കങ്കണയുടെ ‘എമർജൻസി’യെ
ബി.ജെ.പി പേടിക്കുന്നതെന്തിന്?

ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും കഠിനമായി വിമർശിക്കുന്നുവെന്ന് അവകാശപ്പെടുന്ന കേന്ദ്ര സർക്കാറും ബി.ജെ.പിയും എന്തുകൊണ്ടാണ് ഇന്ദിര നായികയായി വരുന്ന, അടിയന്തരാവസ്ഥയുടെ ഉള്ളുകള്ളികൾ തുറന്നുകാട്ടുന്നതെന്ന് പറയുന്ന, സ്വന്തം എം.പി തന്നെ സംവിധാനം ചെയ്യുന്ന ഒരു സിനിമയെ പേടിക്കുന്നത്?

News Desk

ബി.ജെ.പി എം.പി ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്ന സിനിമ.

വിഷയം, ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തിലെയും ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെയും ഏറ്റവും സംഭവബഹുലമായ അടിയന്തരാവസ്ഥ.

ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത് ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും കഠിനമായി വിമർശിക്കുന്നുവെന്ന് അവകാശപ്പെടുന്ന സർക്കാർ.

എന്നിട്ടും സ്വന്തം എം.പി സംവിധാനം ചെയ്ത് നായികയായി വരുന്ന ഈ സിനിമയെ ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനും എന്തിനാണ് പേടി?

സിനിമ: 'എമർജൻസി' (Emergency).
സംവിധായിക, സഹ നിർമാതാവ്, നായിക: കങ്കണ റണാവത്ത് (Kangana Ranaut).
റിലീസിങ്: അനിശ്ചിതത്വത്തിൽ, ഇപ്പോൾ കേസ് മുംബൈ ഹൈക്കോടതിയിൽ.
പരാതിക്കാർ: സിഖ് സംഘടനകൾ.
റിലീസിങ് പരമാവധി വൈ​കണേ എന്നാഗ്രഹിക്കുന്നവർ: ബി.ജെ.പി, കേന്ദ്ര സർക്കാർ.

സിനിമയ്ക്ക് നാല് കട്ടുകളടക്കം 14 മാറ്റങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. ഇത് നിർമാതാക്കൾ അംഗീകരിച്ചാൽ ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിക്കും.
സിനിമയ്ക്ക് നാല് കട്ടുകളടക്കം 14 മാറ്റങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. ഇത് നിർമാതാക്കൾ അംഗീകരിച്ചാൽ ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിക്കും.

സിനിമ റിലീസാകാതിരിക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതായി സഹ നിർമാതാക്കളായ സീ സ്റ്റുഡിയോസ് മുംബൈ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

ഏറ്റവുമൊടുവിൽ, സിനിമയ്ക്ക് നാല് കട്ടുകളടക്കം 14 മാറ്റങ്ങളാണ് സെൻസർ ബോർഡ് (Central Board of Film Certification -CBFC) നിർദേശിച്ചിരിക്കുന്നത്. ഇത് നിർമാതാക്കൾ അംഗീകരിച്ചാൽ U/A സർട്ടിഫിക്കറ്റുമായി സിനിമ റിലീസ് ചെയ്യാം.

സിഖ് സംഘടനകളുടെ പ്രതിഷേധത്തെതുടർന്ന് റിലീസിങ് നീട്ടിവച്ച സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സെൻസർ സർട്ടിഫിക്കറ്റ് റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് സീ സ്റ്റുഡിയോസ് സമർപ്പിച്ച ഹർജിയിലാണ് സെൻസർ ബോർഡ് തീരുമാനമറിയിച്ചത്.

കട്ടുകൾ അംഗീകരിക്കണോ വേണ്ടയോ എന്ന കാര്യം നിർമാതാക്കളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. കേസ് 30-ന് വീണ്ടും പരിഗണിക്കും.

‘എമർജൻസി’യിൽ ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത്
‘എമർജൻസി’യിൽ ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത്

സെൻസർ ബോർഡ് നിർദേശിച്ച പ്രധാന മാറ്റങ്ങൾ:

സഞ്ജയ് ഗാന്ധിയും ഗ്യാനി സെയിൽ സിങ്ങും തമ്മിലും ഇന്ദിരാഗാന്ധിയും ആർമി ഉദ്യോഗസ്ഥരും തമ്മിലും നടത്തുന്ന സംഭാഷണത്തിനിടെ ഉപയോഗിക്കുന്ന 'സന്ത്', 'ഭിദ്രൻവാല' എന്നീ വാക്കുകൾ ഒഴിവാക്കണം.

സിഖ് വിരുദ്ധ കലാപത്തിലെ അക്രമങ്ങൾ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്യണം.

സിഖുകാർ, ജർണയിൽ സിങ് ഭിദ്രൻവാലയെ സൂചിപ്പിക്കുന്ന മുദ്രാവാക്യം വിളിച്ച് സിഖുകാരല്ലാത്തവരുടെ സംഘത്തെ വെടിവെക്കുന്ന ദൃശ്യം ഒഴിവാക്കണം.

ഹരിയാന തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും സിനിമയെ ബി.ജെ.പിക്ക് തടഞ്ഞുനിർത്തിയേ വഴിയുള്ളൂ. അതുകൊണ്ട്, സ്വന്തം എം.പിയാണെങ്കിലും കങ്കണക്കുമേൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയല്ലാതെ വഴിയില്ല.

സിനിമയുടെ ഉള്ളടക്കം പരിശോധിക്കാൻ ചരിത്രകാരനായ മഖൻലാലിനെയാണ് സെൻസർ ബോർഡ് നിയോഗിച്ചത്. കോൺഗ്രസിനുപോലും ഇന്ദിരാഗാന്ധിയെക്കുറിച്ച് ഒരു നല്ല സിനിമ നിർമിക്കാനായില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

സിനിമയുടെ മർമപ്രധാന ഭാഗങ്ങളിലാണ് സെൻസർ ബോർഡ് കട്ടുകൾ നിർദേശിച്ചിരിക്കുന്നത് എന്നാണ് നിർമാതാക്കളുടെ പരാതി.

സീ സ്റ്റുഡിയോസും കങ്കണയുടെ ഉടമസ്ഥതയിലുള്ള മണികർണിക ഫിലിംസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ ബയോഗ്രഫിക്കൽ പൊളിറ്റിക്കൽ ത്രില്ലർ എന്നാണ് സിനിമയെ സംവിധായികയും നിർമാതാക്കളും വിശേഷിപ്പിക്കുന്നത്. സവിശേഷമായ മെയ്ക്ക് ഓവറോടെയാണ് കങ്കണ ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കുന്നത്.
സഞ്ജയ്ഗാന്ധിയായി മലയാളി താരം വിശാഖ് നായരാണ് വേഷമിടുന്നത്. ശ്രേയസ് തൽപദെ, അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, സതീഷ് കൗശിക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ.ബി. വാജ്‌പേയിയായി ശ്രേയസും ജയപ്രകാശ് നാരായണനായി അനുപം ഖേറും വേഷമിടുന്നു. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും. സംഗീതം സഞ്ചിത് ബൽഹാര. ചിത്രത്തിന്റെ എഴുത്തുകാരിയും കൂടിയാണ് കങ്കണ.

സഞ്ജയ്ഗാന്ധിയായി മലയാളി താരം വിശാഖ് നായർ
സഞ്ജയ്ഗാന്ധിയായി മലയാളി താരം വിശാഖ് നായർ

1975 ജൂൺ 25-ന് അടിയന്തരാവസ്ഥ പ്രഖ്യപിച്ചതുമുതലുള്ള 21 മാസങ്ങളാണ് പ്രധാന ഇതിവൃത്തം. ഒപ്പം, ഇന്ദിരാഗാന്ധിയുടെ വധവും തുടർന്നുള്ള സിഖ് വിരുദ്ധ കലാപവും. ഷേക്‌സ്പിയറിന്റെ മാക്ബത്തിൽനിന്നാണ് പ്രചോദനമെന്ന് കങ്കണ പറയുന്നു.

ഒരു വർഷത്തോളമായി സിനിമ റിലീസ് ചെയ്യാൻ കങ്കണ കഠിനശ്രമം നടത്തുകയാണ്. 2023 നവംബർ 24ന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ജൂൺ 14-ലേക്കു മാറ്റി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എം.പിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപുറകേ, സിനിമ സപ്തംബർ ആറിന് റിലീസ് ചെയ്യുമെന്ന് കങ്കണ പ്രഖ്യാപിച്ചു. ടീസറും റിലീസ് ചെയ്തു. ഇതോടെ വിവാദങ്ങൾ ഒന്നിനുപുറകെ ഒന്നായി വന്നു.

ശ്രേയസ് തൽപഡെ.
ശ്രേയസ് തൽപഡെ.

സിനിമ സാമുദായിക മൈത്രി തകർക്കുമെന്നും സംഘർഷത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി പ്രദർശനാനുമതി നൽകരുതെന്ന് ശിരോമണി അകാലിദൾ സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു. ശിരോമണി ഗുരുദ്വാര പ്രബന്ധക് സമിതിയും രംഗത്തുവന്നു. സിഖ് സംഘടനകൾ സെൻസർബോർഡിനെ സമീപിക്കുകയും മധ്യപ്രദേശ് ഹൈകോടതിയിൽ കേസ് കൊടുക്കുകയും ചെയ്തയോടെ റിലീസ് തടസപ്പെട്ടു. തങ്ങളുടെ സമുദായത്തെയും വിശ്വാസത്തെയും തെറ്റിധാരണയുണ്ടാക്കുംവിധം ചിത്രീകരിക്കുന്നതും ചരിത്രവിരുദ്ധവുമാണ് സിനിമ എന്നതിനാൽ നിരോധിക്കണം എന്നാണ് വിവിധ സംസ്ഥാനങ്ങളിലുള്ള സിഖ് സംഘടനകളുടെ ആവശ്യം.
ഭിദ്രൻവാലയെ ഭീകരനായി ചിത്രീകരിച്ചതും സിഖ് വിരുദ്ധകലാപദൃശ്യങ്ങളുമാണ് പ്രകോപനമായത്.

ഭിദ്രൻവാലയെ ഭീകരനായി ചിത്രീകരിച്ചതും സിഖ് വിരുദ്ധകലാപദൃശ്യങ്ങളുമാണ് സിഖ് സംഘടനകളെ പ്രകോപിപ്പിച്ചത്.
ഭിദ്രൻവാലയെ ഭീകരനായി ചിത്രീകരിച്ചതും സിഖ് വിരുദ്ധകലാപദൃശ്യങ്ങളുമാണ് സിഖ് സംഘടനകളെ പ്രകോപിപ്പിച്ചത്.

കേന്ദ്ര സർക്കാറും ബി.ജെ.പിയും ഇച്ഛിച്ചതുതന്നെയായിരുന്നു ഇതും. സിനിമ പുറത്തിറങ്ങിയാൽ സിഖ് വികാരം ബി.ജെ.പിക്ക് എതിരെയാകുമെന്ന് ബി.ജെ.പി പേടിക്കുന്നു. മാത്രമല്ല, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ, അവിടെ വിജയിക്കാൻ ജീവന്മരണപ്പോരാട്ടം നടത്തുന്ന ബി.ജെ.പിക്ക് സിഖുകാരുടെ വിരോധം ക്ഷണിച്ചുവരുത്താനുമാകില്ല. ഹരിയാന തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും സിനിമയെ ബി.ജെ.പിക്ക് തടഞ്ഞുനിർത്തിയേ വഴിയുള്ളൂ. അതുകൊണ്ട്, സ്വന്തം എം.പിയാണെങ്കിലും കങ്കണക്കുമേൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയല്ലാതെ വഴിയില്ല.

ഇത് കങ്കണ തിരിച്ചറിയുന്നുമുണ്ട്: ''എന്റെ സിനിമക്കുനേരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു, ഇത് ഭീകരമാണ്'' എന്നാണ്, ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽനിന്നുള്ള എം.പികൂടിയായ കങ്കണ പ്രതികരിച്ചത്.

''ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ പോകുന്നവരെ സിനിമ എങ്ങനെയാണ് ബാധിക്കുക? സ്വന്തം പാർട്ടിയിലുള്ള ഒരാൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമയെ എന്തിനാണ് പാർട്ടി തടയാൻ ശ്രമിക്കുന്നത്? മുംബൈ ഹൈക്കോടതി ചോദിക്കുന്നു.

'എമർജൻസി' തന്നെ സംബന്ധിച്ച് കുട്ടിക്കളിയല്ല എന്ന് കങ്കണ തന്നെ അവകാശപ്പെടുന്നു: ''സിനിമക്ക് പണം കണ്ടെത്താൻ എനിക്ക് ആഭരണങ്ങൾ വിൽക്കേണ്ടിവന്നു'', അവരുടെ ത്യാഗങ്ങൾ അങ്ങനെ പോകുന്നു.
ബാന്ദ്രയിലെ പാലി ഹില്ലിലുണ്ടായിരുന്ന ബംഗ്ലാവ് 32 കോടി രൂപയ്ക്ക് വിറ്റതായി കങ്കണ വെളിപ്പെടുത്തിയിരുന്നു. 2022 ഡിസംബറിൽ ഈ വസ്തുവിന്മേൽ ഐ സി ഐ സി ഐ ബാങ്കിൽ നിന്ന് 27 കോടി രൂപ സിനിമക്കായി വായ്പയെടുത്തു. നിർമ്മാണ സ്ഥാപനമായ മണികർണിക ഫിലിംസിൻ്റെ ഓഫീസായും ഈ ബംഗ്ലാവ് ഉപയോഗിച്ചിരുന്നു. റിലീസ് വൈകിയതിനെതുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് ബംഗ്ലാവ് വിൽക്കേണ്ടിവന്നത്.

രാജീവ് ഗാന്ധി എഴുതിയ പുസ്തകവും അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നു ലഭിച്ച ആധികാരിക രേഖകളുമാണ് പ്രമേയത്തിനാധാരം; ചരിത്രവിരുദ്ധസിനിമ എന്ന ആരോപണത്തെ അവർ ഇങ്ങനെ നേരിടുന്നു.

ഇന്ദിരാഗാന്ധി സ്വന്തം വീട്ടിൽ വച്ച് പെട്ടെന്ന് മരിച്ചുവെന്നൊക്കെ കാണിക്കാൻ പറ്റുമോ എന്നാണ് കങ്കണയുടെ ചോദ്യം. കോടതിയിൽ പോരാടി ചിത്രത്തിന്റെ എഡിറ്റ് ചെയ്യാത്ത പതിപ്പ് റിലീസ് ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പാർലമെന്റിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകൾ 'എമർജൻസി' പുറത്തിറങ്ങുമ്പോൾ വെളിപ്പെടുമെന്നാണ് കങ്കണ പറയുന്നത്. കോൺഗ്രസിനെയും നെഹ്‌റു കുടുംബത്തെയും ‘തുറന്നുകാട്ടുന്ന’ ഒരു സിനിമയെ ബി.ജെ.പി എന്തിനിത്ര പേടിക്കുന്നു എന്നാണ് അവർ പരോക്ഷമായി ചോദിക്കുന്നത്.

''സിനിമക്ക് പണം കണ്ടെത്താൻ എനിക്ക് ആഭരണങ്ങൾ വിൽക്കേണ്ടിവന്നു'', കങ്കണ പറയുന്നു.
''സിനിമക്ക് പണം കണ്ടെത്താൻ എനിക്ക് ആഭരണങ്ങൾ വിൽക്കേണ്ടിവന്നു'', കങ്കണ പറയുന്നു.

മുംബൈ ഹൈക്കോടതിയും കങ്കണയുടെ വികാരം പങ്കിടുന്നു: ''ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ പോകുന്നവരെ സിനിമ എങ്ങനെയാണ് ബാധിക്കുക? സ്വന്തം പാർട്ടിയിലുള്ള ഒരാൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമയെ എന്തിനാണ് പാർട്ടി തടയാൻ ശ്രമിക്കുന്നത്? സിനിമയിൽ എന്തു കണ്ടാലും വിശ്വസിക്കുന്നവിധം അത്ര നിഷ്‌കളങ്കരാണ് ജനം എന്ന് കരുതുന്നുണ്ടോ?'', വിചാരണക്കിടെ കോടതി ചോദിച്ചു.
'സിഖ് വിരുദ്ധ സിനിമ' എന്ന ആരോപണമുയര്‍ന്നതിനെതുടര്‍ന്ന് ഭരണകക്ഷിയായ ബി.ജെ.പിയുടെ താല്‍പര്യം സംരക്ഷിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ റിലീസിങ് തടയാന്‍ ശ്രമിക്കുന്നത് എന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ വാദിച്ചപ്പോഴായിരുന്നു, ജസ്റ്റിസുമാരായ ബുര്‍ഗെസ്സ് കൊളാബവാല, ഫിര്‍ദൗസ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഈ പരാമര്‍ശം.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ റിലീസിങ് നീട്ടിവപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമമെന്ന് നിര്‍മാതാക്കളായ സീ സ്റ്റുഡിയോക്കുവേണ്ടി ഹാജരായ അഡ്വ. വെങ്കടേഷ് ധോണ്ട് വാദിച്ചു.
ഒരു സിനിമ കാണുകപോലും ചെയ്യാതെ ഇത് തങ്ങളുടെ സമുദായത്തിന് എതിരാണ് എന്ന് എങ്ങനെ പറയാനാകും എന്നും ഡിവിഷന്‍ ബഞ്ച് ചോദിച്ചു: ''ഇത് ഡോക്യുമെന്ററിയല്ല. സര്‍ഗാത്മക സ്വാതന്ത്ര്യം എന്ന ഒന്നില്ലേ?'', കോടതി ചോദിച്ചു.

ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന ഭയത്താല്‍ ഒരു സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാനോ അഭിപ്രായ സ്വാതന്ത്ര്യവും സര്‍ഗാത്മക സ്വാതന്ത്ര്യവും പരിമിതപ്പെടുത്താനോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന ഭയത്താല്‍ ഒരു സിനിമയ്ക്ക് സെൻസർ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാനോ അഭിപ്രായ സ്വാതന്ത്ര്യവും സര്‍ഗാത്മക സ്വാതന്ത്ര്യവും പരിമിതപ്പെടുത്താനോ കഴിയില്ലെന്ന് കോടതി.

''മനഃപൂർവം മറച്ചുവക്കപ്പെട്ട ചരിത്രമാണ് അടിയന്തരാവസ്ഥയുടേത്. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് സിനിമ ചെയ്തത്. നാല് ചരിത്രകാരന്മാരുടെ മേൽനോട്ടമുണ്ടായിരുന്നു. എന്നാൽ, ചിലർ ഇതിൽ ചരിത്രവിരുദ്ധത കണ്ടെത്തുകയാണ്. ഭിദ്രൻവാലയെ ചിലർ വിശുദ്ധനായും വിപ്ലവകാരിയായും നേതാവായുമൊക്കെയാണ് കാണുന്നത്. ഒരു ക്ഷേത്രത്തിൽ എ.കെ 47 തോക്കും പിടിച്ച് ഇരിന്നിരുന്ന അദ്ദേഹം ഒരിക്കലും ഒരു വിശുദ്ധനല്ല. മുൻ സർക്കാറുകളെല്ലാം ഖാലിസ്ഥാനികളെ ഭീകരരായി പ്രഖ്യാപിച്ചിരുന്നത് ഓർക്കണം''- കങ്കണയുടെ വാദങ്ങൾ ഇങ്ങനെ പോകുന്നു.

തനിക്ക് വധഭീഷണിയും അശ്ലീല സന്ദേശങ്ങളും ലഭിച്ചതായി വിശാഖ് നായർ പറയുന്നു. താൻ അവതരിപ്പിക്കുന്നത് ഭിദ്രൻവാലയുടെ കഥാപാത്രമാണ് എന്ന് തെറ്റിധരിച്ചാണ് ഭീഷണിയെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

മുംബൈ ഹൈകോടതിയുടെ തീർപ്പുണ്ടായാലും മറ്റ് സംസ്ഥാനങ്ങളിലും സിനിമക്കെതിരെ കേസുകൾ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചണ്ഡീഗഢ് ജില്ലാ കോടതി കങ്കണക്ക് നോട്ടീസ് അയച്ചു. സിഖ് സമുദായത്തെ ആക്ഷേപിക്കുന്നതാണ് സിനിമയെന്നാരോപിച്ച് ജില്ലാ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. രവീന്ദർ സിങ് ബാസ്സി നൽകിയ ഹർജിയിൽ, ഡിസംബർ അഞ്ചിന് വാദം കേൾക്കാനിരിക്കുകയാണ് കോടതി.

‘എമർജൻസി’ ട്രെയിലർ

Comments