മുജീബ് റഹ്മാൻ കിനാലൂർ

ഇന്ത്യയിലെ സാമാന്യ ജനത;
അതാണ് ന്യൂനപക്ഷത്തിനു മുന്നിലെ ബാക്കി പ്രതീക്ഷ

രഥയാത്രയിൽ നിന്ന് രാമക്ഷേത്ര ഉദ്ഘാടന വേളയിലെത്തി നിൽക്കുമ്പോൾ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മനസ്സിനെ ഇനിയെന്ത്‌ എന്ന ചോദ്യം വേട്ടയാടുന്നുണ്ട്‌ എന്നും ആ ചോദ്യത്തെ അഭിമുഖീകരിക്കാൻ അവരുടെ മുമ്പിൽ ബാക്കിയുള്ള പ്രതീക്ഷ ഇന്ത്യയിലെ സാമാന്യ ജനതയാണ് എന്നും മുജീബ് റഹ്മാൻ കിനാലൂർ.

ഒന്ന്: കലാപശേഷമുള്ള ഗുജറാത്ത്

ഗുജറാത്ത്‌ കൂട്ടക്കൊല കെട്ടടങ്ങും മുന്നേ ഒരു മാധ്യമ സംഘത്തോടൊപ്പം ഞാൻ സംഭവസ്ഥലങ്ങൾ സന്ദർശിച്ചിരുന്നു; 2002 ആഗസ്തിൽ. അപ്പോഴും വംശീയമായ ഭീകരതാണ്ഡവത്തിന്റെ പുകപടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. അഹമ്മദാബാദ്‌ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഏറെ ഭയന്നുകൊണ്ടാണ് ഞങ്ങൾ ദിവസങ്ങൾ കഴിച്ചുകൂട്ടിയത്‌. ജീവിതത്തിലാദ്യമായി സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച്‌ കള്ളപ്പേരിലാണ് ആ ദിനങ്ങൾ തള്ളിനീക്കിയത്‌. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴും റസ്റ്ററന്റുകളിലും താമസസ്ഥലങ്ങളിലുമെല്ലാം സ്വന്തം പേര് പറഞ്ഞുപോകാതിരിക്കാൻ ജാഗ്രത വേണമായിരുന്നു. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഏറെ ലജ്ജ തോന്നിയ ദിനങ്ങളായിരുന്നു അത്. മുസ്‍ലിം ന്യൂനപക്ഷ സമുദായാംഗം എന്ന നിലയിൽ പത്തു വർഷം മുമ്പ്‌ ഉള്ളിൽ കടന്നുകയറിയ അരക്ഷിതബോധം ഉള്ളിൽ പിടിമുറുക്കിയ അനുഭവം കൂടിയായിരുന്നു അത്‌.

ഗുജറാത്ത്‌ കലാപം ബാബറി മസ്ജിദ്‌ ധ്വംസനത്തിന്റെ തുടർച്ച തന്നെയായിരുന്നു. ശ്രീരാമജന്മഭൂമി ക്ഷേത്രം നിർമിക്കുന്നതിനായി നടത്തിയ പൂർണ്ണാഹുതി മഹായജ്ഞത്തിൽ സംബന്ധിച്ച് സബർമതി എക്സ്പ്രസ്സിൽ അയോധ്യയിൽ നിന്ന് തിരിച്ചുവരികയായിരുന്ന കർസേവകർ ഗോധ്രയിൽ വെച്ച്‌ ആക്രമിക്കപ്പെട്ടതാണ്  ഗുജറാത്ത് കലാപത്തിനിടയാക്കിയത്.
ബാബറി മസ്ജിദ്‌ ധ്വംസനത്തിന്റെ തുടർച്ചയായി നടന്ന ഗുജറാത്ത് കലാപത്തിൽ ആയിരക്കണക്കിന്ന് മുസ്‍ലിംകൾ  ക്രൂരമായി കൂട്ടക്കൊല ചെയ്യപ്പെട്ടു. പിന്നീടുള്ള അന്വേഷണങ്ങൾ ഗോധ്ര സംഭവത്തെ കുറിച്ച്‌ നിരവധി ചോദ്യങ്ങൾ ഉയർത്തി. മാത്രമല്ല, കൂട്ടക്കൊല മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പക്ഷെ ആ അന്വേഷണങ്ങൾക്കും റിപ്പോർട്ടുകൾക്കും ചവറ്റുകുട്ടയിലാണ് ഇടം കിട്ടിയത്.

ഗുജറാത്ത് വംശഹത്യാകാലത്തെ അക്രമസംഭവങ്ങളുടെ ഒരു ദൃശ്യം
ഗുജറാത്ത് വംശഹത്യാകാലത്തെ അക്രമസംഭവങ്ങളുടെ ഒരു ദൃശ്യം

അഹമ്മദാബാദിന്റെ വിവിധ ഭാഗങ്ങളിൽ അഭയാർത്ഥിക്യാമ്പുകൾ സന്ദർശിച്ചപ്പോൾ കണ്ട ദയനീയ കാഴ്ചകൾ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഓർമകളാണ്. കുത്തേറ്റും മുറിവേറ്റും പൊള്ളലേറ്റും ഷാ ആലം അഭയാർത്ഥി ക്യാമ്പിലും നരോദാ പാട്യയിലും മറ്റും പിടഞ്ഞ മനുഷ്യരുടെ ദയനീയ നോട്ടങ്ങൾ, അവർ പറഞ്ഞ ഹൃദയഭേദകമായ കഥകൾ മനുഷ്യത്വത്തെ കുറിച്ചുള്ള എല്ലാ സങ്കൽപ്പങ്ങളും തകർക്കുന്നതായിരുന്നു. പരസ്പര സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും അയൽപക്കങ്ങളിൽ ഒരുമിച്ച്‌ ജീവിച്ചവർ തന്നെ, കുന്തവും വടിവാളുമായി എത്തി ഉന്മാദ നൃത്തമാടിയതിന്റെ ക്രൂരമായ അനുഭവങ്ങൾ വിവരിക്കുമ്പോൾ അവരുടെ മനോനില ചാമ്പലായിരുന്നു.

രാമജന്മഭൂമി തർക്കം മൂർച്ഛിച്ച തൊണ്ണൂറുകളുടെ തുടക്കത്തിൽ ഞാൻ കോളജ്‌ വിദ്യാർത്ഥിയായിരുന്നു. അന്നത്തെ പത്ര തലക്കെട്ടുകളിൽ രാമജന്മഭൂമി തർക്കവും അദ്വാനി നയിച്ച രഥയാത്രയുടെ വാർത്തകളും നിറഞ്ഞുനിന്നിരുന്നു.

സഹജീവനത്തിന്റെ അടിത്തറയായ പരസ്പര വിശ്വാസത്തിന് എന്നെന്നേക്കുമായി തീയിടുകയായിരുന്നു കലാപകാരികളുടെ ലക്ഷ്യമെന്നത് അവരുടെ വാക്കുകളിൽ വ്യക്തമായിരുന്നു. മതത്തിന്റെ, വംശബോധത്തിന്റെ വന്യമായ അഗ്നി ആളിക്കത്തിച്ച്‌ മനുഷ്യർക്കിടയിൽ ശാശ്വത വൈരത്തിന്റെ വിത്തു വിതയ്ക്കുകയായിരുന്നു ഗുജറാത്ത്‌ കൂട്ടക്കൊലയുടെ യഥാർത്ഥ ഉന്നം. അന്ന് ഗുജറാത്തിന്റെ തെരുവീഥികളിൽ അട്ടഹസിച്ച്‌ അലഞ്ഞത്‌‌ ഹിറ്റ്‌ലറിന്റെ പ്രേതമായിരുന്നു. ആ വംശഹത്യയിലൂടെയാണ് ഗുജറാത്തിൽ ബി ജെ പി അധികാരക്കുത്തക ഉറപ്പിക്കുന്നത്‌. നരോദ പാട്യയിലെയും ഗുൽബർഗ്ഗിലെയും ബെസ്റ്റ്‌ ബേക്കറിയിലെയും ചാരക്കൂനകളിൽ നിന്നാണ് നരേന്ദ്രമോദിയും അമിത്‌ഷായും വിജയശ്രീലാളിതരായി ഉയിർത്തത്‌.

ഗുജറാത്ത് വംശഹത്യക്കുശേഷം തുറന്ന അഭയാർത്ഥി ക്യാമ്പിൽ നിന്ന്
ഗുജറാത്ത് വംശഹത്യക്കുശേഷം തുറന്ന അഭയാർത്ഥി ക്യാമ്പിൽ നിന്ന്

രണ്ട്‌: ബാബറി മസ്ജിദ് കാലം

രാമജന്മഭൂമി തർക്കം മൂർച്ഛിച്ച തൊണ്ണൂറുകളുടെ തുടക്കത്തിൽ ഞാൻ കോളജ്‌ വിദ്യാർത്ഥിയായിരുന്നു. അന്നത്തെ പത്ര തലക്കെട്ടുകളിൽ രാമജന്മഭൂമി തർക്കവും അദ്വാനി നയിച്ച രഥയാത്രയുടെ വാർത്തകളും നിറഞ്ഞുനിന്നിരുന്നു. ഏറ്റവും മാരകമായ വർഗീയവിഷം വമിച്ചിരുന്ന വിനയ്‌ കത്യാർ, ഉമാ ഭാരതി, സ്വാതി ഋതംബര തുടങ്ങിയവരുടെ പ്രസ്താവനകൾ പത്രങ്ങളിൽ വന്നു കൊണ്ടിരുന്നു. ഉദ്വേഗഭരിതവും ഭയാനകവുമായിരുന്നു ആ നാളുകൾ. എങ്കിലും ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം അവകാശപ്പെടുന്ന, മതേതര പാർട്ടിയായ കോൺഗ്രസ്‌ കേന്ദ്രം ഭരിക്കുമ്പോൾ ബാബറി മസ്‌ജിദ്‌ തകർക്കാൻ കഴിയില്ല എന്നായിരുന്നു, എന്റെ നിഷ്കളങ്കമായ വിശ്വാസം. രാജ്യത്തിന്റെ പല ദിക്കുകളിലും വർഗ്ഗീയ കലാപങ്ങൾക്ക്‌ വഴി മരുന്നിട്ട്‌ രഥയാത്ര പുരോഗമിക്കുമ്പോഴും കോൺഗ്രസിന്റെയും പ്രധാനമന്ത്രി നരസിംഹ റാവുവിന്റെയും ഉറപ്പുകളിൽ തന്നെയായിരുന്നു വിശ്വാസം.

എന്നാൽ 1992 ഡിസംബർ 6-ന് ആ വിശ്വാസം അടിമേൽ തകർന്നുവീണു. ആസൂത്രിതമായി സംഘം ചേർന്നെത്തിയ കർസേവകർ നിയമ സംവിധാനങ്ങളെയും ഭരണകൂടത്തെയും നോക്കുകുത്തിയാക്കി ബാബറി പള്ളി തരിപ്പണമാക്കി. അയോധ്യയിൽ തകർക്കപ്പെട്ടത്‌ ഒരു പള്ളി മാത്രമായിരുന്നില്ലെന്നും ഇന്ത്യൻ മതേതരത്വത്തിന്റെ ആണിക്കല്ലായിരുന്നു എന്നും മനസ്സിലാക്കാൻ അധികം കാലം വേണ്ടി വന്നില്ല.രാജ്യത്തെ ഓരോ മതേതര വാദിയുടെയും മനസ്സിൽ പൊതുവായും മുസ്‍ലിം ന്യൂനപക്ഷത്തിന്റെ മനസ്സിൽ പ്രത്യേകിച്ചും ആധിയും ഭയവും കടന്നുകയറി. ഞാനുൾപ്പെടെ യുവാക്കളുടെ മനസ്സിൽ കടുത്ത നിരാശയും അനാഥത്വവും അരക്ഷിതചിന്തയും കടുത്ത കാലമായിരുന്നു അത്‌. ഈ മാനസിക സമ്മർദ്ദത്തിൽ, മുസ്‍ലിം സമുദായത്തിൽ നിന്ന് ഒരു വിഭാഗം ആത്മപ്രതിരോധത്തിനുള്ള വഴികളെ കുറിച്ച്‌ ചിന്തിച്ചു.

എൽ.കെ  അദ്വാനി നയിച്ച രഥയാത്ര
എൽ.കെ അദ്വാനി നയിച്ച രഥയാത്ര

ലോകം നോക്കിയിരിക്കെ, ബാബറി പള്ളി ധ്വംസിക്കാൻ വിട്ടുകൊടുത്ത ഭരണകൂടത്തിനും അതിനുനേരെ കണ്ണടച്ച മതേതര പാർട്ടികൾക്കും ആ ചോരയിൽ പങ്കുണ്ടന്ന് അവർ സമുദയത്തോട്‌ വിളിച്ചു പറഞ്ഞു. ബാബറി മസ്ജിദ്‌ തകർച്ച കേരളത്തിലെ മുസ്‍ലിംകളുടെ രാഷ്ട്രീയഭാവിയെയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചു. അരക്ഷിതാവസ്ഥയും അമർഷവും ഉണ്ടാക്കിയ മുസ്‍ലിം സാമാന്യ ബോധം, മുസ്‍ലിം ലീഗ്‌ കോൺഗ്രസിന്റെ സഖ്യകക്ഷിയായി തുടരുന്നതിലെ അസാംഗത്യം രൂക്ഷമായി ഉന്നയിക്കാൻ തുടങ്ങി. കോൺഗ്രസ്‌ രാജ്യത്തെ വഞ്ചിക്കുകയായിരുന്നു എന്നും ഇനി അവർക്കൊപ്പം നിൽക്കുന്നത്‌ അനീതിയാണെന്നും വാദിച്ച്‌ ലീഗിന്റെ ദേശീയ പ്രസിഡന്റ്‌ സുലൈമാൻ സേഠ്‌ തന്നെ രംഗത്തു വന്നു. എന്നാൽ രാജ്യത്ത്‌ മുസ്‍ലിം ന്യൂനപക്ഷങ്ങൾക്ക്‌ അധികാര പങ്കാളിത്തവും രാഷ്ട്രീയ പ്രാതിനിധ്യവുമുള്ള കേരളത്തിൽ അതുപേക്ഷിക്കുന്നത്‌ ബുദ്ധിപരമല്ല എന്നും, കോൺഗ്രസിനൊപ്പം നിന്ന് പള്ളി പുനർനിർമിക്കാനും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും നിയമപരവും രാഷ്ട്രീയവുമായ സമരം നടത്തുകയാണ് വേണ്ടതെന്നുമായിരുന്നു മുസ്‍ലിം ലീഗിന്റെ ഔദ്യോഗിക നിലപാട്‌.

രാഷ്ട്രീയമായും സാംസ്കാരികമായും ശക്തമായ അടിത്തറയുള്ള ഒരു കേഡർ മിലിറ്റന്റ്‌ സംഘത്തെ ന്യൂനപക്ഷങ്ങൾ അതേ നാണയത്തിൽ പ്രതിരോധിക്കാൻ പോകുന്നത്‌ ആത്മഹത്യാപരമായിരുന്നു.

സുലൈമാൻ സേഠ്‌ ലീഗിൽനിന്ന് പുറത്തുപോയി ഇന്ത്യൻ നാഷണൽ ലീഗ്‌ എന്ന പുതിയ പാർട്ടിയുണ്ടാക്കി. പിന്നീട്‌ പി ഡി പി, പി എഫിന്റെ ആദ്യ രൂപമായ എൻ ഡി എഫ്‌ തുടങ്ങിയ മുസ്‍ലിം സംഘടനകളും നിലവിൽ വന്നു. എന്നാൽ വൈകാരികമായ എടുത്തുചാട്ടങ്ങളല്ല, ദീർഘവീക്ഷണവും വിവേകവുമുള്ള നിലപാടുകളാണ് മുസ്‍ലിം സമുദായം സ്വീകരിക്കേണ്ടെത്‌ എന്ന് പ്രഖ്യാപിച്ച മുഖ്യധാരാ മത സംഘടനകൾ ലീഗിനൊപ്പം ഉറച്ചുനിന്നു. പുതിയ രാഷ്ട്രീയ പരീക്ഷണങ്ങളെ അതോടെ സമുദായവും തള്ളിക്കളഞ്ഞു.

രാഷ്ട്രീയമായും സാംസ്കാരികമായും ശക്തമായ അടിത്തറയുള്ള ഒരു കേഡർ മിലിറ്റന്റ്‌ സംഘത്തെ ന്യൂനപക്ഷങ്ങൾ അതേ നാണയത്തിൽ പ്രതിരോധിക്കാൻ പോകുന്നത്‌ ആത്മഹത്യാപരമായിരുന്നു. അത്തരം ചിന്തകളും പ്രവർത്തനങ്ങളും ശത്രുക്കളെ സഹായിക്കുകയേ ഉള്ളു. ഒരുപക്ഷെ, കേരളത്തിലെ പക്വമായ രാഷ്ട്രീയ, സമുദായ, മത നേതൃത്വത്തിന്റെ ഇടപെടൽ രാജ്യത്തെ മൊത്തത്തിലുള്ള മുസ്‍ലിംകൾക്ക്‌ ദിശാബോധം നൽകി എന്ന് കരുതുന്നതിൽ തെറ്റില്ല.

മൂന്ന്: രാമക്ഷേത്രം യാഥാർഥ്യമാകുമ്പോൾ…

ജനുവരി 22- ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ പോകുകയാണ്. ബാബറി മസ്ജിദ്‌ ധ്വംസനത്തിൽ തുടങ്ങി, ഗുജറാത്ത്‌ വംശഹത്യയിലൂടെ മുന്നേറി, നിരവധി ആസൂത്രിത ഭീകരാക്രമണങ്ങളിലൂടെ കടന്നുവന്ന് ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ വെന്നിക്കൊടി പാറിക്കുന്ന പരിപാടിയായി രാമക്ഷേത്രം ഉദ്ഘാടനം മാറുകയാണ്. അയോധ്യ പ്രശ്നത്തിൽ വി എച്ച്‌ പി യും ബി ജെ പിയും ഒക്കെയായിരുന്നു നേതൃത്വം വഹിച്ചതെങ്കിൽ, ഗുജറാത്ത്‌ കലാപത്തിൽ ഭരണ കൂടം വ്യക്തമായ പങ്കാളിയായിരുന്നു. രാമക്ഷേത്ര ഉദ്ഘാടനം, ഒരു ബി ജെ പി പരിപാടിയല്ല, രാജ്യത്തിന്റെ ഔദ്യോഗിക പരിപാടിയായി മാറിയിരിക്കുന്നു. അതായത്‌ മതേതര ഇന്ത്യ, ഹിന്ദുത്വ ഭാരതമായി മാറ്റപ്പെട്ടുകഴിഞ്ഞു എന്ന സത്യത്തിന്ന് അടിവര ചാർത്തുന്ന ചടങ്ങാണ് അയോധ്യയിൽ നടക്കാൻ പോകുന്നത്‌ എന്ന് ന്യായമായും സംശയിക്കാം.

2012-ൽ, ഗുജറാത്ത്‌ സംഭവത്തിന്റെ പത്താം വർഷത്തിൽ, ഞാൻ ഒരിക്കൽ കൂടി ഗുജറാത്ത്‌ സന്ദർശിച്ചിരുന്നു. ഇഹ്‌സാൻ ജാഫ്രിയെയും അഹ്‌മദ്‌പട്ടേലിനെയും പോലുള്ള ശക്തരായ രാഷ്ട്രീയ നേതാക്കൾ ഇപ്പോൾ ഗുജറാത്തിൽ ഇല്ല. ഇനി ഉയർന്നുവരാനും സാധ്യതയില്ല. ശക്തവും സംഘടിതവുമായ ഒരു ന്യൂനപക്ഷ രാഷ്ട്രിയ പ്രാതിനിധ്യം അവിടെയില്ല. അഹമ്മദാബാദിലെ കച്ചവടക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും പോർട്ടർമാരും 'അച്ചടക്കത്തോടെ' ജീവിക്കാൻ പാകപ്പെട്ടിരിക്കുന്നു. പ്രതിഷേധമില്ല, അവകാശ സമരങ്ങളോ സാമൂഹിക പങ്കാളിത്തമോ ഇല്ല.

ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്വനാഥ്
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്വനാഥ്

എന്നാൽ ഗുജറാത്ത്‌ വംശഹത്യയുടെ കറ പുരണ്ടവർ ഇന്ന് കേന്ദ്രം വാണരുളുന്നു. അതിന്റെ ഇരകൾക്കുവേണ്ടി വാദിച്ചവരിൽ പലരും അഴികൾക്കുള്ളിൽ കഴിയുന്നു. ബാബറി പള്ളി തകർത്തവർ കുറ്റമുക്തമാക്കപ്പെടുകയും അയോധ്യയിൽ ഒരു ഒത്തുതീർപ്പിലൂടെ ക്ഷേത്രം യാഥാർത്ഥ്യമാകുകയും ചെയ്തിരിക്കുന്നു.

ബാബറി മസ്ജിദ്‌ തകർത്തതിലൂടെ അരക്ഷിത ബോധത്തിൽ അകപ്പെട്ട രാജ്യത്തെ മുസ്‍ലിംകൾ, ഗുജറാത്ത്‌ വംശഹത്യയിലൂടെ ആത്മധൈര്യം ചോർന്ന് നിസ്സഹായരാക്കപ്പെട്ട ജനത, ഇപ്പോൾ രാമക്ഷേത്ര ഉദ്ഘാടനത്തിൽ 'മതേതര പാർട്ടികൾ' പങ്കെടുക്കാമോ ഇല്ലയോ എന്ന കാര്യത്തിൽ ഒട്ടും ആശങ്കാകുലരല്ല. രാജ്യം ഏറെക്കുറെ മതവത്കരിക്കപ്പെട്ട വർത്തമാന സാഹചര്യത്തെ നിർമമമായി അഭിമുഖീകരിക്കാൻ അവർ പാകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കാൽനൂറ്റാണ്ട്‌ കാലത്തെ സംഘപരിവാർ പദ്ധതികളുടെ കാതൽ അതായിരുന്നുവല്ലൊ. ഗുജറാത്ത്‌ സംഭവത്തെ ഒരൊറ്റ സ്നാപ്പിൽ സംഗ്രഹിക്കാമെങ്കിൽ അത്‌, കൈകൂപ്പി ജീവൻ രക്ഷക്കായി കേഴുന്ന കുത്തുബുദ്ദീൻ അൻസാരി എന്ന യുവാവിന്റെ ചിത്രമാണ്.

ബജ്‌റംഗ്‌ ദൾ പ്രവർത്തകനായ അശോക്‌ പാമർ, ഗുജറാത്ത് വംശഹത്യയുടെ സമയത്ത് ആക്രമിക്കപ്പെട്ട കുത്തുബുദ്ദീൻ അൻസാരി എന്നിവർ കേരളത്തിൽ ഒരേ വേദിയിൽ
ബജ്‌റംഗ്‌ ദൾ പ്രവർത്തകനായ അശോക്‌ പാമർ, ഗുജറാത്ത് വംശഹത്യയുടെ സമയത്ത് ആക്രമിക്കപ്പെട്ട കുത്തുബുദ്ദീൻ അൻസാരി എന്നിവർ കേരളത്തിൽ ഒരേ വേദിയിൽ

രഥയാത്രയിൽ നിന്ന് രാമക്ഷേത്ര ഉദ്ഘാടന വേളയിലെത്തി നിൽക്കുമ്പോൾ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മനസ്സിനെ ഇനിയെന്ത്‌ എന്ന ചോദ്യം വേട്ടയാടുന്നുണ്ട്‌. ആ ചോദ്യത്തെ അഭിമുഖീകരിക്കാൻ അവരുടെ മുമ്പിൽ ബാക്കിയുള്ള പ്രതീക്ഷ ഇന്ത്യയിലെ സാമാന്യ ജനതയാണ്. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങൾ വർഗീയ രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല എന്നതും നമ്മുടെ മതേതര, ജനാധിപത്യ ഭരണ ഘടന അതേപടി നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണവർ എന്നതും അതിജീവനത്തിന്ന് ആത്മധൈര്യം പകരുന്നു.

കുത്തുബുദ്ദീൻ അൻസാരിയിൽ ചരിത്രം അവസാനിച്ചിട്ടില്ല. ആ മുസ്‍ലിം യുവാവിനെ അറുകൊല ചെയ്യാൻ കാവി റിബൺ തലയിൽ കെട്ടി കത്തിയൂരി ആക്രോശിച്ച അശോക്‌ പാമർ (മോച്ചി) എന്ന ബജ്‌റംഗ്‌ ദൾ പ്രവർത്തകൻ ഒടുവിൽ തന്റെ ചെയ്തിയിൽ മനസ്താപം വന്ന് അൻസാരിയെ കെട്ടിപ്പിടിക്കുന്നുണ്ട്‌. വർഗീയ രാഷ്ട്രീയത്തിന്ന് ഉപകരണമാക്കപ്പെട്ട മനുഷ്യരിൽ ഏറെയും അത്തരക്കാരായിരുന്നു. വംശീയമായ ഉന്മാദത്തെ ജ്വലിപ്പിച്ച്‌ നിർത്തി അധികാരം വാഴാൻ എക്കാലവും കഴിയില്ല എന്നാണല്ലോ ചരിത്രം നൽകുന്ന പാഠം.

Comments