രാജ്യത്ത് സെൻസസ് നടത്താതെ മൂന്ന് വർഷം, ചോദ്യം ചെയ്ത സ്റ്റാറ്റിസ്റ്റിക്സ് കമ്മറ്റിയെയും പിരിച്ചുവിട്ട് കേന്ദ്ര സർക്കാർ

2021-ൽ നടത്തേണ്ട സെൻസസ് മൂന്ന് വർഷമായിട്ടും നടത്താതെ മുന്നോട്ട് പോവുകയാണ് കേന്ദ്ര സർക്കാർ. ഇക്കാര്യത്തിൽ ചോദ്യമുന്നയിച്ച സ്റ്റാറ്റിസ്റ്റിക്സ് കമ്മറ്റിയെ ഇപ്പോൾ മുന്നറിയിപ്പുകളൊന്നും കൂടാതെ പിരിച്ചുവിടുകയും ചെയ്തിരിക്കുന്നു. സെൻസസ് നടക്കാത്തതിനാൽ കോടിക്കണക്കിന് പേർക്കാണ് ക്ഷേമപദ്ധതികൾ ലഭിക്കാതെ പോവുന്നത്.

News Desk

മുൻ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻ പ്രണബ് സെൻ (Pronab Sen) അധ്യക്ഷനായ സ്റ്റാറ്റിസ്റ്റിക്സ് സ്റ്റാന്റിംഗ് കമ്മറ്റിയെ (Statistics Standing Committee) മുന്നറിയിപ്പുകളൊന്നുമില്ലാതെ പിരിച്ചുവിട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇനി കമ്മറ്റിയുടെ പ്രവർത്തനങ്ങൾ നാഷണൽ സാമ്പിൾ സർവേയുടെ സ്റ്റിയറിംഗ് കമ്മറ്റിയിൽ ലയിപ്പിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് മിനിസ്ട്രി ഓഫ് നാഷണൽ സാമ്പിൾ സർവേയുടെ ഡയറക്ടർ ജനറൽ ഗീതാ സിംഗ് റാത്തോർ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങൾക്ക് ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. രാജ്യത്ത് 2021-ൽ നടക്കേണ്ട സെൻസസ് (Census) മൂന്ന് വർഷമായിട്ടും നടക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യം ചെയ്തതിനാലാണ് പരിച്ചുവിടൽ നടപടി എന്നാണ് കമ്മറ്റി അംഗങ്ങളുടെ പ്രതികരണം. “എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കമ്മറ്റി പിരിച്ചുവിടുന്നുവെന്ന് കാണിച്ച് ഒരു ഇ-മെയിൽ മാത്രം ലഭിച്ചു. കഴിഞ്ഞ വർഷം കമ്മറ്റി അര ഡസനിലധികം ചർച്ചകൾ നടത്തിയിരുന്നു. ഇതിലെല്ലാം സെൻസസ് നടത്താത്ത് സംബന്ധിച്ച വിഷയങ്ങളും സെൻസസിലെ കാലതാമസവും ചർച്ചയാവുകയും ചെയ്തിരുന്നു,” സ്റ്റാറ്റിസ്റ്റിക്സ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രണബ് സെൻ പറഞ്ഞു. സ്ഥിതിവിവരക്കണക്ക് ശേഖരണ രീതികളുടെ ഏകോപനത്തിനും മെച്ചപ്പെടുത്തലിനും സർക്കാരിന്റെ ഉപദേശകരായി പ്രവർത്തിക്കുന്നതിന് 2023 ജൂലൈയിൽ സ്ഥാപിച്ചതാണ് സ്റ്റാറ്റിസ്റ്റിക്സ് സ്റ്റാന്റിംഗ് കമ്മറ്റി.

2021-ൽ നടത്തേണ്ടിയിരുന്ന സെൻസസ് ഇപ്പോഴും നീളുമ്പോഴാണ് സ്റ്റാറ്റിസ്റ്റിക്സ് സ്റ്റാന്റിംഗ് കമ്മറ്റി പിരിച്ചുവിടാനുള്ള തീരുമാനം വന്നിരിക്കുന്നത്. പത്തുവർഷത്തിലൊരിക്കൽ എന്ന കണക്കിൽ 1870 മുതലാണ് ഇന്ത്യയിൽ സെൻസസ് നടത്താൻ തുടങ്ങിയത്. അവസാനമായി നടത്തിയത് 2011-ലാണ്. സെൻസസ് നടത്തേണ്ടിയിരുന്നത് 2021-ൽ ആയിരുന്നെങ്കിലും കോവിഡ് മൂലം സെൻസസ് നടപടികൾ നീളുകയായിരുന്നു. എന്നാൽ കോവിഡിന് ശേഷം ഇതുവരെയും സെൻസസ് നടന്നിട്ടില്ല.

പ്രണബ് സെൻ Photo : icrier.org
പ്രണബ് സെൻ Photo : icrier.org

സെൻസസ് നടത്താത്ത ഇന്ത്യ

യുക്രെയിൻ, യമൻ, സിറിയ, മ്യാൻമാർ, ശ്രീലങ്ക, സിറിയ, നൈജീരിയ തുടങ്ങി കോവിഡാനന്തരം സെൻസസ് നടത്താത്ത 44 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഉൾപ്പെട്ടിരിക്കുന്നത്. യുദ്ധവും സാമ്പത്തിക പ്രതിസന്ധിയുമാണ് സെൻസസ് നടത്താത്തിനുള്ള കാരണങ്ങളായി പട്ടികയിലെ മറ്റ് രാജ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യക്ക് അംഗത്വമുള്ള ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) കൂട്ടായ്മയിലും ഇന്ത്യ മാത്രമാണ് ഇനി സെൻസസ് നടത്താൻ ബാക്കിയുള്ളത്. ഇന്ത്യയെക്കാൾ സാമൂഹികമായും സാമ്പത്തികമായും പിന്നിലുള്ള രാജ്യങ്ങൾ പോലും സെൻസസ് പൂർത്തിയാക്കിയിരിക്കുമ്പോഴാണ് കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഇപ്പോഴും മൗനം തുടരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സെൻസസ് നടത്തുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ വർഷം പ്രതികരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷവും സെൻസസ് നടത്തിപ്പ് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്ന് നീക്കങ്ങൾ ഒന്നുമുണ്ടായിട്ടില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സെൻസസ് നടത്തുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ വർഷം പ്രതികരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷവും സെൻസസ് നടത്തിപ്പ് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്ന് നീക്കങ്ങൾ ഒന്നുമുണ്ടായിട്ടില്ല.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സെൻസസ് നടത്തുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ വർഷം പ്രതികരിച്ചത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും സെൻസസ് നടത്തിപ്പ് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്ന് നീക്കങ്ങൾ ഒന്നുമുണ്ടായിട്ടില്ല. സെൻസസിനുള്ള ഉചിതമായ സമയത്ത് അത് നടക്കുമെന്നാണ് അമിത് ഷാ പിന്നീട് പറഞ്ഞത്. “സെൻസസ് അതിന്റെ ഉചിതമായ സമയത്ത് തന്നെ നടക്കും. ആർക്കും സംശയം വേണ്ട. ഇത് സംബന്ധിച്ച് തീരുമാനമായാൽ നിങ്ങളെ അറിയിക്കുകയും ചെയ്യും” - അമിത് ഷാ പറഞ്ഞത് ഇങ്ങനെയാണ്. സെൻസസ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നതായിരുന്നു അമിത് ഷായുടെ കഴിഞ്ഞ വർഷത്തെയും കഴിഞ്ഞ മാസത്തെയും പ്രതികരണങ്ങളിലെ വൈരുദ്ധ്യങ്ങൾ. രാജ്യത്തിന്റെ ശരിയായ വികസനത്തിനാവശ്യമായ വിലപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിനും ജനങ്ങൾക്ക് ആവശ്യമുള്ള ആരോഗ്യ-സാമ്പത്തിക-വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനും സെൻസസ് ഡാറ്റ അത്യാവശ്യമാണെന്നിരിക്കേയാണ് ഈ അലംഭാവം തുടരുന്നത്.

കണക്കില്ലെങ്കിൽ ?

ജനസംഖ്യ സംബന്ധിച്ച് താഴേക്കിടയിൽ നിന്നുള്ള ഡാറ്റകൾ കൃത്യമായി ഉണ്ടെങ്കിലേ സർക്കാരിന്റെ ക്ഷേമ പദ്ധതികൾ അർഹതപ്പെട്ടവരിലേക്ക് എത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ. 2011-ലെ കണക്കുകൾക്ക് ഇപ്പോൾ കൃത്യത കുറവാണെന്ന് വിദഗ്ധരെല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നു. എന്നിട്ടും ഈ കണക്കുകൾ ഉപയോഗിച്ചാണ് കേന്ദ്രം പല കാര്യങ്ങളിലും ഇപ്പോഴും തീരുമാനം എടുക്കുന്നത്. കണക്കുകൾ കൃത്യമല്ലാത്തതിനാൽ പല മേഖലകളിലും ആവശ്യമായ സേവനങ്ങൾ ലഭ്യമാകുന്നില്ല എന്നും പരാതിയുണ്ട്.

വികസന പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ വിഹിതവും പദ്ധതിപ്രഖ്യാപനവും പഴയ കണക്കുകൾ വെച്ചുതന്നെയാണ് തുടരുന്നത്. ഇതുകാരണം സാമൂഹ്യസുരക്ഷാ പദ്ധതിയിൽ നിന്നുൾപ്പടെ കോടിക്കണക്കിന് പേരാണ് പുറത്തായിരിക്കുന്നത്. സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിലും അർഹമായ വർധനയുണ്ടാകില്ലെന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. പുതിയ കണക്കുകൾ തയ്യാറായാൽ പോലും ജനസംഖ്യയനുസരിച്ച് ഫണ്ടുകളും പദ്ധതികളും തീരുമാനിക്കുന്നതിന് രണ്ടുവർഷത്തോളമെങ്കിലും വേണ്ടിവരും. അതായത് ഈ വർഷം കണക്കെടുപ്പ് നടക്കുകയാണെങ്കിൽ പോലും പൂർത്തായാവാൻ 2026 ആവും. 2011-ലെ സെൻസസനുസരിച്ച് രാജ്യത്തെ ജനസംഖ്യ 121 കോടിയായിരുന്നു. ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം ഉത്തർപ്രദേശും (19,98,12,341) ഏറ്റവും കുറവ് സിക്കിമും (610,577) ആയിരുന്നു. കേരളത്തിന്റെ ജനസംഖ്യ 33,406,061, അഥവാ രാജ്യത്തെ ജനസംഖ്യയുടെ 2.76 ശതമാനവുമാണ്.

സെൻസസ് നടത്താത്തതിൻെറ രാഷ്ട്രീയം

സെൻസസ് (Census) നടക്കാതിരിക്കുക എന്നത് മറ്റൊരു തരത്തിൽ ബി.ജെ.പി സർക്കാരിന്റെ രാഷ്ട്രീയ ആവശ്യമാണ്. ജില്ലകൾ, താലൂക്കുകൾ, പട്ടണങ്ങൾ, എന്നിവയുടെ അതിർത്തി പുനർനിർണയവും 2024 ജൂൺ 30 വരെ നീട്ടിയിരുന്നു. ഇതോടെ, സർക്കാർ തന്നെ കൊണ്ടുവന്ന 33 ശതമാനം സ്ത്രീ സംവരണം ഈ തെരഞ്ഞെടുപ്പിലും നടപ്പാക്കാതെ പോവും. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടക്കണമെങ്കിലും സെൻസസ് പൂർത്തിയാകേണ്ടതുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് സ്റ്റാന്റിംഗ് കമ്മറ്റിയെ പിരിച്ചുവിട്ട കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. “സ്റ്റാറ്റിസ്റ്റിക്സ് സ്റ്റാന്റിംഗ് കമ്മറ്റിയെ പിരിച്ചുവിട്ടിരിക്കുന്നു. പക്ഷേ എന്തിനുവേണ്ടി? സെൻസസ് നടക്കാത്തതിനാൽ നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട്/പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന എന്നിവയിൽ ഉൾപ്പെടേണ്ട ഏറ്റവും കുറഞ്ഞത് 10 കോടി പേർക്കെങ്കിലും അവരുടെ റേഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്,” കോൺഗ്രസ് വക്താവ് ജയറാം രമേഷ് എക്സിൽ കുറിച്ചു.


Summary: BJP led Centre government dissolves 14 member standing committee on statistics, headed by Pronab Sen, a veteran economist and former chief statistician of the country, amid delayed Census


Comments