അധികാരത്തിലെത്തി 75 ദിവസങ്ങൾ പിന്നിട്ടിട്ടും മൂന്നാം നരേന്ദ്ര മോദി സർക്കാർ കർഷക വിരുദ്ധ തൊഴിലാളി വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോവുന്നതിനെതിരെ പ്രക്ഷോഭങ്ങൾ തുടരാൻ സംഘടനകൾ. കേന്ദ്ര ട്രേഡ് യൂണിയനുകളും (Central Trade Union - CTU) സംയുക്ത കിസാൻ മോർച്ചയും (Samyukt Kisan Morcha - SKM) പുതിയ സമരപ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാൻ പോവുകയാണ്. “കർഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ, മനുഷ്യത്വ വിരുദ്ധ, കോർപ്പറേറ്റ് അനുകൂല സർക്കാരാണ് രാജ്യം ഭരിക്കുന്നത്. അതിനെതിരെ പുതിയ സമര പരിപാടികൾ ആസൂത്രണം ചെയ്ത് കഴിഞ്ഞു,” സിടിയുവും എസ്കെഎമ്മും വ്യക്തമാക്കി.
തങ്ങളുടെ സമരപരിപാടികൾ വിശദീകരിച്ചുകൊണ്ട് കലണ്ടർ തന്നെ സംഘടനകൾ പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ തൊഴിലാളി- കർഷക യൂണിയനുകളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് അവസാന വാരം മുതൽ നവംബർ അവസാന വാരം വരെ നടത്താൻ പോവുന്ന പ്രതിഷേധ പരിപാടികളുടെ കലണ്ടറാണ് പുറത്തുവിട്ടത്. മൂന്നാം മോദി സർക്കാരിൻെറ ആദ്യ ബജറ്റും രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളായ തൊഴിലാളികളെയും കർഷകരെയും അവഗണിക്കുകയാണ് ചെയ്തത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രക്ഷോഭങ്ങൾ ആരംഭിക്കാൻ പോവുന്നത്.
നവംബർ 26 ന് ദേശീയ പ്രക്ഷോഭം:
നവംബർ 26ന്, രാജ്യമെമ്പാടുമുള്ള തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ച് വമ്പൻ പ്രക്ഷോഭം നടത്താനാണ് സിടിയുവും എസ്കെഎമ്മും തീരുമാനിച്ചിരിക്കുന്നത്. 1949 നവംബർ 26നാണ് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചത്. അതേ ദിവസത്തിൽ തന്നെയാണ് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കർഷക-തൊഴിലാളി സംഘടനകൾ പ്രക്ഷോഭം നടത്തുന്നത്.
സെപ്തംബർ 23ന് പ്രതിഷേധം:
തൊഴിലാളി സംഘടനകൾ സെപ്തംബർ 23ന് നടത്തുന്ന പ്രതിഷേധത്തിൽ എസ്കെഎമ്മും ഒപ്പം ചേരും. 2020-ൽ കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ പ്രഖ്യാപിച്ച് ലേബർ കോഡുകൾ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. പ്രതിഷേധദിനത്തിന് സംയുക്ത കിസാൻ മോർച്ച പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബാങ്ക് യൂണിയനുകൾക്ക് ഐക്യദാർഢ്യം:
ബാങ്കിങ് മേഖലയെ സ്വകാര്യവൽകരിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരായി ബാങ്ക് യൂണിയനുകൾ ആഗസ്ത് 28ന് നടത്തുന്ന പ്രതിഷേധത്തിന് കേന്ദ്ര ട്രേഡ് യൂണിയനും സംയുക്ത് കിസാൻ മോർച്ചയും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിൻെറ സാമ്പത്തിക മേഖലയെ തന്നെ തകർക്കാനാണ് കേന്ദ്രസർക്കാരിൻെറ ശ്രമമെന്നും യൂണിയനുകൾ ആരോപിക്കുന്നു.
അടിത്തട്ടിൽ പ്രവർത്തനം ശക്തമാക്കും:
നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ ഭരണ കക്ഷികളെയും അവരുടെ സഖ്യ കക്ഷികളെയും പരാജയപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കേന്ദ്ര ട്രേഡ് യൂണിയനും സംയുക്ത കിസാൻ മോർച്ചയും തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്ത് സ്ത്രീകൾക്ക് എതിരായി നടക്കുന്ന ക്രൂരമായ അതിക്രമങ്ങളിൽ സംഘടനകൾ പ്രതിഷേധിച്ചു. ക്രൂരമായ ബലാത്സാഗങ്ങളും കൊലപാതങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനുള്ള നിയമങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും ആവശ്യകതയെ കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും ആവശ്യപ്പെട്ടു.