഡൽഹിയിലെ സെൻസസ് ഓപറേഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഡൽഹി എംപവേർഡ് കമ്മിറ്റി സൂക്ഷമ പരിശോധന നടത്തിയാണ് 14 അപേക്ഷകർക്ക് പൗരത്വം നൽകാൻ തീരുമാനിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. ചടങ്ങിൽ ഐ.ബി ഡയറക്ടർ, രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ തുടങ്ങിയവ നിരവധി മുതിർന്ന് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. മറ്റ് അപേക്ഷകർക്ക് ഇമെയിൽ വഴി തന്നെ ഡിജിറ്റൽ ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. എന്നാൽ ഇതുവരെ ഏതു രാജ്യക്കാർക്കാണ് പൗരത്വം നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. ആദ്യഘട്ടത്തിൽ പാക്കിസ്ഥാനിൽ നിന്ന് വന്ന ഹിന്ദു അഭയാർഥികൾക്കാണ് പൗരത്വം നൽകിയതെന്നാണ് സൂചന.

മുസ്ലിങ്ങളെ അപരവത്ക്കരിച്ച് മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന നിയമഭേദഗതിക്കതെിരെ പ്രതിപക്ഷ പാർട്ടികളും ആക്ടിവിസ്റ്റുകളും ആദ്യം മുതൽ തന്നെ രംഗത്തെത്തിയിരുന്നു. നിലവിൽ പൗരത്വ നിയമഭേദഗതിക്കെതിരെ 237 ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരത്തിലൊരു നീക്കവുമായി മുന്നോട്ട് പോകുന്നതിന് പിന്നിൽ ബംഗാളിലെ ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ബിജെപി ജാഗ്രതയോടെ കാണുന്നു എന്ന് വേണം കരുതാൻ.

ഈ നീക്കത്തിലൂടെ സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണമുണ്ടാക്കുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. തൃണമൂൽ ബി.ജെ.പിക്കെതിരായ ആയുധമായും ഇതിനെ പ്രയോഗിക്കും. പൗരത്വഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കുകയില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനാർജി കിട്ടുന്ന വേദികളിലെല്ലാം ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്.

അമിത് ഷാ

ഹിന്ദു വോട്ടുകൾ നേടിയെടുക്കാനും വോട്ട് ഭിന്നിപ്പിക്കാനും വേണ്ടി മാത്രമാണ് സി.എ.എ, എൻ.ആർ. സി പോലുള്ള നിയമങ്ങൾ ബി.ജെ.പി നടപ്പാക്കുന്നതെന്നും അസമിൽ 19 ലക്ഷം ഹിന്ദു ബംഗാളികളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായും മമത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പശ്ചിമ ബംഗാളിൽ സി.എ.എയോ എൻ.ആർ.സിയോ നടപ്പിലാക്കാൻ തൃണമൂൽ കോൺഗ്രസ് അനുവദിക്കില്ലെന്ന് പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് പൗരത്വ സർട്ടിഫിക്കറ്റ് വിതരണം നടന്നത്.

മമത ബാനർജിയുടേത് മുസ്‌ലിം പ്രീണനമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി. മുസ്ലിം പ്രീണനമാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്നതെന്നും മാ, മാട്ടി, മാനുഷ് (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യത്തിനു പകരം 'മുല്ല, മദ്രസ, മാഫിയ' ആണ് നടപ്പിലാക്കുന്നന്ന് പറഞ്ഞ അമിത് ഷാ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് തടയാൻ മമതയ്ക്ക് സാധിക്കില്ലെന്നും അവകാശപ്പെട്ടു.

നോർത്ത് 24 പർഗാനാസ്, നദിയ ജില്ലകളിലെ അഞ്ച് സീറ്റുകളിൽ ബംഗ്ലദേശിൽനിന്നു പലായനം ചെയ്‌തെത്തിയ മാതുവ സമുദായത്തിനു നിർണായക സ്വാധീനമുണ്ട്. ബാംഗാവ്, റാണാഘട്ട് മണ്ഡലങ്ങളിൽ 40% വോട്ടർമാർ മാതുവ വിഭാഗക്കാരാണ്. കഴിഞ്ഞതവണ രണ്ട് സീറ്റിലും ജയിച്ച ബിജെപി ഇത്തവണ ഇവിടെ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതീക്ഷ വയ്ക്കുകയാണ്.

സി.എ.എ നിയമത്തിന്റെ പേരിൽ മതുവ സമുദായ വോട്ട് ഉറപ്പാക്കു എന്നത് ബിജെപിയുടെ മറയില്ലാത്ത തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നു. ഹിന്ദുക്കളിലെ അതീവ പിന്നാക്ക കർഷക സമുദായമായ മതുവ സമുദായം ബംഗ്ലാദേശ് രൂപീകരണത്തിനും ശേഷം, 1971-ൽ ഇന്ത്യയിലേക്ക് കുടിയേറിയവരാണ്. ബംഗാളിൽ 30 ലക്ഷം മതുവ വിഭാഗക്കാരുണ്ടെന്നാണ് കണക്ക്, സംസ്ഥാന ജനസംഖ്യയിൽ 3.8 ശതമാനം. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി സമുദായം.

ഹിന്ദുക്കളിലെ അതീവ പിന്നാക്ക കർഷക സമുദായമായ മതുവ സമുദായം ബംഗ്ലാദേശ് രൂപീകരണത്തിനും ശേഷം, 1971-ൽ ഇന്ത്യയിലേക്ക് കുടിയേറിയവരാണ്. ബംഗാളിൽ 30 ലക്ഷം മതുവ വിഭാഗക്കാരുണ്ടെന്നാണ് കണക്ക്, സംസ്ഥാന ജനസംഖ്യയിൽ 3.8 ശതമാനം. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി സമുദായം. Photo: Himadri Ghosh

2003ലെ പൗരത്വ നിയമം അനുസരിച്ച് ഇവർ അഭയാർഥികളാണ്. നാദിയ, നോർത്ത് 24 പർഗാനാസ്, ഈസ്റ്റ് ബുർദ്‌വാൻ, വടക്കൻ ബംഗാൾ പ്രദേശത്ത് താമസമാക്കിയ ഇവരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൗരത്വഭേദഗതി നിയമം നിലവിൽവന്നതിനെ രണ്ടാം സ്വാതന്ത്ര്യദിനം എന്നാണ് മത്‌വ സമുദായം വിശേഷിപ്പിച്ചത്. നോർത്ത് 24 പർഗാനയിലെ താകുർനഗറിൽ തടിച്ചുകൂടിയ പ്രവർത്തകർ, വർഷങ്ങളായി തങ്ങൾ നടത്തിക്കൊണ്ടിരുന്ന ഒരു പോരാട്ടം ജയിച്ച ആഹ്‌ളാദത്തിലായിരുന്നു.

2019ൽ ബി.ജെ.പിക്കൊപ്പമായിരുന്നു ഈ വിഭാഗം. പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുമെന്ന ഉറപ്പും പാർട്ടി ഇവർക്കു നൽകിയിരുന്നു. നാലര വർഷമായിട്ടും നിയമം വരാത്തതിൽ ഇവർ ബി.ജെ.പിക്കെതിരെ പരസ്യപ്രതിഷേധത്തിലുമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് സി.എ.എ നടപ്പാക്കണമെന്നും ഇല്ലെങ്കിൽ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിക്കുമെന്നും മതുവ സമുദായ നേതാക്കൾ വ്യക്തമാക്കിയിരുന്നു. സി.എ.എ നിയമത്തിന്റെ പേരിൽ മതുവ വോട്ട് ഉറപ്പാക്കാനുള്ള ഈ നീക്കം തെരഞ്ഞെടുപ്പിൽ എന്തുമാത്രം പ്രതിഫലനം ഉണ്ടാക്കുമെന്ന് കണ്ട് തന്നെ അറിയണം.

കഴിഞ്ഞ കുറെ വർഷങ്ങളായി ബംഗാൾ കേന്ദ്രീകരികരിച്ചു ബി ജെ പി സജീവമായി പ്രവർത്തിക്കുന്നുണ്ട്. ആഞ്ഞുപിടിച്ചാൽ 35 സീറ്റെങ്കിലും ബംഗാളിൽ നിന്നും പിടിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. കഴിഞ്ഞ തവണത്തെ പതിനെട്ടിന്റെ ഇരട്ടി. ആകെ 42 സീറ്റുള്ള ബംഗാളിൽ 18 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി. ഇനി നടക്കാനുള്ളത് 24 മണ്ഡലങ്ങളിൽ.

അയൽ രാജ്യങ്ങളിൽ നിന്ന് ബംഗാളിലെത്തിയ മതുവ സമുദായത്തിന്റെ പൗരത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് പുതിയ നിയമമെന്ന ബി.ജെ.പി വാദത്തെ സാധൂകരിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന പൗരത്വ സർട്ടിഫിക്കറ്റ് വിതരണം. എന്നാൽ മാറി മറിഞ്ഞ ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലവും ബിജെപിക്കു മുന്നിലെ മമതയുടെ തൃണമൂൽ കോട്ടയും ഈ സാമൂദായിക ദ്രൂവീകരണ രാഷ്ട്രീയത്തെ മറികടക്കുമോ എന്ന് ജൂൺ നാലിനറിയാം.

Comments