ബജറ്റ് വിഹിതം കുറച്ചു, സ്വത്ത് വിൽക്കുന്നു; റെയിൽവേ സ്വകാര്യവൽക്കരണത്തിലേക്ക് ഇനിയെത്ര ദൂരം?

കേന്ദ്രബജറ്റിൽ ഇത്തവണയും റെയിൽവേ വിഹിതം വെട്ടിക്കുറച്ചിരിക്കുന്നു. അഞ്ച് വർഷത്തിനിടയിൽ അഞ്ച് ലക്ഷം കോടി രൂപയുടെ സ്വത്ത് വിൽപനയാണ് റെയിൽവേയിൽ നടന്നത്. പുതിയ നിയമനങ്ങൾ കാര്യമായി നടക്കുന്നില്ല, പകരം കരാർ നിയമനങ്ങൾ മാത്രം. ബി.ജെ.പി സർക്കാർ റെയിൽവേയെ എങ്ങോട്ടാണ് നയിക്കുന്നത്?

ലോകത്തെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. ഏറ്റവും കൂടുതൽ ജീവനക്കാരുള്ള ഏറ്റവുമധികം ആളുകൾ യാത്രക്കായി തെരഞ്ഞെടുക്കുന്ന പൊതുഗതാത സംവിധാനം. ഈ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ആ ശ്രമങ്ങളുടെ തുടർച്ചയാണ് 2025-ലെ ബജറ്റിൽ റെയിൽവേ വിഹിതം വെട്ടിക്കുറച്ചത് വഴിയും ലക്ഷ്യം വെക്കുന്നത്. 2024- 2025 സാമ്പത്തിക വർഷം പ്രഖ്യാപിച്ച ഇടക്കാല ബജറ്റിൽ 2.66 ലക്ഷം കോടി രൂപയാണ് റെയിൽവേക്ക് വേണ്ടി മാറ്റിവെച്ച തുക. എന്നാൽ 2025- 2026 സാമ്പത്തിക വർഷത്തെ ബജറ്റ് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുമ്പോൾ വിഹിതം കുറഞ്ഞ്, 2.55 ലക്ഷം കോടിരൂപയായി ചുരുങ്ങി. 2017 വരെ റെയിൽവേക്ക് പ്രത്യേക ബജറ്റുമുണ്ടായിരുന്നു. എന്നാൽ നിലവിൽ അത്തരമൊരു ബജറ്റ് നടക്കാത്തതും ഈ ഗതാഗത സംവിധാനത്തെ വികസനത്തിൽ നിന്നും പിന്നോട്ടടിക്കുന്നു.

2017-ൽ റെയിൽവേ ബജറ്റ് അവസാനിപ്പിച്ചതോടുകൂടി റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കുള്ള അവസരങ്ങൾ തന്നെ ഇല്ലാതായെന്നും റെയിൽവേയുടെ സ്വത്തുക്കൾ വിൽക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ദക്ഷിൺ റെയിൽവേ എംപ്ലോയിസ് യൂണിയൻ ജോയിന്റ് ജനറൽ സെക്രട്ടറി ആർ. ജി. പിള്ള ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. വാഗ്ദാനം ചെയ്ത പല പദ്ധതികളും ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നും നിലവിൽ പ്രഖ്യാപിച്ച വിഹിതം റെയിൽവേ വികസനത്തിന് പര്യാപ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. ഏറ്റവും കൂടുതൽ ജീവനക്കാരുള്ള ഏറ്റവുമധികം ആളുകൾ യാത്രക്കായി തെരഞ്ഞെടുക്കുന്ന പൊതുഗതാത സംവിധാനം.
ലോകത്തെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. ഏറ്റവും കൂടുതൽ ജീവനക്കാരുള്ള ഏറ്റവുമധികം ആളുകൾ യാത്രക്കായി തെരഞ്ഞെടുക്കുന്ന പൊതുഗതാത സംവിധാനം.

“റെയിൽവേക്ക് ഇത്തവണ ബജറ്റ് വിഹിതമായി പ്രഖ്യാപിച്ചിരിക്കുന്നത് 2.55 കോടി രൂപയാണ്. കഴിഞ്ഞവർഷമിത് 2.62 കോടി രൂപയായിരുന്നു. സ്വകാര്യ നിക്ഷേപം വർധിപ്പിക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ വാഗ്ദാനം. എന്നാൽ അത്തരത്തിലൊരു നിക്ഷേപവും വന്നിട്ടില്ല. വാഗ്ദാനം ചെയ്ത പല പദ്ധതികളും ഇപ്പോഴും പുരോഗമിക്കുന്നതേയുള്ളു. നിലവിലെ വിഹിതം ഒരുതരത്തിലും റെയിൽവേയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്നതല്ല. കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതിനേക്കാൾ കുറവാണല്ലോ അത്. സ്വകാര്യ പങ്കാളിത്തം ഇത്തവണയും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഉണ്ടാവാൻ സാധ്യതയില്ല. തുടങ്ങിവെച്ച വേഗതയിലോ വ്യാപ്തിയിലോ തുടർന്നുള്ള റെയിൽവേ വികസനം നടക്കാനുള്ള സാധ്യത വളരെ വിരളമാണ്. അതുകൊണ്ട് തന്നെ റെയിൽവേ പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാകാനുള്ള സാധ്യതയാണുള്ളത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഭീകരമായ ട്രെയിൻ ദുരന്തങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചിട്ടുള്ളത്. ട്രാക്കിന്റെയും കോച്ചുകളുടെയും പോരായ്മയും ജീവനക്കാരുടെ അപര്യാപ്തതയുമൊക്കെയാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമായത്.

കേന്ദ്ര സർക്കാർ റെയിൽവേ മേഖലയിൽ നേരിട്ട് ചെയ്തിരുന്ന പല പ്രവർത്തികളും ഇന്ന് സ്വകാര്യ കോൺട്രാക്ടർമാർക്കാണ് നൽകിയിരിക്കുന്നത്. അതുപോലെ തന്നെ ജോലികൾ പോലും പുറംകരാറാണ് നൽകുന്നത്. സ്ഥിരം തൊഴിലാളികളെ വെട്ടിച്ചുരുക്കി കരാർ തൊഴിലാളികളെയാണ് ഇപ്പോൾ റെയിൽവേയിൽ നിയമിക്കുന്നത്. ഇതൊക്കെയാണ് വർധിച്ചുവരുന്ന അപകടങ്ങളുടെ കാരണമെന്ന് അന്വേഷണ കമ്മീഷനുകൾ തന്നെ ശരിവെക്കുന്നുണ്ട്. ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് വീണ്ടും അതേരൂപത്തിൽ മുന്നോട്ടുപോകാനുള്ള ശ്രമമാണ് ഈ ബജറ്റിലും കാണാൻ കഴിയുന്നത്. പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഒന്നും തന്നെ ഈ ബജറ്റിൽ കാണാൻ കഴിയില്ല. എറണാകുളം മുതൽ മംഗലാപുരം തേർഡ് ആൻഡ് ഫോർത്ത് ലൈൻ എന്ന പേരിൽ റെയിൽവേ തന്നെ ചില പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പുതിയ പദ്ധതികൾക്കൊന്നും മതിയായ ഫണ്ട് വകയിരുത്താത്തത് കാരണം റെയിൽവേ വികസനം പോലും കൃത്യമായി നടക്കുന്നില്ല. അതുപോലെ തന്നെ സാങ്കേതിക പ്രശ്നങ്ങൾ മൂലം യാത്രക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളുമുണ്ട്. റെയിൽവേ സംവിധാനത്തിന്റെ തന്നെ കാര്യക്ഷമമായ പ്രവർത്തനത്തിനും സുരക്ഷയ്ക്കും പ്രതികൂലമായിട്ടുള്ള പ്രവർത്തനമാണ് കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

ദക്ഷിൺ റെയിൽവേ എംപ്ലോയിസ് യൂണിയൻ ജോയിന്റ് ജനറൽ സെക്രട്ടറി ആർ. ജി. പിള്ള
ദക്ഷിൺ റെയിൽവേ എംപ്ലോയിസ് യൂണിയൻ ജോയിന്റ് ജനറൽ സെക്രട്ടറി ആർ. ജി. പിള്ള

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അഞ്ച് ലക്ഷം കോടി രൂപയുടെ സ്വത്ത് വിൽപന റെയിൽവേയിൽ നടന്നിട്ടുണ്ട്. അത് പൂർണമായി നടന്നിട്ടില്ലെങ്കിലും റെയിൽവേയുടെ പാളങ്ങളും സ്റ്റേഷനുകളും വിൽക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഓരോ ട്രെയിൻ സർവീസുകളും സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അത് ലക്ഷ്യം വെച്ചുകൊണ്ട് പുതിയ പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. ഈ ബജറ്റിൽ 2025- 2030 വരെയുള്ള കാലത്ത് ഏതാണ്ട് പത്ത് ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ റെയിൽവേയുടേത് ഉൾപ്പടെ വിൽക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. റെയിൽവേ സ്വകാര്യവൽക്കരണം നടപ്പിലാക്കിയ അർജന്റീനയടക്കം വീണ്ടും റെയിൽവേ ദേശസാൽക്കരണത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷ് റെയിൽവേ കഴിഞ്ഞ ദിവസമാണ് പാസഞ്ചർ ട്രെയിനുകൾ വീണ്ടും സർക്കാർ ഉടമസ്ഥതയിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ഈ ബജറ്റിൽ ഉറപ്പായും ഊന്നൽ കൊടുക്കുന്നത് സ്വകാര്യ മേഖലക്കാണ്. എൽ.ഐ.സി നൂറ് ശതമാനം സ്വകാര്യവൽക്കരിച്ചു കഴിഞ്ഞു. റെയിൽവേയുടെ സ്വത്തുക്കൾ വിൽക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. റെയിൽവേ വികസനത്തിനോ പുതിയ കോച്ചുകൾ അനുവദിക്കുന്നതിനോ മതിയായ നിക്ഷേപങ്ങൾ നടത്താനോ ബജറ്റിൽ പറയുന്നില്ല. റെയിൽവേ പ്രവർത്തനത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് ബജറ്റിലുള്ളത്. കഴിഞ്ഞ ബജറ്റിലുണ്ടായിരുന്ന വിഹിതം പോലും അനുവദിച്ചിട്ടില്ലായെന്ന് പറഞ്ഞാൽ അത് അനീതി തന്നെയാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് പോലും റെയിൽവേക്ക് പ്രത്യേക ബജറ്റുണ്ടായിരുന്നു. എന്നാലിന്ന് റെയിൽവേയെ കുറിച്ച് ഒരു പരാമർശം പോലും ബജറ്റിൽ കാണാൻ കിട്ടുന്നില്ല. ലക്ഷക്കണക്കിന് കോടി രൂപ വിറ്റുവരവുള്ള ഒരു സ്ഥാപനമാണ് റെയിൽവേ. ജനജീവിതവുമായി വളരെ അടുത്ത ബന്ധമുള്ള ഇത്തരം ഒരു സംവിധാനത്തെ അവഗണിക്കുന്നത് ഒരിക്കലും ശരിയല്ല. 2017-ൽ റെയിൽവേ ബജറ്റ് ഇല്ലാതാക്കിയതോടുകൂടി, സാധാരണക്കാരന്റെ യാത്രാസൗകര്യം എന്ന അവകാശം നിഷേധിച്ചിരിക്കുകയാണ്.”

റെയിൽവേക്ക് ബജറ്റ് വിഹിതം ഇത്തവണ കുറഞ്ഞതിനു പിന്നിൽ മറ്റ് ചില കാരണങ്ങളുണ്ടെന്നും പ്രഖ്യാപിക്കപെടുന്ന പദ്ധതികൾ നടപ്പിലാക്കാൻ വൈകുന്നതാണ് പ്രധാന കാരണമെന്നും തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ പി. കൃഷ്ണകുമാർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. കഴിഞ്ഞ തവണ അനുവദിച്ച തുക പോലും പൂർണമായി ചെലവഴിക്കാൻ സാധിച്ചിട്ടില്ലെന്നും അതാണ് ഇത്തവണ വിഹിതം കുറയാൻ കാരണമെന്നും അദ്ദേഹം പറയുന്നു.

തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ പി. കൃഷ്ണകുമാർ
തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ പി. കൃഷ്ണകുമാർ

“റെയിൽവേയുടെ പല പദ്ധതികളും നടപ്പിലാക്കാൻ വൈകുന്നതിന്റെ പ്രധാന കാരണം ഭൂമി ഏറ്റെടുക്കൽ കൃത്യമായി നപ്പിലാക്കാത്തതാണ്. ഭൂമി റെയിൽവേയുടെ കൈവശമില്ലാത്തതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ആവശ്യമാണ്. പല സംസ്ഥാനങ്ങളിലും റെയിൽവേ ഭൂമി ഏറ്റെടുക്കൽ വിചാരിച്ച വേഗതയിൽ നടക്കുന്നില്ല. അതുകൊണ്ടായിരിക്കാം വിഹിതം കഴിഞ്ഞ തവണയേക്കാൾ ഇത്തവണ കുറഞ്ഞത്. ഒറ്റനോട്ടത്തിൽ അങ്ങനെയാണ് മനസിലാക്കാൻ സാധിച്ചത്. പല സ്ഥലങ്ങളിലും 75 ശതമാനം ഭൂമി ഏറ്റെടുപ്പ് നടത്തിയാൽ മാത്രമേ പ്രവർത്തനങ്ങൾ ആരംഭിക്കൂ എന്നാണ് റെയിൽവേ ഇപ്പോൾ പറയുന്നത്. ആലപ്പുഴയിൽ നടക്കുന്ന ഡബ്ലിങ്ങൊക്കെ നേരിടുന്ന തടസം അതാണ്. പണം ഡെപ്പോസിറ്റ് ചെയ്തിട്ടും ഭൂമി കണ്ടെത്തികൊടുക്കാൻ സമയം കൂടുതലെടുക്കുകയാണ്. അതുകൊണ്ട് തന്നെ അടുത്തവർഷം വരുമ്പോൾ റെയിൽവേ വിഹിതം സ്വാഭാവികമായി കുറക്കും. ഇത് വളരെ സങ്കീർണമായ ഒരു പ്രശ്നമാണ്. ഏതൊക്കെ പ്രോജക്ടിന് എത്ര രൂപ അനുവദിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ പൂർണമായ വ്യക്തത ഇപ്പോഴും വന്നിട്ടില്ല. അത് വന്നുകഴിഞ്ഞാലെ പ്രഖ്യാപനങ്ങളെ സംബന്ധിച്ച് കൃത്യമായ വിലയിരുത്തലുകൾ സാധ്യമാവുകയുള്ളു. റെയിൽവേ ബജറ്റ് വിഹിതം കുറഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ അതിന് പല തരത്തിലുള്ള കാരണമുണ്ട്. പദ്ധതികൾ നടപ്പിലാക്കാൻ വൈകുമ്പോൾ ആദ്യം അനുവദിച്ച പണം പൂർമായി ചെലവാക്കേണ്ടി വന്നിട്ടില്ല. അങ്ങനെ വരുമ്പോൾ കൂടുതൽ പണം അടുത്ത തവണ ആനുവദിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ? അങ്ങനെയുള്ള പ്രശ്നങ്ങളും ഇവിടെ നിലനിൽക്കുന്നുണ്ട്,” പി. കൃഷ്ണകുമാർ പറഞ്ഞു.

Comments