വെങ്കിടേഷ് രാമകൃഷ്ണന്‍

സാധ്യമാണോ,
ഹിന്ദുത്വ പ്രൊജക്റ്റിനെതിരെ
ഒരു മതനിരപേക്ഷ പ്രൊജക്റ്റ്?

‘‘1920-കളുടെ മധ്യവർഷങ്ങൾ മുതൽ ഇന്ത്യയിൽ ഒരു ഹിന്ദുത്വ പ്രൊജക്റ്റ് ഉണ്ടായിരുന്നു. മറുവശത്ത്, സ്വതന്ത്ര ഇന്ത്യയുടെ ഒരു ഘട്ടത്തിലും നമുക്ക് ഒരു സമഗ്ര മതനിരപേക്ഷ പ്രൊജക്റ്റ് ഉണ്ടായിരുന്നില്ല’’- അയോധ്യയി​ലെ രാമക്ഷേത്ര നിർമാണം തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സഞ്ചാരത്തിൽ എന്ത് വഴിത്തിരിവുകളാണുണ്ടാക്കുക എന്ന് വിശകലനം ചെയ്യുകയാണ് വെങ്കിടേഷ് രാമകൃഷ്ണൻ.

മനില സി. മോഹൻ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാപനം, സ്വതന്ത്ര്യ മതേതര റിപ്പബ്‌ളിക് എന്ന ഇന്ത്യയുടെ ഭരണഘടനാ നിര്‍വചനത്തെ, വ്യാഖ്യാനത്തെ ഇല്ലാതാക്കി എന്ന് പറയേണ്ടിവരും. സെക്യുലറായി നില്‍ക്കുന്ന മനുഷ്യര്‍ക്കു മുഴുവന്‍ നിരാശ തോന്നുന്ന ചരിത്ര സന്ദര്‍ഭം കൂടിയാണിത്. സംഘപരിവാര്‍ ഇന്ത്യയെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നാണ് കരുതുന്നത്? ഹിന്ദുത്വ പ്രത്യയശാസ്ത്രം എത്രത്തോളം വിനാശകരമായി ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ ശരീരത്തില്‍ പടര്‍ന്നിട്ടുണ്ട്?

വെങ്കിടേഷ് രാമകൃഷ്ണൻ: നിസ്സംശയം, ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മോശം ദിനങ്ങളിൽ ഒന്നായാണ് 2024 ജനുവരി 22 അടയാളപ്പെടുത്തപ്പെടുക. ഭരണഘടനയുടെ തലത്തിലും സാങ്കേതികമായ ഭരണ നിർവഹണത്തിന്റെ എല്ലാ വ്യവഹാര- അർത്ഥതലങ്ങളിലും മതനിരപേക്ഷതയെ ആധാര ശിലയാക്കിയ ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ഹിന്ദുമതത്തിന്റെ മാത്രം പ്രതിനിധിയും അപ്പോസ്തലനുമായി അയോധ്യയിലെ രാമ മന്ദിരത്തിലെ പ്രാണപ്രതിഷ്ഠ നടത്തിയതുകൊണ്ടു മാത്രമല്ല ഈ അന്ധകാരച്ഛായ ഇന്ത്യ എന്ന റിപ്പബ്ലിക്കിനുമേൽ പതിച്ചിരിക്കുന്നത്.

അന്ന് അയോധ്യയിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും നടന്ന ഒട്ടനവധി സംഭവങ്ങളും - അക്കൂട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിഷ്ഠാചടങ്ങിനുശേഷം ചെയ്ത പ്രസംഗവും ഉൾപ്പെടും- ഈ അന്ധകാരഛവിക്ക് ആക്കം കൂട്ടുന്നതുതന്നെയാണ്. മോദിയുടെ പ്രസംഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അല്ലെങ്കിൽ ആശയം, ഇന്ത്യയുടെ ഭരണനിർവഹണവും തത്വശാസ്ത്രപരമായ അന്തഃസത്തയും അതിന്റെ ചലനാത്മകതയും ഒക്കെ രാമൻ എന്ന ബിംബത്തിൽ സ്വാംശീകരിക്കപ്പെട്ടിരിക്കുന്നു എന്നതായിരുന്നു. അക്ഷരാർത്ഥത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ബഹുമുഖ മൂല്യങ്ങളെയും അതിന്റെ തുടർച്ചയായി നിലവിൽവന്ന, ഭരണഘടന കൊടിക്കൂറയായി ഉയർത്തിപ്പിടിച്ച, മത നിരപേക്ഷതയെയും പൂർണമായും തള്ളിക്കളഞ്ഞ ഒരു പ്രകടനമായിരുന്നു അത്.

അയോധ്യയിലെ പ്രതിഷ്ഠാചടങ്ങുകൾക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു
അയോധ്യയിലെ പ്രതിഷ്ഠാചടങ്ങുകൾക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

വാക്കുകൾ കൊണ്ട് ഇന്ത്യ എന്ന ആശയത്തിന്റെ സത്തക്ക് മോദി ഇങ്ങനെ ക്ഷതമേൽപ്പിക്കുമ്പോൾ ഇന്ത്യയുടെ പല ഭാഗങ്ങളിൽ- പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുതൽ ഹരിയാനയിലുള്ള ഗുഡ്ഗാവിലെ വാണിജ്യ- വ്യവസായ കേന്ദ്രങ്ങൾ വരെയുള്ള ഇടങ്ങളിൽ- പ്രാണപ്രതിഷ്ഠാചടങ്ങിൽ ആവേശത്തോടെ പങ്കെടുക്കാൻ തയ്യാറാകാതിരുന്നവർ ആക്രമിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ, ഹിന്ദുത്വ വർഗീയതയുടെ തേരോട്ടം തെരഞ്ഞെടുക്കപ്പെട്ട ചില സ്ഥലങ്ങളിൽനിന്ന് വളർന്ന് ദേശത്തിന്റെ വലിയ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, നിത്യ ജീവിതത്തിന്റെ മുഖമുദ്ര തന്നെയായി മാറിയ ഒരു ദിവസമായി ജനുവരി 22.

എങ്ങനെയാണ് തെരഞ്ഞെടുപ്പുകളുടെ തലത്തിൽ പ്രാവർത്തികമായ ഒരു വിശാല ഐക്യം രൂപപ്പെടുത്തുക എന്നതിനെക്കുറിച്ച് ഗാഢവും സാരവുമായ ആലോചനകൾ നടക്കേണ്ടതുണ്ട്.

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു നാഴികക്കല്ലായി തന്നെയാണ് സംഘപരിവാറും ഈ ദിവസത്തെ കാണുന്നത്. ഹിന്ദു രാഷ്ട്രം എന്ന അവരുടെ ആത്യന്തികലക്ഷ്യത്തിലേക്കുള്ള യാത്രയിലെ നിർണായക നാഴികക്കല്ല്. എങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഈ പൊതുബോധത്തിൽ പൂർണമായി ഇഴുകിച്ചേർന്നിട്ടില്ല എന്നും അതിനുവേണ്ടിയുള്ള വലിയ സമരങ്ങൾ നടത്തേണ്ടിവരുമെന്നും ആ സമരങ്ങളുടെ തുടക്കം തമിഴ്നാട്ടിലായിരിക്കും എന്നും അവരിൽ പലരും എന്നോട് സൂചിപ്പിക്കുകയുണ്ടായി.

തീർച്ചയായും തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പോരാട്ടത്തിൽ അടുത്ത ദശയും ദിശയും എന്താണ് എന്ന് അവർ അടയാളപ്പെടുത്തിക്കഴിഞ്ഞു. ആ അടയാളപ്പെടുത്തലിന്റെ പരിണിതഫലങ്ങളും, മൂന്നര പതിറ്റാണ്ടോളമായി അയോധ്യ അനുഭവിച്ചതുപോലെയുള്ള കുടിലവും ദുഷ്കരവുമായ ഒരു കാലത്തിലേക്കാണ് നയിക്കുക എന്ന കാര്യത്തിൽ സംശയമില്ല.

ജനുവരി 22-ന് പുനെ ഫിലിം ഇൻസിറ്റ്യൂറ്റിൽ ബാബരി മസ്ജിദ് അനുകൂല ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ ഹിന്ദുത്വ പ്രവർത്തവർ ആക്രമണം നടത്തുന്നു.
ജനുവരി 22-ന് പുനെ ഫിലിം ഇൻസിറ്റ്യൂറ്റിൽ ബാബരി മസ്ജിദ് അനുകൂല ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ ഹിന്ദുത്വ പ്രവർത്തവർ ആക്രമണം നടത്തുന്നു.

ഒരു ദീർഘകാല പദ്ധതിയിലൂടെ, അതിവിദഗ്ധമായ സോഷ്യൽ എഞ്ചിനീയറിങ്ങിലൂടെയാണ് സംഘപരിവാർ ഭരണകൂടാധികാരവും സാമൂഹികാധികാരവും നേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, അപ്പോഴും എൻ.ഡി.എയ്ക്ക് വോട്ടുചെയ്യാത്തവരാണ് 60 ശതമാനവും. ഇന്ത്യൻ ജനാധിപത്യത്തിൽ നമ്മുടെ പ്രതീക്ഷ എന്താണ്?

താങ്കൾ സൂചിപ്പിച്ച സ്ഥിതിവിവരകണക്കുകൾ തന്നെയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലക. പക്ഷേ ‘ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ്’ എന്ന വോട്ടിംഗ് സമ്പ്രദായത്തിൽ അടിയുറച്ചുനിൽക്കുന്ന രാജ്യമാണ് എന്നതുകൊണ്ടുതന്നെ ബി ജെ പിക്ക് ഇന്നുള്ള ഏതാണ്ട് 40 ശതമാനത്തിനടുത്തുള്ള വോട്ടുബലം വളരെ വലുതു തന്നെയാണ്. പ്രതിപക്ഷനിരയിൽ ഇന്നുള്ളത് വ്യത്യസ്തമായ, പലപ്പോഴും പരസ്പരം പോരടിക്കുന്ന രാഷ്ട്രീയ- സാമ്പത്തിക- സാമൂഹിക പ്രത്യയശാസ്ത്രങ്ങളും പ്രവർത്തന പരിപാടികളെ കുറിച്ചുള്ള സങ്കല്പനങ്ങളുമാണ്. അതിനെല്ലാം ഉപരി പ്രതിപക്ഷനിരയിലെ നേതാക്കൾക്കിടയിലുള്ള വ്യക്തിപരമായ സംഘർഷങ്ങളും വ്യത്യാസങ്ങളും ഒക്കെ സാധ്യതകളെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. ഇത്തരമൊരു അവസ്ഥയിൽ നിന്ന് എങ്ങനെയാണ് തെരഞ്ഞെടുപ്പുകളുടെ തലത്തിൽ പ്രാവർത്തികമായ ഒരു വിശാല ഐക്യം രൂപപ്പെടുത്തുക എന്നതിനെക്കുറിച്ച് ഗാഢവും സാരവുമായ ആലോചനകൾ നടക്കേണ്ടതുണ്ട്. ആ ആലോചനകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്താണ് എന്ന് ചോദ്യത്തിനുള്ള യഥാർത്ഥ ഉത്തരം.

തിരിച്ചടികൾ ഏറെയുണ്ടായിട്ടും തങ്ങളുടെ ആത്യന്തിക ലക്ഷ്യത്തെ, നിത്യേന ചെയ്യേണ്ട രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളെ വിട്ടുകൊടുക്കാതെ മുന്നോട്ടുപോകാൻ സംഘപരിവാറിന് ദശാബ്ദങ്ങളിലൂടെ സാധിച്ചു

മതം, രാഷ്ട്രീയാധികാരം, മൂലധനാധികാരം എന്നിവയുടെ ആനുപാതിക സങ്കലനമാണ് സംഘപരിവാറിൻ്റെ ഫോർമുല. ഇതിന് ഒരു ബദൽ ഫോർമുല എങ്ങനെ സാധ്യമാക്കാക്കാം എന്നാണ് കരുതുന്നത്?

1993- ലാണ് അയോധ്യയിലെ രാമമന്ദിർ പ്രക്ഷോഭത്തിൻ്റെ പ്രധാന നേതാക്കളിലൊരാളായ മഹത് രാമചന്ദ്ര പരമഹംസ്, ‘കാം ജാരിഹേ’ എന്ന് എന്നോട് പറയുന്നത്. മതം, രാഷ്ട്രീയാധികാരം, മൂലധനാധികാരം എന്നിവയുടെ ആനുപാതിക സങ്കലനം എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന ഒരു പ്രക്രിയയെ തന്നെയാണ് അന്ന് ആ വാചകത്തെ ഒരു രൂപകമായി ഉപയോഗപ്പെടുത്തി പരമഹംസ് അടയാളപ്പെടുത്തിയതും. ‘പോരാളിയായ സന്യാസി’ എന്ന് സ്വയം വിശേഷിപ്പിച്ച പരമഹംസ് അന്ന് അടിവരയിട്ട മറ്റൊരു പ്രധാന കാര്യം, തിരിച്ചടികൾ ഏറെയുണ്ടായിട്ടും തങ്ങളുടെ ആത്യന്തിക ലക്ഷ്യത്തെ, നിത്യേന ചെയ്യേണ്ട രാഷ്ട്രീയ സംഘടനാപ്രവർത്തനങ്ങളെ വിട്ടുകൊടുക്കാതെ മുന്നോട്ടുപോകാൻ സംഘപരിവാറിന് ദശാബ്ദങ്ങളിലൂടെ സാധിച്ചു എന്നതായിരുന്നു. നിലനിൽപ്പിനായുള്ള തീവ്രമായ ആ ത്വരയും ആ നിലനിൽപ്പും അതിനെ തുടർന്നുള്ള പിടിച്ചടക്കലും എങ്ങനെയെങ്കിലും സാധ്യമാക്കണം എന്ന ഉറച്ച നിശ്ചയവും അതിനുവേണ്ടി ഓരോ തിരിച്ചടിയിൽ നിന്നും തിരിച്ചുവരാൻ വേണ്ടിയുള്ള ചിട്ടയായ പ്രവർത്തന പദ്ധതികളും ഒക്കെയാണ് സംഘപരിവാറിനെയും ബി ജെ പിയെയും ഇന്നത്തെ അപ്രമാദിത്യ പ്രതീതിയുണർത്തുന്ന സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നത്.

1920-കളുടെ മധ്യവർഷങ്ങൾ മുതൽ ഇന്ത്യയിൽ ഒരു ഹിന്ദുത്വ പ്രൊജക്റ്റ് ഉണ്ടായിരുന്നു.
1920-കളുടെ മധ്യവർഷങ്ങൾ മുതൽ ഇന്ത്യയിൽ ഒരു ഹിന്ദുത്വ പ്രൊജക്റ്റ് ഉണ്ടായിരുന്നു.

അപ്പോൾ തിരിച്ചടികളിൽനിന്ന് തിരിച്ചുവരാനുള്ള നിരന്തര പ്രയത്നങ്ങളും ആ പ്രയത്നങ്ങൾക്ക് മുന്നോട്ടുള്ള പ്രയാണം ഉറപ്പിക്കുന്ന മൂർത്തമായ പദ്ധതികളും ആവശ്യമാണ് എന്നതിൽ സംശയമില്ല. മറ്റു വാക്കിൽ പറഞ്ഞാൽ, 1920-കളുടെ മധ്യവർഷങ്ങൾ മുതൽ ഇന്ത്യയിൽ ഒരു ഹിന്ദുത്വ പ്രൊക്റ്റ് ഉണ്ടായിരുന്നു. മറുവശത്ത്, സ്വതന്ത്ര ഇന്ത്യയുടെ ഒരു ഘട്ടത്തിലും നമുക്ക് ഒരു സമഗ്ര മതനിരപേക്ഷ പ്രൊജക്റ്റ് ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പ്രൊജക്റ്റ് എല്ലാ വിശദാംശങ്ങളെയും കണക്കിലെടുത്തുകൊണ്ട് ഉണ്ടാക്കാൻ പറ്റുമോ? അങ്ങനെയൊരു പ്രൊജക്റ്റ് നിലവിൽ വന്നാൽ അതിനെ 24 X 7 X 365 എന്ന രീതിയിൽ നൈരന്തര്യത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമോ? അതിനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഇച്ഛാശക്തിയും പ്രതിബദ്ധതയും ആൾബലവും ഉണ്ടാക്കിയെടുക്കാൻ പറ്റുമോ? അത്തരം ഒരു റോൾ ഏറ്റെടുക്കാൻ പ്രാപ്തനായ അല്ലെങ്കിൽ പ്രാപ്തമായ ഒരു നേതാവിനെയോ നേതൃത്വത്തെയോ ഇന്ത്യക്ക് കണ്ടെത്താനാവുമോ?

ഈ എല്ലാ ചോദ്യങ്ങൾക്കും അനുകൂലമായ ഉത്തരം കിട്ടുമ്പോഴാണ് ഒരു ബദൽ ഫോർമുല ഉയർന്നു വരിക എന്നാണ് എന്റെ വിശ്വാസം. ചരിത്രത്തിൽ സംഘപരിവാർ നടത്തിയതുപോലെയുള്ള വലിയ ആസൂത്രണങ്ങൾക്കും ചിട്ടയായ പ്രവർത്തനങ്ങൾക്കും ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പക്ഷേ ഇതോടെല്ലാം ഒപ്പം ജനങ്ങളിൽനിന്ന് ഉയർന്നുവരുന്ന ഒരു വലിയ രാഷ്ട്രീയ കുതിപ്പിന്റെ ബലവും വലിയ മാറ്റത്തിന് വഴിവെക്കാറുണ്ട്. അത്തരം ചരിത്രസംഭവങ്ങൾ അല്ലെങ്കിൽ ചരിത്രപ്രതിഭാസങ്ങൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും പല സമയങ്ങളിലായി കാണാറായിട്ടുണ്ട്. ഇന്ത്യയിലും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. അപ്പോൾ ഫോർമുല മാത്രമല്ല വേണ്ടത്, ഫോർമുല പ്ലസ് ആണ്.

Comments