18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങള്‍ തിടുക്കപ്പെട്ട് പുറപ്പെടുവിച്ചത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠക്കുശേഷം രാമഭക്തിയും വിശ്വാസവും ഉപയോഗിച്ച് ഭൂരിപക്ഷ ധ്രുവീകരണമുണ്ടാക്കാമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിപ്പോവുകയും ഇലക്ടറല്‍ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയുണ്ടാവുകയും ചെയ്തതോടെയാണ് പൗരത്വഭേദഗതി നിയമം നടപ്പിലാക്കാനുള്ള വിജ്ഞാപനമിറക്കിയത്. രാജ്യത്തെ മതാധിഷ്ഠിതമായി വിഭജിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2019-ല്‍ മോദി സര്‍ക്കാര്‍ അയല്‍രാജ്യങ്ങളില്‍ പീഢിപ്പിക്കപ്പെടുന്ന മുസ്‍ലിം ഇതരരായ ആളുകള്‍ക്ക് പൗരത്വം വ്യവസ്ഥചെയ്യുന്ന രീതിയില്‍ 1955-ലെ പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന ഏതൊരു നിയമവും ഫാഷിസ്റ്റ് രാഷ്ട്രീയത്തെയാണ് പിന്‍പറ്റുന്നത്.
അതുകൊണ്ടാണ് കേരളമുള്‍പ്പെടെയുള്ള 13-ഓളം സംസ്ഥാനങ്ങള്‍ ഈ നിയമത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ഈ നിയമം നടപ്പാക്കില്ലെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തത്. 200-ലേറെ കേസുകളാണ് പൗരത്വനിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നത്. തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണ് ഈ നിയമമെന്ന് വാദിച്ചുകൊണ്ടാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും വ്യക്തികളും സംഘടനകളുമെല്ലാം കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഇക്കാര്യത്തില്‍ ഒരു തീര്‍പ്പ് പറയുന്നതിനുമുമ്പ് തിടുക്കപ്പെട്ട് നിയമം നടപ്പിലാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചുള്ള വര്‍ഗീയ ധ്രുവീകരണ അജണ്ടയില്‍ നിന്നുള്ളതാണ്.
മനുഷ്യത്വത്തിന്റെയും നൈതികതയുടെയും മതനിരപേക്ഷതയുടെയും ആധുനികമൂല്യങ്ങളെ നിരാകരിക്കുന്നതാണ് 2019-ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം. പൗരത്വത്തെയും ദേശീയതയെയും സംബന്ധിച്ച സാര്‍വദേശീയതലത്തില്‍ അംഗീകൃതമായ എല്ലാ ധാരണകളെയും തത്വങ്ങളെയും നിരാകരിക്കുന്നതുമാണ് ഈ നിയമം. ചുരുക്കിപ്പറഞ്ഞാല്‍ ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്രപദ്ധതിയുടെ നിര്‍വ്വഹണശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് 1955-ലെ ഇന്ത്യയുടെ പൗരത്വനിയമം ഭേദഗതി ചെയ്ത് മതാധിഷ്ഠിതമായ പൗരത്വനിയമം കൊണ്ടുവന്നിരിക്കുന്നത്.
ഇത് 1930-കളില്‍ ഹിറ്റ്‌ലര്‍ കൊണ്ടുവന്ന ന്യൂറംബര്‍ഗ് വംശീയ നിയമങ്ങളുടെയും ഇസ്രായേലിന്റെ സയണിസ്റ്റ് വംശീയസിദ്ധാന്തങ്ങളുടെയും ചുവടുപിടിച്ചുള്ളതാണ്. ഭരണഘടനയുടെ അടിസ്ഥാനദര്‍ശനങ്ങളെ തള്ളിക്കളയുന്ന മതാധിഷ്ഠിതമായ പൗരത്വനിയമം ഇന്ത്യയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വിധേയമായതാണ്. ജനാധിപത്യശക്തികളുടെ പ്രതിഷേധങ്ങളുടെയും ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ എതിര്‍പ്പിനെയും മറികടന്നുകൊണ്ടാണ് 2019-ല്‍ അമിത് ഷാ ഈ ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച് പാസ്സാക്കിയത്. ഇടതുപക്ഷം ബില്ല് സബ്ജക്ട് കമ്മറ്റിക്ക് വിടണം എന്നാവശ്യപ്പെട്ടിട്ടും ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടും അതെല്ലാം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. കോണ്‍ഗ്രസ് ഭേദഗതികള്‍ നിര്‍ദ്ദേശിച്ചുവെങ്കിലും വോട്ടെടുപ്പിന്റെ ഘട്ടമെത്തുമ്പോഴേക്കും അവര്‍ അത് പിന്‍വലിക്കുകയായിരുന്നു.
ഇത് കാണിക്കുന്നത് ലോക്‌സഭയില്‍ പാസാക്കാന്‍ കഴിഞ്ഞ ബില്ല് രാജ്യസഭയിലും പാസാക്കിയെടുത്തത് അമിത്ഷായുടെ കുടിലമായ ഫ്‌ളോര്‍ എഞ്ചിനീയറിംഗിലൂടെയായിരുന്നു എന്നാണ്. രാജ്യസഭയ്ക്കകത്ത് പ്രതിപക്ഷങ്ങളെയും എന്‍.ഡി.എയില്‍ തന്നെ പൗരത്വഭേദഗതിയോട് വിയോജിപ്പുള്ളവരെയും ഒന്നിപ്പിക്കാനാവശ്യമായ ഗൗരവാവഹമായ ഇടപെടലുകള്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പൊതുവെ കോണ്‍ഗ്രസ് അംഗങ്ങള്‍ നിഷ്‌ക്രിയമായ നിലപാടാണ് സ്വീകരിച്ചത്. 125 പേരാണ് രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ചത്. 105 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ടുചെയ്തു.
ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടുകള്‍ കുഴിച്ചുമൂടിയാണ് 2019 ഡിസംബര്‍ 11-ാം തിയ്യതി പൗരത്വഭേദഗതി നിയമമായത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ദുര്‍ദിനമായിട്ടാണ് ഡിസംബര്‍ 11 രേഖപ്പെടുത്തപ്പെടുക. മതാടിസ്ഥാനത്തില്‍ പൗരത്വത്തെ നിര്‍വ്വചിച്ച കുറ്റകരമായ ഒരു നിയമനിര്‍മ്മാണത്തിന്റെ ഓര്‍മ്മദിനമായിരിക്കും ഡിസംബര്‍ 11. ജനങ്ങളെ മതപരമായി വിഭജിക്കുന്ന അത്യന്തം വിധ്വംസകമായ നീക്കവും ആര്‍.എസ്.എസിന്റെ മതരാഷ്ട്രനിര്‍മ്മിതിയിലേക്കുള്ള ചുവടുവെപ്പുമാണ് പൗരത്വഭേദഗതി നിയമം.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14-നും 21-നും 25-നും വിരുദ്ധമാണ് ഈ നിയമം. ഭരണഘടനാവിരുദ്ധമായ ഈ നിയമം നടപ്പിലാക്കാനും മുസ്‍ലിംകളെ അപരരും അന്യരുമാക്കാനുമുള്ള മോദി സര്‍ക്കാരിന്റെ കുടിലനീക്കങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാനും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും കഴിയില്ല. അതുകൊണ്ടാണ് കേരള സര്‍ക്കാര്‍ അസന്ദിഗ്ധമായ ഭാഷയില്‍ ഈ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഹിന്ദുത്വ അജണ്ടയ്ക്കാവശ്യമായ മറ്റെല്ലാ നിയമഭേദഗതികളെയും പിന്തുണച്ചതുപോലെ പാര്‍ലമെന്റ് പാസ്സാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും പിണറായി വിജയന്റേത് കാപട്യമാണെന്നുമാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി നിലപാടിനൊപ്പം നില്‍ക്കുകയാണ്. എന്നുമാത്രമല്ല മല്ലികാര്‍ജുന്‍ ഖാര്‍ഗേയെ പോലുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ സി.എ.എക്കെതിരെ ശക്തമായ നിലപാട് പറയാന്‍പോലും മടിച്ചുനില്‍ക്കുകയാണ്. ബാബ്‌റി മസ്ജിദ്, എന്‍.ഐ.എ നിയമഭേദഗതി, മുത്തലാഖ്, 370-ാം വകുപ്പ് തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം എന്നതുപോലെതന്നെ സി.എ.എയുടെ കാര്യത്തിലും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ബി.ജെ.പി നിലപാടിനോട് സമരസപ്പെടുകയോ ചാഞ്ചാടിക്കളിക്കുകയോ ആണ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 മതം, ജാതി, വംശം, ഭാഷ, ലിംഗം, പ്രദേശം എന്നിവയുടെ പേരില്‍ ഒരു വിവേചനവും അനുവദിക്കുന്നില്ല. എല്ലാ വ്യക്തികള്‍ക്കും സമത്വവും സംരക്ഷണവും ഉറപ്പുനല്‍കുന്നതാണ് ഭരണഘടന. നിയമത്തിനുമുമ്പില്‍ എല്ലാവരെയും തുല്യരായി കാണുന്ന സാമൂഹ്യദര്‍ശനങ്ങളെയാണ് മതാധിഷ്ഠിത പൗരത്വനിയമം നിരാകരിക്കുന്നത്. ‘ഇന്ത്യയുടെ അതിര്‍ത്തിക്കകത്ത് ഭരണകൂടം ഏതൊരു വ്യക്തിക്കും നിയമത്തിനും മുമ്പിലുള്ള സമത്വമോ നിയമങ്ങളുടെ തുല്യപരിരക്ഷയോ നിഷേധിക്കുകയില്ല’ എന്നാണ് അനുച്ഛേദം 14 ഒരു സംശയത്തിനും വകനല്‍കാത്ത രീതിയില്‍ അസന്ദിഗ്ധമായ ഭാഷയില്‍ വ്യക്തമാക്കുന്നത്
മതാധിഷ്ഠിതമായ ഈ പൗരത്വഭേദഗതി ആര്‍.എസ്.എസിന്റെ താത്വികാചാര്യനായ ഗോള്‍വാള്‍ക്കറുടെ മതരാഷ്ട്രസങ്കല്‍പനങ്ങളുടെ പ്രയോഗവല്‍ക്കരണമാണ്. ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രത്തില്‍ ത്രൈവര്‍ണികര്‍ക്ക് താഴെ ശൂദ്രരും ദലിതരും ന്യൂനപക്ഷ വിഭാഗങ്ങളും പൗരത്വമില്ലാത്തവരോ രണ്ടാംതര പൗരന്മാരോ ആയി കഴിഞ്ഞുകൊള്ളണമെന്നാണ് അനുശ്വാസിച്ചിരിക്കുന്നത്.
1939-ല്‍ പ്രസിദ്ധീകരിച്ച ഗോള്‍വാള്‍ക്കറുടെ 'നമ്മള്‍ അഥവാ നമ്മുടെ ദേശീയത നിര്‍വ്വചിക്കപ്പെടുന്നു' എന്ന പുസ്തകം ഹിറ്റ്‌ലറുടെ നാസി സിദ്ധാന്തങ്ങളെയാണ് ആദര്‍ശമാതൃകയായി ഉയര്‍ത്തിക്കാട്ടുന്നത്. ആര്യവംശാഭിമാനത്തിന്റേതായ വംശശുദ്ധി സിദ്ധാന്തമാണ് നാസികളെപ്പോലെ ആര്‍.എസ്.എസും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ രീതിയില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യലിസത്തെയും കമ്യൂണിസത്തെയും മതനിരപേക്ഷതയെയുമെല്ലാം വിദേശസിദ്ധാന്തങ്ങളായി കാണുന്ന ഗോള്‍വാള്‍ക്കര്‍ക്ക് ഇന്ത്യക്ക് എറ്റവും ഉചിതമായ ആദര്‍ശം ഹിറ്റ്‌ലറുടെ നാസിസമാണെന്ന് പറയാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല.
സെമിറ്റിക് മതങ്ങളെ ഉന്മൂലനം ചെയ്ത ജര്‍മ്മന്‍കാരില്‍ നിന്ന് ഇന്ത്യക്കാര്‍ പഠിക്കണമെന്നും അതേമാര്‍ഗം അവലംബിക്കണമെന്നുമാണ് ഗോള്‍വാള്‍ക്കര്‍ ഉപദേശിക്കുന്നത്. അഹിന്ദുക്കള്‍ ഹിന്ദുമതവും സംസ്‌കാരവും അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം ഹിന്ദുക്കള്‍ക്ക് സമമായ പൗരത്വം ആഗ്രഹിക്കരുതെന്നും ഗോള്‍വാള്‍ക്കര്‍ പറയുന്നു. ഹിന്ദുത്വത്തിന് കീഴടങ്ങി രണ്ടാംപൗരന്മാരായി ഭാരതത്തില്‍ കഴിഞ്ഞുകൂടണമെന്നാണ് അപരമതസ്ഥരോടുള്ള ഗോള്‍വാള്‍ക്കറുടെ ധിക്കാരപൂര്‍വമായ ഉപദേശം. അഹിന്ദുക്കള്‍ യാതൊരുവിധ പൗരാവകാശങ്ങളും പരിഗണനകളും അവകാശപ്പെടാനോ ആഗ്രഹിക്കാനോ പാടില്ലെന്ന് അസന്ദിഗ്ധമായ ഭാഷയില്‍ ഗോള്‍വാള്‍ക്കര്‍ വ്യക്തമാക്കുന്നു. ജര്‍മ്മന്‍ മാതൃകയെ പകര്‍ത്തുന്ന ഗോള്‍വാള്‍ക്കറിസത്തിന്റെ ക്രൂരമായ പ്രയോഗവല്‍ക്കരണമാണ് പൗരത്വനിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.
ഗോള്‍വാള്‍ക്കറെ ഉദ്ധരിച്ചാല്‍; ‘ഹിന്ദുസ്ഥാനിലെ വിദേശവംശങ്ങള്‍ ഒന്നുകില്‍ ഹിന്ദുസംസ്‌കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ബഹുമാനിക്കുകയും ആദരവോടെ കാണുകയും ചെയ്യണം. ഹിന്ദുവംശത്തെയും സംസ്‌കാരത്തെയും അതായത് ഹിന്ദുരാഷ്ട്രത്തെ മഹത്വവല്‍ക്കരിക്കുകയെന്നല്ലാതെ മറ്റൊരാശയവും വെച്ചുപൊറുപ്പിക്കരുത്. എന്നുമാത്രമല്ല അവര്‍ പ്രത്യേക അസ്ഥിത്വം ഉപേക്ഷിക്കുകയും ഹിന്ദുവംശത്തില്‍ ലയിക്കുകയും അല്ലെങ്കില്‍ ഹിന്ദുരാഷ്ട്രത്തിന് പൂര്‍ണമായും കീഴടങ്ങിയും ഒന്നും തന്നെ അവകാശപ്പെടാതെയും പ്രത്യേക പരിഗണന പോയിട്ട് ഒരു സവിശേഷ അവകാശത്തിനും അര്‍ഹതയില്ലാതെയും-പൗരത്വാവകാശം പോലുമില്ലാതെയും ഇവിടെ കഴിയാം’. (നമ്മള്‍ അഥവാ നമ്മുടെ ദേശീയത നിര്‍വ്വചിക്കപ്പെടുന്നു).
ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് മതപീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‍ലിം ഇതര മതസ്ഥര്‍ക്ക് പൗരത്വം ഉറപ്പുനല്‍കുന്നതാണ് ബില്ലിലെ അത്യന്തം വിവേചനപരമായ വ്യവസ്ഥ. വര്‍ഗീയലക്ഷ്യത്തോടെ പൗരത്വം നിര്‍ണയിക്കുന്ന ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന കാര്യമാണ് രാജ്യത്തെ മതനിരപേക്ഷ ശക്തികള്‍ ഉയര്‍ത്തിയിരിക്കുന്നത്. കോടതിക്കുമുമ്പില്‍ ഈ വിഷയം പരിഗണനയിലുമാണ്. ഈ നിയമം നിലനില്‍ക്കില്ലെന്ന് പല നിയമവിദഗ്ധരും നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കോടതി തീരുമാനമെടുക്കുന്നതിനുമുമ്പ് തിടുക്കപ്പെട്ട് ചട്ടങ്ങള്‍ പുറപ്പെടുവിച്ചത് പൗരത്വനിയമത്തിന്റെ പേരില്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ച് തങ്ങള്‍ക്കനുകൂലമായ ധ്രുവീകരണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. നാടിനെ വര്‍ഗീയവല്‍ക്കരിച്ചും വൈകാരികവിക്ഷോഭങ്ങള്‍ സൃഷ്ടിച്ചും സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ച് വിടുകയാണ് മോദിയും കൂട്ടരും. വര്‍ഗീയധ്രുവീകരണം തീവ്രമാക്കുകയാണ് ബിജെപിയുടെ അജണ്ട.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത്, 2016-ല്‍ അവതരിപ്പിച്ച ബില്‍ 2019 ഫെബ്രുവരിയില്‍ലോക്‌സഭ പാസാക്കിയതാണ്. രാജ്യസഭ ബില്‍ പരിഗണിക്കും മുമ്പ് ലോക്‌സഭയുടെ കാലാവധി കഴിഞ്ഞു. 2016-ലെ ബില്ലില്‍ മാറ്റംവരുത്തിയാണ് പുതിയ ബില്‍ കൊണ്ടുവന്നിരിക്കുന്നത്. ഭരണഘടനയുടെ ആറാംഷെഡ്യൂള്‍ പ്രകാരം സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കന്‍ മേഖലകളെയും മറ്റ് സംസ്ഥാനക്കാര്‍ സന്ദര്‍ശിക്കുന്നതിന് പെര്‍മിറ്റ് ആവശ്യമായ വടക്കുകിഴക്കന്‍സംസ്ഥാനങ്ങളെയും ബില്ലില്‍നിന്ന് ഒഴിവാക്കിയിരുന്നു.
തുല്യതയെയും മതനിരപേക്ഷ മൂല്യങ്ങളെയും നിരാകരിക്കുന്ന ഈ നിയമത്തെ ചെറുത്തു തോല്പിക്കുക തന്നെ വേണം. ഒന്നാം മോദി സര്‍ക്കാര്‍ പൗരത്വനിയമ ഭേദഗതിബില്‍ കൊണ്ടുവന്നപ്പോള്‍ ശക്തമായ എതിര്‍പ്പ് എന്‍.ഡി.എ ഘടകകക്ഷികളില്‍ നിന്നുതന്നെ നേരിട്ടതാണ്. 2016-ല്‍ തന്നെ 1985-ലെ അസം കരാര്‍ ലംഘനമാണ് ഈയൊരു ബില്ലെന്ന വിമര്‍ശമുന്നയിച്ചാണ് അസം ഗണപരിഷത്ത് ബി ജെ പിയുമായുള്ള ബന്ധംതന്നെ ഉപേക്ഷിച്ചത്. അന്ന് കോണ്‍ഗ്രസും ബില്ലിനെ എതിര്‍ത്തു. മേഘാലയ, മിസോറം സര്‍ക്കാരുകള്‍ ബില്ലിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയില്‍ കുടിയേറിയ (മുസ്‍ലിംകള്‍ ഒഴികെയുള്ള)വര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്ന വ്യവസ്ഥയാണ് ഇപ്പോള്‍ ഭേദഗതിവഴി നിയമമാക്കിത്തീര്‍ത്തിരിക്കുന്നത്. നിലവിലുള്ള നിയമമനുസരിച്ച് ഇന്ത്യയില്‍ 11 വര്‍ഷം സ്ഥിരതാമസമാക്കിയവരാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹര്‍. എന്നാല്‍, ഭേദഗതി പ്രകാരം മുസ്‍ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് ആറുവര്‍ഷ കാലയളവ് മതി. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണെന്ന് വിസ്മരിച്ചുകൊണ്ടാണ് പൗരത്വംപോലുള്ള വിഷയങ്ങളില്‍ നാം നേരത്തെ സ്വീകരിച്ചിരുന്ന എല്ലാ മൂല്യങ്ങളും ബി.ജെ.പി സര്‍ക്കാര്‍ കാറ്റില്‍പറത്തിയിരിക്കുന്നത്. ഇപ്പോഴത്തെ ബില്‍ ഭരണഘടനയുടെ ചട്ടക്കൂടിനെതിരാണ്. പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. രാജ്യത്തെ മുസ്‍ലിംകളെന്നും മുസ്‌ലിം ഇതരരെന്നും വേര്‍തിരിക്കുകയാണ്. കുടിയേറ്റക്കാരെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതും വര്‍ഗീയചേരിതിരിവ് രൂക്ഷമാക്കുന്നതും ജനങ്ങളിലൊരുഭാഗത്തെ അഭയാര്‍ത്ഥികളായി തീര്‍ക്കുന്നതാണ്.
ഭരണഘടനയിലെ രണ്ടാം ഭാഗത്ത്, അഞ്ചുമുതല്‍ 11 വരെയുള്ള അനുച്ഛേദത്തിലാണ് പൗരത്വം പരാമര്‍ശിക്കപ്പെടുന്നത്. 1955-ലെ ദേശീയ പൗരത്വ നിയമത്തിലാണ് പൗരത്വത്തെ വിശദമായി പ്രതിപാദിച്ചിട്ടുള്ളത്. പൗരത്വനിയമവുമായി ബന്ധപ്പെട്ട ഏത് തീരുമാനമെടുക്കാനും പാര്‍ലമെന്റിന് അധികാരമുണ്ട്. ഇന്ത്യയില്‍ ജനിച്ചവര്‍, വിദേശ പൗരന്മാരുടെ ഇന്ത്യയില്‍ ജനിച്ച മക്കള്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്ത് ജനിക്കുന്ന മക്കള്‍, ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്യുന്ന വിദേശി, ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുന്ന ഭാഗങ്ങളിലെ വ്യക്തികള്‍എന്നിവര്‍ക്ക് പൗരത്വത്തിന് അവകാശമുണ്ട്. 12 വര്‍ഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ വിദേശ പൗരന്മാര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ചും നിയമം പരാമര്‍ശിക്കുന്നു. നിയമസാധുതയുള്ള പാസ്‌പോര്‍ട്ടോ മതിയായ യാത്രാരേഖകളോ ഇല്ലാതെയും പാസ്‌പോര്‍ട്ടും യാത്രാരേഖകളും അനുവദിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവര്‍ അനധികൃത കുടിയേറ്റക്കാരായിരിക്കും. ഇവരെ ശിക്ഷിക്കാനും നാടുകടത്താനും സര്‍ക്കാരിന് അധികാരമുണ്ട്. ഈ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലാണ് പാര്‍ലമെന്റിന്റെ രണ്ടുസഭകളും പാസാക്കിയിരിക്കുന്നത്. ലോകത്തിലെ ആധുനിക ദേശരാഷ്ട്രങ്ങള്‍ പൗരത്വത്തെ സംബന്ധിച്ച് പുലര്‍ത്തുന്ന എല്ലാ മൂല്യങ്ങളെയും നിരാകരിക്കുന്ന കടുത്ത വര്‍ഗീയ വിവേചനമാണ് മോദി സര്‍ക്കാരിന്റെ ഈ പൗരത്വനിയമം. അതുകൊണ്ടുതന്നെയാണ് ഐക്യരാഷ്ട്രസഭയും യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഈ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.
2014 ഡിസംബര്‍ 31-ന് മുമ്പ് അനധികൃതമായി കുടിയേറിയ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, ജൈന, സിഖ്, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യന്‍ മതത്തില്‍പെട്ടവര്‍ക്ക് പൗരത്വം ലഭിക്കും. അനധികൃത കുടിയേറ്റക്കാര്‍ എന്ന നിലയില്‍ അവരെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ചെയ്യില്ല. അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുകയും ചെയ്യും. അയല്‍ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ പീഡനം അനുഭവിച്ചവരായതുകൊണ്ടാണ് ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതെന്ന ന്യായം പറഞ്ഞുകൊണ്ടാണ് ഈ വര്‍ഗീയമായ വിഭജനം നടത്തുന്നത്. അയല്‍രാജ്യങ്ങളില്‍ പീഢിപ്പിക്കപ്പെടുന്ന ന്യൂനപക്ഷവിഭാങ്ങളോടുള്ള സ്‌നേഹത്തിന്റേ പേരില്‍ കൊണ്ടുവന്ന ഭേദഗതിയില്‍ എന്തുകൊണ്ട് മ്യാന്‍മറിലെ രോഹിംഗ്യ മുസ്ലീങ്ങള്‍ക്കും, പാക്കിസ്ഥാനിലെ ഷിയ മുസ്ലീങ്ങള്‍ക്കും അഹമ്മദീയ വിഭാങ്ങള്‍ക്കും, ശ്രീലങ്കയിലെ തമിഴര്‍ക്കും നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖകള്‍ക്കും മാധേശികള്‍ക്കും ബാധകമാക്കുന്നില്ല എന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരം പറയേണ്ടതുണ്ട്.
ജനങ്ങളെ മുസ്‍ലിംകളെന്നും മുസ്‌ലിം ഇതരരെന്നും വേര്‍തിരിക്കുന്നത് ഭരണഘടനാതത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിൾ 14-ന്റെ നഗ്നമായ ലംഘനവും ഭരണഘടനയുടെ മതനിരപേക്ഷ തത്വങ്ങളുടെ നിരാകരണവുമാണ് ഈ നിയമം. ഭരണഘടനയിലെ അനുച്ഛേദം 14 പ്രകാരം വിദേശി ആയാലും സ്വദേശി ആയാലും തുല്യതയ്ക്കുള്ള അവകാശം ഒരുപോലെയാണ്. ഒരാള്‍ പ്രത്യേക സമുദായത്തില്‍പെട്ട ആള്‍ എന്ന നിലയില്‍ തുല്യതയ്ക്കുള്ള അവകാശം കുറയുകയോ കൂടുകയോ ചെയ്യുന്നില്ല. നിയമനിര്‍മാണങ്ങളില്‍ പക്ഷപാതപരമായ രീതി പാടില്ലെന്നുള്ളത് ഭരണഘടനയുടെ അടിസ്ഥാനതത്വമാണ്.
മതം, ജാതി, ലിംഗം തുടങ്ങിയവയെ മുന്‍നിര്‍ത്തിയുള്ള വിവേചനങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. യുക്തിഭദ്രമായ വര്‍ഗീകരണം എന്നുപറഞ്ഞ് മതവിവേചനപരമായ ബില്ലിനെ ന്യായീകരിക്കുകയാണ് അമിത്ഷാ. യുക്തിഭദ്രമായ വര്‍ഗീകരണം ഭരണഘടന അനുവദിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ബില്‍ യുക്തിഹീനവും വിവേചനപരവുമാണെന്ന കാര്യത്തില്‍ സംശയമില്ല. ആര്‍ട്ടിക്കിള്‍ 21 പൗരന്മാര്‍ക്ക് അന്തസ്സോടും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശമാണ് ഉറപ്പുനല്‍കുന്നത്. ആര്‍ട്ടിക്കിള്‍ 25 ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഉറപ്പുനല്‍കുന്നത്. ഭരണഘടനയുടെ ഈ അടിസ്ഥാന കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണ് പൗരത്വഭേദഗതി നിയമം.