വനിതാ ഡോക്ടറുടെ കൊലപാതകം;
വൻ പ്രതിഷേധത്തിനിടെ സി.ബി.ഐ അന്വേഷണത്തിന് തുടക്കം

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ റേപ്പ് ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം. തെളിവ് നശിപ്പിക്കാനും സംഭവം ഒതുക്കിത്തീർക്കാനും ശ്രമം നടന്നതായി ആരോപണം. അറസ്റ്റിലായ പൊലീസ് വളണ്ടിയർ സഞ്ചോയ് റോയ് മാത്രമാണോ പ്രതി, ഒന്നിൽ കൂടുതൽ പേർ കുറ്റകൃത്യത്തിൽ പങ്കാളികളാണോ, സംഭവത്തിനുശേഷം തെളിവുകൾ നശിപ്പിച്ചിട്ടുണ്ടോ, കൊലപാതകം എന്തുകൊണ്ട് ആദ്യം ആത്മഹത്യ എന്ന് റിപ്പോർട്ടു ചെയ്തു തുടങ്ങിയ വിവരങ്ങൾ സി.ബി.ഐ അന്വേഷിക്കുന്നു.

News Desk

കൊൽക്കത്തയിൽ, സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി.കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ റേപ്പ് ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെ, സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. സംഭവത്തിൽ ആശുപത്രി അഡ്മിനിസ്ട്രേഷന്റെ ഭാഗത്തുനിന്ന് അവഗണനയുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് സി.ബി.ഐ അന്വേഷിക്കുക.

അറസ്റ്റിലായ പൊലീസ് വളണ്ടിയർ സഞ്ചോയ് റോയ് മാത്രമാണോ പ്രതി, ഒന്നിൽ കൂടുതൽ പേർ കുറ്റകൃത്യത്തിൽ പങ്കാളികളാണോ, സംഭവത്തിനുശേഷം തെളിവുകൾ നശിപ്പിച്ചിട്ടുണ്ടോ, കൊലപാതകം എന്തുകൊണ്ട് ആദ്യം ആത്മഹത്യ എന്ന് റിപ്പോർട്ടു ചെയ്തു തുടങ്ങിയ വിവരങ്ങളാണ് സി.ബി.ഐ അന്വേഷിക്കുക.

രാജ്യവ്യാപകമായി റസിഡന്റ് ഡോക്ടർമാർ നടത്തുന്ന പ്രതിഷേധത്തിൽ നിന്നും
രാജ്യവ്യാപകമായി റസിഡന്റ് ഡോക്ടർമാർ നടത്തുന്ന പ്രതിഷേധത്തിൽ നിന്നും

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയായ 31 കാരിയാണ് കൊല്ലപ്പെട്ടത്. ക്രൂരമായ മർദനത്തിനിരയായെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിലടക്കം രക്തസ്രാവമുണ്ടായെന്നും മർദനത്തിൽ കണ്ണട പൊട്ടി ചില്ല് കണ്ണിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിലും വയറ്റിലുമടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ട്. ഭിത്തിയിൽ തലയിടിപ്പിച്ചതിന്റെ തെളിവും റിപ്പോർട്ടിലുണ്ട്.

സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. പൊലീസ് ആശുപത്രിയിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരുടെ പട്ടിക തയ്യാറാക്കുകയായിരുന്നു ആദ്യം ചെയ്തത്. അതേസമയം സെമിനാർ ഹാളിൽ സി.സി.ടി.വി ഇല്ലാത്തത് പൊലീസിന് വെല്ലുവിളിയായി. കൊല നടന്ന സ്ഥലത്ത് നിന്ന് ബ്ലൂടൂത്ത് ഹെഡ്ഫോണിന്റെ ഒരു ഭാഗം ലഭിച്ചു. ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഏത് ഫോണിലാണ് കണക്റ്റ് ആവുന്നതെന്ന് പരിശോധിച്ചു. തുടർന്ന് സിവിൽ പൊലീസ് വളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ സെമിനാർ ഹാളിന് പുറത്ത് കറങ്ങിനടക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

ബംഗാൾ പൊലീസിന്റെ അന്വേഷണത്തിൽ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ അസംതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 14 മുതൽ കേസിന്റെ അന്വേഷണം സ.ബി.ഐ ഏറ്റെടുത്തിരുന്നു. സംസ്ഥാന പൊലീസിന് ഒരാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കാനായില്ലെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തെ അറിയിച്ചിരുന്നു. മമത ബാനർജി പെൺകുട്ടിയുടെ കുടുംബത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു.

സഞ്ചോയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകന്നു.
സഞ്ചോയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകന്നു.

കേസിന്റെ പ്രാരംഭഘട്ടത്തിൽ പലതരം പോരായ്മകളുണ്ടായിട്ടുണ്ട്. ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് രാജിവെച്ച പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ മണിക്കൂറുകൾക്കകം മറ്റൊരു കോളേജിന്റെ പ്രിൻസിപ്പലായി നിയമിച്ചുവെന്നതായിരുന്നു ആദ്യ പ്രശ്‌നം. തുടർന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ സമയബന്ധിതമായ ഇടപെടൽ വിഷയത്തിൽ പ്രധാനമായി. കേസന്വേഷണ റിപ്പോർട്ട് മണിക്കൂറുകൾക്കകം സമർപ്പിക്കണമെന്ന് ആഗസ്റ്റ് 13ന് കോടതി കൊൽക്കത്ത സർക്കാറിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഹൈക്കോടതി സർക്കാറിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. തെളിവുകൾ സംരക്ഷിക്കുന്നതിൽ എന്ത് നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും സംഭവം നടക്കുമ്പോൾ പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷ് രാജിവെക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആദ്യം ചോദ്യം ചെയ്യേണ്ടിയിരുന്നത് ആർജി കാർ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ തന്നെയായിരുന്നെന്നും കോടതി വിമർശിച്ചിരുന്നു.

നടന്നതെല്ലാം ദയനീയമായ സംഭവമാണെന്നും ഡോക്ടർമാർക്ക് എന്ത് ഉറപ്പാണ് സംസ്ഥാനം നൽകുന്നതെന്നും കോടതി വിമർശിച്ചു. തുടർന്ന് രാജ്യവ്യാപകമായി റസിഡന്റ് ഡോക്ടർമാർ സമരം ആരംഭിക്കുകയും ചെയ്തു. പ്രതിയെ ശിക്ഷിക്കുക, ആശുപത്രികളിൽ സുരക്ഷാ സംവിധാനമൊരുക്കുക, ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ആവശ്യങ്ങൾ.

രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽതാനും പങ്കാളിയാകുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സുഖേന്ദു ശേഖർ റേ അറിയിച്ചിരുന്നു. ഇന്ന് കൊൽക്കത്തയിലെ ജോധ്പൂർ പാർക്കിലെ നേതാജി പ്രതിമയ്ക്ക് മുന്നിൽ താൻ ധർണ നടത്തുമെന്നും എംപി വ്യക്തമാക്കി. ഡോക്ടർക്കുനേരെയുണ്ടായ കുറ്റകൃത്യത്തിൽ പ്രതിഷേധിച്ച് ഇന്ന് രാത്രി തെരുവിലിറങ്ങുന്ന ദശലക്ഷക്കണക്കിന് പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

തൃണമൂൽ കോൺഗ്രസ് എം.പി സുഖേന്ദു ശേഖർ റേ
തൃണമൂൽ കോൺഗ്രസ് എം.പി സുഖേന്ദു ശേഖർ റേ

അതിനിടെ, സംഭവത്തിൽ തൃണമൂൽ കോൺഗ്രസിലെ വനിതാ എം.പിമാരുടെ നിശ്ശബ്ദതയെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. മയക്കുമരുന്ന് മാഫിയ, സെക്‌സ് റാക്കറ്റ് എന്നിവയെക്കുറിച്ച് സൂചന നൽകുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് കേന്ദ്ര മന്ത്രിയും സംസ്ഥാന ബി.ജെ.പി പ്രസിഡന്റമായി സുകാന്ത മജുംദാർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഡോക്ടറുടെ പോസ്റ്റുമോർട്ടം രാത്രി നിയമവിരുദ്ധമായാണ് നടത്തിയതെന്ന് ചില ഡോക്ടർമാർ തങ്ങളോട് പറഞ്ഞതായും അദ്ദേഹം അറിയിച്ചു.

Comments