ജതിൻ ദാസിൻ്റെ ജീവത്യാഗത്തെ ഓർമ്മപ്പെടുത്തുന്ന സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരം

“കേന്ദ്ര സർക്കാരിൻ്റെ ഫാഷിസ്റ്റ് നടപടികളെ ഭയപ്പെടാതെ ഉയർത്തപ്പെടുന്ന നീതിയുടെ ശബ്‌ദമാണ് സോനം വാങ്ചുക്കിൻ്റേത്. സാംസ്കാരിക പ്രവർത്തകരും ബുദ്ധിജീവികളുമൊക്കെ ഭരണകൂട ഖഡ്‌ഗത്തിൻ്റെ ഭീതിജനകമായ നിഴലിൽ ജീവിക്കുമ്പോൾ, ഭയാനകമായ നിശബ്‌ദതയിലാണ് ഇന്ത്യാ മഹാരാജ്യം!” - ഇ.വി. പ്രകാശ് എഴുതുന്നു.

വിപ്ലവകാരികളെ രാഷ്ട്രീയത്തടവുകാരായി പരിഗണിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ലാഹോർ സെൻട്രൽ ജയിലിൽ 63 ദിവസം നിരാഹാരസമരം നടത്തി ജീവൻ വെടിഞ്ഞ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷ (HSRA)ൻ്റെ പ്രവർത്തകനായിരുന്നു ജതീന്ദ്രനാഥ് ദാസ് എന്ന ജതിൻദാസ്. 1929 സെപ്റ്റംബർ 13 ന് രക്തസാക്ഷിയാകുമ്പോൾ ജതിൻദാസിന് 25 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബോംബെ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നടന്ന ചർച്ചയിൽ, ജതിൻ ദാസിൻ്റെ രക്തസാക്ഷിത്വത്തെപ്പറ്റി സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമായ എം.ആർ ജയ്കർ വേദനയോടെ പറഞ്ഞു:

"ജതീന്ദ്രനാഥ് ദാസ് ഇഞ്ചിഞ്ചായി മരിച്ചു. ഭക്ഷണം കഴിയ്ക്കാത്തതിനാൽ ഒരു കൈ പക്ഷാഘാതം മൂലം തളർന്നു. മറ്റേ കൈയ്ക്കും സ്വാധീനം നഷ്ടപ്പെട്ടു. അവയവങ്ങൾ ഓരോന്നായി പ്രവർത്തനരഹിതമായി. മനുഷ്യന് ലഭിച്ച ഏറ്റവും വിലപ്പെട്ട വരദാനമായ കാഴ്ചയും നഷ്ടപ്പെട്ടു. കണ്ണുകളിലെ അഗ്നി, പതിയെപ്പതിയെ അണഞ്ഞു."

ഇപ്പോൾ ജതിൻദാസിനെ ഓർക്കുന്നത്, വിദ്യാഭ്യാസ പ്രവർത്തകനും മാഗ്‌സസെ അവാർഡ് ജേതാവുമായ സോനം വാങ്ചുക്ക് ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന നിരാഹാര സമരത്തിൻ്റെ വാർത്തകൾ കേൾക്കുന്നതിനിടയിലാണ്. സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ശനിയാഴ്ച പുലർച്ചെ 7:40 ഓടെ ഡൽഹി പോലീസാണ് അദ്ദേഹത്തെ ബലം പ്രയോഗിച്ച് വി.എം.എം.സി & സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹം ബോധാവസ്ഥയിലായിരുന്നു. പരിശോധനയിൽ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറവാണെന്നും മൂത്രത്തിൽ കീറ്റോണുകളുടെ അളവ് അപകടകരമായ രീതിയിൽ വർദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ജീവനെ പ്രതിയുള്ള ആശങ്കയല്ല, മോദി സർക്കാരിനെ ഇത്തരം ബലപ്രയോഗത്തിന് പ്രേരിപ്പിക്കുന്നത്. മറിച്ച്, സമൂഹം വളരെയേറെ വിലമതിക്കുന്ന സോനം വാങ്ചുകിൻ്റെ ജീവന് ആപത്തുണ്ടായാൽ, അത് സർക്കാരിൻ്റെ ആണിക്കല്ല് ഇളക്കുമെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ്.

സ്വാതന്ത്ര്യ സമര സേനാനികളോട്  ബ്രിട്ടീഷുകാർ ചെയ്ത ക്രൂരമായ നടപടികൾക്ക് സമാനമാണ് സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരത്തോടും കേന്ദ്ര സർക്കാർ ചെയ്യുന്നത്.
സ്വാതന്ത്ര്യ സമര സേനാനികളോട് ബ്രിട്ടീഷുകാർ ചെയ്ത ക്രൂരമായ നടപടികൾക്ക് സമാനമാണ് സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരത്തോടും കേന്ദ്ര സർക്കാർ ചെയ്യുന്നത്.

തന്റെ അനുമതിയില്ലാതെ വാങ്‌ചുക്കിന് യാതൊരു ചികിത്സയും നൽകരുതെന്നും അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ ആംഗ്മോ രംഗത്തെത്തിയത് കേന്ദ്രസർക്കാരിന് വലിയ പ്രഹരമാണ്. സ്വാതന്ത്ര്യ സമര സേനാനികളോട് ബ്രിട്ടീഷുകാർ ചെയ്ത ക്രൂരമായ നടപടികൾക്ക് സമാനമാണ് സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരത്തോടും കേന്ദ്ര സർക്കാർ ചെയ്യുന്നത്.ഐ.വി ഫ്ലൂയിഡുകൾ, ഒ.ആർ.എസ് ലായനി, മറ്റ് മരുന്നുകൾ എന്നിവ ബലമായി നൽകുവാനുള്ള നീക്കങ്ങളെ വാങ്ചുക്ക് പ്രതിരോധിക്കുമ്പോൾ ജതിൻദാസിനെപ്പോലുള്ള വിപ്ലവകാരികളുടെ നിശ്ചയദാർഢ്യത്തിൻ്റെ പിൻ തുടർച്ചയാണ് സൃഷ്ടിക്കപ്പെടുന്നത്. ജതിൻദാസിൻ്റെ നിരാഹാരസമരം ജനഹൃദയങ്ങളിൽ ആഴത്തിൽ സ്വാധീനം സൃഷ്ടിക്കുന്നു എന്നു മനസ്സിലാക്കിയ ബ്രിട്ടീഷ് സാമ്രാജ്യത്വം ബലം പ്രയോഗിച്ച് ജതിൻദാസിനെ ഭക്ഷണം കഴിപ്പിക്കുവാൻ ശ്രമിക്കുകയുണ്ടായി.ഒരു ഡോക്ടറിൻ്റെ നേതൃത്വത്തിൽ 7 പോലീസുകാർ ചേർന്ന് ജതിൻ ദാസിനെ ബലമായി പിടിച്ച് മൂക്കിലൂടെ ട്യൂബിട്ട് പാല് കുടിപ്പിക്കുവാൻ ശ്രമം നടത്തി. ജതിൻ അതിനെതിരെ പൊരുതിയെങ്കിലും ട്യൂബ് ശ്വാസകോശത്തിലും അന്നനാളത്തിലും മുറിവുകളുണ്ടാക്കി.

ജൂലൈ 20 ന് പുറത്തിറങ്ങിയ വന്ദേമാതരത്തിൽ ജതിൻദാസിൻ്റെ ആരോഗ്യനിലയെപ്പറ്റി ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു. "ജതിൻ ദാസിൻ്റെ ആരോഗ്യനില വഷളായിരിക്കുന്നു. ബലം പ്രയോഗിച്ച് ഭക്ഷണം നൽകാനുള്ള ശ്രമത്തിൽ അദ്ദേഹത്തിൻ്റെ മൂക്കിൽ നിന്നും രക്തപ്രവാഹമുണ്ടായി. ജതിൻ ദാസിന് ന്യുമോണിയ ബാധിച്ചു. അദ്ദേഹത്തിൻ്റെ ശരീരഭാരം 132 പൗണ്ടിൽ നിന്നും 112 പൗണ്ടായി കുറഞ്ഞു."

സ്വാതന്ത്ര്യ സമരസേനാനികൾ വിദേശികൾക്കെതിരെയാണ് പോരാടിയതെങ്കിൽ, സോനം വാങ്ചുക്കിനെപ്പോലുള്ളവർ സ്വന്തം ഭരണാധികാരികളുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയാണ് പൊരുതുന്നത്. നീറ്റ് അടക്കമുള്ള ദേശീയ മത്സരപരീക്ഷകളിലെ വ്യാപകമായ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചകൾക്കും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുക എന്നത്, ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ അഭിലാഷമാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പോലുള്ള സ്ഥാപനങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരികയെന്നതും അടിയന്തമായി പരിഗണിക്കേണ്ടതാണ്. എന്നാൽ, വിദ്യാർത്ഥികളും യുവജനങ്ങളും ഉയർത്തിയ ഡിമാൻ്റുകളെ അവഗണിച്ച്, മോദി സർക്കാർ അഴിമതിക്കാരെ സംരക്ഷിച്ചു പിടിക്കുകയാണ്.

കേന്ദ്ര സർക്കാരിൻ്റെ ഫാഷിസ്റ്റ് നടപടികളെ ഭയപ്പെടാതെ ഉയർത്തപ്പെടുന്ന നീതിയുടെ ശബ്‌ദമാണ് സോനം വാങ്ചുക്കിൻ്റേത്. സാംസ്കാരിക പ്രവർത്തകരും ബുദ്ധിജീവികളുമൊക്കെ ഭരണകൂട ഖഡ്‌ഗത്തിൻ്റെ ഭീതിജനകമായ നിഴലിൽ ജീവിക്കുമ്പോൾ, ഭയാനകമായ നിശബ്‌ദതയിലാണ് ഇന്ത്യാ മഹാരാജ്യം! ധാർമ്മികാദർശത്തിനു വേണ്ടി തെരുവിൽ പോരാടിയ അനേകായിരം സ്വാതന്ത്ര്യ സമര സേനാനികളുടെ വഴിയിലാണ് സോനം വാങ്ചുക്കും. അദ്ദേഹത്തിൻ്റെ ധർമ്മസമരം ഭാവി തലമുറയ്ക്കു വേണ്ടിയാണ്. കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹ നിർമ്മിതിക്കു വേണ്ടിയാണ്.ആ ശബ്‌ദം നിലയ്ക്കാതെ ഉച്ചൈസ്തരം മുഴങ്ങേണ്ടത്, ചൂഷിത ജനതയുടെ ആവശ്യമാണ്.

Comments