ഒരു ദുർബല സംഖ്യയല്ല,
കോൺഗ്രസ് മത്സരിക്കുന്ന 255 സീറ്റുകൾ

സ്വാതന്ത്ര്യത്തിനുശേഷമുള്ള തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ചെറിയ സംഖ്യയിലാണ് ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്; 255. ആകെയുള്ള 545 സീറ്റിൽ പകുതിയിലേറെ മറ്റു ദേശീയ- പ്രാദേശിക ഘടകകക്ഷികളുമായി പങ്കിടുന്ന കോൺഗ്രസ്, അതിന്റെ ചരിത്രത്തിലെ വലിയൊരു ജനാധിപത്യവൽക്കരണപ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. കോൺഗ്രസിന്റെയും ‘ഇന്ത്യ’ മുന്നണിയുടെയും തെരഞ്ഞെടുപ്പു തന്ത്രങ്ങളിലൂടെ…

255 എന്ന അക്കം കോൺഗ്രസിനെ പലതും ഓർമിപ്പിക്കും.
ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുക 255 സീറ്റിലാണ്, സ്വാതന്ത്ര്യത്തിനുശേഷമുള്ള തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ചെറിയ സംഖ്യ.

കോൺഗ്രസിന്റെ ദൗർബല്യമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പാർട്ടിയെന്ന നിലയ്ക്ക് കോൺഗ്രസ് സ്വീകരിക്കുന്ന പക്വമാർന്ന രാഷ്ട്രീയ നിലപാടാണ് 255 സീറ്റുകൾ പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരതയെ പ്രതിനീധികരിക്കുന്ന ഒരു രാഷ്ട്രീയ മുന്നണിയിലെ പ്രധാന ഘടകകക്ഷി എന്ന നിലയ്ക്ക് ഈ നിലപാട് ഏറെ പ്രാധാന്യമുള്ളതു കൂടിയാണ്. ആകെയുള്ള 545 സീറ്റുകളിൽ പകുതിയിലേറെ സീറ്റുകൾ മറ്റു ദേശീയ- പ്രാദേശിക ഘടകകക്ഷികളുമായി പങ്കിടുന്ന കോൺഗ്രസ്, അതിന്റെ ചരിത്രത്തിലെ വലിയൊരു ജനാധിപത്യവൽക്കരണപ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. 'ഇന്ത്യ' മുന്നണിയിലെ സീറ്റ് വിഭജനചർച്ചകളുടെ ഭാഗമായി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുടെ നേതൃത്വത്തിൽ, ഘടകകക്ഷികളുമായി നടക്കുന്ന ചർച്ചകൾ കോൺഗ്രസിനെ യാഥാർഥ്യബോധമുള്ള ഒരു പാർട്ടിയാക്കി മാറ്റുകയാണ് എന്നും പറയാം.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച സീറ്റുകളുടെ എണ്ണം 421; നേടിയത് 52. സ്വാതന്ത്ര്യത്തിനുശേഷമുള്ള കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു, ഈ 52 സീറ്റുകൾ.

മല്ലികാർജുൻ ഖാർഗേ

1951നും 2019-നും ഇടയ്ക്ക് കോൺഗ്രസ് 17 ലോക്‌സഭാ തെരഞ്ഞെടുപ്പുകളെയാണ് അഭിമുഖീകരിച്ചത്. 545 സീറ്റുകളിൽ ശരാശരി 450 സീറ്റുകളിലാണ് പാർട്ടി മത്സരിക്കാറ്. 2004-ലാണ് ഇതിനുമുമ്പ് ഏറ്റവും കുറവ് സീറ്റിൽ മത്സരിച്ചത്, 417. 1996-ൽ 529 സീറ്റിൽ മത്സരിച്ചത് റെക്കോർഡായിരുന്നു. അത്, കോൺഗ്രസിലെ ഒരു തലമുറ മാറ്റത്തിന്റെ കൂടി കാലമായി, പി.വി. നരസിംഹറാവുവിന്റെ ഭരണത്തോടെ. 2014-ൽ 464 സീറ്റിലാണ് പാർട്ടി മത്സരിച്ചത്.

ബി.ജെ.പിയുടെ കണക്കെടുത്താലോ?
1984-ൽ 229 സീറ്റിൽ മത്സരിച്ച ബി.ജെ.പിക്ക് ജയിപ്പിക്കാനായത് വെറും രണ്ട് എം.പിമാരെയാണ്. ഇപ്പോൾ 290 എം.പിമാരുണ്ട്. 1991 മുതൽ ശരാശരി 300 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്.

ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആശയത്തെ എതിർക്കുക എന്നൊരു ഐഡിയോളജിക്കൽ ബേസിലാണ് 'ഇന്ത്യ' മുന്നണി രൂപീകരിക്കപ്പെട്ടത് എന്ന് രാഹുൽഗാന്ധി പറഞ്ഞതിന് പ്രാധാന്യമുണ്ട്

ദേശീയ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ദേശീയ പാർട്ടികളുടെ സർവാധിപത്യം ഒരു പരിധിവരെ ഇല്ലാതാകുന്ന തെരഞ്ഞെടുപ്പു കൂടിയാണിത്. എൻ.ഡി.എ മുന്നണിയുടെ ഭാഗമാണെങ്കിലും, ബി.ജെ.പി മാത്രമാണ് അവശേഷിക്കുന്ന അത്തരമൊരു ദേശീയ പാർട്ടി. 'ഇന്ത്യ' മുന്നണിയുടെ പ്രസക്തിയും അതാണ്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആശയത്തെ എതിർക്കുക എന്നൊരു ഐഡിയോളജിക്കൽ ബേസിലാണ് 'ഇന്ത്യ' മുന്നണി രൂപീകരിക്കപ്പെട്ടത് എന്ന് ഭാരത് ജോഡോ ന്യായ് യാത്രക്കിടെ നാഗാലാന്റിൽ വച്ച് രാഹുൽ ഗാന്ധി പറഞ്ഞതിന് പ്രാധാന്യമുണ്ട്. മല്ലികാർജുൻ ഖാർഗേയെ 'ഇന്ത്യ' മുന്നണിയുടെ ചെയർപേഴ്‌സണായി തെരഞ്ഞെടുത്തതും രാഹുലിന്റെ യാത്രയും മുന്നണിയിലെ സീറ്റു വിഭജനചർച്ചകളും കോൺഗ്രസിന്റെ രാഷ്ട്രീയ തിരിച്ചറിവുകളുടെ ഭാഗമായി കാണണം.

‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ നേതാക്കളുടെ സംയുക്ത പരിപാടിയിൽ നിന്ന്

കേവല ഭൂരിപക്ഷത്തിലേക്കുള്ള ദൂരം

28 പാർട്ടികളാണ് 'ഇന്ത്യ' മുന്നണിയിലുള്ളത്. ഇവയിൽ സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി, ശിവസേന, എൻ.സി.പി, ജെ.ഡി-യു, ആർ.ജെ.ഡി എന്നിവരുമായി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ നാഷനൽ അലയൻസ് കമ്മിറ്റി ചർച്ച പൂർത്തിയാക്കി. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായുള്ള ചർച്ച പ്രതിസന്ധിയിലാണ്. കോൺഗ്രസിന്റെ അഞ്ചംഗ ദേശീയ അലയൻസ് കമ്മിറ്റിയുമായി സംസാരിക്കാൻ മമത വിസമ്മതിച്ചു.

ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സീറ്റുകളാണ് കോൺഗ്രസിനെ സംബന്ധിച്ച് നിർണാകയം. കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ്, തെലങ്കാന, ആസാം, ഒഡീഷ ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ആസാം, മണിപ്പുർ, അരുണാചൽ പ്രദേശ്, ഗോവ എന്നിവിടങ്ങളിൽ 190-ഓളം സീറ്റുകളിലാണ് ഇരു പാർട്ടികളും നേരിട്ട് ഏറ്റുമുട്ടുക. ഈ സീറ്റുകൾ ലക്ഷ്യം വച്ചാണ് കോൺഗ്രസ് തന്ത്രം മെനയുന്നത്.

2019-ൽ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ 186 സീറ്റിൽ 16 ഇടത്തുമാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്.

ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക എന്നിവിടങ്ങളിലുള്ള 128 സീറ്റുകൾ കോൺഗ്രസിനെ സംബന്ധിച്ച് പ്രധാനമാണ്. 2019-ൽ, ഈ 128 സീറ്റിൽ കോൺഗ്രസിന് വെറും നാലിടത്തായിരുന്നു ജയം.
2019-ലെ ലോക്‌സഭാ തരഞ്ഞെടുപ്പിന് അഞ്ചു മാസം മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ- രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്- കോൺഗ്രസാണ് വിജയിച്ചത്. എന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിൽ നിന്ന് ആകെ മൂന്ന് സീറ്റിലാണ് കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞത്. ഇത്തവണ, ഈ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിന് അധികാരം നഷ്ടമായ സ്ഥിതിയുമാണ്.

അരവിന്ദ് കെജ്രിവാൾ

ആസാം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ 100 ലോക്‌സഭാ സീറ്റുണ്ട്. ഇവിടെ കോൺഗ്രസിന്റെ മുഖ്യ ശത്രു ബി.ജെ.പിയോ പ്രാദേശിക പാർട്ടികളോ ആണ്. ഇന്ത്യ മുന്നണിക്ക് വലിയ സ്വാധീനമില്ല. 2019-ൽ ഈ സംസ്ഥാനങ്ങളിൽനിന്ന് കോൺഗ്രസ് 17 സീറ്റാണ് നേടിയത്.
യു.പി, പശ്ചിമ ബംഗാൾ, ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 210 ലോക്‌സഭാ സീറ്റുണ്ട്. 'ഇന്ത്യ' മുന്നണിയിലെ ഘടകകക്ഷികളായിരിക്കും ഇവിടെ നിർണായകം.

ഇത്തവണ കോൺഗ്രസിന്റെ കണക്കുകൂട്ടൽ ഇതാണ്: 255-ൽ 150 ഓളം സീറ്റിൽ വിജയിക്കാം. 'ഇന്ത്യ' മുന്നണിയിലെ മറ്റു പാർട്ടികൾക്ക് 120- 130 സീറ്റ് കിട്ടിയാൽ കേവല ഭൂരിപക്ഷമായി.

2019-ൽ ബി.ജെ.പി പ്രാദേശിക പാർട്ടികളുമായി നേരിട്ട് ഏറ്റുമുട്ടിയത് 185 സീറ്റുകളിലാണ്. ഇതിൽ ബി.ജെ.പി 128 സീറ്റിൽ ജയിച്ചു. ബിഹാർ, ഒഡീഷ, പശ്ചിമബംഗാൾ, യു.പി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഈ സീറ്റുകൾ. 128 സീറ്റിൽ 72 എണ്ണത്തിൽ ബി.ജെ.പി 50 ശതമാനത്തിലേറെ വോട്ട് നേടി.

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര യു.പിയിലെ 20 ജില്ലകളിൽ 11 ദിവസം ചെലവിടുന്നുണ്ട്. ഈ ജില്ലകളിലെ മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുക.

സീറ്റു വിഭജനചർച്ചകൾ
എവിടെവരെ?

യു.പിയിൽ അമേഥിയും റായ്ബറേലിയും മാത്രം?

യു.പിയിൽ ആകെയുള്ള 80 സീറ്റിൽ കോൺഗ്രസ് ആഗ്രഹിക്കുന്നത് 20 സീറ്റ്. എന്നാൽ, കോൺഗ്രസിന് കിട്ടാൻ പോകുന്നത് രണ്ടേ രണ്ടു സീറ്റാണ്- പരമ്പരാഗതമായി മത്സരിച്ചുവരുന്ന അമേഥിയും റായ്ബറോലിയും. മൂന്നാം റൗണ്ട് സീറ്റ് വിഭജനചർച്ച ഇന്നലെ പൂർത്തിയായപ്പോൾ 20 സീറ്റാണ് കോൺ​ഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ, കോൺഗ്രസ്, രാഷ്ട്രീയ ലോക്ദൾ, അപ്‌ന ദൾ എന്നീ ഘടകകക്ഷികൾക്കെല്ലാം കൂടി 20-ൽ കൂടുതൽ സീറ്റ് നൽകില്ല എന്ന നിലപാടിലാണ് സമാജ്‌വാദി പാർട്ടി. ആകെയുള്ള 80-ൽ 78 സീറ്റിലും മത്സരിക്കാൻ എസ്.പി തയാറെടുക്കുകയാണ് എന്നാണ് കോൺഗ്രസിന്റെ നാഷനൽ അലയൻസ് കമ്മിറ്റിയോട് (എൻ.എ.സി) എസ്.പി നേതാക്കൾ പറഞ്ഞത്. അതിനർഥം, 2019-ൽ കോൺഗ്രസിനു നൽകിയ രണ്ടു സീറ്റുകൾ മാത്രമായിരിക്കും ഇത്തവണയും കോൺഗ്രസിന് ലഭിക്കുക എന്നാണ്. എങ്കിലും, രാഹുലിന്റെ യാത്ര യു.പിയിൽ എത്തുന്നതിനുമുമ്പ് ജയസാധ്യതയുള്ള കൂടുതൽ സീറ്റുകൾ നേടിയെടുക്കാൻ ശ്രമം തുടരുമെന്നാണ് എൻ.എ.സി അംഗം സൽമാൻ ഖുർഷിദ് പറഞ്ഞത്. സമാജ്‌വാദി പാർട്ടി 70 സീറ്റിലും ആർ.എൽ.-ഡി അഞ്ചിടത്തും മറ്റു പാർട്ടികൾ അഞ്ചിടത്തും മത്സരിക്കുമെന്ന ധാരണ ഉരുത്തിരിയാനാണ് സാധ്യത.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ നിന്ന്

2019-ൽ കോൺഗ്രസിന് ഒരു സീറ്റാണ് യു.പിയിൽ നേടാനായത്. 2009-ൽ21 എം.പിമാരെ ജയിപ്പിക്കാൻ കഴിഞ്ഞ പാർട്ടി ഏതാണ്ട് തുടച്ചുനീക്കപ്പെട്ട അവസ്ഥയിലാണ്. രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര യു.പിയിലെ 20 ജില്ലകളിൽ 11 ദിവസം ചെലവിടുന്നുണ്ട്. ഈ ജില്ലകളിലെ മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുക. രാഹുലിന്റെ യാത്ര എത്രകണ്ട് ചലനമുണ്ടാക്കുമെന്നതിൽ സംസ്ഥാന ഘടകത്തിനുതന്നെ വലിയ പ്രതീക്ഷകളില്ല.
ഇത്തവണ അയോധ്യയിലെ രാമക്ഷേത്രം യു.പിയിലെ പ്രധാന പ്രചാരണ വിഷയമാക്കും, ബി.ജെ.പി. അതിന്റെ അങ്കലാപ്പ് കോൺഗ്രസിനുമാത്രമല്ല, സമാജ്‌വാദി പാർട്ടിക്കും ബി.എസ്.പിക്കുവരെയുമുണ്ട്. വിശ്വാസികളെന്ന നിലയ്ക്ക് താനും കുടുംബവും ക്ഷേത്രദർശനം നടത്തുമെന്ന് അഖിലേഷ് യാദവ് പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളെയും ആദരിക്കുന്നു എന്നാണ് മായാവതിയുടെ നിലപാട്. ക്ഷേത്ര പ്രതിഷ്ഠാചടങ്ങ് രാഷ്ട്രീയവൽക്കരിച്ചു എന്ന് കോൺഗ്രസ് നിലപാടെടുത്തെങ്കിലും, യു.പിയിലെ പാർട്ടി ഘടകം, രാമക്ഷേത്രത്തെ 'സ്വന്ത'മാക്കാനുള്ള ഓട്ടത്തിലാണ്. വിശ്വാസം എന്ന തുരുപ്പുചീട്ടുമായി യു.പിയിലെ എല്ലാ കോൺഗ്രസ് നേതാക്കളും പ്രതിഷ്ഠാദിനത്തിൽ അയോധ്യയിലുണ്ടാകുമെന്ന് ഏതാണ് ഉറപ്പാണ്.

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറേയുടെ വിലപേശൽ

യു.പി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലമുള്ളത് മഹാരാഷ്ട്രയിലാണ്; 48. 2019-ൽ ബി.ജെ.പി- ശിവസേനാ സഖ്യം 41 സീറ്റാണ് നേടിയത്. കോൺഗ്രസ് ഒന്ന്, എൻ.സി.പി നാലു വീതം സീറ്റുകൾ നേടി.
ശിവസേന പിളർന്നതിനെതുടർന്ന് 18 എം.പിമാരിൽ 13 പേർ ഷിൻഡേ പക്ഷത്താണ്. എൻ.സി.പിയും പിളർന്നു, നാല് എം.പിമാരിൽ രണ്ടുപേരാണ് ശരത് പവാർ പക്ഷത്തുള്ളത്.
ഇത്തവണ, കോൺഗ്രസ്- എൻ.സി.പി- ശിവസേന (താക്കറേ) സഖ്യമാണ് മഹാരാഷ്ട്രയിൽ മത്സരിക്കുക. കോൺഗ്രസ് 22 സീറ്റിൽ മത്സരിക്കുമെന്നാണ് ധാരണ. എൻ.സി.പി 10-11 സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേന താക്കറേ വിഭാഗം 23 സീറ്റ് ആവശ്യപ്പെടുന്നു. ഉദ്ധവ് താക്കറേയുടെ ശിവസേന തന്നെയായിരിക്കും കൂടുതൽ സീറ്റുകളിൽ മത്സരിക്കുക.

ഉദ്ധവ് താക്കറേ

പശ്ചിമ ബംഗാളിൽ വിട്ടുവീഴ്ചയില്ലാതെ മമത

42 സീറ്റുള്ള പശ്ചിമ ബംഗാളിൽ 'ഇന്ത്യ' മുന്നണിയുടെ സീറ്റുവിഭജനചർച്ച സ്തംഭനാവസ്ഥയിലാണ്. 8-10 സീറ്റാണ് കോൺഗ്രസ് ചോദിക്കുന്നത്, തൃണമൂലാകട്ടെ രണ്ട് സീറ്റ് നൽകുമെന്നാണ് പറയുന്നത്- 2019-ൽ മത്സരിച്ച ഹ്‌റാംപുർ, മാൽഡ ദക്ഷിൺ എന്നിവ. വിലപേശലിനൊടുവിൽഅഞ്ച് സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അങ്ങനെയെങ്കിൽ 37 സീറ്റിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കും.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും മൂന്നു ശതമാനം മാത്രം വോട്ടുനേടിയ കോൺഗ്രസ് എട്ടു മുതൽ 10 വരെ ലോക്‌സഭാ സീറ്റ് ആവശ്യപ്പെടുന്നത് അസംബന്ധമാണ് എന്നാണ് മമതാ ബാനർജിയുടെ പക്ഷം. മാത്രമല്ല, തൃണമൂൽ കോൺഗ്രസിനേക്കാളും കോൺഗ്രസിന് താൽപര്യം സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയുമായുള്ള സീറ്റ് വിഭജന ചർച്ചക്കാണ് എന്നതും മമതാ ബാനർജിയുടെ രോഷത്തിന് കാരണമാണ്. പശ്ചിമ ബംഗാളിലെ ഭിന്നത മേഘാലയ, ആസാം എന്നിവിടങ്ങളിലും പ്രതിഫലിക്കും. മേഘാലയയിലെ രണ്ടിടത്ത് ഒന്നും ആസാമിലെ 14 സീറ്റിൽ രണ്ടും തൃണമൂൽ ആവശ്യപ്പെടുന്നുണ്ട്.
2019-ൽ തൃണമൂൽ 22 സീറ്റിൽ ജയിച്ചു. ബി.ജെ.പിക്ക് 18, കോൺഗ്രസിന് രണ്ട് വീതം സീറ്റാണ് ലഭിച്ചത്.

മമത ബാനർജി

നിതീഷിന്റെ ബിഹാർ ഒരു ടെസ്റ്റ് ഡോസ്

ബിഹാറിൽ ജെ.ഡി-യു, ആർ.ജെ.ഡി, ഇടതുപാർട്ടികൾ എന്നിവ ചേർന്നതാണ് 'ഇന്ത്യ' സഖ്യം. കോൺഗ്രസ് നാലു സീറ്റിൽ മത്സരിക്കും. ഭരണകക്ഷികളായ ജെ.ഡി-യുവും ആർ.ജെ.ഡിയും തമ്മിൽ ഭിന്നതയുണ്ട്. കഴിഞ്ഞ തവണ ജയിച്ച 16 സീറ്റിൽ കുറവ് സ്വീകരിക്കില്ല എന്നാണ് ജെ.ഡി- യു പറയുന്നത്. 2019-ൽ എൻ.ഡി.എ സഖ്യം 40-ൽ 39 സീറ്റും നേടി. കോൺഗ്രസിന് ഒരിടത്തു മാത്രമാണ് ജയിക്കാനായത്. നിതീഷ്‌കുമാറിന്റെ രാഷ്ട്രീയനീക്കങ്ങൾ പ്രവചനങ്ങൾക്ക് അതീതമാണ് എന്നതിനാൽ, ബീഹാർ 'ഇന്ത്യ' മുന്നണിയെ സംബന്ധിച്ച് ഒരു ടെസ്റ്റ് ഡോസ് ആണ് എന്നു പറയാം. 'ഇന്ത്യ' മുന്നണിയുടെ കൺവീനർ സ്ഥാനം ഏറ്റെടുക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയത്, ഭാവിയിലെ രാഷ്ട്രീയനീക്കങ്ങൾ കൂടി മുന്നിൽ കണ്ടാണ് എന്ന സൂചനകളുണ്ട്. ഒരു 'സമവായ പ്രധാനമന്ത്രി' സ്ഥാനത്തേക്കുള്ള കോപ്പുകൂട്ടുകയാണ് നിതീഷ് എന്ന് സംശയിക്കുന്നവരുമുണ്ട്. അതിനുയോജിച്ച 'സമദൂരം' എല്ലാ പാർട്ടികളുമായും നിതീഷ് ഉറപ്പുവരുത്തിവരികയുമാണ്.

തമിഴ്‌നാട്ടിലെ ഡി.എം.കെ പ്രതിസന്ധികൾ

39 സീറ്റുള്ള തമിഴ്‌നാട്ടിൽ 'ഇന്ത്യ' മുന്നണിയിലെ സീറ്റുവിഭജനചർച്ച പൂർത്തിയായിട്ടില്ല. 2019-ൽ നൽകിയ പത്ത് സീറ്റ് ഇത്തവണ കോൺഗ്രസിന് നൽകാനാകില്ല എന്നാണ് ഡി.എം.കെ നിലപാട്. സംസ്ഥാനതലത്തിൽ കൂടുതൽ സഖ്യകക്ഷികൾ വന്നതിനാൽ അവർക്കുകൂടി സീറ്റ് നൽകേണ്ടതുണ്ട് എന്നാണ് ഡി.എം.കെയുടെ ന്യായം. തിരുമാവളവന്റെ വി.സി.കെ, സി.പി.ഐ, സി.പി.എം എന്നിവക്ക് രണ്ടു സീറ്റ് വീതവും എം.ഡി.എം.കെ, കെ.എം.ഡി.കെ, ഐ.യു.എം.എൽ എന്നിവക്ക് ഒരു സീറ്റു വീതവും നൽകണം. തേനി സീറ്റിലൊഴിച്ച്, കഴിഞ്ഞ തവണ ഡി.എം.കെ- കോൺഗ്രസ് സഖ്യമാണ് സംസ്ഥാനം തൂത്തുവാരിയത്. തേനിയിൽ എ.ഐ.എ.ഡി.എം.കെയാണ് ജയിച്ചത്.

നിതീഷ് കുമാർ

ഗുജറാത്തിൽ ആപ്പ് സമ്മർദം

ഗുജറാത്തിൽ ആകെ 26 സീറ്റ്. ബി.ജെ.പിയുമായി കോൺഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന ഇവിടെ, ആം ആദ്മി പാർട്ടി കോൺഗ്രസിനോട് ഒരു സീറ്റ് ആവശ്യപ്പെടുന്നു. ഭാറുച് മണ്ഡലത്തിൽ എം.എൽ.എയും ഗോത്രവർഗ നേതാവുമായ ചൈതാർ വാസവയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടെ പാർട്ടി കാമ്പയിനും തുടങ്ങിക്കഴിഞ്ഞു. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആപ് അഞ്ചിടത്താണ് ജയിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അദ്ദേഹത്തെ അറസ്റ്റു ചെയ്ത് തടവിലാക്കിയിരിക്കുകയാണ്. ഭൂമി കൈയേറിയെന്നാരോപിച്ച് ചില ആദിവാസി കുടുംബങ്ങളെ കുടിയൊഴിക്കാനുള്ള നീക്കത്തിനെതിരായ പ്രതിഷേധമാണ് വാസവയുടെ അറസ്റ്റിൽ കലാശിച്ചത്.

ആന്ധ്രയിൽ വൈ.എസ്. ഷർമിളക്ക്, ചുരുങ്ങിയ സമയം കൊണ്ട് ​കോൺഗ്രസിനെ എത്രമാത്രം ഉയിർത്തെഴുന്നേൽപ്പിക്കാൻ കഴിയും എന്നത് വലിയ ചോദ്യചിഹ്നമാണ്.

ഇത്തവണ ഷർമിളയുടെ ആന്ധ്ര

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ആന്ധ്ര. മുഖ്യമന്ത്രി വൈ.എസ്. ജഗമോഹൻ റെഡ്ഢിയുടെ സഹോദരി വൈ.എസ്. ഷർമിളയെ പി.സി.സി അധ്യക്ഷയാക്കി കോൺഗ്രസ് നിർണായക നീക്കം നടത്തിയിരിക്കുകയാണ്. എന്നാൽ, ചാരത്തിൽനിന്ന് പാർട്ടിയെ ചുരുങ്ങിയ സമയം കൊണ്ട് എത്രമാത്രം ഉയിർത്തെഴുന്നേൽപ്പിക്കാൻ കഴിയും എന്നത് വലിയ പ്രതിസന്ധിയായി തുടരുകയാണ്.
2014-ൽ സംസ്ഥാന വിഭജനത്തിനുശേഷം കോൺഗ്രസ് പൂർണമായും തകർന്ന സംസ്ഥാനമാണ് ആന്ധ്ര. 2019-ൽ, ആകെയുള്ള 25 സീറ്റിൽ വൈ.എസ്.ആർ കോൺഗ്രസ് 22 സീറ്റ് നേടി, മൂന്നിടത്ത് ടി.ഡി.പിയും ജയിച്ചു. ഇപ്പോഴും കോൺഗ്രസ് ഇവിടെ മൂന്നാം കക്ഷിയാണ്. ദക്ഷിണേന്ത്യയിൽ കോൺഗ്രസിന്റെ ഒരു വൻശക്തി സംസ്ഥാനമായിരുന്നു ആന്ധ്ര. 2004-ലെ തെരഞ്ഞെടുപ്പിൽ 42 ലോക്‌സഭാ സീറ്റുകളിൽ 29 എണ്ണവും നേടിയത് വൈ.എസ്. രാജശേഖര റെഡ്ഢിയുടെ കോൺഗ്രസാണ്. 2009-ൽ എം.പിമാരുടെ എണ്ണം 34 ആയി ഉയർന്നു. കേന്ദ്രത്തിൽ യു.പി.എക്ക് സർക്കാറുണ്ടാക്കുന്നതിൽ ഈ 34 എം.പിമാർ നിർണായകശക്തിയായിരുന്നു. സംസ്ഥാനം വിഭജിച്ചപ്പോൾ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 25 ആയി. ബി.ജെ.പിയോട് വ്യക്തമായ അകലം പാലിക്കുന്ന വൈ.എസ്.ആർ കോൺഗ്രസും തെലുഗുദേശവും കോൺഗ്രസിനോടും ഏതാണ്ട് ഇതേ നിലപാടിലാണ്. തെലുഗുദേശം അടിസ്ഥാനപരമായി ഒരു കോൺഗ്രസ് വിരുദ്ധ പാർട്ടി കൂടിയാണ്.
രണ്ട് പ്രദേശിക പാർട്ടികൾക്കിടയിൽ കോൺഗ്രസിന് വ്യക്തമായ ഒരു രാഷ്ട്രീയപരിപാടി മുന്നോട്ടുവക്കാനാകുന്നില്ല എന്നു മാത്രമല്ല, ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന നേതൃത്വവുമില്ല. അതുകൊണ്ടുതന്നെ വൈ.എസ്. ഷർമിളയുടെ വരവ്, സംസ്ഥാനത്ത് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിനുള്ള തറക്കല്ലിടലാകുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.

വൈ.എസ്. ഷർമിള

ശക്തിപ്രകടനത്തിന് ആപ്പ്

'ഇന്ത്യ' മുന്നണിയിൽ തൃണമൂൽ കഴിഞ്ഞാൽ കോൺഗ്രസിന് വലിയ വെല്ലുവിളി ആം ആദ്മി പാർട്ടിയാണ്. രണ്ടു സംസ്ഥാനങ്ങളിലെ ഭരണവുമായി ഒരു ദേശീയ പാർട്ടിയുടെ സ്റ്റാറ്റസിലേക്ക് കുതിക്കുന്ന ആപ്പിനെ സംബന്ധിച്ച് പരമാവധി അംഗങ്ങളെ ലോക്‌സഭയിലേക്ക് അയക്കുക എന്നത് നിർണായകമാണ്. ‘ഇന്ത്യ’ മുന്നണിയിലെ ഘടകകക്ഷി എന്നതിനേക്കാൾ പാർട്ടിയുടെ പരിഗണനാവിഷയം അതാണ്. അതു​കൊണ്ടുതന്നെ ഡൽഹി, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളെ മുൻനിർത്തിയുള്ള ആപ്പിന്റെ സമ്മർദ രാഷ്ട്രീയം അതിശക്തമാണ്. അതിനിടെ, ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്- ആപ്പ് സഖ്യം, ലോക്‌സഭാ സീറ്റ്‌വിഭജന തർക്കത്തിൽ മഞ്ഞുരുകലിന് കാരണമായേക്കും.
പഞ്ചാബിൽ ആകെയുള്ള 13 സീറ്റിലും മത്സരിക്കാനുള്ള ആവേശത്തിലാണ് ആപ്പ്. '13 ഇടത്തും ഞങ്ങൾ ജയിക്കും' എന്ന് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ പ്രഖ്യാപിച്ചുകഴിഞ്ഞു. പഞ്ചാബിൽ ആപ്പ് ഒറ്റക്ക്് മത്സരിക്കാനുള്ള തയാറെടുപ്പ് നടത്തുകയാണ് എന്ന് കോൺഗ്രസിനും ബോധ്യമുണ്ട്. സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം ഹൈക്കമാൻഡിനെ അറിയിക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് ഘടകം അധ്യക്ഷൻ അമരീന്ദർ സീങ് രാജ പറയുന്നു. ആറ് സീറ്റാണ് കോൺഗ്രസിന്റെ ഉന്നമെങ്കിലും ഒരു സീറ്റ് പോലും കിട്ടുന്നത് ദുർഘട സന്ധിയിലാണിപ്പോൾ. ദൽഹിയിലെ ഏഴു സീറ്റിൽ മൂന്നെണ്ണം കോൺഗ്രസിന് നൽകിയേക്കും, ഈസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ്, ചാന്ദ്‌നി ചൗക്ക് എന്നിവ.
ഹരിയാനയിൽ ആകെ 10 സീറ്റിൽ മൂന്ന് സീറ്റാണ് ആപ്പിന്റെ ആവശ്യം, ഗോവയിലെ രണ്ടു സീറ്റിൽ ഒരെണ്ണവും.

ജാർക്കണ്ഡിൽ, ജാർക്കണ്ഡ് മുക്തി മോർച്ചയുമായി സഖ്യത്തിലാണ് കോൺഗ്രസ്. ആകെയുള്ള 14-ൽ ഒമ്പത് സീറ്റ് ആവശ്യപ്പെടുന്ന കോൺഗ്രസിന് ഏഴ് സീറ്റ് ലഭിക്കുമെന്ന് കരുതുന്നു.

ജമ്മു കാശ്മീരിൽ ആറ് സീറ്റാണുള്ളത്. കോൺഗ്രസ്- നാഷനൽ കോൺഫറൻസ്- പീപ്പിൾക് ഡെമോക്രാറ്റിക് പാർട്ടി സഖ്യത്തിൽ രണ്ടിടത്ത് കോൺഗ്രസ് മത്സരിക്കും.

ഒറ്റക്കു മത്സരിക്കുമെന്നും തെരഞ്ഞെടുപ്പിനുശേഷം സഖ്യത്തിന്റെ കാര്യം പരിഗണിക്കുമെന്നും ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിട്ടുണ്ട്.

ബി.എസ്.പി നേതാവ് മായാവതി

ഖാർഗേ എന്ന പ്രതീകം

'ഇന്ത്യ' മുന്നണി ചെയർപേഴ്‌സണായുള്ള മല്ലികാർജുൻ ഖാർഗേയുടെ തെരഞ്ഞെടുപ്പ്, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ ഒരു സുപ്രധാന നീക്കമാണ്.

ഖാർഗേയുടെ നേതൃത്വത്തിന് കോൺഗ്രസിലുള്ള അംഗീകാരം പ്രധാനമാണ്. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ നേതൃത്വം നൽകുന്ന നെഹ്‌റു കുടുംബഘടകത്തിന്റെ വിശ്വസ്തനാണ് ഖാർഗേ. അതേസമയം, പ്രായോഗിക രാഷ്ട്രീയത്തിലെ മെയ്‌വഴക്കം കൊണ്ട്, പാർട്ടിയിലെ മറുപക്ഷത്തെയും കൈയിലെടുക്കാൻ കഴിഞ്ഞു. ഖാർഗേ അധ്യക്ഷനായശേഷം കാര്യമായ എതിർ - വിമത ശബ്ദങ്ങൾ കോൺഗ്രസ് നേതൃത്വത്തിൽനിന്നുണ്ടാകാത്തത് അതുകൊണ്ടാണ്. ദേശീയ നേതൃത്വത്തിന്റെ അതിസൂക്ഷ്മമായ സംഘാടനത്തിൽ നടന്ന കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയുണ്ടായിട്ടും അത് സംസ്ഥാന ഘടകങ്ങളുടെ വീഴ്ചയായാണ് വിശകലനം ചെയ്യപ്പെട്ടത്.

കോൺഗ്രസിന് സമീപകാല വിജയങ്ങൾ നേടിക്കൊടുക്കുക മാത്രമല്ല, ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് അതിശക്തമായി വിയോജിച്ചുനിൽക്കുകയും ചെയ്യുന്ന ദക്ഷിണേന്ത്യയിൽനിന്നുള്ള ഒരു ദലിത് നേതാവ്, ഇന്ത്യൻ പ്രതിപക്ഷത്തിന്റെ നേതാവായി വരികയാണ്.

കോൺഗ്രസിന് സമീപകാല വിജയങ്ങൾ നേടിക്കൊടുക്കുക മാത്രമല്ല, ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് അതിശക്തമായി വിയോജിച്ചുനിൽക്കുകയും ചെയ്യുന്ന ദക്ഷിണേന്ത്യയിൽനിന്നുള്ള ഒരു ദലിത് നേതാവ്, ഇന്ത്യൻ പ്രതിപക്ഷത്തിന്റെ നേതാവായി വരികയാണ്. എതിർവശത്തുള്ളത്, സ്വേച്ഛാധികാരത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും കോർപറേറ്റ് വാഴ്ചയുടെയും ഒരു ഭരണകൂടവും അതിന്റെ നേതാവുമാണ്. ഈ പ്രതിലോമ രാഷ്ട്രീയത്തെയാകെ ചോദ്യം ചെയ്യാൻ കെൽപ്പുള്ള ഒരു നേതൃത്വമാകാനുള്ള ശേഷി ഖാർഗേയിലുണ്ടെന്ന്, അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം തെളിയിച്ചിട്ടുണ്ട്. നരേന്ദ്രമോദിയെ മുൻനിർത്തിയാണ് ഇത്തവണയും ബി.ജെ.പി കാമ്പയിൻ- പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ- എന്നതിനാൽ, ഖാർഗേയെപ്പോലൊരു നേതാവ് അനിവാര്യതയാകുകയാണ്. ബി.ജെ.പി ഇതര പ്രതിപക്ഷത്തുനിന്നുള്ള ഒരു പൊതുസമ്മത പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ഏറ്റവും സാധ്യതയുള്ള നേതാവാണ് ഖാർഗേ.

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ നടത്തിയ റോഡ് ഷോയിൽ നിന്ന്

സീറ്റു വിഭജനചർച്ചകളിൽ തുടക്കത്തിൽ, 300 സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഘടകകക്ഷികളുമായുള്ള പ്രാഥമിക ചർച്ചകളിൽ ഈ എണ്ണം അപ്രായോഗികമാണ് എന്ന് ഖാർഗേ തിരിച്ചറിഞ്ഞു. ഇതേതുടർന്ന്, ഐ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, പി.സി.സി അധ്യക്ഷന്മാർ എന്നിവരുമായി നടത്തിയ ആശയവിനിമയങ്ങൾക്കൊടുവിൽ 255 എന്ന എണ്ണത്തിൽ ധാരണയിലെത്തുകയായിരുന്നു.

രാഹുൽ യാത്ര തുടരുകയാണ്

ബി.ജെ.പിക്കെതിരെയും നരേന്ദ്രമോദിക്കെതിരെയും കൃത്യമായി രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര. അത് മണിപ്പുരിൽനിന്നാരംഭിച്ചത്, ആ രാഷ്ട്രീയനീക്കത്തിന്റെ മികച്ച ദൃഷ്ടാന്തമായി. സാമൂഹിക നീതിയുടെയും സാമ്പത്തിക നീതിയുടെയും രാഷ്ട്രീയ നീതിയുടെയും രാഷ്ട്രീയമാണ് യാത്രയുടേതെന്ന് രാഹുൽ പറയുന്നു.

കഴിഞ്ഞ ദിവസം നാഗാലാന്റിൽ നടന്ന വാർത്താസമ്മേളനത്തിൽ, 'ഇന്ത്യ' മുന്നണിയുടെ മുന്നിലുള്ള വിഷയങ്ങൾ അദ്ദേഹം വിശദീകരിച്ചു. സീറ്റ് വിഭജന ചർച്ച നന്നായി നടക്കുന്നുണ്ടെന്നും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

6700 കിലോമീറ്റർ, 110 ജില്ലകളിലൂടെ, 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ യാത്ര കോൺഗ്രസിന്റെ കാമ്പയിൻ തുടക്കം കൂടിയാണ്. 'ഇതൊരു ഇലക്ടറൽ യാത്രയല്ല, ഐഡിയോളജിക്കൽ യാത്രയാണ്, ഇതൊരു പൊളിറ്റിക്കൽ റാലിയാണ്, പൊളിറ്റിക്കൽ പാർട്ടിയാണ്' എന്ന് രാഹുൽ പറയുന്നുണ്ടെങ്കിലും ബി.ജെ.പിക്കെതിരായ കാമ്പയിൻ തന്നെയാണ് യാത്രയുടെ ഉള്ളടക്കം എന്ന് വ്യക്തമാണ്.

രാഹുൽ ഗാന്ധി വ്യക്തമാക്കിയ ഐഡിയോളജിക്കൽ പൊസിഷനുകൾ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ പ്രായോഗികമായി പ്രതിഫലിക്കുമോ എന്നത് സംശയകരമാണ്. കാരണം, ഇലക്ടറൽ പൊളിറ്റിക്‌സിനെ അത്രയേറെ അരാഷ്ട്രീയവൽക്കരിക്കാനും വലതുപക്ഷവൽക്കരിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കാമ്പയിൻ വിഷയമായി അയോധ്യയിലെ രാമക്ഷേത്രത്തെ അതിവിദഗ്ധമായി പ്രതിഷ്ഠിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചാലറിയാം, വ്യക്തിപരം മാത്രമാകേണ്ട മതത്തെയും വിശ്വാസത്തെയും ഭരണകൂടപ്രയോഗമാക്കി മാറ്റി, പല മതങ്ങളും വിശ്വാസങ്ങളും ഉള്ളവരും ഇവയ്ക്കു പുറത്തുജീവിക്കുന്നവരും സഹവർത്തിക്കുന്ന പൗരസമൂഹത്തെ ആശയക്കുഴപ്പത്തിലാക്കാനും ഒരുപരിധിവരെ വിഘടിപ്പിക്കാനും കഴിഞ്ഞത്, ബി.ജെ.പി നേടിയെടുത്ത ആദ്യ കാമ്പയിൻ വിജയം കൂടിയാണ്. കൂടുതൽ തീവ്രമാകാനിരിക്കുന്ന ഈ പ്രതിഷ്ഠാ രാഷ്ട്രീയത്തെയും അതിനെ മുൻനിർത്തിയുള്ള കാമ്പയിനെയും കോൺഗ്രസും 'ഇന്ത്യ' മുന്നണിയും എങ്ങനെയാണ് നേരിടാൻ പോകുന്നത്?

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എൻ.സി.പി നേതാവ് ശരത് പവാർ

കോൺഗ്രസിനും സി.പി.എമ്മിനും പുറകേ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ- യു, ആംആദ്മി പാർട്ടി, സമാജ് വാദി പാർട്ടി, ഡി.എം.കെ, എൻ.സി.പി, ശിവസേന- ഉദ്ധവ് വിഭാഗം, രാഷ്ട്രീയ ജനതാദൾ, സി.പി.ഐ, ആർ.എസ്.പി, ജാർക്കണ്ഡ് മുക്തിമോർച്ച തുടങ്ങിയ ‘ഇന്ത്യ’ മുന്നണി പാർട്ടികൾ അയോധ്യയിലേക്കില്ല എന്ന നിലപാടെടുത്തിട്ടുണ്ട്. അതായത്, ‘ഇന്ത്യ’ ഒരു മുന്നണി എന്ന നിലയ്ക്കുതന്നെ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും അജണ്ടയെ തുറന്നുകാട്ടാൻ രംഗത്തുണ്ട്. എന്നാൽ, പ്രായോഗികതലത്തിൽ, ഈ പാർട്ടികളുടെ പ്രാദേശിക നേതൃത്വങ്ങളും അണികളും ‘വിശ്വാസം’ മുൻനിർത്തി ചെലുത്തുന്ന സമ്മർദം വലിയ പ്രതിസന്ധിയാണ്. കോൺഗ്രസാണ്, പ്രത്യേകിച്ച്, ഉത്തരേന്ത്യയിൽ, ഈ പ്രതിസന്ധി കൂടുതൽ നേരിടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ​കോൺഗ്രസ് ഘടകങ്ങൾ സ്വന്തം ദേശീയ നേതൃത്വത്തിന്റെ മതേതതരത്വ നിലപാടിനെ ‘സ്വന്തം’ നിലയ്ക്ക് വ്യാഖ്യാനിച്ചുതുടങ്ങിയിട്ടുണ്ട്. അത്, ഫലത്തിൽ ബി.ജെ.പിക്കാണ് ഗുണകരമാകുക.

Comments