കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ദീര്‍ഘകാല ആവശ്യത്തിന് ഇടക്കാല ആശ്വാസം. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് മുന്‍പ് സംസ്ഥാനത്തിന് കടമെടുക്കാന്‍ അര്‍ഹതയുള്ളത് 13,608 കോടി രൂപയാണ്. ഈ തുക കടമെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് അടിയന്തരമായി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.
അടിയന്തരമായി 26000 കോടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണമെന്നായിരുന്നു ഹര്‍ജിയില്‍ കേരളം മുന്നോട്ടുവെച്ച ആവശ്യം. എന്നാല്‍ അത് സാധ്യമായില്ല. 15000 കോടി കൂടി ആവശ്യമായി വേണ്ടി വരുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എങ്കിലും ഈ തുക സ്വീകാര്യമാണെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.
കേരളം ആവശ്യപ്പെടുന്ന ബാക്കി തുകയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് വിധി പറയവെ കോടതി നിര്‍ദേശിച്ചു. കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ എത്രമാത്രം ഇപെടാന്‍ കോടതിക്ക് സാധ്യമാകുമെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
കേരളം സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കണമെന്ന കേന്ദ്രവാദത്തെ കോടതി വിമര്‍ശിച്ചു. കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതോടൊപ്പം തന്നെ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ധനക്കമ്മിയെ താരതമ്യം ചെയ്യാനാകില്ലെന്നും രണ്ടും തികച്ചും വ്യത്യസ്തമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. പെന്‍ഷന്‍, ക്ഷാമബത്ത പോലെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനുള്ള പണംപോലും സംസ്ഥാനത്തിന്റെ കൈവശമില്ലെന്നാണ് കേരളത്തിന്റെ വാദം. ശമ്പളം നല്‍കാനുള്ള പണം മാത്രമാണ് കൈവശമുള്ളതെന്നും കേരളം അറിയിച്ചു. ഓവര്‍ഡ്രാഫ്റ്റിന്റെ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാരിന്റെ തുറന്നുപറച്ചില്‍.
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജി പരിഗണിച്ചത്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുകയാണെങ്കില്‍ 13000കോടി അനുവാദിക്കാമെന്ന് മുമ്പ് കേന്ദ്രം അറിയിച്ചിരുന്നുവെങ്കിലും ആ നിര്‍ദേശം കേരളം തള്ളിയിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ മുമ്പ് തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും പ്രശ്‌നപരിഹാരം സാധ്യമായിരുന്നില്ല.