20-ന് പാർലമെന്റ് മാർച്ച്,
CJP സമരം പുതിയ ഘട്ടത്തിലേക്ക്

ആരോഗ്യാവസ്ഥ കണക്കിലെടുത്ത് നിരാഹാരത്തിൽനിന്ന് പിന്മാറണമെന്ന് സോനം വാങ്ചുകിനോട് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, 20-ലെ പാർലമെന്റ് മാർച്ചിലൂടെ 'ഒരു പ്രേതമായെങ്കിലും ഞാൻ തിരിച്ചുവരും' എന്നാണ് വാങ്ചുകിന്റെ പ്രഖ്യാപനം:

National Desk

20 ദിവസമായി ദൽഹിയിൽ നിരാഹാരം തുടരുന്ന ആക്റ്റിവിസ്റ്റ് സോനം വാങ്ചുക് നേതൃത്വം നൽകുന്ന തിങ്കളാഴ്ചയിലെ പാർലമെന്റ് മാർച്ചോടെ, കോക്രറോച്ച് ജനതാപാർട്ടിയുടെ (CJP) ജന്തർമന്തർ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്കു കടക്കും.

അപകടത്തിലായ ആരോഗ്യം കണക്കിലെടുത്ത് നിരാഹാരത്തിൽനിന്ന് പിന്മാറണമെന്ന് വാങ്ചുകിനോട് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, പാർലമെന്റ് മാർച്ചിലൂടെ 'ഒരു പ്രേതമായെങ്കിലും ഞാൻ തിരിച്ചുവരും' എന്നാണ് വാങ്ചുകിന്റെ പ്രഖ്യാപനം: ''പുറമേയ്ക്ക് ഞാൻ ഏറെ അവശനാണെങ്കിലും ആന്തരികമായി ഏറെ ശക്തനാണ്. ബാക്കിയുള്ളവരെല്ലാം പുറത്തും അകത്തും ശക്തരാണെന്ന് എനിക്കുറപ്പുണ്ട്. ജൂലൈ 20 വരെ നമുക്ക് ഈ ഊർജ്ജം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അന്ന് സമാധാനപരമായി നമ്മൾ പാർലമെന്റിലേക്ക് മാർച്ച് നടത്തും. നമ്മുടെ ആവശ്യം ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രത്തിനുമുന്നിൽ സമർപ്പിക്കും''.

NEET പരീക്ഷാചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സി.ജെ.പി പ്രക്ഷോഭവും ജൂൺ 28 മുതലുള്ള വാങ്ചുകിന്റെ നിരാഹാരവും. പാർലമെന്റിന്റെ മൺസൂൺകാല സമ്മേളനം തുടങ്ങുന്ന ജൂലൈ 20-നാണ് 'സൻസദ് ചലോ' എന്ന പേരിൽ മാർച്ച്.

ജൂൺ ആറിനാണ് CJP ജന്തർ മന്തറിൽ സമാധാനപരമായ പ്രക്ഷോഭം തുടങ്ങിയത്. തുടക്കത്തിൽ ശ്രദ്ധ നേടിയെടുക്കാതിരുന്ന പ്രക്ഷോഭത്തിന്, സോനം വാങ്ചുകിന്റെ വരവോടെയാണ് കേന്ദ്രീകൃത സ്വഭാവമുണ്ടായത്.

പാർലമെന്റിന്റെ മൺസൂൺകാല സമ്മേളനം തുടങ്ങുന്ന ജൂലൈ 20-നാണ് 'സൻസദ് ചലോ' എന്ന പേരിൽ CJP മാർച്ച് നടത്തുന്നത്.
പാർലമെന്റിന്റെ മൺസൂൺകാല സമ്മേളനം തുടങ്ങുന്ന ജൂലൈ 20-നാണ് 'സൻസദ് ചലോ' എന്ന പേരിൽ CJP മാർച്ച് നടത്തുന്നത്.

'GEN Z' ആവേശം എന്നു പറഞ്ഞ് തുടക്കത്തിൽ അവഗണിക്കപ്പെട്ടുവെങ്കിലും രണ്ടാഴ്ച കൊണ്ട് CJP സമരം ശ്രദ്ധ നേടി. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണ അറിയിച്ചു. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ജന്തർ മന്ദറിലെത്തി ഐക്യദാർഢ്യം അറിയിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മെയ്ത്ര, സാഗരിക ഘോഷ്, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, വൃന്ദ കാരാട്ട്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ആനി രാജ, സി.പി.എം- എൽ.എൽ ലിബറേഷൻ നേതാവ് ദിപാങ്കർ ഭട്ടാചാര്യ എന്നിവർ സമരത്തിന് നേരിട്ട് പിന്തുണ അറിയിച്ചു. മനുഷ്യാവകാശപ്രവർത്തകരായ പ്രശാന്ത് ഭൂഷൺ, കോളിൻ ഗോൺസാൽവസ്, എഴുത്തുകാരി അരുന്ധതി റോയ് എന്നിവരും സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു. വിഷയം പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് ആം ആദ്മി പാർട്ടി എം.എൽ.എ സജ്ഞജയ് സിങ് പറയുന്നു.

എന്നാൽ, സമരത്തോടും അതിനോടുള്ള പ്രതികരണങ്ങളോടും തികച്ച നിശ്ശബ്ദതയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര സർക്കാറും. NEET ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കണമെന്ന ആവശ്യത്തിലും ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തിലുമെല്ലാം തീർത്തും മൗനമാണ് മറുപടി. കുറച്ചുനാൾ കഴിയുമ്പോൾ ആവേശം കെട്ടടങ്ങി പ്രക്ഷോഭം സ്വാഭാവികമായി അന്ത്യമടയും എന്ന പ്രതീക്ഷയിലാണ് കേന്ദ്രം. എന്നാൽ, വാങ്ചുകിന്റെ നിരാഹാരം പ്രക്ഷോഭത്തെ സജീവമാക്കി നിർത്തുന്നുണ്ട്.

'ഹൃദയമോ മനസാക്ഷിയോ ഇല്ലാത്ത ഈ സർക്കാറിനുമുന്നിൽ നടത്തുന്ന നിരാഹാരത്തിൽനിന്ന് പിന്മാറണം' എന്ന് 1800 പേർ ഒപ്പിട്ട പ്രസ്താവന വാങ്ചുകിനോട് ആവശ്യപ്പെട്ടിരുന്നു. അരുന്ധതി റോയ്, നസറുദ്ദീൻ ഷാ, രത്‌ന പഥക് ഷാ, ജയതി ഘോഷ്, നിവേദിത മേനോൻ, രാധ കുമാർ, മധു ഭൂഷൺ, സഞ്ജയ് കാക്, കവിത ശ്രീവാസ്തവ, ആദിത്യ നിഗം, അരുന്ധതി ഘോഷ് തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പിട്ടത്: ''വനിതാ ഗുസ്തിതാരങ്ങളുടെ സമരത്തോടും കർഷകരുടെ സമരത്തോടും ഈ സർക്കാറിന്റെ മനോഭാവം എന്തായിരുന്നുവെന്ന് നമുക്കറിയാം. ഗംഗാനദി ശുചീകരിക്കുക, ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റുകൾ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പരിസ്ഥിതിപ്രവർത്തകനായ ജി.ഡി. അഗർവാൾ തന്റെ ജീവൻ നൽകി നടത്തിയ നിരാഹാരത്തോടുള്ള സമീപനവും നമുക്കറിയാം. വെള്ളം കുടിക്കാൻ സ്‌ട്രോ പോലും നിഷേധിച്ച് ഫാ. സ്റ്റാൻ സ്വാമിയെ ജയിലിലടച്ച സർക്കാറാണിത്. അതുകൊണ്ടുതന്നെ, താങ്കൾ ഉന്നയിക്കുന്ന വിഷയത്തോട് കേന്ദ്ര സർക്കാർ പുലർത്തുന്ന അവഗണന താങ്കളുടെ ആരോഗ്യം ഇനിയും മോശമാക്കുകയേയുള്ളൂ''- പ്രസ്താവനയിൽ പറയുന്നു.

NEET പരീക്ഷാചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സി.ജെ.പി പ്രക്ഷോഭവും ജൂൺ 28 മുതലുള്ള വാങ്ചുകിന്റെ നിരാഹാരവും.
NEET പരീക്ഷാചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സി.ജെ.പി പ്രക്ഷോഭവും ജൂൺ 28 മുതലുള്ള വാങ്ചുകിന്റെ നിരാഹാരവും.

അതേസമയം, സി.ജെ.പി പ്രക്ഷോഭത്തിന് തുടക്കത്തിൽ നൽകിയ പിന്തുണ അതേ ഊർജ്ജത്തോടെ കോൺഗ്രസ് അടക്കമുള്ള പല പ്രതിപക്ഷപാർട്ടികളും പിന്നീട് നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്. തിങ്കളാഴ്ചയിലെ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്‌കേ പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അവർ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള പ്രശ്‌നങ്ങളിൽ തുടക്കത്തിൽ ഇടപെട്ടത് രാഹുൽ ഗാന്ധിയാണ്. ജൂൺ 17ന് രാജ്യത്തെ കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയിൽ 'വിദ്യാർത്ഥികളുടെ ശബ്ദം' എന്ന പേരിൽ മഹാറാലി സംഘടിപ്പിച്ചാണ് കോൺഗ്രസ് പ്രക്ഷോഭത്തിന് തുടക്കമിട്ടത്. പരീക്ഷാപേപ്പർ ചോർച്ച, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങൾ രാഹുൽ വിദ്യാർഥികളുമായി ചർച്ച ചെയ്യുകയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാജ്യവ്യാപകമായി ഒരു കാമ്പയിന് തുടക്കമിടുമെന്നും രാഹുൽ ഈ വേദിയിൽ പറഞ്ഞു. ഇതിന്റെ തുടർച്ചയായി എൻ.എസ്.യു- ഐ, യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ പല നഗരങ്ങളിലും സമരങ്ങളും നടന്നിരുന്നു.

എന്നാൽ, വിദ്യാഭ്യാസമന്ത്രിയുടെ രാജി അടക്കമുള്ള ആവശ്യങ്ങൾ പിന്നീട് സി.ജെ.പി പ്രത്യക്ഷ സമരത്തോടെ ഏറ്റെടുക്കുന്നതാണ് കണ്ടത്. ഇതേതുടർന്ന് കോൺഗ്രസ് പ്രഖ്യാപിച്ച ദേശീയതല കാമ്പയിൻ അനിശ്ചിതത്വത്തിലായി. സി.ജെ.പി ​പ്രക്ഷോഭത്തെ തുടക്കത്തിൽ പിന്തുണച്ചുവെങ്കിലും, തുടർന്ന് സമരത്തോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് പ്രധാന പ്രതിപക്ഷപാർട്ടികളിൽ ആശയക്കുഴപ്പമുണ്ട്.

Comments