കോയമ്പത്തൂരിലൂടെ കൊങ്കുനാട്ടിലേക്ക് വഴിവെട്ടാമെന്ന ബി ജെ പി മോഹം തകർത്ത് ഡി.എം.കെയുടെ ഗണപതി ബി. രാജ്കുമാറിന്റെ ഉജ്വല മുന്നേറ്റം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലക്ക് വലിയ തിരിച്ചടി. സംസ്ഥാനത്ത് ബി ജെ പി ഏറ്റവും പ്രതീക്ഷ വെച്ച മണ്ഡലമായിരുന്നു കോയമ്പത്തൂരെന്നതും തിരിച്ചടിയുടെ ആക്കം കൂട്ടുന്നു. ഡി.എം.കെക്ക് അധികം സ്വാധീനമില്ലാത്ത കൊങ്കുനാട് മേഖലയിലൂടെ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാമെന്ന ബി ജെ പി നീക്കത്തിനേറ്റ തിരിച്ചടി കൂടിയാണ് ഡി എം കെയുടെ ജയസാധ്യത.
രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും പോളിങ് ശതമാനം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. നീലഗിരി, കന്യാകുമാരിയടക്കമുള്ള മണ്ഡലങ്ങളെ പോലെ, രണ്ട് തവണ ബി ജെ പിക്ക് ജയം സമ്മാനിച്ചിട്ടുണ്ട് കോയമ്പത്തൂർ. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണ് കോയമ്പത്തൂർ. ഈ സാധ്യതകൾ മുന്നിൽ കണ്ടാണ് സംസ്ഥാന അധ്യക്ഷൻ തന്നെ നേരിട്ടിറങ്ങിയത്.
തമിഴ്‌നാടിന്റെ രാഷ്ട്രീയമനസിനെ ഹിന്ദുത്വവൽക്കരിക്കാൻ ബി ജെ പി നടത്തിയ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തിയാണ് വോട്ടർമാർ വർഗീയ രാഷ്ട്രീയത്തെ പടിക്കുപുറത്ത് നിർത്തിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽതമിഴ്‌നാടിനെ ലക്ഷ്യംവെച്ച് ബി ജെ പി നടത്തിയ വർഗീയധ്രുവീകരണ നീക്കങ്ങൾ വിഫലമാകുന്ന കാഴ്ച കൂടിയാണ് കോയമ്പത്തൂരിൽ ഡി.എം.കെയുടെ ഉജ്വല മുന്നേറ്റം. സംസ്ഥാനത്തെ 35 ലോക്സഭ സീറ്റുകളിലും ഇന്ത്യ മുന്നണിയുടെ തേരോട്ടമാണ്.
കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ 1980, 1996 തെരഞ്ഞെടുപ്പുകളിൽ ഡി.എം.കെയാണ് ജയിച്ചത്. സി.പി.എം മൂന്നു തവണയും സി.പി.ഐ നാലു തവണയും ജയിച്ചു.
തൊണ്ണൂറുകളുടെ അവസാനത്തിൽ, ദേശീയതലത്തിലുണ്ടായ ഹിന്ദുത്വ വർഗീയതയുടെ തേരോട്ടത്തിലാണ് കോയമ്പത്തൂരിലും ബി.ജെ.പി പിടിമുറുക്കിയത്. 1998-ൽ എൽ.കെ. അദ്വാനിയുടെ ഇലക്ഷൻ യോഗത്തിനുതൊട്ടുമുമ്പുണ്ടായ സ്‌ഫോടനത്തിൽ, കോയമ്പത്തൂരിൽ 58 പേരാണ് കൊല്ലപ്പെട്ടത്. ഇടതുപക്ഷത്തിന്റെ സ്ഥിരം വോട്ടുബാങ്കായിരുന്ന മണ്ഡലം ഇതിനുശേഷം രാഷ്ട്രീയമായും സാമൂഹ്യമായും അസന്തുലിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ബി ജെ പി സ്‌പോൺസർഷിപ്പിൽ മണ്ഡലത്തിൽ വർഗീയ ധ്രുവീകരണം നടന്നിട്ടുണ്ട്. സ്‌ഫോടനത്തിനുശേഷമുള്ള തുടർച്ചയായ രണ്ട് തെരഞ്ഞെടുപ്പുകളിൽ, 1998, 99 വർഷങ്ങളിൽ, ബി.ജെ.പിയുടെ സി.പി. രാധാകൃഷ്ണനാണ് ജയിച്ചത്. ഇത്തവണ, 98-ലെ സ്‌ഫോടനത്തിന്റെ ഓർമകളുണർത്തി വോട്ട് തട്ടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ റോഡ് ഷോയുമായി രംഗത്തിറങ്ങിയിരുന്നു.
2014-ൽ എ.ഐ.ഡി.എംകെയുടെ പി. നാഗരാജനൊഴികെ 2004, 2009, 2019 വർഷങ്ങളിൽ വിജയിച്ചത് സി പി എമ്മായിരുന്നു. സി പി എമ്മിന്റെ പി.ആർ. നടരാജൻ തുടർച്ചയായി രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2009-ൽ കെ.സുബ്രഹ്‌മണ്യനിലൂടെ സി പി എം ജയം ആവർത്തിച്ചു.
2014-ൽ അണ്ണാ ഡി.എം.കെക്കുപിന്നിൽ രണ്ടാം സ്ഥാനം ബി.ജെ.പിക്കായിരുന്നു. 2019-ൽ അണ്ണാ ഡി.എം.കെ സഖ്യത്തിൽ മത്സരിച്ചപ്പോൾ ബി.ജെ.പി 3,92,000 വോട്ട് നേടി. ബി ജെ പിക്ക് ആകെയുള്ള നാല് എം.എൽ.എമാരിൽ രണ്ടുപേരും കൊങ്കുനാട്ടിൽ നിന്നുള്ളവരായിരുന്നു. ഇവിടുത്തെ പ്രബല സമുദായമായ ഗൗണ്ടർ വിഭാഗത്തിൽ നിന്നുവരുന്ന അണ്ണാമലൈക്ക് വിജയം നേടാൻ സാധിക്കുമെന്നായിരുന്നു ബി ജെ പി പ്രതീക്ഷ.
2021-ൽ കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലും ഡി.എം.കെക്ക് തോൽവിയായിരുന്നു. എന്നാൽ, പിന്നീട് സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന അതിശക്തമായ സംഘടനാപ്രവർത്തനത്തിലൂടെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച ജയം നേടി തിരിച്ചുവന്നു. കോയമ്പത്തൂർ കോർപറേഷനിൽ ഡി.എം.കെ വൻ ജയം നേടി. ഈ വിജയങ്ങളാണ് സി.പി.എമ്മിൽനിന്ന് സീറ്റ് ഏറ്റെടുക്കാൻ ഡി.എം.കെക്ക് ആത്മവിശ്വാസമേകിയത്.
സഖ്യകക്ഷിയായ സി.പി.എമ്മിന്റെ സിറ്റിങ് മണ്ഡലം തിരിച്ചെടുത്ത് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ തകർക്കാൻ ഇത്തവണ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി എം കെ നേരിട്ടിറങ്ങുകയായിരുന്നു. മണ്ഡലത്തിൽ സംസ്ഥാന സർക്കാർ നിരവധി വികസന പദ്ധതികൾക്ക് തുടക്കമിട്ടു. മന്ത്രിമാരായ ടി.ആർ.ബി രാജക്കും എസ്. മുത്തുസ്വാമിക്കും കാമ്പയിൻ ചുമതല നൽകി. കോയമ്പത്തൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ കമൽഹാസൻ ഡി.എം.കെയോടൊപ്പം ചേർന്നതും അനുകൂല ഘടകമായി.
അണ്ണാ ഡി.എം.കെയിലായിരുന്ന ഗണപതി (59) നാലു വർഷം മുമ്പാണ് ഡി.എം.കെയിലെത്തിയത്. ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിൽ പിഎച്ച് ഡി നേടിയിട്ടുണ്ട്. കോയമ്പത്തൂർ മേയറായിരുന്നു.
സിങ്കൈ ജി. രാമചന്ദ്രനായിരുന്നു എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി.