ഇനി ഡൽഹി സർക്കാറിന് ഭരിക്കാൻ ലഫ്. ഗവർണറുടെ അനുമതി വേണം

ഇനി ഡൽഹി സർക്കാറിന് ഭരണപരമായ ഏതു തീരുമാനമെടുത്ത് നടപ്പാക്കാനും ലഫ്. ഗവർണറുടെ അംഗീകാരം വേണം. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച ബിൽ പാസായി. ഡൽഹിയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിച്ച്​, രാജ്യതലസ്ഥാനത്തിന്റെ ഭരണം കയ്യാളാനാണ് സർക്കാർ നീക്കം.

National Desk

"രണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായി രാജ്യത്തിന്റെ ഫെഡറൽ ഘടന കൂടുതൽ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുകയാണ് എന്നത് ആശങ്കാജനകമായ കാര്യമാണ്.' 2012ൽ ജനുവരി 25ന് ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ഒരു കുറിപ്പിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ വാക്കുകളാണിത്.

പരസ്പര സഹകരണത്തോടെയുള്ള ഫെഡറലിസമാണ് ശക്തമായ റിപ്പബ്ലിക്കിന് ആവശ്യമെന്നായിരുന്നു മോദി അന്ന് അഭിപ്രായപ്പെട്ടത്. രണ്ടുവർഷത്തിനുശേഷം അധികാരത്തിലെത്തിയ ഇതേ മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിനുനേരെ ഉയരുന്ന ഏറ്റവും ശക്തമായ വിമർശനങ്ങളിലൊന്ന് അവർ ജനാധിപത്യത്തെയും ഫെഡറലിസത്തെയും തകർക്കാൻ ശ്രമിക്കുന്നുവെന്നതാണ്. 2019ൽ കൂടുതൽ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ ഫെഡറൽ സംവിധാനം അട്ടിമറിക്കാനുള്ള നീക്കം കൂടുതൽ പ്രകടവും ഭീതിതവുമാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതും തുടർന്നുവന്ന പൗരത്വനിയമ ഭേദഗതിയുമെല്ലാം സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് വഴിവെച്ചിരുന്നു.

ഏറ്റവുമൊടുവിൽ, ഡൽഹിയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിച്ച്​, രാജ്യതലസ്ഥാനത്തിന്റെ ഭരണം കയ്യാളാനാണ് സർക്കാർ നീക്കം. വൈകാതെ അതിന് ഒരു നിയമം തന്നെ കൊണ്ടുവരാനാണ് ശ്രമം.

നീക്കം സുപ്രീംകോടതി വിധിയെ കൂട്ടുപിടിച്ച്

2015 ൽ ആം ആദ്മിയുടെ പാർട്ടിയുടെ നേതൃത്തിലുള്ള സർക്കാർ ഡൽഹിയിൽ അധികാരത്തിലെത്തിയതിനു പിന്നാലെ ലെഫ്റ്റനൻറ്​ ഗവർണർക്കും സർക്കാറിനും ഇടയിൽ ഉടലെടുത്ത അധികാര തർക്കം സുപ്രീം കോടതിയായിരുന്നു തീർപ്പാക്കിയത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ കേൾക്കാൻ ലെഫ്റ്റനൻറ്​ ഗവർണർ ബാധ്യസ്ഥനാണെന്നും ഗവർണർക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ കഴിയില്ലെന്നുമായിരുന്നു സുപ്രീം കോടതി പറഞ്ഞത്. "മന്ത്രിസഭയുടെ തീരുമാനങ്ങളോട് സഹകരിക്കാൻ ലെഫ്റ്റനന്റ് ഗവർണർ ബാധ്യസ്ഥനാണ്' എന്നായിരുന്നു കോടതി വിധി. ഭൂമി, ക്രമസമാധാനം, ആഭ്യന്തരം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊഴികെ ഡൽഹി സർക്കാർ ലെഫ്റ്റനന്റ് ഗവർണറോട് അഭിപ്രായം ആരായേണ്ടതില്ലെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ മറ്റുചില വിഷയങ്ങളിൽ അധികാര കേന്ദ്രം ആരാണെന്ന കാര്യത്തിൽ ഈ വിധിയിൽ വ്യക്തതയുണ്ടായിരുന്നില്ല. സുപ്രീം കോടതിയുടെ ഈ ഉത്തരവിന് അനുയോജ്യമായ "വ്യാഖ്യാനം' എന്ന ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

ഡൽഹിയിൽ സംസ്ഥാന സർക്കാറും ലെഫ്റ്റനൻറ് ഗവർണറും തമ്മിൽ നല്ല ബന്ധം നിലനിർത്തുകയെന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യമായി പറഞ്ഞിരിക്കുന്നത്. യഥാർത്ഥത്തിൽ ഇരുവിഭാഗവും തമ്മിലുള്ള ബന്ധം കുറേക്കൂടി വഷളാക്കാനേ ഈ നിയമം വഴിവെക്കൂ. ജനാധപത്യപരമായ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ ലെഫ്റ്റനന്റ് ഗവർണറുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് ഈ നിയമത്തിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന വിമർശനം ഇതിനകം തന്നെ ഡൽഹി സർക്കാറിൽ നിന്നും ഉയർത്തിക്കഴിഞ്ഞു.

ഡൽഹി ആക്ടിലെ ഭേദഗതികൾ

ഗവൺമെന്റ് ഓഫ് നാഷണൽ കാപ്പിറ്റൾ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ബിൽ 2021 എന്ന പേരിൽ അറിയപ്പെടുന്ന ബില്ല് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡിയാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. നിയമസഭ പാസാക്കുന്ന നിയമങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന നിയമത്തിലെ സെക്ഷൻ 21ൽ ചില മാറ്റങ്ങൾ വരുത്തി. നിയമസഭ തയ്യാറാക്കുന്ന ഏത് നിയമങ്ങളിലും 'സർക്കാർ' എന്ന പദപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് ‘ലെഫ്റ്റനൻറ്​ ഗവർണർ' എന്നതാണെന്ന് വിശദീകരിച്ച്​സെക്ഷൻ 21ൽ പുതിയൊരു സബ് സെക്ഷൻ ഉൾപ്പെടുത്തുകയാണ് ചെയ്തത്.

നിയമസഭ പാസാക്കുന്ന നിയമം ലെഫ്റ്റനൻറ്​ ഗവർണർക്ക് സമർപ്പിക്കണമെന്ന് നിർദേശിക്കുകയും അദ്ദേഹത്തിന് അത് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിടാനോ, പിടിച്ചുവെക്കാനോ അധികാരം നൽകുകയും ചെയ്യുന്ന സെക്ഷൻ 24ലും ഭേദഗതി വരുത്തിയിട്ടുണ്ട്. നിയമസഭയുടെ അധികാരത്തിനു പുറത്തുവരുന്ന വിഷയങ്ങൾക്കു കൂടി ഇത് ബാധകമാകുന്ന തരത്തിൽ ഒരു ക്ലോസ് കൂടി ഉൾപ്പെടുത്തി.

സെക്ഷൻ 33ലും ചില കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്. ‘ഡൽഹിയുടെ ദൈനംദിന ഭരണകാര്യങ്ങളുമായോ ഭരണപരമായ തീരുമാനങ്ങളുമായോ ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടത്തുന്നതിന് സർക്കാറിനെയോ അതിന്റെ കമ്മിറ്റികളെയോ സ്വയം ചുമതലപ്പെടുത്തുന്ന തരത്തിലുള്ള നിയമങ്ങൾ നിയമസഭയ്ക്ക് നിർമ്മിക്കാൻ കഴിയില്ല. ഈ ചട്ടത്തിനുവിരുദ്ധമായി നിർമ്മിക്കുന്ന ഏത് നിയമവും സാധുതയില്ലാത്തതാവും' എന്നാണ് ഭേദഗതി.

തലസ്ഥാനത്ത് പ്രാബല്യത്തിലുള്ള ഏതൊരു നിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യത്തിലും, ഒരു മന്ത്രിയുടേയോ അല്ലെങ്കിൽ മന്ത്രിസഭയുടേയോ തീരുമാനപ്രകാരം, സർക്കാരിന്റേയോ, ലഫ്റ്റനന്റ് ഗവർണറുടേയോ, അഡ്മിനിസ്ട്രേറ്ററുടേയോ, ചീഫ് കമ്മീഷനറുടേയോ അധികാരം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഒരു എക്സിക്യുട്ടീവ് ആക്ഷൻ പ്രയോഗത്തിൽ വരുത്തുന്നതിന് മുമ്പ് ഭരണഘടനയിലെ ആർട്ടിക്കിൾ 239 എഎ യിലെ ഭാഗം 4 നിർദ്ദേശിക്കുന്നതു പ്രകാരം, ലെഫ്റ്റനന്റ ഗവർണറുടെ അഭിപ്രായം നേടേണ്ടതുണ്ട്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

പുതിയ ഭേദഗതിയിൽ പറയുന്ന മൂന്നുവിഷയങ്ങളിലാണ് പ്രധാനമായും വിമർശനമുയരുന്നത്. സർക്കാർ എന്നതിന്റെ നിർവചനം ലെഫ്റ്റനന്റ് ഗവർണർ എന്നാക്കിമാറ്റുന്നുവെന്നതാണ് ആദ്യത്തേത്. രണ്ടാമതായി, ഭൂമി, പൊലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളിൽ ഒഴികെ മറ്റെല്ലാവിഷയങ്ങളും തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെ അധികാരപരിധിയ്ക്കുള്ളിലായിരുന്നത് പുതിയ ഭേദഗതിയിലൂടെ ലെഫ്റ്റനന്റ് ഗവർണർക്കു കീഴിലാക്കുന്നുവെന്നത്. മൂന്നാമതായി, ഭരണപരമായ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണം നടത്താനുള്ള ഡൽഹി നിയമസഭാ കമ്മിറ്റിയുടെ അധികാരത്തെ ഈ നിയമം ബാധിക്കുമെന്നതാണ്.

തിരിച്ചടിക്കുള്ള ബി.ജെ.പി പ്രതികരണം

ഡൽഹിയിലെ കോൺഗ്രസിന്റെ തകർച്ച, അധികാരം പിടിച്ചെടുക്കാൻ തുണയാവുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തിരിച്ചടി നേരിട്ടിരുന്നു. ജനാധിപത്യപരമായി അധികാരസ്ഥാനത്തെത്താൻ പറ്റാതായപ്പോൾ പരോക്ഷമായി രാജ്യതലസ്ഥാനത്തിന്റെ ഭരണം നിയന്ത്രിക്കാനുള്ള നീക്കമാണിത്. രാഷ്ട്രീയ കുതിരക്കച്ചവടങ്ങളിലൂടെയും മറ്റും പോണ്ടിച്ചേരിയടക്കമുള്ള പ്രദേശങ്ങളിൽ ബി.ജെ.പി നിലയുറപ്പിച്ചു കഴിഞ്ഞു. നാളെ മറ്റുപല സംസ്ഥാനങ്ങളിലും ഇതുപോലുള്ള നീക്കങ്ങൾ ആവർത്തിച്ചേക്കാം. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാറിന്റെ ഈ നീക്കത്തിനെതിരെ വലിയ പ്രതിരോധങ്ങൾ ഉയരേണ്ടതുണ്ട്. എന്നാൽ ഡൽഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും ബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനാർജിയുമൊക്കെയായി ചുരുക്കം കോണുകളിൽ മാത്രമാണ് ഇതിനെതിരെ പ്രതിഷേധം വന്നിരിക്കുന്നത്.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായത്തിന് എതിരാണ് ഈ നിയമമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത്. ഇതിനെതിരെ എ.എ.പി നേതാക്കൾ പാർലമെന്റിനു സമീപനം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ഈ വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് കത്തയച്ച മമത ബി.ജെ.പി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കൂടി പിന്തുണ തേടുമെന്നും അറിയിച്ചിട്ടുണ്ട്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായ ബി.ജെ.പിയുടെ ഈ ആക്രമണത്തിനെതിരെ, സംസ്ഥാന സർക്കാറുകളുടെ അധികാരങ്ങളിൽ വെള്ളം ചേർക്കാനുള്ള ഈ നീക്കത്തിനെതിരെ കൂട്ടായ പ്രതിരോധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും മമതാ ബാനർജി പറയുന്നു. ഈ നിയമം ഡൽഹിയുടെ ജനാധിപത്യപപരമായ അധികാരങ്ങൾ നശിപ്പിക്കുമെന്നാണ് കോൺഗ്രസ് നേതാവ് അഭിഷേക് ഡത്ത് അഭിപ്രായപ്പെട്ടത്. അതേസമയം, പുതിയ അധികാര തർക്കത്തിന് മുതിരാതെ ഡൽഹിയുടെ ഭരണ, വികസന കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് എ.എ.പി ചെയ്യേണ്ടതെന്നു പറഞ്ഞ് ഈ വിമർശനങ്ങളെ തള്ളിക്കളയുകയാണ് ബി.ജെ.പി ചെയ്തത്.

Comments