ജെ.എൻ.യു കാമ്പസിലെത്തിയ സായുധരായ എ.ബി.വി.പി പ്രവർത്തകർ

സർവൈലൻസിനുകീഴിലെ ഇന്ത്യൻ കാമ്പസ്

‘‘ഭരണകൂടവും, സർവകലാശാലാ അധികാരികളും, ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയും ചേർന്ന് നിർമിക്കുന്ന സർവൈലൻസിനു കീഴിലാണ് ഇന്നത്തെ ഇന്ത്യൻ കാമ്പസുകൾ പ്രവർത്തിക്കുന്നത്. ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടന കാമ്പസിൽ നടത്തുന്ന വയലൻസിനും അട്ടിമറികൾക്കും കേരളവും സാക്ഷിയാണ്’’- കുഞ്ഞുണ്ണി സജീവ് എഴുതുന്നു.

നാധിപത്യപരമായ ജീവിതമെന്തെന്ന്  അനുഭവിക്കാതെ ജീവിച്ചിരുന്ന ഒരു സമൂഹത്തെ ജനാധിപത്യത്തിലേക്ക് വളർത്തുന്ന കാമ്പസ്  രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയായി കരുതിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. പലവിധ രാഷ്ട്രീയ വീക്ഷണങ്ങൾ ആരോഗ്യകരമായ ചർച്ചകളിലൂടെ വളരുന്ന ഇടമായി സർവ്വകലാശാലകളെ വിഭാവനം ചെയ്തിരുന്ന കാലം. അത്തരം സർവകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ പൊതു രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ ജനാധിപത്യം കൂടുതൽ ശക്തമാകുമെന്നും, അവരിൽ പലരും ഇന്ത്യയെ ആധുനികവും, ജനാധിപത്യപരവും, മതനിരപേക്ഷവുമാക്കി തീർക്കുമെന്നും ജവഹർലാൽ നെഹ്‌റുവും, ഡോ. ബി.ആർ. അംബേദ്കറുമെല്ലാം പ്രത്യാശിച്ചിരുന്നു.

ഈ പരാജയത്തിന്റെ ഫലമായാണ് ഇന്ത്യൻ കാമ്പസുകളിൽ ചെറുതെങ്കിലും അംബേദ്ക്കറുടെ സ്വാധീനത്തിലൂന്നിയുള്ള സ്വത്വരാഷ്ട്രീയ സംഘടനകൾ ഉദയം കൊളളുന്നത്.

ശ്രേണീകരിക്കപ്പെട്ടതും, പലവിധ വേർതിരിവുകൾ നിലനിൽക്കുന്നതുമായ സമൂഹത്തെ  സമത്വത്തിലേക്കും, ആധുനികതയിലേക്കും, ശാസ്ത്രബോധത്തിലേക്കും വളർത്തുക എന്ന രാഷ്ട്രീയപദ്ധതി ഇന്ത്യൻ സർവകലാശാലകളിലെ അധ്യാപകരിലും വിദ്യാർത്ഥിക്കൾക്കിടയിലും   പ്രബലമായിരുന്ന കാലം. പ്രജകളിൽ നിന്ന് പൗരരിലേക്ക് യുവ തലമുറയെ വളർത്തുന്ന ഇടങ്ങളായിരുന്നു അവ. ഉന്നതവിദ്യാഭ്യാസത്തെ ഉത്തരവാദിത്വത്തോടെയുള്ള രാഷ്ട്രീയ വിദ്യാഭ്യാസമായും, ജനാധിപത്യ മൂല്യങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കുന്ന വിദ്യാഭ്യാസമായുമെല്ലാം കണ്ടിരുന്ന  പൊതു നിർവചനങ്ങൾ അധ്യാപകരും, വിദ്യാർത്ഥികളും, രാഷ്ട്രീയ നേതാക്കളും അന്ന് സഹിഷ്ണുതയോടെ അംഗീകരിച്ചിരുന്നു. കാമ്പസിലെ സ്വാതന്ത്ര്യവും, സമത്വവും, സാഹോദര്യവും സമൂഹത്തെ സ്വാധീനിക്കുന്ന രീതിയിൽ വളരേണ്ടതാണെന്നും അന്ന് അംഗീകരിക്കപ്പെട്ടിരുന്നു. സമൂഹത്തെ പുരോഗതിയിലേക്കും ആധുനികതയിലേക്കും വളർത്തുന്ന ബുദ്ധിജീവിവർഗത്തെ ഉൽപ്പാദിപ്പിക്കുന്ന സർവ്വകലാശാലകൾ ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതുമായിരുന്നു. ജെ.എൻ.യുവും ജാമിയ മിലിയയും ദില്ലി സർവകലാശാലയും ബനാറസ് ഹിന്ദു സർവകലാശാലയുമെല്ലാം അത്തരം പുരോഗമനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ കെൽപ്പുള്ള വിദ്യാർത്ഥികളെയും ഗവേഷകരെയും വളർത്തുമെന്ന് പ്രത്യാശിച്ചിരുന്നു. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ജനനത്തിൽ നിന്നുമുയർന്നിരുന്ന ആ പ്രത്യാശ സംഘപരിവാർ ശക്തികൾ ഭരണകൂട അധികാരം നേടിയെടുത്തതോടെ പൂർണമായും നഷ്ട​പ്പെട്ടുപോയ ഒന്നാണ്. ആ രാഷ്ട്രീയജീവിതത്തിന്റെ സ്ഥാനത്ത് ഇന്ന് കണ്ടെത്തുവാൻ സാധിക്കുക, പുതിയൊരു രാഷ്ട്രീയ ജീവിതമാണ്. വിദ്വേഷത്തിലൂടെയും വയലൻസിലൂടെയും നിർവചിക്കപ്പെടുന്ന ഇന്നിന്റെ രാഷ്ട്രീയ ജീവിതത്തെകുറിച്ചാണ് ഈ ലേഖനം. 

സർവകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ പൊതു രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ ജനാധിപത്യം കൂടുതൽ ശക്തമാകുമെന്നും, അവരിൽ പലരും ഇന്ത്യയെ ആധുനികവും, ജനാധിപത്യപരവും, മതനിരപേക്ഷവുമാക്കി തീർക്കുമെന്നും ജവഹർലാൽ നെഹ്‌റുവും, ഡോ. ബി.ആർ. അംബേദ്കറുമെല്ലാം പ്രത്യാശിച്ചിരുന്നു.

ഇന്നിന്റെ ഇന്ത്യൻ രാഷ്ട്രീയം പൂർണമായും തീവ്ര വലതുപക്ഷ - ഹിന്ദുത്വ ശക്തികൾ മുന്നോട്ട് വെക്കുന്ന വർഗീയ രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന്മേലാണ് പ്രവർത്തിക്കുന്നത്. അധികാരം നേടുന്നതിൽ സമ്പൂർണ വിജയം നേടിയ മോഡൽ എന്ന നിലയ്ക്കും, അജണ്ടയിലുള്ള എല്ലാ പദ്ധതികളും നടപ്പാക്കി മുന്നേറുന്ന പ്രായോഗിക രാഷ്ട്രീയം എന്ന നിലയ്ക്കും ആശയവ്യത്യസമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും, രാഷ്ട്രീയ പ്രവർത്തകർക്കും സ്വീകാര്യമായി മാറുന്ന റിയൽ പൊളിറ്റിക്കാണ് (real politik)  ഹിന്ദുത്വവാദവും തീവ്ര വലതുപക്ഷ ബോധവും. ശ്രേണീകൃതവും, ജനാധിപത്യവിരുദ്ധവുമായ ഈ രാഷ്ട്രീയ ജീവിതത്തെ ആശയവ്യത്യാസമില്ലാതെ രാഷ്ട്രീയപ്രയോഗത്തിന്റെ ഭാഗമാക്കുന്നവരാണ് എല്ലാ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളും. സംഘപരിവാർ എങ്ങനെയാണോ സംഘടനയെ ശക്തിപ്പെടുത്തി നിലനിർത്തുന്നത് അതേ മാതൃകയിൽ പൊതു സമൂഹത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടക്കുമ്പോൾ കാമ്പസുകളിലെ സ്ഥിതി വ്യത്യസ്തമല്ല.  പൊതുസമൂഹത്തിൽ നടക്കുന്ന രാഷ്ട്രീയ പരിണാമങ്ങൾ  കാമ്പസുകളിലും പ്രതിഫലിക്കുന്നു. പണം നൽകി വോട്ട് നേടുക, തെരഞ്ഞെടുപ്പുകളെ കൈയ്യൂക്ക് കൊണ്ടും സ്വാധീനശക്തി കൊണ്ടും അട്ടിമറിക്കുക എന്നിവ ഇന്ന് പയറ്റിത്തെളിഞ്ഞ രാഷ്ട്രീയ അടവുകളാണ്. വയലൻസും, വിദ്വേഷവും, രാഷ്ട്രീയ ആശയങ്ങളോടും, സ്വതന്ത്രമായ ചർച്ചകളോടുമുള്ള വിമുഖതയും രാഷ്ട്രീയ പ്രവർത്തനത്തിനുള്ള മൂലധനമായി മാറുന്നു. ആശയപരമായ വേർതിരിവുകൾ ഇവിടെ ഒരു  പുറംമോടി മാത്രം.

2014 മുതൽ ഇന്ത്യൻ കാമ്പസുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് വിങ്ങിൽ നടന്ന അഴിച്ചുപണികൾ ഇപ്പോൾ വി്ദ്യാഭ്യാസ സ്ഥാപനങ്ങളിൽ അരങ്ങേറുന്ന സംഭവങ്ങളുമായി ചേർത്തുവായിക്കാം.

പ്രായോഗിക രാഷ്ട്രീയത്തിൽ എത്രത്തോളം സംഘപരിവാറിനോടൊപ്പമെത്താം എന്ന  മത്സരത്തിൽ 'സമ്പൂർണ ആധിപത്യം' മാത്രമാണ് അന്തിമ ലക്ഷ്യം. വർഗീയതയും, വംശീയതയും, ജാതിബോധവുമെല്ലാം അത്തരം രാഷ്ട്രീയപ്രവർത്തനങ്ങളുടെ ഉൽപ്പന്നങ്ങളും. ആൾക്കൂട്ടവിചാരണകളും, ആൾക്കൂട്ട മർദനവുമെല്ലാം രാഷ്ട്രീയ പ്രവർത്തകർ ആധിപത്യം ഉറപ്പിക്കുവാനുള്ള ഉപകരണങ്ങളായാണ് ഇന്ന് മനസിലാക്കുന്നത്. 'വയലൻസ്'  വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ ഉപകരണമായി ഇവിടെ പ്രവർത്തിക്കുന്നു. പ്രതിഷേധിക്കുന്ന, അധികാരത്തെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥിശരീരത്തെ വയലൻസ് ഉപയോഗിച്ച് ഒരു വശത്ത് നിയന്ത്രിക്കുമ്പോൾ, മറുവശത്ത് വിദ്യാർത്ഥിയുടെ ഭാവിയെ രാഷ്ട്രീയമായ വിഷയങ്ങളിൽ പ്രതികരിച്ചു എന്ന കാരണം കാട്ടി യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ ചുമത്തി ഭരണകൂട വയലൻസിലൂടെ നിർജ്ജീവമാക്കുകയും ചെയ്യുന്നു. നാലു വർഷം മുമ്പു നടന്ന പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങൾ വീണ്ടുമുണരുമ്പോൾ ഓർക്കുന്നത് ഇതേ വയലൻസിനെകുറിച്ചാണ്. പ്രക്ഷോഭത്തിൽ ഭാഗമായിരുന്ന വിദ്യാർത്ഥികളിൽ പലരും യൂണിവേഴ്സിറ്റി സ്റ്റാഫുകളായും, സെക്യൂരിറ്റി ഗാർഡുകളായും വേഷം മാറി വന്ന എ.ബി.വി.പി പ്രവർത്തകരുടെ വയലൻസ് നേരിട്ടിരുന്നവരാണ്, കേസുകൾ നേരിടുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന വയലൻസ് മാനസികവും. എൻ.എസ്.യു-ഐ, ‘ഐസ’, എസ്.എഫ്.ഐ, ഓൾ ഇന്ത്യൻ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ, സ്റ്റുഡന്റ്സ് ഇസ്‍ലാമിക് ഓർഗനൈഷേസൻ ഓഫ് ഇന്ത്യ എന്നിങ്ങനെ പല വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭത്തിന്റെ ഭാഗമാകുമ്പോൾ പ്രക്ഷോഭം അടിച്ചമർത്തുവാൻ ശ്രമിക്കുന്ന പോലീസിനോടൊപ്പം എ.ബി.വി.പി പ്രവർത്തകരും പങ്കെടുക്കുന്നു. സമാധാനപൂർണമായ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിൽ ഭരണകൂടവും, സർവകലാശാലയും വിദ്യാർത്ഥികൾക്കെതിരെ ഒരുമിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

പൗരത്വഭേദഗതി നിയമത്തിനെതിരായ വിദ്യാർഥി പ്രതിഷേധത്തിൽ നിന്ന്

2014 മുതൽ ഇന്ത്യൻ കാമ്പസുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് വിങ്ങിൽ നടന്ന അഴിച്ചുപണികൾ ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കേണ്ട എൻട്രൻസ് പരീക്ഷകളിൽ വരുത്തിയ മാറ്റങ്ങൾ, സിലബസിൽ വരുത്തിയ മാറ്റങ്ങൾ, ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന പുതിയ വിഷയങ്ങൾ എന്നിങ്ങനെ ഇന്ത്യൻ കാമ്പസിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളെയും, ഓരോ കാമ്പസും നിലനിർത്തിപ്പോന്നിരുന്ന സ്വഭാവത്തെയും ഇല്ലാതാക്കുന്ന സംഘപരിവാർ തന്ത്രങ്ങൾ ഇന്ന് ഏകദേശം പൂർണമായും വിജയം കണ്ടിരിക്കുന്നു എന്നുവേണം കരുതാൻ. പ്രതികരിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി എന്താകും എന്ന് കാട്ടിത്തരാൻ ഉമർ ഖാലിദിനെ പോലുള്ളവർ അനുഭവിക്കുന്ന വയലൻസിനെ അവർ ഉദാഹരണമായി കാട്ടുന്നു.

പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങൾ വീണ്ടുമുണർന്ന ദിനങ്ങളാണിത്. ഭരണകൂടം രാജ്യത്തിന്റെ സെക്യുലർ സ്വഭാവത്തെ മാറ്റിത്തീർക്കുമെന്ന് ഉറപ്പിക്കുന്ന വാർത്ത വിദ്യാർത്ഥികൾ അറിയുന്നതിനും മുൻപേ പല കാമ്പസുകളിലും പോലീസും, പാരാ മിലിറ്ററി ഫോഴ്‌സും എത്തിയിരുന്നു. രാമക്ഷേത്ര ഉദ്ഘാടനവേളയിൽ കാവിക്കൊടികളൂം, ജയ് ശ്രീ രാം വിളികളും, ദീപാലങ്കാരങ്ങളും നിറഞ്ഞു നിന്നിരുന്ന കാമ്പസുകളാണ് ഇവയിൽ പലതും. അന്ന് ഒരു തരത്തിലും പ്രശ്നങ്ങൾ കാണാത്ത സർവകലാശാലാ അധികാരികൾ ഇത്തവണ മുൻപേ കൂട്ടി നോട്ടീസുകൾ ഇഷ്യൂ ചെയ്തിരിക്കുന്നു ; ‘വിദ്യാർത്ഥികൾ കൂട്ടംകൂടാതെ സൂക്ഷിക്കുക’. കുറച്ചു മാസങ്ങൾക്കുമുൻപ് ദില്ലിയിലെ ഇന്ദ്രപ്രസ്ഥ കോളേജിന്റെ വാർഷികാഘോഷ വേളയിൽ വിദ്യാർത്ഥിനികളെ കടന്നുപിടിച്ച സാമൂഹിക വിരുദ്ധരെ നേരിടാൻ വൈകിയ പോലീസ് പക്ഷെ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന പ്രക്ഷോഭകരെ നേരിടുവാൻ നേരത്തെ സജ്ജരായിരുന്നു, എ.ബി.വി.പി പ്രവർത്തകരോടൊപ്പം. ഭരണകൂടവും, സർവകലാശാലാ അധികാരികളും, ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയും ചേർന്ന് നിർമിക്കുന്ന സർവയലൻസിന് കീഴിലാണ് ഇന്നത്തെ ഇന്ത്യൻ കാമ്പസുകൾ പ്രവർത്തിക്കുന്നത്.

ദില്ലിയിലെ ഇന്ദ്രപ്രസ്ഥ കോളേജിന്റെ വാർഷികാഘോഷ വേളയിൽ നടന്ന ലൈംഗിതാതിക്രമത്തിനെതിരായ വിദ്യാർഥി പ്രതിഷേധത്തിൽ നിന്ന്

ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടന കാമ്പസിൽ നടത്തുന്ന വയലൻസിനും അട്ടിമറികൾക്കും കേരളവും സാക്ഷിയാണ്. സംഘടനക്കുള്ളിൽ തന്നെ തിങ്ങിനിൽക്കുന്ന സ്ത്രീവിരുദ്ധതയും ലൈംഗികചൂഷണവും ജാത്യാടിസ്ഥാനത്തിലുള്ള വിവേചനവും ഇന്ന് സാധാരണമാണ്. രാജ്യത്തെ മൂന്ന് പ്രമുഖ കേന്ദ്ര സർവകലാശാലകളായ ദില്ലി സർവകലാശാല, ഹൈദരാബാദ് ഇഫ്ലു, പോണ്ടിച്ചേരി സർവകലാശാല എന്നിവിടങ്ങളിലെ  എസ്.എഫ്,ഐ നേതാക്കൾക്കെതിരെ ഉയർന്നു വന്ന 'മീ റ്റൂ' പരമ്പരയെക്കുറിച്ച് ഓർക്കേണ്ടതും പ്രധാനമാണ്. ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന പല വ്യക്തികേന്ദ്രീകൃത രാഷ്ട്രീയ പദ്ധതികളും (ജൻഡർ മുതൽ ഉദാര ലൈംഗികത വരെ) സംഘടനയുടെ നേതാക്കൾ ചൂഷണത്തിനും വയലൻസിനും വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന് വ്യക്തമാണ്.

photo: JNU Updates 

ശ്രേണീകരിപ്പെട്ട സംഘടനയെ ജാതിയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ, സമൂഹത്തിലെ ജാതിവ്യവസ്ഥയെ അതേപടി പ്രതിഫലിപ്പിക്കുന്നതായി കാണാം. ഇടതുപക്ഷ ആശയങ്ങളോട്  അനുഭാവമുള്ള ദലിത് - ആദിവാസി വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്നതിൽ ഉയർന്ന ജാതിയിൽ പെടുന്ന വിദ്യാർത്ഥി നേതാക്കളുടെ പങ്ക് ചുരുക്കം ചില അവസരങ്ങളിൽ മാത്രമാണ് പുറം ലോകം അറിയുന്നത്. സംഘടനയുടെ അധികാരഘടന ജാതിശ്രേണിയെ പ്രതിഫലിപ്പിക്കുന്നു എന്ന പ്രശ്നത്തെ ഇടതുപക്ഷം ഇന്നും കാര്യമായി ചർച്ചകൾക്ക് വിധേയമാക്കിയിട്ടില്ല. ഈ പരാജയത്തിന്റെ ഫലമായാണ് ഇന്ത്യൻ കാമ്പസുകളിൽ ചെറുതെങ്കിലും അംബേദ്ക്കറുടെ സ്വാധീനത്തിലൂന്നിയുള്ള സ്വത്വരാഷ്ട്രീയ സംഘടനകൾ ഉദയം കൊളളുന്നത്. മുസ്‍ലിം വിദ്യാർത്ഥി സംഘടനകളും കാമ്പസുകളിൽ സ്വത്വരാഷ്ട്രീയത്തിന്റെ കൊടി ഉയർത്തുന്നുണ്ട്‌. എന്നാൽ അവയെല്ലാം വലിയൊരു മാറ്റത്തിലേക്ക് വളരുവാനുള്ള വഴികളിൽ വയലൻസും വിദ്വേഷവും തടസ്സമായി നിൽക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ശ്രേണികരണത്തിലേക്കും, വർഗീയ ധ്രുവീകരണത്തിലേക്കും തള്ളിയിടുന്ന ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും സർവാധിപത്യം അവസാനിക്കാതെ ഈ രാഷ്ട്രീയജീവിതത്തിൽ നിന്നുമൊരു രക്ഷ സാധ്യമല്ല.  

Comments