ചന്ദ്രശേഖർ ആസാദ്

ലോക്സഭയിലുമുണ്ട്,
ഇനി ചന്ദ്രശേഖർ ആസാദ്

യു.പിയിൽ ബി.ജെ.പി നടത്തുന്ന ജാതി രാഷ്ട്രീയത്തിനെതിരായ ഫലപ്രദമായ രാഷ്ട്രീയ പ്രതിരോധമാണ് ചന്ദ്രശേഖർ ആസാദ് നിർവഹിക്കുന്നത്. ദലിതുകളെ കൂടാതെ മുസ്ലിംകൾ, ജാട്ടുകൾ, ചില ഒ.ബി.സി വിഭാഗങ്ങൾ എന്നിവരെയെല്ലാം ചേർത്തുപിടിക്കുന്ന മൂവ്മെന്റാണ് ആസാദിന്റെ നേതൃത്വത്തിൽ ഗ്രാമങ്ങളിൽ നിശ്ശബ്ദം നടക്കുന്നത്. മുമ്പ് മായാവതിയെ ലോക്സഭയിലേക്ക് ജയിപ്പിച്ചുവിട്ട നാഗിനയിൽ നിന്നുള്ള ആസാദിന്റെ ആദ്യ ജയത്തിന് യു.പിയുടെ അതിരുകൾ ഭേദിക്കുന്ന പ്രാധാന്യമുണ്ട്.

National Desk

'എല്ലാ പാർട്ടികൾക്കും നിങ്ങൾ അവസരം കൊടുത്തു, ഇനി ഞങ്ങളുടെ കെറ്റിൽ ഒന്ന് പരീക്ഷിക്കൂ' - 2024 ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഉത്തർപ്രദേശിലെ നാഗിന മണ്ഡലത്തിൽ ഉയർന്നുകേട്ട മുദ്രാവാക്യമായിരുന്നു ഇത്.

എസ്.പി, ബി.എസ്.പി, ബി.ജെ.പി തുടങ്ങി ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ശക്തികൾ മത്സരത്തിനിറങ്ങുന്ന നാഗിന മണ്ഡലത്തിൽ കെറ്റിൽ എടുത്ത് പ്രചാരണത്തിനിറങ്ങിയ ആ പാർട്ടിയുടെ പേര് ആസാദ് സമാജ് പാർട്ടി (എ.എസ്.പി). നാഗിനയിൽ എ.എസ്.പിക്കുവേണ്ടി മത്സരത്തിനിറങ്ങിയത് ചന്ദ്രശേഖർ ആസാദ് രാവൺ എന്ന അതിശക്തനായ നേതാവും.

ആസാദ് സമാജ് പാർട്ടി ചിഹ്നം
ആസാദ് സമാജ് പാർട്ടി ചിഹ്നം

ഒരു സഖ്യത്തിലും ചേരാതെ, ഒറ്റയ്ക്ക് മത്സരിച്ച ചന്ദ്രശേഖർ ആസാദ് നാഗിനയിൽ നിന്ന് നേടിയത് 5,12,552 വോട്ട്. 1,51,473 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം. എതിർ സ്ഥാനാർത്ഥികളെയെല്ലാം ബഹുദൂരം പിന്നിലാക്കിയായിരുന്നു ചന്ദ്രശേഖർ ആസാദിന്റെ വിജയം.

നാഗിനയിലെ ബി.ജെ.പി സ്ഥാനാർഥി ഓം കുമാറിന് നേടാനായത് 3,61,079 വോട്ടു മാത്രം. കഴിഞ്ഞ തവണത്തെക്കാൾ ബി.ജെ.പിയുടെ 36 ശതമാനം വോട്ട് വിഹിതമാണ് ആസാദിന്റെ വിജയത്തിൽ ഒലിച്ചുപോയത്. മൂന്നാമതെത്തിയ എസ്.പിയുടെ മനോജ് കുമാർ 1,02,374 വോട്ട് നേടിയപ്പോൾ, ഏറെനാൾ നാഗിന മണ്ഡലം കുത്തകയാക്കി വെച്ചിരുന്ന ബി.എസ്.പി 13,272 വോട്ടുകളിലൊതുങ്ങി - 1.33 ശതമാനം.

മാത്രമല്ല മത്സരിച്ച എല്ലാ സീറ്റുകളിലും ബി.എസ്.പി തോൽക്കുകയും ചെയ്തു.
വെറും നാല് വർഷം കൊണ്ടാണ് എ.എസ്.പിയും ചന്ദ്രശേഖർ ആസാദ് രാവണും ചേർന്ന് ഈ നേട്ടം ഉണ്ടാക്കിയത്. ദലിത് രാഷ്ട്രീയത്തിന്റെ പ്രാതിനിധ്യത്തിൽനിന്ന് മായാവതിയും ബി.എസ്.പിയും അപ്രസക്തമാകുന്നിടത്ത് പുതിയ തലമുറയിൽനിന്നുള്ള, ദലിത് രാഷ്ട്രീയത്തിന്റെ പുതിയ പരിസരങ്ങളിൽനിന്നുള്ള ഒരു നേതാവ് ലോക്സഭയിലേക്ക് എത്തുകയാണ്. അങ്ങനെ, യു.പിയുടെ ദലിത് ശബ്ദത്തിന് സാർഥകമായ ഒരു തുടർച്ചകൂടി.

ദലിത് രാഷ്ട്രീയം മുന്നിൽവച്ച് ഉത്തരേന്ത്യയിലെ രാഷ്ട്രീയ സമവാക്യങ്ങളെ അതിശക്തമായി സ്വാധീനിച്ച ബി.എസ്.പി ഏറെക്കുറെ അപ്രത്യക്ഷമായെന്നു പറയാം. ഇത്തവണ ഒറ്റക്കു മത്സരിച്ച് ബി.എസ്.പിക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. വെറും 9.39 ശതമാനം വോട്ടാണ് ലഭിച്ചത്. എങ്കിലും, മത്സരിച്ച 16 സീറ്റുകളിൽ ബി.ജെ.പിയോ സഖ്യകക്ഷികളോ നേടിയ ഭൂരിപക്ഷത്തേക്കാൾ കൂടിയ വോട്ടുകൾ പാർട്ടിക്ക് കിട്ടി.

2014-ൽ ബി.എസ്.പിക്ക് 19.77 ശതമാനം വോട്ടും 2019-ൽ 19.42 ശതമാനം വോട്ടുമാണ് കിട്ടിയത്. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്. പി 403-ൽ വെറും 19 സീറ്റിലാണ് ജയിച്ചത്. 2012-ൽ 80 സീറ്റിൽ ജയിച്ച പാർട്ടിയാണിതെന്നോർക്കണം. ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയിക്കാനുമുള്ള ശേഷി ആ പാർട്ടിയിൽ അവശേഷിക്കുന്നുണ്ടോ എന്നുപോലും സംശയമാണ്. ഇവിടെയാണ്, ആ രാഷ്ട്രീയം നിശ്ശബ്ദമാകാൻ അനുവദിക്കാതെ, ആസാദ് കരുത്തനായി വരുന്നത്.

ജാതി അതിന്റെ എല്ലാ തീവ്രതയോടെയും രാഷ്ട്രീയം കളിക്കുന്ന യു.പിയിൽ അംബേദ്കർ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് എ.എസ്.പിയും ചന്ദ്രശേഖർ ആസാദും നേടിയ വിജയത്തിന് രണ്ട് മാനങ്ങളുണ്ട്. അതിലൊന്ന്, യു.പി മുന്നോട്ടുവക്കുന്ന ദലിത് രാഷ്ട്രീയം കീഴടക്കപ്പെടാനാകാതെ തുടരുന്നു എന്ന പാഠമാണ്.

രണ്ടാമത്, തുല്യനീതിക്കും ദലിതരുടെ അവകാശങ്ങൾക്കും വേണ്ടി വാദിച്ച കാൻഷി റാമിന്റെ രാഷ്ട്രീയത്തെ, അംബേദ്ക്കറിസത്തിന്റെ പുതിയ വ്യാഖ്യാനങ്ങളിലൂടെ പ്രായോഗിക രാഷ്ട്രീയത്തിൽ വിജയകരമായി പ്രയോഗിക്കപ്പെടുന്നു.
വരുംകാലങ്ങളിൽ മായാവതിക്ക് പകരക്കാരാനാകാൻ പോന്നത്ര ഗ്രാവിറ്റിയുണ്ട് ഇപ്പോൾ ആസാദിന്റെ പൊളിറ്റിക്കൽ പ്രൊഫൈലിന്. കോൺഗ്രസ് അടക്കമുള്ള പാർട്ടികളുമായി സഖ്യമുണ്ടാക്കാതെ ആസാദ് നേടിയ ഈ വിജയത്തെ, ജാതികൊണ്ട് രാഷ്ട്രീയം കളിക്കുന്ന മറ്റ് പാർട്ടികൾ ഭയക്കുന്നതും അതുകൊണ്ടുതന്നെ.

സി.എ.എ പ്രതിഷേധ കാലത്ത് ദൽഹി ജുമാ മസ്ജിദിൽ പ്രതിഷേധിക്കുന്ന ചന്ദ്രശേഖർ ആസാദ് / Photo: sabrangindia.in
സി.എ.എ പ്രതിഷേധ കാലത്ത് ദൽഹി ജുമാ മസ്ജിദിൽ പ്രതിഷേധിക്കുന്ന ചന്ദ്രശേഖർ ആസാദ് / Photo: sabrangindia.in

നാഗിന മണ്ഡലത്തിന് കീഴിൽ അഞ്ച് അസംബ്ലി സീറ്റുകളാണുള്ളത്. മൂന്നെണ്ണം എസ്.പിക്കും രണ്ടെണ്ണം ബി.ജെ.പിക്കും. എസ്.പിയുടെയും ബി.ജെ.പിയുടെയും ഈ തട്ടകത്തിലാണ് ആസാദിന്റെ വിജയം. 21 ശതമാനം ദലിതരാണ് മണ്ഡലത്തിൽ. അവരിലേറെയും ബി.എസ്.പിയുടെ വോട്ട്ബാങ്കായ ജാതവ് സമുദായക്കാരും. 50 ശതമാനത്തിലേറെയാണ് മുസ്ലിം വോട്ടുകൾ. താക്കൂർ, ജാട്ട്, ത്യാഗി, ബനിയ എന്നീ വിഭാഗമാണ് ജനസംഖ്യയിൽ ബാക്കി. നാഗിനയിൽ മുസ്ലിം വോട്ടു മാത്രമല്ല ബി.എസ്.പിയുടെ ജാതവ് വോട്ടുകളും ആസാദിന് അനുകൂലമായി.
ബി.എസ്.പിയുടെ പരമ്പരാഗത മാർഗങ്ങളൊന്നും പിന്തുടരാതെയാണ് എ.എസ്.പിയുടെ പ്രവർത്തനം. ബി.എസ്.പി ഇലക്ടറൽ പൊളിറ്റിക്സിൽ നടത്തുന്ന പ്രായോഗികമായ പൊടിക്കൈകൾ ആസാദ് തീർത്തും ഉപേക്ഷിക്കുന്നു.

സി.എ.എ വിരുദ്ധ സമരത്തിലെയും കർഷക പ്രക്ഷോഭത്തിലെയും ചന്ദ്രശേഖർ ആസാദിന്റെ മുൻനിര സാന്നിധ്യവും എ.എസ്.പിക്ക് വോട്ട് വർദ്ധിച്ചതിന് കാരണമാണ്. സി.എ.എ- എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭത്തിലൂടെ നാഗിനയിൽ ഏറ്റവും പരിചിതനായ ദലിത് മുഖമാണ് ആസാദിന്റേത്. ദലിത് - ന്യൂനപക്ഷവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ ശബ്ദമായി മാറാൻ കുറച്ചു വർഷങ്ങൾ കൊണ്ടുതന്നെ ചന്ദ്രശേഖർ ആസാദിന് കഴിഞ്ഞിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) ചുമത്തി യോഗി സർക്കാർ ആസാദിനെ ജയിലിലടച്ചത് സാധാരണക്കാർക്കിടയിലുള്ള ആസാദിന്റെ സ്വാധീനം വർദ്ധപ്പിച്ചിട്ടുണ്ട്. ലൈംഗികാതിക്രമക്കേസിൽ ഗുസ്തി സമരത്തിനിറങ്ങിയ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആസാദ് മുന്നിലുണ്ടായിരുന്നു.

അടിത്തട്ടിലെ മനുഷ്യരുമായുള്ള ഹൃദയബന്ധത്തിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയം വികസിപ്പിച്ചെടുക്കുന്നത്. വീടുകൾ തോറും കയറിയുള്ള പ്രചാരണമായിരുന്നു ആസാദിന്റേത്. മുമ്പ് മായാവതിയെ ലോകസഭയിലേക്ക് ജയിപ്പിച്ചുവിട്ട അതേ മണ്ഡലത്തിൽ നിന്ന് ആദ്യ വിജയം നേടാനായി എന്നതിന് പല മാനങ്ങളുണ്ട്. ബി.എസ്.പിക്ക് ഇപ്പോൾ ലോകസഭയിൽ അംഗത്വമില്ല. പാർലമെന്റിൽഇനി യു.പിയിലെ ദലിതുകളുടെ ശബ്ദമാകാൻ പോകുന്നത് ആസാദ് ആണ്.

ചന്ദ്രശേഖർ ആസാദിന്റെ വിജയവും ആസാദ് സമാജ് പാർട്ടിയുടെ ഉയർച്ചയും ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ സുപ്രധാനമായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നു.

ഭീം ആർമിയുടെ രാഷ്ട്രീയ വിഭാഗമായി 2020-ലാണ് ആസാദ് സമാജ് പാർട്ടി (കാൻഷിറാം) നിലവിൽവന്നത്. കാൻഷിറാമിന്റെ യഥാർഥ അവകാശികൾ തങ്ങളാണ് എന്ന പ്രഖ്യാപനമായിരുന്നു ഈ പേരിനുപിന്നിൽ. ലോക്സഭാ, നിയമസഭാ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ചെറിയ വോട്ടുകൾ നേടിവരികയായിരുന്നു പാർട്ടി.

2020-ൽ ബുലന്ദ്ഷഹറിൽ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ആറു ശതമാനം വോട്ട് നേടി ശക്തി തെളിയിച്ചു. പടിഞ്ഞാറൻ യു.പിയിലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ പാർട്ടി ശക്തി തെളിയിച്ചുകൊണ്ടിരുന്നു. 2021-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജ്നോർ ജില്ലയിൽ എട്ടു സീറ്റ് പാർട്ടി നേടി. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി നാലാം സ്ഥാനത്തെത്തി, കോൺഗ്രസ് സ്ഥാനാർഥിക്കും മുന്നിലായി.

2019-ൽ വാരാണസിയിൽ നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖർ ആസാദ് പിന്നീട് പിന്മാറി. മായാവതിയുടെ എതിർപ്പിനെതുടർന്നായിരുന്നു പിന്മാറ്റം. ആസാദിന്റെ മത്സരം ദലിത് വോട്ടുകൾ ഭിന്നിപ്പിക്കുമെന്നാണ് മായാവതി പറഞ്ഞത്. ഗൊരഖ്പുരിൽ യോദി ആദിത്യനാഥിനെതിരെയായിരുന്നു അടുത്ത മത്സരം. എന്നാൽ, ഇത്തവണ നാഗിനയിൽ മത്സരത്തിനിറങ്ങിയത് ജയിക്കാൻ തന്നെയായിരുന്നു.

ആസാദിന്റെ വിജയം ഉത്തർപ്രദേശ് രഷ്ട്രീയത്തെ അപ്പാടെ ഇളക്കിമറിക്കാൻ പോന്നതാണ്. ദലിത് സമുദായത്തിൽ നിന്നുള്ള ചെറുപ്പക്കാരുടെ മോത്‍ലാകാനും ആസാദിന് കഴിഞ്ഞിട്ടുണ്ടെന്നത് എ.എസ്.പിയുടെ യു.പി രാഷ്ട്രീയത്തില സാധ്യത വർദ്ധിപ്പിക്കുന്നു. ദേശീയ രാഷ്ട്രീയത്തിൽ യുപിക്കുള്ള പ്രാധാന്യം കണക്കിലെടുത്ത്, ആസാദിന്റെ വിജയം മറ്റ് സംസ്ഥാനങ്ങളിലും സമാന മുന്നേറ്റങ്ങൾക്ക് പ്രചോദനമായേക്കാം. അത്, ഇന്ത്യയിലുടനീളമുള്ള ദലിത്- സാമൂഹിക നീതി രാഷ്ട്രീയത്തെ തന്നെ പുനർനിർണയിക്കുക പോലും ചെയ്‌തേക്കാം.

യു.പിയിൽ ബി.ജെ.പി നടത്തുന്ന ജാതി രാഷ്ട്രീയത്തിനെതിരായ ഫലപ്രദമായ രാഷ്ട്രീയ പ്രതിരോധമാണ് ആസാദ് നിർവഹിക്കുന്നത്. ദലിതുകളെ കൂടാതെ മുസ്‌ലിംകൾ, ജാട്ടുകൾ, ചില ഒ.ബി.സി വിഭാഗങ്ങൾ എന്നിവരെയെല്ലാം ചേർത്തുപിടിക്കുന്ന മൂവ്‌മെന്റാണ് ആസാദിന്റെ നേതൃത്വത്തിൽ യു.പിയിലെ പ്രദേശിക മേഖലകളിൽ നിശ്ശബ്ദമായി നടന്നുകൊണ്ടിരിക്കുന്നത്.

Comments