അയോദ്ധ്യയിൽ, ഭരണകൂടമേൽനോട്ടത്തിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ ഓർത്തുപോകുന്നത് ഒരു സംഘർഷത്തിന്റെ ചരിത്രമാണ്. ഹിന്ദുമതവും ബുദ്ധമതവും തമ്മിലുള്ള സംഘർഷത്തിന്റെ ചരിത്രം.
1950 ജനുവരി 27ന് ഇന്ത്യയുടെ ആദ്യ പ്രസിഡണ്ട് ചുമതലയേൽക്കുന്ന വാർത്ത പത്രങ്ങളിൽ അച്ചടിച്ചുവന്നപ്പോൾ പ്രസിഡന്റിന്റെ ചിത്രത്തിനു പിന്നിലായി മഥുരയിൽ നിന്ന് കണ്ടെടുത്ത ഇന്ത്യ-ഗ്രീക്ക് ബുദ്ധ പ്രതിമയും കാണാം. ‘‘അഹിംസയിലൂന്നിയ സ്വാതന്ത്ര്യസമരത്തിനുശേഷം റിപ്പബ്ലിക്കായി മാറുന്ന ഇന്ത്യ അതിന്റെ ആത്മാവ് കണ്ടെത്തുന്നത് ബുദ്ധമതത്തിലാണ്’’ , പത്രപ്രവർത്തകനായ വിൻസെന്റ് ഷീൻ വളരെ പ്രാധാന്യത്തോടെ ബുദ്ധപാരമ്പര്യം പിൻപറ്റി വളരുന്ന ഇന്ത്യൻ റിപ്പബ്ലിക്കിനെ കുറിച്ച് ഡയറിയിൽ എഴുതുന്നുണ്ട്. The Buddhism that was India എന്ന ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ തുടരുന്നു: "ബുദ്ധപാരമ്പര്യമാകും ഇന്ത്യൻ റിപ്പബ്ലിക്കിനെ മറ്റ് ആധുനിക റിപ്പബ്ലിക്കുകളിൽ നിന്ന് വ്യത്യസ്തമാക്കുക" .
ഭരണകൂടത്തിന്റെ, ഭരണരീതിയുടെ, ഭരണഘടനയുടെ ആത്മാവ് ബൗദ്ധമാണ്. ത്രിവർണപാതകമേലുള്ള ധർമചക്രവും, പരമാധികാരം ഉറപ്പിക്കുന്ന അശോക സ്തംഭവുമെല്ലാം ബുദ്ധബിംബങ്ങളും. ഇന്ത്യയുടെ ചരിത്രത്തെ ഹിന്ദുമതവും ബുദ്ധമതവും തമ്മിലുള്ള നിരന്തരസമരമായി ഡോ. ബി. ആർ. അംബേദ്‌കർ നിർവചിക്കുന്നതും ഓർക്കണം. ഹിന്ദുത്വ വർഗീയശക്തികൾ ബോധപൂർവം നിർമിച്ചെടുക്കുന്ന തീവ്ര ഹിന്ദുപാരമ്പര്യത്തിനു കീഴിൽ മറഞ്ഞുപോകുന്നതും, വരും നാളുകളിൽ വീണ്ടെടുക്കേണ്ടതുമായ ഇന്ത്യയുടെ ബുദ്ധ പാരമ്പര്യത്തെ കുറിച്ചാണീ ലേഖനം.
ഹിന്ദുത്വവാദികൾ പലപ്പോഴും ഉന്നയിക്കാറുള്ളതുപോലെ മധ്യകാലം മാത്രമല്ല പ്രാചീനകാലം മുതൽക്കേ ഇന്ത്യൻ മനസ്സിൽ ഹിംസ വളരെ പ്രാധാന്യത്തോടെ നിലനിന്നിരുന്നു.
ഹിന്ദുമതവും ബുദ്ധമതവും തമ്മിലുള്ള സംഘർഷം. രണ്ടു മതങ്ങൾ തമ്മിലുള്ള ആധിപത്യത്തിനു വേണ്ടിയുള്ള കേവലമായ മത്സരം എന്നതിനേക്കാൾ രണ്ട് ആശയധാരകൾ, തമ്മിൽ, രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിൽ ഇന്ത്യൻ ആത്മാവിന് മേൽ അധികാരത്തിനുവേണ്ടി നടത്തുന്ന വിശാലമായ സംഘർഷമായി വായിച്ചെടുക്കുവാൻ സാധിക്കണം.
ഒന്ന്; ഹിംസയുടെ സുദർശന ചക്രം ചലിപ്പിക്കുന്നു. മറ്റൊന്ന്; അഹിംസയുടെ ധർമ ചക്രം ചലിപ്പിക്കുന്നു.
ഒന്ന്; ആത്മീയ അതീന്ദ്രിയ ജ്ഞാനത്തിൽ വിശ്വസിക്കുമ്പോൾ, മറ്റൊന്ന്; ഭൗതികതയിലും യുക്തിയിലും ഊന്നിയുള്ള ജ്ഞാനോൽപ്പാദനത്തിൽ വിശ്വാസമർപ്പിക്കുന്നു. ഒന്ന്; ചാതുർവർണ്യത്തിലും, ജാതിശ്രേണിയോടുള്ള വിധേയതത്ത്വത്തിലും പ്രവർത്തിക്കുമ്പോൾ, മറ്റൊന്ന്; ജനാധിപത്യത്തിലും സമത്വത്തിലും സഹോദര്യത്തിലും പ്രവർത്തിക്കുന്നു.
അംബേദ്‌കർ ബുദ്ധമതവും ഹിന്ദുമതവും തമ്മിലുള്ള സംഘർഷത്തെ "പ്രാചീന ഇന്ത്യയിലെ വിപ്ലവവും - പ്രതിവിപ്ലവവു’’മായാണ് മനസിലാക്കുന്നത്. ബ്രഹ്‌മണ്യ ഹിന്ദു മതത്തിനെതിരെ ബുദ്ധന്റെ കണ്ടെത്തലുകൾ നയിച്ച വിപ്ലവം അതിക്രൂരമായി അടിച്ചമർത്തപ്പെടുകയാണുണ്ടായത്. ഒരു രാഷ്ട്രത്തെ ഏകീകരിക്കുവാൻ, അടിച്ചമർത്തി ഭരിക്കുവാൻ ശ്രേണീബദ്ധമായ ബ്രാഹ്മണ്യ ഹിന്ദു മതം തന്നെയാണ് ഉപകാരപ്പെടുക എന്ന ചിന്തയാകാം ഏകാധിപതികളാകുവാൻ ശ്രമിക്കുന്ന ഭരണാധികാരികൾക്ക് ബ്രാഹ്മണ്യ ഹിന്ദുമതം പ്രിയപ്പെട്ടതാക്കുന്നത്. മനുഷ്യനെ ജീവിതത്തിന്റെ കഷ്ടതകളിൽ നിന്നും, ജീവിതസാഹചര്യങ്ങൾ വെച്ച് നീട്ടുന്ന ഭൗതികമായ പ്രശ്നങ്ങളിൽ നിന്നും വിമോചിപ്പുക്കുവാൻ ശ്രമിക്കുന്ന ബുദ്ധമതം അധികാരത്തിനെതിരെ നിലകൊള്ളുന്ന ഭീഷണിയായും പ്രവർത്തിച്ചിരുന്നു. പ്രാചീന ഇന്ത്യയിൽ ഒരു മതവും ഔദ്യോഗിക മതമായി നിലനിന്നിരുന്നില്ല. എല്ലാ വിശ്വാസങ്ങൾക്കും, മതാചാരങ്ങൾക്കും രാഷ്ട്രീയാധികാരികളിൽ നിന്ന് സഹായം ലഭിച്ചിരുന്നു. പക്ഷെ, ബ്രാഹ്‌മണ്യ ഹിന്ദു മതവും, ബ്രാഹ്മണരുമാണ് ഭരണാധികാരികളുടെ തുടർച്ചയായ സഹായങ്ങളും ദാനങ്ങളും നേടിയെടുക്കുന്നത്. മതാചാരങ്ങൾ, ഹോമങ്ങൾ, പൂജാവിധികൾ എന്നിങ്ങനെ ഹിന്ദുമതത്തെ വളരെ സങ്കീർണമായ ഒരു മതമായി ബ്രാഹ്മണരുടെ കീഴിൽ വളരുന്നത് ഒരേസമയം ഹിന്ദു മതം ഔദ്യോഗികമായി നിലനിർത്തുന്ന രാജാവിന് രാഷ്ട്രീയാധികാരവും ആത്മീയാധികാരവും സമന്വയിപ്പിക്കുവാനുള്ള അവസരം നൽകുന്നു. മതാധികാരിയായും, രാജ്യത്തിന്റെ അധികാരിയായും നിലകൊള്ളുന്നതിലൂടെ മതവിശ്വാസിയുടെയും, ഭരിക്കപ്പെടുന്നവരുടെയും വിധേയത്വം ഉറപ്പാക്കുവാൻ സാധിക്കും. ബ്രാഹ്മണ്യ ഹിന്ദുമതം അത്തരമൊരു സാഹചര്യം ഒരുക്കുമ്പോൾ ബുദ്ധമതം അതിന് വിരുദ്ധമായ സാഹചര്യമാണ് ഒരുക്കുന്നത്. ബുദ്ധഭിക്ഷുകളുടെ സംഘങ്ങളും മറ്റും ശ്രേണിബദ്ധതയോട് വിമുഖതയും, ആചാരങ്ങളോടും അതീന്ദ്രിയ ശക്തികളോടും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഏകദേശം ആയിരം വർഷത്തോളം ബുദ്ധമതം ഇന്ത്യയുടെ അതിരുകളിലായി നിലനിന്നുപോയത് ഈ കാരണം കൊണ്ടുമാണ്. ഇന്ത്യക്കുപുറത്ത് ബുദ്ധമതം വളരെ വലിയ പ്രചാരം നേടിയപ്പോൾ, ഇന്ത്യയിൽ അവശേഷിക്കുന്ന ബുദ്ധമതവും പതിയെ ഹിന്ദുമതം സ്വംശീകരിച്ചെടുത്തു. ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി കാണുന്ന കഥകൾക്ക് പ്രചാരം ലഭിക്കുന്നത് അങ്ങനെയാണ്. ഇന്ത്യയിൽ നിലനിന്നിരുന്ന പല വിശ്വാസങ്ങളെയും (പ്രകൃതിയുടെ ആരാധന മുതൽ പൂർവികരുടെ ആരാധന വരെ) തദ്ദേശീയ മതങ്ങളെയും സ്വാംശീകരിച്ച പോലെ ബുദ്ധമതത്തെയും ഹിന്ദുമതം സ്വംശീകരിച്ചു. ഇവിടെ സ്വംശീകരണം ഒരിക്കലും സമരസത്തിലൂടെ ആയിരുന്നില്ല, മറിച്ച് അടിച്ചമർത്തലിലൂടെയും ഹിംസയിലൂടെയുമായിരുന്നു. ജൈന- ബുദ്ധ മത വിശ്വാസികളുടെയും യുക്തിവാദികളുടെയും ചാർവാകന്മാരുടെയും ഉന്മൂലനത്തിലൂടെയാണ് ബ്രാഹ്മണ്യ ഹിന്ദുമതം ആധിപത്യം നേടുന്നത്. പ്രാചീന ഇന്ത്യയുടെ ഹിംസാത്മകമായ ചരിത്രം ചരിത്രക്കാരി ഉപീന്ദർ സിംഗ് സൂക്ഷ്മമായി പഠിക്കുന്നുണ്ട്.
ബ്രാഹ്മണ്യ ഹിന്ദു മതം എങ്ങനെയാണോ ഭരണാധികാരികൾക്ക് നല്ലൊരു ഉപകരണമായി മാറിയത്, അതേ രീതിയിൽ രാമായണവും ഒരു രാഷ്ട്രീയ ഉപകരണമായി മാറുന്നു.
ഹിന്ദുത്വവാദികൾ പലപ്പോഴും ഉന്നയിക്കാറുള്ളതുപോലെ മധ്യകാലം മാത്രമല്ല പ്രാചീനകാലം മുതൽക്കേ ഇന്ത്യൻ മനസ്സിൽ ഹിംസ വളരെ പ്രാധാന്യത്തോടെ നിലനിന്നിരുന്നു. ഹിംസയോടുള്ള, യുദ്ധത്തോടുള്ള പ്രതിസംസ്‌ക്കാരം എന്ന നിലയിലാണ് ബുദ്ധമതവും ജൈനമതവും ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നതും. ഈ പ്രചാരത്തെ അതിശകത്മായാണ് ഭരണാധികാരികകളും, ബ്രാഹ്മണപണ്ഡിതരും നേരിട്ടത്. ഉദാഹരണത്തിന് മീമാംസക കുമാരില ഭട്ട ബുദ്ധഭിക്ഷുക്കളെ തോൽപ്പിച്ച് വേദങ്ങളുടെ അധികാരത്തെ പുനഃസ്ഥാപിച്ച ഹിന്ദു തത്ത്വചിന്തകനായി ചരിത്രത്തിൽ കാണാം. തർക്കങ്ങളിൽ ബുദ്ധമതത്തെയും, ജൈനമതത്തെയും കുറിച്ചുള്ള വിവരണങ്ങളിൽ ഹിംസയുടെ പ്രയോഗവും കാണാം. തർക്കങ്ങളിൽ തോറ്റ ബുദ്ധ-ജൈന മതവിശ്വാസികളെ മഴു ഉപയോഗിച്ച് ശിരച്ഛേദം നടത്തുന്നതും കബന്ധങ്ങളെ തടിപ്പെട്ടികളിൽ അടയ്ക്കുകയോ, ശവശരീരങ്ങൾ പൊടിച്ച് ധൂളിയായി പറത്തി വിടുകയോ ആണ് ചെയ്തിരുന്നത്. ഇത്തരത്തിൽ ബ്രാഹ്മണ്യ ഹിന്ദുമതത്തിന് വിരുദ്ധരായി നിന്നവരെയും നിഷ്ക്കരുണം ഇല്ലാതാക്കി വേദങ്ങളുടെ ആധിപത്യം നിലനിർത്തിയിരുന്നതായി ചരിത്രകാരി ഉപീന്ദർ സിംഗ് കണ്ടെത്തുന്നുണ്ട്.
ബുദ്ധമതം അതിന്റെ ആദ്യ രൂപത്തിൽ വളരെ വിപ്ലവകരമായിരുന്നു. പിന്നീട് അതിന്റെ അടിസ്ഥാന ഘടകങ്ങളിൽ പലവിധ പരിണാമങ്ങളും സംഭവിച്ചു. അങ്ങനെ അത് ഹിന്ദു മതത്തോട് വലിയ സാമ്യതകൾ പുലർത്തുന്ന മതമായി മാറി. ബുദ്ധൻ ദൈവമായി മാറി. അതോടെ ബുദ്ധനെ ആരാധിക്കുന്ന ആചാരങ്ങളും, അനുഷ്ഠാനങ്ങളും പിന്നാലെ കൂടി. ഹിനായാനം മുതൽ താന്ത്രിക് ബുദ്ധിസം വരെ ഇങ്ങനെയുണ്ടായ ബുദ്ധിസത്തിന്റെ വകഭേദങ്ങളാണ്.
രാമായണം എന്ന
രാഷ്ട്രീയ ഉപകരണം
ബ്രാഹ്മണ്യ ഹിന്ദു മതവും രാമനും തമ്മിലുള്ള ബന്ധം പരിശോധിക്കേണ്ടതുണ്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെ അഭിപ്രായത്തിൽ ശ്രീരാമൻ ഹിന്ദുമതത്തിന്റെ അടിസ്ഥാനമായ ആരാധനാപാത്രമാണ്. ശ്രീരാമൻ എന്ന കഥാപാത്രവും, രാമായണം എന്ന കഥയും, അയോദ്ധ്യ എന്ന സ്ഥലവും ചരിത്രത്തിൽ പല തവണ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. രാമായണം ഇന്ന് പറയപ്പെടുന്ന മൂലകഥ എന്ന നിലയിൽ പ്രചരിക്കുന്നത് എ.ഡി 1000 മുതൽ 1400 വരെയുള്ള കാലഘട്ടത്തിനിടയിലാണ്. 12-ാം നൂറ്റാണ്ടോടെ രാമായണത്തെ രാജാക്കന്മാർ രാജകീയ ഭരണത്തെ സാധൂകരിക്കുന്ന കഥയായി പ്രചരിപ്പിക്കുവാനാരംഭിച്ചു. രാമരാജ്യം എന്ന വിഭാവനവും, ധർമത്തിനുവേണ്ടി നിലകൊള്ളുന്ന രാജാവായി രാമൻ മാറുന്നതുമെല്ലാം ഈ സമയത്താണ്. പ്രധാനമായും രണ്ട് സാധ്യതകളാണ് രാമന്റെ കഥയെ ഉണർത്തുന്നതിലൂടെ രാജാക്കന്മാർക്ക് സാധ്യമാകുന്നത്.
ഒന്ന്; വളരെ ആത്മീയമായ ഒരു ഭരണാധികാരവും, സാമൂഹികശ്രേണിയും രാമായണത്തെ പിൻപറ്റി ചരിത്രവൽക്കരിക്കാം.
രണ്ട്; രാമരാജ്യത്തിന് ഭീഷണിയായി നിലകൊള്ളുന്ന ഒരു അപരത്വത്തെ രാമായണ കഥയിലൂടെ നിർമ്മിച്ചെടുക്കാം.
ജനങ്ങളെ സ്വാധീനിക്കാൻ, സമൂഹത്തിൽ തന്നെ ഒരു വില്ലനെ സൃഷ്ടിച്ചെടുക്കാൻ രാമായണം പോലെ ഉപകരിക്കുന്ന മറ്റൊരു കഥയില്ല. യുദ്ധങ്ങളെയും, ഭരണകൂട ഹിംസയെയും സാധൂകരിക്കുവാൻ രാമായണം സഹായിക്കും.
ബ്രാഹ്മണ്യ ഹിന്ദു മതം എങ്ങനെയാണോ ഭരണാധികാരികൾക്ക് നല്ലൊരു ഉപകരണമായി മാറിയത്, അതേ രീതിയിൽ രാമായണവും ഒരു രാഷ്ട്രീയ ഉപകരണമായി മാറുന്നു. പൊതുവെ പ്രചരിപ്പിക്കപ്പെടുന്ന രാമന്റെ മൂലകഥയിൽ എന്നും വില്ലനായി ഒരു രാവണനും രാവണനിൽ നിന്ന് സംരക്ഷണം പ്രതീക്ഷിച്ചുനിൽക്കുന്ന സീതയുമുണ്ടാകും. ജനങ്ങളെ സ്വാധീനിക്കാൻ, സമൂഹത്തിൽ തന്നെ ഒരു വില്ലനെ സൃഷ്ടിച്ചെടുക്കാൻ രാമായണം പോലെ ഉപകരിക്കുന്ന മറ്റൊരു കഥയില്ല. യുദ്ധങ്ങളെയും, ഭരണകൂട ഹിംസയെയും സാധൂകരിക്കുവാൻ രാമായണം സഹായിക്കും. എന്നാൽ മഹാഭാരതത്തിന് ആ സാധ്യതയില്ല. മഹാഭാരതം അതിന്റെ കഥാപരിസരത്തിൽ യുദ്ധവിരുദ്ധ നിലപാടിൽ എത്തിച്ചേരുന്നുണ്ട് (ഭഗവത് ഗീത പിന്നീട് ചേർക്കപ്പെട്ടതാണ്, മൂലകഥയുടെ ഭാഗമല്ല) എന്നതും ശ്രദ്ധിക്കേണ്ടതാണ്. രാമരാജ്യം എന്നത് ആത്മീയാടിത്തറയുള്ള, വർണാശ്രമധർമത്തിന്റെ സംരക്ഷണം നിലനിൽക്കുന്ന രാജ്യമായും, രാവണവൽക്കരിക്കപ്പെട്ട അപരത്വങ്ങളെ നിയന്ത്രിച്ചുനിർത്തുകയോ, അടിച്ചമർത്തുകയോ ചെയ്യുന്ന രാജ്യമായും വിഭാവനം ചെയ്യുവാൻ സാധിക്കും. ചുരുക്കത്തിൽ, ഭരണകൂടത്തിന്റെ സർവ്വാധികാരപ്രയോഗത്തിനും സവർണ പുരുഷാധികാരത്തിനും സാധ്യതകൾ തുറക്കുന്നതാണ് രാമായണത്തിന്റെ മൂലകഥ.
ഭരണഘടനയും
ബൗദ്ധ പാരമ്പര്യവും
ബ്രഹ്‌മണ്യ ഹിന്ദു മതവും രാമായണ കഥയും ചേർന്ന് നിർമിക്കുന്ന രാഷ്ട്രത്തിൽ നിന്നു മാറി സ്വാതന്ത്ര്യാനന്തര ഇന്ത്യൻ റിപ്പബ്ളിക്കിന്റെ സത്ത ബുദ്ധമതത്തിൽ കണ്ടെത്തുന്നത് ഡോ.ബി.ആർ. അംബേദ്ക്കറാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടനയും ഭരണരീതിയും ആത്മാവും അംബേദ്‌കർ കണ്ടെത്തുന്നത് ബൗദ്ധപാരമ്പര്യത്തിലൂടെയാണ്. ഭരണഘടനയുടെ രചനയ്ക്കും രാഷ്ട്രീയ സാമൂഹികചിന്തകളുടെ പ്രയോഗത്തിനും പാശ്ചാത്യ ചിന്തകരെയും, എഴുത്തുകാരെയും അംബേദ്‌കർ വായിക്കുന്നുവെങ്കിലും മൗലികചിന്തകൾ പലതും വളരുന്നത് ബുദ്ധമതവുമായി ബന്ധപ്പെട്ട മാനുഷിക ബോധത്തിൽ നിന്നുമാണ്. ഇന്ത്യയിലെ ബുദ്ധമതത്തിന്റെ വളർച്ച അംബേദ്ക്കർ തുലനം ചെയ്യുന്നത് ഫ്രഞ്ച് വിപ്ലവവുമായാണ്. 1954-ൽ ഓൾ ഇന്ത്യ റേഡിയോക്ക് നൽകിയ ഒരു പ്രഭാഷണത്തിൽ അംബേദ്കർ പറയുന്നത് ശ്രദ്ധിക്കുക: ‘‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് മൂല്യങ്ങളാണ് എന്റെ സാമൂഹികചിന്തയെ രൂപപ്പെടുത്തുന്നത്. എന്നാൽ ഈ മൂന്നും ഞാൻ ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന് ഉൾക്കൊണ്ടവയാണെന്ന് തെറ്റിദ്ധരിക്കരുത്, മറിച്ച്, ബുദ്ധന്റെ ചിന്തകളിൽ നിന്നുമാണ് ഞാനവയെ കണ്ടെത്തിയത്".
സാമൂഹിക ചിന്തയുടെ ഉത്ഭവം അംബേദ്‌കർ കണ്ടെത്തുന്നത് രാഷ്ട്രീയത്തിലോ, തത്ത്വചിന്തയിലോ അല്ല, മതത്തിലാണ്. ചരിത്രകാരനായ ക്രിസ്റ്റോഫ് ജെഫർലോ അഭിപ്രായപ്പെടുന്നത്, അംബേദ്‌കർ 1919 മുതൽ 1949-50 വരെയുള്ള കാലഘട്ടങ്ങളിൽ ബുദ്ധമതത്തിൽനിന്ന് നേടിയെടുത്ത സാമൂഹിക ചിന്തകളെയും മൂല്യങ്ങളെയും ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് ഉൾച്ചേർക്കുവാൻ ശ്രമിച്ചിരുന്നു എന്നാണ്.
ഇന്ത്യൻ സമൂഹത്തിനിടയിൽ സാഹോദര്യം വളർത്തുക എന്ന ബോധത്തിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ചർച്ചകളിലൂടെ തീരുമാനത്തിലെത്തിയിരുന്നു. പാർലമെൻററി നടപടികൾ യഥാർത്ഥത്തിൽ ബുദ്ധിസ്റ്റ് സംഘങ്ങളുടെ വിശാലമായ രൂപമാണ്. ആദിമ ബുദ്ധഭിക്ഷുക്കളുടെ സംഘങ്ങൾ എങ്ങനെയാണോ ജനാധിപത്യ രീതിയിൽ പ്രവർത്തിച്ചിരുന്നത്, ആ പ്രവർത്തനത്തിന്റെ മറ്റൊരു മാതൃകയായാണ് ഇന്ത്യൻ ജനാധിപത്യത്തെ വിഭാവനം ചെയ്യുന്നത്. 1949 നവംബർ 25 ന് ഭരണഘടനയുടെ അന്തിമ രൂപം അവതരിപ്പിച്ച് അംബേദ്ക്കർ നടത്തുന്ന പ്രസംഗം ചരിത്രകാരർ മനസിലാക്കുന്നത് കൗതുകത്തോടെയാണ്. "ഇന്ത്യൻ ഭരണകൂടം 'വീണ്ടും' പാർലമെൻററി രീതിയിലേക്ക് കടക്കുന്നു" എന്നാണ് അംബേദ്‌കർ ഭരണഘടന അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗം അവസാനിപ്പിക്കുന്നത്, ഇവിടെ 'വീണ്ടും' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്, ഇന്ത്യൻ റിപ്ലബ്ലിക് അതിന്റെ ബുദ്ധപാരമ്പര്യത്തിലേക്ക് മടങ്ങിവരുന്നു എന്നാണ്. ബുദ്ധിസ്റ്റ് സംഘങ്ങൾ പാർലമെൻററി രീതിയിൽ പ്രവർത്തിച്ചിരുന്നതുപോലെ തന്നെ ഇന്ത്യൻ ജനാധിപത്യവും വ്യക്തമായ നിയമങ്ങളുടെയും, ഭരണഘടനയുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കും എന്ന് അംബേദ്‌കർ പ്രത്യാശിക്കുന്നു. അംബേദ്‌കർ പിന്നീട് ബുദ്ധമതത്തിലേക്കു തിരിയുന്നത്, ഇന്ത്യൻ ജീവിതത്തിന്റെ തന്നെ ജനാധിപത്യവൽക്കരണം ലക്ഷ്യമിട്ടാണ്. 1956-ൽ ആഗ്രയിൽ വെച്ച് നടത്തുന്ന പ്രസംഗത്തിൽ അംബേദ്ക്കർ പറയുന്നത്, "ഒരു മതമില്ലാതെ നമ്മുടെ പോരാട്ടത്തിന് നിലനിൽപ്പില്ല’’ ഇവിടെ പോരാട്ടം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലക്ഷോപലക്ഷം വരുന്ന മർദ്ദിതവർഗ്ഗത്തിന്റെ പോരാട്ടത്തെ കുറിച്ചാണ്. ബുദ്ധനെയും മാർക്സിനെയും താരതമ്യം ചെയ്ത് പഠനമെഴുതിയ അംബേദ്കറുടെ ബുദ്ധമതവിശ്വാസത്തിൽ സാമൂഹിക മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്ത്വങ്ങളും അവകാശങ്ങളും നിറഞ്ഞുനിൽക്കുന്നത് കാണാം. അംബേദ്‌കർ രൂപീകരിച്ച 'റിപ്പബ്ലിക്ക് പാർട്ടി ഓഫ് ഇന്ത്യ' എന്ന രാഷ്ട്രീയപാർട്ടിയുടെ പ്രധാന അജണ്ടകളിൽ രണ്ടെണ്ണം അദ്ദേഹം പല പ്രഭാഷണങ്ങളിലായി ആവർത്തിക്കുന്നുണ്ട്: പാർലമെന്ററി രീതിയിലുള്ള ഭരണകൂടം, മതനിരപേക്ഷതയുടെ സംരക്ഷണം എന്നിവയാണവ. ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇവ രണ്ടും ഇന്ന് ഭീഷണി നേരിടുന്നു.
തീവ്രഹിന്ദുത്വം മുന്നോട്ടുവെക്കുന്ന രാമനെ നേരിടാൻ ബൗദ്ധപാരമ്പര്യത്തിലൂന്നിയ ഇന്ത്യൻ റിപ്പബ്ലിക്കിനുമാത്രമേ സാധിക്കൂ.