പൗരസമൂഹം, ഡിജിറ്റൽ രാഷ്ട്രീയം, ക്രോക്രോച്ച് ജനതാപാർട്ടി

“ക്രോക്രോച്ച് ജനതാപാർട്ടി പോലുള്ള പ്രതിഭാസങ്ങളെ വെറും സോഷ്യൽ മീഡിയ തമാശകളായോ രാഷ്ട്രീയ അപക്വതയുടെ പ്രകടനങ്ങളായോ കാണാൻ കഴിയില്ല. അവ ജനാധിപത്യത്തിന്റെ ആന്തരിക പ്രതിസന്ധികളുടെ ലക്ഷണങ്ങളാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ സാധ്യതയെക്കാൾ കൂടുതൽ, ജനാധിപത്യ സമൂഹത്തിന്റെ ആന്തരിക ചലനങ്ങളെ മനസ്സിലാക്കാനുള്ള ഒരു സാമൂഹിക സൂചനയായിട്ടാണ് ഇതിനെ കണക്കിലെടുക്കേണ്ടത്” എസ്. മുഹമ്മദ് ഇർഷാദ് എഴുതുന്നു.

ക്രോക്രോച്ച് ജനതാപാർട്ടി (CJP) എന്ന ഇന്റർനെറ്റ് പ്രതിഭാസത്തിന് ലഭിച്ച അസാധാരണമായ വാർത്താ പ്രാധാന്യം ചില മൗലിക രാഷ്ട്രീയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പൗരസമൂഹവും ജനാധിപത്യ ഭരണകൂടവും തമ്മിലുള്ള ബന്ധമാണ്.

സുപ്രീം കോടതി ജഡ്ജിയുടെ ഒരു പരാമർശത്തെ അടിസ്ഥാനമാക്കിയുള്ള ഈ ഡിജിറ്റൽ മുന്നേറ്റത്തിന് വലിയ ജനശ്രദ്ധ ലഭിച്ചത് യാദൃച്ഛികമല്ല. അത് നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടുള്ള ഒരു സാമൂഹിക പ്രതികരണത്തിന്റെ പ്രകടനമായാണ് വായിക്കേണ്ടത്. ഈ പിന്തുണയെ പൂർണമായ ജനപിന്തുണയായി മനസ്സിലാക്കേണ്ടതില്ല. എന്നാൽ അത് രാഷ്ട്രീയ പാർട്ടികൾക്കും ഭരണകൂടത്തിനും പുറത്തുള്ള ഒരു പൊതുസ്ഥലത്തിനുള്ള സാമൂഹിക ആവശ്യം പ്രകടിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്രോക്രോച്ച് ജനതാപാർട്ടി പോലുള്ള പ്രതിഭാസങ്ങളെ മനസ്സിലാക്കേണ്ടത്.

ജർമ്മൻ തത്ത്വചിന്തകനായ ഹെഗൽ ഭരണകൂടത്തിനും കുടുംബത്തിനും ഇടയിലുള്ള സാമൂഹിക മേഖലയെയാണ് പൗരസമൂഹമായി വിശദീകരിച്ചത്. ജനാധിപത്യ സംവിധാനത്തിൽ ഈ ഇടം അത്യന്താപേക്ഷിതമാണ്. കാരണം, രാഷ്ട്രീയ അധികാരത്തിന്റെയും വ്യക്തിജീവിതത്തിന്റെയും ഇടയിൽ നിലകൊള്ളുന്ന ഈ മേഖലയിൽ നിന്നാണ് പൊതുജനാഭിപ്രായങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും ഉയർന്നുവരുന്നത്.

ക്രോക്രോച്ച് ജനതാപാർട്ടിയെ ജനാധിപത്യ സമൂഹത്തിന്റെ ആന്തരിക ചലനങ്ങളെ മനസ്സിലാക്കാനുള്ള സാമൂഹിക സൂചനയായിട്ടാണ് കണക്കിലെടുക്കേണ്ടത്.

രാഷ്ട്രീയപാർട്ടികൾ ഭരണകൂടത്തിന്റെ ഭാഗമല്ലാത്തിടത്തോളം അവയ്ക്കും പൗരസമൂഹത്തിന്റെ സ്വഭാവത്തിൽ പ്രവർത്തിക്കാൻ കഴിയും. എന്നാൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ പലപ്പോഴും ഭരണകൂടത്തിന്റെ യുക്തികളും അധികാര സംസ്കാരവും ഉൾക്കൊണ്ട സ്ഥാപനങ്ങളായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവ പലപ്പോഴും പൗരസമൂഹരാഷ്ട്രീയത്തിൽ നിന്ന് അകന്ന് പ്രവർത്തിക്കുന്നു. ജനാധിപത്യ സംവിധാനത്തിന്റെ പ്രധാന പ്രതിസന്ധികളിലൊന്നും ഇതുതന്നെയാണ്.

ഇന്ത്യയിൽ പൗരസമൂഹരാഷ്ട്രീയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമായിരുന്നു ആം ആദ്മി പാർട്ടിയുടെ രൂപീകരണം. ഭരണകൂട അഴിമതിക്കെതിരായ ജനകീയ പ്രക്ഷോഭത്തിൽ നിന്നാണ് അത് വളർന്നുവന്നത്. ലോക്പാൽ ബിൽ നടപ്പാക്കണമെന്ന ആവശ്യവുമായി ഗാന്ധിയൻ സമരരീതിയിൽ ആരംഭിച്ച പ്രസ്ഥാനം പിന്നീട് ഒരു രാഷ്ട്രീയ പാർട്ടിയായി മാറി. വിദ്യാഭ്യാസത്തിലും പൊതുസേവനങ്ങളിലും ചില ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞെങ്കിലും, ഡൽഹി കലാപം പോലുള്ള വിഷയങ്ങളോടുള്ള അവരുടെ പ്രതികരണം പൗരസമൂഹ രാഷ്ട്രീയത്തിന്റെ പരിമിതികളെ തുറന്നുകാട്ടി. പൗരത്വ സമരത്തോടും പാർട്ടി അകലം പാലിച്ചു. അതേസമയം പഞ്ചാബിൽ അധികാരത്തിലെത്താനും അവർക്കു സാധിച്ചു. ഇതിലൂടെ പൗരസമൂഹരാഷ്ട്രീയത്തിൽ നിന്ന് അധികാര രാഷ്ട്രീയത്തിലേക്കുള്ള പരിവർത്തനത്തിന്റെ സങ്കീർണത വ്യക്തമായി.

ഇന്ത്യയിൽ പൗരസമൂഹ രാഷ്ട്രീയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമായിരുന്നു ആം ആദ്മി പാർട്ടിയുടെ രൂപീകരണം. ഭരണകൂട അഴിമതിക്കെതിരായ ജനകീയ പ്രക്ഷോഭത്തിൽ നിന്നാണ് അത് വളർന്നുവന്നത്.
ഇന്ത്യയിൽ പൗരസമൂഹ രാഷ്ട്രീയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമായിരുന്നു ആം ആദ്മി പാർട്ടിയുടെ രൂപീകരണം. ഭരണകൂട അഴിമതിക്കെതിരായ ജനകീയ പ്രക്ഷോഭത്തിൽ നിന്നാണ് അത് വളർന്നുവന്നത്.

ടി.വി.കെ.യും പുതിയ വൈകാരിക രാഷ്ട്രീയവും

തമിഴ്നാട്ടിൽ നടൻ വിജയ് രൂപീകരിച്ച ടി.വി.കെ. മറ്റൊരു കൗതുകകരമായ ഉദാഹരണമാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പരമ്പരാഗത ആശയധാരകളെ മുന്നോട്ട് വെയ്ക്കുന്നതിനുപകരം, നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയോടുള്ള അസംതൃപ്തിയെയും പൊതുവായ സാമൂഹിക നന്മയെയും കേന്ദ്രീകരിച്ചുള്ള വൈകാരിക രാഷ്ട്രീയ ഭാഷയാണ് ടി.വി.കെ. അവതരിപ്പിക്കുന്നത്. ഈ പ്രവണതയെ ചിലർ അരാഷ്ട്രീയതയായി വിശേഷിപ്പിക്കാറുണ്ട്. എന്നാൽ രാഷ്ട്രീയ പാർട്ടികൾ പൗരസമൂഹത്തിന്റെ സ്വാധീനം അംഗീകരിക്കാൻ തയ്യാറാകാത്തിടത്തോളം ഇത്തരം കൂട്ടായ്മകൾ ഉയർന്നുവരുന്നത് സ്വാഭാവികമാണ്.

പ്രതിനിധിരാഷ്ട്രീയത്തിന്റെ പ്രതിസന്ധി

ജനാധിപത്യ രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പ് സംവിധാനവും ജനങ്ങളുടെ ദൈനംദിന ജീവിതാനുഭവങ്ങളും തമ്മിൽ ഒരു അകലം രൂപപ്പെടുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ വലിയ അധികാര യന്ത്രങ്ങളായി മാറുമ്പോൾ സാധാരണ പൗരർക്ക് അവയിൽ അർത്ഥവത്തായ ഇടപെടൽ നടത്താനുള്ള അവസരങ്ങൾ കുറയുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ വർത്തമാന കാലത്തെ പ്രത്യേകത രാഷ്‌ടീയ പാർട്ടികളുടെ നേതൃത്വം എന്നത് ചെറിയ സംഘങ്ങളുടെ നിയന്ത്രണത്തിലേക്ക് നീങ്ങിയിട്ടുണ്ട് എന്നതാണ്. ഇതിന്റെ ഫലമായി പാർട്ടികൾ സമൂഹത്തിൽ നിന്ന് പഠിക്കുന്ന സ്ഥാപനങ്ങളല്ല, മറിച്ച് സമൂഹത്തെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളായി മാറുന്നു. പൗരസമൂഹ മുന്നേറ്റങ്ങളുടെ ഉയർച്ച ഈ സ്ഥാപനവൽക്കരണത്തോടുള്ള പ്രതികരണമായും കാണാം.

സാമൂഹിക മാധ്യമങ്ങളും
പുതിയ പൗരസമൂഹവും

ഒരുകാലത്ത് ആർട്സ് ക്ലബ്ബുകൾ, ലൈബ്രറി പ്രസ്ഥാനങ്ങൾ, ട്രേഡ് യൂണിയനുകൾ, വിദ്യാർത്ഥി സംഘടനകൾ, വായനശാലകൾ, സാംസ്കാരിക കൂട്ടായ്മകൾ തുടങ്ങിയവയായിരുന്നു പൗരസമൂഹത്തിന്റെ പ്രധാന വേദികൾ. ഇന്ന് അവയുടെ സ്വാധീനം കുറഞ്ഞുവരുന്നു. ഈ ശൂന്യതയിലാണ് സാമൂഹിക മാധ്യമ കൂട്ടായ്മകൾ ഉയർന്നുവരുന്നത്. എന്നാൽ ഡിജിറ്റൽ പൊതുമണ്ഡലത്തിന് ഒരു ഇരട്ട സ്വഭാവമുണ്ട്. ഒരുവശത്ത് കൂടുതൽ ആളുകൾക്ക് രാഷ്ട്രീയ അഭിപ്രായ പ്രകടനത്തിനുള്ള അവസരം നൽകുന്നു. മറുവശത്ത് കോപം, പരിഹാസം, ദേശീയത, മതവികാരം തുടങ്ങിയ വികാരങ്ങൾക്ക് കൂടുതൽ ദൃശ്യതയും പ്രചാരണശേഷിയും നൽകുന്നു. അതിനാൽ ഡിജിറ്റൽ പൗരസമൂഹം ജനാധിപത്യത്തിന്റെ വികസനത്തിനുള്ള സാധ്യതയും അതിന്റെ ദൗർബല്യവും ഒരേസമയം ഉൾക്കൊള്ളുന്നു.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ പരമ്പരാഗത ആശയധാരകളെ മുന്നോട്ട് വെയ്ക്കുന്നതിനുപകരം, നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയോടുള്ള അസംതൃപ്തിയെയും പൊതുവായ സാമൂഹിക നന്മയെയും കേന്ദ്രീകരിച്ചുള്ള ഒരു വൈകാരിക രാഷ്ട്രീയ ഭാഷയാണ് ടി.വി.കെ. അവതരിപ്പിക്കുന്നത്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ പരമ്പരാഗത ആശയധാരകളെ മുന്നോട്ട് വെയ്ക്കുന്നതിനുപകരം, നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയോടുള്ള അസംതൃപ്തിയെയും പൊതുവായ സാമൂഹിക നന്മയെയും കേന്ദ്രീകരിച്ചുള്ള ഒരു വൈകാരിക രാഷ്ട്രീയ ഭാഷയാണ് ടി.വി.കെ. അവതരിപ്പിക്കുന്നത്.

ക്രോക്രോച്ച് ജനതാപാർട്ടി:
ശക്തിയും പരിമിതിയും

ഈ പശ്ചാത്തലത്തിലാണ് ക്രോക്രോച്ച് ജനതാപാർട്ടി പോലുള്ള ഇന്റർനെറ്റ് പ്രതിഭാസങ്ങളെ വിലയിരുത്തേണ്ടത്. അവ നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടുള്ള ഒരു കൂട്ടം യുവജനങ്ങളുടെ അസംതൃപ്തിയെ പ്രകടിപ്പിക്കുന്നു. പരമ്പരാഗത രാഷ്ട്രീയ ഭാഷകളിൽ നിന്ന് വ്യത്യസ്തമായ ഒരു ആശയവിനിമയ രീതിയും അവ അവതരിപ്പിക്കുന്നു. എന്നാൽ ഈ പ്രതിഭാസങ്ങളെ ഒരു രാഷ്ട്രീയ പദ്ധതിയായോ ബദൽ സാമൂഹിക ദർശനമായോ മാറ്റാൻ കഴിയുമോ എന്നത് ഇപ്പോഴും തുറന്നുകിടക്കുന്ന ചോദ്യമാണ്. സംഘടനാപരമായ സ്ഥിരതയുടെ അഭാവം, വ്യക്തമായ രാഷ്ട്രീയ പരിപാടിയുടെ കുറവ്, വൈകാരിക പിന്തുണയുടെ അസ്ഥിരത തുടങ്ങിയ ഘടകങ്ങൾ പലപ്പോഴും ഇത്തരം മുന്നേറ്റങ്ങളെ ക്ഷണിക പ്രതിഭാസങ്ങളാക്കി മാറ്റുന്നു.

ജനാധിപത്യ രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പ് സംവിധാനവും ജനങ്ങളുടെ ദൈനംദിന ജീവിതാനുഭവങ്ങളും തമ്മിൽ അകലം രൂപപ്പെടുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ വലിയ അധികാര യന്ത്രങ്ങളായി മാറുമ്പോൾ സാധാരണ പൗരർക്ക് അവയിൽ അർത്ഥവത്തായ ഇടപെടൽ നടത്താനുള്ള അവസരങ്ങൾ കുറയുന്നു.

അതേസമയം, ഇത്തരം മുന്നേറ്റങ്ങൾ ഉയർന്നുവരുന്നു എന്ന വസ്തുത തന്നെ നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിലെ ചില അടിസ്ഥാന പോരായ്മകളെ സൂചിപ്പിക്കുന്നുണ്ട്. ഇവിടെ മറ്റൊരു ഗുരുതരമായ പ്രശ്നവും ഉണ്ട്. പൗരസമൂഹ ഇടങ്ങൾ ചുരുങ്ങുമ്പോൾ ആ ശൂന്യത എല്ലായ്പ്പോഴും ജനാധിപത്യപരമായ ശക്തികൾ നിറയ്ക്കണമെന്നില്ല. വിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്ന ഭരണകൂട അനുകൂല ഡിജിറ്റൽ കൂട്ടായ്മകളും ഈ ഇടങ്ങൾ കൈയ്യടക്കാറുണ്ട്. പലപ്പോഴും ഇത്തരം കൂട്ടായ്മകൾ തങ്ങളെത്തന്നെ “ജനങ്ങളുടെ ശബ്ദം” എന്നും “സാധാരണ പൗരർ” എന്നും അവതരിപ്പിക്കുന്നു. എന്നാൽ അവയുടെ രാഷ്ട്രീയ ഉള്ളടക്കം ധ്രുവീകരണത്തെയും സാമൂഹിക വിഭജനത്തെയും ശക്തിപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ ഡിജിറ്റൽ പൗരസമൂഹ ഇടങ്ങളെ ജനാധിപത്യപരവും മതേതരവുമായ ദിശയിൽ വികസിപ്പിക്കുക എന്നത് ഇന്നത്തെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്നാണ്.

ക്രോക്രോച്ച് ജനതാപാർട്ടി പോലുള്ള പ്രതിഭാസങ്ങളെ വെറും സോഷ്യൽ മീഡിയ തമാശകളായോ രാഷ്ട്രീയ അപക്വതയുടെ പ്രകടനങ്ങളായോ കാണാൻ കഴിയില്ല. അവ ജനാധിപത്യത്തിന്റെ ആന്തരിക പ്രതിസന്ധികളുടെ ലക്ഷണങ്ങളാണ്.
ക്രോക്രോച്ച് ജനതാപാർട്ടി പോലുള്ള പ്രതിഭാസങ്ങളെ വെറും സോഷ്യൽ മീഡിയ തമാശകളായോ രാഷ്ട്രീയ അപക്വതയുടെ പ്രകടനങ്ങളായോ കാണാൻ കഴിയില്ല. അവ ജനാധിപത്യത്തിന്റെ ആന്തരിക പ്രതിസന്ധികളുടെ ലക്ഷണങ്ങളാണ്.

ക്രോക്രോച്ച് ജനതാപാർട്ടി പോലുള്ള പ്രതിഭാസങ്ങളെ വെറും സോഷ്യൽ മീഡിയ തമാശകളായോ രാഷ്ട്രീയ അപക്വതയുടെ പ്രകടനങ്ങളായോ കാണാൻ കഴിയില്ല. അവ ജനാധിപത്യത്തിന്റെ ആന്തരിക പ്രതിസന്ധികളുടെ ലക്ഷണങ്ങളാണ്. പ്രതിനിധി രാഷ്ട്രീയത്തിന്റെ പരിമിതികൾ, രാഷ്ട്രീയ പാർട്ടികളുടെ സ്ഥാപനവൽക്കരണം, പൗരസമൂഹ ഇടങ്ങളുടെ ചുരുക്കം, ഡിജിറ്റൽ പൊതുമണ്ഡലത്തിന്റെ ഉയർച്ച, പൗരരുടെ രാഷ്ട്രീയ അന്യതാബോധം എന്നിവയുടെ സംഗമസ്ഥാനത്താണ് ഇത്തരം മുന്നേറ്റങ്ങൾ ഉയർന്നുവരുന്നത്. അവ വിജയിക്കുമോ പരാജയപ്പെടുമോ എന്നത് രണ്ടാം പ്രശ്നമാണ്. എന്നാൽ അവ ഉയർന്നുവരുന്നു എന്ന വസ്തുത തന്നെ നിലവിലുള്ള ജനാധിപത്യ സംവിധാനത്തിലെ ചില അടിസ്ഥാന പോരായ്മകളിലേക്കുള്ള സൂചനയാണ്. അതുകൊണ്ട് ഇത്തരം പ്രതിഭാസങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്നതിനോടൊപ്പം, അവ പ്രകടിപ്പിക്കുന്ന സാമൂഹിക അസംതൃപ്തിയെ ജനാധിപത്യത്തിന്റെ നവീകരണത്തിനായുള്ള ഒരു ആവശ്യമായും വായിക്കേണ്ടതുണ്ട്. ക്രോക്രോച്ച് ജനതാപാർട്ടി എന്ന പ്രതിഭാസം അതിനാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ സാധ്യതയെക്കാൾ കൂടുതൽ, ജനാധിപത്യ സമൂഹത്തിന്റെ ആന്തരിക ചലനങ്ങളെ മനസ്സിലാക്കാനുള്ള ഒരു സാമൂഹിക സൂചനയായിട്ടാണ് കണക്കിലെടുക്കേണ്ടത്.

Comments