കോൺഗ്രസിന്റെ ഗാർഹിക ഗൃഹാതുരത്വത്തിനും എസ്.പിയുടെ സാമുദായിക ഗൃഹാതുരത്വത്തിനുമിടയിലെ ബി.ജെ.പി

പ്രാണപ്രതിഷ്ഠാസൂത്രം ചീറ്റിപ്പോയെന്ന യാഥാർഥ്യം ഏറ്റവും നന്നായി തിരിച്ചറിയുന്നത് യു.പിയിൽ ബി.ജെ.പി തന്നെയാണ്. അതുകൊണ്ടാണ്, ദലിത്- ഒ.ബി.സി വിഭാഗങ്ങളോടൊപ്പം യാദവ- ജാട്ട് വിഭാഗങ്ങളെ കൂടി പാർട്ടി ഇത്തവണ ലക്ഷ്യം വക്കുന്നത്. ഇതിനായി നരേന്ദ്രമോദി സർക്കാറിന്റെ ‘വെൽഫെയറിസം’ ഒരു ഇലക്ഷൻ അജണ്ടയായി തന്നെ യു.പിയിലും ബി.ജെ.പി ഏറ്റെടുത്തുകഴിഞ്ഞു.

Election Desk

നുവരിയിൽ നടത്തിയ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പ്രധാന ലക്ഷ്യം യു.പിയിലെ കൂടി ജനവിധിയായിരുന്നു. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അടക്കമുള്ള പ്രതിപക്ഷത്തെ കൂടി വിശ്വാസപരമായും അല്ലാതെയും കടുത്ത ആശയക്കുഴപ്പത്തിലാക്കാൻ ഈ തന്ത്രത്തിലൂടെ തുടക്കത്തിൽ ബി.ജെ.പിക്കു കഴിഞ്ഞുവെങ്കിലും പിന്നീട്, ബി.ജെ.പി ലക്ഷ്യം വച്ച വർഗീയ ധ്രുവീകരണത്തിലേക്ക് പ്രാണപ്രതിഷ്ഠയെ പ്രതിഷ്ഠിക്കാനായില്ല. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് രണ്ടാം ഘട്ട കർഷക സമരമായ ‘ഡൽഹി ചലോ’ മാർച്ചായിരുന്നു.

‘ഡൽഹി ചലോ’ മാർച്ച്, പ്രധാനമായും പഞ്ചാബിലെയും ഹരിയാനയിലെയും കർഷക സംഘടനകളുടെ നേതൃത്വത്തിലായിരുന്നു. മാത്രമല്ല, ആദ്യ ഘട്ട പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയും രാകേഷ് ടിക്കായത്തിന്റെ ഭാരതീയ കിസാൻ യൂണിയനും 'ഡൽഹി ചലോ' മാർച്ചിൽ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ, ആദ്യ ഘട്ട കർഷക പ്രക്ഷോഭത്തിന്റെ ഹോട്ട് സ്‌പോട്ടായ പശ്ചിമ യു.പിക്കും ജാട്ട് വിഭാഗത്തിനും ഈ പ്രക്ഷോഭത്തിന് സജീവ പങ്കാളിത്തമില്ലായിരുന്നു.

ദൽഹി ചലോ മാർച്ചിൽ നിന്ന് / Photo: Ajmal MK

കർഷക ഐക്യത്തിലുണ്ടായ ഈ 'പിളർപ്പ്' മുതലാക്കാൻ ബി.ജെ.പി തുടക്കം മുതൽ ശ്രമിച്ചിരുന്നു. 'ഡൽഹി ചലോ' മാർച്ച് നടത്തുന്ന സംയുക്ത കിസാൻ മോർച്ച- നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നിവരുമായി തുടർച്ചയായി ചർച്ചാപ്രഹസനങ്ങൾ നടത്തി സമരത്തെ ദുർബലമാക്കാനും കേന്ദ്രം മുന്നോട്ടുവക്കുന്ന ഉപാധികൾ കർഷകർക്കുമേൽ അടിച്ചേൽപ്പിക്കാനും നിരന്തരശ്രമം നടന്നു.

എന്നാൽ, സമരത്തിനുനേരെയുണ്ടായ ബലപ്രയോഗങ്ങളും കർഷകരുടെ രക്തസാക്ഷിത്വവും ഈ ശ്രമങ്ങൾ നിഷ്ഫലമാക്കിയെന്നുമാത്രമല്ല, സംയുക്ത കിസാൻ മോർച്ചയും ടിക്കായത്തുമെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തു. ഒരേ ആവശ്യം മുൻനിർത്തി രണ്ടു വിഭാഗങ്ങളുടെ സമരം ആവശ്യമില്ല എന്ന ധാരണയിലേക്ക് കർഷക പ്രക്ഷോഭം നീങ്ങുകയാണ്. സംയുക്ത കിസാൻ മോർച്ച മാർച്ച് 14ന് ദൽഹിയിൽ കിസാൻ മസ്ദുർ മഹാ പഞ്ചായത്ത് നടത്തുന്നുണ്ട്. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അജണ്ടയെ സ്വാധീനിക്കുമെന്നാണ് കർഷക സംഘടനകളുടെ കണക്കുകൂട്ടൽ.

ആദ്യ കർഷക സമരത്തിനുശേഷം, 2022 മാർച്ചിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർഷക ഭൂരിപക്ഷ മേഖലയായ പശ്ചിമ യു.പിയിലെ 126 സീറ്റിൽ 85 എണ്ണവും ബി.ജെ.പി നേടി. ജാട്ട് വിഭാഗത്തിന് ഭൂരിപക്ഷമുള്ള മുസാഫർ നഗറിലെ ആറ് മണ്ഡലങ്ങളിൽ നാലെണ്ണവും മീററ്റിലെ ഏഴു സീറ്റിൽ നാലെണ്ണവും ഷാംലി ജില്ലയിലെ ആകെയുള്ള മൂന്നു സീറ്റും ബി.ജെ.പിക്ക് നഷ്ടമായെങ്കിലും മറ്റ് ജാട്ട് ഭൂരിപക്ഷ മേഖലകളിായ ആഗ്ര, മഥുര, അലിഗഡ് ജില്ലകൾ പാർട്ടി തൂത്തുവാരി. അതായത്, കർഷക പ്രക്ഷോഭം ജാട്ട് വിഭാഗത്തിന്റെ വോട്ടിംഗിൽ പ്രതിഫലിച്ചില്ല.

കർഷക പ്രക്ഷോഭത്തിനിടയിലേക്ക് പൊലീസ് നടത്തിയ ടിയർ ഗ്യാസ് ഷെൽ ആക്രമണം.

ഈ നീക്കം മുന്നിൽ കണ്ട് ആർ.എസ്.എസ് തന്നെ, കർഷക പ്രക്ഷോഭം 'കൈകാര്യം' ചെയ്യാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ആർ.എസ്.എസിന്റെ നേതൃത്വത്തിലുള്ള നയരൂപീകരണ സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭ (എ.ബി.പി.എസ്) മാർച്ച് 15 മുതൽ കർഷക സമരം അടക്കമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നുണ്ട്.

തൊഴിൽരഹിതരുടെ യു.പി

തൊഴിലില്ലായ്മയാണ് യു.പിയിലെ മറ്റൊരു പ്രശ്‌നം. സംസ്ഥാനത്ത് യുവാക്കളിൽ മൂന്നിൽ ഒരാൾ തൊഴിൽ രഹിതനാണ് എന്ന് രാഹുൽ ഗാന്ധി പറയുന്നു.

ഒന്നര ലക്ഷം സർക്കാർ പോസ്റ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും മിനിമം യോഗ്യതയുള്ള ജോലികൾ ചെയ്യുന്നു. ഫെബ്രുവരി 18നു നടന്ന പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ 67,000 ഒഴിവിലേക്ക് 48 ലക്ഷം പേരാണ് ഹാജരായത്.

2023 മെയിൽ നടത്തിയ പ്യൂൺ, വാച്ച് മാൻ, ഗാർഡനർ തുടങ്ങിയ ഗ്രൂപ്പ് ഡി തസ്തിക ജോലികളിലേക്കുള്ള പരീക്ഷക്ക് 55 ലക്ഷത്തിലേറെ പേരാണ് അപേക്ഷിച്ചത്. ഇവരിലേറെയും ബി.ടെക്കും ബി.ബി.എയും എം.എസ്‌സിയും അടക്കം ഉയർന്ന യോഗ്യതകളുള്ളവരായിരുന്നു.

തൊഴിലില്ലായ്മയാണ് യു.പിയിലെ മറ്റൊരു പ്രശ്‌നം. സംസ്ഥാനത്ത് യുവാക്കളിൽ മൂന്നിൽ ഒരാൾ തൊഴിൽ രഹിതനാണ്. / Photo: Parth M.N., ruralindiaonline.org

തൊഴിലില്ലായ്മ യുവാക്കളെ വലിയ തോതിൽ സംസ്ഥാന സർക്കാറിനെതിരെ തിരിക്കാനിടയാക്കിയിട്ടുണ്ട്. ഒരുപക്ഷേ, ജനുവരിയിൽ നടത്തിയ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം വൻതോതിൽ വോട്ടാക്കി മാറ്റാം എന്ന ബി.ജെ.പിയുടെ അമിതമായ പ്രതീക്ഷയെ, അടിസ്ഥാന ജനവിഭാഗങ്ങളിലുള്ള വലിയ അതൃപ്തി അടിതെറ്റിച്ചുകളഞ്ഞു എന്ന വിലയിരുത്തലുകളുണ്ട്.

എന്നാൽ, ഇതിനെ വോട്ടായി മാറ്റാനുള്ള ഇലക്ടറൽ മാനേജുമെന്റ് എസ്.പിയുടെയും കോൺഗ്രസിന്റെയും പക്കലില്ല എന്നതാണ് യാഥാർഥ്യം.

യാദവ, ജാട്ട് വോട്ട് ബാങ്കുകൾ

‘ഇന്ത്യ’ മുന്നണി രൂപീകരിച്ചശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണം കൂടിയാണ് യു.പിയിലേത്. എന്നാൽ, ഒരു മുന്നണി എന്ന നിലയ്ക്ക് എസ്.പിയും കോൺഗ്രസും തമ്മിൽ നിലവിൽവന്ന ഐക്യം, താഴെത്തട്ടിൽ വോട്ടിംഗിനെ അനുകൂലമാക്കി മാറ്റാനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും യു.പിയിൽ ഇതുവരെയില്ല എന്നതാണ് യാഥാർഥ്യം.

എസ്.പി അതിന്റെ പരമ്പരാഗത വോട്ടിംഗ് പാറ്റേണിനെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ദലിത്, പിന്നാക്ക, ന്യൂനപക്ഷ സഖ്യം എന്നാണ് അഖിലേഷ് യാദവ് സ്വന്തം പക്ഷത്തെ നിർവചിക്കുന്നത്. എന്നാൽ, യാദവേതര ഒ.ബി.സി വിഭാഗത്തിലും ദലിത് വിഭാഗത്തിലും ബി.ജെ.പിക്കുള്ള വൻ സ്വാധീനത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ തന്ത്രമൊന്നും ഒരു പാർട്ടിക്കും പുറത്തെടുക്കാനായിട്ടില്ല.

യു.പി ജനസംഖ്യയിലെ ഏഴു ശതമാനം വരുന്ന യാദവ വിഭാഗം സമാജ്‌വാദി പാർട്ടിക്കൊപ്പമായിരുന്നു. 15 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇവരുടെ വോട്ടുബാങ്കുള്ളത്. എസ്.പിയുടെ ഈയൊരു പരമ്പരാഗത വോട്ടുബാങ്കിന്റെ കാര്യത്തിൽ ഇപ്പോൾ പഴയ ഉറപ്പ് പ്രതീക്ഷിക്കാനാകില്ല. പാർട്ടി മുൻ ദേശീയ ജനറൽ സെക്രട്ടറി സ്വാമി പ്രസാദ് മൗര്യ പാർട്ടി വിട്ട് രാഷ്ട്രീയ ഷോഷിത് സമാജ് പാർട്ടിയുണ്ടാക്കിയത് എസ്.പിക്ക് തിരിച്ചടിയാണ്.

യാദവ സമുദായത്തിന്റെ 'അട്ടിപ്പേറവകാശം ഒരു കുടംബത്തിനുമാത്രമായി മേലിൽ ലഭിക്കില്ലെന്നും സമുദായം ഈ കോൺട്രാക്റ്റ് സിസ്റ്റത്തിൽനിന്ന് പൂർണമായും സ്വതന്ത്രമായി എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. യാദവ് മഹാകുംഭ് പരിപാടിയിൽ. യാദവ് സമുദായത്തോട് ബി.ജെ.പിയൽ ചേരാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

ഗൃഹാതുര കോൺഗ്രസ്

ജാതി സെൻസസ്, സാമൂഹികനീതി, സാമ്പത്തിക നീതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയിൽ ഉന്നയിച്ചുവെങ്കിലും അത് ദലിത്- ഒ.ബി.സി വിഭാഗങ്ങളെ സ്വാധീനിക്കാൻ തക്ക ശക്തമായിരുന്നില്ല. കാരണം, ഇവ അത്തരം മനുഷ്യരിലേക്കെത്തിക്കാനും അതിനെ ഒരു രാഷ്ട്രീയ കാമ്പയിനായി വളർത്തിയെടുക്കാനും കഴിയാത്തവണ്ണം കോൺഗ്രസ് സംഘടനാപരമായി അത്യന്തം പരിതാപകരമായ അവസ്ഥയിലാണ്.

രാഹുലിന്റെ യാത്രക്കും പ്രിയങ്കയുടെ കാമ്പയിനുകൾക്കും വൻ ജനക്കൂട്ടമെത്തുന്നുണ്ടെങ്കിലും അവയെ വോട്ടാക്കി മാറ്റാനുള്ള സംഘടനാശേഷി യു.പിയിൽ കോൺഗ്രസിനില്ല. പ്രിയങ്കക്ക് നെഹ്‌റു കുടുംബാംഗം എന്ന വൈകാരികത മാത്രമേ സൃഷ്ടിക്കാനാകുന്നുള്ളൂ. ജനകീയ പ്രശ്‌നങ്ങൾ മൂർത്തമായി അവതരിപ്പിക്കുന്നതിനുപകരം, ഈ ഇമോഷനൽ ഫാക്ടർ മാത്രമേ കോൺഗ്രസിന്റെ കൈവശമുള്ളൂ.

ഭാരത് ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി

ഇത്തവണയും നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റുകൾ എന്നറിയപ്പെടുന്ന റായ്ബറേലിയും അമേഥിയും കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്. സോണിയാഗാന്ധി ഒഴിയുന്ന റായ്ബറേലിയിൽ പ്രിയങ്കയെ നിർത്തി, സംസ്ഥാനത്തൊട്ടാതെ ഒരു അനുകൂല സാഹചര്യം സൃഷ്ടിക്കാമെന്ന കോൺഗ്രസ് പ്രതീക്ഷ, നിലവിലെ സാഹചര്യത്തിൽ വ്യാമോഹം മാത്രമാണ്. 2019-ൽ അമേഥിയിൽ കോൺഗ്രസിനെ ഞെട്ടിച്ച് ബി.ജെ.പിയുടെ സ്മൃതി ഇറാനി നേടിയ 55,000 വോട്ടിന് നേടിയ ജയം, കോൺഗ്രസിന്റെ കണ്ണു തുറപ്പിക്കേണ്ടതായിരുന്നു.

അമേഥി 1967 മുതൽ കോൺഗ്രസിന് സ്വന്തമായിരുന്നു, കഴിഞ്ഞ അഞ്ചു വർഷമൊഴികെ. 1980ൽ സഞ്ജയ് ഗാന്ധിയാണ് അമേഥിയിൽ ജയിച്ചത്. സഞ്ജയിന്റെ മരണശേഷം 1981-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി ജയിച്ചു. 1991 വരെ രാജീവ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1999ലാണ് സോണിയ അമേഥിയിൽനിന്ന് ആദ്യമായി മത്സരിക്കുന്നത്. തുടർന്ന്, 2004 മുതൽ രാഹുലും. അമേഥിയിലെ രാഹുലിന്റെ സ്ഥാനാർഥിത്വം ഇപ്പോഴും ആശയക്കുഴപ്പത്തിൽ തുടരുകയാണ്. കോൺഗ്രസിന്റെ 39 സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ അമേഥിയും റായ്ബറേലിലും ഇല്ല.

എങ്കിലും, അമേഥിയിൽ രാഹുലിന് ഇത്തവണയും മത്സരിക്കാനുള്ള പ്ലാറ്റ്‌ഫോം ഒരുങ്ങുന്നുണ്ട്. ഭാരത് ജോഡോ ന്യായ് യാത്രയിൽ അമേഥിയുമുണ്ടായിരുന്നു. രാഹുലും മല്ലികാർജുൻ ഖാർഗേയും ജയറാം രമേശുമെല്ലം, അമേഥി 2019-ൽ ചെയ്ത 'തെറ്റ്' തിരുത്തുമെന്ന പ്രതീക്ഷയിലാണ്. ''രാഹുൽ അമേഥിയിലെ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു, ഉണ്ട്, എല്ലായിപ്പോയും ഉണ്ടായിരിക്കും'' എന്നാണ് ഖാർഗേ പറഞ്ഞത്.

സ്മൃതി ഇറാനി

2019-ൽ തോറ്റ ശേഷം, മൂന്നു തവണ മാത്രമാണ് രാഹുൽ അമേഥിയിലെത്തിയത് എന്ന് ബി.ജെ.പിയും പറയുന്നു. ഒരു നെഹ്‌റു കുടുംബാംഗത്തെ മുൻനിർത്തി തന്നെയാണ് അമേഥിയിലെ 'തെറ്റു തിരുത്തലി'ന് കോൺഗ്രസ് ഇപ്പോഴും മുന്നിട്ടിറങ്ങുന്നത് എന്നത് ഒരു വലിയ പാർട്ടിയുടെ ദൈന്യത വെളിപ്പെടുത്തുന്നു.

​​പ്രാണപ്രതിഷ്ഠാസൂത്രം ചീറ്റിപ്പോയെന്ന യാഥാർഥ്യം ഏറ്റവും നന്നായി തിരിച്ചറിയുന്നത് യു.പിയിൽ ബി.ജെ.പി തന്നെയാണ്. അതുകൊണ്ടാണ്, ദലിത്- ഒ.ബി.സി വിഭാഗങ്ങളോടൊപ്പം യാദവ- ജാട്ട് വിഭാഗങ്ങളെ കൂടി പാർട്ടി ഇത്തവണ ലക്ഷ്യം വക്കുന്നത്. ഇതിനായി നരേന്ദ്രമോദി സർക്കാറിന്റെ 'വെൽഫെയറിസം' ഒരു ഇലക്ഷൻ അജണ്ടയായി തന്നെ യു.പിയിലും ബി.ജെ.പി ഏറ്റെടുത്തുകഴിഞ്ഞു.

വോട്ടുബാങ്കുകൾ ഉറപ്പിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെ, 'കുക്കിംഗ് ഗ്യാസ്- ബാങ്ക് അക്കൗണ്ട്' സ്ട്രാറ്റജിയുടെ മാതൃകയിൽ സമീപകാലത്ത് നിരവധി പദ്ധതികൾ മോദി പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന മനുഷ്യരുടെ പ്രശ്‌നങ്ങൾക്ക് സ്ഥായിയായ പരിഹാരത്തിനുതകുന്ന പരിപാടികൾക്കുപകരം, കാരുണ്യവർഷത്തിലൂടെ പൗരരെ ആശ്രിതരാക്കി മാറ്റി, അത് വോട്ടാക്കി പരിവർത്തിപ്പിക്കുന്ന തന്ത്രം തന്നെയാണ് യു.പിയിലും ബി.ജെ.പി സമർഥമായി പയറ്റുന്നത്.

ഇതിന്റെ ഇരകളായ വിഭാഗങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കാനുള്ള ഒരു പ്രതിപക്ഷം യു.പിയിൽ ഇല്ല എന്നത് ബി.ജെ.പിക്ക് ബലം നൽകുന്ന പ്രധാന ഘടകമാണ്. കോൺഗ്രസിന്റെ ഗാർഹിക ഗൃഹാതുരത്വവും സമാജ്‌വാദി പാർട്ടിയുടെ സാമുദായിക ഗൃഹാതുരത്വവും തന്നെയാണ് യു.പിയിൽ ഇത്തവണയും ബി.ജെ.പിയുടെ പ്രതീക്ഷ.

Comments