പാറ്റസമരം വിജയം, രാജിവെച്ചിറങ്ങി പ്രധാൻ

ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ മോദി സർക്കാരിലെ ഒരു മന്ത്രിക്ക് രാജിവെച്ച് ഇറങ്ങേണ്ടി വന്നിരിക്കുന്നു. സി.ജെ.പിയെന്ന സോഷ്യൽ മീഡിയയിൽ നിന്ന് ഉരുത്തിരിഞ്ഞ കൂട്ടായ്മ ഇന്ത്യൻ ജനാധിപത്യത്തിൽ ഇതോടെ ഒരു പുതിയ ചരിത്രമാണ് എഴുതിച്ചേർത്തിരിക്കുന്നത്.

News Desk

നീറ്റ് യു.ജി പരീക്ഷാ നടത്തിപ്പിലെ വ്യാപകമായ ചോദ്യപേപ്പർ ചോർച്ചയിലും അഴിമതി ആരോപണങ്ങളിലും പ്രതിഷേധിച്ച് രാജ്യത്തുടനീളം നടന്ന കടുത്ത വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചിരിക്കുന്നു. നീറ്റ് പരീക്ഷ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്നാണ് ഒടുവിൽ രാജി.

'രാജ്യവിരുദ്ധ ശക്തികൾ' രാഷ്ട്രീയമായി ചൂഷണം ചെയ്യാതിരിക്കാനാണ് താൻ പദവി ഒഴിയുന്നതെന്നും, രാജ്യത്തിന്റെ ഐക്യവും വിദ്യാർത്ഥികളുടെ ഭാവിയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും പറഞ്ഞ് സമരത്തെ അപഹസിച്ചാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ച് ഒഴിഞ്ഞത്. മന്ത്രിയുടെ എക്സ് പോസ്റ്റ് ഭരണകൂടം നേരിട്ട രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നതാണ്.

24 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ച പരീക്ഷാപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വലിയ രീതിയിലുള്ള ക്രമക്കേടുകളാണ് പുറത്തുവന്നത്. പരീക്ഷ തട്ടിപ്പിനെതിരെ ഡൽഹിയിൽ 'സൻസദ് ചലോ' മാർച്ചും ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവും സംഘടിപ്പിച്ച സി.ജെ.പിയുടെ നേതൃത്വത്തിലാണ് ശക്തമായ പ്രക്ഷോഭം അരങ്ങേറിയത്.

എൻ.ടി.എ അടിയന്തരമായി പിരിച്ചുവിടുകയോ പൂർണ്ണമായി പുനഃസംഘടിപ്പിക്കുകയോ ചെയ്യുക, അഴിമതിയും പരീക്ഷാ സമ്മർദ്ദവും മൂലം ജീവൻ വെടിഞ്ഞ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ കേസും എഫ്.ഐ.ആറുകളും പിൻവലിക്കുക എന്നിവയാണ് സി ജെ പി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ.

കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭം ഒരു മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള രാഷ്ട്രീയ സമരമായി മാത്രം ഒതുങ്ങില്ല.ഇന്ത്യയിലെ പ്രവേശന പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത, പൊതുസ്ഥാപനങ്ങളുടെ ഉത്തരവാദിത്തം, വിദ്യാർത്ഥികളുടെ ഭരണഘടനാപരമായ അവകാശം എന്നിവയെ ദേശീയ ചർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന പ്രക്ഷോഭമായാണ് ഇത് മാറിയത്. “ഇതൊരു തുടക്കം മാത്രമാണ്. ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരിക്കുന്നു. ജനങ്ങൾ ഭയമില്ലാതെ മുന്നിട്ടിറങ്ങിയാൽ... സർക്കാരിന് മുന്നിൽ മുട്ടുമടക്കാതെ ഒന്നിച്ച് നിന്നാൽ... അധികാരസ്ഥാനത്ത് നിന്ന് ഇത്തരക്കാരെ പുറത്താക്കാമെന്നതിനുള്ള ഏറ്റവും വലിയ തെളിവാണിത്. ആരെയും ഭയക്കേണ്ടതില്ല. ഇത് ജനാധിപത്യമാണ്. ജനാധിപത്യം വിജയിച്ചിരിക്കുന്നു,” സമരം വിജയിച്ച ശേഷം സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പ്രതികരണം.

സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ
സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ

സമരത്തിൻെറ ടൈംലൈൻ

2026 മെയ് 15: രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിക്കുന്നു.

മെയ് 16: അഭിജീത് ദീപ്കെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ആരംഭിക്കുന്നു. ദിവസങ്ങൾക്കുള്ളിൽ, ഇൻസ്റ്റഗ്രാമിലും എക്‌സിലും ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നു.

ജൂൺ 6: ജന്തർ മന്തറിൽ ആദ്യ സമ്മേളനം. കോക്രോച്ച് ജനതാ പാർട്ടിയുടെ അനുയായികൾ, വിദ്യാർത്ഥികൾ, മത്സര പരീക്ഷാ അഭിലാഷികൾ എന്നിവർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്നു.

ജൂൺ 7-19: ആവശ്യം ആവർത്തിച്ച് സി.ജെ.പി ഇടയ്ക്കിടെ കുത്തിയിരിപ്പ് സമരങ്ങൾ, ഡിജിറ്റൽ കാമ്പെയ്‌നുകൾ എന്നിവ സംഘടിപ്പിക്കുന്നു.

ജൂൺ 20: ദീർഘമായ ധർണയ്ക്കായി സി.ജെ.പി പ്രവർത്തകർ ജന്തർ മന്തറിൽ തിരിച്ചെത്തുന്നു.

ജൂൺ 28: സോനം വാങ്ചുക്ക് പ്രതിഷേധ സ്ഥലത്തെത്തുന്നു. നിരാഹാര സമരം ആരംഭിക്കുന്നു.

ജൂലൈ 18: സോനം വാങ്ചുക്കിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റുന്നു

ജൂലൈ 20: സി.ജെ.പി പാർലമെന്റ് മാർച്ചിൽ സംഘർഷം.

ജൂലൈ 23: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സോഷ്യൽ മീഡിയയിൽ സംസാരിക്കാൻ നിർബന്ധിതനാവുന്നു. വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു.

ജൂലൈ 24: സി.ജെ.പി - സർക്കാർ ചർച്ച. പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ രണ്ടാമത്തെ പ്രസംഗം നടത്തുന്നു.

ജൂലൈ 25: ധർമേന്ദ്ര പ്രധാൻ രാജിവച്ചു.

Comments