ഡൽഹിയെ പ്രതിഷേധഭൂമിയാക്കി ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി ആഹ്വാനം ചെയ്ത സമരം. സി.ജെ.പിക്ക് പുറമെ ഇടത് പാർട്ടികളും പ്രതിപക്ഷ കക്ഷികളുമെല്ലാം ഒത്തുചേർന്നതോടെ കടുത്ത പ്രതിഷേധങ്ങൾക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. പ്രതിഷേധം അടിച്ചമർത്തുന്നതിനായി ശനിയാഴ്ച രാവിലെ മുതൽ തന്നെ പ്രധാന നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഏകദേശം 3000-ത്തിലധികം പേർ കസ്റ്റഡിയിലായെന്നാണ് റിപ്പോർട്ട്. കേരള ഹൗസിൽനിന്ന് മാർച്ചിനൊരുങ്ങുന്നതിനിടെ സി.പി.എം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. എം.എ. ബേബി, എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ തുടങ്ങിയവരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർക്കു മാത്രം ജന്തർ മന്തറിലേക്ക് പോകാൻ ആദ്യം അനുമതി നൽകി. എന്നാൽ, പിന്നീട് ഇവരെയും കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ വീട്ടിൽനിന്നാണ് ധ്രുവ് റാത്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സി.ജെ.പി നേതാവ് അഭിജിത്ത് ദീപ്കെയെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് വിമാനത്തിനുള്ളിൽ കയറിയാണ് കസ്റ്റഡിയിൽ എടുത്തത്. സി.ജെ.പി നേതാക്കളായ രത്ന സിങ്, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരും കസ്റ്റഡിയിലായി.
“നരേന്ദ്ര മോദി വല്ലാതെ ഭയപ്പെട്ടിരിക്കുന്നതിന്റെ സൂചനയാണിത്. വിമാനത്തിനുള്ളിൽ കയറി ഞങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി പോലും ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. സമാധാനപരമായി സമരം ചെയ്യാനാണ് ഞങ്ങൾ വരുന്നത്. എന്നാൽ ഞങ്ങളെ ക്രിമിനലുകളെ പോലെയാണ് കൈകാര്യം ചെയ്യുന്നത്,” അറസ്റ്റിന് തൊട്ടുമുൻപ് ദീപ്കെ പറഞ്ഞു.
സി.ജെ.പിയുടെ പ്രധാന നേതാക്കളുടെ അറസ്റ്റിന് പിന്നാലെ ഇടത് സംഘടനകളുടെയും പൌര സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധങ്ങളുണ്ടായി. എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷ്, ഐസ നേതാവ് നേഹ ബോറ, ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം എം.പി, സാമൂഹ്യ പ്രവർത്തകരായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരും കസ്റ്റഡിയിലായി. മുൻ മുഖ്യമന്ത്രിമാരായ മമത ബാനർജിയെയും അരവിന്ദ് കെജ്രിവാളിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. “എത്ര ക്രൂരമായാണ് ജന്തർ മന്തറിലെത്തിയ പ്രതിഷേധക്കാരെ പൊലീസ് അടിച്ചമർത്തുന്നതെന്ന് നോക്കൂ. ഇതുകൊണ്ട് എല്ലാം അവസാനിപ്പിക്കാൻ സാധിക്കുമെന്നാണോ അവർ കരുതുന്നത്? ഒരിക്കലുമില്ല. ഞങ്ങൾ തിരിച്ചുവരും. ഞങ്ങൾ തിരിച്ചു വന്നുകൊണ്ടേയിരിക്കും. ഇങ്ങനെ എത്ര പേരെ അറസ്റ്റ് ചെയ്യാനാവും? അങ്ങനെയെങ്കിൽ ഇന്ത്യയിലെ ജയിലുകൾ നിറയും...” - ഐഷി ഘോഷ് പ്രതികരിച്ചു.
ഡൽഹിയിലെ പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിൻെറ എല്ലാ കോണുകളിൽ നിന്നും ഉയരുന്നത്. “യുവജനങ്ങളേ, പ്രതിഷേധം തുടരൂ. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. മിസ്റ്റർ മോദി, പതിനായിരമോ ഇരുപതിനായിരമോ അൻപതിനായിരമോ, നിങ്ങൾ എത്ര പൊലീസുകാരെ വേണമെങ്കിലും വിളിച്ചോളൂ. യുവാക്കളെയും എല്ലാ നേതാക്കളെയും അറസ്റ്റ് ചെയ്തോളൂ. പക്ഷേ, ഞങ്ങൾ നിങ്ങളെ വളഞ്ഞിരിക്കുകയാണ്. ഞങ്ങൾ പിൻമാറില്ല.” പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രാവിലെ മുതൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടും അടിച്ചമർത്തിയിട്ടും യുവാക്കളുടെ വീര്യം ചോർന്നില്ലെന്നതാണ് യാഥാർത്ഥ്യം. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിഷേധനിമിഷങ്ങൾക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. ജന്തർ മന്തറിൽ സമരം കേന്ദ്രീകരിക്കാനായിരുന്നു സി.ജെ.പിയുടെ ആദ്യപദ്ധതി. എന്നാൽ നേതാക്കൾ അറസ്റ്റിലായതോടെ സമരത്തിൻെറ രീതി മാറി. പലയിടങ്ങളിലായി പ്രതിഷേധങ്ങൾ വ്യാപിക്കുന്നതാണ് പിന്നീട് കണ്ടത്. കൊണാട്ട് പ്ലേസിലും സഫ്ദർജങ് ഫ്ലൈ ഓവറിലും കൂട്ടമായെത്തി യുവാക്കൾ പ്രതിഷേധിച്ചു.
